സ്വര്‍ണക്കടത്തില്‍ മന്ത്രി കെ.ടി. ജലീലിനെ നാളെ എന്‍ഫോഴ്‌മെന്റ് ചോദ്യം ചെയ്യും

keralanews gold smuggling case enforcement will quetion minister k t jaleel tomorrow

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റ്. ചട്ടങ്ങള്‍ ലംഘിച്ച്‌ യുഎഇ കോണ്‍സുലേറ്റുമായി ഇടപാടുകള്‍ നടത്തിയ സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെ ഇഡി ചോദ്യം ചെയ്യും. നാളെ രാവിലെ ഒൻപതരയ്ക്ക് കൊച്ചിയിലെ ഇഡി ഓഫിസില്‍ ഹാജരാകാനാണ് ജലീലിനോട് നിര്‍ദേശിച്ചിരിക്കുന്നത്.  കേന്ദ്ര സര്‍ക്കാര്‍ അനുമതി ഇല്ലാതെ യുഎഇ കോണ്‍സുലേറ്റില്‍ നിന്നും റംസാന്‍ കിറ്റും ഖുറാനും കൈപ്പറ്റി വിതരണം ചെയ്തത് ഗുരുതര പ്രോട്ടോകോള്‍ ലംഘനമാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. യുഎഇ കോണ്‍സുലേറ്റിലേക്ക് ഖുറാന്റെ മറവില്‍ എത്തിയ 250 പാക്കറ്റുകളില്‍ ചിലത് സി-ആപ്ടിലെ വാഹനം ഉപയോഗിച്ച്‌ മലപ്പുറത്തും തുടര്‍ന്ന് കര്‍ണാടകത്തിലെ ഭട്കലിലേക്കും അയച്ചിരുന്നു.ഈ പാക്കറ്റുകള്‍ അടക്കം കഴിഞ്ഞ രണ്ട് വര്‍ഷമായി നയതന്ത്ര ചാനല്‍ വഴി പാക്കേജുകള്‍ വന്നിട്ടില്ലെന്നാണ് സംസ്ഥാന പ്രോട്ടോകോള്‍ വിഭാഗം എന്‍ഐഎ, എന്‍ഫോഴ്സ്മെന്റ്, കസ്റ്റംസ് എന്നിവരെ അറിയിച്ചത്. ഖുറാന്റെ മറവില്‍ എത്തിയ 250 പാക്കറ്റുകളില്‍ 20 കിലോ സ്വര്‍ണം ഉണ്ടായിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്.യാതൊരുവിധ അനുമതിയുമില്ലാതെ വിദേശ സഹായം സ്വീകരിച്ച സംഭവത്തില്‍ മന്ത്രി കെടി ജലീലിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നു. മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കെടി ജലീല്‍ നടത്തിയ അനധികൃത ഇടപാടുകളെക്കുറിച്ച്‌ ആഭ്യന്തര മന്ത്രാലയം വിവരശേഖരണം ആരംഭിച്ചിരുന്നു.യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ മന്ത്രി കെ.ടി. ജലീല്‍ നടത്തുന്ന മറ്റിടപാടുകള്‍ സംബന്ധിച്ച്‌ കൂടുതല്‍ തെളിവുകള്‍ ഇഡിയും കസ്റ്റംസും എന്‍ഐഎയും ശേഖരിച്ചിരുന്നു, റംസാന്‍ കിറ്റിനൊപ്പം മലപ്പുറം ജില്ലയില്‍ വിതരണം ചെയ്യാന്‍ യുഎഇ കോണ്‍സുലേറ്റ് നല്‍കിയ ഖുര്‍ ആന്‍ ആണ് തന്റെ കീഴിലുള്ള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തില്‍ കയറ്റി അയച്ചതെന്നാണ് ജലീല്‍ സ്വയം വെളിപ്പെടുത്തിയത്. എന്നാല്‍, അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ ഖുറാന്‍ പോലെയുള്ള മതഗ്രന്ഥങ്ങള്‍ ഒന്നും പാഴ്സല്‍ ആയി വന്നിട്ടില്ലെന്നാണു കണ്ടെത്തിയിരിക്കുന്നത്.തിരുവനന്തപുരത്തുനിന്ന് സര്‍ക്കാര്‍സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുര്‍ ആന്‍ ആണെന്നാണ് മന്ത്രി ജലീല്‍ പറയുന്നത്.

