പാറ്റ്‌ന: ബിഹാർ മുഖ്യമന്ത്രിയായി നിതിഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകുന്നേരം 4.30 ന് രാജ്ഭവനിൽ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ. തുടർച്ചയായ നാലാം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്.നിതീഷ് കുമാറിനൊപ്പം ആരൊക്കെ സത്യപ്രതിജ്ഞ ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്‍ഡിഎ നിയമസഭാകക്ഷി നേതാവായി ഞായറാഴ്ച തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ നിതീഷ് കുമാര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു.എന്‍ഡിഎ സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം കിട്ടുമെന്നാണ് സൂചന. തര്‍കിഷോര്‍ പ്രസാദും രേണു ദേവിയുമാവും ഉപമുഖ്യമന്ത്രിമാരാവുക. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തര്‍കിഷോര്‍ പ്രസാദിനെ നേരത്തെ തന്നെ തിരഞ്ഞെടുത്തിരുന്നു. നിതീഷ് കുമാറും ബിജെപി നേതാക്കളും തമ്മില്‍ രാത്രി വൈകിയും നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തെ കുറിച്ച് തീരുമാനമായത്. ഇക്കഴിഞ്ഞ ടേമില്‍ ബിജെപിയുടെ സുശീല്‍കുമാര്‍ മോദിയായിരുന്നു നിതീഷ് സര്‍ക്കാരിലെ ഉപമുഖ്യമന്ത്രി. സ്പീക്കര്‍ പദവിക്ക് ബിജെപിയും ജെഡിയുവും ഒരുപോലെ അവകാശവാദമുന്നയിക്കുന്നുണ്ട്. 243 അംഗ ബിഹാര്‍ നിയമസഭയില്‍ 125 സീറ്റുകളില്‍ വിജയിച്ചാണ് എന്‍ഡിഎ അധികാരത്തിലെത്തിയത്. 74 സീറ്റുകള്‍ നേടി ബിജെപി എന്‍ഡിഎയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയപ്പോള്‍ 43 സീറ്റുകളാണ് നിതീഷിന്റെ ജെഡിയുവിന് നേടാന്‍ കഴിഞ്ഞത്. ബിഹാറിലെ വിജയത്തിന് പിന്നാലെ എന്‍ഡിഎ ഗവര്‍ണറെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ചിരുന്നു. ബിഹാര്‍ ജനത തനിക്ക് ഒരവസരംകൂടി നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ വികസനം നടക്കുമെന്നുമായിരുന്നു നിതീഷ്‌കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
സ്വര്‍ണ കളളക്കടത്ത് കേസ്;എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും
കൊച്ചി:സ്വര്‍ണ കളളക്കടത്ത് ഡോളര്‍ ഇടപാടുകളില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ എറണാകുളം ജില്ലാ ജയിലില്‍ വെച്ച് ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്.ശിവശങ്കറിന്റെ മൊഴിയെടുത്തശേഷം വരും ദിവസങ്ങളില്‍ അറസ്റ്റ് ഉള്‍പ്പെടെയുളള തുടര്‍ നടപടികളിലേക്ക് നീങ്ങാനാണ് കസ്റ്റംസ് നീക്കം. സ്വര്‍ണക്കളളക്കടത്തിലടക്കം ശിവശങ്കറിന്റെ ഒത്താശ ഉണ്ടായിരുന്നെന്ന് സ്വപ്ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കിയ പശ്ചാത്തലത്തിലാണ് കസ്റ്റംസ് നീക്കം.ശിവശങ്കറെ ചോദ്യം ചെയ്യാന്‍ അനുമതി തേടി സംസ്ഥാന വിജിലന്‍സും ഇന്ന് കോടതിയെ സമീപിക്കും. ലൈഫ് മിഷന്‍ അടക്കമുള്ള വിഷയങ്ങളിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ശിവശങ്കറെ ചോദ്യം ചെയ്യാതെ കേസന്വേഷണം മുന്നോട്ടു പോകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തി.സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍ സംശയനിഴലിലാണെന്നാണ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കസ്റ്റംസ് പറയുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളുമുണ്ടായേക്കും. നയതന്ത്ര ബാഗ് വിട്ടുനല്‍കാന്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ചതു സംബന്ധിച്ചും ചോദ്യങ്ങളുമുണ്ടാകും.അതിനിടെ, ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ അനുമതി തേടി സംസ്ഥാന വിജിലന്‍സും ഇന്ന് കോടതിയെ സമീപിക്കും.
സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 6793 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട് 467, കോട്ടയം 425, കണ്ണൂര്‍ 363, വയനാട് 171, പത്തനംതിട്ട 143, കാസര്‍ഗോഡ് 139, ഇടുക്കി 107 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 645 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 671, തൃശൂര്‍ 742, കോഴിക്കോട് 658, മലപ്പുറം 636, ആലപ്പുഴ 515, കൊല്ലം 516, തിരുവനന്തപുരം 347, പാലക്കാട് 324, കോട്ടയം 421, കണ്ണൂര്‍ 253, വയനാട് 155, പത്തനംതിട്ട 96, കാസര്‍ഗോഡ് 134, ഇടുക്കി 74 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 12, കണ്ണൂര്‍ 10, കോഴിക്കോട് 9, തൃശൂര്‍ 8, പത്തനംതിട്ട, എറണാകുളം, വയനാട് 4 വീതം, പാലക്കാട് 3, കൊല്ലം, ഇടുക്കി, കോട്ടയം, കാസര്‍ഗോഡ് 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6793 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 885, കൊല്ലം 693, പത്തനംതിട്ട 229, ആലപ്പുഴ 648, കോട്ടയം 215, ഇടുക്കി 86, എറണാകുളം 800, തൃശൂര്‍ 431, പാലക്കാട് 484, മലപ്പുറം 617, കോഴിക്കോട് 884, വയനാട് 109, കണ്ണൂര്‍ 567, കാസര്‍ഗോഡ് 145 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 609 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ബിനീഷ് കൊടിയേരിയുമായി സാമ്പത്തിക ഇടപാട് നടത്തിയ നാല് പേര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചു
ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ സുഹൃത്തുക്കളായ നാല് പേർക്ക് കൂടി എന്‍ഫോഴ്സ്‍മെന്റ് നോട്ടീസ് അയച്ചു. അബ്ദുല്‍ ലത്തീഫ്, റഷീദ്, അരുൺ, അനിക്കുട്ടൻ എന്നിവർക്കാണ് ഇ.ഡി നോട്ടീസ് അയച്ചത്. ഈ മാസം 18ന് ഇ.ഡിയുടെ ബംഗളൂരു ഓഫീസില്‍ ഹാജരാകാനാണ് നിർദേശം.അനിക്കുട്ടന്‍ ബിനീഷിന്‍റെ ഡ്രൈവറാണ്. അരുണ്‍ സുഹൃത്തും. ഇവര്‍ ബിനീഷിന്‍റെ അക്കൌണ്ടില്‍ ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചതായി ഇ.ഡി റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അബ്ദുല്‍ ലത്തീഫും റഷീദും ബിനീഷിന്‍റെ പാര്‍ട്ണര്‍മാരാണ്. ഇവര്‍ക്ക് ഹാജരാകാന്‍ നേരത്തെ തന്നെ ഇ.ഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ ക്വാറന്റൈനിൽ ആണെന്ന് പറഞ്ഞ് ഇരുവരും ഇതുവരെ ഹാജരായിട്ടില്ല. 18നാണ് ബിനീഷിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. അന്ന് ഹാജരാകണമെന്നാണ് നാല് പേരോടും ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.റിമാന്‍ഡിലായ ബിനീഷ് കോടിയേരിയെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ കൊവിഡ് പരിശോധനക്ക് ശേഷം പ്രത്യേക സെല്ലിലാണ് ബിനീഷ് ഇപ്പോള്‍. അന്തിമഫലത്തിന് ശേഷം മറ്റുളളവര്‍ക്കൊപ്പം മാറ്റിയേക്കും.
മലപ്പുറം ദേശീയ പാതയില്‍ ബുള്ളറ്റ് ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
മലപ്പുറം: കാക്കഞ്ചേരിയില്‍ ദേശീയ പാതയില്‍ ബുള്ളറ്റ് ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നവദമ്പതികൾക്ക് ദാരുണാന്ത്യം.വേങ്ങര കണ്ണമംഗലം മാട്ടില്‍ സലാഹുദ്ദീന്‍(25), ഭാര്യ ഫാത്തിമ ജുമാന (19) എന്നിവരാണ് മരിച്ചത്.പത്ത് ദിവസം മുൻപാണ് ഇവര്‍ വിവാഹിതരായത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റ് മറ്റൊരു ബൈക്കിനെ മറികടക്കുന്നതിനിടെ ടാങ്കര്‍ ലോറിക്ക് മുന്നില്‍ പെട്ടതോടെ നിയന്ത്രണം തെറ്റി ലോറിക്കടിയില്‍ പെടുകയായിരുന്നു. സലാഹുദ്ദീന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് ഫാത്തിമ ജുമാന മരിച്ചത്. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ശനിയാഴ്ച ജുമാനയുടെ ചേലേമ്പ്രയിലുള്ള പിതൃ സഹോദരിയുടെ വീട്ടിലേക്ക് വിരുന്നിന് വരുന്നതിനിടെയാണ് അപകടം.
