കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.ശിവശങ്കറിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.നേരത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഹാജരാക്കിയ ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഒരു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വിട്ടിരുന്നു.ഈ കസ്റ്റഡി ഇന്ന് അവസാനിക്കും. കഴിഞ്ഞ മാസം 28 ന് അറസ്റ്റിലായ ശിവശങ്കറിനെ 30 ന് കോടതിയില്‍ ഹാജരാക്കിയ എന്‍ഫോഴ്‌മെന്റ് ഒരാഴ്ച് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിനു ശേഷം ഈ മാസം അഞ്ചിന് ഹാജരാക്കിയ ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യപ്രകാരം ആറു ദിവസത്തേക്കു കൂടി കസ്റ്റഡി അനുവദിക്കുകയായിരുന്നു. ഈ കാലാവധി ഇന്നലെ അവസാനിച്ചതിനെ തുടര്‍ന്നാണ് വീണ്ടും കോടതിയില്‍ ഹാജരാക്കിയത്. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിനെ ജയിലില്‍ ചോദ്യം ചെയ്തതില്‍ നിന്നും ശിവശങ്കറുമായി ബന്ധപ്പെട്ട് നിര്‍ണായകമായ കൂടുതല്‍ വിവരം ലഭ്യമായിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ശിവശങ്കറിനെ കുടുതല്‍ ചോദ്യം ചെയ്യലിനു വിധേയമാക്കേണ്ടത് ആവശ്യമാണെന്നും എന്‍ഫോഴ്‌സ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ 13 ദിവസത്തെ കസ്റ്റഡിക്കു ശേഷം വീണ്ടും എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിടുന്നതിനെ ശിവശങ്കറിന്റെ അഭിഭാഷകന്‍ ശക്തമായി കോടതിയില്‍ എതിര്‍ത്തു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി എന്‍ഫോഴ്‌സ്‌മെന്റിന്റെ വാദം പരിഗണിച്ച് ഒരു ദിവസം കൂടി കസ്റ്റഡി അനുവദിക്കുകയായിരുന്നു.ശിവശങ്കറിന്റെ ജാമ്യാപേക്ഷ നേരത്തെ തന്നെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും ഇത് പരിഗണിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സത്യാവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; അര്‍ജുന്റേയും സോബിയുടേയും മൊഴികള്‍ കള്ളമെന്ന് നുണപരിശോധനാഫലം
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്. കേസില്‍ ഡ്രൈവര്‍ അര്‍ജുന്റേയും കലാഭവന്‍ സോബിയുടേയും നുണപരിശോധനാഫലം പുറത്തുവന്നു. ഇരുവരുടേയും മൊഴികള്‍ കള്ളമാണെന്നാണ് റിപ്പോര്‍ട്ട്. അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ ആയിരുന്നു എന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. അപകടം കണ്ടുവെന്നായിരുന്നു സാക്ഷി കലാഭവന്‍ സോബി മൊഴി നല്‍കിയത്. അപകടസ്ഥലത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടെന്ന് പറഞ്ഞതും നുണയാണെന്ന് പരിശോധനാ ഫലത്തില്‍ വ്യക്തമാക്കുന്നു.