കണ്ണൂർ:തളിപ്പറമ്പിൽ ആഡംബര കാറില്‍ കടത്തുകയായിരുന്ന അഞ്ചുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.മലപ്പുറം പൊന്‍മുണ്ടത്തെ ഇ പി ജാഫര്‍ അലി (36)യെയാണ് തളിപ്പറമ്പ് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എം ദിലിപും സംഘവും അറസ്റ്റ് ചെയ്തത്.രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിക്ക് സമീപം ഇയാൾ സഞ്ചരിച്ച കാര്‍ തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു.കാസര്‍കോട് നിന്ന് വാങ്ങിയ കഞ്ചാവ് മലപ്പുറത്തേക്ക് കടത്തുകയായിരുന്നുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ എക്സൈസിന് മൊഴി നല്‍കി.കാസര്‍കോട് മുതല്‍ മലപ്പുറം വരെ കഞ്ചാവ് എത്തിച്ചുനല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് സംഘം പറഞ്ഞു.പ്രിവന്റീവ് ഓഫീസര്‍ കെ വി ഗിരിഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ പി കെ രാജീവന്‍, പി പി മനോഹരന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ പി പി രജിരാഗ്, ഡ്രൈവര്‍ കെ വി പുരുഷോത്തമന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പബ്‍ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു
ന്യൂഡൽഹി:പബ്‍ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു.കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റേതാണ് നടപടി. ഇന്ത്യ – ചൈന ഏറ്റുമുട്ടലിനെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകള്‍ നേരത്തെ നിരോധിച്ചിരുന്നു. പബ്ജി മൊബൈല്‍, പബ്ജി ലൈറ്റ് എന്നിവയാണ് ഇന്ത്യയില്‍ നിരോധിച്ചത്. എന്നാല്‍, ആപ് നിരോധിച്ചുവെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും പബ്ജി കളിക്കാന്‍ സാധിക്കും പേഴ്സണല്‍ കംപ്യൂട്ടറുകളിൽ ഇപ്പോഴും പബ്‌ജി കളിക്കാം.മൊബൈലില്‍ സൗജന്യമായ പബ്ജിക്ക് പി.സിയില്‍ 999 രൂപ നല്‍കണം. ഇതിനോടൊപ്പം ഇന്‍റല്‍ കോര്‍ ഐ 5 പ്രൊസസര്‍ കരുത്ത് പകരുന്ന 8 ജി.ബി റാമുള്ള കംപ്യൂട്ടറും 2 ജി.ബിയുടെ ഗ്രാഫിക്സ് കാര്‍ഡും വേണം. പബ്ജിക്ക് പുറമേ വീ ചാറ്റ്, ബെയ്ദു, കട്ട് കട്ട്, കട്ടൗട്ട്, വാര്‍പാത്ത്, ഗെയിം ഓഫ് സുല്‍ത്താന്‍, ചെസ് റക്ഷ്, സൈബര്‍ ഹണ്ടര്‍, ആപ്പ് ലോക്ക്, ആപ്പ് ലോക്ക് ലൈറ്റ്, ഹൈഡ് ആപ്പ്, കിറ്റി ലൈവ്, മൈക്കോ ചാറ്റ് തുടങ്ങിയവ നിരോധിച്ച ആപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്പുകള്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവയെ നിരോധിക്കാന്‍ തീരുമാനിച്ചതെന്ന് ഐ.ടി മന്ത്രാലയത്തിന്റെ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇവ സുരക്ഷയ്ക്ക് ഭീഷണിയായത് കൊണ്ട് നിരോധിക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയും തീരുമാനത്തിന് കാരണമായതായി കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.
യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിര്‍ത്തും;അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സർവീസ് ആരംഭിക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി
തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധി മറികടക്കാനും യാത്രക്കാരെ ആകര്‍ഷിക്കാനും പുതിയ പദ്ധതികളുമായി കെഎസ്‌ആര്‍ടിസി.ഓര്‍ഡിനറി ബസുകള്‍ ഇനി യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം നിര്‍ത്തുന്നതായിരിക്കും. ഇതോടെ എവിടെ നിന്നു വേണമെങ്കിലും യാത്രക്കാര്‍ക്ക് ബസില്‍ കയറാം. അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസ് എന്നാണ് ഇത് അറിയപ്പെടുക.പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ തെക്കന്‍ ജില്ലകളില്‍ മാത്രമായിരിക്കും ഇതു നടപ്പിലാക്കുക. രാവിലെയും വൈകിട്ട് തിരിച്ചും യാത്രക്കാരെ തീരെ കിട്ടാത്ത ഷെഡ്യൂളുകള്‍ നഗരാതിര്‍ത്തിക്കു പുറത്തേക്കു മാറ്റി സ്റ്റേ സര്‍വീസുകളാക്കും. ഇതിലെ ജീവനക്കാര്‍ക്ക് ഡിപ്പോയില്‍ നിന്നുള്ള ദൂരം കണക്കാക്കി കിലോമീറ്ററിനു രണ്ടു രൂപ വീതം പ്രത്യേക അലവന്‍സ് നല്‍കും.കൂടാതെ, ഓര്‍ഡിനറി ബസുകളുടെ റൂട്ട് നിശ്ചയിക്കേണ്ടതു യാത്രക്കാരുടെ കൂടെ അഭിപ്രായം പരിഗണിച്ചായിരിക്കണമെന്നും യാത്രക്കാരില്ലാത്ത ഷെഡ്യൂളുകള്‍ ഇനി ഓടിക്കാനാകില്ലെന്ന് എംഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കി. ഓര്‍ഡിനറി സര്‍വീസുകള്‍ കുറവുള്ള മലബാര്‍ മേഖലയില്‍ സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തുന്ന പഴയ രീതി തുടരാം.ഇന്ധന ചെലവ് കുറയ്ക്കാന്‍ നഷ്ടത്തിലുള്ള ഷെഡ്യുളുകള്‍ പരമാവധി സ്റ്റേ സര്‍വീസുകളാക്കി മാറ്റും. അഞ്ചു മാസത്തിനുള്ളില്‍ എല്ലാ ബസുകളിലും ജിപിഎസ് ഘടിപ്പിക്കാനും കാഷ് ലെസ് ടിക്കറ്റ് മെഷീനുകള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വൈപ് ചെയ്യാന്‍ കഴിയുന്ന ടിക്കറ്റ് മെഷീനുകളും ബസുകളില്‍ ഏര്‍പ്പെടുത്താനും തീരുമാനമായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. മോദിയുടെ വെബ്‌സൈറ്റിന്‍റെ പേരിലുള്ള സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടാണ് പുലര്‍ച്ചെ ഹാക്ക് ചെയ്യപ്പെട്ടത്. ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ട്വീറ്റുകളാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്നത്. ഹാക്കിങ്ങിന് പിന്നില്‍ ജോണ്‍ വിക്ക് ഗ്രൂപ്പാണെന്നാണ് സൂചന.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോ കറന്‍സി വഴി സംഭാവന നല്‍കണമെന്നാണ് ട്വീറ്റുകളില്‍ പറയുന്നത്. 2.5 മില്യണ്‍ ഫോളോവേഴ്സുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. എന്നാല്‍, മിനിറ്റുകള്‍ക്കകം തന്നെ ട്വീറ്റ് അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തു.താമസിയാതെ അക്കൗണ്ടിന്‍റെ നിയന്ത്രണം ട്വിറ്റര്‍ പുനഃസ്ഥാപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും മറ്റ് അക്കൗണ്ടുകളെ ഇത് ബാധിച്ചോ എന്ന് ഇപ്പോള്‍ അറിയില്ലെന്നും ട്വിറ്റര്‍ അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.കഴിഞ്ഞ മാസം അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമയടക്കം പ്രമുഖര്‍ക്കെതിരെയും സമാന രീതിയില്‍ ഹാക്കിംഗ് നടന്നിരുന്നു.
കോഴിക്കോട് മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് ഓഫിസിനു നേരെ ആക്രമണം;കസേരയും ജനാലയും തല്ലിത്തകര്‍ത്തു
കോഴിക്കോട്: മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് ഓഫിസിനു നേരെ ആക്രമണം.നരക്കോടുള്ള ഇന്ദിരാഭവനു നേരെ രാത്രി പന്ത്രണ്ടോടെയാണ് ആക്രമണമുണ്ടായത്.ഓഫിസിലെ കസേരയും ജനല്‍ചില്ലുകളും തകര്‍ത്തു.15 പേരടങ്ങിയ സംഘം ഓഫിസിലേക്കു പാഞ്ഞെത്തി ഫര്‍ണിച്ചറുകളും മറ്റും തകര്‍ക്കുകയായിരുന്നുവെന്നു പ്രദേശവാസികള്‍ പറയുന്നു. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകരാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.സംഭവത്തില്‍ മേപ്പയ്യൂര്‍ പോലീസ് കേസെടുത്തു.സംഘര്‍ഷ സാധ്യത ഒഴിവാക്കുന്നതിനായി സ്ഥലത്തു പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട്.
