കണ്ണൂർ:പരിയാരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയും ബന്ധുവും അറസ്റ്റില്‍.പതിമൂന്നും പതിനാറും വയസ്സുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. കൗണ്‍സിലിങ്ങിനിടെയിലാണ് കുട്ടികൾ പീഡനത്തെ സംബന്ധിച്ച വിവരങ്ങള്‍ തുറന്നുപറഞ്ഞത്. തുടര്‍ന്ന് ചൈൽഡ്‌ലൈൻ പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് കേസ് എടുക്കുകയായിരുന്നു. കഴിഞ്ഞ മാസം 28നാണ് കുട്ടികള്‍ ബന്ധുവിന്റെ പീഡനത്തിന് ഇരയായത്. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുട്ടികളുടെ അമ്മയും അച്ഛനും വേര്‍പിരിഞ്ഞാണു താമസിക്കുന്നത്. വീട്ടിലെ നിത്യസന്ദര്‍ശകനായ ബന്ധു, അമ്മ ഇല്ലാത്ത തക്കം നോക്കി കുട്ടികളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതിനുമുന്‍പും കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ സംഭവത്തെ കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും അമ്മ വിഷയം മറച്ചുവച്ചു എന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ മധ്യവയസ്‌കനായ ബന്ധു ഒളിവില്‍ പോയി. തുടര്‍ന്ന് പരിയാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
അതേസമയം, പെണ്‍കുട്ടികള്‍ 2016 മുതല്‍ പീഡനത്തിനിരയായെന്നാണ് പരാതിയില്‍ പറയുന്നത്. അമ്മയോടൊപ്പം താമസിക്കുന്നത് മുതലാക്കിയാണ് ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. 2016 ഡിസംബറില്‍ ചെങ്ങളായയിലെ വാടകവീട്ടില്‍ താമസിക്കവെ അവിടെ വെച്ചും ഇയാള്‍ 13കാരിയെ പീഡിപ്പിച്ചെന്ന് മൊഴിയില്‍ പറയുന്നു. ഈ പരാതി ശ്രീകണഠാപുരം പൊലീസിന് കൈമാറിയിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് രണ്ട് പെണ്‍കുട്ടികളും.
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യ കേസ് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി:ബോളിവുഡ് ആക്ടർ സുശാന്ത് സിങ് രാജ്പുതിന്റെ മരണം സിബിഐ അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. തനിക്കെതിരായ എഫ്‌ഐആര്‍ പറ്റ്‌നയില്‍ നിന്ന് മുംബൈയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഉത്തരവ്. മുംബൈ പൊലീസ് സിബിഐ അന്വേഷണത്തോട് സഹകരിക്കണം. കേസ് ഫയലുകള്‍ അടക്കമുള്ള വിവരങ്ങള്‍ സിബിഐക്ക് കൈമാറണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.സുശാന്തിന്റെ പിതാവ് നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ബീഹാര്‍ പൊലീസിന്റെ നടപടി നിയമപരമാണെന്ന് ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. ബീഹാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കേസ് സിബിഐക്ക് വിടണമെന്ന് ബീഹാര്‍ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് കേസ് സിബിഐക്ക് കേന്ദ്രസര്‍ക്കാര്‍ വിടുകയും ചെയ്യുകയായിരുന്നു.അന്വേഷണത്തിനായി മുംബൈയിലെത്തിയ പറ്റ്‌ന പൊലീസിനോട് സഹകരിക്കാന്‍ മുംബൈ പൊലീസ് തയ്യാറായില്ല. കേസ് അന്വേഷിക്കാനെത്തിയ പറ്റ്‌ന എസ്പിയെ നിര്‍ബന്ധിത ക്വാറന്റൈനില്‍ അയച്ചതും വിവാദമായി.ഇതിനു പിന്നാലെയാണ് ബിഹാര്‍ സര്‍ക്കാര്‍ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. സുപ്രീംകോടതി ഉത്തരവ് കുടുംബവും ബോളിവുഡ് താരങ്ങളും ആരാധകരും സ്വാഗതം ചെയ്തു. വിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം അടുത്ത നടപടി തീരുമാനിക്കുമെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് പറഞ്ഞു. സുശാന്തിന്റെ മരണത്തിന് പിന്നില്‍ കാമുകിയയായ റിയ ചക്രവര്‍ത്തിയാണെന്നാണ് സുശാന്തിന്റെ കുടുംബം ആരോപിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ ബാങ്ക് ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷ;ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സിക്ക് രൂപം നല്‍കി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ ബാങ്ക് ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷ നടത്താനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.