ബ്രിട്ടൻ:ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ഡോക്ടര്‍ മരിച്ചു. ബ്രസീലിലാണ് സംഭവം. 28കാരനായ ഡോക്ടറുടെ മരണം ബ്രസീലിലെ ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചു. മരുന്ന് പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്ന ഡോക്ടറുടെ മരണം കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് ശേഷമാണോ എന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കൊവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തുന്ന ആളുകളുടെ സ്വകാര്യത ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറാകാത്തത്.രണ്ട് തരം വാക്‌സിനാണ് മരുന്ന് പരീക്ഷണത്തിന് സന്നദ്ധത അറിയിച്ചവര്‍ക്ക് ബ്രസീലില്‍ നല്‍കിയിരുന്നത്. ഒരു സംഘത്തിന് കോവിഡ് വാക്സിന്‍ കുത്തിവെയ്ക്കുമ്പോൾ മെനിഞ്ജൈറ്റിസിന് ഉപയോഗിക്കുന്ന വാക്‌സിനാണ് രണ്ടാമത്തെ സംഘത്തിന് നല്‍കുന്നത്. മരിച്ച ഡോക്ടര്‍ക്ക് കോവിഡ് വാക്സിനല്ല നല്‍കിയതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏത് വാക്‌സിൻ ആർക്ക് കുത്തിവെയ്ക്കുന്നു എന്ന വിവരം മരുന്ന് പരീക്ഷണത്തിന് സന്നദ്ധരായവരോടോ അവരുടെ കുടുംബത്തോടോ പറയാറില്ല. വാക്സിന്‍ എത്രമാത്രം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടെത്താനായാണ് ഈ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. വാക്‌സിൻ പരീക്ഷണവുമായി മുമ്പോട്ട് പോകാൻ തന്നെയാണ് പരീക്ഷണത്തിന് നേതൃത്വം കൊടുക്കുന്ന സംഘത്തിന്റെ തീരുമാനം.വാക്സിന്‍റെ സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്നാണ് വാക്സിന്‍ വികസിപ്പിച്ചതില്‍ പങ്കാളിയായ മരുന്ന് കമ്പനി ആസ്ട്ര സെനെക അവകാശപ്പെടുന്നത്. വാക്സിന്‍ പരീക്ഷണം തുടരും. ബ്രസീലിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോവിഡ് രോഗികളെ തുടക്കം മുതല്‍ ചികിത്സിച്ചിരുന്ന ഡോക്ടര്‍ കോവിഡ് ബാധിച്ചാണ് മരിച്ചതെന്നാണ്. എന്നാല്‍ മരണ കാരണം എന്തെന്ന് ബ്രസീല്‍ ആരോഗ്യ വിഭാഗം വെളിപ്പെടുത്തിയിട്ടില്ല. ബ്രിട്ടനിലെ വാക്‌സിൻ പരീക്ഷണത്തിനിടെ മരുന്ന് കുത്തിവെച്ച ആളില്‍ അപ്രതീക്ഷിതമായി ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായതോടെ ഓക്സ്ഫോര്‍ഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. വാക്സിന്‍റെ പാര്‍ശ്വഫലമല്ല ആ അസ്വസ്ഥത എന്ന കണ്ടെത്തലിന് പിന്നാലെ വാക്സിന്‍ പരീക്ഷണം പുനരാരംഭിക്കുകയായിരുന്നു.
മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തിയതായി നെതര്‍ലന്‍സ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ
നെതർലാൻഡ്:മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തിയതായി നെതര്‍ലന്‍സ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ.ഇതുവരെ തിരിച്ചറിയാതിരുന്ന ഉമിനീര്‍ ഗ്രന്ഥിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന പുതിയ അവയവം. പുതിയ അവയവത്തിന് ട്യൂബേറിയല്‍ സലൈവറി ഗ്ലാന്‍ഡ്സ് എന്ന് പേരിട്ടു.റെഡിയോതെറാപ്പി ആന്റ് ഓങ്കോളജി എന്ന ജേര്‍ണലാണ് ഗവേഷണ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചത്. പ്രോസ്ട്രേറ്റ് കാന്‍സര്‍ സംബന്ധിച്ച പഠനത്തിനിടെയാണ് കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായകമാകുന്ന കണ്ടെത്തല്‍ ശാസ്ത്രജ്ഞര്‍ നടത്തിയത്. മൂക്കിന് പിന്നിലായി വളരെ സൂക്ഷ്മമായ ഉമിനീര്‍ ഗ്രന്ഥികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ഇതുവരെ കരുതിയിരുന്നത്.എന്നാല്‍ പ്രോസ്‌ട്രേറ്റ് കാന്‍സര്‍ കോശങ്ങള്‍ സംബന്ധിച്ച പഠനത്തിനിടെ പുതിയ ഉമിനീര്‍ ഗ്രന്ഥികള്‍ ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു.100 കാന്‍സര്‍ രോഗികളെ പരിശോധിച്ച ശേഷമാണ് പുതിയ അവയവത്തിന്‍റെ സാന്നിധ്യം ഉറപ്പാക്കിയത്.1.5 ഇഞ്ചോളം (3.9 സെന്‍റീമീറ്റര്‍) വലിപ്പമുള്ള പുതിയ സെറ്റ് ഗ്രന്ഥികളാണ് കണ്ടെത്തിയത്. മൂക്കിനും വായയ്ക്കും പിന്നിലായുള്ള തൊണ്ടയുടെ ഭാഗത്ത് ഈര്‍പ്പം നല്‍കാനുള്ള ഉമിനീര്‍ ഉത്പാദിപ്പിക്കുകയാണ് ഇവ ചെയ്യുന്നതെന്നും കണ്ടെത്തി. തലയുടെ ഭാഗത്തെ കാന്‍സര്‍ ചികിത്സക്ക് റേഡിയോ തെറാപ്പി ചെയ്യുമ്പോള്‍ ഉമിനീര്‍ ഗ്രന്ഥികളെ ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ ശ്രദ്ധിക്കാറുണ്ട്. കാരണം ഉമിനീര്‍ ഗ്രന്ഥികള്‍ക്ക് റേഡിയോ തെറാപ്പിയിലൂടെ എന്തെങ്കിലും തകരാര്‍ ഉണ്ടായാല്‍ രോഗികള്‍ക്ക് സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ട് ഉണ്ടാകും. എന്നാല്‍ ഇതുവരെ തിരിച്ചറിയപ്പെടാതിരുന്ന ഗ്രന്ഥികള്‍ റേഡിയോ തെറാപ്പിയില്‍ ഉള്‍പ്പെട്ടുപോയിട്ടുണ്ട്. ഈ പുതിയ സെറ്റ് ഗ്രന്ഥികളെ കൂടി റേഡിയോ തെറാപ്പിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതോടെ കാന്‍സര്‍ ചികിത്സയുടെ പാര്‍ശ്വ ഫലങ്ങള്‍ വീണ്ടും കുറയ്ക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.
പോപ്പുലര്‍ ഫിനാന്‍സിന്റെ കണ്ണൂർ ജില്ലയിലെ എല്ലാ ശാഖകളും അടച്ചുപൂട്ടാന്‍ കലക്റ്റർ ഉത്തരവിട്ടു
കണ്ണൂര്‍: പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ ജില്ലയിലെ എല്ലാ ശാഖകളും അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. ബ്രാഞ്ചുകളിലെ സ്വര്‍ണം, പണം, ബാങ്ക് രേഖകള്‍, ചെക്ക്, പണയ വസ്തുക്കള്‍, സര്‍ക്കാര്‍ സെക്യൂരിറ്റീസ് തുടങ്ങിയവയും സ്ഥലങ്ങള്‍, വീട്, കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും വസ്തുവകകള്‍ വാങ്ങാനോ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ മറ്റ് ഇടപാടുകള്‍ നടത്താനോ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. പോപ്പുലര്‍ ഫിനാന്‍സ്, അനുബന്ധ സ്ഥാപനങ്ങള്‍,കമ്പനി ഡയറക്ടര്‍മാര്‍, പങ്കാളികള്‍, മനേജ്‌മെന്റ്, ഏജന്റുമാര്‍ എന്നിവര്‍ കൈകാര്യം ചെയ്യുന്ന ചിട്ടി കമ്പനികൾ, കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍, ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചതായും ഉത്തരവില്‍ വ്യക്തമാക്കി.2013 ലെ കേരള പ്രൊട്ടക്ഷന്‍ ഓഫ് ഇന്ററസ്റ്റ് ഓഫ് ഡെപ്പോസിറ്റേഴ്‌സ് ഇന്‍ ഫിനാന്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട് പ്രകാരമാണ് നടപടി. ഓഫീസുകള്‍ പൂട്ടി