മന്ത്രി ഇ.പി. ജയരാജന് കോവിഡ് സ്ഥിരീകരിച്ചു

keralanews covid confirmed to minister e p jayarajan

തിരുവനന്തപുരം: വ്യവസായമന്ത്രി ഇ.പി. ജയരാജന് കോവിഡ്19 സ്ഥിരീകരിച്ചു. കണ്ണൂരിലെ വസതിയില്‍ നിരീക്ഷണത്തല്‍ കഴിയവേയാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രിക്കൊപ്പം ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇരുവരെയും പരിയാരം മെഡിക്കല്‍ കോളേജിലേക്ക് ചികിത്സക്കായി മാറ്റിയിട്ടുണ്ട്. മന്ത്രിസഭയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെയാളാണ് ജയരാജന്‍. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.ധനമന്ത്രി ഡോ.തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതോടെ സിപിഎം സംസ്ഥാന നേതൃത്വത്തില്‍ നേതാക്കളൊട്ടാകെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആണ്.

മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍സിബി

keralanews drug case n c b will question bineesh kodiyeri

തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാനൊരുങ്ങി എൻസിബി.കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിൽ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) അടുത്തയാഴ്ച ചോദ്യം  ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പകര്‍പ്പ് എന്‍സിബി എന്‍ഫോഴ്‌സ്‌മെന്റിനോട് തേടിയിട്ടുണ്ട്.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്‌മെന്റ് ബിനീഷിനെ 11 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിച്ച ബിനീഷില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് ഇ.ഡിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. എന്നാല്‍, ബിനീഷിന് ഇ.ഡി ക്ളീന്‍ ചിറ്റ് നല്‍കിയിട്ടില്ല. ബിനീഷ് നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍. വൈരുദ്ധ്യം പൂര്‍ണമായും വെളിവാകണമെങ്കില്‍ ബിനീഷിന്റെ മൊഴി വിശദമായി വിലയിരുത്തേണ്ടതെന്ന് ഇ.ഡി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബിനീഷ് നല്‍കിയ മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണ് എന്‍ഫോഴ്സ്‌മെന്റിന്റെ തീരുമാനം.

പ​ന്തീ​രാ​ങ്കാ​വ് യുഎപിഎ കേ​സ്; താ​ഹ​ ഫസലും അ​ല​ന്‍ ഷുഹൈബും ഇന്ന് ജയിൽമോചിതരാവും

keralanews pantheerankavu u a p a case thaha and alan shuhaib released today

കൊച്ചി:പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ പ്രതികളായ താഹ ഫസലും അലന്‍ ഷുഹൈബും ഇന്ന് ജയില്‍ മോചിതരാകും. കഴിഞ്ഞ ദിവസമാണ് കൊച്ചി എന്‍ഐഎ കോടതി കര്‍ശന ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യമനുവദിച്ചത്.മാവോയിസ്റ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുകളൊന്നും ഹാജരാക്കാന്‍ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്.എന്നാല്‍ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എന്‍ഐഎ വാദം.യുഎപിഎ കേസില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി പരിഗണിച്ചാണ് കൊച്ചി എന്‍ഐഎ കോടതി ഇരുവര്‍ക്കും ജാമ്യമനുവദിച്ചത്. അറസ്റ്റിലായി പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. സിപിഐ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളില്‍ ഒരാളുടെ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും സമര്‍പ്പിക്കണം, എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണം, പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യമനുവദിച്ചത്.2019 നവംബര്‍ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മാവോയിസ്റ്റ് ലഘുലേഖയും ബാനറും കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിന്നീട് എന്‍.ഐ.എ കേസ് ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചു.

ഇന്ത്യ – ചൈന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച;സംഘർഷം ലഘൂകരിക്കാൻ അഞ്ച് വിഷയങ്ങളില്‍ സമവായത്തിന് ധാരണ

keralanews talk between india china foreign ministers agreement on five issues to solve conflict

