‘നിങ്ങളുടെ വാട്‌സ്‌ആപ്പ് സ്റ്റാറ്റസ് 30ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടോ?എങ്കില്‍ നിങ്ങള്‍ക്കും നേടാം ദിവസേന 500 രൂപ വരെ’; വാട്‌സ് ആപ്പിലൂടെയുള്ള തട്ടിപ്പിന്റെ പുതിയമുഖം

keralanews more than 30 people view your whatsapp status then you can earn up to rs 500 per day new version of whatsapp fraud

തിരുവനന്തപുരം:വാട്‌സ് ആപ്പിലൂടെയുള്ള പുതിയ തട്ടിപ്പ് വ്യാപകമാവുന്നു. നമ്മുടെ വാട്‌സ്‌ആപ്പ് സ്റ്റാറ്റസ് മറ്റുള്ളവര്‍ കാണുന്നതിനനുസരിച്ച്‌ നമുക്ക് പണം നേടാമെന്നുള്ള മെസേജുകളിലൂടെയാണ് ആളുകളെ തട്ടിപ്പിനിരയാക്കുന്നത്. ‘നിങ്ങളുടെ വാട്‌സ്‌ആപ്പ് സ്റ്റാറ്റസുകള്‍ 30ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും നേടാം ദിവസേന 500 രൂപ വരെ’ എന്ന വാചകങ്ങളുള്ള സ്റ്റാറ്റസിലൂടെയാണ് തട്ടിപ്പ്. സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ പേജുള്ള ഒരു വെബ്സൈറ്റിലേക്കാണ് പോവുക. അതില്‍ നിങ്ങള്‍ വാട്സ്‌ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ നേടാം എന്നാണ് നല്‍കിയിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്സ്‌ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താല്‍ , ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്സ്‌ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ബാങ്കിംഗ് വിവരങ്ങള്‍ ശേഖരിച്ച്‌ ബാങ്കിംഗ് തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് വിവരം. ഈ രീതിയിലുള്ള തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്നറിയിച്ചു കൊണ്ട് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇറങ്ങിയിട്ടുണ്ട്.

സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്ന്

keralanews decision regarding the opening of bars in the state today

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രി വിളിച്ച്‌ ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടാവുക.ബാറുകള്‍ തുറക്കണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശിപാര്‍ശ ചര്‍ച്ച ചെയ്യാനാണ് ഇന്ന് യോഗം വിളിച്ചിരിക്കുന്നത്.രാവിലെ 11ന് ഓണ്‍ലൈനിലൂടെ ചേരുന്ന യോഗത്തില്‍ എക്‌സൈസ് മന്ത്രി, എക്‌സൈസ് കമ്മീഷണര്‍, ബെവ്‌കോ എംഡി എന്നിവര്‍ പങ്കെടുക്കും. സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യവും 144 പ്രഖ്യാപിച്ചതും കണക്കിലെടുത്താണ് ബാറുകള്‍ തുറക്കാനുള്ള തീരുമാനം നീട്ടിവച്ചത്.എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്ന സാഹചര്യം ചൂണ്ടിക്കാട്ടി എക്‌സൈസ് വകുപ്പ് വീണ്ടും മുഖ്യമന്ത്രിക്ക് ശിപാര്‍ശ സമര്‍പ്പിക്കുകയായിരുന്നു.ബാര്‍ ഉടമകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശുപാര്‍ശ. നിലവില്‍ ബാര്‍ കൗണ്ടറുകള്‍ വഴി പാഴ്‌സല്‍ വില്‍പ്പന നടക്കുന്നുണ്ട്. ബാറുകള്‍ തുറന്നാല്‍ പാഴ്‌സല്‍ വില്‍പ്പന നിര്‍ത്തലാക്കും.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ റെസ്റ്റോറന്റുകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിച്ച സാഹചര്യത്തില്‍ ബാറുകളിലും മദ്യം വിളമ്പാൻ അനുവദിക്കണമെന്നാണ് ബാറുടമകളുടെ ആവശ്യം. ആരോഗ്യവകുപ്പിന്റെ നിലപാട് അനുസരിച്ചായിരിക്കും അന്തിമ തീരുമാനം.