സീല്‍ ചെയ്യുന്നതിന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സീല്‍ ചെയ്ത ശേഷം താക്കോല്‍ എഡിഎമ്മിന് കൈമാറണം. വസ്തുക്കളുടെ കൈമാറ്റം തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) യും പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാന്‍ ലീഡ് ബാങ്ക് മാനേജര്‍, കോ ഓപ്പറേറ്റീവ് സൊസൈറ്റി ജോയിന്റ് രജിസ്ട്രാര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, കെഎസ്‌എഫ്‌ഇ റീജിയണല്‍ ഓഫീസ് കണ്ണൂര്‍, കെഎഫ്‌സി ജില്ലാ മനേജര്‍ എന്നിവരെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും ചുമതലപ്പെടുത്തി.പോപ്പുലര്‍ ഫിനാന്‍സിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പേരിലുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് നല്‍കുന്നതിനും കൈമാറ്റം തടയുന്നതിനുമാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെയും പോപ്പുലര്‍ ഫിനാന്‍സിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും വസ്തുക്കള്‍ നീക്കം ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനും തഹസില്‍ദാര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
സ്വർണ്ണക്കടത്ത് കേസ്;എം ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ശിവശങ്കര്‍ നല്‍കിയ ഹര്‍ജിയില്‍ കേസില്‍ ഇതുവരെ 11 തവണയായി നൂറ് മണിക്കൂറിലേറെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തതായി പറയുന്നു. പൂര്‍ണമായും അന്വേഷണത്തോട് സഹകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ തന്നെ പ്രതി ചേര്‍ക്കാന്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല. ആവശ്യപ്പെട്ടാല്‍ ഹാജരാകാന്‍ ഇനിയും തയ്യാറാണ്.ഇക്കാര്യങ്ങള്‍ പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ്.ഹര്‍ജിയിലെ ആവശ്യം.
ബാങ്ക് സന്ദര്‍ശനസമയം ക്രമീകരിച്ചു; ഒന്നു മുതല്‍ അഞ്ചുവരെയുള്ള അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ടുകള്‍ക്ക് ഉച്ചക്ക് 12.30 വരെ സമയം
തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തില്‍ ബാങ്കുകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്കായി ബാങ്ക് സന്ദര്‍ശനസമയം ക്രമീകരിച്ചതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു. ഒന്നു മുതല്‍ അഞ്ചുവരെ അക്കങ്ങളില്‍ അവസാനിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ക്ക് രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് സമയം. ആറു മുതല്‍ ഒന്‍പതുവരെയും പൂജ്യത്തിലും അവസാനിക്കുന്ന അക്കൗണ്ടുകള്‍ക്ക് ഉച്ചക്ക് ഒന്നുമുതല്‍ വൈകിട്ട് നാലുവരെയാണ് സമയം.രാവിലെ ബാങ്കില്‍ എത്തിയിട്ടും ഇടപാട് നടത്താന്‍ അവസരം ലഭിക്കാത്തവര്‍ക്ക് ഉച്ചക്ക് 12.30 മുതല്‍ ഒരുമണിവരെ അവസരം നല്‍കും. ഒക്ടോബര്‍ 19ന് ആരംഭിച്ച ഈ ക്രമീകരണം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റു ബാങ്ക് ഇടപാടുകള്‍ക്കും ഈ നിയന്ത്രണം ബാധകമല്ല.ഉപഭോക്താക്കള്‍ ബാങ്ക് സന്ദര്‍ശനം പരമാവധി കുറയ്ക്കുന്നതിനായി എ.ടി.എം കാര്‍ഡ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണം.പൊതുവായ അന്വേഷണങ്ങള്‍, മുന്‍കൂട്ടി നിശ്ചയിച്ച സന്ദര്‍ശനങ്ങള്‍ എന്നിവയ്ക്ക് അതാത് ബാങ്ക് ശാഖയുമായി ഫോണില്‍ ബന്ധപ്പെടാം.ചില മേഖലകളില്‍ ബാങ്ക് പ്രവര്‍ത്തന സമയത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത്തരം പ്രദേശങ്ങളില്‍ അക്കൗണ്ട് നമ്ബര്‍ അടിസ്ഥാനത്തിലുള്ള സമയക്രമീകരണത്തില്‍ മാറ്റം വരും. അത്തരം പ്രദേശങ്ങളിലെ പുതുക്കിയ സമയക്രമം അതാത് ബാങ്ക് ശാഖകളില്‍ പ്രദര്‍ശിപ്പിക്കുമെന്നും സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു.