സോബി പറഞ്ഞ റൂബിന്‍ തോമസിനെയും സി.ബി.ഐ കണ്ടെത്തി. അപകട സമയത്ത് റൂബിന്‍ ബംഗലൂരുവിലായിരുന്നു. അപകടസമയത്ത് സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്യ വിദേശത്തായിരുന്നു എന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. അപകടമരണം എന്നതിന് അപ്പുറത്തേക്ക് പോകുന്ന തരത്തില്‍ പോളിഗ്രാഫ് ടെസ്റ്റില്‍ പുതുതായി ഒന്നും കണ്ടെത്താനായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.സോബിയെ രണ്ടു തവണയാണ് പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയത്. രണ്ടാമത്തെ ടെസ്റ്റില്‍ സോബി സഹകരിച്ചില്ലെന്നുമാണ് വിവരം.കഴിഞ്ഞമാസമാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട്, ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശന്‍ തമ്പി വിഷ്ണു സോമുന്ദരം, ഡ്രൈവര്‍ അര്‍ജുന്‍, കേസില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തിയ കലാഭവന്‍ സോബി എന്നിവരെ നുണപരിശോധനക്ക് വിധേയരാക്കിയത്.അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കള്ളക്കടത്ത് സംഘത്തിന് അപകടവുമായി ബന്ധമുണ്ടോയെന്ന പരിശോധന തുടരുന്നുവെന്നും സിബിഐ അറിയിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് നുണ പരിശോധനയില്‍ ലഭിച്ചത് നിര്‍ണ്ണായക തെളിവുകളാണെന്ന റിപ്പോര്‍ട്ടുമുണ്ട്. റിപ്പോര്‍ട്ട് കേന്ദ്ര ഫോറന്‍സിക് സംഘം സിബിഐക്ക് കൈമാറി. കേസിലെ ദുരൂഹതയകറ്റാനാണ് നുണ പരിശോധന റിപ്പോര്‍ട്ട് സിബിഐ പരിശോധിക്കാനൊരുങ്ങുന്നത്. നിലവിലെ സാഹചര്യത്തില്‍ ബാലഭാസ്‌കറിന്റെ മരണത്തിന്റെ ദുരൂഹത വര്‍ദ്ധിക്കുകയാണ്. വിഷ്ണു സോമസുന്ദരത്തിന്റെ സ്വര്‍ണക്കടത്തു ഇടപാടുകളെ കുറിച്ച് ബാലഭാസ്‌കറിന് അറിവുണ്ടോ എന്നും സിബിഐ പരിശോധിക്കും. ബാലഭാസ്‌കര്‍ മരിക്കുന്നതിനു മുൻപ് തന്നെ വിഷ്ണു സ്വര്‍ണക്കടത്തു തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ പങ്ക് പരിശോധിക്കുകയാണ് സിബിഐ.എന്നാല്‍ കലാഭവന്‍ സോബിയുടെ മൊഴി വിശ്വസിക്കാനാകില്ലെന്ന് സിബിഐ തിരിച്ചറിയുന്നുണ്ട്. ഇതിനൊപ്പം ഡ്രൈവര്‍ അര്‍ജുനിന്റെ മൊഴിയും കള്ളമായിരുന്നു. ഇതിലും അന്വേഷണം തുടരും. ബാലഭാക്‌സറിന്റെ ഭാര്യയുടെ മൊഴി ശരിവയ്ക്കുന്ന തരത്തിലാണ് നുണ പരിശോധനയിലെ റിപ്പോര്‍ട്ടുകളെന്നാണ് സൂചന. പ്രകാശ് തമ്പിയുടെ മൊഴിയിലും അസ്വാഭാവികതയുണ്ട്. എന്തിനാണ് ഡ്രൈവര്‍ കള്ളം പറഞ്ഞതെന്നതാണ് ഇനി നിര്‍ണ്ണായകം. അതില്‍ കൂടി വ്യക്തത വന്നാല്‍ ബാലഭാക്‌സറിന്റെ കേസില്‍ സിബിഐ അന്തിമ നിഗമനത്തില്‍ എത്തും.
