തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ദമ്ബതികളുടെ മക്കള്‍ക്ക് സ്ഥലവും വീടും 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി കെകെ ശൈലജ.വീട് വെച്ചു നല്കി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും. തുടര്‍പഠനം സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ കുട്ടികളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.ഇവരുടെ വിദ്യാഭ്യാസ- ജീവിത ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കും. തുക രണ്ടുപേരുടെയും പേരില്‍ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കാന്‍ തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. അതേസമയം രാജന്റെയും അമ്ബിളിയുടെയും മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം റൂറല്‍ എസ് പി അശോക് കുമാറിനാണ് അന്വേഷണ ചുമതല. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ഇന്ന് തന്നെ സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം. രാജന് താമസിക്കുന്ന വീടിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ജില്ലാകളക്ടര്‍ നവജ്യോത് ഖോസ മറ്റൊരു അന്വേഷണത്തിന് ഉത്തരവിട്ടു. നെയ്യാറ്റിന്‍കര തഹസീല്‍ദാറിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ ഭൂമിയില്‍ അയല്‍വാസി വസന്ത ഉന്നയിക്കുന്ന അവകാശ വാദത്തിന്റെ നിജസ്ഥിതി പരിശോധിക്കാനാണ് കളക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കുതിരാനില്‍ നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി;ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം;മൂന്ന് മരണം
തൃശൂര്‍:കുതിരാനില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ചരക്ക് ലോറി നിയന്ത്രണം വിട്ട് രണ്ട് കാറിലും രണ്ട് ബൈക്കിലും മിനിലോറിയിലും ഇടിക്കുകയായിരുന്നു.സ്കൂട്ടറിലുണ്ടായിരുന്ന രണ്ടു പേരും കാറിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. പ്രദേശത്ത് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. പുലര്‍ച്ചെ 6.45-നാണ് സംഭവം.പാലക്കാട് ഭാഗത്ത് നിന്ന് ചരക്കുമായി എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്നാണ് ലോറിയുടെ നിയന്ത്രണം നഷ്ടമായത്. അപകടത്തെ തുടര്‍ന്ന് കുതിരാനില്‍ കിലോമീറ്റര്‍ നീളത്തിലാണ് ഗതാഗതക്കുരുക്കുണ്ടായത്.
പുതുവത്സരാഘോഷങ്ങൾക്ക് സംസ്ഥാനത്ത് കര്‍ശ്ശന നിയന്ത്രണം;10 മണിയോടെ ആഘോഷ പരിപാടികള്‍ അവസാനിപ്പിക്കണം
തിരുവനന്തപുരം:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങൾക്ക് കര്‍ശ്ശന നിയന്ത്രണം.രാത്രി പത്തു മണിയോടെ എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.ആളുകൾ കൂട്ടം കൂടുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ പാടുള്ളൂ.പൊതുസ്ഥലത്ത് കൂട്ടായ്മകള്‍ പാടില്ല. ബീച്ചുകളിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ജനിതകമാറ്റം സംഭവിച്ച് കൊറോണ വൈറസ് ഇന്ത്യയില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങള്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.സംസ്ഥാനങ്ങള്‍ക്ക് നടപടി കൈക്കൊള്ളാമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.ബീച്ചുകളിലും പൊതുസ്ഥലങ്ങളിലും പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാവും. ഡിസംബര്‍ 31 മുതല്‍ ജനുവരി 4 വരെ എല്ലാ ബീച്ചുകളിലും വൈകുന്നേരം 6 മണി വരെ മാത്രമേ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ . വൈകുന്നേരം 6 മണിക്ക് ശേഷംബീച്ചിലേക്കും പരിസരത്തേക്കും പ്രവേശനം ഉണ്ടായിരിക്കില്ല.ബീച്ചില്‍ എത്തുന്നവര്‍ വൈകുന്നേരം 7 മണിക്കുമുന്പായി ബീച്ച് വിട്ടു പോകേണ്ടതാണ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കും മാസ്ക് ധരിക്കാതിരിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം;കേരളാ നിയമസഭാ നടപടികള്‍ ആരംഭിച്ചു
