ന്യൂഡൽഹി: മോറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് ആണ് ഇളവ് അനുവദിക്കുക എന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പിഴ പലിശ ഒഴിവാക്കുന്നതിലൂടെ 6000 കോടി രൂപയുടെ ബാധ്യത ബാങ്കുകള്‍ക്ക് ഉണ്ടാകും എന്നാണ് വിലയിരുത്തല്‍. മൊറട്ടോറിയം കാലയളവിലെ പലിശ പൂര്‍ണ്ണമായും എഴുതി തള്ളിയാല്‍ ബാങ്കുകള്‍ക്ക് ആറ് ലക്ഷം കോടി യുടെ ബാധ്യത ഉണ്ടാകും എന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ബാങ്കുകളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും എന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി എടുത്ത വായ്പ എന്നിവയ്ക്ക് ആണ് ഇളവ് ലഭിക്കുക. രണ്ട് കോടി രൂപയ്ക്ക് മുകളില്‍ ഉള്ള വായ്പയ്ക്ക് ഈ ആനുകൂല്യം ലഭിക്കില്ല എന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.ലോക് ഡൗണിനെ തുടര്‍ന്ന് വായ്പകള്‍ക്ക് മൊറോട്ടോറിയം ഏര്‍പ്പെടുത്തിയ മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള ആറ് മാസ കാലയളവില്‍ പലിശയ്ക്ക് പിഴ പലിശ ഏര്‍പെടുത്തില്ലെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.വായ്പകള്‍ നിഷ്‌ക്രീയ ആസ്തിയായി പ്രഖ്യാപിക്കല്‍, ക്രെഡിറ്റ് റേറ്റിംഗ് കുറയ്ക്കല്‍ തുടങ്ങിയ വിഷയങ്ങളിലും ഇളവുകള്‍ ഏർപ്പെടുത്തിയിട്ടുണ്ട് എന്നും കേന്ദ്ര ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ആദിത്യ കുമാര്‍ ഘോഷ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊവിഡ് രോഗിയെ പുഴുവരിച്ച കേസ്;സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍; ഡോക്ടര്‍മാരും നഴ്സുമാരും സമരത്തിലേക്ക്
തിരുവനന്തപുരം:കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന കിടപ്പുരോഗിയെ പുഴുവരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ഡോക്ടറെയും നഴ്സുമാരെയും സസ്പെന്‍ഡ് ചെയ്തതിനെതിരെ ജില്ലയില്‍ ആരോഗ്യവകുപ്പ് ജീവനക്കാരുടെ സമരം. ഒപി ഡ്യൂട്ടി ബഹിഷ്കരിച്ച് ഡോക്ടര്‍മാരുടെ റിലേ നിരാഹാര സത്യാഗ്രഹമാണ് കെജിഎംസിടിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. അതേസമയം കൊവിഡ് ഇതര ഡ്യൂട്ടി ഇവര്‍ ബഹിഷ്കരിക്കില്ല. നഴ്സുമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ കരിദിനം പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണാനുകൂല സംഘടനയായ കെജിഒഎ പ്രതിഷേധ ധര്‍ണ നടത്തി.രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നോഡല്‍ ഓഫിസര്‍ ഡോ.അരുണ, ഹെഡ് നഴ്സുമാരായ ലീന കുഞ്ചന്‍, രജനി കെ വി എന്നിവരെയാണ് ആരോഗ്യ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി. സസ്പെന്‍ഷന് പിന്നാലെ ഡോക്ടര്‍മാരും നഴ്സുമാരും ഒന്നിച്ച് റോഡില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് ഇവര്‍ അറിയിച്ചിരുന്നു. ഇന്നലെ നടന്ന ചര്‍ച്ചയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ചു. ഇതോടെയാണ് ഇന്ന് രാവിലെ മുതല്‍ ഡോക്ടര്‍മാരും നഴ്സുമാരും സമരത്തിലേക്ക് നീങ്ങിയത്.കെജിഎംസിടിഎ തിരുവനന്തപുരം ജില്ലാ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ രാവിലെ റിലേ സത്യാഗ്രഹം തുടങ്ങും. 48 മണിക്കൂറിനുള്ളില്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ നോണ്‍ കോവിഡ് ചികിത്സ അവസാനിപ്പിക്കുമെന്നും കെജിഎംസിടിഎ അറിയിച്ചിട്ടുണ്ട്.ആരോഗ്യപ്രവര്‍ത്തകരെ തളര്‍ത്തുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെജിഎംഒഎയും ആവശ്യപ്പെട്ടിട്ടുണ്ട്. കെജിഎംസിടിഎയുടെ പ്രതിഷേധങ്ങള്‍ക്ക് കെജിഎംഒഎ പിന്തുണയും പ്രഖ്യാപിച്ചു.
