കണ്ണൂർ:ഓൺലൈൻ മാർക്കറ്റിംഗിൽ ഒരുകൈ പയറ്റാനൊരുങ്ങി പള്ളിക്കുളത്തെ നാല് വീട്ടമ്മമാർ.പള്ളിക്കുളം ത്രിവേണിയിൽ സ്നേഹ സന്തോഷ്,അഞ്ചാംകുടി ഹൗസിൽ മോനിഷ ഷൈജു,ഷംന നിവാസിൽ നിമ്മി ഷമിൽ,ആരോത്ത് ഹൗസിൽ സുബീഷ് രജീഷ് എന്നിവരാണ് പുതിയ ആശയവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.നാലുപേരും സുഹൃത്തുക്കളാണ്. ലോക്ഡൌൺ സമയത്തെ മടുപ്പും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതിന്റെ നിരാശയുമാണ് ഇവരെ ഇങ്ങനെയൊരു ആശയത്തിലേക്കെത്തിച്ചത്.firstdial.shop എന്ന ബ്രാൻഡ് നെയിമിലാണ് വിതരണം.first.shop ഇൽ നിന്നുള്ള ഡെയിലി ഓഫറുകൾ അറിയാൻ ലിങ്ക് വഴി വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.പള്ളിക്കുളത്തിന് അഞ്ചു കിലോമീറ്റർ ചുറ്റളവിലാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാക്കുക. അനാദി,പച്ചക്കറി,പഴവർഗ്ഗങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ലഭ്യമാക്കുക.വാട്സാപ്പ്,ഫോൺ,വെബ്സൈറ്റ് എന്നിവയിലൂടെ ഓർഡർ നൽകാം.കസ്റ്റമർ കെയറിൽ ലഭിക്കുന്ന ഓർഡറുകൾ പിന്നീട് പ്രത്യേക ആപ്പിലൂടെ ഘട്ടംഘട്ടമായി മണിക്കൂറുകൾക്കകം ഉപഭോക്താവിലെത്തും.സംരംഭത്തിന്റെ ഉൽഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി ദിവ്യ ഓൺലൈനായി നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.പി ജയബാലൻ ആദ്യ വിൽപ്പന നിർവഹിച്ചു. ചിറക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ജിഷ,ചിറക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പ്രശാന്ത്,ജെ.സി.ഐ സോൺ ഓഫീസർ വി.രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
കേരളബാങ്ക് കണ്ണൂർ ജില്ലയിൽ 10 എടിഎമ്മുകൾ കൂടി തുറന്നു
കണ്ണൂർ:കേരളബാങ്ക് ജില്ലയിൽ 10 എടിഎമ്മുകൾ കൂടി തുറന്നു.കണ്ണപുരം,പിലാത്തറ,മാതമംഗലം,കടന്നപ്പള്ളി,അഴീക്കോട്,ചക്കരക്കൽ,കൂത്തുപറമ്പ്,മട്ടന്നൂർ,പേരാവൂർ,ഇരിട്ടി,എന്നിവിടങ്ങളിലാണ് തുടങ്ങിയത്.മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി എ ടി എമ്മുകളുടെ ഉൽഘാടനം നിർവഹിച്ചു.ഇതോടെ ജില്ലയിൽ ബാങ്കിന് ഒരു മൊബൈൽ എടിഎം ഉൾപ്പെടെ 31 എ ടി എമ്മുകളായി.സഹകരണ മേഖലയ്ക്ക് അന്യമായിരുന്ന ആധുനിക ബാങ്കിങ് സേവനം എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമാക്കുകയാണ് കേരളാ ബാങ്ക് വഴി സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.മൂന്നുവർഷത്തിനുള്ളിൽ മൂന്നുലക്ഷം കോടി രൂപയുടെ ബിസിനസ്സ് ബാങ്കിന് നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.എസ് രാജൻ അധ്യക്ഷനായി.ചീഫ് ജനറൽ മാനേജർ കെ.സി സഹദേവൻ,റീജിയണൽ ജനറൽ മാനേജർ എ.അനിൽകുമാർ എന്നിവർ സംസാരിച്ചു.
