തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ചികിത്സ ആവശ്യത്തിന് മാറി നില്‍ക്കണമെന്ന ആവശ്യം കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ ചികിത്സയ്ക്കായി പോകാന്‍ അവധി വേണമെന്ന കോടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.എത്ര നാളത്തേക്കാണ് അവധി എന്ന് വ്യക്തമാക്കിയിട്ടില്ല. ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവനാണ് പകരം ചുമതല. ‘സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. സെക്രട്ടറിയുടെ ചുമതല എ വിജയരാഘവന്‍ നിര്‍വ്വഹിക്കുന്നതാണ്.’ – എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം നിര്‍ണായക ഘട്ടത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നത്. ബിനീഷ് കോടിയേരിക്കെതിരായ കടുത്ത ആരോപണങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് കേസും ജയിലില്‍ കഴിയേണ്ടിവരുന്ന പശ്ചാത്തലവും എല്ലാം നിലനില്‍ക്കെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ തീരുമാനിക്കുന്നത്.
ലഹരിമരുന്ന് കേസ്;ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലില്‍
ബെംഗളൂരു:ലഹരിമരുന്ന് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലില്‍. കോവിഡ് പരിശോധനയ്ക്ക് ശേഷം ഇന്നലെ രാത്രിയാണ് ബിനീഷിനെ ജയില്‍ ആശുപത്രിയില്‍ നിന്നും സെല്ലിലേക്ക് മാറ്റിയത്. എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായിരുന്ന ബിനീഷിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. 14 ദിവസത്തേക്ക് കോടതി ബിനീഷിനെ വീണ്ടും റിമാന്‍ഡ് ചെയ്തു.കസ്റ്റഡിയിലിരിക്കെ ബിനീഷ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്, ജാമ്യം നല്‍കിയാല്‍ നാട് വിടാന്‍ ഉളള സാധ്യത, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടെയുളള കാര്യങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയ ഇഡി ജാമ്യം അനുവദിക്കരുതെന്നാണ് ആവശ്യപ്പെട്ടത്. ബിനീഷിന്റെ അറസ്റ്റ് നിയമ വിരുദ്ധമാണെന്നാണ് ബിനീഷിന്റെ വക്കീല്‍ കോടതിയില്‍ വാദിച്ചത്. ഒപ്പം കോടതി നടപടികള്‍ക്ക് ഇന്‍ ക്യാമറ പ്രൊസീഡിംഗ്‌സ് വേണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. അടുത്ത ബുധനാഴ്ച ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് ഒരാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം ബിനീഷിന്റെ ഡ്രൈവര്‍ അനിക്കുട്ടന്‍,സുഹൃത്ത് എസ് അരുണ്‍ എന്നിവരെ ഇഡി ചോദ്യം ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇരുവരും ബിനീഷിന്റെ അക്കൗണ്ടില്‍ വലിയ തുക നിഷേപിച്ചിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.
മാസ് ലുക്കിൽ മുഖം മിനുക്കി ബേക്കൽ പോലീസ് സ്റ്റേഷൻ
കാസർകോഡ്:പുറത്തെ നെയിം ബോർഡ് ഇല്ലെങ്കിൽ ആരും ഒരുനിമിഷം സംശയിച്ചു പോകും ഇത് പോലീസ് സ്റ്റേഷൻ തന്നെയാണോ എന്ന്.അത്തരത്തിൽ മുഖം മിനുക്കി അടിപൊളിയായിരിക്കുകയാണ് കാസർകോഡ് ജില്ലയിലെ ബേക്കൽ പോലീസ് സ്റ്റേഷൻ. സംസ്ഥാന പൊലീസിന്റെ പ്ലാൻ ഫണ്ടുപയോഗിച്ച് 14 ജില്ലകളിലെയും ഓരോ പൊലീസ് സ്റ്റേഷൻ വീതം നവീകരിക്കുന്നതിന്റെ ഭാഗമായാണു ബേക്കൽ പൊലീസ് സ്റ്റേഷനും പുതുമോടി കൈവന്നത്.10 ലക്ഷം രൂപ ചെലവിലായിരുന്നു നവീകരണം. പ്രവേശന കവാടം മുതൽ സ്റ്റേഷനിലെ ശുചിമുറി വരെ ഇതിന്റെ ഭാഗമായി നവീകരിച്ചു. വെള്ളിക്കോത്തെ എൻജിനിയർ പി.എൻ.നിഷാന്ത്‍രാജ് ആണ് നവീകരണ പ്രവൃത്തികൾ ഏറ്റെടുത്തു നടത്തിയത്.സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കല്ല, മറിച്ച് ജനങ്ങൾക്ക് ഗുണകരമായ രീതിയിലാകണം നവീകരണമെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ അദ്ദേഹത്തോട് നിർദേശിച്ചിരുന്നു.
