തിരുവനന്തപുരം:സംസ്ഥാനത്ത് പി എസ് സി പരീക്ഷയുടെ രീതി മാറുന്നു. ഇനി മുതല്‍ രണ്ട് ഘട്ടമായിട്ടായിരിക്കും പരീക്ഷകള്‍ നടത്തുകയെന്ന് ചെയര്‍മാന്‍ എം കെ സക്കീര്‍ പറഞ്ഞു. അപേക്ഷകള്‍ കൂടുതലായി വരുന്ന തസ്തികകള്‍ക്കായിരിക്കും പുതിയ പരിഷ്കരണം ബാധകമാവുക.ആദ്യ ഘട്ടമെന്ന നിലയില്‍ ഡിസംബറില്‍ പുതിയ രീതിയിലുളള പരീക്ഷകള്‍ നടത്തും. സ്‌ക്രീനിംഗ് ടെസ്റ്റില്‍ നിന്ന് മെറിറ്റുള്ളവരെ കണ്ടുപിടിച്ച് പ്രിലിമിനറി ലിസ്റ്റ് തയ്യാറാക്കും. അവരെ ആയിരിക്കും അവസാന പരീക്ഷക്കായി തിരഞ്ഞെടുക്കുക. അവസാന പരീക്ഷയിലെ മാര്‍ക്കായിരിക്കും നിയമനത്തിന് സ്വീകരിക്കുന്നതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. പത്താംക്ലാസ്, പ്ലസ്ടു,ബിരുദ യോഗ്യതകളുള്ള തസ്തികള്‍ക്ക് വെവ്വേറെ പരീക്ഷകളായിരിക്കും നടത്തുക. സ്‌ക്രീനിംഗ് പരീക്ഷയിലെ മാര്‍ക്ക് അന്തിമഫലത്തെ ബാധിക്കില്ല. മികവുള്ളവര്‍ മാത്രമേ രണ്ടാംഘട്ടത്തിലേക്ക് കടക്കുകയുള്ളൂ. മെയിന്‍ പരീക്ഷയ്ക്ക് തസ്തികയ്ക്ക് അനുസൃതമായ ചോദ്യങ്ങളാവും ഉണ്ടാകുക. ഗൗരവത്തോടെ പി എസ് സി പരീക്ഷയെ സമീപിക്കുന്നവരെ കണ്ടെത്താനാണ് ഈ നീക്കം. അന്തിമ പരീക്ഷ കഴിഞ്ഞ ഉടന്‍ ഫലം പ്രഖ്യാപിക്കാനും സാധിക്കും.യുപിഎസ്സി പോലെ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പരീക്ഷ നടത്തുന്ന സംവിധാനങ്ങളുടെ മാതൃക പിന്തുടര്‍ന്നാണ് ചട്ടത്തില്‍ ഭേഗഗതി കൊണ്ടുവന്നതെന്നും പിഎസ്സി ചെയര്‍മാന്‍ അറിയിച്ചു. അതിനിടെ കോവിഡ് കാരണം നീട്ടിവച്ച പരീക്ഷകളെല്ലാം പുനരാരംഭിച്ച് കഴിഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഈ പരീക്ഷകള്‍ നടത്തുക. കോവിഡ് കാലഘട്ടത്തിലേക്ക് മാത്രമായി ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ നടത്തുമെന്നും കെ എ എസ് പ്രാഥമിക പരീക്ഷഫലം ആഗസ്റ്റ് 26ന് പ്രഖ്യാപിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. നേരത്തെ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവകാശപ്പെട്ട നിയമനം ഇതുവരെ നല്‍കിയിട്ടുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു.