തിരുവനന്തപുരം:കര്‍ഷകപ്രക്ഷോഭം ഒത്തുതീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു.കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് സമ്മേളനം നടക്കുന്നത്. കേന്ദ്രം കൊണ്ടുവന്ന വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കേരള നിയമസഭയുടെ പ്രമേയത്തില്‍ ആവശ്യപ്പെടും. മുഖ്യപ്രതിപക്ഷമായ യുഡിഎഫ് പ്രമേയത്തെ പിന്തുണച്ചു.നിയമസഭാ ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന് പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും പുറമേ ഘടകകക്ഷി നേതാക്കള്‍ക്കു മാത്രമാണ് സംസാരിക്കാന്‍ അവസരം. ഒരു മണിക്കൂറാണ് സമയപരിധി നിശ്ചയിച്ചിട്ടുള്ളതെങ്കിലും നേതാക്കള്‍ സംസാരിച്ചുതീരുന്നതുവരെ സമ്മേളനം തുടരും.കേന്ദ്രം പാസാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ്. ന്യായവില എടുത്തുകളയുന്നതാണ് നിയമങ്ങള്‍.കര്‍ഷക പ്രതിഷേധം തുടര്‍ന്നാല്‍ അത് കേരളത്തെ വലിയ രീതിയില്‍ ബാധിക്കും.കര്‍ഷകരുടെ സമരത്തിനു പിന്നില്‍ വലിയ ഇച്ഛാശക്തിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കുന്ന നിയമം റദ്ദാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വിവാദ കര്‍ഷക നിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കില്ല.കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും കൃഷിമന്ത്രി വി വി.എസ്.സുനില്‍കുമാര്‍ വ്യക്തമാക്കി.”കേന്ദ്രം പാസാക്കിയ മൂന്ന് നിയമങ്ങള്‍ കേരളത്തില്‍ ഒരു കാരണവശാലും നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. കേന്ദ്രം കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്,” കൃഷിമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും നാളെ മുതൽ ഭാഗികമായി തുറക്കും
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും നാളെ ഭാഗികമായി തുറക്കുന്നു. മാര്‍ച്ച് മാസത്തിന് ശേഷംആദ്യമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ഥികളെത്തുന്നത്. കര്‍ശന കോവിഡ്മാനദണ്ഡങ്ങള്‍പാലിച്ചാവും പ്രവര്‍ത്തനം.ഒന്‍പത് മാസത്തെ ഇടവേളക്ക് ശേഷമാണ് ക്ലാസ് മുറികളിലേക്ക് കുട്ടികളെത്തുന്നത്. പത്ത് , പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പ്രാക്ടിക്കല്‍ ക്ലാസുകളും റിവിഷനും ആരംഭിക്കുക.ഒരു ക്ളാസില്‍ പരമാവധി 15 വിദ്യാര്‍ഥികളാവും ഉണ്ടാകുക. ഒരു ബെഞ്ചില്‍ ഒരാള്‍ക്ക് മാത്രം ഇരിപ്പടം. രാവിലെയും ഉച്ചതിരിഞ്ഞും എന്നതരത്തിലോ ഒന്നിടവിട്ട ദിവസങ്ങളെന്ന രീതിയിലോ ഷിഫ്റ്റ് ക്രമീകരിക്കും. മാസ്ക്ക്, സാനിറ്റെസര്‍ എന്നിവ നിര്‍ബന്ധമാണ്. ക്ലാസിനുള്ളിലും പുറത്തും അധ്യാപകരും വിദ്യാര്‍ഥികളും ശാരീരിക അകലം പാലിക്കണം.ഡിഗ്രി, പിജി അവസാന വര്‍ഷക്കാർക്കാണ് കോളേജുകളിൽ ക്ലാസുകൾ ആരംഭിക്കുക.കോവിഡ് സുരക്ഷ ക്യാമ്പസുകളിലും കര്‍ശനമാക്കും. മാര്‍ച്ച് അവസാനത്തിന് മുന്‍പ് പ്ളസ് 2, എസ്.എസ്.എല്‍സി പരീക്ഷകള്‍പൂര്‍ത്തിയാക്കും വിധം അക്കാദമിക്ക് കലണ്ടർ പിന്തുടരും.കോളജുകളിലെ അവസാന വര്‍ഷ പരീക്ഷ സംബന്ധിച്ച് സര്‍വകലാശാലകളാണ് തീരുമാനമെടുക്കുക.