ഹോട്ടലുകളിലെന്ന പോലെ സ്റ്റേഷനിലേക്കു കയറുമ്പോൾ തന്നെയുള്ള റിസപ്ഷൻ കൗണ്ടറിൽ ജിഡി ചാർജിനും പിആർഒയ്ക്കുമായി പ്രത്യേക കൗണ്ടർ. സീലിങ് ജിപ്സം ചെയ്ത് എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചു.നിലമാകെ ടൈൽ പാകി.സന്ദർശകർക്കായുള്ള ലോബിയിൽ ഇരിപ്പിടത്തിനായി സോഫാ സെറ്റ്. സ്റ്റേഷൻ ഹൗസ് ഓഫിസറുടെ മുറിയിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ചതോടെ കൂടുതൽ സൗകര്യം. വനിതാ ഹെൽപ് ഡെസ്കിനും പ്രത്യേകം കൗണ്ടർ സ്ഥാപിച്ചു.സന്ദർശക ലോബിയിൽ ടെലിവിഷൻ, വാട്ടർ പ്യൂരിഫയർ എന്നിവ സെറ്റ് ചെയ്തു. പുറത്ത് ഹാങ്ങിങ് ഗാർഡൻ സ്ഥാപിച്ചു. മുറ്റമാകെ ഇന്റർലോക്ക് ചെയ്തു,കെട്ടിടവും മതിലും പെയിന്റ് ചെയ്തു ഭംഗിയാക്കി. പൊട്ടിപ്പൊളിഞ്ഞ ജനൽ വാതിലുകൾ മാറ്റി സ്ഥാപിച്ചു.25 ദിവസംകൊണ്ടാണു നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയത്.
ബേക്കൽ പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ അജയൻ പകർത്തിയ ദൃശ്യങ്ങൾ
നടി ആക്രമിക്കപ്പെട്ട കേസ്;മൊഴിമാറ്റാന്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെ.ബി ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറി
ബേക്കല്‍: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ മൊഴിമാറ്റാന്‍ മാപ്പുസാക്ഷി വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയ ആൾ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ആണെന്ന് പോലീസ്.ബേക്കല്‍ പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ബേക്കല്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഇക്കഴിഞ്ഞ ജനുവരി 23നാണ് പ്രോസിക്യുഷന്‍ സാക്ഷിയായ വിപിന്‍ ലാലിനെ തേടി പ്രദീപ് കുമാര്‍ ബേക്കലിലെത്തിയത്. ഓട്ടോറിക്ഷയില്‍ തൃക്കണ്ണാടെ ബന്ധുവീട്ടിലെത്തി വിപിനെ തിരിക്കി. നേരില്‍ കാണാന്‍ കഴിയാതെ വന്നതോടെ വിപിന്റെ അമ്മാവന്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലെത്തി. അവിടെനിന്ന് വിപിന്റെ അമ്മയെ വിളിച്ച് വക്കീലിന്റെ ഗുമസ്തനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുകയും മൊഴിമാറ്റാന്‍ വിപിനോട് ആവശ്യപ്പെടുകയുമായിരുന്നു.കത്തുകളിലൂടെയും നിരവധി തവണ പ്രദീപ് കുമാര്‍ ഭീഷണിപ്പെടുത്തി. സമ്മര്‍ദ്ദം ശക്തമായതോടെയാണ് വിപിന്‍ സെപ്തംബര്‍ 26ന് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസിന്റെ അന്വേഷണത്തില്‍ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകളൂം കണ്ടെത്തുകയും പ്രദീപ് കുമാറിനെ തിരിച്ചറിയുകയുമായിരുന്നു. ഇതോടെയാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ കത്ത് പ്രദീപ് കുമാര്‍ തന്നെ എഴൂതിയതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ബിഹാറില്‍ എന്‍ഡിഎ യോഗം ഇന്ന്; മുഖ്യമന്ത്രിയെ മുന്നണി തീരുമാനിക്കും, അവകാശവാദമുന്നയിക്കില്ലെന്നും നിതീഷ് കുമാര്‍
പട്‌ന: തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനും സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമായി എന്‍ഡിഎ യോഗം ഇന്ന് ബിഹാറില്‍ നടക്കും. യോഗത്തില്‍ മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കും.മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിക്കില്ലെന്നും എന്‍ഡിഎ തീരുമാനിക്കട്ടെയെന്നുമാണ് നിതീഷ് കുമാറിന്റെ നിലപാട്.വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്തിന് നിതീഷ് കുമാര്‍ അവകാശവാദമുന്നയിക്കാത്തത്.