തിരുവനന്തപുരം: കേരള ബാങ്കിന്റെ തെരഞ്ഞെടുപ്പക്കപ്പെട്ട ആദ്യഭരണസമിതി ചുമതലയേറ്റു. സി പി എം സംസ്ഥാന സമിതി അംഗങ്ങളായ ഗോപി കോട്ടമുറിക്കല്‍ പ്രസിഡന്റും, എം.കെ കണ്ണൻ വൈസ് പ്രസിഡന്‍റുമായി തെരഞ്ഞെടുക്കപ്പെട്ടു.2019 നവംബര്‍ 26-നാണ് സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിച്ചത്. ഒരുവര്‍ഷത്തേക്ക് സഹകരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതിക്കായിരുന്നു ചുമതല. വ്യാഴാഴ്ച ഇടക്കാല ഭരണസമിതിയുടെ കാലാവധി അവസാനിച്ചതോടെയാണ് കേരള ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന പ്രഥമ തിരഞ്ഞെടുപ്പ് നടന്നത്. പ്രാഥമിക വായ്പാസഹകരണ സംഘങ്ങള്‍, അര്‍ബന്‍ ബാങ്ക് എന്നിവയുടെ പ്രതിനിധികളായി 14 പേരെയാണ് തിരഞ്ഞെടുത്തത്.മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍നിന്ന് പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളുടെ പ്രതിനിധിയായി ഓരോ അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്. മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിന്റെ ഭാഗമായിട്ടില്ലാത്തതിനാല്‍ ഇവിടെ ജില്ലാപ്രതിനിധി തിരഞ്ഞെടുപ്പുണ്ടായിരുന്നില്ല. കേരള ബാങ്കിന്റെ അനുകൂല്യങ്ങൾ ഒരു ജില്ലക്ക് മാത്രമായി നിഷേധിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നമ്പര്‍ വണ്‍ ബാങ്കായി കേരള ബാങ്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു.യു ഡി എഫ് ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിൽ ഭരണ സമിതിയിലെത്തിയ 14 പേരും ഇടതുമുന്നണി പ്രതിനിധികളാണ്. സി പി എമ്മിന്‍റെ 12 പേരും സി പി ഐ, കേരളാ കോൺഗ്രസ് എം പാർട്ടികളിൽ നിന്ന് ഓരോരുത്തരുമാണ് അംഗങ്ങള്‍. അഡ്വ. എസ്. ഷാജഹാന്‍ (തിരുവനന്തപുരം), അഡ്വ. ജി. ലാലു (കൊല്ലം), എസ്. നിര്‍മല ദേവി (പത്തനംതിട്ട), എം. സത്യപാലന്‍ (ആലപ്പുഴ), കെ.ജെ. ഫിലിപ്പ് (കോട്ടയം), കെ.വി. ശശി ( ഇടുക്കി), അഡ്വ. പുഷ്പദാസ് (എറണാകുളം), എം.കെ. കണ്ണന്‍ (തൃശ്ശൂര്‍), എ. പ്രഭാകരന്‍ (പാലക്കാട്), പി. ഗഗാറിന്‍ (വയനാട്), ഇ. രമേശ് ബാബു (കോഴിക്കോട്), കെ.ജി. വത്സല കുമാരി (കണ്ണൂര്‍), സാബു അബ്രഹാം (കാസര്‍കോട്) എന്നിവരെയാണ് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ പ്രതിനിധികളായി തിരഞ്ഞെടുത്തത്.
പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ അച്ഛനോടും മകളോടും അപമര്യാദയായി പെരുമാറി; എ.എസ്.ഐയെ സ്ഥലംമാറ്റി
തിരുവനന്തപുരം:കാട്ടാക്കട നെയ്യാര്‍ഡാം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ അച്ഛനെയും മകളെയും അധിക്ഷേപിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. നെയ്യാര്‍ഡാം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗോപകുമാറിനെയാണ് ഇടുക്കിയിലേക്കു സ്ഥലം മാറ്റിയത്. പോലീസ് സ്റ്റേഷനില്‍ നടന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി.ക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ പോലീസിനു ഗുരുതരവീഴ്ച ഉണ്ടായി എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനില്‍ നില്‍ക്കുന്ന പിതാവിനോടും മകളോടും പരുഷമായ രീതിയില്‍ പെരുമാറുകയും ഇറക്കിവിടുകയും ചെയ്യുന്ന ദൃശ്യമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.കഴിഞ്ഞ ദിവസമാണ് നടപടിയ്ക്ക് ആസ്പതമായ സംഭവം നടന്നത്. നെയ്യാര്‍ഡാം പള്ളിവേട്ട സ്വദേശിയായ സുദേവന്റെ മകളെ കാണാതായതുമായി ബന്ധപ്പെട്ട് പരാതിയുണ്ടായിരുന്നു. പരാതിയില്‍ പോലീസ് അന്വേഷണം നടത്തുകയും പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു.തുടര്‍ന്ന് ആരോ ഭീഷണിപ്പെടുത്തുന്നതായുള്ള പരാതിയുമായി വീണ്ടും പോലീസ് സ്റ്റേഷനിലെത്തിയ സുദേവനോടും കൂടെയുണ്ടായിരുന്ന മകളോടും ഉദ്യോഗസ്ഥന്‍ മോശമായി സംസാരിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് എഎസ്‌ഐ ഗോപകുമാര്‍ ആക്രോശിച്ചത്. നീ മദ്യപിച്ചിട്ടാണ് ഇവിടെ എത്തിയതെന്ന് ആരോപിച്ചാണ് അതിക്രമം അരങ്ങേറിയത്. പിതാവ് മദ്യപിക്കില്ലെന്ന് ഒപ്പമുണ്ടായിരുന്ന മകള്‍ പറഞ്ഞെങ്കിലും ഈ വാദം കേള്‍ക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. ജീവിതത്തില്‍ താന്‍ മദ്യപിച്ചിട്ടില്ല.സാറിന് വേണമെങ്കില്‍ ഊതിപ്പിക്കാം എന്ന് പെണ്‍കുട്ടി പറഞ്ഞതോടെ നിന്റെ തന്തയെ ഊതിപ്പിക്കാനല്ല ഞാന്‍ ഇവിടെ ഇരിക്കുന്നതെന്ന് പൊലീസുകാരന്റെ മറുപടി. പരാതി പറയാന്‍ എത്തുന്നവരോട് ഇങ്ങനെയാണോ പെരുമാറുന്നത് സാറെ എന്ന് ചോദിക്കുമ്പോൾ ഇവിടുത്തെ രീതി ഇങ്ങനെയാണ് എന്ന് എഎസ്‌ഐ ഗോപകുമാര്‍ പറയുന്നുണ്ട്. പരാതിക്കാരോടു മോശമായി പെരുമാറിയതായി വീഡിയോ ദൃശ്യങ്ങളില്‍നിന്നുതന്നെ വ്യക്തമായിരുന്നു. ഒരു സ്ത്രീ കൂടെയുണ്ടായിരുന്നു എന്നത് സംഭവത്തെ ഗൗരവമുള്ളതാക്കുന്നു. 24 നാണ് സംഭവം നടക്കുന്നത്. എന്‍.എസ് ജി പരിശീലനം നേടിയ പൊലീസ് ഉദ്യോഗസ്ഥനാണ് ഗോപകുമാര്‍.
ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;ശബരിമല സന്നിധാനത്തും പരിസരത്തും കടുത്ത നിയന്ത്രണം
ശബരിമല:ജീവനക്കാർക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചതോടെ ശബരിമല സന്നിധാനത്തും പരിസരത്തും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ശ്രീകോവിലിൽ നിന്ന് നേരിട്ട് പ്രസാദം വിതരണം ചെയ്യുന്നത് താൽക്കാലികമായി നിർത്തി. ഭക്തരുമായി നേരിട്ട് ബന്ധപ്പെടുന്ന വിവിധ വകുപ്പിലെ ജീവനക്കാർക്ക് പിപി ഇ കിറ്റ് നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അഞ്ച് പേർക്കാണ് സന്നിധാനത്ത് മാത്രം രോഗം സ്ഥിരീകരിച്ചത്. കൂടാതെ, നിലയ്ക്കലിൽ നടത്തിയ പരിശോധനയിൽ നിരവധി ഭക്തർക്കും രോഗം കണ്ടെത്തി. ദേവസ്വം മരാമത്ത് വിഭാഗത്തിലെ ജീവനക്കാരനാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്ന ജീവനക്കാർക്ക് തുടർച്ചയായ ദിവസങ്ങളിൽ രോഗം സ്ഥിരീകരിക്കുന്നതിൽ ആരോഗ്യവകുപ്പിന് ആശങ്കയുണ്ട്.ഭണ്ഡാരം സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും പൊലീസ് മെസ്സിലെ ജീവനക്കാരനും കഴിഞ്ഞ ദിവസം രോഗം കണ്ടെത്തിയിരുന്നു. ഭണ്ഡാരം താൽക്കാലികമായി അടച്ചു. പൊലീസ് മെസ്സിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; അഞ്ചുരോഗികൾ മരിച്ചു
രാജ്‌കോട്ട്:ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീ പിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മുഖ്യമന്ത്രി വിജയ് രൂപാനി അന്വേഷണത്തിന് ഉത്തരവിട്ടു. വെളളിയാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. മരിച്ചവര്‍ ഐ.സി.യുവിലുണ്ടായിരുന്ന രോഗികളാണെന്നാണ് വിവരം. രാജ്‌കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. രണ്ടാം നിലയിലെ ഐ.സി.യുവിലാണ് തീ പടര്‍ന്നത്. പതിനൊന്ന് പേരാണ് സംഭവസമയത്ത് ഐസിയുവിലുണ്ടായിരുന്നത്.അപകടത്തില്‍ രക്ഷപ്പെട്ട കോവിഡ് രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ഓഗസ്റ്റില്‍ അഹമ്മദബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലുണ്ടായ തീ പിടിത്തത്തില്‍ എട്ട് കോവിഡ് രോഗികള്‍ മരിച്ചിരുന്നു.
പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസ്;ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി; അന്വേഷണസംഘത്തിന് കസ്റ്റഡിയിലും നല്‍കിയില്ല; ചോദ്യം ചെയ്യല്‍ ആശുപത്രിയില്‍ നടക്കും

കണ്ണൂരില്‍ ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റ് വഴി 11 ലക്ഷം രൂപയുടെ ഉല്‍പന്നങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍
കണ്ണൂര്‍:ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റ് വഴി 11 ലക്ഷം രൂപയുടെ ഉല്‍പന്നങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വ്യാജ മേല്‍വിലാസം ഉപയോഗിച്ച് 30 ഐഫോണുകളും ഒരു ക്യാമറയുമാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്. ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്ന് ഇരിട്ടി മേഖലയിലേക്ക് അയച്ച സാധനങ്ങളാണ് മൂന്നംഗ സംഘം വിദഗ്ധമായി തട്ടിയെടുത്തത്.കമ്പനികളുടെ വന്‍ ഓഫര്‍ ഉള്ള സമയത്ത് വ്യാജ മേല്‍വിലാസത്തില്‍ ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യും. ഫോണുകള്‍ എത്തിയാല്‍ പാക്കറ്റിലെ സീല്‍ പൊട്ടാതെ മൊബൈല്‍ മാത്രം മാറ്റും.പകരം മംഗലാപുരത്ത് നിന്ന് വാങ്ങിയ ആയിരം രൂപയുടെ ഡമ്മി ഫോണുകള്‍ തിരികെ വയ്ക്കും.ശേഷം ഇത് മടക്കി അയക്കും. ഇതായിരുന്നു മൂന്നംഗ സംഘത്തിന്റെ തന്ത്രം.തട്ടിയെടുത്ത ഫോണുകള്‍ ഉപയോഗിക്കാതെ കണ്ണൂരിലും മംഗലാപുരത്തുമായി മറിച്ചു വില്‍ക്കുകയാണ് ചെയ്യാറുണ്ടായിരുന്നത്. ഇത്തരത്തില്‍ 30 ഐഫോണുകളും ഒരു ക്യാമറയുമാണ് ഇവര്‍ തട്ടിയെടുത്തത്. ഇടപാടുകാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ ചുമതലയുള്ള ഫ്രാഞ്ചൈസിയുടെ പരാതിയിലാണ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിലെ പ്രധാനി സംസ്ഥാനം വിട്ടതായി പൊലീസ് പറയുന്നു.
ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു
ബ്യുണസ് ഐറിസ്:ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ(60) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മാറഡോണയ്‌ക്ക് ഈയിടെ ശസ്‌ത്രക്രിയ നടത്തിയിരുന്നു.അർജന്‍റീനയിൽനിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണവാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. ആധുനിക ഫുട്‌ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളാണ്. അര്‍ജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവെച്ചിരുന്നു.തന്റെ പ്രൊഫഷണല്‍ ക്ലബ് ഫുട്‌ബോള്‍ ജീവിതത്തില്‍, അര്‍ജന്റീനോസ് ജൂനിയേഴ്‌സ്, ബോക്ക ജൂനിയേഴ്‌സ്, ബാഴ്‌സലോണ, നാപ്പോളി, സെവിയ്യ, നെവെല്‍സ് ഓള്‍ഡ് ബോയ്‌സ് എന്നീ പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടി കളിച്ച് കൈമാറ്റത്തുകയില്‍ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്.1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതില്‍ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തില്‍ കളിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമജര്‍മ്മനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണ സ്വന്തമാക്കുകയും ചെയ്തു.ഈ ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള കളിയില്‍ മറഡോണ നേടിയ രണ്ടു ഗോളുകള്‍ ചരിത്രത്തിലിടം പിടിച്ചു. റഫറിയുടെ ശ്രദ്ധയില്‍പ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോള്‍ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റര്‍ ഓടി നേടിയ രണ്ടാം ഗോള്‍ നൂറ്റാണ്ടിന്റെ ഗോള്‍ ആയും വിശേഷിപ്പിക്കപ്പെടുന്നു.
സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;5770 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട് 463, തിരുവനന്തപുരം 461, കോട്ടയം 450, പത്തനംതിട്ട 287, കണ്ണൂര്‍ 242, വയനാട് 239, ഇടുക്കി 238, കാസര്‍ഗോഡ് 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5669 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 663 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 781, എറണാകുളം 566, മലപ്പുറം 628, തൃശൂര്‍ 634, ആലപ്പുഴ 530, കൊല്ലം 536, പാലക്കാട് 255, തിരുവനന്തപുരം 363, കോട്ടയം 444, പത്തനംതിട്ട 220, കണ്ണൂര്‍ 197, വയനാട് 219, ഇടുക്കി 201, കാസര്‍ഗോഡ് 95 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 16, കണ്ണൂര്‍ 13, കോഴിക്കോട് 8, പത്തനംതിട്ട 7, തിരുവനന്തപുരം 5, തൃശൂര്‍ 3, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കാസര്‍ഗോഡ് 2 വീതം മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5770 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 461, കൊല്ലം 175, പത്തനംതിട്ട 170, ആലപ്പുഴ 899, കോട്ടയം 436, ഇടുക്കി 181, എറണാകുളം 750, തൃശൂര്‍ 631, പാലക്കാട് 349, മലപ്പുറം 588, കോഴിക്കോട് 678, വയനാട് 71, കണ്ണൂര്‍ 320, കാസര്‍ഗോഡ് 61 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2121 ആയി.ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 546 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
