മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ലഹരിമരുന്ന് കേസില്‍ നടി ദീപിക പദുക്കോണിനെ അഞ്ച് മണിക്കൂറോളം ചോാദ്യം ചെയ്ത ശേഷം വിട്ടയച്ചു. രാവിലെ 9.50ഓടെയാണ് ദീപിക നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് മുൻപാകെ ഹാജരായത്. ഗോവയിലെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചാണ് ദീപിക പദുകോണ്‍ മുംബൈയിലേക്ക് തിരികെയെത്തിയത്. ദീപികക്ക് പുറമെ മാനേജര്‍ കരിഷ്മ പ്രകാശിനേയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.സുശാന്ത് സിംഗ് രജ്പുത്തിന്റെ ടാലന്റ് മാനേജര്‍ ജയാ സാഹയുടെ വാട്സാപ്പ് ചാറ്റുകളില്‍ ദീപികയുടേയും മാനേജര്‍ കരിഷ്മ പ്രകാശിന്റേയും പേരുകള്‍ കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ചാറ്റുകളെന്നാണ് ആരോപണം.
ബിജെപി യുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു; എ.പി അബ്ദുള്ളകുട്ടി ദേശീയ ഉപാധ്യക്ഷൻ
ദില്ലി: ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു.എ.പി.അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തു. തേജസ്വി സൂര്യയാണ് യുവമോർച്ചയുടെ പുതിയ അധ്യക്ഷൻ. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് 23 പുതിയ പാർട്ടി ഭാരവാഹികളെ പ്രഖ്യാപിച്ചത്. 12 ഉപാധ്യക്ഷന്മാരും എട്ട് ജനറൽ സെക്രട്ടറിമാരും പട്ടികയിലുണ്ട്. ടോം വടക്കൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ ബി.ജെ.പി ദേശീയ വക്താക്കളായി. പൂനം മഹാജന് പകരമായാണ് തേജ്വസി സൂര്യ യുവമോർച്ച അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.ബി.എല്‍.സന്തോഷ് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. എൻ.ടി.ആറിന്റെ മകൾ പുരന്ദേശ്വരിയും ജനറൽ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്. റാം മാധവ്, മുരളീധർ റാവു, അനിൽ ജെയിൻ എന്നിവരെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. ദേശീയ വക്താക്കളുടെ എണ്ണം 23 ആക്കി വർധിപ്പിച്ചു. അനിൽ ബലൂനി എംപിയാണ് മുഖ്യവക്താവ്. മീഡിയ ചുമതലയും അദ്ദേഹത്തിനായിരിക്കും. നിർണായകമായ ബിഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാർട്ടി പുനഃസംഘടന.
മയക്കുമരുന്ന് കേസ്:ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ചോദ്യം ചെയ്യലിനായി എന്‍സിബി ഓഫീസിലെത്തി
മുംബൈ:നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ ചോദ്യം ചെയ്യലിന് വിധേയയാവാന്‍ നടി ദീപിക പദുക്കോണ്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിലെത്തി. രാവിലെ 9.45 ഓടെയാണ് നടി മുംബൈയിലെ എന്‍സിബി ഓഫിസീലെത്തിയത്. നിര്‍ണായക ചോദ്യം ചെയ്യലുകള്‍ നടക്കുന്ന ഇന്ന് ദീപിക പദുക്കോണിന് പുറമെ പ്രമുഖ നടിമാരായ സാറ അലിഖാന്‍, ശ്രദ്ധ കപൂര്‍ തുടങ്ങിയ പ്രമുഖ താരങ്ങളെയും ഇന്ന് ചോദ്യം ചെയ്യും. മൂവരോടും രാവിലെ പത്തരയോടെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസില്‍ എത്താന്‍ ആണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക എന്‍സിബി സംഘമായിരിക്കും നടി ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുക എന്നാണ് വിവരം. മറ്റുള്ളവരെ മുംബൈയില്‍ നിന്നുള്ള സംഘവും ചോദ്യം ചെയ്യും. ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനേയും ചോദ്യം ചെയ്യാനായി നാര്‍ക്കോട്ടിക്സ് വിളിപ്പിച്ചിട്ടുണ്ട്. കരിഷ്മ പ്രകാശുമായി ദീപിക പദുക്കോണ്‍ നടത്തിയ വാട്സ് ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് നാര്‍ക്കോട്ടിക്സ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. കരിഷ്മയ്ക്ക് സമന്‍സ് അയച്ചതിന് പിന്നാലെ ദീപികയ്ക്കും സമന്‍സ് നല്‍കുകയായിരുന്നു.അതിനിടെ, നടി രാകുല്‍പ്രീത് സിങ്ങിനെ ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നാലുമണിക്കൂറോളമയിരുന്നു പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇതിന് പുറമെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ മുതാ അശോക് ജെയിന്‍ പറഞ്ഞു. ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേട്; അന്വേഷണത്തിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റില്‍ വിജിലന്‍സ് പരിശോധന നടത്തി
തിരുവനന്തപുരം:ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റില്‍ വിജിലന്‍സ് പരിശോധന നടത്തി.കരാറുമായി ബന്ധപ്പെട്ട ഫയലുകള്‍ അന്വേഷണ സംഘം ശേഖരിച്ചു. ലൈഫ് കോഴ വിവാദത്തിൽ കോട്ടയം വിജിലൻസ് എസ്‍പിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായാണ് സെക്രട്ടറിയേറ്റിൽ പരിശോധന നടന്നത്.തദ്ദേശസ്വയം ഭരണവകുപ്പ് പ്രവര്‍ത്തിക്കുന്ന അനക്‌സ് കെട്ടിടത്തിന്‍റെ അഞ്ചാം നിലയിലായിരുന്നു പരിശോധന.ഒരു മണിക്കൂറില്‍ അധികം നീണ്ട പരിശോധനയില്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട കരാറുകളുടെ ഫയലുകള്‍ അന്വേഷണ സംഘം ശേഖരിച്ചു.തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്ന് അന്വേഷണവുമായി ബന്ധപ്പെട്ട് ചില ഫയലുകൾ വിജിലൻസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ലൈഫ് മിഷനില്‍ റെഡ്ക്രസന്‍റ് യൂണിടാകുമായി നടത്തിയ കരാറാണ് വിജിലൻസ് അന്വേഷണ പരിധിയിലുള്ളത്.കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായിട്ടാണ് സര്‍ക്കാര്‍ പ്രാഥമിക അന്വേഷണത്തിനായി വിജിലന്‍സിനെ നിയോഗിച്ചത്. ലൈഫ് മിഷനില്‍ സി.ബി.ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് തൊട്ടു പിന്നാലെയാണ് വിജിലന്‍സ് സംഘം സെക്രട്ടേറിയറ്റില്‍ എത്തിയത്. അന്വേഷണ സംഘത്തെ നിശ്ചയിച്ച ശേഷം നടന്ന ആദ്യ പരിശോധന കൂടിയാണിത്.
മധുര പലഹാരങ്ങള്‍ക്ക് ‘ബെസ്റ്റ് ബിഫോര്‍ ഡേറ്റ്’ നിർബന്ധമാക്കി ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി
ന്യൂഡല്‍ഹി: മധുര പലഹാരങ്ങള്‍ക്ക് ‘ബെസ്റ്റ് ബിഫോര്‍ ഡേറ്റ്’ നിര്‍ബന്ധമാക്കി ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി.ഗുണമേന്മ ഇല്ലാത്ത മധുര പലഹാരങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ രാജ്യവ്യാപകമായി ബെസ്റ്റ് ബിഫോര്‍ ഡേറ്റ്’ നടപ്പാക്കും. മധുര പലഹാരം വിപണനം ചെയ്യുന്ന കടകളിലും ബെസ്റ്റ് ബിഫോര്‍ ഡേറ്റ് പ്രദര്‍ശിപ്പിക്കണമെന്നും ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ നിര്‍ദ്ദേശമുണ്ട്.ട്രേകളിലോ പാത്രങ്ങളിലോ വില്‍പനയ്ക്ക് വച്ചിരിക്കുന്ന മധുര പലഹാരങ്ങള്‍ക്കും ബെസ്റ്റ് ബിഫോര്‍ ഡേറ്റ് നിര്‍ബന്ധമാണ്. കൂടാതെ പാക്ക് ചെയ്യാതെ വാങ്ങിക്കുന്ന മധുര പലഹാരങ്ങള്‍ക്കും ഇത് ബാധകമാണ്. നിര്‍മാണ തീയതിയും പ്രദര്‍ശിപ്പിക്കാവുന്നതാണ്. എന്നാല്‍ ഇത് നിര്‍ബന്ധമാക്കിയിട്ടില്ല. ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെതാണ് തീരുമാനം. ഇതിലൂടെ ഭക്ഷ്യയോഗ്യമല്ലാത്ത മധുരപലഹാരങ്ങളുടെ വില്‍പന തടയുകയാണ് ലക്ഷ്യമെന്ന് ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി വ്യക്തമാക്കി.