ചക്കരക്കല്ലിൽ ചെമ്പിലോട് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ലക്ഷ്മി,മാതമംഗലത്ത് എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് സത്യഭാമ,കണ്ണപുരത്ത് പഞ്ചായത്ത് അംഗം കെ.മോഹനൻ,പേരാവൂരിൽ പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയ്,മട്ടന്നൂരിൽ നഗരസഭാ ചെയർ പേഴ്സൺ അനിത വേണു,പിലാത്തറയിൽ പഞ്ചായത്ത് അംഗം കെ,ജനാർദനൻ,ഇരിട്ടിയിൽ മുനിസിപ്പൽ ചെയർമാൻ പി.പി അശോകൻ,അഴിക്കോട് സി.ഉദയചന്ദ്രൻ,കൂത്തുപറമ്പിൽ മുനിസിപ്പൽ ചെയർമാൻ എം.സുകുമാരൻ,കടന്നപ്പള്ളിയിൽ കേരളദിനേശ് ചെയർമാൻ എം.കെ ദിനേശ്ബാബു എന്നിവർ നാടമുറിച്ചു..
കോവിഡ് വ്യാപനം;കണ്ണൂര്‍ ജില്ലയിലെ ബീച്ചുകളില്‍ 15 വരെ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏർപ്പെടുത്തി
കണ്ണൂര്‍ : കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ബീച്ചുകളില്‍ നവംബര്‍ 15 വരെ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിറക്കി. ദുരന്ത നിവാരണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് വിലക്ക്. കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 144 പ്രകാരമുള്ള നിരോധനാജ്ഞ നിലവിലുണ്ട്. യാതൊരു നിയന്ത്രണങ്ങളുമില്ലാതെയും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാതെയും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് രോഗവ്യാപനം ശക്തിപ്പെടുത്തും എന്നതിനാലാണ് ബീച്ചുകളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
വയനാട്ടിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന സരിത എസ് നായരുടെ ഹരജി സുപ്രീംകോടതി തള്ളി; ഒരുലക്ഷം രൂപ പിഴയിട്ടു
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എംപി മത്സരിച്ച് ജയിച്ച വയനാട്ടിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് പരാതിക്കാരിയായ സരിത എസ് നായര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി. ബാലിശമായ ഹര്‍ജി നല്‍കിയതിനാണ് പിഴവിധിച്ചത്.നാമനി൪ദേശ പത്രിക തള്ളിയത് ചോദ്യംചെയ്തുള്ള ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഈ നടപടി ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍, പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതികള്‍ സരിതയ്ക്ക് തടവുശിക്ഷ വിധിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സരിതയുടെ പത്രിക വരണാധികാരികള്‍ തള്ളിയത്. തനിക്കെതിരായ ശിക്ഷാവിധി സെഷൻസ് കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും മത്സരിക്കാൻ തനിക്ക് അ൪ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സരിത ഹരജി നല്‍കിയത്. ജനപ്രാതിനിധ്യ നിയമമനുസരിച്ച് തനിക്ക് മത്സരിക്കാൻ അ൪ഹതയുണ്ടെന്നായിരുന്നു ഹരജിയിലെ വാദം.ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.സരിതയുടെ അഭിഭാഷകര്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളുന്നതെന്നാണ് ചീഫ് ജസ്റ്റീസ് പറഞ്ഞത്. ഇന്നും സരിതയുടെ അഭിഭാഷകര്‍ ഹാജരായിരുന്നില്ല.
