ന്യൂഡൽഹി:ഇന്റീരിയർ ഡിസൈനറുടെ ആത്മഹത്യാ പ്രേരണക്കേസിൽ തനിക്ക് ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻചീഫ് അർണാബ് ഗോസ്വാമി സുപ്രീംകോടതിയിൽ. നിലവിൽ തലോജ ജയിലിലുള്ള അർണാബിനെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് റായ്ഗഡ് പൊലീസ് സമർപ്പിച്ച റിവിഷൻ ഹരജി അലിബാഗ് സെഷൻസ് കോടതി പരിഗണിക്കാനിരിക്കെയാണ് അർണാബ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.ഇടക്കാല ജാമ്യം തേടിക്കൊണ്ടുള്ള അർണാബിന്റെയും രണ്ട് കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ചയാണ് ബോംബെ ഹൈക്കോടതി തള്ളിയത്. വിചാരണ കോടതിയെ മറികടന്ന് ജാമ്യം നല്‍കേണ്ട അസാധാരണ സാഹചര്യം നിലവിലില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നത്. ജാമ്യം നേടാന്‍ അര്‍ണബിന് സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. നാല് ദിവസത്തിനുള്ളില്‍ സെഷന്‍സ് കോടതി അര്‍ണബിന്റെ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.ഹൈക്കോടതി ജാമ്യം നൽകാതിരുന്നതോടെയാണ് അഡ്വ. നിർനിമേഷ് ദുബെയിലൂടെ അർണാബ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. നവംബർ നാലിന് മുംബൈയിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം അർണാബ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അദ്ദേഹത്തെ തങ്ങളുടെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന പൊലീസിന്റെ ആവശ്യം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
ബിഹാറില്‍ തെരഞ്ഞെടുപ്പ് ഫലം വൈകും; വോട്ടെണ്ണല്‍ രാത്രിയോടെ മാത്രമേ പൂര്‍ത്തിയാകുകയുള്ളുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍
ന്യൂഡെല്‍ഹി:ബിഹാറില്‍ തെരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് സൂചന. രാത്രിയോടെ മാത്രമേ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുകയുള്ളുവെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് സുരക്ഷാ നടപടികള്‍ കാരണം വോട്ടെണ്ണല്‍ മന്ദഗതിയിലാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. നിലവിലെ ലീഡ് നിലയനുസരിച്ച് ആഹ്ലാദ പ്രകടനം ആരംഭിച്ച പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും അകലം പാലിക്കേണ്ടതുള്ളതിനാല്‍ ടേബിളുകളുടെ എണ്ണം കുറവാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 20-25 ശതമാനം വോട്ടുകള്‍ മാത്രമേ ഇതുവരെ എണ്ണി തീര്‍ന്നിട്ടുള്ളൂവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. നേരിയ ലീഡുകള്‍ മാത്രമാണ് പല സീറ്റുകളിലുമുള്ളത്. അതുകൊണ്ട് തന്നെ നിലവിലെ ലീഡ് നിലയില്‍ വലിയ മാറ്റങ്ങളുണ്ടായേക്കാം. നഗരമേഖലകളിലെ ഫലങ്ങളാണ് കൂടുതലും വന്നിരിക്കുന്നത്. ഗ്രാമീണ മേഖലയില്‍ നിന്ന് വളരെ മന്ദഗതിയിലാണ് ഫലം പുറത്ത് വരുന്നത്.ഉച്ചയോടെ ഒരു കോടി വോട്ടുകള്‍ മാത്രമാണ് എണ്ണിയത്. മൂന്നു കോടിയോളം വോട്ടുകള്‍ കൂടി എണ്ണേണ്ടതുണ്ടെന്നാണു സൂചന. കോവിഡ് പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളുടെ എണ്ണത്തില്‍ 66 ശതമാനം വര്‍ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വോട്ടെണ്ണല്‍ വൈകുന്നതെന്നും കമ്മിഷന്‍ അറിയിച്ചു.ബിഹാറിനൊപ്പം 11 സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്. 28 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശാണ് ഉപതെരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രം.
