ജനീവ:കോവിഡ് രോഗ വ്യാപനം രണ്ട് വര്‍ഷത്തിനുള്ളില്‍ നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യസംവിധാനങ്ങള്‍ ശക്തമാക്കാന്‍ രാജ്യങ്ങള്‍ തയ്യാറാവണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടുണ്ട്.മാസ്ക് ധരിക്കുന്നത് മുതല്‍ ജനക്കൂട്ടത്തെ ഒഴിവാക്കുന്നത് വരെ, ആരോഗ്യ നടപടികള്‍ കര്‍ശനമായി പാലിക്കുന്നതിലൂടെ മാത്രമേ മഹാമാരിയെ മറികടക്കാന്‍ ലോകത്തിന് കഴിയുകയുള്ളൂ എന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറയുന്നു.1918-ല്‍ റിപ്പോര്‍ട്ട് ചെയ്ത സ്പാനിഷ് ഫ്‌ളൂ മറികടക്കാന്‍ രണ്ടുവര്‍ഷമെടുത്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.എന്നാല്‍ അന്നത്തേതില്‍ നിന്ന് വിഭിന്നമായി സാങ്കേതികവിദ്യയുടെ ഇപ്പോഴത്തെ മുന്നേറ്റം ചുരുങ്ങിയ സമയത്തിനുളളില്‍ വൈറസ് വ്യാപനം തടയാന്‍ സഹായിക്കുമെന്നും ടെഡ്രോസ് പറഞ്ഞു.’ഇക്കാലത്ത് ആളുകള്‍ പരസ്പരം ബന്ധപ്പെടാനുളള സാഹചര്യങ്ങള്‍ കൂടുതലായതിനാല്‍ വൈറസ് വ്യാപനത്തിനുളള സാധ്യതയും കൂടുതലാണ്. അതേസമയം, നമുക്കത് തടയാനുളള സാങ്കേതികതകളുണ്ട്, തടയാനുളള അറിവുണ്ട്’, ടെഡ്രോസ് പറഞ്ഞു.സ്പാനിഷ് ഫ്‌ളൂ ബാധിച്ച് 50 ദശലക്ഷം ആളുകളാണ് മരിച്ചത്. 22.7 ദശലക്ഷം ആളുകളെ കൊറോണ വൈറസ് ബാധിച്ചപ്പോള്‍ ഏകദേശം എട്ടുലക്ഷത്തോളം പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ദക്ഷിണാഫ്രിക്കയിലെ പിപിഇ കിറ്റ് അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ‘പിപിഇയുമായി ബന്ധപ്പെട്ട അഴിമതി, എന്നെ സംബന്ധിച്ചിടത്തോളം അത് കൊലപാതകത്തിന് തുല്യമാണ്. കാരണം പിപിഇ കിറ്റ് ധരിക്കാതെ ആരോഗ്യ പ്രവര്‍ത്തകര്‍ ജോലിചെയ്യുന്നത് അവരുടെ ജീവനുതന്നെ വെല്ലുവിളിയുയര്‍ത്തിയേക്കാം. അത് അവര്‍ പരിപാലിക്കുന്ന ആളുകളുടെ ജീവനും ഭീഷണി ഉയര്‍ത്തും, അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
പത്തനംതിട്ട:സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി അലക്സാണ്ടര്‍ (76 ) ആണ് മരിച്ചത്.കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ഇദ്ദേഹം കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു.ഇതോടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ മരണം 9 ആയി.അതേസമയം അതേസമയം കൊവിഡ് മരണ സംഖ്യ 200 കടന്നു. ഒരാഴ്ചക്കിടെ സ്ഥിരീകരിച്ചത് 64 മരണങ്ങളാണ്.203 മരണങ്ങളില്‍ 132 പേരും അറുപതു വയസിനു മുകളിലുള്ളവരാണ്. 7 പേര്‍ 18 – 40 നുമിടയില്‍ പ്രായമുളളവരും 52 പേര്‍ 41 നും 59 നുമിടയിലുള്ളവരുമാണ്. 24.63 % പേര്‍ക്കും രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. 64.53% പേര്‍ക്ക് പ്രാദേശിക സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.