രാജ്യത്ത് ബാങ്ക് വായ്പകള്‍ അടയ്ക്കുന്നതിനുള്ള മൊറൊട്ടോറിയം കാലാവധി ആഗസ്റ്റ് 31ന് അവസാനിക്കും
ന്യൂഡൽഹി:രാജ്യത്ത് ബാങ്ക് വായ്പകള്‍ അടയ്ക്കുന്നതിനുള്ള മൊറൊട്ടോറിയം അവസാനിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആറ് മാസമായി ഏര്‍പ്പെടുത്തിയിരുന്ന മൊറട്ടോറിയമാണ് ഈ മാസം 31 ഓടെ അവസാനിക്കുന്നത്. ഇതേ തുടര്‍ന്ന് നിലവിലുള്ള വായ്പകള്‍ പുനഃക്രമീകരിച്ച് രണ്ട് വര്‍ഷം വരെ നീട്ടാന്‍ ആര്‍ ബി ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. പൊതുമേഖല, പബ്ലിക് ലിമിറ്റഡ്, സഹകരണ മേഖലയിലുള്ള ബാങ്കുള്‍ക്കെല്ലാം ഈ തീരുമാനം ബാധകമാണ്. ബാങ്കുകളില്‍നിന്ന് എടുത്തിട്ടുള്ള എല്ലാ വായ്പകളും പുതുക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണും സാമ്പത്തിക മാന്ദ്യവും കാരണം വരുമാനം കുറഞ്ഞത് മൂലം ബുദ്ധിമുട്ടിലായ ഭവന വായ്പ എടുത്തവര്‍ക്ക് മൊറട്ടോറിയം ആശ്വാസമായിരുന്നു. മാര്‍ച്ച് ഒന്നുമുതല്‍ ഓഗസ്റ്റുവരെ രണ്ടുഘട്ടങ്ങളിലായിട്ടാണ് ആറ് മാസത്തേക്ക് മൊറട്ടോറിയം അനുവദിച്ചിരുന്നത്.എന്നാല്‍,വായ്പ തിരിച്ചടവ് നിര്‍ത്തിവെയ്ക്കുന്നത് പരിഹാരമല്ലെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബര്‍ മുതല്‍ വായ്പകളുടെ തവണകള്‍ തിരിച്ചടയ്ക്കേണ്ടിവരും. നിലവിലെ വായ്പകളുടെ കാലാവധി രണ്ടുവര്‍ഷം വരെ നീട്ടി പുതുക്കാനാണ് അവസരം കൊടുക്കുക. അതിനുശേഷം ആറുമാസംകൂടി മൊറട്ടോറിയം കാലത്തെ കുടിശ്ശിക അടയ്ക്കാന്‍ സാവകാശം കിട്ടും. മൊറട്ടോറിയം കാലത്തെ പലിശ വരുന്ന മാര്‍ച്ചിനുള്ളില്‍ അടച്ചുതീര്‍ത്താല്‍ മതി.അതേസമയം വിദ്യാഭ്യാസ വായ്പകള്‍ക്ക് ഇളവുകള്‍ ലഭിക്കും എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 10 മുതല്‍ 11 ശതമാനം നിരക്കില്‍ ബാങ്കുകളില്‍നിന്നും വിദ്യാഭ്യാസ വായ്പ എടുത്തവര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ പുനക്രമീകരിക്കാം. വിദ്യാഭ്യാസ വായ്പ റിപ്പോ നിരക്കിലേക്ക് മാറ്റിയാല്‍ പലിശ നിരക്ക് കുറച്ചുകിട്ടും.
കരിപ്പൂർ വിമാനാപകടം;രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട്:കരിപ്പൂർ വിമാന അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊണ്ടോട്ടി നഗരസഭാ പരിധിയിലെ 10 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. നെടിയിരുപ്പില്‍ ആറ് പേര്‍ക്കും കൊണ്ടോട്ടിയില്‍ നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.വിമാന അപകടം നടക്കുമ്പോള്‍ കൊണ്ടോട്ടി കണ്ടെയിന്‍മെന്‍റ് സോണ്‍ ആയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് പിന്നാലെ തന്നെ എല്ലാവരും ക്വാറന്‍റൈനില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മലപ്പുറം കലക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ കൊണ്ടോട്ടിയില്‍ ക്യാമ്പ് ചെയ്ത് പരിശോധന നടത്തുന്നുണ്ട്.അപകടം നടന്നപ്പോൾ കോവിഡ് മഹാമാരിയും മഴയും വകവെയ്ക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ മലപ്പുറത്തെ ആളുകളുടെ മനുഷ്യത്വം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പരിക്കേറ്റവരെ സ്വന്തം വാഹനങ്ങളിലാണ് പലരും ആശുപത്രികളിലെത്തിച്ചത്. രക്തം നല്‍കാനും ആശുപത്രികളില്‍ നിരവധി പേരെത്തിയിരുന്നു.
ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വപ്നയ്ക്ക് 3 കോടി രൂപയോളം കമ്മീഷൻ ലഭിച്ചതായി എന്‍ഫോഴ്സമെന്‍റ് ഡയറക്ട്രേറ്റ്
കൊച്ചി:തൃശൂര്‍ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വപ്നയ്ക്ക് 3 കോടി രൂപയോളം കമ്മീഷൻ ലഭിച്ചതായി എന്‍ഫോഴ്സമെന്‍റ് ഡയറക്ട്രേറ്റ്. കമ്മീഷന്‍റെ വിഹിതം പലർക്കായി കൈമാറിയെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു.യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ് ക്രെസന്‍റ് ആണ് ഫ്ലാറ്റ് നിർമിക്കുന്നത്. ഈ പദ്ധതിക്കു വേണ്ടി ഇടനിലക്കാരി ആയപ്പോൾ ഒരു കോടി രൂപ കമ്മിഷൻ കിട്ടിയെന്നു സ്വപ്ന സുരേഷ് എൻ.ഐ.എക്ക് മൊഴി നല്‍കിയിരുന്നു.അതേസമയം സ്വപ്നയുടെ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് വാദം നടക്കും. സ്വപ്ന ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും അതിനാല്‍ ജാമ്യം നല്കരുതെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. മുഖ്യന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ശിവശങ്കരനുമായി സ്വപ്നക്ക് അടുത്ത ബന്ധമുണ്ട്. ഇരുവരും ഒരുമിച്ച് വിദേശ യാത്ര നടത്തിയിരുന്നുവെന്നും സ്വപ്ന ബാങ്ക് ലോക്കര്‍ തുറന്നത് ശിവശങ്കറിന്‍റെ ഉപദേശ പ്രകാരമായിരുന്നുവെന്നും ഇത് അന്വേഷിക്കുകയാണെന്നും എന്‍ഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചിട്ടുണ്ട്.അതേസമയം വിവാദമായ ലൈഫ് മിഷൻ ഫ്ലാറ്റ് കെട്ടിടം യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്നാന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സന്ദർശിക്കും.സർക്കാർ ലൈഫ് മിഷനെ മറയാക്കി നടത്തിയ സാമ്പത്തിക തട്ടിപ്പും ഗൂഢാലോചനയും അന്വേഷിക്കണം എന്നാണ് യു.ഡി.എഫിന്‍റെ ആവശ്യം.
സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങള്‍ കൂടി; മരിച്ചത് മലപ്പുറം,എറണാകുളം സ്വദേശികൾ
മലപ്പുറം:സംസ്ഥാനത്ത് ഇന്ന് രണ്ടു കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.മലപ്പുറം സ്വദേശി തെയ്യാല ഗണേശൻ(48),എറണാകുളം കോതമംഗലം സ്വദേശി ടി വി മത്തായി എന്നിവരാണ് മരിച്ചത്.മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു ഗണേശന്റെ മരണം. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് മത്തായിയാണ് മരിച്ചത്. ഇദ്ദേഹത്തിന് പ്രമേഹവും ഹൃദ്രോഗവും ഉണ്ടായിരുന്നു.തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് പ്ലാസ്മാ തെറാപ്പി നല്‍കിയിരുന്നു ഇദ്ദേഹത്തിന്. എന്നാല്‍ ഇന്ന് പുലര്‍ച്ചെയോടെ മത്തായിയുടെ ആരോഗ്യ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു . ഇതോടെ ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചത് 14 മരണങ്ങളാണ്. രോഗം രൂക്ഷമായി പിടിമുറുക്കിയിരിക്കുന്ന മലപ്പുറം ജില്ലയില്‍ മാത്രം ഇതുവരെ മരണം 13 ആയി.സംസ്ഥാനത്ത് മൊത്തം കോവിഡ് മരണം 169 ആണെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്. സര്‍ക്കാര്‍ നല്‍കുന്ന വിവരമനുസരിച്ച് നിലവില്‍ 157 കൊവിഡ് രോഗികളാണ് ഐസിയുവില്‍ പ്രവേശിക്കപ്പെട്ടിട്ടുള്ളത്. 30 രോഗികള്‍ വെന്റിലേറ്ററിലാണ്.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍
തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന്‍.തിയതി പിന്നീട് പ്രഖ്യാപിക്കും.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. ആരോഗ്യ വിദഗ്ധരുമായും രാഷ്ട്രീയ പ്രതിനിധികളുമായും വീണ്ടും ചര്‍ച്ച നടത്തും.വെര്‍ച്വല്‍ ക്യാമ്പയിന്‍ നടത്തുന്നത് പരിഗണിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന്‍ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് നീട്ടാന്‍ ആവശ്യപ്പെട്ടില്ല. ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച നടത്തിയെന്നും ആരോഗ്യവിദഗ്ധര്‍ ഉടന്‍ മാര്‍ഗരേഖ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂര്‍ പോളിങ് സമയം നീട്ടും. തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പ് സമയക്രമത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ കേസുകള്‍ ഇരട്ടിയിലധികം വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. പല പ്രദേശങ്ങളും കണ്ടൈന്‍മെന്റ് സോണിലാണ്.വരും ദിവസങ്ങളില്‍ എണ്ണം കൂടാനാണ് സാധ്യത. ഇവിടങ്ങളില്‍ എങ്ങനെ തെരഞ്ഞെടുപ്പ് നടത്തും എന്നതും വെല്ലുവിളിയാണ്.
എം.ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുമൊത്ത് മൂന്ന് തവണ വിദേശയാത്ര നടത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുമൊത്ത് മൂന്ന് തവണ വിദേശയാത്ര നടത്തിയതായി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്.2017 ഏപ്രിലില്‍ സ്വപ്നയും ശിവശങ്കറും ഒരുമിച്ച് യുഎഇയിലേക്ക് യാത്ര ചെയ്തു. 2018 ഏപ്രിലില്‍ സ്വപ്ന ഒമാനിലേക്ക് പോയി. അവിടെ വെച്ച് ശിവശങ്കറെ കണ്ടു. ഒരുമിച്ച് മടങ്ങുകയും ചെയ്തു. 2018 ഒക്ടോബറില്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് രൂപീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശന വേളയില്‍ ഇരുവരും ഒരുമിച്ച് യുഎഇയിലേക്ക് പോയി.കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇ.ഡി ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്. സ്വപ്നയും ശിവശങ്കറും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന നിര്‍ണായക വിവരങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്‍റ് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ യാത്രകള്‍ എന്തുമായി ബന്ധപ്പെട്ടാണ് എന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. സ്വപ്‌ന, സരിത് എന്നിവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് കോടതിയില്‍ ഹാജരാക്കിയത്.