തുടര്‍ച്ചയായി 12 ആം ദിവസവും ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നു
ബെംഗളൂരു:ബംഗളൂരു ലഹരിക്കടത്ത് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ തുടർച്ചയായ 12 ആം ദിവസവും ചോദ്യം ചെയ്യുന്നു. ബിനാമികൾ വഴി നിയന്ത്രിച്ച ബിനീഷിന്‍റെ സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ചോദ്യം ചെയ്യൽ. കസ്റ്റഡിയിലിരിക്കെ ബിനീഷ് ഫോൺ ഉപയോഗിച്ചെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ ഇ.ഡി പൊലീസ് സ്റ്റേഷൻ മാറ്റി. ഇതുവരെ കഴിഞ്ഞിരുന്ന വിൽസൺ ഗാർഡൻ പൊലീസ് സ്റ്റേഷനിൽ നിന്നും കബൻ പാർക്ക് സ്റ്റേഷനിലേക്കാണ് ബിനീഷിനെ മാറ്റിയത്. പൊലീസുകാരുടെ ഫോൺ ഉപയോഗിച്ച് നിരവധിയാളുകളെ ബിനീഷ് വിളിച്ചുവെന്നാണ് ഇഡി പറയുന്നത്. ബിനീഷിന്‍റെ വീട്ടിൽ നിന്നും കണ്ടെത്തിയ ഡെബിറ്റ് കാർഡിന്‍റെ വിവരങ്ങളും ഇ.ഡി ശേഖരിച്ചിട്ടുണ്ട്. ബുധനാഴ്‌ച വരെയാണ് ബിനീഷ് കസ്റ്റഡിയിൽ തുടരുക.
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്;കേവല ഭൂരിപക്ഷം കടന്ന് എൻ ഡി എ
പട്‌ന: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ലീഡ് നില മാറിമറിയുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ വ്യക്തമായ മുന്നേറ്റം നടത്തിയ ആര്‍ജെഡി- കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാസഖ്യത്തെ പിന്നിലാക്കി എന്‍ഡിഎ മുന്നേറുകയാണ്. വോട്ടെണ്ണല്‍ ആരംഭിച്ച് മൂന്നുമണിക്കൂര്‍ ആവുമ്പോഴേക്കും എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നതായാണ് റിപോര്‍ട്ടുകള്‍.123 സീറ്റില്‍ എന്‍ഡിഎ ലീഡ് ചെയ്യുമ്പോൾ മഹാസഖ്യം 106 സീറ്റിലാണ് മുന്നിലുള്ളത്. അന്തിമഫലം വരാന്‍ ഇനിയും മണിക്കൂറുകളുണ്ടെങ്കിലും ബിഹാര്‍ തൂക്കുസഭയിലേക്ക് നീങ്ങുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അങ്ങനെയൊരു സ്ഥിതിവന്നാല്‍ എന്‍.ഡി.എയില്‍ നിന്ന് പിണങ്ങിപ്പിരിഞ്ഞ് ഒറ്റക്ക് മത്സരിച്ച ചിരാഗ് പാസ്വാന്റെ എല്‍.ജെ.പിയുടെ നിലപാട് നിര്‍ണായകമാവും. നിലവില്‍ എട്ട് സീറ്റുകളില്‍ എല്‍.ജെ.പി ലീഡ് ചെയ്യുന്നുണ്ട്.കഴിഞ്ഞ തവണത്തേക്കാള്‍ വലിയ മുന്നേറ്റമാണ് ബിജെപി സംസ്ഥാനത്ത് ഉണ്ടാക്കിയത്. നേരത്തെ പോസ്റ്റല്‍ വോട്ടുകളില്‍ മഹാസഖ്യത്തിന് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. കനത്ത സുരക്ഷയില്‍ രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.243 അസംബ്ലി സീറ്റുകളുള്ള ബിഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് പോളിങ് നടന്നത്. നവംബര്‍ 7-ലെ മൂന്നാം ഘട്ടത്തിനു ശേഷം പുറത്തുവിട്ട വിവിധ എക്സിറ്റ്പോള്‍ ഫലങ്ങള്‍ മഹാസഖ്യം അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്.എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ പിന്തള്ളിയാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ മുന്നേറ്റം.