സംസ്ഥാനത്ത് ഇന്ന് 7007 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 7252 പേരുടെ പരിശോധനാഫലം നെഗറ്റീവ്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം 484, പാലക്കാട് 424, കണ്ണൂര്‍ 264, പത്തനംതിട്ട 230, ഇടുക്കി 225, വയനാട് 159, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6152 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 717 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 684, തൃശൂര്‍ 952, കോഴിക്കോട് 801, കൊല്ലം 664, കോട്ടയം 580, മലപ്പുറം 486, ആലപ്പുഴ 505, തിരുവനന്തപുരം 396, പാലക്കാട് 260, കണ്ണൂര്‍ 190, പത്തനംതിട്ട 161, ഇടുക്കി 194, വയനാട് 145, കാസര്‍ഗോഡ് 134 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 11, എറണാകുളം 8, തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ 5 വീതം, പാലക്കാട്, മലപ്പുറം, വയനാട് 3 വീതം, പത്തനംതിട്ട 2, ആലപ്പുഴ, കാസര്‍ഗോര്‍ഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7252 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 704, കൊല്ലം 779, പത്തനംതിട്ട 174, ആലപ്പുഴ 716, കോട്ടയം 353, ഇടുക്കി 91, എറണാകുളം 758, തൃശൂര്‍ 943, പാലക്കാട് 506, മലപ്പുറം 661, കോഴിക്കോട് 836, വയനാട് 83, കണ്ണൂര്‍ 501, കാസര്‍ഗോഡ് 147 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 78,420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,192 സാമ്പിളുകളാണ് പരിശോധിച്ചത്.29 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 622 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
അര്‍ണാബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
ന്യുഡൽഹി:ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യാ പ്രേരണാ കേസില്‍ റിപ്പബ്‌ളിക് ടി വി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.50000 രൂപ ആൾജാമ്യത്തിനും അന്വേഷണത്തോട് സഹകരിക്കണമെന്ന വ്യവസ്ഥയോടെയുമാണ് ജാമ്യം. ഉത്തരവിന്റെ പൂർണ രൂപം പിന്നീട് നൽകും. ജാമ്യ ഉത്തരവ് എത്രയും വേഗം നടപ്പാക്കണമെന്ന് കോടതി മഹാരാഷ്ട്രയിലെ റായ്ഗഡ് പൊലീസിന് നിർദേശം നൽകി. ഇടക്കാല ജാമ്യം നല്‍കണമെന്ന അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം മുംബായ് ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചത്.50000 രൂപയുടെ ബോണ്ടില്‍ അര്‍ണബിനേയും കൂടെ അറസ്റ്റിലായ രണ്ട് പേരെയും വിട്ടയക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ജാമ്യം നല്‍കരുതെന്ന് വാദിഭാഗം അഭിഭാഷകനായ കപില്‍ സിബല്‍ വാദിച്ചെങ്കിലും സുപ്രീം കോടതി തള്ളി. അര്‍ണബിന് ഇടക്കാല ജാമ്യാപേക്ഷ നിഷേധിച്ച ബോംബൈ ഹൈക്കോടതി വിധിക്കെതിരെയും സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. എഫ്.ഐ.ആറില്‍ തീര്‍പ്പു കല്‍പ്പിക്കാതിരിക്കെ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അത് നീതി നിഷേധമാവുമെന്ന് കോടതി നിരീക്ഷിച്ചു.അര്‍ണാബിനും കൂട്ടുപ്രതികള്‍ക്കും വേണ്ടി ഹരീഷ് സാല്‍വെയും മഹാരാഷ്ട്ര സര്‍ക്കാറിനു വേണ്ടി കപില്‍ സിബല്‍, അമിത് ദേശായ് എന്നിവരുമാണ് വാദിച്ചത്. അര്‍ണാബിനും റിപ്പബ്ലിക് ചാനലിനും മേല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിരവധി കേസുകള്‍ ചുമത്തിയിട്ടുണ്ടെന്ന് ഹരീഷ് സാല്‍വെ കോടതിയില്‍ പറഞ്ഞു. അര്‍ണാബിനെതിരായ കേസ് സി.ബി.ഐക്ക് വിടണമെന്നും കുറ്റക്കാരനാണെങ്കില്‍ ജയിലിലടക്കാമെന്നും സാല്‍വെ വാദിച്ചു.അര്‍ണാബ് നല്‍കാനുള്ള 88 ലക്ഷമടക്കം 6.45 കോടി രൂപ ലഭിക്കാത്തിന്റെ പേരില്‍ ഒരു വ്യക്തി ആത്മഹത്യ ചെയ്ത കേസാണിതെന്നാണ് ഹരജിയെ എതിര്‍ത്തുകൊണ്ട് കപില്‍ സിബല്‍ വാദിച്ചത്. പണം നല്‍കാനുണ്ട് എന്നതുകൊണ്ടു മാത്രം ആത്മഹത്യാ പ്രേരണ ആകുമോ എന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു. ബോംബെ ഹൈക്കോടതിയുടെ 50 പേജുള്ള വിധിയില്‍ അര്‍ണാബ് ചെയ്ത കുറ്റം എന്തെന്ന് വ്യക്തമാക്കുന്നില്ലെന്നും എഫ്.ഐ.ആര്‍ ഉണ്ട് എന്നതുകൊണ്ടു മാത്രം ജാമ്യം നിഷേധിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്നതിനു തുല്യമാണെന്നും കോടതി നിരീക്ഷിച്ചു.
രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ക്കും കേന്ദ്രസർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു
ഡല്‍ഹി: രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ക്കും മേല്‍ കേന്ദ്രസര്‍ക്കാർ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു.ഇവയെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണ നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു. വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്‍ററി സമിതി നിയമനിര്‍മാണത്തിനായി 21 വിഷയങ്ങളാണ് പരിഗണിച്ചത്.മാധ്യമങ്ങളുടെ ധാര്‍മികതയെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ഒരു കമ്മിറ്റി ആദ്യമായാണ് ചര്‍ച്ച നടത്തുന്നത്. ശശി തരൂരാണ് വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്‍ററി സമിതി അധ്യക്ഷന്‍.ആമസോണ്‍ പ്രൈം, നെറ്റ് ഫ്‌ലിക്‌സ് ഉള്‍പ്പെടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം വരും. സിനിമകള്‍, ഓഡിയോ വിഷ്വല്‍ പരിപാടികള്‍, വാര്‍ത്ത, വാര്‍ത്താധിഷ്ഠിത പരിപാടികള്‍ എന്നിവയെ മന്ത്രാലയത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതാണ് ഉത്തരവ്.നിലവില്‍ ഒടിടി പ്ലാറ്റ് ഫോമില്‍ വരുന്ന ഉള്ളടക്കത്തിന് സെന്‍സറിങ് ഉള്‍പ്പെടെ ഒരു വിധത്തിലുള്ള നിയന്ത്രണങ്ങളും ബാധകമല്ല. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്കു മേലും മറ്റു വാര്‍ത്താ മാധ്യമങ്ങള്‍ക്കുള്ളതുപോലെ സര്‍ക്കാര്‍ നിയന്ത്രണമില്ല. ഇതിനെതിരെ വ്യാപകമായ ആക്ഷേപങ്ങളും പരാതികളും ഉയര്‍ന്നിരുന്നു.
കെ എം ഷാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു
കോഴിക്കോട്: കെ എം ഷാജി എംഎല്‍എയെ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്യുന്നു.ചോദ്യം ചെയ്യലിനായി രാവിലെ പത്തുമണിയോടെ കെ.എം.ഷാജി എംഎല്‍എ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തി.പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യല്‍. ചൊവ്വാഴ്ച പത്തര മണിക്കൂറാണ് ഷാജിയെ ചോദ്യം ചെയ്തത്. വേണ്ടത്ര രേഖകള്‍ ഇ.ഡിക്ക് കൈമാറിയിട്ടുണ്ടെന്നും ഉത്തരവാദിത്തപ്പെട്ട ഏജന്‍സിയുടെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും കെ.എം.ഷാജി പറഞ്ഞു. ഷാജിയുടെ വരുമാന ഉറവിടത്തെക്കുറിച്ചായിരുന്നു ഇ.ഡി പ്രധാനമായും ചോദിച്ചറിഞ്ഞത്. പ്രധാനമായും എം.എല്‍.