ന്യൂഡൽഹി: കോവിഡ് ലോക്ക്ഡൗണിനെ തുടർന്നുണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് ബാങ്കുകള്‍ നല്‍കിയ ആറുമാസത്തെ മൊറട്ടോറിയം വേണ്ടെന്നുവെച്ചവര്‍ക്ക് സമ്മാനം നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മൊറട്ടോറിയം കാലത്ത് മുടങ്ങാതെ ബാങ്ക് വായ്പ തിരിച്ചടച്ചവര്‍ക്കാണ് നിശ്ചിത തുക നല്‍കുക. പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി ആ തുകയാണ് ഇടപാടുകാര്‍ക്ക് നല്‍കുക.ഭവന നിര്‍മാണം, വിദ്യാഭ്യാസം, ക്രെഡിറ്റ് കാര്‍ഡ്, വാഹനം, എഎസ്‌എംഇ, വിട്ടുപകരണങ്ങള്‍ തുടങ്ങിയ 8 വിഭാഗങ്ങളില്‍ വായ്പയെടുത്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. രണ്ട് കോടി രൂപ വരെ വായ്പ എടുത്ത ലക്ഷക്കണക്കിന് ആളുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.കഴിഞ്ഞ മാര്‍ച്ച് ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് പദ്ധതി ബാധകം.50 ലക്ഷം രൂപയുടെ ഭവനവായ്പ 8 ശതമാനം പലിശ നിരക്കിലെടുത്ത ആള്‍ക്ക് 12,425 രൂപയാവും ലഭിക്കുക. വായ്പയെടുത്ത ആളുടെ അക്കൗണ്ടിലേക്കാണ് പണം എത്തുക. ബാങ്ക് വായ്പ എടുത്തവര്‍ കോവിഡ് കാരണം പ്രതിസന്ധിയിലായെന്നും പലിശയിളവ് ഉള്‍പ്പടെയുള്ള ആശ്വാസ നടപടികള്‍ ഉടന്‍ പരിഗണിക്കണം എന്നുമുള്ള സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ നടപടി.വായ്പ തിരിച്ചടയ്ക്കാതെ ഒരുവിഭാഗം മൊറട്ടോറിയം പ്രയോജനപ്പെടുത്തിയതുപോലെ മറ്റുള്ളവര്‍ക്കും ആനുകൂല്യം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.വായ്പയെടുത്തവര്‍ക്ക് ഇത്തരത്തില്‍ നല്‍കുന്ന തുക കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് മടക്കി നല്‍കും. ഏകദേശം 6500 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി ചെലവഴിക്കേണ്ടിവരിക.കേന്ദ്രസര്‍ക്കാരില്‍ നിന്ന് തുക മടക്കിക്കിട്ടാന്‍ നോഡല്‍ ഏജന്‍സിയായ എസ്ബിഐ വഴിയാണ് ബാങ്കുകള്‍ അപേക്ഷ നല്‍കേണ്ടത്. ഡിസംബര്‍ 15 വരെയാണ് ബാങ്കുകള്‍ക്ക് അപേക്ഷിക്കാന്‍ സമയം നല്‍കുക.
ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ കൊച്ചി കായലില്‍ പറന്നിറങ്ങി
കൊച്ചി:ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ കൊച്ചി കായലില്‍ പറന്നിറങ്ങി.മാലിയില്‍ നിന്നു ഗുജറാത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഇന്ധനം നിറയ്ക്കാന്‍ വിമാനം കൊച്ചിയില്‍ ഇറങ്ങിയത്. ഇന്നലെ രാവിലെ മാലദ്വീപില്‍ നിന്നു പറന്നുയര്‍ന്ന സീപ്ലെയിന്‍ ഉച്ചയ്ക്കു 12.45നാണു കൊച്ചി കായലില്‍ ഇറങ്ങിയത്. വെണ്ടുരുത്തി പാലത്തിന് സമീപം സീപ്ലെയിന്‍ ഇറങ്ങാന്‍ ക്രമീകരണം ഒരുക്കിയിരുന്നു. നാവികസേനയുടെ അനുമതിയോടെ ആയിരുന്നു ഇത്. തുടര്‍ന്നു നേവല്‍ ബേസിലെ ജെട്ടിയില്‍ നിന്ന് ഇന്ധനം നിറച്ച വിമാനം ഗുജറാത്തിലേക്ക് പോയി. മാലിയില്‍ നിന്നുള്ള വരവില്‍ ഇന്ത്യയില്‍ ആദ്യമായി ലാന്‍ഡ് ചെയ്തതു കൊച്ചിയിലാണ്. നാവിക സേനാ ഉദ്യോഗസ്ഥരും സിയാല്‍, സ്പൈസ് ജെറ്റ് പ്രതിനിധികളും ജില്ലാ ഭരണകൂടവും ചേര്‍ന്നു സ്വീകരിച്ചു.മാലി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു രാവിലെ 7.20നു പുറപ്പെട്ട ജലവിമാനം മൂന്നു മണിക്കൂറിനു ശേഷം രാവിലെ 10നു മാലിയിലെ തന്നെ ഹനിമാധി വിമാനത്താവളത്തില്‍ ഇറങ്ങി ഇന്ധനം നിറച്ചിരുന്നു. കൊച്ചിയില്‍ നിന്നു ഗുജറാത്തിലേക്കുള്ള യാത്രാമധ്യേ ഗോവയിലെ മാന്‍ഡോവി നദിയില്‍ ഇറങ്ങുന്ന സീ പ്ലെയിന്‍ പുലര്‍ച്ചെ അവിടെ നിന്നു പുറപ്പെട്ട് ഇന്ന് സബര്‍മതിയിലെത്തും.ഗുജറാത്ത് ടൂറിസം വികസനത്തിന്റെ ഭാഗമായി സബര്‍മതി മുതല്‍ ഏകതാ പ്രതിമ വരെയാണ് സീപ്ലെയിന്‍ സര്‍വീസ് നടത്തുക. നാലായിരത്തി എണ്ണൂറ് രൂപയാണ് ഓരോ യാത്രക്കാരും സര്‍വീസിനായി നല്‍കേണ്ടി വരിക. സ്പൈസ് ജെറ്റിനാണ് സര്‍വീസ് ചുമതല. പതിനാറ് യാത്രക്കാര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാന്‍ കഴിയുന്ന വിമാനം പ്രതിദിനം 8 സര്‍വീസുകളാണ് നടത്തുക. റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ നാല് മണിക്കൂര്‍ വേണ്ടിടത്ത് സീപ്ലെയിനില്‍ ഒരു മണിക്കൂര്‍ കൊണ്ട് ഏകതാ പ്രതിമയ്ക്കടുത്ത് എത്താം. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്യും.
സ്വർണ്ണക്കടത്ത് കേസിൽ ഒരു എംഎൽഎ ക്കും പങ്കെന്ന് കസ്റ്റംസിന്റെ രഹസ്യ റിപ്പോർട്ട്
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ പ്രമുഖനായ എംഎല്‍എയ്ക്കും പങ്കുണ്ടെന്ന് കസ്റ്റംസിന്റെ രഹസ്യ റിപ്പോര്‍ട്ട് പുറത്ത്. കേസിലെ പ്രധാന പ്രതി സന്ദീപിന്‍റെ ഭാര്യയാണ് എം.എല്‍.എയുടെ പങ്കിനെ പറ്റി കസ്റ്റംസിന് മൊഴി നല്‍കിയത്. സന്ദീപും റമീസും സ്വര്‍ണം കടത്തിയത് എംഎല്‍എക്ക് വേണ്ടിയാണെന്നും മൊഴിയിലുണ്ട്.ഇതേ എം.എല്‍.