ഗസറ്റഡ് പോസ്റ്റുകള്‍ ഒഴിച്ചുള്ളവയിലേക്ക് ഇനി നിയമനം നടത്തുക ദേശീയ റിക്രൂട്ട്മെന്റ് എജന്‍സി നടത്തുന്ന ഈ പൊതു യോഗ്യതാ പരീക്ഷ വഴിയാകും. നിയമനം നടത്താന്‍ നാഷണല്‍ റിക്രൂട്ട്മെന്റ് ഏജന്‍സിക്ക് കേന്ദ്രം രൂപം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.ആദ്യഘട്ടത്തില്‍ ഒരു പൊതു പ്രിലിമിനറി പരീക്ഷയായിരിക്കും നടത്തുക. ഈ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഏത് റിക്രൂട്ട്മെന്റ് ഏജന്‍സി നടത്തുന്ന ഉന്നത പരീക്ഷകളിലേക്കും അപേക്ഷ നല്‍കാം. കഴിഞ്ഞ ബഡ്‌ജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചത്. ജോലി അന്വേഷിച്ചു നടക്കുന്ന യുവാക്കള്‍ക്ക് ഈ പുതിയ തീരുമാനം വലിയ നേട്ടമായി കണക്കാക്കാമെന്നും മന്ത്രി പറഞ്ഞു.നോണ്‍ ഗസറ്റഡ് തസ്തികകളിലേക്കുള്ള നിയമനമായിരിക്കും നാഷണല്‍ റിക്രൂട്ട്മെന്റ് ഏജന്‍സി നടത്തുക.ഈ തീരുമാനം പ്രതിവര്‍ഷം ശരാശരി 2.5 കോടി ഉദ്യോഗാര്‍ഥികള്‍ക്കായിരിക്കും ഗുണം ചെയ്യുക. സാധാരണയായി വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് പ്രത്യേക പരീക്ഷകളാണ് നടത്താറുള്ളത്. കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ ബാങ്ക് ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷയെന്ന പുതിയ തീരുമാനം നിലവില്‍ വരുന്നതോടെ വ്യത്യസ്ത പരീക്ഷകള്‍ എഴുതേണ്ടി വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അത് ആശ്വാസം നല്‍കും.
ഒരു മൃതദേഹം കൂടി കണ്ടെത്തി;പെട്ടിമുടി ദുരന്തത്തില്‍ മരണം 62 ആയി
മൂന്നാര്‍:രാജമല പെട്ടിമുടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഒൻപതു വയസ്സുള്ള ആണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 62 ആയി.ഇനി അപകടത്തില്‍ കാണാതായ എട്ടുപേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. ദുരന്തമേഖലയില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.കാണാതായ അവസാനത്തെ ആളെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.ഓഗസ്റ്റ് ഏഴിനാണ് പെട്ടിമുടി സെറ്റില്‍മെന്റില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായത്.
സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം കൂടി
കോഴിക്കോട്:സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം കൂടി. കോഴിക്കോട് മൂന്ന് പേരും ആലപ്പുഴയില്‍ ഒരാളുമാണ് മരിച്ചത്.ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 173 ആയി ഉയര്‍ന്നു.ചൊവ്വാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് കോഴിക്കോട് മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരാള്‍ കോഴിക്കോട് സ്വദേശിയാണ്. മറ്റ് രണ്ട് പേര്‍ മലപ്പുറം സ്വദേശികളാണ്. നല്ലളം അരീക്കാട് സ്വദേശി അഹമ്മദ് ഹംസ(69) ആണ് മരിച്ച കോഴിക്കോട് സ്വദേശി.ഇദ്ദേഹത്തെ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ ആണ് മരിച്ച മറ്റൊരാള്‍. മലപ്പുറം ചെറിയ കുന്ന് സ്വദേശിയായ എത്തീന്‍കുട്ടി ആണ് കൊറോണ മൂലം മരിച്ച മൂന്നാമത്തെയാള്‍.ആലപ്പുഴ കനാല്‍ വാര്‍ഡില്‍ താമസിക്കുന്ന ക്ലീറ്റസ് (82) ആണ് കോവിഡ് മൂലം മരിച്ച നാലാമത്തെയാള്‍. പനിയെ തുടര്‍ന്ന് മൂന്ന് ദിവസം മുൻപാണ് ഇദ്ദേഹത്തെ ആലപ്പുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ക്ലീറ്റസ് മരണമടഞ്ഞത്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ റിപ്പോര്‍ട്ട് ബുധനാഴ്ചയാണ് പുറത്തുവന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ ക്ലീറ്റസിനുണ്ടായിരുന്നുവെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