മഹാരാഷ്ട്രയില്‍ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികള്‍ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ സത്താറയില്‍ ട്രാവലര്‍ പാലത്തില്‍ നിന്ന് നദിയിലേക്ക് മറിഞ്ഞ് അഞ്ചു മലയാളികള്‍ മരിച്ചു. എട്ടു പേര്‍ക്ക് പരുക്കേറ്റു. നവി മുംബൈയില്‍ നിന്ന് ഗോവയ്ക്ക് പോകുന്നവഴിയാണ് അപകടം നടന്നത്.പത്തനംതിട്ട, തൃശൂര്‍ സ്വദേശികളാണ് മരിച്ചത്.പുണെ-ബെംഗളൂരു ഹൈവേയിലെ സത്താറയില്‍ ശനിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് അപകടം.മധുസൂദനന്‍ നായര്‍, ഭാര്യ ഉമ മധുസൂദനന്‍, മകന്‍ ആദിത്യ നായര്‍ മധുസൂദനന്റെ കുടുംബ സുഹൃത്തായ സാജന്‍ നായര്‍, മകന്‍ ആരവ് നായര്‍(3) എന്നിവരാണ് മരിച്ചത്. പാലത്തില്‍വെച്ച് ട്രക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട വാഹനം നദിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.ഡ്രൈവര്‍ ഒഴികെ എല്ലാ യാത്രക്കാരും മുംബൈയിലെ സ്ഥിരതാമസക്കാരാണ്. കരാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
ഇസ്തിരിപെട്ടിയില്‍ നിന്ന് തീപടര്‍ന്ന് വീടിനുള്ളിൽ തീപിടിത്തം
കണ്ണൂർ: ഇസ്തിരിപെട്ടിയില്‍ നിന്ന് തീപടര്‍ന്ന് വീട്ടില്‍ തീപിടിത്തം.കൂത്തുപറമ്പ് മാങ്ങാട്ടിടം ദേശബന്ധു ഇംഗ്ലിഷ് മീഡിയം സ്കൂളിന് സമീപത്തെ മാനസത്തില്‍ മുല്ലോളി മനോജിന്റെ വീട്ടിലാണ് തീപിടുത്തമുണ്ടായത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം.കിടപ്പ് മുറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ അലമാര, കട്ടില്‍, കിടക്ക, കുട്ടികളുടെ പാഠപുസ്തകങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയെല്ലാം പൂര്‍ണമായും കത്തിനശിച്ചു. മനോജും ഭാര്യയും പുറത്ത് പോയിരിക്കുകയായിരുന്നു.മുറിയില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് മകളാണ് സമീപവാസികളെ വിവരമറിയിച്ചത്.തുടര്‍ന്ന് നാട്ടുകാര്‍ തീയണച്ചെങ്കിലും എല്ലാം കത്തി നശിച്ചു. വീട്ടില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ തൊട്ടടുത്ത മുറിയിലെ സാധനങ്ങളെല്ലാം ഈ കിടപ്പ് മുറിയിലാണ് സൂക്ഷിച്ചിരുന്നത്. നിലത്ത് പാകിയ ടൈല്‍സും തകര്‍ന്നിട്ടുണ്ട്.കുടുംബശ്രീ സെക്രട്ടറിയായ മനോജിന്റെ ഭാര്യ സീന സൂക്ഷിച്ച കുടുംബശ്രീയുടെ മിനിറ്റ്സ് ബുക്കും റജിസ്റ്ററും ഉള്‍പ്പെടെയുള്ളവ കത്തിനശിച്ചു. ഇസ്തിരി പെട്ടിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. 2 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മാങ്ങാട്ടിടം വില്ലേജ് ഓഫിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രകൃതി വാതകത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യ സ്മാര്‍ട്ട് ബസ് കൊച്ചി നഗരത്തിൽ സർവീസ് തുടങ്ങി
