കൊച്ചി: ബിജെപി നേതാവ് പ്രതിയായ കണ്ണൂർ പാലത്തായി ബാലികാ പീഡനക്കേസില്‍ നിലവിലുള്ള അന്വേഷണ സംഘത്തെ മുഴുവന്‍ മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്. സംഘത്തിലുള്ള മുഴുവന്‍ ആളുകളെയും മാറ്റി രണ്ടാഴ്ചക്കകം പുതിയ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.അന്വേഷണച്ചുമതലയുള്ള ഐ.ജി എസ് ശ്രീജിത്തിനെ മാറ്റണം. ഐജി റാങ്കില്‍ കുറയാത്ത പുതിയ ഉദ്യോഗസ്ഥന്‍ തുടരന്വേഷണത്തിന് മേല്‍ നോട്ടം വഹിക്കണം. അന്വേഷണ സംഘത്തെ മാറ്റണമെന്ന ഇരയുടെ മാതാവിന്റെ ഹരജിയിലാണ് നടപടി.നിലവിലുള്ള അന്വേഷണസംഘം കേസിനെ അട്ടിമറിച്ചുവെന്നും പ്രതിക്ക് സഹായകമായ അന്വേഷണമാണ് നടത്തിയതെന്നുമാണ് കുട്ടിയുടെ മാതാവ് കോടതിയില്‍ നല്‍കിയ റിട്ട് ഹരജിയില്‍ പറഞ്ഞത്. കട്ടിയുടേതായി നല്‍കിയ പല മൊഴികളും യഥാത്ഥത്തില്‍ കുട്ടി നല്‍കിയിട്ടില്ല.കുട്ടിയുടെ മൊഴികളൊന്നും പോക്‌സോ നിയമത്തിന്റെ സെക്ഷന്‍ 24 പ്രതിപാദിക്കുന്ന തരത്തില്‍ ഓഡിയോ റിക്കോര്‍ഡ് നടത്താതിരിക്കുകയും കോടതിയില്‍ സമര്‍പ്പിച്ച മൊഴിയില്‍ മാറ്റം വരുത്തുകയും ചെയ്തു. 24.04.2020ല്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് കുട്ടിയുടെ മൊഴി എടുക്കുന്നത് 80 ദിവസത്തിന് ശേഷം കുറ്റപത്രം നല്‍കുന്നതിന്റെ തലേന്ന് മാത്രമാണ്. പ്രതിയുടെ കസ്റ്റഡി വാങ്ങാന്‍ ക്രൈം ബ്രാഞ്ച് തയ്യാറായില്ല.കുട്ടിയുടെയും പ്രധാന സാക്ഷിയുടെയും സെക്ഷന്‍ 164 പ്രകാരമുള്ള മൊഴിയും കോടതിയില്‍ സമര്‍പ്പിച്ചില്ല. കുട്ടിയുടെ മെഡിക്കല്‍ പരിശോധനാ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചില്ല. മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ടറെ സാക്ഷി പട്ടികയില്‍ ചേര്‍ത്തില്ല. കുട്ടിക്കെതിരെ ഐ.ജി യുടേതായ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. പ്രതിയോട് കുട്ടികള്‍ക്കും പിടിഎയ്ക്കും വിരോധമുണ്ടായിരുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ ഈ കേസില്‍ യാതൊരു ആവശ്യവുമില്ലാത്ത മൊഴികള്‍ കോടതിയില്‍ സമര്‍പ്പിച്ച് പോക്‌സോ ഒഴിവാക്കി കുറ്റപത്രം നല്‍കി പ്രതിക്ക് ജാമ്യം ലഭിക്കാന്‍ അവസരമൊരുക്കി. കുട്ടിയുടെ മൊഴി തെറ്റായി എഴുതിച്ചേര്‍ത്ത് കുട്ടി കള്ളം പറയുന്നതായി കോടതിയില്‍ സ്റ്റേറ്റ്‌മെന്റ് നല്‍കി. കുട്ടിക്ക് മോറല്‍ സപ്പോര്‍ട്ട് നല്‍കാന്‍ എന്ന പേരില്‍ പോലീസ് ചുമതലപ്പെടുത്തിയ കൗണ്‍സിലര്‍മാര്‍ കുട്ടിയോട് അശ്ശീലം സംസാരിക്കുകയും പ്രതിക്കെതിരെ മൊഴി പറയുന്നതില്‍ നിന്ന് കുട്ടിയെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. അന്വേഷണ സംഘത്തിനെതിരെയും കൗണ്‍സിലര്‍മാര്‍ക്കെതിരെയും മുഖ്യമന്ത്രിക്കും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും മാതാവ് നൽകിയ ഹർജിയിൽ പറയുന്നു.