ന്യൂഡൽഹി: കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷത്തില്‍ അയവ് വരുത്താന്‍ അഞ്ച് വിഷയങ്ങളില്‍ സമവായത്തിലെത്താന്‍ ഇന്ത്യ – ചൈന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ ധാരണ. സേനാ പിന്‍മാറ്റം വേഗത്തിലാക്കുമെന്നതടക്കമുള്ള കാര്യങ്ങളിലാണ് മോസ്കോയില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായത്.ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ.) യോഗത്തിനെത്തിയപ്പോഴാണ് ചര്‍ച്ച നടത്തിയത്.സേനാ പിന്‍മാറ്റം വേഗത്തിലാക്കുന്നത് കൂടാതെ, പ്രശ്ന പരിഹാരത്തിന് നയതന്ത്ര – സൈനിക തലത്തിലെ ശ്രമങ്ങള്‍ തുടരും, അഭിപ്രായ വ്യത്യാസങ്ങള്‍ തര്‍ക്കങ്ങളാക്കി മാറ്റില്ല, അതിര്‍ത്തി വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഉഭയകക്ഷി കരാറുകളും പാലിക്കും, പരസ്പര വിശ്വാസത്തിനും അതിര്‍ത്തിയില്‍ സമാധാനത്തിനും ഇരുരാജ്യങ്ങളും നടപടിയെടുക്കും തുടങ്ങിയ വിഷയങ്ങളിലാണ് സമവായത്തിന് ധാരണയായത്. അതിര്‍ത്തിയിലെ നിലവിലെ സ്ഥിതി ഇരുവിഭാഗത്തിന്റെയും താത്പര്യം സംരക്ഷിക്കുന്നതല്ലെന്നും അതിനാല്‍ ഇരുവിഭാഗത്തിന്റെയും അതിര്‍ത്തി സൈനികര്‍ സംഭാഷണം തുടരണമെന്നും വേഗത്തില്‍ പിന്മാറണമെന്നും പിരിമുറുക്കം ലഘൂകരിക്കുന്നതിനായി ശരിയായ ദൂരം നിലനിര്‍ത്തുമെന്നും ഇരുവിഭാഗവും സമ്മതിച്ചു. ഇരുപക്ഷത്തെയും ബ്രിഗേഡ് കമാന്‍ഡര്‍, കമാന്‍ഡിങ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ച കഴിഞ്ഞ ദിവസം നടന്നിരുന്നു.

സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;1657 പേര്‍ക്ക് രോഗമുക്തി

keralanews 3349 covid cases confirmed in the state today 1657 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224, എറണാകുളം 227, കോട്ടയം 217, പാലക്കാട് 194, കാസര്‍ഗോഡ് 140, പത്തനംതിട്ട 135, ഇടുക്കി 105, വയനാട് 95 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3134 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 266 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 542, മലപ്പുറം 309, തൃശൂര്‍ 278, കോഴിക്കോട് 252, കണ്ണൂര്‍ 243, ആലപ്പുഴ 240, കൊല്ലം 232, കോട്ടയം 210, എറണാകുളം 207, പാലക്കാട് 152, കാസര്‍ഗോഡ് 137, പത്തനംതിട്ട 101, വയനാട് 89, ഇടുക്കി 66 എന്നിങ്ങനേയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു.കണ്ണൂര്‍ 18, തൃശൂര്‍ 13, തിരുവനന്തപുരം 12, എറണാകുളം 11, കൊല്ലം 9, മലപ്പുറം 3, പത്തനംതിട്ട 2, ആലപ്പുഴ, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1657 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 483, കൊല്ലം 103, പത്തനംതിട്ട 53, ആലപ്പുഴ 87, കോട്ടയം 106, ഇടുക്കി 15, എറണാകുളം 116, തൃശൂര്‍ 83, പാലക്കാട് 33, മലപ്പുറം 119, കോഴിക്കോട് 178, വയനാട് 10, കണ്ണൂര്‍ 144, കാസര്‍ഗോഡ് 127 എന്നിങ്ങനെയാണ് ഇന്ന് പരിശോധനാ ഫലം  നെഗറ്റീവായത്.

ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയാലും ലക്ഷണമുണ്ടെങ്കിൽ പി.സി.ആര്‍ പരിശോധന നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍

keralanews use pcr test retest all sympomatic negative cases of rapid antigen test

ന്യൂഡല്‍ഹി: കോവിഡ് പരിശോധനയില്‍ പുതിയ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍ . ദ്രുതപരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെങ്കിലും ലക്ഷണമുണ്ടെങ്കില്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശം.കോവിഡ് രോഗബാധയുടെ വ്യാപനം തടയുന്നതിന് പോസിറ്റീവ് കേസുകളൊന്നും ശ്രദ്ധയില്‍പ്പെടാതെ പോകുന്നില്ലെന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഉറപ്പുവരുത്തണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന്റെ ഉപയോഗം സംസ്ഥാനങ്ങള്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആന്‍റിജന്‍ ടെസ്റ്റില്‍ തെറ്റായ ഫലങ്ങളുടെ ഉയര്‍ന്ന നിരക്കാണെന്നത് ഐസിഎംആര്‍ പോലും അംഗീകരിച്ചതാണെന്നും കേന്ദ്രം അറിയിച്ചു.