ആശങ്കയേറുന്നു;രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളുടെ എണ്ണം 68 ല​ക്ഷം ക​ട​ന്നു

keralanews number of covid patients croses 68 lakhs in india

ന്യൂഡല്‍ഹി: ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,524 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 971 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 68,35,656 ആയി. മരണ സംഖ്യ 1,05,526 ആയി ഉയര്‍ന്നു.മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത്.മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,578 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14,80,489 ആയി. 2,52,277 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,606 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.22 മരണവും റിപ്പോര്‍ട്ട് ചെയ്തു. 92,161 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 1,60,253 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.തമിഴ്‌നാട്ടില്‍ 5,447പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 5,524പേര്‍ രോഗമുക്തരായി. 67പേര്‍ മരിച്ചു.6,35,855പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 5,80,736പേര്‍ രോഗമുക്തരായി. 9,984പേര്‍ മരിച്ചു. 45,135പേരാണ് ചികിത്സയിലുള്ളത്.കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മറ്റൊരു സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ 5,120പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

keralanews chance for heavy rain in the state today and toorrow yellow alert in five districts

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഒക്ടോബര്‍ 11 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും കേരളത്തിലും മാഹിയിലും ഇടിമിന്നല്‍ മുന്നറിയിപ്പും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 7 മുതല്‍ 11 സെന്റിമീറ്റര്‍ മഴയാണ് ഈ ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നത്.നാളെയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അത് ശക്തി പ്രാപിച്ച്‌ ആന്ധ്രാ ഒഡിഷാ തീരം വഴി കരയിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.ഇതിനു പിന്നാലെ ഒക്ടോബര്‍ 16 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. കേരള തീരത്ത് നിലവില്‍ മത്സ്യ ബന്ധനത്തിന് തടസമില്ല.

കോവിഡ് പടരുന്നു:മഞ്ചേരി മാര്‍ക്കറ്റ് അടച്ചു

keralanews covid spread manjeri market closed

മഞ്ചേരി:മഞ്ചേരി മാർക്കറ്റ് കേന്ദ്രീകരിച്ചു കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാർക്കറ്റ് താൽക്കാലികമായി അടച്ചു.വ്യാപാരികളും തൊഴിലാളികളും ഉൾപ്പെടെ മാർക്കറ്റിലെ 70 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മാർക്കറ്റിൽ നിന്നും ശേഖരിച്ച സാമ്പിൾ പരിശോധന ഫലങ്ങൾ ഇനിയും ലഭിക്കാനുണ്ട്.കഴിഞ്ഞ ദിവസം മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് 70 പേർക്ക് കോവിഡ് പോസിറ്റീവായത്. മാർക്കറ്റിൽ നിന്നും 300ന് മുകളിൽ സാമ്പിൾ ശേഖരിച്ചിരുന്നു. കോവിഡ് സമ്പർക്ക വ്യാപനമുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് മാർക്കറ്റിലെ തൊഴിലാളികൾക്കും വ്യാപാരികൾക്കും ഉൾപ്പെടെ വലിയ തോതിൽ രോഗം സ്ഥിരീകരിച്ചത്.നേരത്തെ മാർക്കറ്റിൽ മൂന്ന് ചുമട്ടുതൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ ലക്ഷണം കണ്ടതോടെ തന്നെ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചു. എന്നാൽ ചില വ്യാപാരികൾ ലക്ഷണമുണ്ടായിട്ടും വിവരമറിയിക്കാതെ മറച്ചുവെച്ചുവെന്നും ആക്ഷേപമുയരുന്നുണ്ട് . ഇത് വലിയ തോതിൽ സമ്പർക്കത്തിനിടയാക്കിയെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തൽ.തുടർന്ന് മാർക്കറ്റിൽ ലക്ഷണമുള്ളവർക്ക് മാത്രം പരിശോധന നടത്തി. 19 പേരുടെ സാമ്പിൾ ശേഖരിച്ചതിൽ 18 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെയാണ് മാർക്കറ്റിലെ മുഴുവൻ പേർക്കും പരിശോധന നടത്താനായി ക്യാമ്പ് നടത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ മാർക്കറ്റ് താല്ക്കാലികമായി അടച്ചു.കഴിഞ്ഞ ദിവസങ്ങളിലായി മാർക്കറ്റിലെത്തിയ പൊതുജനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

മന്ത്രി എം.എം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു

keralanews covid confirmed to minister m m mani

തിരുവനന്തപുരം:മന്ത്രി എം.എം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇന്ന് ഉച്ചയോടുകൂടിയാണ് മന്ത്രിയുടെ കോവിഡ് പരിശോധനഫലം പുറത്തുവന്നത്. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിനൊപ്പമുള്ള പെര്‍സണല്‍ സ്റ്റാഫിനോട് ക്വാറന്‍റൈനില്‍ പോകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്രമല്ല അദ്ദേഹത്തോട് ഇടപഴകിയവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ സംസ്ഥാന മന്ത്രിസഭയിലെ നാലാമത്തെ മന്ത്രിക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ മന്ത്രി തോമസ് ഐസക്കിനും, വി.എസ് സുനില്‍കുമാറിനും, ഇ.പി ജയരാജനുമാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്.

