ബെംഗളൂരു സ്വർണ്ണക്കടത്ത് കേസ്;ബിനീഷ് കോടിയേരിയെ 12 മണിക്കൂര്‍ ചോദ്യംചെയ്ത് വിട്ടയച്ചു

keralanews bangalore gold smuggling case bineesh kodiyeri released after 12 hours of interrogation

കൊച്ചി:സ്വര്‍ണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. ചോദ്യംചെയ്യല്‍ 12 മണിക്കൂറിലധികം നീണ്ടു.ഇന്നലെ രാവിലെ പതിനൊന്ന് മുതലാണ് ബിനീഷിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്.രാത്രി പത്ത് മണി വരെ ചോദ്യം ചെയ്യല്‍ നീണ്ടു.കേസിലെ പ്രതികളുമായുള്ള പണമിടപാടുകളാണ് ബിനീഷില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദിച്ചറിഞ്ഞത്.തിരുവനന്തപുരം സ്വർണ്ണ കള്ളക്കടത്ത് സംഘം ഫണ്ട് കണ്ടെത്താൻ ബംഗളൂരുവിലെ മയക്ക് മരുന്ന് മാഫിയയുടെ സഹായം തേടിയതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. മുഖ്യ സൂത്രധാരനായ കെ.ടി റമീസ് വഴിയായിരുന്നു ഈ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ടത്. കൊച്ചി സ്വദേശിയായ അനൂപ് മുഹമ്മദ് ഉൾപ്പെട്ട മയക്ക് മരുന്ന് റാക്കറ്റ് ബെംഗളൂരുവിൽ പിടിയിലായ ശേഷമുള്ള ചോദ്യം ചെയ്യലിൽ കെ ടി റമീസുമായും ബിനീഷ് കോടിയേരിയുമായും അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾക്ക് മനസ്സിലായി.മയക്കുമരുന്ന് കേസില്‍ പ്രതിയായ മുഹമ്മദ് അനൂപുമായി ബിനീഷിന് അടുത്ത ബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ ആരോപണത്തിന് പിറകേയാണ് ഈ വിഷയം ചര്‍ച്ചയായത്. തനിക്ക് വളരെ അടുത്ത് അറിയുന്ന ആളാണ് അനൂപെന്നും എന്നാല്‍ അനൂപിന് ഇത്തരം ഇടപാടുകള്‍ ഉണ്ടായിരുന്നു എന്ന് അറിയില്ലായിരുന്നു എന്നായിരുന്നു ഇതിന് ബിനീഷ് കോടിയേരി മറുപടി പറഞ്ഞത്. സ്വര്‍ണകടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് യുഎഇ കോണ്‍സുലേറ്റിലെ വിസാ സ്റ്റാംപിങ് സെന്ററുകളില്‍ നിന്ന് കമ്മീഷന്‍ ലഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. കമ്മീഷന്‍ നല്‍കിയ കമ്പനികളിൽ ഒന്നില്‍ ബിനീഷിന് മുതല്‍ മുടക്ക് ഉണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. കേസില്‍ മറ്റൊരു പ്രതിയായ കെടി റമീസ് ബംഗളൂരുവിലുള്ള ബിനീഷിന്റെ കമ്പനിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും എന്‍ഫോഴ്‌സ്‌മെന്റ് സംശയിക്കുന്നു.

റഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും

keralanews rafale fighter jets will be part of the indian air force today

ന്യൂഡൽഹി:ഇന്ത്യൻസേനയ്ക്ക് ശക്തിപകരാൻ റഫാൽ യുദ്ധവിമാനങ്ങൾ സജ്ജം. ആദ്യ ബാച്ചിലെ അഞ്ച് റഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും.അംബാല വ്യോമസേന താവളത്തിൽ നടക്കുന്ന ചടങ്ങിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി മുഖ്യാതിഥിയാവും.ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ആർ.‌കെ.‌എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്‌കുമാർ തുടങ്ങിയവർ പങ്കെടുക്കും. ജൂലായ് 27-നാണ് ഫ്രാൻസിൽനിന്ന്‌ വിമാനങ്ങൾ ഇന്ത്യയിലെത്തിയത്.36 വിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ കരാറൊപ്പിട്ടിട്ടുള്ളത്.