എ ആയതിന് ശേഷമുള്ള സാമ്പത്തിക സ്ഥിതി, സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടത് കൊണ്ടാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.ഭാര്യയുടെ പേരിലുള്ള കോഴിക്കോട് മാലൂര്‍ക്കുന്നിലെ വീടിന്‍റെ നിര്‍മ്മാണത്തിന് എവിടെ നിന്ന് പണം ലഭിച്ചുവെന്ന വിവരങ്ങള്‍ അറിയാനായി കെ.എം ഷാജിയുടെ ഭാര്യയെ കഴിഞ്ഞ ദിവസം ഇ.ഡി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയത് ഷാജിയാണെന്നാണ് ഭാര്യ അറിയിച്ചത്. അക്കാര്യങ്ങളെ കുറിച്ചും ഇ.ഡി ഷാജിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.വീട് നിര്‍മിക്കാന്‍ ഭാര്യ വീട്ടുകാര്‍ ധനസഹായം നല്‍കിയതിന്റെ രേഖകള്‍ ഷാജി ഹാജരാക്കി. അക്കൗണ്ട് വഴിയാണ് പണം നല്‍കിയത്. രണ്ട് വാഹനങ്ങള്‍ വിറ്റു. 10 ലക്ഷം രൂപ വായ്പയെടുത്തു.വയനാട്ടിലെ കുടുംബസ്വത്തില്‍ നിന്നുള്ള വിഹിതവും ഉപയോഗിച്ചു. വയനാട് കേന്ദ്രമായി ആരംഭിച്ച ജ്വല്ലറി ഗ്രൂപ്പില്‍ പങ്കാളിത്തമുണ്ടായിരുന്നു. 2010 ല്‍ പങ്കാളിത്തം ഒഴിഞ്ഞപ്പോള്‍ ലഭിച്ച പണവും വീട് നിര്‍മാണത്തിന് ഉപയോഗിച്ചതായി ഷാജി ഇഡിയെ അറിയിച്ചു.
മലപ്പുറം ജില്ലയിൽ യുവതിയും മൂന്നുമക്കളും ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭര്‍ത്താവും ആത്മഹത്യ ചെയ്തു
മലപ്പുറം :നിലമ്പൂർ പോത്തുങ്കല്‍ ഞെട്ടിക്കുളത്ത് യുവതിയെയും മൂന്നു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നാലെ ഭര്‍ത്താവും ആത്മഹത്യ ചെയ്തു.ബിനേഷാണ് (36) ആത്മഹത്യ ചെയ്തത്. റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ബിനേഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.ശനിയാഴ്ചയാണ് ബിനേഷിന്റെ ഭാര്യ രഹ്‌ന(34) മക്കളായ ആദിത്യന്‍(13), അര്‍ജുന്‍(11), അനന്തു (7) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ബിനേഷിനെതിരെ രഹ്‌നയുടെ കുടുംബം രംഗത്തുവന്നിരുന്നു. ബിനേഷിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധമാണ് പ്രശ്‌നങ്ങളുടെ കാരണമെന്നും കഴിഞ്ഞ മൂന്നുവര്‍ഷമായി കുടുംബത്തിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടെന്നും രഹ്‌നയുടെ പിതാവ് രാജന്‍ ആരോപിച്ചു. ഭാര്യയും മൂന്നുമക്കളും ആത്മഹത്യ ചെയ്ത വിവരം ബിനേഷ് തന്നെയാണ് വിളിച്ചറിയിച്ചതെന്ന് രാജന്‍ പറയുന്നു.