ലൈഫ് മിഷൻ കേസില്‍ സിബിഐക്കു തിരിച്ചടി;സ്റ്റേ നീക്കില്ല
കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണത്തിന്റെ ഭാഗികമായി ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെ വ്യക്തമാക്കി.കോടതി ഉത്തരവു പ്രകാരമുള്ള ഭാഗിക സ്‌റ്റേ അന്വേഷണത്തിനു തടസ്സമാവുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ അപേക്ഷ നല്‍കിയത്. ലൈഫ് മിഷന്‍ ഇടപാടില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു മാസത്തെ ഭാഗിക സ്‌റ്റേയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഏര്‍പ്പെടുത്തിയത്.ലൈഫ് മിഷന്‍ സിഇഒ യുവി ജോസ് നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്. ലൈഫ് മിഷനെതിരായ അന്വേഷണം സ്‌റ്റേ ചെയ്തതിനൊപ്പം നിര്‍മാണ കമ്പനിയായ യൂണിടാക്കിന് എതിരെ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.ലൈഫ് മിഷനെ അന്വേഷണത്തില്‍നിന്ന് ഒഴിവാക്കിയതിലൂടെ കേസില്‍ മുന്നോട്ടുപോവാനാവുന്നില്ലെന്നാണ് ഹര്‍ജിയില്‍ സിബിഐ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. എതിര്‍ സത്യവാങ്മൂലം തയാറായിട്ടില്ലെന്ന് സിബിഐ അഭിഭാഷകന്‍ അറിയിച്ചപ്പോള്‍ സത്യവാങ്മൂലം പോലും കൊടുക്കാതെ എങ്ങനെ ഹര്‍ജി പരിഗണിക്കുമെന്ന ചോദ്യമെത്തി. അതുകൊണ്ട് ഈ ഹര്‍ജി തള്ളുകയാണെന്നും അറിയിച്ചു.എതിര്‍ സത്യവാങ്മൂലം തയ്യാറാക്കിയ ശേഷം വീണ്ടും കോടതിയെ സിബിഐയ്ക്ക് സമീപിക്കും. ഇതിനും അനുമതി കൊടുത്തു. സിബിഐയുടേത് വെറും പബ്ലിക് സ്റ്റണ്ടാണെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിശ്വനാഥനും വാദിച്ചു. ഇതിലും വാദ പ്രതിവാദം നടന്നു. അടുത്ത തവണ സിബിഐ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകും.ലൈഫ് മിഷന്‍ ഇടപാടില്‍ വിദേശ സംഭാവനാ ചട്ടത്തിന്റെ (എഫ്‌സിആര്‍എ) ലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസില്‍ എഫ്‌സിആര്‍എ നിലനില്‍ക്കില്ലെന്നു സര്‍ക്കാര്‍ വാദിച്ചു.ഇതു പരിഗണിച്ചാണ് അന്വേഷണം സ്‌റ്റേ ചെയ്തുകൊണ്ടുള്ള കോടതി ഉത്തരവ്. കേസില്‍ എഫ്‌സിആര്‍എ ബാധകമാവുമെന്നു സ്ഥാപിക്കാന്‍ സിബിഐയ്ക്കായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജികളില്‍ വിശദമായി വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
അമിതമായി ഗുളിക കഴിച്ച് ട്രാന്‍സ്ജെന്‍ഡര്‍ സജന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊച്ചി:വഴിയരികില് ബിരിയാണി കച്ചവടം നടത്തി വന്നിരുന്ന ട്രാന്സ്ജെൻഡർ യുവതി സജന ഷാജിയെ അമിതമായി ഗുളിക കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിരിയാണി വില്ക്കാനെത്തിയ തന്നെ വില്പന നടത്താനാനുവദിക്കാതെ ചിലർ ഉപദ്രവിച്ചെന്ന് സജന ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത് കേരളത്തില് ഏറെ ചർച്ചയായിരുന്നു.തുടർന്ന് വലിയ പിന്തുണയാണ് പൊതു സമൂഹത്തിൽ നിന്ന് സജനയ്ക്ക് ലഭിച്ചത്. പലരും ഇവർക്ക് സാമ്പത്തിക സഹായവുമായി രംഗത്തു വന്നു.എന്നാൽ ഇതിന് പിന്നാലെ സജനയുടെ ഫേസ്ബുക്ക് ലൈവ് വീഡിയോയിൽ പറയുന്ന കാര്യങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചുകൊണ്ട് ചിലർ രംഗത്തെത്തുകയായിരുന്നു.ഇവർ ഫേസ്ബുക്ക് വീഡിയോ വഴി സജനയും സുഹൃത്തുക്കളും ചേർന്ന് പണം സമാഹരിക്കാനായി നടത്തിയ നാടകമായിരുന്നെന്ന നിലയിൽ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വിവാദങ്ങളിൽ മനം നൊന്താണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.നിലവിൽ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
