ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിൽ;നാല് ദിവസം ഇഡി കസ്റ്റഡിയില്‍

keralanews bineesh kodiyeri arrested in bengalooru drug case four days in e d custody
ബെംഗളൂരു:ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിൽ.ബാംഗ്ലൂര്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക കേസില്‍ രാവിലെ മുതല്‍ ബിനീഷിനെ ഇ.ഡി ചോദ്യം ചെയ്തുവരികയായിരുന്നു.ബിനീഷ് കോടിയേരിയുടെ നിര്‍ദ്ദേശപ്രകാരം മറ്റുള്ളവരില്‍ നിന്നും ബിസിനസ്സിൽ പണം നിക്ഷേപിച്ചെന്ന് അനൂപ് എന്‍ഫോഴ്സ്മെന്‍റിന് മൊഴി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ബിനീഷിന്‍റെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. പരപ്പന അഗ്രഹാര ജയിലില്‍ വെച്ച് നടന്ന ചോദ്യം ചെയ്യലിലായിരുന്നു പ്രതിയായ അനൂപിന്‍റെ നിര്‍ണായകമായ വെളിപ്പെടുത്തല്‍. ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് ആറാം പ്രതിയാണ്.ഇന്ന് രണ്ടാം തവണയാണ് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ബിനീഷ് ഹാജരായത്.കഴിഞ്ഞതവണ ചോദ്യം ചെയ്യൽ നടന്ന ശാന്തി നഗറിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ സോണൽ ഓഫീസിലാണ് ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി എത്തിയത്.വളരെ രഹസ്യമായി പത്ത് മണിക്ക് ഇ ഡി ഓഫീസിലെത്തിയ ബിനീഷിനെ ഉച്ചയ്‌ക്ക് രണ്ടേക്കാലോടെയാണ് എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തത്.ഒരു മണിക്കൂറിനിടെ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.നാല് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ നല്‍കിയ അപേക്ഷ ബെംഗളൂരു സിറ്റി സിവില്‍ കോടതി മജിസ്‌ട്രേറ്റ് അംഗീകരിച്ചു.കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ബിനീഷില്‍ നിന്നും അറിയാനുണ്ടെന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതിയുടെ നടപടിയുണ്ടായിരിക്കുന്നത്. കസ്റ്റഡിയില്‍ വിശദമായി ബിനീഷിനെ ചോദ്യം ചെയ്‌തേക്കും. അതിനിടെ, ബിനീഷിനെതിരെ ബംഗളൂരു മയക്ക് മരുന്ന് കേസ് അന്വേഷിക്കുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കേസെടുക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

മയക്കുമരുന്ന് കേസ്;ബിനീഷ് കോടിയേരി എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ

keralanews drug case bineesh kodiyeri under enforcement custody

ബെംഗളൂരു: ലഹരിമരുന്ന് കടത്തുകേസില്‍ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണ ചോദ്യം ചെയ്യാനായി ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ബംഗളൂരുവിലേക്ക് വിളിച്ചു വരുത്തിയിരുന്നു.മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷമാണ് ബിനീഷിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണല്‍ ഓഫീസില്‍ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരായത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ലഹരിമരുന്ന് കേസില്‍ പ്രതിയായ അനൂപ് മുഹമ്മദിന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമായി അന്വേഷിക്കുന്നത്.അനൂപ് മുഹമ്മദിന് ഹോട്ടല്‍ തുടങ്ങുന്നതിന് ബിനീഷ് കോടിയേരി സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇരുവരുടെയും മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. ഇതിന്റെ വസ്തുത തേടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.ഓഗസ്റ്റ് 21നാണ് ബിനീഷിനെ ആദ്യമായി ചോദ്യം ചെയ്തത്. രണ്ടാമത്തെ തവണ ചോദ്യം ചെയ്യാനായി ഒക്ടോബര്‍ 21ന് വീണ്ടും വിളിപ്പിച്ചെങ്കിലും ആരോഗ്യകാരണങ്ങളാല്‍ എത്താന്‍ സാധിച്ചില്ല. തുടര്‍ന്നാണ് വീണ്ടും വിളിപ്പിച്ചത്.

