കൊച്ചി:സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല. തീയറ്റര്‍ തുറക്കുന്നതിന് കേരളത്തില്‍ അനുകൂല സാഹചര്യമില്ലെന്നു കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി.) സിനിമാമേഖലയിലെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ വിലയിരുത്തി. ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി രാജ്യത്ത് 15 മുതല്‍ നിയന്ത്രണങ്ങളോടെ തീയറ്റര്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു.നിലവില്‍ സംസ്ഥാനത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്താല്‍ ഒരുമാസം കൂടിയെങ്കിലും തിയേറ്ററുകള്‍ അടഞ്ഞുകിടക്കും. തുറന്നാല്‍ത്തന്നെ സിനിമ കാണാന്‍ ആരും എത്തുമെന്നു പ്രതീക്ഷിക്കാനാവില്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. നിര്‍മാതാക്കളും വിതരണക്കാരും സിനിമ നല്‍കിയാല്‍ ട്രയല്‍റണ്‍ എന്നനിലയില്‍ കോര്‍പ്പറേഷന്റെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് സ്ഥിതി വിലയിരുത്താമെന്ന നിര്‍ദേശം കെഎസ്‌എഫ്ഡിസി മുന്നോട്ടുവെച്ചു. തിയേറ്ററുകള്‍ പൂട്ടിക്കിടക്കുന്നതിനാല്‍ സിനിമാമേഖല വലിയ പ്രതിസന്ധിയിലാണ്. പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം പലവട്ടം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി എന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു. അതു പരിഗണിക്കാതെ സിനിമകള്‍ നല്‍കിയിട്ട് കാര്യമില്ലെന്ന് നേരത്തെത്തന്നെ വ്യക്തമാക്കിയിരുന്നതായും അവര്‍ പറഞ്ഞു.ചര്‍ച്ചയില്‍ ചെയര്‍മാനു പുറമേ എം.ഡി. എന്‍.മായയും ഫിയോക്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, ഫിലിം ചേമ്ബര്‍ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. യോഗത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാരിനെ കോര്‍പ്പറേഷന്‍ അറിയിക്കും.
കോഴിക്കോട് ജില്ലയില്‍ വ്യാപാരികള്‍ വ്യാഴാഴ്ച നടത്താനിരുന്ന കടയടപ്പ് സമരം പിൻവലിച്ചു
കോഴിക്കോട്: ജില്ലയില്‍ വ്യാപാരികള്‍ വ്യാഴാഴ്ച നടത്താനിരുന്ന കടയടപ്പ് സമരം പിൻവലിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി.നസിറുദീന്‍ ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ കടകള്‍ അടപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സമരത്തിന് ആഹ്വാനം ചെയ്തത്.കണ്ടെയ്ന്‍മെന്റ് സോണുകള്‍ അശാസ്ത്രീയമായി നിശ്ചയിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുകയും ചെയ്യുന്നതിനാല്‍ വ്യാപാരികളുടെ ജീവിതം പ്രതിസന്ധിയിലായെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരാതി. കോഴിക്കോട് വലിയങ്ങാടിയില്‍ കണ്ടെയ്ന്‍മെന്റ് സോണായിരുന്ന വാര്‍ഡില്‍ ചില വ്യാപാരികള്‍ കട തുറന്നതിനെ തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; സുരാജ് വെഞ്ഞാറമൂട് മികച്ച നടന്‍, കനി കുസൃതി മികച്ച നടി