10,000 കടന്ന് കോവിഡ്;ഇന്ന് സ്ഥിരീകരിച്ചത് 10,606 പേര്‍ക്ക്;6161 പേര്‍ക്ക് രോഗമുക്തി

keralanews number of covid cases croses 10000 and 10606 cases confirmed today 6161 cured

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 9542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 741 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1488, മലപ്പുറം 1224, എറണാകുളം 1013, തിരുവനന്തപുരം 1155, തൃശൂര്‍ 931, കൊല്ലം 847, ആലപ്പുഴ 667, പാലക്കാട് 372, കണ്ണൂര്‍ 475, കോട്ടയം 489, കാസര്‍ഗോഡ് 407, പത്തനംതിട്ട 271, വയനാട് 131, ഇടുക്കി 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.൯൮ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 20, എറണാകുളം 20, മലപ്പുറം 12, കണ്ണൂര്‍ 11, കാസര്‍ഗോഡ് 10, പത്തനംതിട്ട 9, തൃശൂര്‍ 7, കൊല്ലം 5, പാലക്കാട്, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 6 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6161 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 820, കൊല്ലം 346, പത്തനംതിട്ട 222, ആലപ്പുഴ 393, കോട്ടയം 453, ഇടുക്കി 89, എറണാകുളം 385, തൃശൂര്‍ 320, പാലക്കാട് 337, മലപ്പുറം 743, കോഴിക്കോട് 589, വയനാട് 103, കണ്ണൂര്‍ 1188, കാസര്‍ഗോഡ് 173 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 73,816 സാമ്പിളുകളാണ് പരിശോധിച്ചത്.ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 720 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സ്പെയ്സ് പാര്‍ക്കില്‍ തന്നെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വപ്ന മൊഴി നല്‍കിയതായി എന്‍ഫോഴ്‌മെന്റ് കുറ്റപത്രം

keralanews enforcement charge sheet says chief minister knows about the appointment of swapana suresh in space park

തിരുവനന്തപുരം: സ്‌പേസ് പാര്‍ക്കില്‍ തന്നെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. തനിക്ക് നിയമനം നല്‍കിയത് ശിവശങ്കറിന്റെ വിശ്വസ്ത ആയതുകൊണ്ടാണെന്നും സ്വപ്‌ന എന്‍ഫോഴ്‌മെന്റ് ഡയറക്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു.മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആറ് തവണ ശിവശങ്കറിനെ കണ്ടിരുന്നെന്നും സ്വപ്‌ന നല്‍കിയ മൊഴിയില്‍ പറയുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സ്വപ്‌നയുടെ ഈ മൊഴിയുള്ളത്.യു.എ.ഇ കോണ്‍സുലേറ്റിലെ ജോലി രാജിവെച്ചതിന് ശേഷം പുതിയൊരു ജോലി നേടാൻ അടുത്ത സുഹൃത്തുകൂടിയായ ശിവശങ്കറിന്റെ സഹായം തേടിയിരുന്നു. സ്‌പേസ് പാര്‍ക്കില്‍ പുതിയ ഒരു ഓപ്പണിങ് ഉണ്ടെന്നും ഒരു ബയോഡാറ്റ തയ്യാറാക്കി പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന് അയക്കാനും റഫറന്‍സായി തന്റെ പേരു വെക്കാനും ശിവശങ്കര്‍ ആവശ്യപ്പെട്ടു.തുടര്‍ന്ന് ബയോഡാറ്റ അയച്ചു. ഇതിന് ശേഷം കെ.എസ്.ടി.എ.എല്‍ എം.ഡി ഡോ. ജയശങ്കറിനെ കാണാന്‍ ശിവശങ്കര്‍ ആവശ്യപ്പെട്ടു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഔദ്യോഗികമായി സ്‌പേസ്പാര്‍ക്കില്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നത്.സ്‌പേസ് പാര്‍ക്കിലെ കാര്യം അറിയിച്ചപ്പോള്‍ ഇക്കാര്യം മുഖ്യമന്ത്രിയുമായി താന്‍ സംസാരിക്കാമെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി തന്റെ നിയമനം അറിഞ്ഞിരുന്നെന്നും സ്വപ്‌ന മൊഴിയില്‍ പറയുന്നു.എട്ട് തവണ ഔദ്യോഗികമായി ശിവശങ്കറിനെ കണ്ടിരുന്നു. ഇതില്‍ ആറ് തവണയും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടത്തിയത്. ഔദ്യോഗികമല്ലാതെ നിരവധി തവണ ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും മൊഴിയില്‍ പറയുന്നു.