വ്യാപാരിയെ കൊലപ്പെടുത്തിയ കേസ്;മട്ടന്നൂർ സ്വദേശികളായ നാലുപേർക്ക് ഖത്തറിൽ വധശിക്ഷ

keralanews the case of the murder of the merchant four mattannur residents sentenced to death in qatar

ദോഹ:സ്വർണ്ണ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ നാല് മലയാളികളെ ഖത്തറിൽ വധശിക്ഷയ്ക്ക് വിധിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ കെ.അഷ്ഫീർ, അനീസ്, റാഷിദ് കുനിയിൽ, ടി. ഷമ്മാസ് എന്നിവരെയാണ് ഖത്തർ ക്രിമിനൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. യെമൻ സ്വദേശിയായ വ്യാപാരിയാണ് കൊല്ലപ്പെട്ടത്. കേസിൽ മൊത്തം 27 പ്രതികളുണ്ട്. ഇതിൽ ഒന്ന് മുതൽ നാല് വരെയുള്ള പ്രതികളാണിവർ.ഏതാനും പ്രതികളെ വെറുതെ വിട്ടു.മറ്റു പ്രതികൾക്ക് അഞ്ചുവർഷം,രണ്ടുവർഷം,ആറുമാസം എന്നിങ്ങനെയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.കേസിൽ ഇന്നലെയാണ് കോടതി വിധിയുണ്ടായത്.2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം.മലയാളി ഏറ്റെടുത്ത് നടത്തിയിരുന്ന മുർറയിലെ ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്.ഉറങ്ങിക്കിടന്ന വ്യാപാരിയെ അഷ്ഫീറിനും സംഘവും ചേർന്ന് വകവരുത്തുകയായിരുന്നു. ശേഷം തട്ടിയെടുത്ത സ്വർണ്ണവും പണവും ഇവർ വിവിധമാർഗ്ഗങ്ങളിലൂടെ നാട്ടിലേക്കയച്ചു.ദോഹയിൽ വിവിധയിടങ്ങളിൽ ജ്വല്ലറികൾ നടത്തിയിരുന്ന ആളായിരുന്നു യെമൻ സ്വദേശി.മൂന്നു പ്രധാന പ്രതികൾ കൊലപാതക വിവരം പുറത്തുവരുന്നതിനു മുൻപ് തന്നെ ഖത്തർ വിട്ടിരുന്നു.ബാക്കിയുള്ളവർ ഖത്തർ ജയിലിലാണ്.ഉത്തരവിനെതിരെ പ്രതികള്‍ക്ക് അപ്പീൽ കോടതിയെ സമീപിക്കാം.

സ്വർണ്ണക്കടത്ത് കേസ്;എം. ശിവശങ്കറിനെ കോടതി ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

keralanews gold smuggling case court remanded m sivasankar in seven days custody

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കോടതി ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാംപ്രതിയാണ് ശിവശങ്കര്‍.രാവിലെ ഒൻപത് മുതല്‍ വൈകീട്ട് ആറ് വരെ മാത്രമേ ശിവശങ്കറിനെ ചോദ്യംചെയ്യാവൂ എന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇ.ഡിയോട് നിര്‍ദേശിച്ചു.നടുവേദനയുണ്ടെന്നും ചികിത്സ വേണമെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു. അന്വേഷണവുമായി താന്‍ സഹകരിച്ചിട്ടുണ്ട്. അന്വേഷണ ഏജന്‍സികള്‍ തന്നെ നിരന്തരം ബുദ്ധിമുട്ടിക്കുകയാണെന്നും ശിവശങ്കര്‍ പറഞ്ഞു. അഭിഭാഷകന്‍ എസ് രാജീവ് ആണ് ശിവശങ്കരന് വേണ്ടി ഹാജരായത്.ശിവശങ്കറിന് ചികിത്സ ഉറപ്പാക്കണമെന്ന് കോടതി ഇ.ഡിയോട് ആവശ്യപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തിരുന്നു. ആറ് മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഡിജിറ്റല്‍ തെളിവുകളടക്കം നിരത്തി അന്വേഷണ സംഘം നടത്തുന്ന ചോദ്യം ചെയ്യലാകും ഇനി നടക്കുക.

