തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മുക്തമാകുന്ന ആദ്യ മൂന്ന് പഞ്ചായത്തുകള്‍ക്ക് സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ഡുകള്‍, ഡിവിഷന്‍, കൗണ്‍സില്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് സമ്മാനം നല്‍കുക.എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇത്തരത്തില്‍ നേട്ടത്തിലെത്തുന്ന മണ്ഡലത്തിന് അവാര്‍ഡ് വിതരണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.തുടര്‍ച്ചയായി മൂന്നാഴ്ച കോവിഡ് മുക്തമായിരിക്കണം എന്നതാണ് വ്യവസ്ഥ. മണ്ഡലത്തിലെ ആദ്യ തദ്ദേശ വാര്‍ഡ്, കൗണ്‍സില്‍, ഡിവിഷന്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നു പൊയ്ക്കോണ്ടിരിക്കുന്നത്. ദേശീയ ശരാശരിയേക്കാള്‍ രോഗനിരക്ക് കൂടുതലാണ് കേരളത്തിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനെ മറികടക്കാന്‍ കൂടിയാണ് ഇത്തരത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്.
അഴീക്കോട് വൃദ്ധസദനത്തിലെ മേട്രന്റെ ആത്മഹത്യ; ജില്ലാ ഓഫീസറെ സ്ഥലം മാറ്റി
കണ്ണൂര്‍: അഴീക്കോട് വൃദ്ധസദനത്തിലെ മേട്രന്‍ ജ്യോസ്‌നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ജില്ലാ ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടിയെയാണ് കോഴിക്കോടേക്ക് സ്ഥലം മാറ്റിയത്. അഴീക്കോട് വൃദ്ധ സദനം സൂപ്രണ്ട് മോഹനനെതിരേയും നടപടിക്ക് സാധ്യതയുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം മറ്റ് ജീവനക്കാരുടെ മേല്‍ നടപടി വേണോ എന്ന് തീരുമാനിക്കും.മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടര്‍ന്നായിരുന്നു അഴീക്കോട്ടെ സര്‍ക്കാര്‍ വൃദ്ധ സദനത്തിലെ മേട്രനായിരുന്ന ജ്യോസ്‌ന ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് വൃദ്ധസദനത്തിലെത്തി ജീവനക്കാരുടെയും അന്തേവാസികളുടെയും മൊഴിയെടുത്തു. ആത്മഹത്യയെക്കുറിച്ച് വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്.
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും;ഭക്തർക്ക് പ്രവേശനം നാളെ മുതൽ
ശബരിമല:തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. കോവിഡിനെ തുടര്‍ന്ന് ആറു മാസത്തെ ഇടവേളയ്ക്കു ശേഷം ശനിയാഴ്ച ശബരിമല സന്നിധാനത്ത് ഭക്തരെത്തും.ശനിയാഴ്ച രാവിലെ അഞ്ചു മുതലാണ് ഭക്തര്‍ക്ക് ദര്‍ശനം.വെർച്യുൽ ക്യൂ വഴി ബുക്കു ചെയ്ത 250 പേര്‍ക്ക് വീതമാണ് ദിവസേന ദർശനത്തിന് അനുമതി. നടയടയ്ക്കുന്ന 21 വരെ ആകെ 1250 പേര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അയ്യപ്പനെ തൊഴാം. പടിപൂജ, ഉദയാസ്തമയപൂജ, കളഭാഭിഷേകം എന്നിവ എല്ലാ ദിവസവും ഉണ്ട്. ശനിയാഴ്ച രാവിലെ എട്ടിന് അടുത്ത വര്‍ഷത്തേക്കുള്ള ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പും സന്നിധാനത്ത് നടക്കും.തുലാമാസ പൂജകള്‍ക്ക് വെള്ളിയാഴ്ച ശബരിമലനട തുറക്കുന്നതിന്റെ ഭാഗമായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആശുപത്രികള്‍ സജ്ജമാക്കി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മല കയറുമ്പോൾ മാസ്‌ക് ധരിക്കുന്നത് പ്രയാസമാണ്. മറ്റുള്ള സമയത്ത് നിര്‍ബന്ധമാണ്. ദര്‍ശനം സുഗമമായി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി.ദര്‍ശനത്തിന് എത്തുന്നതിന് തൊട്ടുമുൻപുള്ള 48 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഭക്തര്‍ ഹാജരാക്കേണ്ടതാണ്. മലകയറാന്‍ പ്രാപ്തരാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കരുതണം. 10-നും 60-നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കു മാത്രമാണ് പ്രവേശനം. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്കിങ് നടത്തിയപ്പോള്‍ അനുവദിച്ച സമയത്തു തന്നെ ഭക്തര്‍ എത്തണം. ഭക്തര്‍ കൂട്ടം ചേര്‍ന്ന് സഞ്ചരിക്കരുത്. വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.മറ്റ് എല്ലാ വഴികളും അടച്ചിരിക്കുകയാണ്. മലകയറുമ്പോഴും ദര്‍ശന സമയത്തും പോലീസ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.കോവിഡ് പശ്ചാത്തലത്തില്‍ പമ്പ ത്രിവേണിയില്‍ നദിയില്‍ സ്‌നാനം അനുവദിക്കില്ല. കുളിക്കാനായി പ്രത്യേകം ഷവറുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
മദ്യത്തെ ചൊല്ലി തർക്കം;കൊച്ചി ചേരാനെല്ലൂരില്‍ മകന്‍റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു
കൊച്ചി: കൊച്ചി ചേരാനെല്ലൂരില്‍ മകന്‍റെ വെട്ടേറ്റ് ചികില്‍സയിലായിരുന്ന അച്ഛന്‍ മരിച്ചു. ചേരാനെല്ലൂര്‍ വിഷ്ണുപുരം സ്വദേശി ഭരതനാണ് മരിച്ചത്. മകന്‍ വിഷ്ണുവാണ് അച്ഛനെ വെട്ടിയത്. വെട്ടേറ്റ് ഭരതന്റെ കുടല്‍ പുറത്തു വന്നിരുന്നു. മകന്‍ വാങ്ങിവെച്ച മദ്യം അച്ഛന്‍ എടുത്തതിനെ ചൊല്ലിയുളള തര്‍ക്കത്തിനിടെ പരസ്പരം വെട്ടുകയായിരുന്നു.തലയ്ക്ക് പരുക്കേറ്റ മകന്‍ ഉണ്ണികൃഷ്ണന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഭരതന്റെ ആക്രമണത്തില്‍ വിഷ്ണുവിന് തലക്കും വെട്ടേറ്റു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ഇരുവരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഭരതന്‍ മരിച്ചത്. ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തു.
സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കോവിഡ്; 7082 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1264, എറണാകുളം 1209, തൃശൂര്‍ 867, തിരുവനന്തപുരം 679, കണ്ണൂര്‍ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസര്‍ഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 126 പേര്‍ യാത്രാചരിത്രമുള്ളവരാണ്. 6486 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1049 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1195, എറണാകുളം 1130, തൃശൂര്‍ 850, തിരുവനന്തപുരം 350, കണ്ണൂര്‍ 489, കൊല്ലം 550, ആലപ്പുഴ 506, കോട്ടയം 130, മലപ്പുറം 327, പാലക്കാട് 217, പത്തനംതിട്ട 226, കാസര്‍ഗോഡ് 290, ഇടുക്കി 85, വയനാട് 141 എന്നിങ്ങനേയാണ് എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.128 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മലപ്പുറം 30, തിരുവനന്തപുരം 15, പാലക്കാട്, കണ്ണൂര്‍ 14 വീതം, കാസര്‍ഗോഡ് 13, ആലപ്പുഴ 11, കോട്ടയം 10, തൃശൂര്‍, കോഴിക്കോട് 8 വീതം, എറണാകുളം 2, കൊല്ലം, പത്തനംതിട്ട, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7082 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 775, കൊല്ലം 794, പത്തനംതിട്ട 302, ആലപ്പുഴ 465, കോട്ടയം 178, ഇടുക്കി 124, എറണാകുളം 719, തൃശൂര്‍ 550, പാലക്കാട് 441, മലപ്പുറം 1010, കോഴിക്കോട് 685, വയനാട് 119, കണ്ണൂര്‍ 650, കാസര്‍ഗോഡ് 270 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.23 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 644 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സ്വർണക്കടത്ത് കേസ്;എം ശിവശങ്കറെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു
കൊച്ചി:സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുന്നു. സ്വപ്നയും ഒന്നിച്ചുള്ള വിദേശ യാത്രകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ മുന്നോട്ട് പോകുന്നത്. അറസ്റ്റ് തടഞ്ഞുള്ള കോടതി ഉത്തരവ് ലഭിച്ചതിന് തൊട്ട് പിന്നാലെയാണ് ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ എത്തിയത്.മൂന്നാം തവണയാണ് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്യുന്നത്. 1,90,000 യുഎസ് ഡോളര്‍ വിദേശത്തേയ്ക്ക് കടത്തിയെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ഡോളര്‍ കടത്താന്‍ നയതന്ത്ര പദ്ധതി ദുരുപയോഗം ചെയ്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. ഇതില്‍ ശിവശങ്കറിന്റെ പങ്കാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്.ഡോളര്‍ കടത്താന്‍ നയതന്ത്ര പദ്ധതി ദുരുപയോഗം ചെയ്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ശിവശങ്കറിന് പങ്കുണ്ടോയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ സ്വപ്നയും ശിവശങ്കറും 2 തവണ ഒരുമിച്ച് വിദേശ യാത്ര നടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റിന് വ്യക്തമായി.
സ്വര്‍ണക്കടത്ത് കേസ്;ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്
കൊച്ചി:സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്.ഈ മാസം 23 വരെ ശിവശങ്കറെ അറസ്റ്റ് ചെയ്യരുതെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ട് ഹൈക്കോടതി നിര്‍ദേശം നല്‍കി.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചത്. മാധ്യമ സമ്മര്‍ദം മൂലം അന്വേഷണ ഏജന്‍സി തന്നെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുകയാണെന്നാണ് ജാമ്യാപേക്ഷയില്‍ ശിവശങ്കര്‍ ആരോപിച്ചത്. എന്നാല്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. കേസില്‍ 23ന് മുൻപായി റിപ്പോര്‍ട്ട് നല്‍കാന്‍ ഇഡിക്ക് കോടതി നിര്‍ദേശം നല്‍കി.ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ കേസിലെ തെളിവായി ഇ ഡി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.യുഎഇ ഭരണാധികാരി സ്വപ്നയ്ക്ക് ടിപ്പായി നല്‍കിയ പണം ലോക്കറില്‍വെയ്ക്കാന്‍ സ്വപ്ന തന്നെയാണ് തന്റെ സഹായം തേടിയത്. ഇക്കാര്യമാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി സംസാരിച്ചത്. എന്നാല്‍ ഇതിനെ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് വ്യാഖാനിക്കാനാണ് ഇ.ഡി. ശ്രമിക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.
സ്വര്‍ണ്ണക്കടത്ത് കേസ്; പത്ത് പ്രതികള്‍ക്ക് എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചു
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പത്ത് പ്രതികള്‍ക്ക് എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചു. മുഹമ്മദ് ഷാഫി, കെ.ടി ഷറഫുദീന്‍, മുഹമ്മദ് അലി എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന, സരിത് എന്നിവര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ചിരുന്നു. ഇവരൊഴികെയുള്ള ബാക്കി പത്ത് പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്.കേസില്‍ എല്ലാ പ്രതികള്‍ക്കും എതിരെ യുഎപിഎ നിലനില്‍ക്കുമെന്ന് അന്വേഷണ സംഘം വാദിച്ചു. പ്രതികളുടെ രാജ്യാന്തര ബന്ധം അന്വേഷിക്കാന്‍ സമയം ആവശ്യമാണെന്നും എന്‍ഐഎ വാദിച്ചു. എന്നാല്‍ സ്വര്‍ണക്കടത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.സ്വര്‍ണ്ണക്കത്ത് കേസില്‍ നേരിട്ട് ബന്ധമുണ്ടെന്നും തീവ്രവാദ ബന്ധമുണ്ടെന്നും എന്‍.ഐ.എ ആരോപിക്കുന്ന പ്രതികള്‍ക്കാണ് ജാമ്യം ലഭിക്കാതിരുന്നത്. അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ചോദ്യം ചെയ്യലിനായി വീണ്ടും എൻഫോഴ്‌സ്‌മെന്റിന് മുൻപാകെ ഹാജരായി. കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായത്.
