തിരുവനന്തപുരം:സീരിയല്‍ നടൻ ശബരീനാഥ് (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ എസ്.യു.ടി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം കോവളം സ്വദേശി ആണ് ശബരീനാഥ്.സ്വാമി അയ്യപ്പൻ, പാടാത്ത പൈങ്കിളി, സ്ത്രീപഥം അടക്കം നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.സാഗരം സാക്ഷി എന്ന സീരിയലിന്‍റെ സഹനിർമ്മാതാവ് കൂടിയായിരുന്നു ശബരിനാഥ്.പാടാത്ത പൈങ്കിളി ഉൾപ്പടെയുള്ള സീരിയലുകളിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ശബരിനാഥിന്‍റെ അപ്രതീക്ഷിത മരണം.നടന്റെ അപ്രതീക്ഷിത മരണം സീരിയൽ പ്രേമികളിൽ നടുക്കമുണ്ടാക്കിയിട്ടുണ്ട്.
കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി;പിന്നില്‍ സ്വര്‍ണ കടത്ത് സംഘമെന്ന് സൂചന
കോഴിക്കോട്:കരിപ്പൂരിൽ വിമാനം ഇറങ്ങിയതിന് ശേഷം ടാക്‌സിയില്‍ വീട്ടിലേക്ക് യാത്ര തിരിച്ച വ്യക്തിയെ കാര്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടുപോയി. കുറ്റിയാടി സ്വദേശിയായ യാത്രക്കാരനെയാണ് തട്ടിക്കൊണ്ടുപോയത്.മുക്കം സ്വദേശിയായ ടാക്‌സി ഡ്രൈവറായ അഷ്‌റഫ് ആണ് വിവരം പൊലീസിനെ അറിയിച്ചത്.വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം.അബുദാബിയില്‍ നിന്നാണ് ഇയാള്‍ കരിപ്പൂരില്‍ വിമാനം ഇറങ്ങിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ടാക്‌സി കാര്‍ പിന്തുടര്‍ന്ന ഗുണ്ടാ സംഘം കൊണ്ടോട്ടി കോളോത്ത് വെച്ചാണ് കാര്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ട് പോയത്.ഈ സമയം നാട്ടുകാര്‍ കൂടിയതോടെ ഗുണ്ടാസംഘം രക്ഷപെട്ടു.സ്വര്‍ണ കടത്ത് സംഘമാണ് തട്ടിക്കൊണ്ട് പോവലിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
കോവിഡ് പോസിറ്റീവായ രണ്ടുപേരെ രണ്ടുപേരെ യാത്ര ചെയ്യാൻ അനുവദിച്ചു;എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായിൽ താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി
ദുബായ്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ദുബായ്. വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കാണ് വിലക്ക്. കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചതാണ് വിലക്കിന് കാരണം.സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ പതിനഞ്ചു ദിവസത്തേക്കാണ് വിലക്ക്. ഇതോടെ ദുബായിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഷാര്‍ജയിലേക്ക് റീ ഷെഡ്യൂള്‍ ചെയ്തു. കോവിഡ് ബാധിതരായ രണ്ടുപേരെ ദുബായിയില്‍ എത്തിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദുബായ് സിവില്‍ ഏവിയേഷന്റെ നടപടി.ഒക്ടോബര്‍ രണ്ടുവരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ദുബായിയിലേക്കോ ദുബായിയില്‍ നിന്ന് പുറത്തേക്കോ സര്‍വീസ് നടത്താന്‍ കഴിയില്ല. ഓഗസ്റ്റിലാണ് കോവിഡ് രോഗിയെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായിയില്‍ എത്തിച്ചതായി കണ്ടെത്തിയത്. പിന്നാലെ ദുബായ് സിവില്‍ ഏവിയേഷന്‍ എയര്‍ ഇന്ത്യയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ ഈ മാസം നാലിന് ജയ്പൂരിൽ നിന്ന് മറ്റൊരു കോവിഡ് രോഗി കൂടി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായിയില്‍ എത്തിയതോടെയാണ് വിലക്കേര്‍പ്പെടുത്തുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.കോവിഡ് പോസിറ്റീവ് ആയ രണ്ട് പേരുടേയും ചികിത്സാ ചിലവും സഹയാത്രികരുടെ ക്വറന്റീന്‍ ചിലവുകളും എയര്‍ ഇന്ത്യ എക്പ്രസ് ഏറ്റെടുക്കണമെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കൊവിഡ് രോഗി സഞ്ചരിച്ച വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ആശങ്കയിലാണ്.ഇന്ന് മുതല്‍ നാട്ടിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ ഇന്ത്യ സര്‍വ്വീസുകളെല്ലാം റദ്ദാക്കി. പല സര്‍വ്വീസുകളും ഷാര്‍ജിയിലേക്ക് മാറ്റി ഷെഡ്യൂള്‍ ചെയ്തിട്ടുമുണ്ട്.