വാളയാര്‍ കേസ്;പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു

keralanews walayar case struggle of the girls mother seeking justice entered in fifth day

പാലക്കാട്:വാളയാർ കേസിൽ നീതി തേടി പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.സര്‍ക്കാര്‍ സ്ഥാനക്കയറ്റത്തിന് ശിപാര്‍ശ ചെയ്ത എം ജെ സോജനെതിരെ നടപടി എടുക്കണമെന്നാണ് പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ പ്രധാന ആവശ്യം. മുഖ്യമന്ത്രി പറഞ്ഞ് പറ്റിച്ചെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് കുടുംബം. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അട്ടപ്പളത്തെ സമരപന്തല്‍ സന്ദര്‍ശിക്കും.പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ വീടിന് മുന്നില്‍ ഈ മാസം 31 വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ ഇവിടെ എത്തിയിരുന്നു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സമരത്തിന് ശേഷം സെക്രട്ടേറിയറ്റിന് മുന്‍പിലേക്ക് സമരം വ്യാപിപ്പിക്കാനാണ് പെണ്‍കുട്ടികളുടെ കുടുംബവും സമരസമിതിയും ആലോചിക്കുന്നത്.കോടതി മേല്‍നോട്ടത്തിലുളള പുനരന്വേഷണമാണ് മാതാപിതാക്കളുടെ ആവശ്യം. നീതി ലഭിച്ചില്ലെങ്കില്‍ മരണം വരെ സത്യാഗ്രഹം തുടരുമെന്ന് അവര്‍ പറഞ്ഞു. 2019 ല്‍ വിധി വന്നശേഷം മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ഏതന്വേഷണത്തിനും കൂടെയുണ്ടാകുമെന്ന് നല്‍കിയ ഉറപ്പ് പാഴായി. അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ താന്‍ സ്വന്തം മകളെ കൊന്നെന്ന് സമ്മതിക്കാന്‍ പോലും സമ്മര്‍ദ്ദമുണ്ടായെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍ ആരോപിക്കുന്നു.കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെ, അന്വേഷണ മേധാവിയായ ഡി.വൈ.എസ്.പി സോജന് സ്ഥാനക്കയറ്റം നല്‍കിയത് അട്ടിമറിയാണെന്നും മാതാപിതാക്കള്‍ ആരോപിച്ചു.

21 തവണ സ്വര്‍ണം കടത്തിയതിലും ശിവശങ്കറിന് പങ്കെന്ന് ഇ.ഡി; അറസ്റ്റ് ഓര്‍ഡറിലെ വിവരങ്ങള്‍ പുറത്ത്

keralanews sivasankar has role in smuggling gold 21 times details in e d arrest order is out