പെരുമ്പാവൂരിൽ ഒരു കുടുംബത്തിലെ നാലുപേര്‍ തൂങ്ങിമരിച്ച നിലയില്‍
എറണാകുളം:പെരുമ്പാവൂർ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍.പാറപ്പുറത്തുകുടി വീട്ടില്‍ ബിജു, ഭാര്യ അമ്പിളി,മക്കളായ ആദിത്യന്, അര്ജ്ജുന് എന്നിവരാണ് മരിച്ചത്.മക്കള്‍ രണ്ടുപേരും ഹാളിലും,ബിജുവും ഭാര്യയും കിടപ്പ് മുറിയിലുമാണ് മരിച്ചുകിടന്നത്.ചിട്ടി നടത്തിപ്പിലെ ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു. പൊലീസ് അന്വേഷിക്കുന്നു.തൊട്ടടുത്ത വീട്ടിലെ വരാന്തയില്‍ ഇവര്‍ കൊണ്ടുവെച്ച പാല് പാത്രത്തിന് അടിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ഇതിനൊപ്പം വെച്ച സ്വര്‍ണാഭരണം വിറ്റ് അന്ത്യകര്‍മങ്ങള്‍ നടത്തണമെന്ന് കുറിപ്പിലുണ്ട്. ചിട്ടി നടത്തിയതിന്റെ പണം നല്‍കേണ്ട അവസാന ദിവസമായിരുന്നു ഇന്നെന്ന് പറയുന്നു. മൂത്തമകന് ആദിത്യന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അര്ജ്ജുന് എട്ടാംക്ലാസിലാണ് പഠിക്കുന്നത്.ബന്ധുക്കളുമായി ഇവര്‍ കഴിഞ്ഞ കുറേ നാളുകളായി അകന്നു കഴിയുകയായിരുന്നു. ബന്ധുക്കളെ മൃതദേഹം കാണിക്കരുതെന്ന് ചുമരില്‍ എഴുതിവെച്ചിരുന്നു.
ശബരിമല മേല്‍ശാന്തി കോവിഡ് നിരീക്ഷണത്തില്‍; സന്നിധാനം കണ്ടെയ്ന്മെന്റ് സോണ്‍ ആക്കാൻ സാധ്യത
പത്തനംതിട്ട:സമ്പർക്കത്തിൽ വന്ന മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശബരിമല മേല്‍ശാന്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു. അദ്ദേഹം സന്നിധാനത്ത് തന്നെ തുടരും. മേല്‍ശാന്തി ഉള്‍പ്പെടെ ഏഴ് പേരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്.സന്നിധാനം കണ്ടെയ്ന്മെന്റ് സോണ്‍ ആക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്കി. നിത്യ പൂജകള്‍ക്ക് മുടക്കമുണ്ടാവില്ല. തീര്‍ത്ഥാടനം സംബന്ധിച്ച അന്തിമ തീരുമാനം സര്‍ക്കാര്‍ തീരുമാനത്തിന് ശേഷമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.ഇന്നലെ നടത്തിയ റാപ്പിഡ് പരിശോധനയില്‍ സന്നിധാനത്ത് വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. സര്‍ക്കാരായിരിക്കും അന്തിമ തീരുമാനം എടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പ്രതികരിച്ചു.