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഇന്‍ഡിഗോ രണ്ടാംഘട്ട പ്രതിദിന സര്‍വീസ് ഈ മാസം എട്ടിന് പുനരാരംഭിക്കും

keralanews indigo second phase daily service from kannur airport starts from october 8th
കണ്ണൂര്‍: ( 07.10.2020) കണ്ണൂര്‍-ഹൈദരാബാദ് സെക്ടറില്‍ ഇന്‍ഡിഗോയുടെ രണ്ടാമത്തെ പ്രതിദിന സര്‍വീസ് ഈ മാസം എട്ടുമുതല്‍ പുനരാരംഭിക്കും.രാവിലെ 9.30ന് കണ്ണൂരിലെത്തി പത്തിന് തിരിച്ചു ഹൈദരാബാദിലേക്കു പോകുന്ന തരത്തിലാണു സര്‍വീസ്.നിലവില്‍ വൈകുന്നേരം 4.50ന് ഹൈദരാബാദില്‍ നിന്ന് കണ്ണൂരില്‍ എത്തിച്ചേരുന്ന സര്‍വീസാണുള്ളത്. രാത്രി 9.20നാണ് തിരിച്ച് ഹൈദരാബാദിലേക്ക് സര്‍വീസ്. ഇന്‍ഡിഗോയുടെ കണ്ണൂര്‍-ചെന്നൈ സര്‍വീസ് 16 മുതല്‍ എല്ലാ ദിവസവുമാക്കുന്നുണ്ട്. ബംഗളൂരുവിലേക്ക് ഇന്‍ഡിഗോയുടെ രണ്ട് പ്രതിദിന സര്‍വീസുകളുണ്ട്. കൊച്ചി, ഹുബ്ലി എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ മൂന്നു സര്‍വീസും തിരുവനന്തപുരം, ഗോവ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ നാലു സര്‍വീസും ഇന്‍ഡിഗോ നടത്തിവരുന്നുണ്ട്. ഇതോടൊപ്പം കോവിഡ് ലോക് ഡൗണിന് ശേഷമുള്ള എയര്‍ബബിള്‍ നോണ്‍ ഷെഡ്യൂള്‍ സര്‍വീസുകളുടെ ഭാഗമായി ഷാര്‍ജ, ദുബൈ, ദോഹ എന്നിവിടങ്ങളിലേക്കും ഇന്‍ഡിഗോ പ്രതിവാരസര്‍വീസുകള്‍ നടത്തുന്നുണ്ട്.

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ തീ​​​പി​​​ടി​​​ത്തം; ഷോ​​​ര്‍​​​ട്ട് സ​​​ര്‍​​​ക്യൂ​​​ട്ട് മൂ​​​ല​​​മ​​​ല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

keralanews fire in secretariate forensic report says not due to short circuit

തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫിസിലുണ്ടായ തീപിടിത്തം ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണെന്ന സര്‍ക്കാരിന്റെയും മറ്റും വാദം ഫൊറന്‍സിക് വിഭാഗം തള്ളി. പരിശോധിച്ച സാംപിളുകളില്‍ ഷോര്‍ട് സര്‍ക്യൂട്ടിന്റെ ലക്ഷണമൊന്നും കണ്ടെത്തിയില്ലെന്ന ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ഫിസിക്സ് ഡിവിഷന്റെ റിപ്പോര്‍ട്ട് പൊലീസ് സിജെഎം കോടതിക്കു കൈമാറി.ഓഗസ്റ്റ് 25 ലെ തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകണമെങ്കില്‍ ഇനി കെമിസ്ട്രി ഡിവിഷന്റെ പരിശോധന കൂടി പൂര്‍ത്തിയാകണം. ഇന്ത്യന്‍ തെളിവു നിയമം സെക്‌ഷന്‍ 45 പ്രകാരം ഫൊറന്‍സിക് റിപ്പോര്‍ട്ട് ആധികാരിക രേഖയായി പരിഗണിക്കും. പ്രോട്ടോക്കോള്‍ ഓഫിസില്‍ നിന്നു ശേഖരിച്ച സാംപിളുകള്‍ വച്ചു പ്രധാനമായും പരിശോധിച്ചതു ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതയാണ്. സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല. തീ പിടിക്കാന്‍ പെട്രോളോ മറ്റെന്തെങ്കിലുമോ കാരണമായോ എന്നറിയാന്‍ കെമിസ്ട്രി ഡിവിഷന്റെ പരിശോധനാ ഫലം വരണം. കത്തിയ സ്ഥലത്തു നിന്നു ചാരം ഉള്‍പ്പെടെ ഇതിനായി ശേഖരിച്ചിട്ടുണ്ട്.മുറിക്കുള്ളില്‍ കത്തിനശിച്ച 24 വസ്തുക്കള്‍ പരിശോധിച്ചാണു രാസപരിശോധനാ റിപ്പോര്‍ട്ട് തയാറാക്കിയതെന്നു ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു ഫയലുകള്‍ കത്തിയിരുന്നു. എന്നാല്‍, കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ കത്തി നശിച്ചിരുന്നില്ല.സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസില്‍ ഓഗസ്റ്റ് 25 നായിരുന്നു തീപിടിത്തമുണ്ടായത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചതെന്നും തീപിടിത്തത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.