എന്നാൽ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് തന്നെ നല്‍കാനാണ് ബിജെപിയുടെ തീരുമാനം. പ്രധാനമന്ത്രിയടക്കം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദ മുന്നയിച്ച് ഗവര്‍ണറെ കാണല്‍, സത്യപ്രതിജ്ഞ തിയ്യതി, സമയം, മന്ത്രിപദം, സ്പീക്കര്‍ പദവി തുടങ്ങിയ ചര്‍ച്ച ചെയ്യാനാണ് എന്‍ഡിഎ യോഗം ചേരുന്നത്. ബിജെപി, ജെഡിയു, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുക്കും. ദീപാവലി കഴിഞ്ഞ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് നീക്കം. ഉപമുഖ്യമന്ത്രി, ധനമന്ത്രി എന്നീ പദവികളില്‍ സുശീല്‍ മോദി തുടരും. ആഭ്യന്തരവും വിദ്യാഭ്യാസവും സ്പീക്കര്‍ പദവിയും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇത് നല്‍കാന്‍ നിതീഷ് തയ്യാറല്ല. അതേസമയം, മുഖ്യമന്ത്രി പദം നല്‍കിയതിനാല്‍ ജെഡിയുവിന് ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാനാകില്ല. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവര്‍ തിരഞ്ഞെടുപ്പില്‍ നാല് സീറ്റ് വീതം നേടിയിരുന്നു. ഇവരും മന്ത്രിപദം ആവശ്യപ്പെടും.എന്‍ഡിഎ യോഗത്തില്‍ മന്ത്രിപദം സംബന്ധിച്ച പ്രാഥമിക ചര്‍ച്ച നടത്തി പിന്നീട് പ്രത്യേക ചര്‍ച്ചകളിലൂടെ അന്തിമതീരുമാനത്തിലെത്താനാണ് സാധ്യത.
സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;6119 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര്‍ 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138, കാസര്‍ഗോഡ് 108, വയനാട് 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 57,202 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4683 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 706, കോഴിക്കോട് 646, മലപ്പുറം 583, ആലപ്പുഴ 553, എറണാകുളം 254, പാലക്കാട് 264, കൊല്ലം 386, തിരുവനന്തപുരം 286, കണ്ണൂര്‍ 259, കോട്ടയം 337, ഇടുക്കി 137, പത്തനംതിട്ട 99, കാസര്‍ഗോഡ് 97, വയനാട് 76 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 13, തിരുവനന്തപുരം, കണ്ണൂര്‍ 8 വീതം, പത്തനംതിട്ട, കോഴിക്കോട് 7 വീതം, തൃശൂര്‍ 6, വയനാട് 4, പാലക്കാട് 3, മലപ്പുറം, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6119 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 304, കൊല്ലം 578, പത്തനംതിട്ട 165, ആലപ്പുഴ 371, കോട്ടയം 394, ഇടുക്കി 250, എറണാകുളം 1008, തൃശൂര്‍ 1062, പാലക്കാട് 299, മലപ്പുറം 569, കോഴിക്കോട് 786, വയനാട് 83, കണ്ണൂര്‍ 214, കാസര്‍ഗോഡ് 36 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 77,813 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 616 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
പൊതുമേഖലാ ബാങ്കുകളിലെ തൊഴിലാളികള്‍ നവംബര്‍ 26ന് രാജ്യവ്യാപകമായി പണിമുടക്കും
മുംബൈ:രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ തൊഴിലാളികള്‍ നവംബര്‍ 26ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തും. സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് സെന്‍ട്രല്‍ ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പണിമുടക്കിന് തയാറെടുക്കുന്നത്. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണം, ബാങ്ക് ജോലികള്‍ ഔട്ട് സോഴ്‌സ് ചെയ്യാനുള്ള തീരുമാനം തുടങ്ങിയ ഏഴ് ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പണിമുടക്ക്. അതിനൊപ്പം സേവിംഗ്‌സ് എക്കൗണ്ടുകളിലെ നിക്ഷേപത്തിനുള്ള പലിശ നിരക്ക് ഉയര്‍ത്തുക, ബാങ്കിന്റെ വിവിധ ചാര്‍ജുകള്‍ കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിക്കുന്നുണ്ട്.
രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന, കേന്ദ്ര സര്‍ക്കാരിന്റെ വിനാശകരമായ നയങ്ങള്‍ക്കെതിരെയാണ് സമരമെന്നാണ് സെന്‍ട്രല്‍ ട്രേഡ് യൂണിയന്‍ പറയുന്നത്. 1991 ന് ശേഷം നടക്കുന്ന ഇരുപതാമത് ദേശീയ ബാങ്ക് പണിമുടക്കാണിത്.
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്;എം. സി കമറുദ്ദീൻ എം.എൽ.എക്ക് ജാമ്യമില്ല
കാസർകോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ എം. സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ കോടതി തള്ളി.ഹോസ്ദുർഗ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. വഞ്ചനാ കുറ്റത്തിന് പ്രഥമദൃഷ്ടിയാൽ തെളിവുണ്ടെന്നെ പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി. വഞ്ചനാകുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളൊന്നും നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ പ്രധാന വാദം. എന്നാൽ തട്ടിപ്പ് നടന്നതിന് പ്രഥമദൃഷ്ടിയാൽ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.അന്വേഷണ സംഘം നൽകിയ കസ്റ്റഡി അപേക്ഷ കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്കമറുദ്ദീൻ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. അന്വേഷണം നടക്കുന്നതിനാൽ ഈ ഘട്ടത്തിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത 77 കേസുകളിൽ 11 കേസുകളിൽ കൂടി എം.സി കമറുദ്ദീന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ കമറുദ്ദീനെ അറസ്റ്റ് ചെയ്യുന്ന കേസുകളുടെ എണ്ണം 14 ആയി.
തൊഴിലവസരം സൃഷ്ടിക്കാന്‍ ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന; മൂന്നാംഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാൻ രാജ്യം ശ്രമങ്ങള്‍ നടത്തുന്നതിനിടെ ആത്മനിര്‍ഭര്‍ ഭാരത് 3.0ന്റെ ഭാഗമായി ആത്മനിഭര്‍ ഭാരത് റോസ്ഗാര്‍ യോജന എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. നിലവിലെ സാഹചര്യത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായാണ് ആത്മനിഭര്‍ ഭാരത് റോസ്ഗാര്‍ യോജന ആരംഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും 28 സംസ്ഥാനങ്ങളിലായി 68.8 കോടി ജനങ്ങള്‍ക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
രാജ്യത്തെ 39.7 ലക്ഷം നികുതിദായകര്‍ക്കായി ആദായ നികുതി വകുപ്പ് 1,32,800 കോടി രൂപ റീഫണ്ട് നല്‍കി. ഉത്സവ അഡ്വാന്‍സ് നല്‍കുന്നതിന്‍റെ ഭാഗമായി എസ്ബിഐ ഉത്സവ് കാര്‍ഡ് വിതരണം ചെയ്തുവെന്നും മൂലധന ചെലവുകള്‍ക്കായി 3,621 കോടി രൂപ പലിശ രഹിതവായ്പയും അനുവദിച്ചതായും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.ഉത്പന്ന നിര്‍മാണ ആനുകൂല്യ പദ്ധതി(പിഎല്‍ഐ)യുടെ ഭാഗമായി രണ്ടു ലക്ഷം കോടി രൂപയുടെ ഇന്‍സെന്‍റീവാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നും. പത്തുമേഖലകളെക്കൂടി പദ്ധതിക്കുകീഴില്‍ കൊണ്ടുവരികയും അധികതുക അനുവദിക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കരാറുകാര്‍ കെട്ടിവയ്‍ക്കേണ്ട തുക മൂന്ന് ശതമാനമായി കുറച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 ശതമാനം ആയിരുന്നു. വീടുകള്‍ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ആദായനികുതി ഇളവും പ്രഖ്യാപിച്ചു.