ലഹരി മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് പി.കെ ഫിറോസ്
തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനിഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് പി.കെ ഫിറോസ് ആരോപിച്ചു.കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിന് അടുത്ത ബന്ധമുണ്ട് എന്നാണ് വാര്‍ത്താ സമ്മേനത്തില്‍ ഫിറോസ് ആരോപിക്കുന്നത്. അനൂപ് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് താന്‍ ഇത് പറയുന്നത് എന്നും ഫിറോസ് പറയുന്നു.അനൂപിന്റെ ഹോട്ടല്‍ വ്യവസായത്തില്‍ ബിനീഷ് കോടിയേരി പണം മുടക്കിയിട്ടുണ്ട്.2019 ല്‍ അനൂപിന്റെ ഹോട്ടല്‍ ഉദ്ഘാടനത്തിന് ബിനീഷ് ഫേസ്ബുക്ക് വഴി ആശംസ അര്‍പ്പിച്ചു.ഹോട്ടലിന്‍റെ മറവിൽ മയക്ക് മരുന്ന് വിൽപനയുണ്ട്.കുമരകത്തെ നൈറ്റ് പാർട്ടിയിൽ അനൂപും ബിനീഷും പങ്കെടുത്തിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും അനൂപ് മുഹമ്മദിനെ പലതവണ വിളിച്ചിട്ടുണ്ട് സ്വപ്‌ന കേരള വിട്ട ദിവസവും പലതവണ ബന്ധപ്പെട്ടിട്ടുണ്ട്. ഈ സമയത്ത് ബിനീഷ് കോടിയേരിയും ബെംഗളൂരുവില്‍ ഉണ്ടായിരുന്നുവെന്നും ഫിറോസ് ആരോപിക്കുന്നു. കേസില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
കൂത്തുപറമ്പിൽ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ബോംബേറ്
കണ്ണൂര്‍:കൂത്തുപറമ്പിൽ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ബോംബേറ്.എരത്തോളി ചോനാടത്ത് അഴീക്കോടന്‍ സ്മാരക വായനശാലക്കു നേരെ രണ്ടു നാടന്‍ ബോംബുകളാണ് എറിഞ്ഞത്. ബുധനാഴ്ച പുലര്‍ച്ചെ 1.30 ഓടെയായിരുന്നു സംഭവം. ഒരു ബോംബ് റോഡില്‍ വീണു പൊട്ടി. ജനല്‍ചില്ലുകള്‍ തകര്‍ന്നു. എ.എന്‍.ഷംസീര്‍ എംഎല്‍എ, പ്രാദേശിക നേതാക്കളായ ടി.പി.ശ്രീധരന്‍, എം.സി.പവിത്രന്‍, എ.കെ.രമ്യ എന്നിവരെത്തി സ്ഥലം സന്ദര്‍ശിച്ചു.
കണ്ണൂരില്‍ ബസ്സിനടിയില്‍പ്പെട്ട് ഗര്‍ഭിണിയായ നഴ്സ് മരിച്ചു
കണ്ണൂര്‍: പേരാവൂര്‍ വാരപ്പിടികയില്‍ ബസ്സിനടിയില്‍പ്പെട്ട് ഗര്‍ഭിണിയായ നഴ്സ് മരിച്ചു. പെരുന്തോടിയിലെ കുരീക്കാട്ട് മറ്റത്തില്‍ വിനുവിന്റെ ഭാര്യയും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നേഴ്സുമായ ദിവ്യ (26)യാണ് മരിച്ചത്.രാവിലെ വാരപീടികയില്‍ വെച്ച് ബസില്‍ കയറുന്നതിനിടെ തെന്നി വീഴുകയായിരുന്നു. ആറു മാസം ഗര്‍ഭിണിയാണ് ദിവ്യ. കയറുന്നതിനിടെ വസ്ത്രം കുരുങ്ങുകയായിരുന്നുവെന്ന് കരുതുന്നു. അപകടത്തിനിടയാക്കിയ പുലരി ബസ് പേരാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മിംസ് ആശുപത്രിയിലേക്ക് മാറ്റി.അറയങ്ങാടിലെ പഴയ മഠത്തില്‍ ജോര്‍ജിന്റെയും അന്നമ്മയുടെയും മകളാണ്. സഹോദരി: നീതു(ബെംഗളൂരു).