തിരുവനന്തപുരം:അൻപതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 119 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരച്ചത്. മികച്ച നടനും നടിക്കുമായി കടുത്ത മത്സരമാണ് നടന്നത്. മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂടും, നടി കനി കുസൃതിയുമാണ്. സിജു വില്‍സണ്‍ നിര്‍മിച്ച വാസന്തിയാണ് മികച്ച ചിത്രം. ബിബിന്‍ ചന്ദ്രന്‍റെ ‘മാടമ്പള്ളിയിലെ മനോരോഗി’ ആണ് മികച്ച ചലച്ചിത്ര ലേഖനം. മികച്ച ഗായകന്‍ നജീം അര്‍ഷാദാണ്. ഗായിക മധുശ്രീ നാരായണ്‍. ജെല്ലിക്കെട്ട് എന്നചിത്രത്തിലൂടെ മികച്ച സംവിധായകനുളള പുരസ്കാരം ലിജോ ജോസ് പല്ലിശ്ശേരിയും നേടി. നിവിന്‍ പോളിയും, നടി അന്ന ബെന്നും പ്രത്യേക പരാമര്‍ശം നേടി.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ അഭിനയമാണ് സുരാജിനെ ഒരിക്കല്‍ക്കൂടി മികച്ച നടനാക്കിയത്. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനി കുസൃതി ആദ്യമായി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില അഭിനയത്തിന് ഫഹദ് ഫാസില്‍ മികച്ച സ്വഭാവനടനും വാസന്തിയിലെ അഭിനയത്തിന് സ്വാസിക വിജയ് മികച്ച സ്വഭാവനടിക്കുമുളള അവാര്‍ഡുകള്‍ സ്വന്തമാക്കി. മൂത്തോനിലെ അഭിനയത്തിന് നിവന്‍ പോളിയും ഹെലനിലെ അഭിനയത്തിന് അന്നബെന്നും അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം കരസ്ഥമാക്കി.ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്ബാട്ട് ആയിരുന്നു ജൂറി ചെയര്‍മാന്‍. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി അജോയ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
ലൈഫ് മിഷൻ ക്രമക്കേടിലെ സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ
കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിക്കെതിരെ ഉയര്‍ന്ന അഴിമതിയുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. രണ്ട് മാസത്തേക്കാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പിണറായി സര്‍ക്കാരിന് ആശ്വാസമേകും. സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി സ്‌റ്റ് അനുവദിച്ചിരിക്കുന്നത്. രണ്ട് മാസത്തിനു ശേഷം കേസ് പരിഗണിക്കും.ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സി.ബി.ഐ അന്വേഷണ ഉത്തരവ് ചോദ്യം ചെയ്ത് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസും യൂനിടാക് എം.ഡി സന്തോഷ് ഈപ്പനുമാണ് ഹരജി നല്‍കിയത്. വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിനെ കുറിച്ച് അന്വേഷിക്കാൻ സിബിഐയ്ക്ക് അധികാരമില്ലെന്നാണ് സർക്കാര്‍ വാദിച്ചത്.എന്നാല്‍, യൂണിടാക് എംഡി സന്തോഷ് ഈപ്പനെതിരായ അന്വേഷണത്തില്‍ സിബിഐയ്‌ക്ക് മുന്നോട്ടു പോകാമെന്ന് കോടതി വ്യക്തമാക്കി. വിദേശ സഹായ നിയന്ത്രണ നിയമം (എഫ് സി ആര്‍ എ) ലംഘിക്കപ്പെട്ടു എന്നതിന് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രഥമദൃഷ്‌ട്യാ തെളിവില്ലാത്തതുകൊണ്ടാണ് സ്‌റ്റേ അനുവദിച്ചതെന്നാണ് സൂചന.