വാളയാർ മദ്യദുരന്തം;മരണം അഞ്ചായി; ചികിത്സയിലിരുന്ന 22 കാരന്‍ മരിച്ചു
പാലക്കാട്: വാളയാറില്‍ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. നേരത്തെ മരിച്ച അയ്യപ്പന്റെ മകന്‍ ആണ് അരുണ്‍ (22) ആണ് ഏറ്റവും ഒടുവില്‍ മരിച്ചത്. കഞ്ചിക്കോട് ചെല്ലന്‍കാവ് മൂര്‍ത്തി, രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവരാണ് നേരത്തെ മരിച്ചത്.മരിച്ചവരെല്ലാം തൊഴിലാളികളാണ്. രാമന്‍ ഞായറാഴ്ച രാവിലെയും അയ്യപ്പന്‍ ഉച്ചയോടെയുമാണ് മരിച്ചത്. ശിവനെ തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടുമുറ്റത്തെ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.തിങ്കളാഴ്ച രാവിലെ ശിവനെ മരിച്ച നിലയില്‍ കണ്ടതോടെയാണ് മദ്യദുരന്തമെന്ന സംശയം ഉയരുന്നത്.അതിനിടെ ആശുപത്രിയില്‍നിന്ന് ആരുംകാണാതെ ഇറങ്ങിപ്പോയ മൂര്‍ത്തിയെ ഉച്ചയോടെ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്തെ കച്ചവടസ്ഥാപനത്തിനുമുന്നില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ഇവരെല്ലാം കഴിഞ്ഞ ദിവസം അമിതമായി മദ്യപിച്ചിരുന്നെന്നും ശിവനാണ് മദ്യമെത്തിച്ചതെന്നും കോളനി നിവാസികള്‍ പറഞ്ഞു. ഒന്‍പതു പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.നാഗരാജന്‍ (26), തങ്കമണി (47), രുക്മിണി (52), കമലം (42), ചെല്ലപ്പന്‍ (75), ശക്തിവേല്‍, കുമാരന്‍ (35), മുരുകന്‍ (30) എന്നിവരാണ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ചെല്ലങ്കാവ് ആദിവാസി കോളനിയിലുള്ളവരാണ് മരിച്ചത്.സ്പിരിറ്റോ , സാനിറ്റൈസറോ മദ്യത്തില്‍ ചേര്‍ത്തെന്നാണ് സംശയം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. അടക്കം ചെയ്ത മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകു. ലഹരിക്ക് വീര്യം കൂട്ടാന്‍ സാനിറ്റൈസറോ സ്പിരിറ്റോ ഉപയോഗിച്ചെന്നാണ് പ്രാഥമിക നിഗമനം.
സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7,469 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കോവിഡ്. സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിിണറായി വിജയന്‍ അറിയിച്ചു.മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂര്‍ 293, പാലക്കാട് 271, കോട്ടയം 180, കാസര്‍ഗോഡ് 120, വയനാട് 51, പത്തനംതിട്ട 32, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4257 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 647 പേരുടെ രോഗ ഉറവിടം അറിയില്ല.59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 59 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് 14, തിരുവനന്തപുരം 12, തൃശൂര്‍, മലപ്പുറം 8 വീതം, കാസര്‍ഗോഡ് 6, എറണാകുളം 4, കണ്ണൂര്‍ 3, കോട്ടയം 2, കൊല്ലം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.മലപ്പുറം 862, കോഴിക്കോട് 669, എറണാകുളം 398, തൃശൂര്‍ 518, തിരുവനന്തപുരം 357, കൊല്ലം 373, ആലപ്പുഴ 333, കണ്ണൂര്‍ 279, പാലക്കാട് 121, കോട്ടയം 155, കാസര്‍ഗോഡ് 101, വയനാട് 50, പത്തനംതിട്ട 30, ഇടുക്കി 11 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7469 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1670, കൊല്ലം 627, പത്തനംതിട്ട 182, ആലപ്പുഴ 338, കോട്ടയം 200, ഇടുക്കി 53, എറണാകുളം 978, തൃശൂര്‍ 1261, പാലക്കാട് 347, മലപ്പുറം 298, കോഴിക്കോട് 1022, വയനാട് 128, കണ്ണൂര്‍ 72, കാസര്‍ഗോഡ് 293 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1182 ആയി.