ജില്ലയിൽ 100 കടന്ന് കോവിഡ് കേസുകൾ;ഇന്നലെ രോഗം സ്ഥിരീകരിച്ചത് 123 പേർക്ക്
കണ്ണൂർ:ജില്ലയിൽ ഒറ്റ ദിവസം 100 കടന്ന് കോവിഡ് കേസുകൾ.ഇന്നലെ മാത്രം 123 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.110 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ.മൂന്നു പേർ വിദേശത്തു നിന്നും ഒൻപതു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.ഒരു ആരോഗ്യ പ്രവർത്തകനും പുതുതായി രോഗം സ്ഥിരീകരിച്ചു.ഇതോടെ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 2231 ആയി.ഇവരിൽ ഇന്നലെ രോഗമുക്തി നേടിയ 58 പേരടക്കം 1592 പേർ ആശുപത്രി വിട്ടു.കൊവിഡ് സ്ഥിരീകരിച്ച 16 പേർ ഉൾപ്പെടെ 22 പേർ മരണപ്പെട്ടു.ബാക്കി 617 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.പരിയാരം ഗവ മെഡിക്കൽ കോളേജ് നഴ്സിംഗ് അസിസ്റ്റന്റാണ് രോഗ ബാധിതനായ ആരോഗ്യ പ്രവർത്തകൻ. ഇന്നലെ രോഗമുക്തി നേടിയ 58 പേരിൽ 18 പേർ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്നും 15 പേർ സ്‌പോർട്സ് ഹോസ്റ്റൽ സി.എഫ്.എൽ.ടി.സി യിൽ നിന്നും 11 പേർ പാലയാട് സി.എഫ്.എൽ.ടി.സി യിൽ നിന്നുമാണ്.സെഡ് പ്ലസ് സി.എഫ്.എൽ.ടി.സി യിൽ ചികിത്സയിലായിരുന്ന 10 ഉം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മൂന്നും മലപ്പുറം സി.എഫ്.എൽ.ടി.സി യിൽ നിന്ന് ഒരാളും ഇന്നലെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ഇതോടെ ജില്ലയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 1592 ആയി.
വയനാട്ടിൽ വന്‍ കുഴല്‍പ്പണ വേട്ട; ഒരു കോടിയോളം രൂപയുമായി രണ്ടുപേര്‍ പിടിയില്‍
വയനാട്:വയനാട്ടിൽ വന്‍ കുഴല്‍പ്പണ വേട്ട.ഒരു കോടിയോളം രൂപയുമായി രണ്ടുപേര്‍ പിടിയിലായി. ജില്ലാ പൊലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്ക്വാഡും സുല്‍ത്താന്‍ ബത്തേരി പോലീസും സംയുക്തമായി ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ വാഹന പരിശോധനയില്‍ കര്‍ണാടകത്തില്‍ നിന്നും ബത്തേരി ഭാഗത്തേക്ക് മതിയായ രേഖകളില്ലാത്ത കൊണ്ട് വന്ന 92,50,000 രൂപയാണ് പിടിച്ചെടുത്തത്. കോഴിക്കോട് കുറ്റ്യാടി പാലക്കണ്ടി വീട്ടില്‍ നവാസ് (54), കുറ്റ്യാടി നടുക്കണ്ടി വീട്ടില്‍ എന്‍ കെ ഹാറൂണ്‍ (47) എന്നിവരെ കസ്റ്റഡിയിലെടുത്തു.
വഴിയോര മീന്‍ കച്ചവടത്തിന് വിലക്ക് ഏർപ്പെടുത്തി;ഇനി കച്ചവടം ചന്തകളില്‍ മാത്രം
കോഴിക്കോട്:സംസ്ഥാനത്ത് വഴിയോര മീന്‍ കച്ചവടത്തിന് വീണ്ടും വിലക്കേര്‍പ്പെടുത്തി. വഴിയോരക്കച്ചവടം നടത്തുന്ന കച്ചവടക്കാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മാര്‍ക്കറ്റുകളിലേക്ക് മാറണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് നിര്‍ദേശം.തദ്ദേശവകുപ്പുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ചന്തകള്‍ തുറക്കാനും തീരുമാനമായി. ഏതെങ്കിലും സ്ഥലത്ത് പുതുതായി വിപണന കേന്ദ്രം വേണമെങ്കില്‍ ഗ്രാമ-ബ്ലോക്ക്-പഞ്ചായത്തുകള്‍ക്ക് സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാം. ഏതെങ്കിലും ചന്തകള്‍ തുറക്കുന്നില്ലെങ്കില്‍ അക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരണം.പ്രാദേശിക മാര്‍ക്കറ്റുകള്‍ അടഞ്ഞു കിടന്നതിനാലാണ് വഴിയോര മത്സ്യവിപണനത്തിന് തുടക്കമായത്. എന്നാല്‍ കോവിഡ് വളരെയധികം വ്യാപിക്കുന്നതിന്റെയും പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നതിനാല്‍ ഇനി മുതല്‍ വഴിയോര മത്സ്യവിപണനം അനുവദിക്കാനാവില്ലെന്നും മന്ത്രി അറിയിച്ചു. പ്രത്യേകിച്ച് മത്സ്യവിപണനത്തിനുള്ള മാര്‍ക്കറ്റ് ആരംഭിച്ചിട്ടുള്ളതിനാല്‍ എല്ലാ വഴിയോര മത്സ്യവിപണനങ്ങളും മാര്‍ക്കറ്റുകളിലേക്ക് മാറേണ്ടതുണ്ട്. മാറിയ സാഹചര്യത്തില്‍ വഴിയോര മത്സ്യവിപണനത്തൊഴിലാളികള്‍ സര്‍ക്കാരുമായി സഹകരിച്ച് മത്സ്യവിപണനം മാര്‍ക്കറ്റുകളിലേക്ക് മാറ്റണമെന്നും മന്ത്രി അറിയിച്ചു.