അതേസമയം രോഗിയുടെ പരിചരണത്തിന് ജീവനക്കാര്‍ ഇല്ലെങ്കില്‍ അത് എന്തുകൊണ്ട് തങ്ങളെ അറിയിച്ചില്ല എന്ന ചോദ്യമാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. ആശുപത്രി ജീവനക്കാര്‍ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് കുടുംബാംഗങ്ങള്‍ ഫോണില്‍ വിളിക്കുമ്ബോള്‍ എല്ലാം പറഞ്ഞിരുന്നത്. ഇത് സംബന്ധിച്ചുളള ഫോണ്‍ സംഭാഷണങ്ങള്‍ ബന്ധുക്കള്‍ പുറത്തുവിട്ടു. പുഴുവരിച്ച നിലയില്‍ കഴിഞ്ഞ വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാര്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ദിവസങ്ങളില്‍ ജോലിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാര്‍ക്കെതിരെയും നടപടി വേണമെന്ന ആവശ്യമാണ് കുടുംബാംഗങ്ങള്‍ ഉന്നയിക്കുന്നത്. പുഴുവരിച്ച നിലയില്‍ ആശുപത്രിയില്‍ നിന്നെത്തിയ അനില്‍കുമാര്‍ പേരൂര്‍ക്കട താലൂക്ക് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇപ്പോഴും.
ജില്ലയിൽ ഒക്ടോബര്‍ 31 വരെ നിരോധനാജ്ഞ; കണ്ടെയിന്‍മെന്റ് സോണുകള്‍ക്ക് പുറത്തും കര്‍ശന നിയന്ത്രണങ്ങള്‍
കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് വ്യാപനം ശക്‌തമായി തുടരുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കണ്ടെയിന്‍മെന്റ് സോണുകൾക്ക് പുറത്തും നിയന്ത്രണങ്ങള്‍ ശക്തമാക്കി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിറക്കി. ക്രിമിനല്‍ നടപടി ചട്ടത്തിലെ 144 ആം വകുപ്പ് പ്രകാരം ഒക്ടോബര്‍ 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ വരുന്ന ചെറിയ വീഴ്ചകള്‍ പോലും ആരോഗ്യമേഖലയില്‍ വലിയ പ്രതിസന്ധിക്ക് കാരണമാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.കണ്ടെയിന്‍മെന്റ് സോണുകളില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമായി തുടരുന്നതിനൊപ്പം സോണിന് പുറത്തുള്ള പ്രദേശങ്ങളിലെ പൊതു സ്ഥലങ്ങളില്‍ അഞ്ചിലേറെ പേര്‍ ഒരുമിച്ചു കൂടുന്നതിന് വിലക്കേര്‍പ്പെടുത്തി. ഉദ്ഘാടന പരിപാടികള്‍, ആരാധനാ ചടങ്ങുകള്‍, രാഷ്ട്രീയ, സാമൂഹിക, അക്കാദമിക, കലാ-സാംസ്‌ക്കാരിക പരിപാടികള്‍ തുടങ്ങി കെട്ടിടങ്ങള്‍ക്കകത്ത് നടക്കുന്ന ഒത്തുചേരലുകളില്‍ പരമാവധി 20 പേര്‍ മാത്രമേ പാടുള്ളൂ. വിവാഹച്ചടങ്ങുകള്‍ക്ക് ആകെ 50 പേര്‍ക്ക് മാത്രം പങ്കെടുക്കാം.മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കാണ് അനുമതി.മാര്‍ക്കറ്റുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ എല്ലാ പൊതു ഇടങ്ങളിലും മാസ്‌ക് ധാരണം, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍ തുടങ്ങിയ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.