സംസ്ഥാനത്ത് ഇന്ന് 4351 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് 107, ഇടുക്കി 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 141 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 351 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 804, കോഴിക്കോട് 536, എറണാകുളം 358, ആലപ്പുഴ 349, മലപ്പുറം 335, തൃശൂര്‍ 285, കാസര്‍ഗോഡ് 278, കണ്ണൂര്‍ 232, പാലക്കാട് 211, കൊല്ലം 210, കോട്ടയം 198, പത്തനംതിട്ട 107, വയനാട് 99, ഇടുക്കി 79 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 16, തിരുവനന്തപുരം 15, കാസര്‍ഗോഡ് 12, തൃശൂര്‍, കണ്ണൂര്‍ 8 വീതം,കൊല്ലം, പാലക്കാട്, മലപ്പുറം 3, ആലപ്പുഴ 2, പത്തനംതിട്ട, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2737 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 547, കൊല്ലം 325, പത്തനംതിട്ട 102, ആലപ്പുഴ 196, കോട്ടയം 120, ഇടുക്കി 47, എറണാകുളം 357, തൃശൂര്‍ 140, പാലക്കാട് 114, മലപ്പുറം 214, കോഴിക്കോട് 275, വയനാട് 79, കണ്ണൂര്‍ 97, കാസര്‍ഗോഡ് 124 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 21 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 608 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കണ്ണൂരില്‍ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു; നിരവധി പൊലീസുകാര്‍ നിരീക്ഷണത്തില്‍
കണ്ണൂര്‍: കണ്ണൂരില്‍ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമരങ്ങളെ നേരിട്ട ടൗണ്‍ സ്റ്റേഷനിലെ പൊലീസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മയ്യില്‍ സ്വദേശിയാണ്. ഇതേ തുടര്‍ന്ന് സ്റ്റേഷനിനെ നിരവധി പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോയി. സ്റ്റേഷന്‍ അണുവിമുക്തമാക്കി.അതിനിടെ, സംസ്ഥാനത്ത് ഉടനീളം അരങ്ങേറുന്ന സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്തെത്തി. ഏഴ് മാസത്തെ പ്രവര്‍ത്തനത്തിന്റെ ഫലം അപകടത്തില്‍ ആക്കരുതെന്നും ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കരുതെന്നും ആരോഗ്യമന്ത്രി താക്കീത് നല്‍കി.സമരക്കാരെ പറഞ്ഞ് മനസ്സിലാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ സമരത്തില്‍ പങ്കെടുക്കുന്നത് രോഗവ്യാപനം ഉണ്ടാകുന്ന സ്ഥിതിയാണ് സൃഷ്ടിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം ലംഘിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും ഗുരുതരമായ ശിക്ഷ കൊടുക്കേണ്ട കുറ്റകൃത്യമാണ് ഇതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്‍.ഐ.എയുടെ എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ജലീല്‍ മടങ്ങി
കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊച്ചി എന്‍ഐഎ ഓഫീസില്‍ മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.എട്ടുമണിക്കൂർ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ വൈകിട്ട് അഞ്ച് മണിയോടെയാണ് ജലീല്‍ കൊച്ചി എന്‍.ഐ.എ ഓഫീസില്‍ നിന്ന് പുറക്കേക്കിറങ്ങിയത്.കാറില്‍ കയറുന്നതിന് മുൻപായി തന്നെ ഫോക്കസ് ചെയ്തുവെച്ച ചാനല്‍ ക്യാമറകളെ നോക്കി അദ്ദേഹം കൈവീശിക്കാണിച്ചു. ഇതിന് ശേഷം കാറില്‍ കയറി യാത്ര തുടര്‍ന്ന മന്ത്രി ഗസ്റ്റ് ഹൗസിലേക്ക് എത്തും മുൻപ് മറ്റൊരു വാഹനത്തില്‍ കയറി യാത്രയായി. മന്ത്രി എന്‍ഐഎ ഓഫീസില്‍ നിന്നും എത്തിയ ശേഷം മടങ്ങിയ കാറില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല.ഇന്ന് മന്ത്രിയില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ പരിശോധിച്ചശേഷമാകും കൂടുതല്‍ നടപടികളിലേക്ക് എന്‍ഐഎ കടക്കുക.യുഎഇ കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രന്ഥങ്ങള്‍ കൈപ്പറ്റി വിതരണം ചെയ്തതിന്റെ മറവില്‍ സ്വര്‍ണ കടത്ത് അല്ലെങ്കില്‍ ഹവാല ഇടപാട് നടന്നിട്ടുണ്ടോ എന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്തത്. രാവിലെ 10 ന് ചോദ്യം ചെയ്യലിന് എത്താനായിരുന്നു മന്ത്രി ജലീലിന് എന്‍ഐഎ നിര്‍ദേശം നല്‍കിയത്. എന്നാല്‍ രാവിലെ ആറുമണിയ്ക്ക് മന്ത്രി എത്തുകയായിരുന്നു. മന്ത്രി നേരത്തേ എത്തിയതറിഞ്ഞ് എട്ടേകാലോടെത്തന്നെ എന്‍ഐഎ ഉദ്യോഗസ്ഥരുമെത്തി. തുടര്‍ന്ന് രാവിലെ എട്ടരയോടെ ചോദ്യം ചെയ്യല്‍ തുടങ്ങി.സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷുമായുള്ള മന്ത്രി ജലീലിന്റെ സൗഹൃദം സംബന്ധിച്ചും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമാണ് സ്വപ്നയെ പരിചയമെന്നാണ് ജലീല്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്.
നാളെ മുതല്‍ എസ്ബിഐ എടിഎമ്മുകളില്‍ നിന്നും 10000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കാന്‍ രജിസ്റ്റേർഡ് മൊബൈല്‍ നമ്പറിൽ വരുന്ന ഒടിപി നിർബന്ധം
കൊച്ചി:നാളെ മുതല്‍ എസ്ബിഐ എടിഎമ്മുകളില്‍ നിന്നും 10000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കാന്‍ രജിസ്റ്റേർഡ് മൊബൈല്‍ നമ്പറിൽ വരുന്ന ഒടിപി നിർബന്ധമാക്കി. അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പറിലാണ് ഒടിപി ലഭിക്കുക. പിന്‍വലിക്കേണ്ടുന്ന തുക ടൈപ് ചെയ്താലുടന്‍ ഒടിപി എന്റര്‍ ചെയ്യാനുള്ള നിര്‍ദേശം എടിഎം സ്ക്രീനില്‍ തെളിയുമെന്നു ബാങ്ക് അറിയിച്ചു.വിവിധ രീതിയിലുള്ള കാര്‍ഡ് തട്ടിപ്പുകള്‍ വ്യാപകമായതോടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, രാത്രി 8 മുതല്‍ രാവിലെ 8 വരെ ഈ സംവിധാനം ജനുവരി മുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. പുതിയ സേവനം ഉപയോഗിക്കാന്‍ എല്ലാ അക്കൌണ്ട് ഉടമകളും മൊബൈല്‍ നമ്ബറുകള്‍ രജിസ്റ്റര്‍ ചെയ്യാനോ അപ്‌ഡേറ്റ് ചെയ്യാനോ എസ്ബിഐ നിര്‍ദേശിക്കുന്നു. നാഷണല്‍ ഫിനാന്‍ഷ്യല്‍ സ്വിച്ചിലെ (എന്‍എഫ്‌എസ്) എസ്‌ബിഐ ഇതര എടിഎമ്മുകളില്‍ ഈ പ്രവര്‍ത്തനം വികസിപ്പിച്ചിട്ടില്ലാത്തതിനാല്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സൗകര്യം എസ്‌ബിഐ എടിഎമ്മുകളില്‍ മാത്രമേ ലഭ്യമാകൂ.