എക്ക് പങ്കാളിത്തമുള്ള കള്ളക്കടത്തു സംഘത്തിലെ മുഖ്യകണ്ണിയാണ് സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരനായ കെ.ടി റമീസ് എന്നും റിപ്പോര്‍ട്ടില്‍ കസ്റ്റംസ് വെളിപ്പെടുത്തുന്നു.കേസിലെ മുഖ്യപ്രതികളായ സന്ദീപ് നായര്‍ക്കും സ്വപ്ന സുരേഷിനുമെതിനെതിരെ ‘കോഫെപോസ’ ചുമത്താനുള്ള പ്രത്യേക അപേക്ഷയ്ക്കൊപ്പം കേന്ദ്ര ധനമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എംഎല്‍എയുടെ പേര് പരാമര്‍ശിക്കുന്നത്. സ്വര്‍ണ്ണക്കടത്തിന്റെ പദ്ധതിയും ആസൂത്രണവും സംബന്ധിച്ച് പ്രതികള്‍ തമ്മില്‍ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളിലും എംഎല്‍എയുടെ പേര് പറയുന്നുണ്ട്.അതേസമയം, നിലവില്‍, കേസിലെ പ്രതിയായോ സാക്ഷിയായോ എംഎല്‍എയെ ഉള്‍പ്പെടുത്തിയിട്ടില്ല. സ്വപ്നയും ഇയാളും തമ്മില്‍ നേരിട്ട് ബന്ധപ്പെട്ടിട്ടും ഇല്ല. ഇരുവര്‍ക്കുമിടയിലെ ആശയവിനിമയത്തിന്റെ കണ്ണി റമീസായിരുന്നു എന്നാണ് കസ്റ്റംസ് പറയുന്നത്.എംഎല്‍എയുടെ പങ്ക് വെളിപ്പെടുത്താന്‍ റമീസ് ഇതുവരെ തയാറായിട്ടുമില്ല.സ്വര്‍ണം അടങ്ങിയ നയതന്ത്ര പാഴ്സല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞുവച്ച വിവരം പുറത്തുവന്നതിന്റെ പിറ്റേന്ന് (ജൂലൈ 2) റമീസ് തന്റെ മൊബൈല്‍ ഫോണുകളിലൊന്നു നശിപ്പിച്ചുകളഞ്ഞതായി അന്വേഷണസംഘം പറയുകയുണ്ടായി. ഈ ഫോണിലേക്കാണു ബെംഗളൂരു ലഹരിമരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദും ബന്ധപ്പെട്ടിരുന്നത്. ഇതിലെ സിം കാര്‍ഡ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തമിഴ്നാട് സ്വദേശിയുടെ പേരിലാണ്.
വാട്സാപ്പ് വഴി കൂട്ട കോപ്പിയടി;സാങ്കേതിക സര്‍വകലാശാല ഇന്നലെ നടത്തിയ ബിടെക്ക് പരീക്ഷ റദ്ദാക്കി
തിരുവനന്തപുരം: സാമൂഹിക അകലം മുതലെടുത്ത് വാട്സാപ്പ് വഴി കൂട്ട കോപ്പിയടി നടത്തിയതായി കണ്ടത്തിയതിനെ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല ഇന്നലെ നടത്തിയ ബി ടെക് പരീക്ഷ റദ്ദാക്കി. അഞ്ചു കോളേജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷ ഹാളില്‍ രഹസ്യമായി കൊണ്ടുവന്ന മൊബൈല്‍ വഴിയാണ് കോപ്പിയടി നടത്തിയത്.ബി ടെക് മൂന്നാം സെമസ്റ്റര്‍ കണക്ക് സപ്ലിമെന്‍ററി പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വാട്സാപ്പ് ഗ്രൂപ്പ് വഴി ഉത്തരങ്ങള്‍ കൈമാറുകയായിരുന്നു. ഇന്‍വിജിലേറ്റര്‍ ശാരീരിക അകലം പാലിച്ചതാണ് പരീക്ഷാര്‍ത്ഥികള്‍ മറയാക്കിയത്.പരീക്ഷ റദ്ദ് ചെയ്യുന്നതിനായി പരീക്ഷ കട്രോളര്‍ വിസിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോപ്പിയടി സംബന്ധിച്ച് സാങ്കേതിക സര്‍വകലാശാല സൈബര്‍ സെല്ലില്‍ പരതി നല്‍കാനും തീരുമാനമുണ്ട്.
സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 6468 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200, വയനാട് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 163 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7084 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.939 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 894, തൃശൂര്‍ 1070, തിരുവനന്തപുരം 751, കോഴിക്കോട് 738, കൊല്ലം 730, മലപ്പുറം 688, ആലപ്പുഴ 693, കോട്ടയം 391, പാലക്കാട് 179, കണ്ണൂര്‍ 326, പത്തനംതിട്ട 278, ഇടുക്കി 87, കാസര്‍ഗോഡ് 186, വയനാട് 73 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 17, തിരുവനന്തപുരം, കണ്ണൂര്‍ 9 വീതം, കോഴിക്കോട് 8, കാസര്‍ഗോഡ് 6, തൃശൂര്‍ 5, കോട്ടയം 4, പാലക്കാട് 3, കൊല്ലം, പത്തനംതിട്ട, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6468 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 951, കൊല്ലം 738, പത്തനംതിട്ട 250, ആലപ്പുഴ 472, കോട്ടയം 517, ഇടുക്കി 49, എറണാകുളം 538, തൃശൂര്‍ 481, പാലക്കാട് 459, മലപ്പുറം 207, കോഴിക്കോട് 940, വയനാട് 126, കണ്ണൂര്‍ 355, കാസര്‍ഗോഡ് 385 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 97,417 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 67,593 സാമ്പിളുകളാണ് പരിശോധിച്ചത്.ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 624 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കണ്ണൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 31 വരെ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍
കണ്ണൂര്‍: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 31 വരെ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാതെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. വീടുകളില്‍ തന്നെ കഴിയേണ്ട കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ ബീച്ചുകളിലും മറ്റും കൂട്ടമായെത്തുന്നത് ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കൊവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തി തടയാന്‍ നിയോഗിക്കപ്പെട്ട സെക്ടര്‍ മജിസ്ട്രേറ്റുമാരും പോലിസും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. ജില്ലയില്‍ 144 വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൊതുചടങ്ങുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം സംഘാടകര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.ജനങ്ങളുടെ കൂടി സഹകരണത്തോടെയാണ് ജില്ലയില്‍ കൊവിഡ് വ്യാപനം വലിയൊരളവു വരെ നിയന്ത്രിച്ചു നിര്‍ത്താനായത്. കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന ഈ നിര്‍ണായക ഘട്ടത്തില്‍ ചെറിയ ജാഗ്രതക്കുറവ് പോലും വലിയ പ്രയാസങ്ങളാണ് സൃഷ്ടിക്കുകയെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ബാങ്ക് വായ്പകളുടെ മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കി;മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്ര ധനമന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് ബാങ്ക് വായ്പകളുടെ മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കി കേന്ദ്ര ധനമന്ത്രാലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കി. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഇതേതുടര്‍ന്ന് മൊറട്ടോറിയം പ്രഖ്യാപിച്ച മാര്‍ച്ച് ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള ആറ് മാസക്കാലത്തെ രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കും.ഭവന വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍, വാഹന വായ്പ, ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍, എംഎസ്‌എംഇ വായ്പകള്‍ തുടങ്ങിയവയുടെ കൂട്ടുപലിശയാണ് ഒഴിവാക്കുക. ഇതില്‍ കാര്‍ഷിക വായ്പകള്‍ ഉള്‍പ്പെടുന്നില്ല.നേരത്തെ, പിഴപ്പലിശ ഒഴിവാക്കാന്‍ തീരുമാനിച്ചെങ്കില്‍ അത് നടപ്പാക്കാന്‍ എന്തിനാണ് വൈകുന്നതെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. ഇതിന് മറുപടിയായി മൊറോട്ടോറിയം കാലത്തെ ബാങ്ക് വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂട്ടുപലിശ ഒഴിവാക്കിക്കൊണ്ടുള്ള മാര്‍ഗരേഖ കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്ക്കരിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ; മരിച്ചവരുടെ മുഖം അവസാനമായി കാണാന്‍ കുടുംബത്തിന് അവസരം നൽകും