വീണ്ടും പ്രകോപനവുമായി ചൈന; അയ്യായിരത്തിലേറെ സൈനികരെ അതിര്‍ത്തിയില്‍ വിന്യസിച്ചതായി സൂചന

keralanews china deployed more than 5000 soldiers in the boarder

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ എത്തിച്ച്‌ ചൈന. ചുഷുല്‍ മേഖലയില്‍ ചൈന 5000 സൈനികരെ കൂടി എത്തിച്ചെന്നാണ് റിപ്പോര്‍ട്ട്.പാംഗോങ് നദീ തീരത്തേക്ക് ഇന്ത്യയും കൂടുതല്‍ സൈനികരെയും യുദ്ധവിമാനങ്ങളെയും എത്തിച്ചിട്ടുണ്ട്. അതേസമയം അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ, ഇന്ത്യ – ചൈന വിദേശകാര്യ മന്ത്രിമാര്‍ ഇന്ന് ചര്‍ച്ചനടത്തും. മോസ്കോയില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെയാണ് വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ചയില്‍ അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ചയാകും. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ്‍യിയും ഇന്നലെ റഷ്യ നല്‍കിയ ഉച്ചവിരുന്നിലും പങ്കെടുത്തിരുന്നു. അതിര്‍ത്തിയില്‍ നിന്ന് സമ്പൂർണ്ണ പിന്മാറ്റമില്ലാതെ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നാണ് ഇന്ത്യയുടെ നിലപാട്. പിന്മാറ്റത്തിനുള്ള സമയക്രമം തീരുമാനിക്കാമെന്ന നിര്‍ദ്ദേശവും വെക്കും. പാങ്ഗോംഗ് തീരത്തെ ഇന്ത്യന്‍ സൈനിക വിന്യാസം ഒഴിവാക്കണം എന്നാണ് ചൈന ആവശ്യപ്പെടുന്നത്. ഇന്ത്യ-ചൈന പ്രതിരോധമന്ത്രിമാര്‍ കഴിഞ്ഞ ആഴ്ച മോസ്കോയില്‍ ചര്‍ച്ച നടത്തിയിരുന്നു.

സംസ്ഥാനത്ത് ഡ്രൈവിങ് സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി

keralanews driving schools in the state will open from monday

തിരുവനന്തപുരം:സംസ്ഥാനത്ത് ഡ്രൈവിങ് സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. ഒരു വാഹനത്തില്‍ രണ്ടുപേര്‍ മാത്രമേ പാടുള്ളൂ. ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.തിങ്കളാഴ്ചക്കുള്ളില്‍ വാഹനങ്ങളും സ്ഥാപനങ്ങളും അണുമുക്തമാക്കണമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങളും ലോക് ഡൗണും കാരണം ഡ്രൈവിങ് സ്‌കൂളുകള്‍ മാസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. വിവിധ മേഖലകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിന്റെ ഭാഗമായാണ് ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് അനുമതി നല്‍കിയത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഡ്രൈവിങ് സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല.

തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

keralanews three fishermen killed when boat capsized at anchuthengu thiruvananthapuram

തിരുവനന്തപുരം:അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ അഗസ്റ്റിന്‍, അലക്‌സ്, തങ്കച്ചന്‍ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. മത്സ്യബന്ധനം നടത്തി തിരിച്ചു വരുമ്പോൾ വലിയ തിരമാലയില്‍ അകപ്പെട്ട് വള്ളം മറിയുകയായിരുന്നു. എന്‍ജിന്‍ ഘടിപ്പിച്ച വള്ളമാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര്‍ കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയില്‍.