88 ലക്ഷം കുടുംബങ്ങള്‍ക്ക് അടുത്ത നാല് മാസവും സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് നൽകുമെന്ന് സംസ്ഥാന സർക്കാർ

keralanews free food kit for 88 lakh families for coming four months

തിരുവനന്തപുരം:88 ലക്ഷം കുടുംബങ്ങള്‍ക്ക് അടുത്ത നാല് മാസവും സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് നല്‍കാന്‍ തീരുമാനിച്ച്‌ കേരള സര്‍ക്കാര്‍. നൂറു ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കുന്ന നൂറു പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം.എട്ടിനം ഭക്ഷ്യധാന്യങ്ങളാണ് സര്‍ക്കാര്‍ സൗജന്യമായി ജനങ്ങള്‍ക്ക് നല്‍കുന്നത്. ‘കോവിഡ്- 19 മഹാമാരിക്കാലത്ത് ലോക്ഡൗണ്‍ സൃഷ്ടിച്ച ദുരിതത്തെ മറികടക്കാനാണ് സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ലോക് ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടക്കാന്‍ ഇടവരരുത് എന്ന ദൃഢനിശ്ചയമാണ് സര്‍ക്കാരിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് പ്രേരിപ്പിച്ചത്. ഈ പദ്ധതിയോട് ജനങ്ങള്‍ നല്ല രീതിയിലാണ് പ്രതികരിച്ചത്. ഓണക്കാലത്തും സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് 88 ലക്ഷം കുടുംബങ്ങള്‍ക്ക് എത്തിക്കാനുള്ള നടപടി സ്വീകരിച്ചു.കോവിഡ് – 19 തീര്‍ക്കുന്ന ദുരിതം തുടരുന്ന സാഹചര്യത്തില്‍ നമ്മുടെ ജനതയെ താങ്ങി നിര്‍ത്താന്‍ നാലു മാസത്തേക്ക് കൂടി ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ജനങ്ങളുടെ വിഷമഘട്ടത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുക എന്നത് അവര്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന ബോധ്യമാണ് നമ്മളെ നയിക്കുന്നത്’-മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

കണ്ണൂരിലെ എസ് ഡി പി ഐ പ്രവര്‍ത്തകന്റെ കൊലപാതകം;മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

keralanews murder of sdpi worker in kannur arrest of three recorded

കണ്ണൂര്‍:കണ്ണവം ചിറ്റാരിപ്പറമ്പിൽ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സയ്യിദ് സ്വലാഹുദ്ധീനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള മൂന്നു സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് ചുണ്ട സ്വദേശികളായ എം അമല്‍രാജ് എന്ന അപ്പു(23), പി കെ ബ്രിപിന്‍ (23), എം ആഷിഖ് ലാല്‍ (25) എന്നിവരാണ് അറസ്റ്റിലായത്. മൂവരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പൊലീസ് അനുമാനം. എസ് ഡി പി ഐ പ്രവര്‍ത്തകനായിരുന്ന കണ്ണവം അയ്യൂബിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും അമല്‍രാജ് എന്ന അപ്പു പ്രതിയാണ്.സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും ആര്‍ എസ് എസ് ഉന്നത നേതൃത്വത്തിനു സംഭവത്തില്‍ പങ്കുണ്ടെന്നുമാണ് പൊലീസ് വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ജില്ലയില്‍ പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ണവത്തിനു സമീപം ചിറ്റാരിപ്പറമ്പിനടുത്ത് ചൂണ്ടയില്‍വച്ചാണ് കുടുംബത്തിന്റെ കണ്‍മുന്നിലിട്ട് എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സെയ്ദ് മുഹമ്മദ് സ്വലാഹൂദ്ദീനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടു സഹോദരിമാര്‍ക്കൊപ്പം വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി കാറില്‍ വരുന്നതിനിടെയാണ് ആസൂത്രിത കൊലപാതകം അരങ്ങേറിയത്. സ്വലാഹുദ്ദീനും കുടുംബവും സഞ്ചരിച്ച കാറിനു പിന്നില്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ഇടിക്കുകയായിരുന്നു. അപകടം പറ്റിയതറിഞ്ഞ് വാഹനം സൈഡില്‍ നിര്‍ത്തി പൊലീസിനെ വിളിച്ചെങ്കിലും ആരുമെത്തിയില്ല. തൊട്ടുപിന്നാലെ ബൈക്കിലെത്തിയ അക്രമി സംഘം തലയ്ക്കും മറ്റും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സഹോദരിമാരെ ബോംബും ആയുധങ്ങളും കാട്ടി ഭീഷണിപ്പെടുത്തിയ സംഘം സഹോദരി റാഹിദയെ ആയുധം കൊണ്ട് വയറ്റിലും നെഞ്ചത്തും കൈക്കും മറ്റും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതിയുണ്ട്. ഇതിനിടെ കൊല്ലപ്പെട്ട സലാഹുദ്ദീന്‍റെ മൃതദേഹം കണ്ണവം വെളുമ്പത്ത് പളളി ഖബര്‍സ്ഥാനില്‍ സംസ്കരിച്ചു. പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ സലാം, ദേശീയ സെക്രട്ടറി നാസിറുദ്ദീന്‍ എളമരം, സംസ്ഥാന പ്രസിഡണ്ട് സി.പി മുഹമ്മദ് ബഷീര്‍ തുടങ്ങി നൂറുകണക്കിന് നേതാക്കളും പ്രവര്‍ത്തകരും സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു.