ഇടുക്കി മറയൂരില്‍ യുവതിയെ ബന്ധു വെടിവെച്ചു കൊലപ്പെടുത്തി
ഇടുക്കി:മറയൂരില്‍ യുവതിയെ ബന്ധു വെടിവെച്ചു കൊലപ്പെടുത്തി.പാണപ്പെട്ടിക്കുടിയില്‍ ചന്ദ്രിക (34) ആണ് മരിച്ചത്. സഹോദരിയുടെ മകന്‍ കാളിയപ്പനാണ് വെടിവച്ചത്.സംഭവവുമായി ബന്ധപ്പെട്ട് കാളിയപ്പന്‍, സുഹൃത്ത് മണികണ്ഠന്‍, മാധവന്‍ എന്നിവരെ മറയൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.കാളിയപ്പന്റെ സുഹൃത്ത് മണികണ്ഠന്‍ ചന്ദനകേസിലെ പ്രതിയാണ്. ഇയാളെ ചന്ദന വില്‍പ്പനയുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് വാച്ചറായ ചന്ദ്രികയുടെ സഹോദരന്‍ ഒറ്റികൊടുത്തതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.ഇന്നലെ രാത്രി പത്തുമണിയോടെ മദ്യ ലഹരിയില്‍ മൂന്ന് പേരും ചേര്‍ന്ന് നാടന്‍ തോക്കുമായി കുടിയിലേയ്ക്ക് പോകുകയായിരുന്നു. ഈ സമയം കുടിയുടെ സമീപത്തുള്ള കപ്പ തോട്ടത്തില്‍ കാവല്‍ കിടന്നിരുന്ന ചന്ദ്രിക ഇവരെ തടയുകയുകയായിരുന്നു. തുടര്‍ന്നാണ് ചന്ദ്രികയെ കയ്യില്‍ കരുതിയിരുന്ന തോക്കുപയോഗിച്ച് കൊലപ്പെടുത്തിയത്. മദ്യലഹരിയിലായിരുന്ന ഇവരെ നാട്ടുകാര്‍ തന്നെ തടഞ്ഞുവയ്ക്കുകയും പൊലീസിന് കൈമാറുകയായിരുന്നു.
കോവിഡിനെതിരായ ഓക്‌സ്ഫഡ് വാക്‌സിന്‍ ഇന്ത്യയില്‍ മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചതായി സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍
ന്യൂഡൽഹി:കോവിഡിനെതിരായ ഓക്‌സ്ഫഡ് വാക്‌സിന്‍ ഇന്ത്യയില്‍ മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചതായി സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പുരുഷോത്തമന്‍ സി നമ്പ്യാർ.രണ്ടും മൂന്നും ഘട്ടം പരീക്ഷണങ്ങളാണ് പുനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആരംഭിച്ചിരിക്കുന്നത്. 1500 പേരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുക.മൂന്നാംഘട്ട പരീക്ഷണത്തിന് ശേഷം പ്രതിരോധമരുന്ന് വില്‍ക്കാനുള്ള അനുമതി തേടും.പരീക്ഷണം വിജയിക്കാനായാല്‍ ഡിസംബറില്‍ തന്നെ വാക്‌സിന്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉത്പാദനം തുടങ്ങി വയ്ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ വില്‍ക്കാന്‍ ഇപ്പോള്‍ കഴിയില്ല. എല്ലാ ഘട്ടവും പൂര്‍ത്തിയാക്കി അനുമതി കിട്ടിയ ശേഷമേ വില്‍പന തുടങ്ങാനാകൂ എന്നും സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പറഞ്ഞു.അടുത്ത ജൂണോടെ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനാകുമെന്നും, പ്രാഥമികമായി മരുന്ന് പുനെയിലാകും ഉത്പാദിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.പുനെ, മഹാരാഷ്ട്ര, അഹമ്മദാബാദ് എന്നിവിടങ്ങളിലായാണ് പ്രധാനപരീക്ഷണകേന്ദ്രങ്ങള്‍. ദില്ലി എയിംസ്, സേഥ് ജിഎസ് മെഡിക്കല്‍ കോളേ, മുംബൈ, കെഇഎം ആശുപത്രി, മുംബൈ, ജിപ്‍മെര്‍ ചണ്ഡീഗഢ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മൂന്നാംഘട്ട പരീക്ഷണത്തിന് വിധേയരാവുക. സമ്മതപത്രം എഴുതി വാങ്ങിയാകും പരീക്ഷണത്തിന് വിധേയരാക്കുക. നേരത്തെ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന് 150 മില്യണ്‍ ഡോളറിന്റെ ഫണ്ട് നല്‍കാന്‍ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ തീരുമാനിച്ചിരുന്നു. വാക്‌സിന്‍ വേഗത്തില്‍ ഉത്പാദിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഈ പുതിയ കരാറിന്റെ ഭാഗമായി, ഇന്ത്യക്കും താഴ്ന്നഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കും 10 കോടി വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം സിറം ഇൻസ്റിറ്റ്യൂട്ടിനുണ്ടായിരിക്കും.