ആരോഗ്യപ്രവര്‍ത്തകരോടുള്ള അവഗണന;സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ പ്രതിഷേധത്തിലേക്ക്
തിരുവനന്തപുരം:ആരോഗ്യപ്രവര്‍ത്തകരോടുള്ള സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രത്യക്ഷ സമരത്തിലേക്ക്.ഇന്ന് മുതല്‍ അധിക ജോലികളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ വ്യക്തമാക്കി. കൊവിഡ് ഡ്യൂട്ടി ഉള്‍പ്പെടെ സര്‍ക്കാര്‍ അമിത സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കുന്നുവെന്നാരോപിച്ചാണ് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്. എന്നാല്‍, രോഗീപരിചരണത്തേയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ബാധിക്കാത്ത രീതിയിലായിരിക്കും പ്രതിഷേധം.എല്ലാവിധ കൊവിഡേതര ട്രെയിനിംഗുകളും, വെബിനാറുകളും, ഡ്യൂട്ടി സമയത്തിനുശേഷമുള്ള സൂം മീറ്റിംഗുകളും പരിശീലന പരിപാടികളും ബഹിഷ്‌കരിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ആരോഗ്യപ്രവര്‍ത്തകരുടെകുറവ് പരിഹരിക്കുക, തുടര്‍ച്ചയായ കൊവിഡ് ഡ്യൂട്ടിക്കു ശേഷം ലഭിച്ചിരുന്ന അവധി പുനഃസ്ഥാപിക്കുക തുടങ്ങി മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഹരിച്ചില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് കെ.ജി.എം.ഒ.എ മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് ഇന്ന് മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ കേന്ദ്രത്തിന്റെ അനുമതി;ഉടന്‍ വേണ്ടെന്ന് സംസ്ഥാനങ്ങള്‍
ന്യൂഡൽഹി:കർശനമായ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് രാജ്യത്ത് ഇന്ന് മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ കേന്ദ്രത്തിന്റെ അനുമതി.സ്കൂളുകൾ ഉടൻ തുറക്കേണ്ടതില്ലെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും തീരുമാനം.കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഛത്തീസ് ഘട്ട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന തീരുമാനത്തിലാണ്.നവംബറിന് ശേഷം തീരുമാനമെടുക്കുമെന്നാണ് ഈ സംസ്ഥാനങ്ങളുടെ നിലപാട്. അതേസമയം ഒൻപത് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകള്‍ ഇന്ന് മുതല്‍ തുടങ്ങാന്‍ ഉത്തര്‍പ്രദേശും പഞ്ചാബും തീരുമാനിച്ചിട്ടുണ്ട്. 20 കുട്ടികള്‍ മാത്രം ഒരു സെഷനില്‍ എന്നാണ് ഉത്തര്‍പ്രദേശും പഞ്ചാബും പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഡിറ്റോറിയങ്ങള്‍ ഇന്ന് മുതല്‍ തുറക്കാനും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. കണ്ടെയ്മെന്‍റ്സോണുകള്‍ക്ക് പുറത്തുള്ള രാജ്യത്തെ സ്കൂളുകള്‍, സിനിമാ ഹാളുകള്‍, മള്‍ട്ടിപ്ലക്സുകള്‍, പാര്‍ക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ വ്യാഴാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് കേന്ദ്രാനുമതി ഉള്ളത്.കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഇവ പ്രവര്‍ത്തിക്കുക. രാജ്യവ്യാപകമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിന്‍റെ ഭാഗമായാണ് നടപടി.