കൊച്ചി: പ്രകൃതി വാതകത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യ സ്മാര്‍ട്ട് ബസ് കൊച്ചിയുടെ നിരത്തിൽ സർവീസ് തുടങ്ങി.അന്തരീക്ഷ മലിനീകരണം തടയുന്നത് ലക്ഷ്യമിട്ട് കൊച്ചി സ്മാര്‍ട്ട്ബസ് കണ്‍സോര്‍ഷ്യം ആണ് ആദ്യത്തെ പ്രകൃതി വാതക ബസ് നിരത്തിലിറക്കിയിരിക്കുന്നത്.കേരള മെട്രോപോളിറ്റന്‍ ട്രാന്‍സ് പോര്‍ട് അതോറിറ്റി സിഇഒ ജാഫര്‍ മാലിക്ക് ആദ്യ പ്രകൃതിവാതക ബസിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. കെഎംആര്‍എല്ലുമായി ജെഡി ഐയില്‍ ഒപ്പു വെച്ച ഒരു കൂട്ടം സ്വകാര്യ ബസ് കമ്പനികളാണ് കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളായിട്ടുള്ളത്.വൈറ്റില-വൈറ്റില പെര്‍മിറ്റിലാണ് ബസ് സര്‍വീസ് നടത്തുന്നത്.നേരത്തെ ട്രയല്‍ റണ്‍ വിജയകരമായി നടത്തിയിരുന്നു.സിഎന്‍ജി റെട്രോ ഫിറ്റ്മെന്റിന് വിധേയമാകുന്ന ബസുകളില്‍ കൊച്ചി വണ്‍കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിംഗ് ഇക്കോസിസ്റ്റം,പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം,ഐ എസ് 140 വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ്,എമര്‍ജന്‍സി ബട്ടണുകള്‍,നീരീക്ഷണ കാമറകള്‍,ലൈവ് സ്ട്രീമിംഗ്, വനിതാ ടിക്കറ്റ് ചെക്കിംഗ് ഇന്‍സ്‌പെക്ടമാര്‍, വണ്‍ ഡി ഓണ്‍ലൈന്‍ ടിക്കറ്റിംഗ് ആപ്പ് എന്നീ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
നിക്ഷേപം കൂടുതലാണെങ്കിലും സിഎന്‍ജി ബസുകള്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ വലിയ ലാഭമുണ്ടാക്കും എന്ന് വൈറ്റില മൊബിലിറ്റി ഹബ്ബില്‍ ബസുകള്‍ ഫ്ലാഗ് ഓഫ് ചെയ്ത് കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടി സി.ഇ.ഒ ജാഫര്‍ മാലിക് പറഞ്ഞു. നാലു ലക്ഷം രൂപയാണ് ഒരു ബസ് ഡീസല്‍ എന്‍ജിനില്‍ നിന്ന് സി.എന്‍.ജിയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ വേണ്ടി വരുന്ന ചിലവ്.ഇന്ധന ലാഭം, അറ്റകുറ്റപ്പണികളുടെ കുറവ് എന്നിവയിലൂടെ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ മുടക്കുമുതല്‍ തിരിച്ചു പിടിയ്ക്കാം. ഇടപ്പള്ളിയിലെ മെട്രോ ഫ്യൂവല്‍സ് എന്ന സ്ഥാപനമാണ് എന്‍ജിന്‍ പരിവര്‍ത്തനം ചെയ്തത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ സി.എന്‍.ജി.ബസുകളുടെ എണ്ണം നൂറായി ഉയര്‍ത്തുകയാണ് ലക്ഷ്യം.വൈദ്യുതി, ഹൈഡ്രജന്‍ വാഹനങ്ങളും കൂടുതലായി നിരത്തിലിറക്കുമെന്ന് ജാഫര്‍ മാലിക് പറഞ്ഞു.ആക്സിസ് ബാങ്ക്, ഇന്‍ഫോ സൊല്യൂഷന്‍സ്, ടെക്ടോവിയ എന്നീ കമ്പനികളുടെ സഹകരണത്തിലാണ് ബസില്‍ സ്മാര്‍ട്ട് സൗകര്യം ഒരുക്കിയിട്ടുള്ളത്.