കൊച്ചി:അറസ്റ്റിന് മുന്നോടിയായി ഇ.ഡി ശിവശങ്കറിന് കൈമാറിയ അറസ്റ്റ് ഓര്‍ഡറിലെ വിവരങ്ങൾ പുറത്ത്.21 തവണ സ്വര്‍ണം കടത്തിയതിലും ശിവശങ്കറിന്റെ സഹായമുണ്ടായിരുന്നുവെന്ന് ഇ.ഡി ശിവശങ്കറിന് നല്‍കിയ അറസ്റ്റ് ഓര്‍ഡറില്‍ പറയുന്നു. സ്വര്‍ണം അടങ്ങിയ ബാഗേജ് വിട്ടുകിട്ടാന്‍ സ്വപ്നയുടെ ആവശ്യപ്രകാരം ശിവശങ്കർ കസ്റ്റംസ് ഓഫിസറോട് സംസാരിച്ചു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് ഇത് തെളിവാണ്.സ്വപ്നയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതിലും കൈകാര്യം ചെയ്യുന്നതിലും ശിവശങ്കറിന് പങ്കുണ്ടെന്നും അറസ്റ്റ് മെമ്മോയില്‍ പറയുന്നു.ചോദ്യംചെയ്യലില്‍ അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും അറസ്റ്റ് ഓര്‍ഡറില്‍ പറയുന്നുണ്ട്‍.സ്വപ്നയും വേണുഗോപാലും നല്‍കിയ മൊഴികള്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിര്‍ണായകമായി. സാമ്പത്തിക ഇടപാടുകള്‍ ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നാണ് വേണുഗോപാലിന്‍റെ മൊഴി. സാമ്പത്തിക ഇടപാടുകള്‍ എല്ലാം ശിവശങ്കറിനെ അറിയിച്ചിരുന്നുവെന്ന് സ്വപ്നയും മൊഴി നല്‍കി. ബാങ്ക് ലോക്കറില്‍ നിന്നും കണ്ടെത്തിയ ഒരു കോടി രൂപയും തെളിവായി.ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി വീണ്ടും ചോദ്യംചെയ്യും. ശിവശങ്കറിന്‍റെ സാന്നിധ്യത്തിൽ ചോദ്യംചെയ്യാനാണ് നീക്കം. ശിവശങ്കറിനെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമായിരിക്കും വേണുഗോപാലിനെ വിളിച്ചുവരുത്തുക. ശിവശങ്കറിനെ ഇന്ന് 11 മണിയോടെ കോടതിയില്‍ ഹാജരാക്കും. കോടതി അവധിയായതിനാല്‍ ജഡ്ജി പ്രത്യേക സിറ്റിംഗ് നടത്തിയേക്കും. ഒരാഴ്ചത്തെ കസ്ററഡി ആവശ്യപ്പെടാനാണ് ഇഡിയുടെ നീക്കം.

എം.ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തു

keralanews enforcement directorate arrested m sivasankar

കൊച്ചി:മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തു. ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് മുമ്പായി എൻഫോഴ്സ്മെൻറ് ജോയിൻറ്‌ഡയറക്ടർ ഗണേഷ് കുമാർ, സ്പെഷ്യൽ ഡയറക്ടർ സുശീൽ കുമാർ എന്നിവരും കൊച്ചിയിലെത്തിയിരുന്നു. ബിനാമി ഇടപാടുകള്‍, കള്ളപ്പമം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചതിനു തൊട്ടുപിന്നാലെ, ഇന്നലെ രാവിലെ പത്തരയോടെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍നിന്ന്‌ ശിവശങ്കറെ ഇ.ഡി. കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന്‌, ഉച്ചകഴിഞ്ഞു കൊച്ചിയിലെത്തിച്ച്‌ ആറുമണിക്കൂറിലേറെ ചോദ്യംചെയ്‌തശേഷമായിരുന്നു അറസ്‌റ്റ്‌. കൊച്ചിയിലേക്കുള്ള യാത്രയ്‌ക്കിടെ ചേര്‍ത്തലയിലെത്തിയപ്പോള്‍ കസ്‌റ്റംസും ശിവശങ്കറിന്റെ കസ്‌റ്റഡി രേഖപ്പെടുത്തിയിരുന്നു. രണ്ട്‌ ഏജന്‍സികളും ചോദ്യംചെയ്‌തെങ്കിലും ആര്‌ ആദ്യം അറസ്‌റ്റ്‌ ചെയ്യണമെന്ന ആശയക്കുഴപ്പം തുടര്‍ന്നു. പിന്നീട്‌, ഡല്‍ഹിയില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ്‌ ഇ.ഡിതന്നെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയതെന്നാണു സൂചന.ഇതോടെ, ചോദ്യംചെയ്യല്‍ കേന്ദ്രത്തില്‍നിന്നു കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥര്‍ മടങ്ങി. ചെന്നൈയില്‍നിന്ന്‌ മുതിര്‍ന്ന ഇ.ഡി. ഉദ്യോഗസ്‌ഥര്‍ ചോദ്യംചെയ്യലിന്‌ എത്തിയപ്പോള്‍തന്നെ അറസ്‌റ്റ്‌ ഉറപ്പായിരുന്നു.കള്ളപ്പണം വെളുപ്പിക്കാന്‍ ശിവശങ്കറിനു സ്വര്‍ണക്കടത്ത്‌ കേസ്‌ പ്രതികളുടെ സഹായം ലഭിച്ചെന്നു ചോദ്യംചെയ്യലില്‍ ഇ.ഡി. കണ്ടെത്തിയിരുന്നു.ശിവശങ്കര്‍ സ്വര്‍ണക്കടത്തില്‍ മുതല്‍മുടക്കിയതിനും ലാഭവിഹിതം ലോക്കറില്‍ സൂക്ഷിച്ചതിനും പ്രതികളുമായുള്ള ഉറ്റബന്ധം തെളിവാണെന്ന്‌ ഇ.ഡി. ചോദ്യംചെയ്യല്‍വേളയില്‍ത്തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകളുടെ ഭാഗമാകേണ്ട ഔദ്യോഗികസാഹചര്യം ശിവശങ്കറിനില്ലായിരുന്നെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി ഇന്നലെ മുന്‍കൂര്‍ജാമ്യം നിഷേധിച്ചത്‌.