യൂട്യൂബറെ ആക്രമിച്ച സംഭവം;ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
കൊച്ചി: വിവാദ യൂട്യൂബര്‍ വിജയ് പി. നായരെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.വിജയ് പി. നായരുടെ മുറിയില്‍ അതിക്രമിച്ച് കടന്നിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നും പ്രതികള്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കി.തന്‍റെ മുറിയില്‍ അതിക്രമിച്ച് കയറി സാധനങ്ങള്‍ മോഷ്ടിക്കുകയും തന്നെ മര്‍ദ്ദിക്കുകയും ചെയ്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും അങ്ങനെ ചെയ്തല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നും വിജയ് പി. നായരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ തീരുമാനമെടുക്കും വരെ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.
ബിഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടം;മാറിമറിഞ്ഞ് ലീഡ് നില
പട്‌ന: ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ രണ്ടു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു.പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. കനത്ത സുരക്ഷയില്‍ രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 243 അംഗ ബിഹാര്‍ നിയമസഭയിലെ പകുതിയിലേറെ സീറ്റുകളിലെ ലീഡ് നില വ്യക്തമാവുമ്ബോള്‍ 105 സീറ്റിലാണ് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുന്നത്.എന്നാല്‍ തൊട്ടുപിന്നാലെ മഹാസഖ്യം ലീഡ് 102 സീറ്റുകളില്‍ മുന്നേറുന്നതായാണ് റിപ്പോർട്ട്.ആദ്യ മണിക്കൂറില്‍ത്തന്നെ കേവലഭൂരിപക്ഷമായ 122ലേക്ക് എത്തിയെങ്കിലും പിന്നീട് മഹാസഖ്യത്തിന്റെ ലീഡ് നിലയില്‍ മാറ്റം സംഭവിക്കുകയായിരുന്നു. ആര്‍ജെഡി-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലെത്തുമെന്നാണ് ഭൂരിഭാഗം സര്‍വേകളും പ്രവചിച്ചത്.കേവലഭൂരിപക്ഷത്തിന് 122 സീറ്റുകള്‍ ജയിക്കണം.243 അസംബ്ലി സീറ്റുകളുള്ള ബിഹാറിൽ മൂന്ന് ഘട്ടങ്ങളിലായാണ് പോളിങ് നടന്നത്. കോവിഡ് 19 മഹാമാരിക്കിടെ രാജ്യത്ത് ഇതാദ്യമായി നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ 57 ശതമാനമാളുകൾ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. തുടർച്ചയായി നാലാം തവണ മുഖ്യമന്ത്രിപദം ലക്ഷ്യമിടുന്ന ജെ.ഡി.യു തലവൻ നിതീഷ് കുമാർ എൻ.ഡി.എയുടെയും മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് മഹാസഖ്യത്തിന്റെയും മുഖ്യമന്ത്രി സ്ഥാനാർത്ഥികളാണ്.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്;വോട്ടെണ്ണല്‍ തുടങ്ങി
പട്‌ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 38 ജില്ലകളിലായി 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടുതല്‍ മണ്ഡലങ്ങളുള്ള ജില്ലകളില്‍ പരമാവധി മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.414 ഹാളുകളിലായാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണലിന്റെ ആദ്യ ട്രെന്‍ഡ് പത്ത് മണിയോടെ ലഭ്യമാവുമെന്നാണ് കണക്കുകൂട്ടല്‍. ഓരോ മണ്ഡലത്തിലേയും ഫല സൂചനകള്‍ ലഭ്യമാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയ്യതികളിലായി മൂന്നുഘട്ടങ്ങളിലായിട്ടാണ് 243 നിയമസഭാ സീറ്റുകളിലേക്കായി യുള്ള തിരഞ്ഞെടുപ്പ് നടന്നത്. 122 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. നിതീഷ്‌കുമാര്‍ നേതൃത്വം നല്‍കുന്ന എന്‍ഡിഎയും തേജസ്വി യാദവ് നേതൃത്വം നല്‍കുന്ന മഹാസഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും നല്‍കിയ അനുകൂല ഫലത്തിന്റെ ആത്മവിശ്വാസത്തിലാണ് ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം. എന്നാല്‍, എക്‌സിറ്റ് പോളുകളില്‍ കാര്യമില്ലെന്നും അധികാരം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ ഉറച്ച വിശ്വാസത്തിലാണ് എന്‍ഡിഎ .
സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;5983 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍ 152, കാസര്‍ഗോഡ് 75, വയനാട് 50, പത്തനംതിട്ട 43, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3070 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 409 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 504, കോഴിക്കോട് 441, എറണാകുളം 298, തൃശൂര്‍ 417, ആലപ്പുഴ 345, തിരുവനന്തപുരം 224, കൊല്ലം 230, പാലക്കാട് 133, കോട്ടയം 203, കണ്ണൂര്‍ 99, കാസര്‍ഗോഡ് 66, വയനാട് 48, പത്തനംതിട്ട 35, ഇടുക്കി 27 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 18, തിരുവനന്തപുരം 11, കോഴിക്കോട് 5, തൃശൂര്‍, കണ്ണൂര്‍ 4 വീതം, കൊല്ലം 3, പാലക്കാട്, മലപ്പുറം, വയനാട് 2 വീതം, പത്തനംതിട്ട, കാസര്‍ഗോഡ് 1, എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5983 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 452, കൊല്ലം 454, പത്തനംതിട്ട 147, ആലപ്പുഴ 792, കോട്ടയം 423, ഇടുക്കി 49, എറണാകുളം 827, തൃശൂര്‍ 904, പാലക്കാട് 429, മലപ്പുറം 560, കോഴിക്കോട് 618, വയനാട് 104, കണ്ണൂര്‍ 133, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 79,410 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ചെറുതന (കണ്ടൈന്മെന്റ് സോണ്‍ സബ് വാര്‍ഡ് 10), തിരുവനന്തപുരം ജില്ലയിലെ മംഗലപുരം (സബ് വാര്‍ഡ് 12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 612 ഹോട്ട് സ്പോട്ടുകളാണുള്ളത്.
റെയ്ഡിനിടെ ബിനീഷ് കോടിയേരിയുടെ മകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടില്ല;ഇ ഡിക്കെതിരായ നടപടിയിൽ നിന്നും പിന്മാറി ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം:എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെ ബിനീഷ് കോടിയേരിയുടെ മകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടില്ലെന്ന് ബാലാവകാശ കമ്മീഷന്‍. ഈ വിഷയത്തില്‍ ഇഡിക്കെതിരെ തുടര്‍നടപടികള്‍ ഇല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടില്ലെന്നും പരാതി സംബന്ധിച്ച കാര്യങ്ങള്‍ അന്ന് തന്നെ തീര്‍പ്പാക്കിയതാണെന്നും ബാലാവകാശ കമ്മീഷന്‍ അംഗം കെ നസീര്‍ പറഞ്ഞു.ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ ഉദ്യോഗസ്ഥര്‍ വീട് റെയ്ഡ് ചെയ്യാനെത്തിയിരുന്നു. ബിനീഷിന്റെ ഭാര്യയും കുഞ്ഞും ഭാര്യാമാതാവുമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. നിരവധി മണിക്കൂറുകള്‍ നീണ്ടു നിന്ന റെയ്ഡ് കടുത്ത മാനസികസമ്മര്‍ദ്ദമുണ്ടാക്കിയെന്നും രണ്ടരവയസ്സുള്ള കുഞ്ഞിന് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.ബിനീഷ് കോടിയേരിയുടെ ഭാര്യ പിതാവ് ബാലാവകാശ കമ്മീഷന് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന്, ഉടന്‍ തന്നെ ബാലാവകാശ കമ്മീഷന്‍ അംഗങ്ങൾ വീട്ടിലെത്തി ഇവരെ സന്ദര്‍ശിച്ചിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തു. ബാലാവകാശ കമ്മീഷന്‍റേത് പക്ഷപാതപരമായ നിലപാട് ആണെന്നും വിമര്‍ശനം ഉയര്‍ന്നു. ഇതിനെല്ലാം ഒടുവിലാണ്, ഇനി തുടര്‍നടപടിയില്ലെന്ന് ബാലാവകാശ കമ്മീഷന്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.