ഒക്ടോബര്‍ രണ്ടിനു മുൻപ് പ്രഖ്യാപിച്ച പരീക്ഷകള്‍ പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായി പാലിച്ച് നടത്താം. അതേസമയം, ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത പരീക്ഷകള്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ബാങ്കുകള്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കാം. ബാങ്കുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കു മുൻപിൽ അഞ്ചില്‍ കൂടുതല്‍ പേര്‍ കൂടി നില്‍ക്കുന്ന സ്ഥിതിയുണ്ടാവരുത്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാവൂ എന്നും ഉത്തരവില്‍ വ്യക്തമാക്കി. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ പോലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് 14 ജില്ലകളിലും ഇന്ന് മുതൽ നിരോധനാജ്ഞ;പൊതുഇടങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധനം
തിരുവനന്തപുരം:സംസ്ഥാനത്ത് 14 ജില്ലകളിലും ഇന്ന് മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.വിവിധ ജില്ലകളിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് അതാത് കലക്ടര്‍മാരാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കാസര്‍ക്കോട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് മുതല്‍ ഈ മാസം 31 വരെയാണ് നിയന്ത്രണം. ഈ മാസം ഒമ്പതുവരെയുള്ള ഒരാഴ്ച കാലയളവിലേക്കാണ് കാസര്‍കോട് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊതുഇടങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം ചേരാന്‍ പാടില്ല. കണ്ടെയ്‍ന്‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തില്‍ സമ്പര്‍ക്ക രോഗവ്യാപനം തടയാനാണ് ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. കണ്ടെയ്‍ന്‍മെന്‍റ് സോണുകളില്‍ വിവാഹം, ശവസംസ്‌കാരം എന്നിവയ്‌ക്കൊഴികെ അഞ്ചുപേരില്‍ കൂടുതല്‍ പാടില്ല. ഈ പ്രദേശങ്ങളില്‍ വിവാഹം, ശവസംസ്‌കാരം എന്നിവയ്ക്ക് പരമാവധി 20 പേരെ പങ്കെടുപ്പിക്കാം.കണ്ടെയ്‍ന്‍മെന്‍റ് സോണിനു പുറത്ത് അഞ്ചുപേരില്‍ കൂടുതലുള്ള പൊതുപരിപാടികളോ കൂട്ടം ചേരലുകളോ അനുവദിക്കില്ല. വിവാഹത്തിന് 50 പേര്‍ക്കും ശവസംസ്കാര ചടങ്ങില്‍ 20 പേര്‍ക്കും പങ്കെടുക്കാം. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മതചടങ്ങുകള്‍ എന്നിവ പരമാവധി 20 പേരെ വരെ പങ്കെടുപ്പിക്കാം. പൊതുഗതാഗതം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയുണ്ടാകും.ഇപ്പോള്‍ പ്രഖ്യാപിച്ച പൊതു പരീക്ഷകള്‍ മുന്‍നിശ്ചയിച്ചതനുസരിച്ച് നടത്താം. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ശക്തമായും പാലിക്കണം. ഇനി പ്രഖ്യാപിക്കാനുള്ള പരീക്ഷകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ മാത്രമേ ക്രമീകരിക്കാവൂ. ബാങ്കുകള്‍, കടകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കു മുന്‍പില്‍ ഒരേസമയം അഞ്ചുപേരില്‍ കൂടുതല്‍ അനുവദിക്കില്ല.
സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്; 4092 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 184 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1109, തിരുവനന്തപുരം 956, എറണാകുളം 851, മലപ്പുറം 929, കൊല്ലം 881, തൃശൂര്‍ 807, പാലക്കാട് 441, കണ്ണൂര്‍ 475, ആലപ്പുഴ 590, കാസര്‍ഗോഡ് 451, കോട്ടയം 421, പത്തനംതിട്ട 161, ഇടുക്കി 99, വയനാട് 103 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.93 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 27, കണ്ണൂര്‍ 23, എറണാകുളം 11, കാസര്‍ഗോഡ് 6, പത്തനംതിട്ട, കോഴിക്കോട് 5 വീതം, കോട്ടയം, വയനാട് 4 വീതം, ആലപ്പുഴ 3, കൊല്ലം, തൃശൂര്‍ 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 3 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4092 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 357, കൊല്ലം 295, പത്തനംതിട്ട 218, ആലപ്പുഴ 342, കോട്ടയം 174, ഇടുക്കി 93, എറണാകുളം 212, തൃശൂര്‍ 270, പാലക്കാട് 221, മലപ്പുറം 951, കോഴിക്കോട് 423, വയനാട് 75, കണ്ണൂര്‍ 303, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 77,482 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 63 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 705 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സംസ്ഥാനത്തെ നിരോധനാജ്ഞ; ഉത്തരവില്‍ വ്യക്തത വരുത്തി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത
തിരുവനന്തപുരം:കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് നാളെ മുതൽ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ഉത്തരവില്‍ വ്യക്തത വരുത്തി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത.പൊതുസ്ഥലത്ത് ആളുകള്‍ കൂട്ടംകൂടുന്നതും സംഘടിക്കുന്നതും രോഗവ്യാപനത്തിന് വഴിവെക്കുന്നതിനാല്‍ നാളെ രാവിലെ മുതല്‍ ഒക്ടോബര്‍ 30 വരെ അഞ്ച് പേരില്‍ കൂടുതല്‍ സംഘം ചേരുന്നത് അനുവദിക്കാനാകില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി വ്യക്തത വരുത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗണ്‍ ഇല്ലെന്നും കടകള്‍ അടച്ചിടില്ലെന്നും അദ്ദേഹം അറിയിച്ചു.സമ്പൂർണ്ണ ലോക്ഡൗണ്‍ അല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എവിടെയൊക്കെയാണ് രോഗവ്യാപനം എന്നും എവിടെയൊക്കെയാണ് നിയന്ത്രണം വേണ്ടത് എന്നും പരിശോധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് ഉചിതമായ നടപടിയെടുക്കാം. സമ്പൂർണ്ണ ലോക്ഡൗണ്‍ നടപ്പാക്കുന്നതില്‍ അര്‍ഥമില്ലെന്നും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത വ്യക്തമാക്കി.ഓരോ പ്രദേശത്തെയും സാഹചര്യം കണക്കിലെടുത്ത് കളക്ടര്‍മാര്‍ക്ക് 144 അനുസരിച്ച് നടപടിയെടുക്കാമെന്നതാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.അതേസമയം പാര്‍ക്കിലും ബീച്ചിലും ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് ഡി ജി പി വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നാളെ രാവിലെമുതല്‍ സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.ഒരു സമയം അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ പാടില്ലെന്നതാണ് ഇതിലെ പ്രധാന നിര്‍ദ്ദേശം. അഞ്ചുപേരില്‍ കൂടുതല്‍ പൊതുഇടങ്ങളില്‍ കൂട്ടംകൂടിയാല്‍ ക്രിമിനല്‍ നടപടിച്ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും. എന്നാല്‍ മരണം, വിവാഹച്ചടങ്ങുകള്‍ എന്നിവയ്ക്ക് നിലവിലെ ഇളവുകള്‍ തുടരും.തീവ്രബാധിത മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങളായിരിക്കും ഏര്‍പ്പെടുത്തുക. ജില്ലയിലെ സ്ഥിതി വിലയിരുത്തി ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് ആവശ്യമായ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാം.