‘ശിവശങ്കറിനെ പേടിയാണോ?’;കസ്റ്റംസിന് രൂക്ഷവിമര്‍ശനവുമായി കോടതി
കൊച്ചി:സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ കസ്റ്റഡി അപേക്ഷ പരിഗണിക്കവേ അപേക്ഷ നല്‍കിയ കസ്റ്റംസിനെതിരെ രൂക്ഷ വിമർശനവുമായി അഡീഷണല്‍ സിജെഎം കോടതി.കുറ്റം എന്തെന്ന് പോലും പറയാത്ത കസ്റ്റഡി അപേക്ഷയില്‍ ശിവശങ്കറിനെ ‘മാധവന്‍ നായരുടെ മകന്‍ ശിവശങ്കര്‍’ എന്ന് മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത്. ശിവശങ്കറിനെ പേടിയാണോ എന്നും, പ്രതി വഹിച്ചിരുന്ന ഉന്നതമായ പദവികളെന്ത് എന്ന് അറിയാഞ്ഞിട്ടാണോ എഴുതാത്തതെന്നും കോടതി ചോദിച്ചു.കേസില്‍ മറ്റെല്ലാ ഏജന്‍സികളും നടപടികളെടുത്ത ശേഷം പതിനൊന്നാം മണിക്കൂറിലാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. പതിനൊന്നാം മണിക്കൂറില്‍ എന്തിനാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്? ഇതിന് പ്രേരിപ്പിച്ച ഘടകമെന്ത്? നിങ്ങള്‍ തന്നെയല്ലേ ശിവശങ്കറിന്‍റെ ഫോണ്‍ പിടിച്ചെടുത്തത്? – കോടതി ചോദിച്ചു.ശിവശങ്കറിനെ എന്തിന് ചോദ്യം ചെയ്യണം എന്ന് പോലും കസ്റ്റംസ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നില്ല. പതിവ് ശൈലിയിലുള്ള കസ്റ്റഡി അപേക്ഷ മാത്രമാണിതെന്നും കോടതി പറയുന്നു.കസ്റ്റംസിനെതിരെ കടുത്ത വിമര്‍ശനം നടത്തിയ ശേഷമാണ് കസ്റ്റഡി അപേക്ഷയില്‍ കോടതി വിധി പ്രസ്താവിച്ചത്.വിധിയില്‍ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്നും, മുന്‍ ഐടി സെക്രട്ടറിയെന്നും പ്രത്യേകം പരാമര്‍ശിക്കുന്നു. ശിവശങ്കറിന്‍റെ ഔദ്യോഗിക പദവികളെ കുറിച്ചുള്ള കസ്റ്റംസിന്റെ മൗനം കോടതി വിധിയില്‍ രേഖപ്പെടുത്തി.കള്ളക്കടത്തില്‍ എങ്ങനെയാണ് ശിവശങ്കര്‍ ഒത്താശ ചെയ്തതെന്നും കസ്റ്റഡി അപേക്ഷയില്‍ കസ്റ്റംസ് പറയുന്നില്ലെന്ന് പറഞ്ഞ കോടതി, പക്ഷേ, ശിവശങ്കറിനെതിരെ ആരോപിക്കുന്ന കുറ്റം അതീവഗൗരവതരം തന്നെയാണെന്ന് നിരീക്ഷിച്ചു. ഇതുവരെ കേട്ടുകേള്‍വിയില്ലാത്തതാണ് ഇത്. കുറ്റകൃത്യം ആരോപിക്കപ്പെടുന്ന സമയം ശിവശങ്കര്‍ ഉന്നത പദവികളിലായിരുന്നു. അധികാര ദുര്‍വിനിയോഗം നടത്തിയോ എന്ന് കസ്റ്റംസ് തെളിയിക്കേണ്ടതുണ്ട്. ഇതില്‍ ഉള്‍പ്പെട്ട എല്ലാവരെയും കണ്ടെത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ 5 ദിവസത്തെ കസ്റ്റഡി അനുവദിക്കുന്നുവെന്നും കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി.
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം കൈകാര്യം ചെയ്യാന്‍ പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന ആരോഗ്യവകുപ്പ്