പന്തീരങ്കാവ് യു.എ.പി.എ കേസ്;അലനും താഹക്കും ജാമ്യം

keralanews pantheerankavu u a p a case alan and thaha got bail

കൊച്ചി:പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അലനും താഹക്കും ഉപാധികളോടെ ജാമ്യം. എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്.എല്ലാ മാസവും എല്ലാ ആദ്യ ശനിയാഴ്ചകളിലും അതാത് സ്റ്റേഷനില്‍ ഹാജരായി ഒപ്പ് രേഖപ്പെടുത്തണം, സിപിഐ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളില്‍ ഒരാളുടെ ആള്‍ ജാമ്യം വേണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണം, പാസ്‍പോര്‍ട്ട് സറണ്ടര്‍ ചെയ്യണം എന്നിങ്ങനെയാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉപാധികള്‍. അറസ്റ്റ് ചെയ്ത് 10 മാസങ്ങള്‍ക്ക് ശേഷമാണ് അലനും താഹക്കും ജാമ്യം ലഭിച്ചിരിക്കുന്നത്.കോഴിക്കോട് കോടതിയിലും എന്‍ഐഎ കോടതിയിലും ഹൈക്കോടതിയിലുമായി നേരത്തെ 3 തവണ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന കാരണത്താലാണ് ഇത് തള്ളിക്കളഞ്ഞത്. കുറ്റപത്രം ഏപ്രില്‍ 27 ന് സമര്‍പ്പിക്കപ്പെട്ടതിന് ശേഷം വീണ്ടും എന്‍ഐഎ കോടതിയെ സമീപിച്ച് ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. അതില്‍ കോടതി കഴിഞ്ഞ ദിവസങ്ങളില്‍ വിശദമായി വാദം കേട്ടു. അതിന് ശേഷമാണ് ഇന്ന് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. താഹയുടെ ശബ്ദപരിശോധനയും ഇന്ന് കോടതിയില്‍ നടന്നു. മുദ്രാവാക്യം വിളിച്ചത് താഹ തന്നെയാണോ എന്ന് പരിശോധിക്കാനുള്ള പരിശോധനയാണ് നടത്തിയത്.

പാലത്തായി പീഡന കേസ്:ഇരയുടെ മാതാവ് നല്‍കിയ ഹരജി തള്ളി;പ്രതി പദ്മരാജന്‌ ജാമ്യം അനുവദിച്ച പോക്‌സോ കോടതി വിധി ഹൈക്കോടതി ശരിവെച്ചു

keralanews palathayi child abuse case highcourt rejected petiton submitted by the mother of victim and upheld pocso court verdict granting bail to the accused

കൊച്ചി:പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച തലശ്ശേരി പോക്‌സോ കോടതി വിധി ശരിവച്ച്‌ ഹൈക്കോടതി.പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ അമ്മ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.പോക്സോ കേസുകളിൽ ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതു മാര്‍ഗനിർദ്ദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഇരയുടെ മൊഴിയുണ്ടായിട്ടും പോക്സോ വകുപ്പും ബലാൽസംഗക്കുറ്റവും ചുമത്താതെ ബി.ജെ.പി നേതാവ് കൂടിയായ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച പോക്സോ കോടതി ഉത്തരവിനെതിരെയായിരുന്നു കുട്ടിയുടെ മാതാവ് ഹരജി നല്‍കിയിരുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82 ആം വകുപ്പ് പ്രകാരമുള്ള കുറ്റം മാത്രം ചുമത്തി 90 ആം ദിവസം ക്രൈംബ്രാഞ്ച് നൽകിയ ഭാഗിക കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിൽ ജൂലൈ 16നാണ് പ്രതിക്ക് പോക്സോ കോടതി ജാമ്യം അനുവദിച്ചത്.ഇരയുടെ വ്യക്തമായ മൊഴിയും മെഡിക്കൽ സർട്ടിഫിക്കറ്റും ഉണ്ടായിട്ടും പ്രതിക്ക് ജാമ്യം ലഭിക്കാൻ സഹായകമായ വിധം പോക്സോ വകുപ്പുകൾ ഒഴിവാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയതെന്ന് മാതാവ് ഹരജിയില്‍ ആരോപിച്ചിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം കൊടുത്തു എന്നതിന്റെ പേരിൽ പ്രതിക്ക് ജാമ്യത്തിന് അവകാശം ലഭിക്കുന്നില്ല. പോക്സോ കുറവ് ചെയ്ത നൽകിയ കുറ്റപത്രം പരിഗണിച്ചതിലൂടെ പ്രതിയുടെ ജാമ്യ ഹരജി പരിഗണിക്കാനുളള അധികാരം പോക്സോ കോടതിക്ക് നഷ്ടപ്പെട്ടു. പ്രതിയുടെ ജാമ്യ ഹരജി ഹൈകോടതി തള്ളി ഒരാഴ്ചക്കകമാണ് പോക്സോ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നതെന്നു ഇരയായ കുട്ടിയുടെ മാതാവ് വാദിച്ചു. എന്നാൽ കുട്ടിക്ക് കളവ് പറയുന്ന സ്വഭാവമുള്ളതായി കൗൺസിംലിംഗ് നടത്തിയവർ റിപ്പോർട്ട് നൽകിയിട്ടുണ്ടന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