തിരുവനന്തപുരം എയര്‍പോര്‍ട്ട് അദാനി ഗ്രൂപ്പിന് കൈമാറിയ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനം ഹൈക്കോടതിയില്‍
തിരുവനന്തപുരം:തിരുവനന്തപുരം എയര്‍പോര്‍ട്ട് സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍.കേന്ദ്രത്തിന്റെ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. കെ.എസ്.ഐ.ഡി.സിയും സ്വകാര്യവ്യക്തികളും നേരത്തെ ഹരജി നല്കിയിരുന്നു. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. അഡ്വ ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. എയര്‍പോര്‍ട്ട് സ്വകാര്യവത്കരണത്തിനെതിരെ സര്‍ക്കാര്‍ നേരത്തെ നല്‍കിയ അപ്പീലില്‍ പുതിയ ഉപഹര്‍ജിയാണ് സമര്‍പ്പിച്ചിരിക്കുന്നത്.അതിനിടെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു.സര്‍വകക്ഷിയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നാണ് കേരളത്തിന്റെ പൊതു അഭിപ്രായമെന്നും തീരുമാനം പുനപരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.എയര്‍പോര്‍ട്ടിന്‍റെ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന് മുഖ്യപങ്കാളിത്തമുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളില്‍ നിക്ഷിപ്തമാക്കണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് എന്ന് മുഖ്യമന്ത്രി സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വായില്‍ കുലുക്കുഴിഞ്ഞ വെള്ളം ഉപയോഗിച്ച് പരിശോധന;കോവിഡ് പരിശോധനക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതിയുമായി ഐ.സി.എം.ആര്‍
ന്യൂഡൽഹി:കോവിഡ് പരിശോധനക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതിയുമായി ഐ.സി.എം.ആര്‍. വായില്‍ നിറച്ച വെള്ളം പരിശോധിച്ചാല്‍ മതിയെന്നാണ് കണ്ടെത്തല്‍. ഇതിനായി ഡല്‍ഹി എയിംസില്‍ നടത്തിയ പരീക്ഷണം വിജയിച്ചു. ഇങ്ങനെ സ്രവം ശേഖരിക്കുന്നതിലൂടെ രോഗവ്യാപന സാധ്യത കുറയുമെന്നാണ് ഐസിഎംആർ പറയുന്നത്. ഗുരുതരമല്ലാത്ത രോഗികൾക്ക് ഈ പരിശോധന നടത്തിയാൽ മതിയാകും.ഡല്‍ഹി എയിംസ് ആശുപത്രിയിലെ 50 കോവിഡ് രോഗികളില്‍ മെയ് മുതല്‍ ജൂണ്‍ വരെ ഐ.സി.എം.ആറിലെ വിദഗ്ധ ഗവേഷകര്‍ ഇതു സംബന്ധിച്ച പഠനം നടത്തിയത്. രോഗനിര്‍ണയം നടത്തി 72 മണിക്കൂറിനുളളില്‍ ഇവരില്‍നിന്ന് രണ്ടു തരത്തിലുളള സാമ്പിളുകളും ശേഖരിച്ചിരുന്നു. സാമ്പിളുകൾ ആര്‍.ടി.-പി.സി.ആര്‍. പരിശോധനയ്ക്കാണ് വിധേയമാക്കിയത്.മൂക്കില്‍നിന്നും തൊണ്ടയില്‍നിന്നും ശേഖരിച്ച സ്രവപരിശോധനയ്ക്ക് സമാനമായി ഗാര്‍ഗിള്‍ സാമ്പിളും പോസ്റ്റീവായിരുന്നു.