ലൈഫ് മിഷന്‍ കോഴ കേസ്;എം.ശിവശങ്കര്‍ അഞ്ചാം പ്രതി
തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി വിജിലന്‍സ്.ലൈഫ് മിഷന്‍ സി ഇ ഒ യു വി ജോസില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതിയാക്കിയത്.സ്വപ്‌നയും സരിത്തും സന്ദീപും യൂണിടാക്കും സെയ്‌ന്‍ വെഞ്ചേഴ്‌സും കേസിലെ മറ്റ് പ്രതികളാണ്.നേരത്തെ കേസുമായി ബന്ധപ്പെട്ട് വ്യക്തികളെ പ്രതി ചേര്‍ത്തിരുന്നില്ല. ശിവശങ്കറിനെതിരെ എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയുണ്ടായിരുന്നു. യുനിടാകിനായി ശിവശങ്കര്‍ ഇടപെട്ടെന്നാണ് വിജിലന്‍സിന്‍റെ നിഗമനം. ഇത് സംബന്ധിച്ച മൊഴി വിജിലന്‍സിന് ലഭിച്ചു.ലൈഫ് മിഷന്‍ കേസ് അന്വേഷിക്കുന്ന ഘട്ടത്തില്‍ സിബിഐയും ശിവശങ്കറിനെ പ്രതിചേര്‍ക്കാന്‍ നീക്കം നടത്തിയിരുന്നു. ഇപ്പോള്‍ വിജിലന്‍സിന്‍റെ ഭാഗത്ത് നിന്നുണ്ടായത് സുപ്രധാനമായ നീക്കമാണ്. സംസ്ഥാന സര്‍ക്കാറിന്റെ ഏജന്‍സി തന്നെ ശിവശങ്കരനെ പ്രതിചേര്‍ത്തതോടെ സര്‍ക്കാര്‍ ശരിക്കും വെട്ടിലായി.സന്തോഷ് ഈപ്പന്‍ സ്വപ്‌ന സുരേഷിന് വാങ്ങി നല്‍കിയ ഐ ഫോണുകളില്‍ ഒരെണ്ണം ഉപയോഗിച്ചിരുന്നത് ശിവശങ്കരനായിരുന്നു. ഇതാണ് കോഴയായി വിലയിരുത്തിയത്. ഇതോടെ പ്രത്യക്ഷത്തില്‍ വിജിലന്‍സ് കേസില്‍ പ്രതിയാക്കുകയും ചെയ്തു. ലൈഫ് മിഷന്‍ പദ്ധതി കിട്ടാന്‍ വേണ്ടിയായിരുന്നു സ്വപ്നക്ക് സന്തോഷ് ഈപ്പന്‍ ഫോണ്‍ വാങ്ങി നല്‍കിയത്. ഫോണ്‍ കൈപ്പറ്റിയവരുടെ വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
തൃശൂർ മെഡിക്കൽ കോളജിൽ കോവിഡ് രോഗി തൂങ്ങിമരിച്ചു
തൃശൂർ:തൃശൂർ മെഡിക്കൽ കോളജിൽ കോവിഡ് രോഗി തൂങ്ങിമരിച്ചു. മുതുവറ സ്വദേശി ശ്രീനിവാസനാണ് ശുചിമുറിയില്‍ തൂങ്ങിമരിച്ചത്. 58 വയസ്സായിരുന്നു.പാൻക്രിയാസ് രോഗത്തിന് ചികിത്സ തേടിയാണ് ഇദ്ദേഹം മെഡിക്കൽ കോളജിൽ എത്തിയത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കോവിഡ് വാര്‍ഡിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് മരിച്ചനിലയില്‍ കണ്ടത്.