സ്വർണ്ണക്കടത്ത് കേസ്;എം.ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
കൊച്ചി:തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയനും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.കസ്റ്റംസ് കേസിലാണ് ഈ മാസം 23 വരെ കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്.കേസില്‍ കസ്റ്റംസ് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.കേസ് 23 ആം തിയതി വീണ്ടും പരിഗണിക്കും. ഇഡി കേസിലെ ജാമ്യ ഹര്‍ജിയിലും അന്ന് തീരുമാനം വരും. കസ്റ്റംസ് തന്നെ ക്രിമിനലിനെ പോലെ പരിഗണിക്കുന്നുവെന്ന വാദവുമായാണ് ശിവശങ്കരൻ ഹൈക്കോടതിയെ സമീപിച്ചത്.കസ്റ്റംസ് പകവീട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചു. ഏതു കേസിലാണ് ചോദ്യം ചെയ്യലെന്ന നോട്ടീസ് പോലും കസ്റ്റംസ് നല്‍കിയിരുന്നില്ല. അറസ്റ്റിനുള്ള ശ്രമമാണ് കസ്റ്റംസ് നടത്തിയത്. നിരവധി തവണ ചോദ്യം ചെയ്യലിന് ഹാജരായതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു.ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ കോടതിയില്‍ നല്‍കാന്‍ തയാറാണെന്ന് കസ്റ്റംസ് അറിയിച്ചു. 23നകം തെളിവുകള്‍ ഹാജരാക്കുമെന്നാണ് കസ്റ്റംസ് വ്യക്തമാക്കിയിരിക്കുന്നത്. രാഷ്ട്രീയക്കളിയിലെ കരുവാണ് താനെന്നും ആവശ്യപ്പെട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാമെന്നും ശിവശങ്കര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അതേസമയം, ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് അറിയിച്ച കസ്റ്റംസ് അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നും കോടതിയില്‍ പറഞ്ഞു. വെള്ളിയാഴ്ചത്തെ വാദം അതുകൊണ്ട് തന്നെ നിര്‍ണ്ണായകമാണ്.സ്വര്‍ണവും ഡോളറും കടത്തിയതുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ മൊഴികള്‍ പരസ്പരവിരുദ്ധവും അവിശ്വസനീയവുമെന്നു കസ്റ്റംസ് വിലയിരുത്തുന്നുണ്ട്.