വർക്കലയിൽ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മകന് അറസ്റ്റില്‍
തിരുവനന്തപുരം:വർക്കലയിൽ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മകന് അറസ്റ്റില്‍.വര്‍ക്കല സ്വദേശി റസാക്കാണ് അറസ്റ്റിലായത്. വര്‍ക്കല ഇടവയില്‍ നിന്നാണ് ഈ ക്രൂരദൃശ്യങ്ങള്‍ പുറത്തുവന്നത്. അമ്മയെ തൊഴിക്കുന്നതിന്റെയും അടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.വർക്കല അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.ബസ്സിൽ ക്ളീനറായി ജോലി നോക്കുന്ന റസാക്ക് ഒരു ക്രിമിനൽ ആണെന്നും കള്ളിനും കഞ്ചാവിനും അടിമയായ ഇയാൾ നിയമത്തെയും നിയമപാലകരെയും വെല്ലുവിളിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു.ഇയാൾ അഞ്ചലിൽ ഒരു സ്ത്രീയോടൊപ്പമാണ് താമസിക്കുന്നതെന്നും വല്ലപ്പോഴുമാണ് വീട്ടിലേക്ക് വരുന്നതെന്നുമാണ് നാട്ടുകാർ പറയുന്നത്.
നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ ഇളയ മകന് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയില്‍; രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍
തിരുവനന്തപുരം:നെയ്യാറ്റിന്‍കരയിൽ പൊള്ളലേറ്റു മരിച്ച ദമ്പതികളുടെ ഇളയ മകന് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയില്‍.രണ്ടു ദിവസമായി കുട്ടി ഭക്ഷണം പോലും കഴിച്ചിരുന്നില്ല.ഇതാകാം തളര്‍ച്ചയ്ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം.അമ്മയുടെ ശവസംസ്ക്കാരത്തിന് പിന്നാലെയാണ് രാഹുല്‍ രാജ് തളര്‍ന്നുവീണത്. നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞതിന് പിന്നാലെയാണ് രാഹുല്‍രാജ് തളര്‍ന്നുവീണത്.രാഹുല്‍ രാജ് ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
കര്‍ഷക പ്രക്ഷോഭം;കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മിലുളള ഏഴാംഘട്ട ചര്‍ച്ച ഇന്ന് നടക്കും
ന്യൂഡല്‍ഹി:കര്‍ഷക പ്രക്ഷോഭം ഒത്തുതീർപ്പാക്കാൻ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മിലുളള ഏഴാംഘട്ട ചര്‍ച്ച ഇന്ന് നടക്കും.വിജ്ഞാന് ഭവനില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കും.പ്രക്ഷോഭം മുപ്പത്തിയഞ്ചാം ദിവസത്തില്‍ എത്തി നിൽക്കുമ്പോഴും വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടില്‍ സംയുക്ത സമരസമിതി ഉറച്ചുനില്‍ക്കുകയാണ്. സമരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന ബഹുജന പിന്തുണ കര്‍ഷകര്‍ക്ക് കരുത്ത് പകരുകയാണ്. എന്നാല്‍, നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാനാവില്ലെന്നും ഭേദഗതികളിന്മേല് ചര്ച്ചയാകാമെന്നുമുളള നിലപാടിലാണ് കേന്ദ്രം.ഈ പശ്ചാത്തലത്തിലാണ് ഏഴാംഘട്ട ചര്‍ച്ച ഇന്ന് നടക്കുന്നത്. കര്‍ഷകരെ ഒത്തുതീര്‍പ്പിന്റെ പാതയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കുറേക്കൂടി ദേദഗതികള്‍ കേന്ദ്രം മുന്നോട്ടുവച്ചേക്കുമെന്നും സൂചനയുണ്ട്.