കോവിഡ് വ്യാപനം രൂക്ഷം;സംസ്ഥാനത്ത് ഒക്ടോബര്‍ 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു; യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചു
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഒക്ടോബര്‍ 31വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കി.സംസ്ഥാനത്ത് വരെ 5 പേരില്‍ കൂടുതല്‍ വരുന്ന എല്ലാ മീറ്റിങ്ങുകളും യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചു.വിവാഹത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാമെന്ന ഇളവ് നിലനില്‍ക്കും.ഒക്ടോബര്‍ മൂന്നിന് രാവിലെ ഒൻപത് മണിമുതല്‍ 31ന് അര്‍ദ്ധരാത്രി വരെയാണ് കൂടിച്ചേരലുകള്‍ക്ക് കര്‍ശന നിയന്ത്രണം.സാമൂഹിക അകലം പാലിക്കുന്നത് ലംഘിച്ചാല്‍ ക്രിമിനല്‍ ചട്ടം സെക്ഷന്‍ 144 പ്രകാരമുള്ള നിയമനടപടി സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. രോഗവ്യാപനം തടയുന്നതിന് ക്രിമിനല്‍ ചട്ടം സെക്ഷന്‍ 144 പ്രകാരമുള്ള നിയമനടപടി സ്വീകരിക്കാന്‍ അതത് ജില്ലാ മജിസ്ട്രേറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ നിയന്ത്രണം കൂടുതല്‍ കര്‍ശനമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നിരുന്നു. ഇതില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ ഒക്ടോബര്‍ 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
സ്വർണ്ണക്കടത്ത് കേസ്;കാരാട്ട് ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു; ചോദ്യം ചെയ്തത് 36 മണിക്കൂര്‍
കൊച്ചി:സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനൊടുവിൽ കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു. 36 മണിക്കൂര്‍ നീണ്ട കസ്റ്റഡിക്കൊടുവിലാണ് അദ്ദേഹത്തെ വിട്ടയച്ചത്. ഇന്നലെയാണ് കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.കരാട്ട് ഫൈസലിനെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെ.ടി. റമീസ് ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊഴി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും കസ്റ്റംസ് അറിയിച്ചിട്ടുണ്ട്.ഇന്നലെ പുലര്‍ച്ചെ നാല് മണിക്ക് കൊടുവള്ളിയിലെ വീട്ടില്‍ നിന്നാണ് കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. നയതന്ത്ര ബാഗേജിലൂടെ കടത്തിക്കൊണ്ട് വന്ന സ്വര്‍ണം വിറ്റത് കാരാട്ട് ഫൈസലാണെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍.മുമ്പ് 84 കിലോ സ്വര്‍ണം കൊണ്ടുവന്നതിലടക്കം ഫൈസല്‍ മുഖ്യകണ്ണിയായിരുന്നുവെന്നും മൊഴിയുണ്ട്. സ്വര്‍ണം വിറ്റത് കൂടാതെ സ്വര്‍ണക്കടത്തിനായി പണം നിക്ഷേപിച്ചിട്ടുണ്ടെന്നും കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.കേസിലെ പ്രധാന പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യയുടെ മൊഴിയും നിർണായകമായിരുന്നു. സന്ദീപ് നായരെ കാണാനായി കാരാട്ട് ഫൈസൽ പലതവണ എത്തിയതായി സന്ദീപിന്‍റെ ഭാര്യ സൗമ്യ കസ്റ്റംസിന് മൊഴി നൽകിയിരുന്നു.അതേസമയം സ്വര്‍ണ്ണം കടത്തിയതില്‍ കാരാട്ട് ഫൈസലിന് പങ്കില്ലെന്ന് അഭിഭാഷകന്‍ അബ്ദുല്‍ നിസ്താര്‍ പറഞ്ഞു. ഫൈസലിനെതിരെയുള്ളത് ആരോപണങ്ങള്‍ മാത്രമാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു.കൊടുവള്ളിയിലെ ഇടത് മുന്നണിയുടെ നേതാക്കളില്‍ പ്രമുഖനാണ് കാരാട്ട് ഫൈസല്‍. കൊടുവള്ളി നഗരസഭയിലെ കൊടുവള്ളി ടൗണ്‍ വാര്‍ഡിലെ കൗണ്‍സിലറാകും മുന്‍പ് സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ ഫൈസല്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. വിദേശത്ത് ഒളിവില്‍ കഴിയുന്ന ഫൈസല്‍ ഫരീദ് അടക്കമുള്ള പ്രതികളുമായി കാരാട്ട് ഫൈസലിനുള്ള ബന്ധത്തെക്കുറിച്ചും കസ്റ്റംസ് ചോദിച്ചറിഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷം;സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ല
തിരുവനന്തപുരം:കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍.ഈ മാസം 15-നുശേഷം സംസ്ഥാനങ്ങള്‍ക്ക് സ്കൂള്‍ തുറക്കുന്നതു തീരുമാനിക്കാമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ സ്കൂളുകള്‍ തുറക്കുന്നത് പ്രായോഗികമല്ലെന്നു ജില്ലകളില്‍ നിന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചു. സംസ്ഥാനത്തെ പല സ്കൂളുകളും ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളുമാണ്.മാത്രമല്ല ഈ മാസം പകുതിയോടെ കോവിഡ് ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണു സര്‍ക്കാരിനു ലഭിച്ച റിപ്പോര്‍ട്ടുകളും. അതുകൊണ്ടുതന്നെ സ്കൂള്‍ തുറക്കുന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍.10,12 ക്ലാസ് വിദ്യാര്‍ഥികളെ സംശയനിവാരണത്തിനായി നിയന്ത്രണങ്ങള്‍ പാലിച്ചു സ്കൂളിലെത്താന്‍ അനുവദിക്കാമെന്നു നേരത്തേ വിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍ കൂടി പരിഗണിച്ചാകും അന്തിമതീരുമാനം എടുക്കുക. കേരളത്തില്‍ കോവിഡിന്റെ സൂപ്പര്‍ സ്‌പ്രെഡ് ഏതുനിമിഷവും സംഭവിക്കാമെന്ന വിലയിരുത്തലിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും പകുതിപ്പേരെ പ്രവേശിപ്പിച്ച് തുറക്കാനുള്ള നിര്‍ദേശവും കേരളം ഇപ്പോള്‍ നടപ്പാക്കില്ല.നാലാംഘട്ട തുറക്കല്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ സാമൂഹിക, സാംസ്കാരിക, മതചടങ്ങുകള്‍ക്ക് നൂറുപേര്‍വരെ പങ്കെടുക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്ത് ഇക്കാര്യങ്ങളില്‍ നിലവിലുള്ള ഇളവുകള്‍മാത്രം മതിയെന്നാണു തീരുമാനം. വിവാഹങ്ങള്‍ക്ക് 50, മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ എന്ന നിയന്ത്രണം തുടരും. കൂടാതെ ഓരോ ജില്ലകളിലെ സാഹചര്യം വിലയിരുത്തി ജില്ലാ മജിസ്‌ട്രേറ്റുമാര്‍ 144 പ്രഖ്യാപിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ കര്‍ശന നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടന്നത്. സമ്പര്‍ക്കവ്യാപനം തടയാന്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക മാത്രമാണ് പോംവഴി. ഇത് കണക്കിലെടുത്താണ് നിരോധനാജ്ഞ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് വിലക്കിയാണ് ഉത്തരവ്. സിആര്‍പിസി 144 പ്രകാരമാണ് നടപടി. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് കളക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടികളെടുക്കാമെന്നും നിര്‍ദേശമുണ്ട്. കണ്ടെയ്‍മെന്‍റ് സോണുകളിലും തീവ്ര രോഗവ്യാപനമുള്ള പ്രദേശങ്ങളിലും കര്‍ശന നിയന്ത്രങ്ങള്‍ തുടരണം.