തിരുവനന്തപുരം:കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്ക്കരിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാനുളള അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണിക്കുവാനുളള അവസരമാണ് നല്‍കുന്നത്. കൊവിഡ് മൂലം മരണമടഞ്ഞവരുടെ മൃതദേഹം സംസ്‌കരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് എസ്.ഒ.പി.യും ഡെഡ് ബോഡി മാനേജ്‌മെന്റും മാര്‍ഗനിര്‍ദേശങ്ങൾ പുറപ്പെടുവിച്ചു.കൊവിഡ് ബാധിച്ച് മരണമടഞ്ഞാല്‍ മൃതദേഹത്തില്‍ നിന്നും വളരെ പെട്ടെന്ന് രോഗ വ്യാപനം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ തന്നെ മൃതദേഹം നേരിട്ട് കാണാനോ സംസ്‌കരിക്കാന്‍ ഒത്തുകൂടാനോ പാടില്ല. രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗ്രതയോടെ മാര്‍നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.മരിച്ച ആളിന്റെ മൃതദേഹം അടുത്ത് നിന്ന് കാണരുത്. നിശ്ചിത അകലം പാലിച്ച് മതഗ്രന്ഥങ്ങള്‍ വായിക്കുക, മന്ത്രങ്ങള്‍ ഉരുവിടുക തുടങ്ങിയ മതപരമായ മറ്റ് ചടങ്ങുകള്‍ ശരീരത്തില്‍ സ്പര്‍ശിക്കാതെ ചെയ്യാവുന്നതാണ്. ഒരു കാരണവശാലും മൃതദേഹം സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ പാടില്ല. 60 വയസിന് മുകളില്‍ പ്രായമുളളവര്‍, 10 വയസില്‍ താഴെയുള്ള കുട്ടികള്‍, മറ്റ് രോഗങ്ങളുളളവര്‍ എന്നിവര്‍ മൃതദേഹവുമായി നേരിട്ട് ഒരു സമ്പർക്കവും ഉണ്ടാകാന്‍ പാടില്ല.സംസ്‌കരിക്കുന്ന സ്ഥലത്ത് വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമേ പങ്കെടുക്കാവൂ. അവരെല്ലാം തന്നെ ഒത്തുകൂടാതെ സുരക്ഷിത അകലം പാലിക്കണം. മൃതദേഹങ്ങളില്‍ നിന്നുള്ള അണുബാധ തടയുന്നതിനായി വളരെ ആഴത്തില്‍ കുഴിയെടുത്ത് സംസ്‌കരിക്കേണ്ടതാണ്. ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും മേല്‍നോട്ടവും അതത് സ്ഥലത്തെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നേരിട്ട് നല്‍കുന്നതാണ്. കൊവിഡ് ബാധിച്ച രോഗി മരണപ്പെട്ടാല്‍ പരിശീലനം ലഭിച്ച ആശുപത്രി ജീവനക്കാര്‍ മൃതദേഹം ട്രിപ്പിള്‍ ലെയര്‍ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടി അണുവിമുക്തമാക്കി പ്രത്യേക സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്. മൃതദേഹം പായ്ക്ക് ചെയ്യാനും അണുവിമുക്തമാക്കാനും കൈകാര്യം ചെയ്യാനും ജീവനക്കാര്‍ക്ക് ആശുപത്രികളില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. മൃതദേഹവുമായി സമ്പർക്കം പുലര്‍ത്തുന്നവര്‍ വ്യക്തിഗത സുരക്ഷാ ഉപകരണമായ പി.പി.ഇ.കിറ്റ് ധരിക്കേണ്ടതാണ്.ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ആവശ്യമായ മുന്നൊരുക്കത്തോടെ വേണം മൃതദേഹം സംസ്‌കരിക്കേണ്ട സ്ഥലത്തെത്തിക്കേണ്ടത്. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കൊണ്ടുപോയ വാഹനവും സ്ട്രക്ച്ചറും അണുവിമുക്തമാക്കണം. ശ്മശാനത്തിലെ ജീവനക്കാരുടെ ഡ്യൂട്ടി, അവധി തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കണം. ജീവനക്കാര്‍ കൈകള്‍ വൃത്തിയാക്കല്‍, മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കല്‍ തുടങ്ങിയവയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. സംസ്‌കാരത്തില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളനുസരിച്ച് വീട്ടിലെ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്.കൊവിഡ് മരണങ്ങളില്‍ മൃതദേഹങ്ങള്‍ മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന് വിവിധ സമുദായിക സംഘടനകളില്‍ നിന്നുയര്‍ന്ന ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇളവുകള്‍ വരുത്തുന്നത്.