കാര്‍ഷിക ബില്ലുകള്‍ക്കെതിരേ രാജ്യത്ത് പ്രക്ഷോഭം ആളിക്കത്തുന്നു;തെരുവിലിറങ്ങി കർഷകർ
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പ്രക്ഷോഭം രാജ്യത്ത് ആളിക്കത്തുന്നു. 265 കര്‍ഷക സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത പ്രതിഷേധം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ സ്തംഭിപ്പിച്ചു. പ്രക്ഷോഭകര്‍ റോഡും റെയില്‍ ട്രാക്കുകളും ഉപരോധിച്ചു. പ്രതിഷേധത്തെത്തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ഹരിയാനയിലും പഞ്ചാബിലുമാണ് ശക്തമായ പ്രതിഷേധം അലയടിച്ചത്. പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരം മൂന്നാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. അമ്ബാലയിലെ ഹരിയാന- പഞ്ചാബ് അതിര്‍ത്തി അടച്ചു. വിവിധ ദേശീയപാതകള്‍ സമരക്കാര്‍ ഉപരോധിച്ചു. പഞ്ചാബിലും ഹരിയാനയിലും വാഹന-ട്രെയിന്‍ ഗതാഗതത്തെ പോലും കര്‍ഷക സമരം ബാധിച്ചു. ഡെല്‍ഹിയിലേക്ക് നീങ്ങിയ കര്‍ഷക മാര്‍ച്ചുകള്‍ അതിര്‍ത്തികളില്‍ പൊലീസ് തടഞ്ഞു. 265 കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് പ്രഖ്യാപിച്ച പ്രക്ഷോഭത്തില്‍ രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ റോഡ്-റെയില്‍ ഗതാഗതം തടഞ്ഞു. ബില്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്ന് പ്രതിഷേധകര്‍ ദേശീയ മാധ്യമങ്ങളെ അറിയിച്ചു.കര്‍ഷകമാര്‍ച്ചുകള്‍ തടയുന്നതിന് ഡല്‍ഹി അതിര്‍ത്തികള്‍ കനത്ത പോലിസ് കാവലിലാണ്. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ (എഐകെഎസ് സിസി) നേതൃത്വത്തില്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനംചെയ്ത ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ കര്‍ഷകരും തൊഴിലാളികളും ഇതര ജനവിഭാഗങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധത്തില്‍ അണിനിരന്നു. കോ-ഓഡിനേഷന്‍ കമ്മിറ്റിയുമായി സഹകരിക്കാത്ത നിരവധി സംഘടനകളും സമരത്തില്‍ പങ്കാളികളായി.റോഡ് ഉപരോധം, ട്രെയിന്‍ തടയല്‍, ഗ്രാമീണ ബന്ദ് റാലികള്‍, ബില്ലുകളുടെ കോപ്പി കത്തിക്കല്‍ തുടങ്ങിവിവിധ പ്രതിഷേധ രൂപങ്ങള്‍ രാജ്യമെമ്പാടും അലയടിച്ചു. ഡല്‍ഹി ജന്തര്‍ മന്ദിറില്‍ കര്‍ഷകപ്രസ്ഥാനങ്ങളുടെയും ട്രേഡ് യൂനിയനുകളുടെയും വിദ്യാര്‍ഥി-മഹിളാ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യവ്യാപകമായി 20,000 ത്തോളം സ്ഥലങ്ങളില്‍ പ്രതിഷേധം നടന്നതായി എഐകെഎസ്സിസി ജനറല്‍ സെക്രട്ടറി അവിക് സാഹ പറഞ്ഞു.അതേസമയം കര്‍ഷക പ്രക്ഷോഭം ശക്തമായതോടെ കര്‍ഷകര്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ചിലര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തെത്തി. കര്‍ഷകരെ ഏറ്റവും അധികം സഹായിച്ചത് ബിജെപിയും എന്‍ഡിഎയുമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.
ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് കേസെടുത്തു;സ്വത്തുക്കൾ അനുമതി ഇല്ലാതെ ക്രയവിക്രയം നടത്തരുത്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് കേസെടുത്തത്. ബിനീഷിന്റെ ആസ്തികളും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കും. രജിസ്‌ട്രേഷന്‍ വകുപ്പിന് ഇതുസംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് കത്ത് നല്‍കി കഴിഞ്ഞു. ബിനീഷന്റെ സ്വത്തുവകകള്‍ സംബന്ധിച്ച പൂര്‍ണവിവരം ശേഖരിക്കാനും ഇഡി നടപടിയാരംഭിച്ചിട്ടുണ്ട്. ബിനീഷിന്റെ ആസ്തികള്‍ അനുമതിയില്ലാതെ ക്രയവിക്രയം ചെയ്യരുതെന്ന് എന്‍ഫോഴ്സ്മെന്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. 9 മണിക്കൂറിലധികം നേരമാണ് ബിനീഷിനെ ചോദ്യം ചെയ്തത്. ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനായി ഈ മാസം 11ന് അസിസ്റ്റന്റ് ഡയറക്ടര്‍ രജിസ്ട്രേഷന്‍ വകുപ്പിന് നല്‍കിയ കത്തും പുറത്തുവന്നിട്ടുണ്ട്. ഈ കത്തില്‍ ബിനീഷ് കോടിയേരിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 3481 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 198 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 713 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6131 സമ്പര്‍ക്ക രോഗികളാണുള്ളത്. തിരുവനന്തപുരം 794, മലപ്പുറം 753, കോഴിക്കോട് 676, എറണാകുളം 619, തൃശൂര്‍ 596, കൊല്ലം 552, ആലപ്പുഴ 516, പാലക്കാട് 396, കണ്ണൂര്‍ 353, കോട്ടയം 320, കാസര്‍ഗോഡ് 251, പത്തനംതിട്ട 143, ഇടുക്കി 97, വയനാട് 65 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 19, തിരുവനന്തപുരം 14, എറണാകുളം 9, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ് 6 വീതം, പാലക്കാട് 5, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് 3 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 10 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3481 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 411, കൊല്ലം 207, പത്തനംതിട്ട 120, ആലപ്പുഴ 218, കോട്ടയം 193, ഇടുക്കി 69, എറണാകുളം 325, തൃശൂര്‍ 252, പാലക്കാട് 223, മലപ്പുറം 588, കോഴിക്കോട് 472, വയനാട് 79, കണ്ണൂര്‍ 217, കാസര്‍ഗോഡ് 107 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 48,892 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 652 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കും
കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷണം ആരംഭിച്ച് സിബിഐ. ഫോറിന്‍ കോണ്ട്രിബൂഷന്‍ റെഗുലേഷന്‍ ആക്‌ട് പ്രകാരം ആണ് സിബിഐ കേസ് എടുത്തിരിക്കുന്നത്.കേസ് രജിസ്റ്റര്‍ ചെയ്തതായി കാണിച്ച് സിബിഐ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വര്‍ണക്കത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കമ്മീഷന്‍ കൈപ്പറ്റിയെന്ന വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടലംഘനം ലൈഫ് മിഷനില്‍ ഉണ്ടായി എന്നതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തും സന്ദീപും ലൈഫ് മിഷന്‍ പദ്ധതി കേരളത്തില്‍ കൈക്കാര്യം ചെയ്യുന്ന യൂണിടെക്ക് എംഡിയോട് ഒരു കോടി രൂപ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നതായി കേന്ദ്രഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിരുന്നു. വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റുമായി ചേര്‍ന്ന് 140 അപ്പാര്‍ട്‌മെന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയിയില്‍ കേന്ദ്രാനുമതി ഇല്ലാതെ ഫണ്ട് കൈപറ്റിയതിനാണ് കേസ്.20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച് അനിൽ അക്കര എം.എല്‍.എയാണ് കൊച്ചി യൂണിറ്റിലെ സി.ബി.ഐ എസ്.പിക്കു പരാതി നല്‍കിയത്.
സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ ചോദ്യം ചെയ്ത ശേഷം എൻഐഎ വിട്ടയച്ചു
കൊച്ചി:സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ എട്ട് മണിക്കൂറിലധികമുള്ള ചോദ്യം ചെയ്യലിന് ശേഷം എൻഐഎ വിട്ടയച്ചു. സ്വപ്‌ന സുരേഷിനൊപ്പം ഇരുത്തിയാണ് ശിവശങ്കറിനെ ഇന്നലെ ചോദ്യം ചെയ്തത്. ഇത് മൂന്നാം തവണയാണ് എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നതെന്നാണ് വിവരം. ഈ തെളിവുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സ്വപ്‌ന സുരേഷ് ഡിലീറ്റ് ചെയ്ത് വീണ്ടെടുത്ത വാട്‌സ്‌ആപ്പ് ചാറ്റുകളാണ്.രണ്ടാംഘട്ട ചോദ്യം ചെയ്യലും 8 മണിക്കൂറോളം നീണ്ടുനിന്നിരുന്നു. ശിവശങ്കറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടകളും ഇതില്‍ നിന്ന് അയച്ച സന്ദേശങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിച്ചിരുന്നു.സ്വപ്ന, സന്ദീപ് എന്നിവരുടെ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ നിന്നും ഡിലീറ്റ് ചെയ്ത 3000 ജിബി വരുന്ന സന്ദേശങ്ങള്‍ സി-ഡാക്കിന്‍റെ സഹായത്തോടെ എന്‍ഐഎ വീണ്ടെടുത്തിരുന്നു. ശിവശങ്കര്‍ ഉള്‍പ്പടെയുള്ളവരുമായി കേസിലെ പ്രതികള്‍ ബന്ധപ്പെട്ടതിന്‍റെ ഫോട്ടോ, വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ളവയും ടെലഗ്രാം ചാറ്റ് ഉള്‍പ്പടെയുള്ള സന്ദേശങ്ങളും ഇങ്ങനെ വീണ്ടെടുത്തവയില്‍ പെടുന്നു. സ്വപ്നയുമൊരുമിച്ച് നടത്തിയ വിദേശയാത്രകള്‍, സ്പേസ് പാര്‍ക്കില്‍ സ്വപ്നക്ക് ജോലി നല്‍കിയത് തുടങ്ങിയവയില്‍ ശിവശങ്കറിനെതിരെ എന്‍ഐഎയുടെ പക്കല്‍ തെളിവുകളുണ്ട്. ലോക്കറില്‍ നിന്നും സ്വര്‍ണ്ണവും പണവും എടുത്തത് ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന മൊഴിയും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്.തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ചാനല്‍വഴി എത്തിയ 30 കിലോ ഗ്രാം സ്വര്‍ണ്ണം – വിട്ടു നല്‍കുന്നതിന് എം. ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതിന്റെ സുപ്രധാന തെളിവും എന്‍ഐഎയ്ക്ക് ലഭിച്ചിചിട്ടുണ്ട്. എന്നാല്‍ സ്വപ്നയുടെ ദുരൂഹ ഇടപാടുകള്‍ സംബന്ധിച്ച് ശിവശങ്കറിന് നേരത്തെ അറിയാമായിരുന്നോ എന്നതില്‍ എന്‍ഐഎയ്ക്ക് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുതുന്നതിന് കൂടിയാണ് എന്‍ഐഎ മൂന്നാം തവണയും എം.ശിവശങ്കറിനെ ചോദ്യം ചെയ്തത്.