സെപ്തംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവർത്തിക്കാം;മാര്‍ഗ നിര്‍ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

keralanews schools can be reopened from september 21 union ministry of health issues guidelines

ന്യൂഡൽഹി:സെപ്തംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള സ്‌കൂളുകള്‍ തുറക്കാമെന്നാണ് നിര്‍ദേശം.ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് സ്‌കൂളുകള്‍ തുറക്കുന്നത്.ഫേസ് മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികള്‍ തമ്മില്‍ കുറഞ്ഞത് ആറ് മീറ്റര്‍ അകലം ഉണ്ടായിരിക്കണമെന്ന്  മാര്‍ഗനിര്‍ദേശകത്തില്‍ പറയുന്നു. ഒപ്പം ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കും.ആറടി ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍, സ്റ്റാഫ് റൂമുകള്‍, ഓഫീസ് ഏരിയകള്‍, മെസ്, ലൈബ്രറി, കഫറ്റീരിയ എന്നിവയില്‍ തറയില്‍ മാര്‍ക്ക് ചെയ്യും. അകലം പാലിക്കാവുന്ന വിധത്തില്‍ ക്ലാസ് റൂമിലെ ഇരിപ്പിടങ്ങള്‍ രൂപകല്‍പ്പന ചെയ്യാനും സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.സ്കൂള്‍ അസംബ്ലി, കായിക മത്സരങ്ങള്‍, കലോത്സവങ്ങള്‍ തുടങ്ങിയവയൊന്നും അനുവദിക്കില്ല. നോട്ട് ബുക്ക്, പേന, മറ്റ് പഠനോപകരണങ്ങള്‍ തുടങ്ങിയവ കൈമാറുന്നതും വിലക്കും. ട്വിറ്ററിലൂടെയാണ് മന്ത്രാലയം സ്‌കൂള്‍ തുറക്കുന്നതിനെ കുറിച്ച്‌ അറിയിച്ചത്.സ്‌കൂളില്‍ പോകുന്നതുമായി ബന്ധപ്പെട്ട് അദ്ധ്യാപകരുടെ അഭിപ്രായം കൂടി പരിഗണിച്ച്‌ കുട്ടികള്‍ക്ക് സ്വമേധയാ തീരുമാനം എടുക്കാമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഓണ്‍ലൈന്‍, വിദൂര പഠനം തുടര്‍ന്നും നടക്കുമെന്നും പ്രോത്സാഹിപ്പിക്കപ്പെടുമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്നു.രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും കോവിഡ് രോഗ പ്രതിരോധ മാര്‍ഗങ്ങളുമായി കൃത്യമായി സഹകരിക്കേണ്ടതാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സ്‌കൂളുകളിലെ അദ്ധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ സമയവും പാലിക്കേണ്ടതാണെന്നും കേന്ദ്രം അറിയിപ്പില്‍ വ്യക്തമാക്കുന്നു.രാജ്യത്ത് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ചിലാണ് സ്കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.

ടാറ്റ ഗ്രൂപ്പ് നിര്‍മ്മിച്ച സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി ഇന്ന് കൈമാറും; ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

keralanews first covid hospital in the state built by tata group will be handed over today