ഭാര്യയും മക്കളും ആത്മഹത്യ ചെയ്യുമ്ബോള്‍ ബിനേഷ് സ്ഥലത്തില്ലായിരുന്നു. കണ്ണൂര്‍ ഇരിക്കൂറില്‍ റബ്ബര്‍ ടാപ്പിങ്ങിനു പോയതായിരുന്നു ബിനേഷ്. അവിടെനിന്ന് കഴിഞ്ഞമാസം 29-ന് വന്നതിനുശേഷം നവംബര്‍ മൂന്നിനാണ് തിരികെ പോയത്. രണ്ട് കുട്ടികളുടെ ജന്മദിനം ഒന്നിച്ചാഘോഷിച്ചാണ് മൂന്നിന് തിരിച്ചുപോയത്. രാവിലെ ബിനേഷ് രഹ്നയെ വിളിച്ചതായി പറയുന്നു. എന്നാല്‍ വിവരം കിട്ടാതിരുന്നതിനെത്തുടര്‍ന്ന് അടുത്ത വീട്ടിലേക്കുവിളിച്ച് നോക്കാന്‍ പറഞ്ഞതനുസരിച്ച് അടുത്ത വീട്ടുകാര്‍ വന്നുനോക്കിയപ്പോഴാണ് വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും;ബിനീഷ് കോടിയേരിയെ ഇന്ന് കോടതിയിൽ ഹാജരാക്കും; കസ്റ്റഡി ആവശ്യപ്പെട്ട് എന്‍സിബി കോടതിയെ സമീപിച്ചേക്കും
ബംഗളൂരു :എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ ഇ.ഡി ഇനി കോടതിയില്‍ ഹാജരാക്കും.കഴിഞ്ഞ പന്ത്രണ്ടു ദിവസമായി ബിനീഷ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ്.ഇഡി വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ സാദ്ധ്യതയില്ല.അതേസമയം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കും.അനൂപ് മുഹമ്മദ് ഉള്‍പ്പെടെയുള്ള ബംഗളുരു മയക്കു മരുന്ന് ഇടപാട് കേസിലെ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ബിനീഷിനെ ചോദ്യം ചെയ്യണമെന്നാണ് എന്‍.സി.ബി. ആവശ്യപ്പെടുന്നത്.
പന്ത്രണ്ട് ദിവസമായി ബിനീഷ് ഇഡിയുടെ കസ്റ്റഡിയിലാണ്. ഇതിനിടയില്‍ അന്വേഷണ സംഘം ബിനീഷിന്റെ വീട്ടില്‍ റെയിഡും നടത്തിയിരുന്നു. വീട്ടില്‍ നിന്നും കണ്ടെത്തിയ അനൂപ് മുഹമ്മദിന്റെ എ.ടി.എം കാര്‍ഡുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യം ചെയ്യല്‍.അതേ സമയം കേസിൽ മുഖ്യപങ്കുണ്ടെന്നു കരുതുന്ന തിരുവനന്തപുരത്തെ ബെനാമി കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫിനെ ഇതുവരെ കണ്ടെത്താത്ത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.ബിനീഷിനെയും ലത്തീഫിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്നാണ് ഇ.ഡി പറയുന്നത്. ക്വാറന്റീന്‍ പൂര്‍ത്തിയാക്കി രണ്ടാം തിയ്യതിക്കു ശേഷം ഹാജരാകാമെന്നു അറിയിച്ചിരുന്ന ലത്തീഫിനെ കുറിച്ച് കഴിഞ്ഞ ഒരാഴ്ചയായിട്ടും വിവരമൊന്നുമില്ല.അതിനിടെ വില്‍സണ്‍ ഗാര്‍ഡണ്‍ സ്റ്റേഷനില്‍ ബിനീഷിന് വഴിവിട്ട സഹായം കിട്ടിയതും ഇ.ഡി ഗൗരവത്തിലെടുത്തിട്ടുണ്ട്. രാത്രി കാലങ്ങളില്‍ ലോക്കപ്പിലിരുന്നു ഫോണ്‍ ഉപയോഗിച്ചുവെന്നാണ് കണ്ടെത്തിയത്.തുടര്‍ന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിനു സമീപമുള്ള കബ്ബന്‍ പാര്‍ക്ക് സ്റ്റേഷനിലേക്കു ബിനീഷിന്റെ രാത്രിവാസം മാറ്റിയത്.