രാജ്യത്ത് മൊബൈല്‍ കോള്‍,ഡേറ്റ നിരക്കുകള്‍ വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ സാധ്യത
മുംബൈ:രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ സാധ്യത. അടുത്ത ഏഴുമാസത്തിനുളളില്‍ 10 ശതമാനം കൂടിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക പത്ത് വര്‍ഷത്തിനുള്ളില്‍ അടച്ചു തീര്‍ക്കാന്‍ കഴിഞ്ഞ സുപ്രീ കോടതി ഉത്തരവിട്ടിരുന്നു. പത്ത് ശതമാനം കുടിശിക വരുന്ന മാര്‍ച്ച് 31 ന് മുന്‍പ് നല്‍കണം. ഭാരതി എയര്‍ടെല്‍ 2600 കോടിയും വോഡാഫോണ്‍ ഐഡിയ 5000 കോടിയും അടയ്‌ക്കേണ്ടതുണ്ട്. മാര്‍ച്ചിന് മുന്‍പായി . ഈ ചെലവ് പരിഹരിക്കുന്നതിന് കോള്‍, ഡേറ്റ നിരക്കുകള്‍ പത്ത് ശതമാനം കൂട്ടുമെന്നാണ് സൂചന. കഴിഞ്ഞ ഡിസംബറില്‍ നിരക്കുകള്‍ 40 ശതമാനം വര്‍ധിപ്പിച്ചിരുന്നു.എജിആര്‍ കുടിശിക ഇനത്തില്‍ എയര്‍ടെല്‍ 43989 കോടിയും , വൊഡാഫോണ്‍, ഐഡിയ 58254 കോടിയുമാണ് അടുത്ത 10 വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കേണ്ടത്. ടാറ്റ ടെലി സര്‍വീസസ് 16798 കോടിയും നല്‍കണം. ആകെ 1.19 ലക്ഷം കോടിയാണ് കമ്പനികള്‍ കുടിശിക ഇനത്തില്‍ അടക്കേണ്ടത്.
ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്തു മക്കള്‍ക്ക് നല്‍കിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും മരിച്ചു
കണ്ണൂര്‍:പയ്യാവൂരില്‍ ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്തു മക്കള്‍ക്ക് നല്‍കിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും മരിച്ചു. സ്വപ്‌ന അനീഷാണ് മരിച്ചത്. വിഷം കഴിച്ച ഇവരുടെ ഇളയ മകന്‍ നേരത്തെ മരിച്ചിരുന്നു.11 വയസ്സുള്ള മൂത്ത കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.ബ്ലേഡ് മാഫിയയുടെ ഭീഷണിയാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണു സൂചന. ഇവരുടെ ഭര്‍ത്താവ് ഇസ്രായേലില്‍ ആണുള്ളത്. യുവതി പയ്യാവൂരില്‍ റെഡിമെയ്ഡ് കട നടത്തി വരികയായിരുന്നു.ഓഗസ്റ്റ് 27ന് രാത്രിയാണ് പയ്യാവൂര്‍ സ്വദേശി സ്വപ്‌ന പെണ്‍മക്കളായ ആന്‍സീനയ്ക്കും അന്‍സീലയ്ക്കും ഐസ്‌ക്രീമില്‍ വിഷം നല്‍കി ആത്മഹത്യക്കു ശ്രമിച്ചത്.പിറ്റേന്ന് ഇളയമകളായ അന്‍സീലയെ അബോധാവസ്ഥയില്‍ കണ്ടതോടെ സ്വപ്‌ന തന്നെയാണ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ച് ആശുപത്രിയില്‍ കൊണ്ടുപോയത്. ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന്റെ വൃക്കയുടെ പ്രവര്‍ത്തനം വഷളായതോടെ കോഴിക്കോട്ടേക്കു മാറ്റി. എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇവര്‍ ലോണെടുത്ത് വീടും സ്ഥലവും വാങ്ങിയിരുന്നു.