പെട്ടിമുടി ദുരന്തം;തിരച്ചില്‍ പതിനൊന്നാം ദിവസവും തുടരുന്നു; പന്ത്രണ്ട് പേരെ ഇനിയും കണ്ടെത്തിയില്ല
മൂന്നാർ: ഉരുള്‍പൊട്ടലുണ്ടായ രാജമല പെട്ടിമുടിയില്‍ ദുരന്തം നടന്ന പതിനൊന്നാം ദിവസവും തിരച്ചില്‍ തുടരുന്നു.നാട്ടുകാരും, മരിച്ചവരുടെ ബന്ധുക്കളും ദൗത്യസംഘത്തോടൊപ്പം തിരച്ചിൽ നടത്തുന്നുണ്ട്.12 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 58 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. എല്ലാവരെയും കണ്ടെത്തുന്നത് വരെ തിരച്ചില്‍ തുടരുമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.പെട്ടിമുടിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ മാറി കന്നിയാറിലാണ് ഊര്‍ജിതമാക്കുന്നത്. അതെ സമയം ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ പുനരധിവാസം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല.പകുതിപേരും ബന്ധുക്കളുടെ വീടുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. കുട്ടികളുടെ പഠനവും താളം തെറ്റിയ സ്ഥിതിയിലാണ്. ദുരന്തമുണ്ടായ പെട്ടിമുടിയിലെയും, രാജമലയിലെയും നാല്‍പതോളം കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. കണ്ണന്‍ദേവനാണ് ഇതിന്റെ ചുമതല. ഇതില്‍ ഇരുപതോളം കുടുംബങ്ങളെ നയമക്കാട് എസ്റ്റേറ്റിലെ ഒഴിഞ്ഞു കിടന്ന ലയങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
നീറ്റും ജെഇഇയും നീട്ടി വെയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റും എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇയും നീട്ടി വെയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്ന നീറ്റ്,ജെഇഇ പരീക്ഷകള്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് 11 വിദ്യാര്‍ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.എന്നാല്‍, നീണ്ട കാലത്തേക്ക് വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായുള്ള ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.സെപ്റ്റംബര്‍ 13 ന് നീറ്റും എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറു വരെയും നടത്തുമെന്നാണ് കേന്ദ്രമന്ത്രി രമേശ് പൊഖ്റിയാല്‍ അറിയിച്ചിട്ടുള്ളത്.കോടതി ഹര്‍ജി തള്ളിയ സ്ഥിതിക്ക് തീരുമാനിച്ച ദിവസങ്ങളില്‍ തന്നെ പരീക്ഷകള്‍ നടക്കും.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി മാറ്റി വെച്ച ശേഷമാണ് പരീക്ഷകളുടെ തീയതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.പരീക്ഷയ്ക്ക് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു.
നടിയെ അക്രമിച്ച കേസ്; സാക്ഷി വിസ്താരത്തിനായി പി ടി തോമസ് ഹാജരായി
കൊച്ചി:നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി പി ടി തോമസ് എംഎല്‍എ ഹാജരായി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് എംഎല്‍എ ഹാജരായത്. കേസിലെ നിര്‍ണായക സാക്ഷിയാണ് എംഎല്‍എ.അക്രമത്തിനിരയായ നടി, നടൻ ലാലിന്‍റെ വീട്ടിലെത്തിയപ്പോൾ പി ടി തോമസ് അവിടെ എത്തുകയും വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു.സംഭവം പൊലീസില്‍ അറിയിക്കുകയും നടിയുടെ ഡ്രൈവറുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടപ്പോള്‍ അക്കാര്യം പൊലീസ് ശ്രദ്ധയിലെത്തിച്ചതും പിടി തോമസ് തന്നെയാണ്. അതുകൊണ്ടുതന്നെ പ്രോസിക്യൂഷനെ സംബന്ധിച്ച് കേസിലെ നിർണായക സാക്ഷിയാണ് എംഎല്‍എ.കേസിൽ 41 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. ഇനി വിസ്തരിക്കേണ്ട 200ലധികം സാക്ഷികളുടെ വിശദാംശങ്ങൾ പ്രോസിക്യൂഷൻ ഇന്ന് കോടതിക്ക് കൈമാറും. ഇരയായ നടിയുടെ ക്രോസ് വിസ്താരം നേരത്തെ പൂർത്തിയാക്കിയിരുന്നു.ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നതെങ്കിലും സിബിഐ കോടതിയുടെ ആവശ്യം പരിഗണിച്ച് സമയം നീട്ടിനല്‍കിയിട്ടുണ്ട്.