സംസ്​ഥാനത്ത്​ ഇന്ന് 8790 പേര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചു;7660 പേര്‍ക്ക് രോഗമുക്തി

keralanews 8790 covid cases confirmed in the state today 7660 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 8790 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 178 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7646 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 872 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 994, കോഴിക്കോട് 1087, തൃശൂര്‍ 1005, കൊല്ലം 923, ആലപ്പുഴ 717, തിരുവനന്തപുരം 582, കോട്ടയം 588, മലപ്പുറം 502, കണ്ണൂര്‍ 385, പാലക്കാട് 218, പത്തനംതിട്ട 198, കാസര്‍ഗോഡ് 197, വയനാട് 178, ഇടുക്കി 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.94 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 22, കോഴിക്കോട്, കണ്ണൂര്‍ 19 വീതം, എറണാകുളം 7, തൃശൂര്‍ 6, കൊല്ലം 5, പത്തനംതിട്ട 4, മലപ്പുറം, വയനാട്, കാസര്‍ഗോഡ് 3 വീതം, കോട്ടയം 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 594, കൊല്ലം 459, പത്തനംതിട്ട 265, ആലപ്പുഴ 366, കോട്ടയം 1020, ഇടുക്കി 90, എറണാകുളം 633, തൃശൂര്‍ 916, പാലക്കാട് 735, മലപ്പുറം 1028, കോഴിക്കോട് 720, വയനാട് 137, കണ്ണൂര്‍ 358, കാസര്‍ഗോഡ് 339 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,264 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 687 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ പ്രതിദിനം ആയിരം പേര്‍ക്ക് ദർശനത്തിന് അനുമതി

keralanews 1000 people are allowed to visit sabarimala everyday during mandala makaravilaku season