മന്ത്രി കെ.ടി ജലീലിനെ പ്രതീകാത്മകമായി ജയിലിലടച്ച് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് സമരം
കണ്ണൂർ:സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് കൊണ്ടിരിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെ പ്രതീകാത്മകമായി ജയിലിലടച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ പ്രതിഷേധ മാര്‍ച്ചും ദേശീയ പാത ഉപരോധ സമരവും നടത്തി.അഴിക്കുള്ളിലാക്കിയ മന്ത്രിയെയും വഹിച്ച് പ്രതീകാത്മകമായി കലക്ടറേറ്റിനു മുന്നിലേക്ക് പ്രകടനമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുടര്‍ന്ന് എസ്.പി ഓഫീസിനുമുന്നില്‍ വരെ പ്രകടനം നടത്തി തിരിച്ച് വന്ന് ഗാന്ധി സ്ക്വയറിന് സമീപം ദേശീയപാത ഉപരോധിച്ചു.സമരത്തിന് സമീപത്ത് നിലയുറപ്പിച്ച പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പ്രതിയായ മന്ത്രിയെ കൈമാറാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നതിനാല്‍ മന്ത്രി കെ ടി ജലീലിന്റെ മുഖചിത്രവും മന്ത്രിയെ ജയിലറക്കുള്ളിലാക്കിയ ഒന്‍പതാം നമ്പർ സെല്ലും ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസ് കൂടിയായ ജില്ലാ കലക്‌ട്രേറ്റിലേക്ക് എറിഞ്ഞു കൊടുക്കുകയും ചെയ്തു.മാര്‍ച്ചിനും ഉപരോധ സമരത്തിനും യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറി കെ കമല്‍ജിത്ത്, ജില്ലാ ഭാരവാഹികളായ വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, പി ഇമ്രാന്‍, കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്, ബ്ലോക്ക് പ്രസിഡന്റ്‌മാരായ എം.കെ വരുണ്‍,നികേത് നാറാത്ത്,ഫര്‍സിന്‍ മജീദ്,അക്ഷയ് ചൊക്ലി ഷനോജ് ധര്‍മ്മടം, അനൂപ് ബാലന്‍, അക്ഷയ് കോവിലകം, വരുണ്‍ തളിപ്പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കേരളമാകെ പ്രതിഷേധം;വിവിധയിടങ്ങളിൽ ലാത്തിച്ചാര്‍ജ്;വിടി ബല്‍റാമുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്
പാലക്കാട്:സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയനായ മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ടുളള പ്രതിഷേധത്തിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ലാത്തിച്ചാര്‍ജ്. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ലാത്തിച്ചാര്‍ജിനിടെ വി.ടി. ബല്‍റാം എംഎല്‍എയ്ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.ബല്‍റാമിന്റെ തലയ്ക്കാണ് പരുക്കേറ്റത്. ജലീലിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും പ്രക്ഷോഭം കടുപ്പിക്കുകയാണ്. യുവമോര്‍ച്ച കോട്ടയത്തു നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിലും പൊലീസ് ലാത്തി വീശി. മൂന്ന് റൗണ്ട് ജലപീരങ്കി ഉപയോഗിച്ചു. ബാരിക്കേഡ് മറി കടക്കാന്‍ ശ്രമിച്ച രണ്ടു പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. ജലീലിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ച സമയത്ത് എന്‍.ഐ.എ ഓഫീസിനിന് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം മുന്നില്‍ കണ്ട് ജലീലിനെ ചോദ്യം ചെയ്യുന്ന കൊച്ചി എന്‍.ഐ.എ ഓഫീസില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.കോട്ടയത്തും കൊല്ലത്തും കോഴിക്കോട്ടും നടന്ന പ്രതിഷേധത്തില്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂര്‍ കളക്‌ട്രേറ്റിലേക്ക് കെ.എസ്.യു പ്രതിഷേധ മാര്‍ച്ച് നടത്തി.എന്‍.ഐ.എ ആസ്ഥാനത്തേക്ക് ബി.ജെ.പി യുവമോര്‍ച്ചയും മാര്‍ച്ച് നടത്തി. കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്ന എന്‍.ഐ.എക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് മാര്‍ച്ച്.