കൊട്ടിയത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യ; സീരിയല്‍ നടിയും കുടുംബവും ഒളിവില്‍

keralanews suicide of girl in kottiyam serial actress and her family abscond

കൊല്ലം:കൊട്ടിയത്ത് നിശ്ചയിച്ച വിവാഹത്തിൽ നിന്നും പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച സീരിയൽ നടിയും കുടുംബവും മുങ്ങി.കേസില്‍ റിമാന്‍ഡിലുള്ള പ്രതി ഹാരിസിന്റെ ജ്യേഷ്ഠന്‍റെ ഭാര്യയാണ് സീരിയല്‍ നടി. ഹാരിസുമായാണ് പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ഇവർക്ക് നിർദ്ദേശം നൽകിയിരുന്നു. ഹാജരാകാത്തതിനെ തുടർന്ന് പൊലീസ് കരുനാഗപ്പള്ളിയിലെ വസതിയിലെത്തിയെങ്കിയും കണ്ടെത്താനായില്ല.നടിയുടെയും കുടുംബത്തിന്‍റെയും മുഴുവൻ ഫോണുകളും സ്വിച്ച് ഓഫായിരിക്കുകയാണ്. പൊലീസ് പലവട്ടം ഇവരുടെ വീട്ടില്‍ അന്വേഷിച്ചു എത്തിയെങ്കിലും വീട് അടഞ്ഞ നിലയിലാണ്. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലടക്കം പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഹാരിസിന്‍റെ കുടുംബത്തെ മൂന്നുദിവസം മുമ്പ് പൊലീസ് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. രണ്ടാംഘട്ട ചോദ്യംചെയ്യലിനായി ഇവരെ പൊലീസ് കൊട്ടിയം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.പക്ഷേ, ഇവര്‍ ഹാജരായിരുന്നില്ല. ഹാജരാകാന്‍ അസൗകര്യമുണ്ട് എന്നും അറിയിച്ചിരുന്നു.സ്ത്രീകളായതിനാല്‍ ഹാജരാകാന്‍ കഴിയില്ല എന്ന അവരുടെ അസൗകര്യം പൊലീസ് പരിഗണിക്കുകയും ചെയ്തിരുന്നു.പക്ഷേ, രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ നടത്തേണ്ടതുണ്ടെന്ന് പൊലീസ് ഇവരെ അറിയിച്ചു. അതിന് വേണ്ടി കൂടുംബത്തിന്റെ ഫോണുകളില്‍ മാറി മാറി ബന്ധപ്പെട്ടെങ്കിലും എല്ലാ ഫോണുകളും സ്വിച്ച്ഓഫ് ആയിരുന്നു.എന്നാല്‍ ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭ്യമായിട്ടുണ്ടെന്നാണ് കൊട്ടിയം പോലീസ് പറഞ്ഞു.ഉടന്‍ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും അറിയിച്ചു. അതേ സമയം നടിയും കുടുംബവും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് എന്നാണ് വിവരം.