പത്തനംതിട്ട:മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ പ്രതിദിനം ആയിരം പേര്‍ക്ക് ദർശനത്തിന് അനുമതി നൽകും.വാരാന്ത്യങ്ങളില്‍ രണ്ടായിരം പേരെ അനുവദിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. തീര്‍ഥാടന കാലത്തെ സാധാരണ ദിവസങ്ങളില്‍ 1,000 പേരെയും വാരാന്ത്യങ്ങളില്‍ 2,000 പേരെയും വിശേഷ ദിവസങ്ങളില്‍ 5,000 പേരെയും അനുവദിക്കാമെന്നായിരുന്നു സമിതി നേരത്തെ പ്രഖ്യാപിച്ചത്. തീര്‍ഥാടന കാലത്തേക്കായി 60 കോടിയോളം രൂപ മുടക്കിയെന്നും തീര്‍ഥാടകര്‍ എത്താതിരുന്നാല്‍ അത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ദേവസ്വം ബോര്‍ഡ് ഉന്നതതല യോഗത്തില്‍ ബോധിപ്പിച്ചു.കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. വെര്‍ച്വല്‍ ക്യൂ വഴിയാണ് പ്രവേശനം അനുവദിക്കുക. അതേസമയം, പ്രവേശനത്തിന് അനുമതി നല്‍കുന്നവരുടെ എണ്ണം കൂട്ടണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് യോഗത്തില്‍ തീരുമാനിച്ചു. സ്ഥിതി വിലയിരുത്തിയ ശേഷം പരിഗണിക്കാമെന്നാണ് തീരുമാനം.

മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി;എം.ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്

keralanews high court rejected anticipatory bail application sivasankar under enforcement directorate custody

തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ജസ്റ്റിസ് അശോക് മോനോനാണ് വിധി പറഞ്ഞത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസിലാണ് വിധി.വിധി വന്നതിന് തൊട്ടുപിന്നാലെ ശിവശങ്കറിനെ ഇ.ഡി കസ്റ്റഡിയിലെടുത്തു.ശിവശങ്കര്‍ ചികിത്സയില്‍ ഇരിക്കുന്ന ആയുര്‍വേദ ആശുപ്രതിയില്‍ എത്തിയാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്തത്.ശിവശങ്കറിനെ ഉടനെ കൊച്ചിയിലെത്തിക്കും.അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.കസ്റ്റംസ് , ഇഡി എന്നീ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‍ന നടത്തിയ ക്രമേകേടുകള്‍ ശിവശങ്കറിന്റെ അറിവോടെയാണെന്നും സ്വപ്നയുമായി വളരെ അടുത്ത ബന്ധമുണ്ടെന്നാണു ശിവശങ്കറിന്റെ ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ മനസിലായതെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പറയുന്നു.  ഇതേ കുറിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനും ഗൂഢാലോചയില്‍ ശിവശങ്കറിന്റെ പങ്കിനെ കുറിച്ച്‌ വ്യക്തമാക്കാനും കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ ആവശ്യമാണെന്നും അതിനാല്‍ ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്നും മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കവെ ഇഡി കോടതിയെ അറിയിച്ചിരുന്നു.ശിവശങ്കർ സ്വാധീനമുള്ള ഉദ്യോഗസ്ഥനാണെന്നും സ്വർണക്കടത്തു ഗൂഡലോചനയിൽ പങ്കുണ്ടെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിട്ടുളളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി സ്വർണക്കടത്തിന് സഹായിക്കാൻ ഉപയോഗിച്ചു. ചോദ്യം ചെയ്യലില്‍ പൂർണമായ നിസ്സകരണം ആണ് ശിവശങ്കറിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. സ്വര്‍ണക്കടത്തില്‍ പ്രധാന ആസൂത്രകൻ ശിവശങ്കർ ആണെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണം സ്വപ്ന ശിവശങ്കറിന്‍റെ വിശ്വസ്ത ആണ് സ്വപ്നയെ മറയാക്കി ശിവശങ്കർ തന്നെ ആകാം എല്ലാം നിയന്ത്രിച്ചതെന്നുമായിരുന്നു ഇഡിയുടെ വാദം.കൂടാതെ ശിവശങ്കറിനെതിരെയുള്ള തെളിവുകള്‍ ഇഡി കോടതിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് ഇഡിയും കസ്റ്റംസും റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ മിനിറ്റുകള്‍ക്കകം ഇഡി ശിവശങ്കറെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോയത്.