കോവിഡ് നിയമലംഘനം;പിഴ കുത്തനെ കൂട്ടി സര്‍ക്കാര്‍;മാസ്ക് ധരിച്ചില്ലെങ്കില്‍ 500 രൂപ
തിരുവനന്തപുരം:കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാലുള്ള പിഴ കുത്തനെ കൂട്ടി സംസ്ഥാന സര്‍ക്കാര്‍.. മാസ്ക് ധരിക്കാത്തത് അടക്കമുള്ള ലംഘനങ്ങള്‍ക്കുള്ള പിഴയാണ് കൂട്ടിയിരിക്കുന്നത്. പൊതുഇടങ്ങളില്‍ ഇനി മാസ്ക് ധരിക്കാതിരുന്നാല്‍ നിലവിലുള്ള പിഴ 200ല്‍ നിന്നും 500ആയി ഉയര്‍ത്തിയിട്ടുണ്ട്. 500 രൂപ ഈടാക്കിയിരുന്ന കോവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്ക് ഇനി മുതല്‍ 5000 രൂപ വരെയും പിഴ ശിക്ഷ ഉയര്‍ത്തിയിട്ടുണ്ട്.നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹച്ചടങ്ങില്‍ ആളുകളെ പങ്കെടുപ്പിച്ചാല്‍ 5000 രൂപ പിഴ നല്‍കണം. നേരത്തെ ഇത് 1000 രൂപയായിരുന്നു. മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിലെ നിയന്ത്രണ ലംഘനത്തിന് 2000 രൂപ പിഴ ചുമത്തും. കടകളിലും മറ്റും ഉപഭോക്താക്കളുടെ എണ്ണം, സാമൂഹിക അകലം തുടങ്ങിയവ ലംഘിച്ചാല്‍ 3000 രൂപയാണ് പിഴ.സാമൂഹിക കൂട്ടായ്മകള്‍, ധര്‍ണ, റാലി എന്നിവയുടെ നിയന്ത്രണലംഘനം 3000, ക്വാറന്റീന്‍ ലംഘനം 2000, കൂട്ടംചേര്‍ന്ന് നിന്നാല്‍ 5000, നിയന്ത്രിത മേഖലകളില്‍ കടകളോ ഓഫീസുകളോ തുറന്നാല്‍ 2000, ലോക്ഡൗണ്‍ ലംഘനത്തിന് 500 എന്നിങ്ങനെയാണ് പിഴ ഈടാക്കുക.പ്രതിദിന രോഗ ബാധിതരുടെ എണ്ണം കുറയുന്നുവെന്ന ധാരണയില്‍ സംസ്ഥാനത്ത് കൊവിഡ് നിയമ ലംഘനം വ്യാപകമായെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഒപ്പം തദ്ദേശ തെരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് വഴിവയ്ക്കരുതെന്നും സര്‍ക്കാര്‍ കരുതുന്നു. പിഴത്തുക കുത്തനെ ഉയര്‍ത്തുന്നതിലൂടെ നിയമലംഘകരെ വരുതിയിലാക്കാമെന്നും മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുമെന്നും സര്‍ക്കാര്‍ കണക്കു കൂട്ടുന്നു.
സ്വർണ്ണക്കടത്ത് കേസ്;എം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി
തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി ലഭിച്ചു. ശിവശങ്കറിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഇ.ഡി.യ്ക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കാക്കനാട് ജില്ലാ ജയിലില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി അനുവദിച്ചു. വരുന്ന 16 ആം തിയതി രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ആണ് ചോദ്യം ചെയ്യാന്‍ അനുമതി. വക്കീലിനെ സാന്നിധ്യത്തില്‍ മാത്രമേ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ പാടുള്ളൂ. മാത്രമല്ല ഓരോ രണ്ട് മണിക്കൂര്‍ കൂടുമ്ബോഴും 30 മിനിറ്റ് ഇടവേള നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് പങ്കുള്ളതായി എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയതായി കസ്റ്റംസ് സൂചിപ്പിക്കുന്നു. പുതിയ കണ്ടെത്തലുകളുടെ സാഹചര്യത്തില്‍ ശിവശങ്കറിന് ചോദ്യം ചെയ്യണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം. ഡോളര്‍ കടത്തിയ കേസിലും ഈന്തപ്പഴം ഇറക്കുമതി ചെയ്ത കേസിലും ശിവശങ്കറിനെ പ്രതി ചേര്‍ക്കാനും കസ്റ്റംസ് നീക്കം തുടങ്ങി.