ചോദ്യം ചെയ്യലിന് അർദ്ധരാത്രിയിൽ എത്തട്ടെ എന്ന് ജലീൽ; എന്‍ഐഎ വിസമ്മതിച്ചപ്പോള്‍ മന്ത്രി വരവ് പുലര്‍ച്ചെ അഞ്ചരയ്ക്ക് ആക്കി
കൊച്ചി: എന്‍ഐഎ നോട്ടീസ് കിട്ടിയതിന് പിന്നാലെ ചോദ്യം ചെയ്യലിന് അര്‍ദ്ധരാത്രിയില്‍ എത്തട്ടെ എന്ന് മന്ത്രി കെ ടി ജലീല്‍ എൻഐഎ യോട് ആവശ്യപ്പെട്ടതായി സൂചന.എന്നാല്‍ ഉദ്യോഗസ്ഥര്‍ ആവശ്യം തള്ളിയതിനെ തുടര്‍ന്നായിരുന്നു രാവിലെ ആറു മണിക്ക് എത്തിയത്. മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാനുള്ള ശ്രമം പക്ഷേ ഫലവത്തായില്ല. അര്‍ദ്ധരാത്രിയില്‍ എത്താമെന്ന മന്ത്രിയുടെ മറുപടി എന്‍ഐഎ തള്ളിയപ്പോള്‍ രാവിലെ ആറു മണിക്ക് എത്തുന്നതിനുള്ള അനുമതി ഉദ്യോഗസ്ഥര്‍ സമ്മതിച്ചു. ഇതോടെയാണ് പുലര്‍ച്ചെ കൊച്ചിയിലെ ഓഫീസില്‍ എത്തിയത്. ഔദ്യോഗിക വാഹനം ഒഴിവാക്കി മുന്‍ എംഎല്‍എ, എ എം യൂസഫിന്റെ കാറിലാണ് ജലീല്‍ എന്‍ഐഎ യുടെ കടവന്ത്രയിലെ ഓഫീസില്‍ എത്തിയത്. രാത്രി തന്നെ തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ച് കളമശ്ശേരി റെസ്റ്റ് ഹൗസില്‍ രാവിലെ നാലു മണിയോടെ എത്തിയ മന്ത്രി സ്വന്തം വാഹനം അവിടെ ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലായിരുന്നു എന്‍ഐഎയുടെ ഓഫീസിലേക്ക് എത്തിയത്.ആലുവ മുന്‍ എംഎല്‍എയും, സിപിഎം നേതാവുമായ എ എം യൂസഫിന്റേതാണ് വാഹനം.തന്നെ പുലര്‍ച്ചെ വിളിച്ച് മന്ത്രി വാഹനം ആവശ്യപ്പെടുകയായിരുന്നു എന്നാണ് വാഹനം വിട്ടു നല്‍കിയത് സംബന്ധിച്ച് എ.എം. യൂസഫ് നല്‍കിയ പ്രതികരണം. ബുധനാഴ്ച രാത്രി 1.30ടെയാണ് ജലീല്‍ വാഹനം ആവശ്യപ്പെട്ടത്. കളമശ്ശേരി റസ്റ്റ് ഹൗസിലേക്ക് പുലര്‍ച്ചെയോടെ ഡൈവറുമായി വാഹനം എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്‍ഐഎ ഓഫീസിലേക്ക് രാവിലെ പോവേണ്ടതുണ്ടെന്ന് അറിയിച്ചിരുന്നു എന്നും യൂസഫ് മാധ്യമങ്ങളോട് പറഞ്ഞു.യുഎഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ പാഴ്സല്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് കൈപ്പറ്റി എന്ന ആരോപണത്തിലാണ് ജലീലിനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നത്. എന്‍ഫോഴ്‌സമെന്റിന് ജലീല്‍ നല്‍കിയ മൊഴി എന്‍ഐഎ പരിശോധിക്കുന്നുണ്ട്. സ്വര്‍ണക്കടത്തോ മറ്റ് ഹവാല ഇടപാടുകളോ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ മറവില്‍ നടന്നിട്ടുണ്ടോ എന്നാണ് ഏജന്‍സികള്‍ അന്വേഷിക്കുന്നത്. കോണ്‍സുലാര്‍ ജനറലിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് താന്‍ മതഗ്രന്ഥങ്ങള്‍ കൈപ്പറ്റിയത് എന്നാണ് ജലീലിന്റെ വിശദീകരണം.