നടിയെ ആക്രമിച്ച കേസ്;വിചാരണ കോടതിയുടെ നടപടിക്കെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന സര്‍ക്കാര്‍
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിയുടെ നടപടിക്കെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന സര്‍ക്കാര്‍.ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാരിന്റെ വിമര്‍ശനം. മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ കോടതിക്ക് വീഴ്ച പറ്റി.മൊഴി നൽകാതിരിക്കാൻ മഞ്ജുവിനെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചു. മകള്‍ വഴി സ്വാധീനിക്കാനാണ് ശ്രമിച്ചത്. ഇക്കാര്യം മഞ്ജു വാര്യർ വിസ്താരവേളയിൽ അറിയിച്ചെങ്കിലും രേഖപ്പെടുത്താൻ കോടതി തയ്യാറായില്ലെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചത്. ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും വീഴ്ച ഉണ്ടായെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.തന്നെ വകവരുത്തുമെന്ന് ദീലിപ് നടി ഭാമയോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യവും രേഖപ്പെടുത്താന്‍ കോടതി തയാറായില്ല. കേട്ടറിവ് മാത്രമെന്നായിരുന്നു വിചാരണക്കാടതിയുടെ ന്യായമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുകയാണ്. അൻപതോളം പേജുള്ള സത്യവാങ്മൂലത്തിന്റെ പതിനഞ്ചാം പേജിലാണ് സര്‍ക്കാര്‍ വിചാരണ കോടതിക്കെതിരെ വിമര്‍ശനം നടത്തുന്നത്. ഈ കേസ് കോടതി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് നീട്ടി. അതുവരെ വിചാരണയും തടഞ്ഞു.വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും സര്‍ക്കാറും കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് നടി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. തന്നെ ദിലീപിന്റെ അഭിഭാഷകന്‍ അധിക്ഷേപിച്ച് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ കോടതി ഇടപെട്ടില്ല, പല പ്രധാന വസ്തുതകളും കോടതി രേഖപ്പെടുത്തിയിരുന്നില്ല, നിരവധി അഭിഭാഷകരുടെ മുന്നിലാണ് തന്നെ വിസ്തരിച്ചത്, അഭിഭാഷകരെ കോടതി നിയന്ത്രിച്ചില്ല, ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് കോടതി അധിക്ഷേപിച്ചെന്ന് കേസിലെ ഏഴാം സാക്ഷിയായ നടി തന്നോട് പറഞ്ഞു തുടങ്ങിയ കാര്യങ്ങളാണ് നടി ഹൈക്കോടതിയെ അറിയിച്ചത്.
ബിനീഷ് കോടിയേരിക്ക് ഇന്ന് നിര്‍ണായക ദിവസം;കസ്റ്റഡി കാലാവധി ഇന്നവസാനിക്കും
ബെംഗളൂരു:ലഹരിമരുന്ന് കടത്തുകേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.ഉച്ചയോടെ വൈദ്യ പരിശോധന നടത്തി ബിനീഷിനെ കോടതിയില്‍ ഹാജരാക്കും. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ്കോടിയേരിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് നാലു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.ഇ.ഡിക്കൊപ്പം കേന്ദ്ര ഏജന്‍സിയായിട്ടുള്ള നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.അന്വേഷണ പുരോഗതി സംബന്ധിച്ച് വിശദമായി റിപ്പോര്‍ട്ട് ഇഡി കോടതിയില്‍ നല്‍കും.എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് വിവരങ്ങളൊന്നും ഇ.ഡിയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് സൂചന.ലഹരിക്കേസില്‍ അറസ്റ്റിലായ എറണാകുളം സ്വദേശി മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടുകള്‍സംബന്ധിച്ചാണ് ചോദ്യംചെയ്തത്. എന്നാല്‍, ബിനീഷ് ചോദ്യങ്ങളോട് സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. മുഹമ്മദ് അനൂപിന്റെ ലഹരിമരുന്ന് ഇടപാടിനെക്കുറിച്ചറിയില്ലെന്ന് ബിനീഷ് ആവര്‍ത്തിച്ചു. ഹോട്ടല്‍ തുടങ്ങാന്‍ സാമ്പത്തിക സഹായം നല്‍കിയെങ്കിലും മുഹമ്മദ് അനൂപിന്റെ മറ്റ് ഇടപാടുകളെക്കുറിച്ചറിയില്ലെന്ന് ബിനീഷ് മൊഴിനല്‍കി. അതേസമയം ബിനീഷിനെ കാണാന്‍ അനുവദിക്കാത്ത ഇഡി നടപടി ബിനീഷിന്റെ അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ഉന്നയിക്കും.ഇഡിയുടെ നടപടികള്‍ക്കെതിരെ കര്‍ണാടക ഹൈക്കോടതിയിലും ബിനീഷ് ഹര്‍ജി നല്‍കും.
തനിക്കെതിരെയുള്ളത് കള്ളക്കേസ്;ശാരീരിക അവശതകൾ ഉണ്ടെന്നും ബിനീഷ് കോടിയേരി
ബെംഗളൂരു:തനിക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്ന് ബിനീഷ് കോടിയേരി. ശാരീരിക അവശതകൾ ഉണ്ടെന്നും ബിനീഷ് ഓഫീസിന് മുന്നില്‍ വെച്ച് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിനായി ബംഗളൂരുവിലെ ഇ.ഡി ഓഫീസില്‍ എത്തിച്ചപ്പോഴായിരുന്നു ബിനീഷിന്‍റെ പ്രതികരണം.തുടര്‍ച്ചയായ അഞ്ചാം ദിവസവും ചോദ്യം ചെയ്യുന്നതിനായി ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ ഇന്ന് 11 മണിയോടെ കോടതിയില്‍ ഹാജരാക്കും.ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ബിനീഷിനെ ഞായറാഴ്ച ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.സ്കാനിങിന് വിധേയനാക്കി. ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെ ആശുപത്രി വിട്ടു. കസ്റ്റഡി കാലാവധി ഇന്ന് തീരുന്ന സാഹചര്യത്തില്‍ ബിനീഷ് ജാമ്യത്തിനും ശ്രമിക്കുന്നുണ്ട്.ഇ.ഡിക്കൊപ്പം നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെ കസ്റ്റഡിയില്‍ ലഭിക്കണമെന്ന അപേക്ഷ നല്‍കും. താന്‍ ചെയ്യാത്ത കാര്യങ്ങള്‍ പറയിപ്പിക്കാനാണ് ഇ.ഡി ശ്രമിക്കുന്നതെന്ന് ബിനീഷ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കാസർകോഡ് ജില്ലയിൽ വീണ്ടും വൈദ്യുതി മോഷണം പിടികൂടി
കാസർകോഡ്:ജില്ലയിൽ വീണ്ടും വൈദ്യുതി മോഷണം പിടികൂടി.ഒക്ടോബർ 30 ന് രാത്രിയിലും 31 ന് പുലർച്ചെയുമായി കെഎസ്ഇബിയുടെ ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡിന്റെ കാസർകോഡ് വിഭാഗം നടത്തിയ പരിശോധനയിലാണ് വിവിധയിടങ്ങളിൽ നിന്നായി ഏകദേശം 6 ലക്ഷം രൂപ പിഴയീടാക്കാവുന്ന വൈദ്യുതി മോഷണം കണ്ടെത്തിയത്.ചെർക്കള ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 30 ന് നടത്തിയ രാത്രികാല പരിശോധനയിൽ തൈവളപ്പ് ഹൌസ് എം.എ മഹമ്മൂദിന്റെ വീട്ടിൽ മീറ്റർ ബൈപാസ് ചെയ്ത് ഉപയോഗിക്കുന്ന നിലയിൽ 5KW വൈദ്യുതി മോഷണമാണ് പിടികൂടിയത്.കൂടാതെ 31 ന് പുലർച്ചെ 4 മണിക്ക് സീതാംഗോളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ മുക്കൂർ റോഡ് ഉജ്‌ജംപദവ് അബ്ദുൽ റഹ്മാനേറ്റ വീട്ടിലും മീറ്റർ ബൈപാസ് ചെയ്ത് ഉപയോഗിക്കുന്ന നിലയിൽ 6KW വൈദ്യുത മോഷണവും പിടികൂടി.
കാസർകോഡ് ജില്ലയിലെ വൈദ്യുതി മോഷണത്തെ പറ്റി വിവരം നല്കാൻ 9446008172,9446008173,1912 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.വൈദ്യുതി മോഷണം അറിയിക്കുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കുന്നതും അർഹമായ പാരിതോഷികം നൽകുന്നതുമാണ്.