എടിഎമ്മില്‍ പണമെടുക്കാനെത്തിയ വയോധികനെ അക്രമിച്ചു പണം തട്ടിയെടുത്ത സംഭവം;മൂന്നംഗ സംഘത്തിനായി തെരച്ചില്‍ ശക്തമാക്കി
പയ്യന്നൂര്‍: എടിഎമ്മില്‍ നിന്നും പണമെടുക്കാനെത്തിയ വയോധികനെ മര്‍ദിച്ചു കൊള്ളയടിച്ചു കടന്നു കളഞ്ഞ സംഘത്തിനെ തേടി പൊലീസ് അന്വേഷണം ശക്തമാക്കി.പയ്യന്നൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പയ്യന്നൂര്‍ എല്‍ഐസി ജംഗ്ഷന് സമീപത്തെ എടിഎമ്മില്‍ പണമെടുക്കാനെത്തിയ വയോധികനെ മര്‍ദിച്ചവശനാക്കി പണം കവരുകയും മൊബൈല്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പില്‍ നിന്നും വിരമിച്ച കൊക്കാനിശേരി മഠത്തുംപടിയിലെ കോളിയാട്ട് കമ്മാരന്റെ (76) പരാതിയിലാണ് പയ്യന്നൂര്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. വൈശാഖ് ബാറിന് എതിര്‍വശത്തുള്ള എടിഎമ്മിലെത്തിയതായിരുന്നു വയോധികന്‍. എടിഎമ്മിന് മുന്നിലുണ്ടായിരുന്നവരോട് സംശയം തീര്‍ക്കാനായി എടിഎമ്മില്‍ പണമുണ്ടോ എന്ന് ചോദിച്ചതോടെയാണ് മര്‍ദനം തുടങ്ങിയത്.അടിച്ചും തള്ളിയും താഴെയിട്ട ശേഷവും മര്‍ദനം തുടരുന്നതിനിടയില്‍ വയോധികന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 2,000 രൂപ അക്രമിസംഘം കൈക്കലാക്കി. വയോധികന്റെ കൈയിലുണ്ടായിരുന്ന 18,000 രൂപ വിലവരുന്ന സ്മാര്‍ട്ട്ഫോണ്‍ എറിഞ്ഞ് തകര്‍ത്തതായും പരാതിയിലുണ്ട്. അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ വയോധികനില്‍നിന്ന് മൊഴിയെടുത്ത പോലീസ് എ.ടി.എമ്മിലെ നിരീക്ഷണ ക്യാമറ ദ്യശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
ബക്കറ്റിൽ നിറച്ചുവെച്ച വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
കണ്ണൂർ:ബക്കറ്റിൽ നിറച്ചുവെച്ച വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.ഇരിട്ടി സ്വദേശികളായ ജിതേഷ് ജിന്‍സി ദമ്പതികളുടെ മകന്‍ ഒന്നരവയസ്സുകാരൻ യശ്വിനാണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയായിരുന്നു അപകടം.ബാത്റൂമിന് പുറത്ത് ബക്കറ്റിൽ നിറച്ചുവെച്ച വെള്ളത്തിൽ കുഞ്ഞ് വീഴുകയായിരുന്നു.ഈ സമയം കുഞ്ഞിന്റെ ‘അമ്മ ബാത്റൂമിനുള്ളിലായിരുന്നു.കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ കിടക്കുന്നത് വീട്ടുകാര്‍ കാണുകയായിരുന്നു.ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇരിട്ടി പുന്നാട് താവിലാക്കുറ്റി സ്വദേശികളാണ് ജിജേഷും ജിന്‍സിയും.