ബിഹാറിൽ 125 സീറ്റുകൾ നേടി ഭരണം നിലനിര്‍ത്തി എന്‍ഡിഎ
പട്ന:ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 125 സീറ്റുകൾ നേടി എൻ ഡി എ വീണ്ടും അധികാരത്തിലേക്ക്.ആർജെഡിയുടെ നേതൃത്തിലുള്ള മഹാസഖ്യം 110 സീറ്റ് നേടി. 75 സീറ്റ് നേടിയ ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപി 74 ഇടത്തും ജെഡിയു 43 സീറ്റുകളിലുമാണ് വിജയിച്ചത്. 16 ഇടത്ത് വിജയിച്ച ഇടതുപാർട്ടികളും നേട്ടമുണ്ടാക്കി.. എന്നാൽ മത്സരിച്ച 70 സീറ്റുകളിൽ 19 ഇടത്ത് മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് തുടങ്ങിയ വോട്ടെണ്ണൽ ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് പൂർത്തിയായത്.243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത്. NDA മുന്നണിയില്‍ മത്സരിച്ച വികാസ് ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും നാല് സീറ്റുകള്‍ വീതം നേടി.മഹാഗഡ് ബന്ധന്‍ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച സിപിഎമ്മും സിപിഐയും രണ്ട് സീറ്റുകള്‍ വീതം നേടിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന സിപിഐ എംഎല്‍ 12 സീറ്റുകളില്‍ വിജയിച്ചു. ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാര്‍ട്ടിക്ക് ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. BSP ക്കും ഒരു മണ്ഡലത്തില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം അഞ്ച് സീറ്റുകളില്‍ വിജയിച്ചു.എക്സിറ്റ് പോള്‍ പ്രവചനങ്ങളെ കടത്തിവെട്ടിയായിരുന്നു എന്‍ഡിഎയുടെ വിജയക്കുതിപ്പ്.വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഇത് ശരിവക്കുന്ന തരത്തിലായിരുന്നു ഫലങ്ങള്‍ പുറത്തുവന്നത് എങ്കിലും പിന്നീട് അത് മാറി മറിയുകയായിരുന്നു.
സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;6698 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, പത്തനംതിട്ട 234, വയനാട് 112, ഇടുക്കി 89, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 54,751 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 100 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5188 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 759, തൃശൂര്‍ 685, മലപ്പുറം 645, ആലപ്പുഴ 628, എറണാകുളം 375, തിരുവനന്തപുരം 436, കൊല്ലം 425, കോട്ടയം 420, പാലക്കാട് 182, കണ്ണൂര്‍ 220, പത്തനംതിട്ട 180, വയനാട് 104, ഇടുക്കി 57, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 12 വീതം, മലപ്പുറം 9, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ 8 വീതം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6698 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 580, കൊല്ലം 485, പത്തനംതിട്ട 175, ആലപ്പുഴ 559, കോട്ടയം 361, ഇടുക്കി 105, എറണാകുളം 1078, തൃശൂര്‍ 1088, പാലക്കാട് 413, മലപ്പുറം 545, കോഴിക്കോട് 798, വയനാട് 135, കണ്ണൂര്‍ 177, കാസര്‍ഗോഡ് 199 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് (കണ്ടൈന്മെന്റ് സോണ്‍ സബ് വാര്‍ഡ് 1, 3, 4, 6, 7, 9, 11, 13), വെളിയംകോട് (2, 6, 7, 8, 9, 11, 12, 16), തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി (8, 34, 37), വള്ളിക്കുന്ന് (2, 3, 4, 5, 8, 9, 13, 18), മൂന്നിയൂര്‍ (9, 20, 22), നന്നമ്ബ്ര (3, 18), തേഞ്ഞിപ്പാലം (5, 9, 11), കീഴുപറമ്ബ് (2, 6, 12, 14), പത്തനംതിട്ട ജില്ലയിലെ ഏറാത്ത് (സബ് വാര്‍ഡ് 12), കൊല്ലം ജില്ലയിലെ കുളക്കട (12), എറണാകുളം ജില്ലയിലെ ഒക്കല്‍ (സബ് വാര്‍ഡ് 7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി.