തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരായ സസ്പെന്‍ഷന്‍ നടപടികള്‍ ആരോഗ്യവകുപ്പ് പിന്‍വലിച്ചു. ഡോക്ടടറുടെയും നഴ്സുമാരുടെയും സസ്പെൻഷനാണ് പിന്‍വലിച്ചത്. ഡി.എം.ഇ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്.കൊവിഡ് നോഡല്‍ ഓഫിസര്‍ ഡോ.അരുണ, ഹെഡ് നഴ്‌സുമാരായ ലീന കുഞ്ചന്‍, കെ വി രജനി എന്നിവരെയാണ് തിരിച്ചെടുത്തത്. ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ ദിവസം ഡോക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയില്‍ ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.അതേസമയം ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും എതിരായ വകുപ്പ് തല നടപടികള്‍ തുടരും.തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് മേല്‍നോട്ടത്തിന് പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനമായി. ഡിഎംഇയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. സര്‍ജറി വിഭാഗം പ്രഫസര്‍ക്ക് കൊവിഡ് ചുമതല കൈമാറി. സസ്പെന്‍ഷനിലായവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും, നേഴ്‌സുമാരും സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചിരിക്കുന്നത്. സസ്പെന്‍ഡ് ചെയ്ത ആരോഗ്യപ്രവര്‍ത്തകരെ ഉപാധികളില്ലാതെ തിരിച്ചെടുക്കുക, ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം പിടിക്കുന്നത് നിര്‍ത്തലാക്കുക. പിടിച്ച ശമ്പളം തിരികെ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഡോക്ടര്‍മാര്‍ സമരം നടത്തിയത്.അതേസമയം സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് അനില്‍കുമാറിന്‍റെ കുടുംബം പറഞ്ഞു. നിയമനപടികളുമായി മുന്നോട്ടുപോകുമെന്നും മകള്‍ അജ്ഞന മീഡിയവണിനോട് പറഞ്ഞു
കോവിഡ് വന്നാലും കൈവിടില്ല; നന്മ വറ്റാത്തവര്‍ ഇനിയുമുണ്ട് നമ്മുടെ നാട്ടിൽ;അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരായ ദമ്പതികളെ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥന് ആദരം
കാസറഗോഡ് : മനുഷ്യർക്കിടയിൽ നന്മ വറ്റിയിട്ടില്ലെന്ന് കാണിക്കുന്ന അനുഭവം വിവരിച്ച് ഒരു യുവാവ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. അപകടത്തിൽ പെട്ട തന്നെയും ഭാര്യയെയും കൊറോണ രൂക്ഷമായ സാഹചര്യം പോലും വകവെയ്ക്കാതെ ഇതുവരെ കണ്ട് പരിചയം പോലും ഇല്ലാത്ത ഒരാൾ രക്ഷപ്പെടുത്തിയ അനുഭവമാണ് കുറിപ്പിലുള്ളത്. തൃക്കരിപ്പൂര്‍ സ്വദേശി ഷജിനും ഭാര്യയുമാണ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ ഭാര്യവീട്ടിലേക്ക് പോകവേ വഴിയിൽ വെച്ച് ഇവരുടെ ബൈക്കിന് മുന്നിലേക്ക് ഒരു പട്ടി ചാടുകയും ബൈക്ക് അപകടത്തിൽപ്പെടുകയുമായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ദേഹമാസകലം മുറിവേറ്റുകിടന്ന ഇരുവരെയും അതിലൂടെ വന്ന ഒരു ചെറുപ്പക്കാരൻ മറ്റൊന്നും വകവെയ്ക്കാതെ ഒരു ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇരുവർക്കും ഈ യുവാവിനെ കണ്ട് പരിചയം പോലും ഇല്ലായിരുന്നു. അരിമല ആശുപത്രിയിൽ എത്തിച്ച യുവാവ് ഇവരെ ഡോക്റ്ററെ കാണിക്കുകയും മരുന്നും ഇഞ്ചക്ഷനും മറ്റും വാങ്ങി നൽകുകയും ചെയ്തു. കൂടുതൽ പരിശോധനയ്ക്കായി ഇവരെ ഓർത്തോ ഡോക്റ്ററെ കാണിക്കാൻ റെഫർ ചെയ്തിരുന്നു. ബന്ധുക്കൾ പുറപ്പെട്ടിട്ടുണ്ടെന്നും അവർ വന്നിട്ട് പൊയ്ക്കോളാം എന്ന് പരിക്ക് പറ്റിയ ഷജിൻ പറഞ്ഞെങ്കിലും അതിന് കാത്തുനിൽക്കാതെ യുവാവ് ഇവരെയും കൂട്ടി മറ്റൊരോട്ടോയിൽ സിറ്റി ഹോസ്പിറ്റലിലേക്ക് പോയി. അവിടെ ഡോക്റ്റർ വിജയരാഘവനെ കാണിക്കാം എന്ന് പറഞ്ഞ് യുവാവ് ഇരുവരെയും ഡോക്റ്ററുടെ അടുത്തേക്ക് കൊണ്ടുപോയി. പരിശോധനാഫീസും എക്സറേയുടെ പണവും യുവാവ് തന്നെ അടച്ചു. സ്വന്തക്കാരുപോലും മടിച്ചു നിൽക്കുന്ന സാഹചര്യത്തിൽ യുവാവിന്റെ പ്രവൃത്തി അതിശയമുളവാക്കുന്നതായിരുന്നു. തിരക്ക് കഴിഞ്ഞപ്പോൾ ഇവർ യുവാവിനെ പരിചയപ്പെട്ടു. കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനിലെ പൊലീസുകാരനായ ജയറാം ആയിരുന്നു അത്.
ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഫോണിൽ ഒരു കോൾ വരികയും വണ്ടി നിർത്തി സംസാരിക്കുമ്പോഴാണ് അപകടം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജോലി കഴിഞ്ഞ് എത്രയും പെട്ടന്ന് വീട്ടിൽ എത്തി വിശ്രമിക്കാൻ ശ്രമിക്കുന്ന പുതു തലമുറയിലും നന്മ വറ്റാത്ത ഹൃദയങ്ങൾ ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ജയറാം എന്ന പോലീസുകാരൻ.
ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത രണ്ടുപേർക്ക് വേണ്ടി മണിക്കൂറുകൾ ചിലവാക്കിയ ഇദ്ദേഹം നാടിന് തന്നെ മാതൃകയാവുകയാണ്. ഒടുവിൽ ബന്ധുക്കൾ എത്തിയപ്പോൾ മടങ്ങാൻ തുടങ്ങിയ അദ്ദേഹത്തിന് അതുവരെ ചിലവായ തുക നല്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം സന്തോഷത്തോടെ അത് നിരസിച്ചു. പണം വാങ്ങിയാൽ താൻ ഇതുവരെ ചെയ്തതിനൊന്നും അർത്ഥമുണ്ടാവില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്.ഇന്നത്തെ ലോകത്ത് ആക്‌സിഡന്റിൽപെട്ട് കിടക്കുന്ന ഒരാളെ ആശുപത്രിയിൽ പോലും എത്തിക്കാൻ മടിക്കുന്ന സമൂഹം ഈ ചെറുപ്പക്കാരനിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്.ലാഭേച്ഛയില്ലാതെ അന്യരായ രണ്ടുപേരുടെ സഹായത്തിനെത്തിയ ജയറാം എന്ന യുവാവിന് നന്ദിയും കടപ്പാടും അറിയിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.ഹൊസ്ദുര്‍ഗ് ബീറ്റാ കണ്‍ട്രോള്‍ റൂമിലെ ഡ്രൈവറും സിവില്‍ പോലീസ് ഓഫീസറുമാണ് ജയറാം.ചീമേനി പൊതാവൂര്‍ സ്വദേശിയായ ജയറാം കെ നമ്പ്യാർ നിലവില്‍ പെരിയാട്ടടുക്കം പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണു താമസം. മാവുങ്കാല്‍ മൂലക്കണ്ടം സ്വദേശിനി പി ടി സൂര്യയാണ് ഭാര്യ. സോഷ്യൽ മീഡിയയിൽ കുറിപ്പ് വൈറലായതോടെ അഭിനന്ദന പ്രവാഹമാണ് ഇദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;4,981 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം 989, മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂര്‍ 757, കോഴിക്കോട് 736, കണ്ണൂര്‍ 545, പാലക്കാട് 520, കോട്ടയം 427, ആലപ്പുഴ 424, കാസര്‍ഗോഡ് 416, പത്തനംതിട്ട 330, വയനാട് 135, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 146 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6910 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 892, മലപ്പുറം 793, കൊല്ലം 833, എറണാകുളം 688, തൃശൂര്‍ 733, കോഴിക്കോട് 691, കണ്ണൂര്‍ 398, പാലക്കാട് 293, കോട്ടയം 424, ആലപ്പുഴ 406, കാസര്‍ഗോഡ് 393, പത്തനംതിട്ട 218, വയനാട് 124, ഇടുക്കി 24 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 32, തിരുവനന്തപുരം 16, പത്തനംതിട്ട 13, തൃശൂര്‍ 12, എറണാകുളം 11, കോഴിക്കോട് 8, മലപ്പുറം, കാസര്‍ഗോഡ് 5 വീതം, പാലക്കാട് 3, കൊല്ലം, കോട്ടയം, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 10 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 884 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4981 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 850, കൊല്ലം 485, പത്തനംതിട്ട 180, ആലപ്പുഴ 302, കോട്ടയം 361, ഇടുക്കി 86, എറണാകുളം 337, തൃശൂര്‍ 380, പാലക്കാട് 276, മലപ്പുറം 541, കോഴിക്കോട് 628, വയനാട് 102, കണ്ണൂര്‍ 251, കാസര്‍ഗോഡ് 202 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 87,738 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,494 സാമ്പിളുകളാണ് പരിശോധിച്ചത്.ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ബംഗളൂരു മയക്കുമരുന്നു കേസ്;ബിനീഷ് കോടിയേരി ബംഗളൂരുവില്‍;എന്‍ഫോഴ്സ്മെന്റ് ഇന്ന് ചോദ്യം ചെയ്യും
ബംഗളൂരു:ബംഗളൂരു മയക്കുമരുന്നു കേസില്‍ ബിനീഷ് കോടിയേരിയെ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിയ്ക്ക് ബംഗളൂരു ശാന്തിനഗറിലെ ഓഫിസില്‍ ഹാജരാകണമെന്നാണ് ഇ.ഡി നോട്ടീസ് നല്‍കിയത്.തിങ്കളാഴ്ച രാവിലെ 11.30ന് തിരുവനന്തപുരം-ബംഗളൂരു വിമാനത്തിലാണ് ബിനീഷ് ബംഗളൂരുവിലെത്തിയത്.സഹോദരന്‍ ബിനോയ് കോടിയേരിയും രണ്ടു സുഹൃത്തുക്കളും ബിനീഷിനൊപ്പമുണ്ട്.മയക്കുമരുന്ന് കേസില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റുചെയ്ത മലയാളി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിന് ഇ.ഡി നോട്ടിസ് അയച്ചത്. കച്ചവടത്തിനായി ഹവാല പണം ഉപയോഗിച്ചുണ്ടെന്ന കണ്ടെത്തലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടി കേസ് അന്വേഷിയ്ക്കാന്‍ കാരണം.നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസിലും ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസിലും ഇടപാടുകള്‍ നടന്നത് ക്രിപ്റ്റോ കറന്‍സി വഴി അന്താരാഷ്ട്ര ബന്ധമുള്ള ഇടനിലക്കാരിലൂടെയാണെന്ന് കണ്ടെത്തിയിരുന്നു. ക്രിപ്റ്റോ കറന്‍സികള്‍ വാങ്ങാനു%B
കാസര്‍കോട് വൻ ചന്ദന വേട്ട;കളക്ടറും സംഘവും ചേര്‍ന്ന് പിടികൂടിയത് ഒരു ടണ്ണോളം വരുന്ന ചന്ദനം
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ചന്ദന വേട്ട . ജില്ലാ കളക്ടറും സംഘവും ചേര്‍ന്ന് വന്‍ ശേഖരം പിടികൂടി . കളക്ടറുടെ ഓഫീസിനു സമീപത്തെ വീട്ടില്‍ നിന്ന് പുലര്‍ച്ചെയാണ് ചന്ദനം ശേഖരം പിടികൂടിയത്. ഏകദേശം ഒരു ടണ്ണിലധികം ഭാരം വരുമെന്നാണ് പ്രാഥമിക നിഗമനം.പുലര്‍ച്ചെ നാലരയ്ക്കായിരുന്നു സംഭവം.കളക്ടറുടെ ഗണ്‍മാനും ഡ്രൈവറും രാവിലെ ഉറക്കമുണര്‍ന്ന സമയത്ത് സമീപത്തെ വീട്ടില്‍ നിന്ന് ശബ്ദം കേള്‍ക്കുകയും തുടര്‍ന്ന് പോയി നോക്കുകയും ചെയ്തപ്പോഴാണ് സംഭവങ്ങള്‍ മനസ്സിലാകുന്നത്.വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഈ സമയം ചന്ദനം കയറ്റുകയായിരുന്നു. സിമന്റ് കടത്തുന്ന ലോറിയില്‍ സിമന്റാണെന്ന വ്യാജേനയാണ് ചന്ദനം കടത്താന്‍ ഒരുങ്ങിയത്.തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച അവസ്ഥയില്‍ ചന്ദനത്തടികള്‍ കാണുന്നത്.സമീപത്തു തന്നെയാണ് കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും വീടുകള്‍ സ്ഥിതി ചെയ്യുന്നത്. വീട്ടില്‍ നിന്ന് ചന്ദനം തൂക്കാനും മറ്റുമുള്ള ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. വീട്ടുടമയെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും ലഭിച്ചിട്ടില്ല. ചന്ദനം ഉടന്‍ തന്നെ വനംവകുപ്പിന് കൈമാറും.സംഭവത്തില്‍ മുഖ്യപ്രതി അബ്ദുള്‍ ഖാദറിനെ (58) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ചന്ദനക്കടത്തിലെ പ്രധാന കണ്ണിയാണെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്ക് കോവിഡ്; 4640 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂര്‍ 425, കോട്ടയം 354, കണ്ണൂര്‍ 339, പാലക്കാട് 281, കാസര്‍ഗോഡ് 207, ആലപ്പുഴ 199, ഇടുക്കി 71, വയനാട് 31, പത്തനംതിട്ട 25 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 450 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 587, തിരുവനന്തപുരം 532, കോഴിക്കോട് 609, മലപ്പുറം 545, കൊല്ലം 451, തൃശൂര്‍ 413, കോട്ടയം 348, കണ്ണൂര്‍ 212, പാലക്കാട് 188, കാസര്‍ഗോഡ് 187, ആലപ്പുഴ 194, ഇടുക്കി 36, വയനാട് 24, പത്തനംതിട്ട 12 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.110 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 35, എറണാകുളം 19, തിരുവനന്തപുരം 18, കോഴിക്കോട് 10, തൃശൂര്‍ 6, കൊല്ലം, മലപ്പുറം 5 വീതം, പത്തനംതിട്ട, പാലക്കാട് 3 വീതം, വയനാട്, കാസര്‍ഗോഡ് 2 വീതം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 13 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4640 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 910, കൊല്ലം 283, പത്തനംതിട്ട 102, ആലപ്പുഴ 387, കോട്ടയം 400, ഇടുക്കി 61, എറണാകുളം 236, തൃശൂര്‍ 285, പാലക്കാട് 327, മലപ്പുറം 757, കോഴിക്കോട് 507, വയനാട് 90, കണ്ണൂര്‍ 130, കാസര്‍ഗോഡ് 165 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,873 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,49,111 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാഡി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2, 5, 13), പാലക്കാട് ജില്ലയിലെ ആനക്കര (15), മാതൂര്‍ (2), മലപ്പുറം കരുവാര്‍കുണ്ട് (2, 8, 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 722 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സ്വർണ്ണക്കടത്ത് കേസ്;എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനീഷ് കോടിയേരി ബംഗളൂരുവിലേക്ക് തിരിച്ചു
തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനീഷ് കോടിയേരി ബംഗളൂരുവിലേക്ക് തിരിച്ചു. സഹോദരന്‍ ബിനോയ് കോടിയേരിക്കും രണ്ട് സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് ബിനീഷ് ബംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നായിരുന്നു യാത്ര. നാളെയാണ് ചോദ്യം ചെയ്യല്‍.ബംഗളൂരു ആസ്ഥാനമായി നടന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടുളള ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനീഷിന് നേരത്തെ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചിരുന്നു.കേസുമായി ബന്ധപ്പെട്ട് അനൂപ് മുഹമ്മദിനെ നേരത്തെ ചോദ്യം ചെയ്തതിരുന്നു.ഇയാളില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനേയും ചോദ്യം ചെയ്യുന്നത്.നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍, അനിഖ എന്നിവരെ ജിയിലിലെത്തിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌തത്.2015ല്‍ കമ്മനഹളളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് പണം നല്‍കി സഹായിച്ചെന്ന് അനൂപ് മൊഴി നല്‍കിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഇത് രണ്ടാം തവണയാണ് ബിനീഷ് കോടിയേരി ഹാജരാകുന്നത്. നേരത്തെ സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇ.ഡി കൊച്ചി യൂണിറ്റും ബിനീഷിനെ ചോദ്യം ചെയ്തിരുന്നു.
കോവിഡ് രോഗിയായ വയോധികനെ പുഴുവരിച്ച സംഭവത്തിൽ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; മെഡിക്കല്‍ കോളേജുകളിലെ ഡോക്‌ടര്‍മാര്‍ ഒ പി ബഹിഷ്‌കരിക്കുന്നു
തിരുവനന്തപുരം:കോവിഡ് രോഗിയായ വയോധികനെ പുഴുവരിച്ച സംഭവത്തിൽ മെഡിക്കല്‍ കോളജിലെ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌ത നടപടിയിൽ പ്രതിഷേധം വ്യാപകമാക്കി ഡോക്‌ടര്‍മാരുടെ സംഘടനകള്‍.സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും രണ്ടു മണിക്കൂര്‍ ഒ.പി ബഹിഷ്‌കരിച്ച് കൊണ്ടുളള ഡോക്‌ടര്‍മാരുടെ പ്രതിഷേധ സമരം തുടങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൂചന സമരത്തിനും, റിലേ സത്യാഗ്രഹത്തിനും പിന്നാലെയാണ് ഒ.പി ഉള്‍പ്പടെ ബഹിഷ്‌കരിച്ച് ഡോക്‌ടര്‍മാര്‍ പ്രതിഷേധം വ്യാപിപ്പിക്കുന്നത്. ഡിസ്ചാര്‍ജ് ചെയ്‌ത കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്ത ഡോക്ടര്‍മാരെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരണമെന്നാണ് ഡോക്ടര്‍മാരുടെ സംഘടനകളുടെ തീരുമാനം. കൊവിഡ് ചികിത്സ, അത്യാഹിത വിഭാഗം, ഐ.സി.യു എന്നീ വിഭാഗങ്ങളെ ബാധിക്കാതെയാണ് ഡോക്‌ടര്‍മാര്‍ പ്രതിഷേധിക്കുന്നത്. എന്നിട്ടും സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് ഒ.പി ബഹിഷ്‌കരിക്കാനാണ് നിലവിലെ ആലോചന.അതേസമയം കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് രോഗിയുടെ ബന്ധുക്കളുടെ ആവശ്യം. ഇതോടെ ആരോഗ്യ വകുപ്പ് സമ്മര്‍ദത്തിലായിരിക്കുകയാണ്. കൊവിഡ് സാഹചര്യത്തില്‍ സമരം തുടര്‍ന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. അതിനാല്‍ തന്നെ പ്രതിഷേധക്കാരുമായി വീണ്ടും ചര്‍ച്ചയുണ്ടായേക്കും.രോഗിയെ പുഴുവരിച്ച സംഭവത്തില്‍ കൊവിഡ് നോഡല്‍ ഓഫീസറെയും രണ്ട് ഹെഡ് നഴ്‌സുമാരെയും കഴിഞ്ഞ 18നാണ് ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ വിശദമായ അന്വേഷണം തുടരുകയാണ്. ജീവനക്കാരുടെ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് എല്ലാ മെഡിക്കല്‍ കോളജുകളിലേയും കൊവിഡ് നോഡല്‍ ഓഫീസര്‍മാര്‍ കൂട്ടമായി രാജിവെച്ചിരുന്നു.
തൃശ്ശൂരിൽ സിപിഎം പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി
തൃശൂർ:തൃശൂര്‍ ചിറ്റിലങ്ങാട്സിപിഎം നേതാവിനെ കുത്തിക്കൊലപ്പെടുത്തി. പുതുശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപ്(26) ആണ് കൊല്ലപ്പെട്ടത്. മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെ എരുമപ്പെട്ടി ഇയ്യാല്‍ ചിറ്റിലങ്ങാട്ടാണ് സംഭവം. സുഹൃത്തിനെ ചിറ്റിലങ്ങാട് എത്തിച്ച് സനൂപും സംഘവും മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം.മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കുണ്ട്. വിപിൻ, ജിത്തു, അഭിജിത്ത് എന്നിവർക്കാണ് പരുക്ക്.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്.സനൂപ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണെന്നാണ് സി.പി.എം ആരോപണം.സംഭവത്തിൽ ഉൾപ്പെട്ടവർ സഞ്ചരിച്ചതെന്നു കരുതുന്ന കാർ താലൂക്ക് ആശുപത്രിയിൽ നിന്നും പൊലീസ് കണ്ടെത്തി. എട്ടോളം ബജ്റംഗ്ദൾ പ്രവർത്തകർ പതിയിരുന്ന് വാളും കത്തിയുമായി ആക്രമിക്കുകയായിരുന്നെന്ന് സി.പി.എം പറഞ്ഞു.ചെറുപ്പത്തില്‍ തന്നെ അച്ഛനും അമ്മയും മരിച്ചു പോയ സനൂപ് വല്ല്യമ്മയുടെ കുടുംബത്തോടൊപ്പമാണ് ഇത്രയും കാലം ജീവിച്ചത്. കോവിഡ് കാലത്തെ സേവനപ്രവര്‍ത്തനങ്ങളിലും മറ്റും സജീവമായിരുന്നു സനൂപ്.സനൂപിന് ഒരു തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലവും ഇല്ലെന്നും പ്രദേശത്ത് നേരത്തെ രാഷ്ട്രീയസംഘര്‍ഷം ഒന്നും നിലനിന്നിരുന്നില്ലെന്നുമാണ് പൊലീസും നാട്ടുകാരും പറയുന്നത്.
കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിലെ സർക്കാർ നടപടി;നോഡല്‍ ഓഫിസര്‍ സ്ഥാനത്ത് നിന്ന് ഡോക്ടര്‍മാര്‍ രാജിവച്ചു
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് കൊവിഡ് നോഡല്‍ ഓഫിസര്‍മാരായ ഡോക്ടര്‍മാരുടെ കൂട്ട രാജി. അധിക ചുമതല വഹിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് കൊവിഡ് നോഡല്‍ ഓഫിസര്‍ ഡോ.അരുണക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം.നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയതിയ ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മെഡിക്കല്‍ കോളജിലെ അന്‍പതോളം ഡോക്ടര്‍മാര്‍ക്കെതിരെയാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടര്‍മാരുടെ സമരം. ഡോക്ടറുമാരുടെ സംഘടന ഇന്ന് മുതലാണ് റിലെ നിരാഹാര സമരം ആരംഭിച്ചത്.നടപടി പിന്‍വലിച്ചെങ്കില്‍ ചുമതലകളില്‍ നിന്ന് രാജിവെക്കുമെന്നും കൊവിഡ് ഇതര ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കുമെന്നും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.നഴ്സുമാരുടെ സംഘടന ഇന്ന് കരിദിനം ആചരിക്കുന്നുണ്ട്. സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം ശക്തമാക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനം എടുത്തത്.