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്ത് പിണറായി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാറും കെ എസ് ഐ ഡി സി യും മറ്റും സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റിസുമാരായ കെ വിനോദ ചന്ദ്രനും ടി ആര്‍ രവിയും അടങ്ങുന്ന ബഞ്ചാണ് തള്ളിയത്. വിമാനത്താവള നടത്തിപ്പിന് കൈമാറാനുള്ള നടപടി നയപരമായ തീരുമാനമാണന്നും കേന്ദ്രമന്ത്രിസഭയുടെ അനുമതിയോടെയാണന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കോടതി അംഗീകരിച്ചു.ഉയര്‍ന്ന തുക ക്വോട്ട് ചെയ്തവര്‍ക്ക് ടെന്‍ഡര്‍ നല്‍കില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടി സര്‍ക്കാര്‍ ആണ് പൂര്‍ത്തിയാക്കിയത് എന്നതിനാല്‍ കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാനാവില്ലന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.ടെന്‍ഡര്‍ നടപടിയുമായി സഹകരിച്ച ശേഷം പിന്നീട് തെറ്റാണെന്നു പറയുന്നതും ന്യായീകരിക്കാന്‍ ആകില്ല. ഒരു എയര്‍പോര്‍ട്ട് ന്റെ ലാഭം മറ്റൊരു എയര്‍പോര്‍ട്ട് ലേക്ക് ഉപയോഗിക്കാന്‍ പറ്റില്ലെന്ന സര്‍ക്കാര്‍ വാദവും ശരിയല്ല. ലേല നടപടികള്‍ അദാനിക്ക് വേണ്ടി മാത്രമുണ്ടാക്കിയത് ആണെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി.വിമാനത്താവളങ്ങള്‍ പാട്ടത്തിനു കൊടുക്കാന്‍ തീരുമാനിച്ചത് പൊതു ജന താല്‍പ്പര്യാര്‍ത്ഥമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു.മുന്‍പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പ് നല്‍കിയത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. മുന്‍പരിചയമുള്ള സര്‍ക്കാരിനെ അവഗണിച്ച്, സര്‍ക്കാരിന്റെ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളം സ്വകാര്യ ഗ്രൂപ്പിന് കൈമാറിയത് പൊതുതാല്‍പ്പര്യത്തിന് എതിരാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചെങ്കിലും ഇതെല്ലാം കോടതി തള്ളിക്കളഞ്ഞിരുന്നു.ഒരുയാത്രക്കാരന് 168 രൂപ ഫീ വാഗ്ദാനം ചെയ്ത അദാനി 135 രൂപ വാഗ്ദാനം ചെയ്ത കെഎസ്‌ഐഡിസിയെ തോല്‍പിച്ചാണ് വിമാനത്താവള നടത്തിപ്പു സ്വന്തമാക്കിയത്.
അറസ്റ്റിന് സാധ്യത;എം.ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: മുഖ്യ മന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു.ശിവശങ്കറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ നല്‍കാന്‍ കസ്റ്റംസ് തയാറെടുക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ നീക്കം നടത്തിയത്.സ്വർണകടത്തിന് പുറമേ വിദേശ കറൻസി കടത്താൻ പ്രതികളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ശിവശങ്കർ കസ്റ്റംസ് അന്വേഷണം നേരിടുന്നത്.ശിവശങ്കറിന് ചികിത്സ തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന് സംഘടിപ്പിക്കും. നടുവിനും കഴുത്തിനും വേദനയെന്നാണ് ശിവശങ്കര്‍ ഇന്നലെ ഡോക്ടര്‍മാരോട് അറിയിച്ചത്. ഇതനുസരിച്ചുള്ള പരിശോധനകളും നടത്തി. ഇന്നലെ ഞായറാഴ്ചയായതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം കൂടിയില്ല. പരിശോധനാ ഫലം വിലയിരുത്തി ശിവശങ്കറിന്റെ തുടര്‍ചികിത്സയുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാവും.ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ ബോർഡ് ഇന്ന് പുറത്തിറക്കുന്ന ബുള്ളറ്റിൻ ശിവശങ്കറിനെതിരായ കസ്റ്റംസിന്‍റെ തുടർ നടപടികളിൽ നിർണായകമാകും.ജാമ്യാപേക്ഷയെ കോടതിയിൽ ശക്തമായി എതിർക്കാനാണ് കസ്റ്റംസ് തീരുമാനം.
കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ ഗുരുതര വീഴ്ച;രോഗി മരിച്ചത് ഓക്സിജന്‍ കിട്ടാതെ;നഴ്സിങ് ഓഫിസറുടെ ശബ്ദരേഖ പുറത്ത്
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ ഗുരുതര വീഴ്ചയെന്ന് ആരോപണം.കോവിഡ് രോഗി മരിച്ചത് ചികിത്സാ വീഴ്ച മൂലമാണെന്ന് നഴ്‌സിംഗ് ഓഫീസര്‍ വെളിപ്പെടു ത്തുന്ന ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നു.ഫോര്‍ട്ടുകൊച്ചി സ്വദേശി സി.കെ ഹാരിസിന്റെ മരണം ഓക്‌സിജന്‍ ലഭിക്കാതെയാണെന്ന് സംഭാഷണത്തില്‍ പറയുന്നുണ്ട്. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണകാരണം. രോഗിയെ വെന്റിലേറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ സാധിക്കുമായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചതെന്നും സംഭാഷണത്തില്‍ വ്യക്തമാക്കുന്നു.പല രോഗികളുടേയും ഓക്സിജന്‍ മാസ്കുകള്‍ മാറിക്കിടക്കുന്നതായി സൂപ്പര്‍വിഷന് പോയ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെന്‍റിലേറ്ററിന്‍റെ ട്യൂബുകള്‍ ശരിക്കാണോ എന്ന് ഐ.സി.യുവിലുള്ളവര്‍ കൃത്യമായി പരിശോധിക്കണം. നമ്മുടെ ഭാഗത്ത് നിന്നുള്ള ചെറിയ വീഴ്ച കൊണ്ട് പല രോഗികളുടേയും ജീവന്‍ പോയിട്ടുണ്ട്. ഇക്കാര്യം ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. എന്നാല്‍ അതൊന്നും നമ്മുടെ വീഴ്ചയായി കാണുകയോ ശിക്ഷണ നടപടികളെടുക്കുകയോ ചെയ്തിട്ടില്ല. നമ്മള്‍ കഷ്ടപ്പെടുന്നത് കൊണ്ടാണ് അത്. പക്ഷേ, നമ്മളുടെ അടുത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണമെന്നും നഴ്‍സിംഗ് സൂപ്രണ്ട്, തന്‍റെ സഹപ്രവര്‍ത്തകരോടായുള്ള ഓഡിയോ സന്ദേശത്തില്‍ പറയുന്നു.കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി നഴ്സുമാരുടെ വാട്സാപ് ഗ്രൂപ്പില്‍ നഴ്സിങ് ഓഫിസര്‍ കൈമാറിയതെന്ന് പറയുന്ന ശബ്ദ സന്ദേശത്തിലാണ് ഗുരുതരമായ പരാമര്‍ശങ്ങളുള്ളത്. ഇതിന്റെ ഒടുവിലായാണ് മരണങ്ങളെക്കുറിച്ചുള്ള പരാമര്‍ശം.എറണാകുളം കളമശേരി മെഡിക്കല്‍ കോളേജിനെ പറ്റി ഉയര്‍ന്ന ആരോപണത്തെ കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്.സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്‍കി.
സ്വർണ്ണക്കടത്ത് കേസ്;എം.ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും
തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എം.ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. ശിവശങ്കറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ആരോപിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള തയാറെടുപ്പിലാണ് കസ്റ്റംസ്.ശിവശങ്കറിന് ചികിത്സ തുടരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ട നിര്‍ണായക മെഡിക്കല്‍ ബോര്‍ഡ് യോഗവും ഇന്ന് ചേരും. നടുവിനും കഴുത്തിനും വേദനയെന്നാണ് ശിവശങ്കര്‍ ഇന്നലെ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്.ഇതനുസരിച്ച് വിവിധ പരിശോധനകളും നടത്തിയിട്ടുണ്ട്. ഇന്നലെ ഞായറാഴ്ചയായതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നില്ല. പരിശോധനാ ഫലം വിലയിരുത്തി ശിവശങ്കറിന്റെ തുടര്‍ചികിത്സയുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമെടുക്കും.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തില്‍ ഐസിയുവില്‍ കഴിയുന്ന എം ശിവശങ്കറിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. കടുത്ത നടുവേദന തുടരുന്നതായി ശിവശങ്കര്‍ ഡോക്ടര്‍മാരെ അറിയിച്ചിട്ടുണ്ട്.ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് ഇന്ന് പുറത്തിറക്കുന്ന ബുള്ളറ്റിന്‍ ശിവശങ്കറിനെതിരായ കസ്റ്റംസിന്‍റെ തുടര്‍ നടപടികളില്‍ നിര്‍ണായകമാകും.ന്യൂറോ സര്‍ജറി, ന്യൂറോളജി, ഹൃദ്രോഗ വിഭാഗം ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് മെഡിക്കല്‍ ബോര്‍ഡ്. വിദഗ്‍ധ പരിശോധനയ്ക്ക് ചികിത്സ ആശുപത്രിയില്‍ തന്നെ തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്താല്‍ കസ്റ്റംസ് നീക്കങ്ങള്‍ക്ക് തല്‍ക്കാലം തിരിച്ചടിയാകും. കസ്റ്റംസ് തീരുമാനിച്ചത് പോലെ ചോദ്യം ചെയ്യലോ അറസ്റ്റോ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ നടന്നേക്കില്ല. ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് നല്‍കിയാലും ശിവശങ്കറിനോട് വിശ്രമം നിര്‍ദ്ദേശിക്കാനാണ് സാധ്യത.