കാസർകോഡ്:ടാറ്റ ഗ്രൂപ്പ് നിര്‍മ്മിച്ച സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി ഇന്ന് കൈമാറും.കാസര്‍ഗോഡ് തെക്കില്‍ വില്ലേജിലാണ് 36 വെന്റിലേറ്റര്‍ ഉള്‍പ്പെടെ 540 കിടക്കകളുള്ള കോവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ചത്. ഏപ്രില്‍ 9ന് യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച്‌ 5 മാസം കൊണ്ടാണ് കോവിഡ് ആശുപത്രി പൂര്‍ണ സജ്ജമാകുന്നത്.കെട്ടിടസമുച്ചയ കൈമാറ്റ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് തെക്കില്‍ കോവിഡ് ആശുപത്രി സമുച്ചയത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കും.ബുധനാഴ്ച നടക്കുന്ന കൈമാറ്റച്ചടങ്ങില്‍ ടാറ്റ പ്രോജക്‌ട് ലിമിറ്റഡ് ഡി.ജി.എം. ഗോപിനാഥ റെഡ്ഡി കളക്ടര്‍ ഡോ. ഡി.സജിത് ബാബുവിന് താക്കോല്‍ കൈമാറും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യാതിഥിയായിരിക്കും. കോവിഡ് രോഗികളുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി 541 കിടക്കകളുള്ള ആശുപത്രിയാണ് ടാറ്റ ഗ്രൂപ്പ് നിര്‍മ്മിച്ചത്.150 ദിവസം കൊണ്ടാണ് കോവിഡ് നിരീക്ഷണത്തിനും ഐസൊലേഷനും സംസ്ഥാനത്ത് ലഭിക്കാവുന്ന എറ്റവും നവീന സംവിധാനമുള്ള ആശുപത്രി ഒരുങ്ങിയത്. എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, എം.രാജഗോപാലന്‍, എം.സി.ഖമറുദ്ദീന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ എന്നിവര്‍ മുഖ്യസാന്നിധ്യമാകും. ടാറ്റാ പ്രോജക്‌ട് ലിമിറ്റഡ് അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് പി.എല്‍.ആന്റണി റിപ്പോര്‍ട്ട് അവതരിപ്പിക്കും. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. സ്വാഗതവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി.രാംദാസ് നന്ദി പറയും.

സ്വര്‍ണക്കടത്ത് കേസ്; ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും

keralanews gold smuggling case enforcement question bineesh kodiyeri today

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും.രാവിലെ പതിനൊന്നുമണിക്ക് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരാകാന്‍ ബിനീഷിന് അന്വേഷണസംഘം നോട്ടീസ് നല്‍കി. ബിനീഷിന് പങ്കാളിത്തമുള്ള കമ്പനികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെയാണ്‌ നിര്‍ണായക നീക്കം.സ്വര്‍ണക്കടത്തിന് പുറമെ ഹവാല,ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടായിരിക്കും ചോദ്യം ചെയ്യുക.2015ല്‍ ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കമ്പനികളെ കുറിച്ചായിരിക്കും അന്വേഷണം സംഘം ചോദ്യം ചെയ്യുക.സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ബംഗളൂരുവിലെ ലഹരിക്കടത്ത് സംഘവുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. കേസിലെ പ്രധാനപ്രതികളിലൊരാളായ കെടി റമീസിന് ഇവരുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.2015ല്‍ ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ പ്രവര്‍ത്തനത്തില്‍ ദുരുഹതയുണ്ടെന്നാണ് ഇഡി കണ്ടെത്തിയത്. യാതൊരു നടപടികളും സ്വീകരിക്കാതെയാണ് ഇവരുടെ കമ്പനികൾ പ്രവര്‍ത്തിച്ചതെന്നും വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കാനും ഈ കമ്പനികൾ തയ്യാറായിട്ടില്ല. ഇത് അനധികൃതമായി പണം ഇടപാടിന് വേണ്ടി മാത്രം  നടത്തിയ കടലാസു കമ്പനികളാകാമെന്നുമാണ് ഇഡിയുടെ വിലയിരുത്തല്‍. അന്വേഷണസംഘത്തിന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബിനീഷിനെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ബംഗളൂരു ലഹരികടത്തുകേസില്‍ മലയാളിയായ മുഹമ്മദ് അനൂപിനെ നര്‍കോട്ടിക്‌സ് വിഭാഗം പിടികൂടിയിരുന്നു. ഇയാള്‍ നിരവധി തവണ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ടതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിനിടയില്‍ ബിനീഷ് തന്റെ പാര്‍ട്ട്ണറാണെന്നും മുഹമ്മദ് അനൂപ് വ്യക്തമാക്കിയിരുന്നു. ഈ കേസില്‍ നാര്‍ക്കോട്ടിക്സ് ബിനീഷിനെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.