15,000 രൂപയില്‍ താഴെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ പിഎഫ് വിഹിതം സര്‍ക്കാര്‍ നല്‍കും. 1,000ത്തില്‍ അധികം പേരുള്ള കമ്പനികളിൽ ജീവനക്കാരുടെ വിഹിതം മാത്രം നല്‍കും. നഷ്ടത്തിലായ സംരഭങ്ങള്‍ക്ക് അധിക വായ്‍പ ഗ്യാരണ്ടി പദ്ധതി പ്രഖ്യാപിച്ചു. ഒരുവര്‍ഷം മൊറട്ടോറിയവും നാലുവര്‍ഷത്തെ തിരിച്ചടവ് കാലാവധിയും നല്‍കും. സര്‍ക്കിള്‍ റേറ്റിനും യഥാര്‍ത്ഥ വിലയ്ക്കും ഇടയില്‍ അവകാശപ്പെടാവുന്ന വ്യത്യാസം 10 നിന്ന് 20 ശതമാനമാക്കി. രാസവള സബ്സിഡിക്കായി 65,000 കോടിയും തൊഴിലുറപ്പ് പദ്ധതിക്ക് 10,000 കോടി രൂപയും അനുവദിച്ചു
ലഹരിമരുന്ന് കേസ്;ബിനീഷ് കോടിയേരിയുടെ ഡ്രൈവറെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്‌തേക്കും
ബെംഗളൂരു:ബംഗളൂര്‍ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുളള ബിനീഷ് കോടിയേരിക്കെതിരെ കൂടുതല്‍ നീക്കങ്ങളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ്. ബിനീഷിന്റെ ഡ്രൈവര്‍ അനിക്കുട്ടന്‍ സുഹൃത്ത് എസ്.അരുണ്‍ എന്നിവരെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് ഇഡി എന്നാൽ റിപ്പോർട്ട്. ഇരുവരും ബിനീഷിന്റെ അക്കൗണ്ടില്‍ വലിയ തുക നിഷേപിച്ചിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. ഇന്നലെ ഇഡി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇതുളളത്.ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നടന്ന പരിശോധനയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലും കസ്റ്റഡി റിപ്പോര്‍ട്ടിലും ഗുരുതരമായ ആരോപണങ്ങളാണ് ഇഡി ബിനീഷിനെതിരെ ഉന്നയിച്ചിട്ടുളളത്. റിപ്പോര്‍ട്ടില്‍ ഡ്രൈവര്‍ അനിക്കുട്ടനും സുഹൃത്ത് അരുണും ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം നിഷേപിച്ചത് രേഖപ്പെടുത്തിയിട്ടുണ്ട്. പണത്തിന്റെ ഉറവിടം അറിയാന്‍ ഇരുവരെയും ചോദ്യം ചെയ്യണമെന്നാണ് ഇഡി വ്യക്തമാക്കുന്നത്.ബിനീഷിന്റെ സുഹൃത്ത് അനൂപും ഡെബിറ്റ് കാര്‍ഡ് വഴിയാണ് ഇടപാട് നടത്തിയിട്ടുളളത്. ഇതിന്റെ ഉറവിടം പുറത്ത് പറയാന്‍ ബിനീഷ് ഇതുവരെ തയാറായിട്ടില്ല. ബിനീഷിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചുവെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ബിനീഷിനെ പുറത്തുവിട്ടാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയവരെ സ്വാധീനിക്കാനും രാജ്യംവിടാനും സാധ്യതയുണ്ടെന്നും, അന്വേഷണത്തോട് ബിനീഷ് സഹകരിക്കുന്നില്ല, ആരോഗ്യകാരണങ്ങള്‍പറഞ്ഞ് ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ രേഖാമൂലം അറിയിച്ചു. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ബിനീഷിന്റെ ജാമ്യാപേക്ഷ 18ന് കോടതി പരിഗണിയ്ക്കും.