പരാതി അന്ന് തന്നെ തീര്‍പ്പാക്കിയെന്നാണ് കമ്മീഷന്റെ വിശദീകരണം. ബിനീഷ് കോടിയേരിയുടെ മകളെ നിയമവിരുദ്ധമായി തടവില്‍ വെച്ചെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റിനെതിരെ കേസ് എടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.കേസ് എടുക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയ ബാലാവകാശ കമ്മീഷന്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിരുന്നു.എന്നാല്‍, കോടതിയുടെ സെര്‍ച്ച് വാറന്റോടെ ബിനീഷ് കോടിയേരിയുടെ വീട് പരിശോധിച്ച ഇഡിയ്ക്കെതിരെ നടപടിയുമായി മന്‍പോട്ട് പോയാല്‍ അത് ബാലാവകാശ കമ്മീഷന് കുരുക്കാകുമെന്ന വിലയിരുത്തലിലാണ് നടപടിയില്‍ നിന്ന് പിന്‍മാറാന്‍ ബാലാവകാശ കമ്മീഷന്‍ തീരുമാനിച്ചത്.
ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസ്;മുസ്ലിം ലീഗ് എംഎല്‍എ എം സി കമറുദ്ദീനെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു
കാസർകോഡ്:ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസിൽ അറസ്റ്റിലായ മുസ്ലിം ലീഗ് എംഎല്‍എ എം സി കമറുദ്ദീനെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു.ഹോസ്ദുര്‍ഗ്ഗ് കോടതിയുടെയാണ് നടപടി.എംഎല്‍എ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. 13 കോടിയുടെ തട്ടിപ്പിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം ചുമത്തിയ വകുപ്പുകള്‍ ഒന്നും നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്. ഇതോടെയാണ് രണ്ട് ദിവസത്തെ കസ്റ്റഡിക്ക് ശേഷം 11ന് ജാമ്യാപേക്ഷ പരിഗണിക്കാന്‍ കോടതി തീരുമാനം കൈക്കൊണ്ടത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവുകള്‍ കണ്ടെത്തുന്നതിനുമാണ് കസ്റ്റഡി അപേക്ഷ നല്‍കുന്നതെന്ന് അന്വേഷണസംഘം അറിയിച്ചു.കാസര്‍കോട് എസ്‌പി ഓഫിസില്‍ വച്ചാണ് എംഎല്‍എയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കമറുദീനെതിരെ ശക്തമായ തെളിവുണ്ടെന്ന് അന്വേഷണസംഘത്തലവന്‍ പറഞ്ഞു. ഏഴുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ചന്ദേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. ഗൂഢാലോചന, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. തൃക്കരിപ്പൂര്‍ ചന്തേര പൊലീസ് സ്റ്റേഷന്‍, പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലായാണ് എംഎല്‍എയ്‌ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എംഎല്‍എയ്‌ക്കെതിരെ പരാതി ഉയര്‍ന്ന് ഒരു വര്‍ഷത്തോളമായെങ്കിലും നടപടി ഉണ്ടാകുന്നത് ഇപ്പോഴാണ്. ഫാഷന്‍ ഗോള്‍ഡിന്റെ ചെയര്‍മാനാണ് മുസ്ലിം ലീഗ് നേതാവായ കമറുദ്ദീന്‍. അതേസമയം റിമാന്‍ഡിലായ എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ ഒരു വഞ്ചനാ കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ കമറുദ്ദീനെതിരായ വഞ്ചനാ കേസുകളുടെ എണ്ണം 112 ആയി. മാവിലകടപ്പുറം സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പുതിയ കേസ്.