ലൈസന്‍സില്ലാതെ വീടുകളില്‍ നിന്നും കെയ്ക്കും മറ്റ് ഭക്ഷ്യവസ്തുക്കളും വിറ്റാല്‍ ഇനി അഞ്ച് ലക്ഷം പിഴ, ആറുമാസം തടവും
തിരുവനന്തപുരം:ഹോം ബേക്കിംഗിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ.ലൈസന്‍സും രജിസ്‌ട്രേഷനുമില്ലാതെ കേക്കും മറ്റ് ഭക്ഷ്യവസ്തുക്കളുമുണ്ടാക്കി വില്‍ക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതോടെ 2020 മാര്‍ച്ചിനുശേഷം 2300 രജിസ്‌ട്രേഷനാണ് നടന്നത്. എന്നാല്‍, ഇപ്പോഴും ലൈസന്‍സും രജിസ്‌ട്രേഷനുമില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി യൂണിറ്റുകളുണ്ട്. ഈ സാഹചര്യത്തില്‍ ശിക്ഷാ നടപടികളും കടുപ്പിക്കുകയാണ് അധികൃതര്‍.ലൈസന്‍സും രജിസ്‌ട്രേഷനുമില്ലാതെ വില്‍പ്പന നടത്തിയാല്‍ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും ശിക്ഷ നല്‍കാമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം 2011 ലാണ് നിലവില്‍ വന്നത്. 12 ലക്ഷം രൂപയ്ക്കു മുകളില്‍ കച്ചവടം ഉണ്ടെങ്കില്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. അതിനുതാഴെയാണെങ്കില്‍ രജിസ്‌ട്രേഷന്‍ നടത്തണം. അക്ഷയകേന്ദ്രം വഴി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ജില്ലാ ഓഫീസില്‍ നിന്നാണ് ലൈസന്‍സും രജിസ്‌ട്രേഷനും നല്‍കുന്നത്. വീഴ്ച വരുത്തിയതായി വിവരം ലഭിച്ചാല്‍ ബന്ധപ്പെട്ട മേഖലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ്;അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് വീണ്ടും അവസരം
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഒക്ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് വീണ്ടും അവസരം. ഒക്ടോബര്‍ 27 മുതല്‍ 31 വരെ പേര് ചേർക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. 941 ഗ്രാമപഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍,6 കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു. വോട്ടര്‍ പട്ടികയില്‍ നിന്നും പേരുകള്‍ ഒഴിവാക്കുന്നതിനും ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനുമുളള അപേക്ഷകളും 27 മുതല്‍ സമര്‍പ്പിക്കാം.പേരുകള്‍ ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും സ്ഥാനമാറ്റം നടത്തുന്നതിനും ‘lsgelection.kerala.gov.in’ എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷകളാണ് നല്‍കേണ്ടത്. മരിച്ചവരെയും സാധാരണ താമസക്കാരല്ലാത്തവരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുളള ആക്ഷേപങ്ങള്‍ ഫോറം 5-ലും ഫോറം 8-ലും നേരിട്ടോ തപാലിലൂടെയോ അതാത് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കാം.ഒക്ടോബര്‍ 31 വരെ ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് നവംബര്‍ 10-ന് സപ്ലിമെന്ററി പട്ടികകള്‍ പ്രസിദ്ധീകരിക്കാന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ 1,29,25,766 പുരുഷര്‍, 1,41,94,775 സ്ത്രീകള്‍ 282 ട്രാന്‍സ്ജെന്റര്‍മാര്‍ എന്നിങ്ങനെ 2,71,20,823 വോട്ടര്‍മാരാണ് ഉള്‍പ്പെട്ടിട്ടുളളത്.