കോഴക്കേസ്;കെ.എം ഷാജി എംഎൽഎയുടെ മൊഴിയെടുക്കാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്
കണ്ണൂർ:അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം.ഷാജി എം.എല്‍.എ കോഴ വാങ്ങിയെന്ന പരാതിയിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലീഗ് നേതാക്കളില്‍ നിന്നും മൊഴിയെടുക്കും.ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുള്‍പ്പെടെ രണ്ട് നേതാക്കളോട് ഇന്ന് കോഴിക്കോട് സബ് സോണല്‍ ഓഫിസിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ എം.എല്‍.എ പണം വാങ്ങിയത് ലീഗ് നേതാക്കളുടെ അറിവോടെയെന്ന പരാതിയിലാണ് ആദ്യഘട്ട അന്വേഷണം. ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനുമായി എം.എല്‍.എ ഉള്‍പ്പെടെ മുപ്പത്തിലധികമാളുകള്‍ക്കാണ് ഇ.ഡി നോട്ടിസ് നല്‍കിയിട്ടുള്ളത്. പരാതിക്കാരനായ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്റെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നും ഷാജി 25 ലക്ഷം കോഴ വാങ്ങിയതായി പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നാണ് വിജിലന്‍സ് എഫ് ഐ ആറില്‍ പറയുന്നത്. സ്‌കൂളിലെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും സാക്ഷിമൊഴികളില്‍ നിന്നുമാണ് ഇത് വ്യക്തമായതെന്നും വിജിലന്‍സ് തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആറിലുണ്ട്.
കണ്ണൂരില്‍ ബൈക്കപകടത്തിൽ കോഫീ ഹൗസ് ജീവനക്കാരന് മരിച്ചു
കണ്ണൂര്‍:കണ്ണൂരില്‍ ബൈക്കപകടത്തിൽ കോഫീ ഹൗസ് ജീവനക്കാരനായ യുവാവ് മരിച്ചു.കല്യാശേരി കോലത്ത് വയല്‍ സ്വദേശി വൈഷ്ണവ് വിനോദ് (23) ആണ് മരിച്ചത്. ജോലിക്ക് പോകുന്നതിനിടെ ബൈക്ക് അപകടത്തിൽപെടുകയായിരുന്നു.ബുധനാഴ്ച രാവിലെ ഏഴോടെ കണ്ണൂര്‍-തളിപ്പറമ്പ് ദേശീയ പാതയില്‍ പള്ളിക്കുളത്തായിരുന്നു അപകടം.മൽസ്യം കയറ്റി പോവുകയായിരുന്ന ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു.ഇടിച്ച ലോറി നിർത്താതെ പോയി. കണ്ണൂര്‍ കാല്‍ടെക്സിലെ കോഫീ ഹൗസ് ജീവനക്കാരനാണ്. സിപിഎം കോലത്ത് വയല്‍ മനോജ് സ്ക്വയര്‍ ബ്രാഞ്ച് മെമ്പർ, ഡിവൈഎഫ്‌ഐ യൂണിറ്റ് വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
സംസ്ഥാനത്ത് ഉള്ളി, സവാള വില കുതിക്കുന്നു; ഇനിയും വര്‍ധിക്കുമെന്ന് വ്യാപാരികള്‍
കൊച്ചി: സംസ്ഥാനത്ത് ഉള്ളി, സവാള വില കുതിക്കുന്നു.ദിനംപ്രതി അഞ്ച് രൂപ വീതമാണ് രണ്ടിനും വര്‍ധിക്കുന്നത്.ഈ മാസം ആദ്യം കിലോയ്ക്ക് 35 രൂപയായിരുന്നു ഉള്ളി വിലയെങ്കില്‍ ഇന്നലത്തെ ചെറിയ ഉള്ളിയുടെ ചില്ലറ വില്‍പന വില 95-98 രൂപയായി.സവാള കിലോയ്ക്ക് 80 രൂപയ്ക്കാണ് ഇന്നലെ ചില്ലറ വില്‍പന നടന്നത്. ഉള്ളിയും സവാളയും കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയാണ് വില വര്‍ധനയ്ക്ക പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. അടുത്ത മൂന്ന് മാസത്തേക്ക് ഉള്ളി വില ഇനിയും വര്‍ധിക്കുമെന്നാണ് മൊത്തക്കച്ചവടക്കാര്‍ പറയുന്നത്. പുതിയ കൃഷിയിറക്കിയാലും വിളവെടുത്ത് മാര്‍ക്കറ്റിലെത്താന്‍ അടുത്ത വര്‍ഷം മാര്‍ച്ച് മാസമെങ്കിലുമാകുമെന്ന് ഇവര്‍ പറയുന്നു. ജിഎസ്ടി വിഭാഗത്തിന്റെ റെയ്ഡില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ മൊത്തവ്യാപാരികള്‍ ഗോഡൗണുകള്‍ അടച്ചിട്ടതും വില വര്‍ദ്ധനയില്‍ പ്രതിഫലിച്ചിട്ടുണ്ട്.നിലവില്‍ ലഭിക്കുന്ന ഉള്ളിയുടെ ഗുണനിലവാരവും കുറവാണ്. 100 കിലോഗ്രാം സവാള കൊണ്ടുവന്നാല്‍ അതില്‍ 15 കിലോഗ്രാമും ചീഞ്ഞതാണെന്നു വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞവര്‍ഷ അവസാനം ഉള്ളി വില കിലോയ്ക്ക് 200 രൂപയോളം അടുത്തിരുന്നു.
കളമശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കൊവിഡ് രോഗി മരിച്ച സംഭവം;പൊലീസ് അന്വേഷണം തുടങ്ങി
കൊച്ചി: കളമശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഹാരിസിന്റെ മരണ സമയത്തെ ആശുപത്രിയിലെ ഡ്യൂട്ടി ഷിഫ്റ്റ് പൊലീസ് ആവശ്യപ്പെട്ടു.ആശുപത്രിയിലെ ഡോക്ടേഴ്‌സിന്റേയും ഇതര ജീവനക്കാരുടേയും മൊഴിയെടുക്കും.സംഭവത്തില്‍ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്ന് അനാസ്ഥ ഉണ്ടായോ എന്നാണ് അന്വേഷണം.ഹാരിസിന്റെ ബന്ധുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും.നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം ശരിവച്ച ജൂനിയര്‍ ഡോക്ടര്‍ നജ്മയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.അതിനിടെ ആരോഗ്യമന്ത്രി പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണം തുടരുകയാണ്.ആരോഗ്യ ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ ആണ് അന്വേഷണം നടത്തുന്നത്. ആരോപണങ്ങള്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളും സൂപ്രണ്ടും ഇന്നലെ നിഷേധിച്ചിരുന്നു. കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് ഹൃദയ സ്തംഭനം ഉണ്ടായാണ് ഹാരിസ് മരിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.ശബ്ദസന്ദേശത്തില്‍ പറയുന്ന നഴ്സിങ് ഓഫീസര്‍ ഒരു മാസത്തിലേറെയായി അവധിയിലായിരുന്നുവെന്നും, കോവിഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ലെന്നും ആര്‍എംഒ ഡോ. ഗണേഷ് മോഹന്‍ വ്യക്തമാക്കി. ശബ്ദസന്ദേശത്തെ ശരിവെച്ച ഡോക്ടര്‍ നജ്മയില്‍ നിന്നും ആശുപത്രി അധികൃതര്‍ വിശദീകരണം തേടിയിട്ടുണ്ട്.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊച്ചി സ്വദേശി ഹാരിസാണ് ആശുപത്രി ജീവനക്കാരുടെ ചികിത്സാ വീഴ്ചയെ തുടര്‍ന്ന് മരണപ്പെട്ടത്. ഓക്‌സിജന്‍ ലഭിക്കാതെയാണ് രോഗി മരിച്ചതെന്ന് നഴ്‌സിംഗ് ഓഫീസര്‍ വെളിപ്പെടുത്തുന്ന ശബ്ദു സന്ദേശം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.അതേസമയം സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതരെ പിന്തുണച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തി. മെഡിക്കല്‍ കോളേജിനെ തകര്‍ക്കാന്‍ ഉള്ള ഗൂഢ ലക്ഷ്യമാണ് ആരോപണത്തിന് പിന്നിലെന്ന് വിമര്‍ശിച്ചു.
സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7375 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര്‍ 400, പത്തനംതിട്ട 248, കാസര്‍ഗോഡ് 145, വയനാട് 87, ഇടുക്കി 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 707 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 885, കോഴിക്കോട് 735, മലപ്പുറം 692, എറണാകുളം 438, ആലപ്പുഴ 574, കൊല്ലം 556, കോട്ടയം 430, തിരുവനന്തപുരം 324, പാലക്കാട് 242, കണ്ണൂര്‍ 372, പത്തനംതിട്ട 195, കാസര്‍ഗോഡ് 139, വയനാട് 80, ഇടുക്കി 55 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കോഴിക്കോട് 16, തിരുവനന്തപുരം 13, കൊല്ലം 6, മലപ്പുറം 5, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ 4 വീതം, പത്തനംതിട്ട, കോട്ടയം 3 വീതം, വയനാട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7375 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 360, കൊല്ലം 746, പത്തനംതിട്ട 301, ആലപ്പുഴ 286, കോട്ടയം 404, ഇടുക്കി 85, എറണാകുളം 974, തൃശൂര്‍ 760, പാലക്കാട് 271, മലപ്പുറം 1093, കോഴിക്കോട് 1029, വയനാട് 113, കണ്ണൂര്‍ 544, കാസര്‍ഗോഡ് 409 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1206 ആയി.