സ്വർണ്ണക്കടത്ത് കേസ്;എം.ശിവശങ്കര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് കസ്റ്റംസ്
കൊച്ചി : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് കസ്റ്റംസ്. തുടര്‍ച്ചയായി രണ്ട് ദിവസം ചോദ്യം ചെയ്തതിന് പിന്നാലെ ഇന്നും കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് അറിയിച്ചിരുന്നു.ഇക്കഴിഞ്ഞ ഒന്‍തിനും പത്തിനും ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.പതിനൊന്നുമണിക്കൂര്‍ വീതമാണ് ചോദ്യം ചെയ്തത്. എന്നാല്‍ പിന്നീട് ഇത് വേണ്ടെന്നും ശിവശങ്കറിന്റെ പാസ്‌പോര്‍ട്ടും വിദേശയാത്രാ രേഖകള്‍ സംബന്ധിച്ച വിവരങ്ങളും ഹാജരാക്കിയാല്‍ മതിയെന്നും അറിയിക്കുകയായിരുന്നു.ശിവശങ്കര്‍ നേരിട്ട് ഹാജരാകണമെന്നില്ലെന്നും മറ്റാരെങ്കിലും വഴി പാസ്‌പോര്‍ട്ട്, വിദേശയാത്ര രേഖകള്‍ എന്നിവ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം ശിവശങ്കറും വിദേശ യാത്ര നടത്തിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ യാത്രയ്ക്കിടയില്‍ സ്വപ്ന ഒരു കോടി 90 ലക്ഷം രൂപയുടെ യുഎസ് ഡോളറും രഹസ്യമായി വിദേശത്തേക്ക് കൊണ്ടുപോയിരുന്നു.എന്നാല്‍ ഇത് സംബന്ധിച്ച് തനിക്ക് അറവില്ലെന്നാണ് ശിവശങ്കറിന്റെ മൊഴി. ഇക്കാര്യങ്ങളിലുള്ള തുടര്‍ അന്വേഷണത്തിന്റെ ഭാഗമായാണ് യാത്രാ രേഖയും പാസ്‌പോര്‍ട്ടും ഹാജരാക്കാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുള്ളത്. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ പങ്കാളിത്തം തെളിയിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചെങ്കില്‍ മാത്രമെ ഇനി കസ്റ്റംസ് ചോദ്യം ചെയ്യലിനായി വിളിപ്പിക്കൂവെന്നാണ് അറിയാന്‍ കഴിയുന്നത്.
വിപരീത ഫലം;ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്സിൻ പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചു
വാഷിങ്ടണ്‍: കൊറോണ വാക്‌സിന്‍ പരീക്ഷിച്ച ഒരാള്‍ക്ക് അവശത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിൻ പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചു. മനുഷ്യരില്‍ വാക്‌സിന്‍ കുത്തിവെയ്ക്കുന്ന മൂന്നാംഘട്ട പരീക്ഷണമാണ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്.60,000 പേരെ വാക്‌സിന്‍ പരീക്ഷണത്തിന് ക്ഷണിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ സംവിധാനവും കമ്പനി തല്‍ക്കാലത്തേയ്ക്ക് പിന്‍വലിച്ചു കഴിഞ്ഞു. അമേരിക്കയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 200 ഇടങ്ങളില്‍ നിന്ന് അറുപതിനായിരം പേരെ തെരഞ്ഞെടുത്ത് പരീക്ഷണം നടത്താനാണ് കമ്പനി തീരുമാനിച്ചിരുന്നത്. അര്‍ജന്റീന, ബ്രസീല്‍, ചിലി, കൊളംബിയ, മെക്‌സിക്കോ, പെറു, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായാണ് പരീക്ഷണം നടത്തുന്നത്.ഒക്ടോബര്‍ മാസം ആദ്യമാണ് കൊവിഡ് വാക്‌സിന്‍ നിര്‍മാതാക്കളുടെ ഹ്രസ്വപട്ടികയില്‍ ജോണ്‍ ആന്റ് ജേണ്‍സണും ഇടം നേടിയത്.
സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;7836 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.7836 പേര്‍ രോഗമുക്തി നേടി. 94,388 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 1,99,634 ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,259 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. അഞ്ച് പ്രദേശങ്ങളെ ഒഴിവാക്കി. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട് 288, കണ്ണൂര്‍ 274, പത്തനംതിട്ട 186, ഇടുക്കി 94, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 86 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4767 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 195 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 796, മലപ്പുറം 584, തൃശൂര്‍ 620, തിരുവനന്തപുരം 415, ആലപ്പുഴ 465, എറണാകുളം 378, കോട്ടയം 320, കൊല്ലം 315, കാസര്‍ഗോഡ് 246, പാലക്കാട് 203, കണ്ണൂര്‍ 224, പത്തനംതിട്ട 108, ഇടുക്കി 64, വയനാട് 29 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.195 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 76, എറണാകുളം 23, തൃശൂര്‍ 19, കോട്ടയം 17, കണ്ണൂര്‍ 13, പാലക്കാട്, കോഴിക്കോട് 10 വീതം, മലപ്പുറം, കാസര്‍ഗോഡ് 7 വീതം, ആലപ്പുഴ 5, കൊല്ലം, ഇടുക്കി 3 വീതം, പത്തനംതിട്ട 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7836 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 830, കൊല്ലം 426, പത്തനംതിട്ട 151, ആലപ്പുഴ 594, കോട്ടയം 455, ഇടുക്കി 29, എറണാകുളം 1018, തൃശൂര്‍ 1090, പാലക്കാട് 444, മലപ്പുറം 915, കോഴിക്കോട് 1306, വയനാട് 103, കണ്ണൂര്‍ 130, കാസര്‍ഗോഡ് 345 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 94,388 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,99,634 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.അഞ്ച് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കണ്ണൂരിൽ കത്തിക്കുത്ത് കേസിലെ പ്രതിയെന്ന് ആരോപിച്ച യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍
കണ്ണൂർ:മദ്യപിച്ചുണ്ടായ വാക്ക് തര്‍ക്കത്തിനിടയിൽ രണ്ടുപേര്‍ക്ക് കുത്തേറ്റ സംഭവത്തിലെ പ്രതിയെന്നാരോപിച്ചയാള്‍ ആത്മഹത്യ ചെയ്ത നിലയില്‍.കണ്ണാടിപ്പറമ്പ് പൂത്തുമ്മല്‍ ഹൗസില്‍ സനോജി (36) നെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മയ്യില്‍ കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ വീട്ടിലാണ് തിങ്കളാഴ്ച രാവിലെയോടെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനും തുടര്‍ നടപടികള്‍ക്കുമായി കണ്ണൂര്‍ ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കണ്ണാടിപ്പറമ്പ് ടയര്‍ പീടികയ്ക്ക് സമീപം ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് മദ്യപാനത്തിനിടെ വാക്കേറ്റവും കത്തിക്കുത്തുമുണ്ടായത്. സംഭവത്തില്‍ മയ്യില്‍ കടൂര്‍ കോറലാട്ടെ വിജിത്ത് (35), കണ്ണാടിപ്പറമ്പ് ചവിട്ടിടിപ്പാറയിലെ മണി(47) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു.സനോജിന് പരിക്ക് സാരമല്ലാത്തതിനാല്‍ മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിലേക്ക് പോവുകയായിരുന്നു. സംഭവത്തില്‍ മയ്യില്‍ പൊലീസ് കേസെടുത്തു അന്വേഷണം നടത്തിവരുന്നതിനിടെയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാനദണ്ഡങ്ങൾ പാലിച്ച് കൊവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കും;നടപടി രോഗിയെ പുഴുവരിച്ച സംഭവത്തെ തുടര്‍ന്ന്
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലുളള പരിചരണം ആവശ്യമുളള രോഗികള്‍ക്ക് മാനദണ്ഡങ്ങൾ പാലിച്ച് കൂട്ടിരിപ്പുകാരെ അനുവദിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. കൊവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിര്‍ദേശങ്ങളൊന്നും നിലവില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. രോഗിയുടെ ബന്ധുവിന് കൂട്ടിരിപ്പുകാരനാകാം. കൂട്ടിരിക്കുന്നയാള്‍ ആരോഗ്യവാനായ വ്യക്തിയായിരിക്കണം. നേരത്തെ കൊവിഡ് പോസിറ്റീവായ വ്യക്തിയാണെങ്കില്‍ നെഗറ്റീവായി ഒരു മാസം കഴിഞ്ഞിരിക്കണം. ഇവര്‍ രേഖാമൂലമുള്ള സമ്മതം നല്‍കേണ്ടതാണ്.കൂട്ടിരിക്കുന്ന ആളിന് പി.പി.ഇ കിറ്റ് അനുവദിക്കും. കൂട്ടിരിക്കുന്നയാള്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും വ്യവസ്ഥയുണ്ട് കൊവിഡ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശാനുസരണം സൂപ്രണ്ടുമാര്‍ പരിചരണം ഉറപ്പാക്കാനുളള ക്രമീകരണം നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. രോഗിയുടെ അവസ്ഥ മനസിലാക്കി കൊവിഡ് മെഡിക്കല്‍ ബോര്‍ഡിന് തീരുമാനം എടുക്കാം.