സ്രവം ശേഖരിക്കുന്നവര്‍ക്ക് രോഗം പകരാനുളള സാധ്യത തുടങ്ങി സാമ്പിളുകൾ ശേഖരിക്കുന്നതിന് ഒരു പാട് പോരായ്മകളുണ്ടായിരുന്നു. എന്നാല്‍ ഇതിനു പകരം വായില്‍ കുലുക്കുഴിഞ്ഞ വെളളം സാമ്പിളായി ശേഖരിക്കുന്നതിലൂടെ ഈ തരത്തിലുള്ള ന്യൂനതകളെല്ലാം മറികടക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒപ്പം വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുന്നതുള്‍പ്പടെ പരിശോധനയുടെ ചെലവ് കുറയ്ക്കാനും സാധിക്കുമെന്നും വേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ നഴ്സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു
തിരുവനന്തപുരം:നാല് വര്‍ഷമായി ശമ്പള വര്‍ധനവ് ഇല്ലാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ നഴ്സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാന വേതനം തങ്ങള്‍ക്കും ലഭ്യമാക്കണമെന്നാണ് ജൂനിയര്‍ നഴ്സുമാരുടെ ആവശ്യം. ഏഴ് മെഡിക്കല്‍ കോളജുകളില്‍ കോവിഡ് ഡ്യൂട്ടിയിലുള്ളവര്‍ അടക്കം 375 നഴ്‌സുമാരാണ് സമരം ചെയ്യുന്നത്.അതേസമയം, വേതനം പുതുക്കുന്നതില്‍ ഫയല്‍ ധനവകുപ്പിന്‍റെ പരിഗണനയിലാണെന്നും മുന്‍കൂര്‍ നോട്ടിസ് പോലും നല്‍കാതെയാണ് സമരമെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.നഴ്‌സിംഗ് കോഴ്‌സിലെ ബോണ്ടിന്‍റെ ഭാഗമായുള്ള നിര്‍ബന്ധിത സേവനമാണെന്നിരിക്കെ സമരം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
തെലങ്കാനയിലെ വൈദ്യുത നിലയത്തില്‍ തീപിടിത്തം;ഒൻപതുപേർ കുടുങ്ങിക്കിടക്കുന്നു
ഹൈദരാബാദ്: തെലങ്കാനയിലെ ജലവൈദ്യുത നിലയത്തില്‍ വന്‍ തീപ്പിടിത്തം. പ്ലാന്റിനുള്ളിലെ പവര്‍ഹൗസിലാണു തീപ്പിടിത്തമുണ്ടായത്.ഒൻപതുപേര്‍ അകത്ത് കുടുങ്ങിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ആന്ധ്രാപ്രദേശ്- തെലങ്കാന അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ശ്രീശൈലം ഹൈഡ്രോ ഇലക്‌ട്രിക് പ്ലാന്റില്‍ രാത്രിയിലാണു തീപ്പിടിത്തമുണ്ടായത്.പത്തുപേരെ ഉടന്‍തന്നെ രക്ഷപ്പെടുത്തി.കനത്ത പുക ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.ആറ് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങള്‍ എത്തിയെങ്കിലും സ്‌റ്റേഷനുള്ളിലേക്ക് കടക്കാന്‍ ആദ്യഘട്ടത്തില്‍ കഴിഞ്ഞിരുന്നില്ല.അകത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ ദുരന്തനിവാരണ സേനാംഗങ്ങള്‍ ശ്രമം തുടരുകയാണ്.കര്‍ണൂലില്‍നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ സഹായത്തിനുണ്ട്.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഭൂഗര്‍ഭ ജലവൈദ്യുത നിലയത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.യൂണിറ്റ് നാലിലുണ്ടായ പൊട്ടിത്തെറിയാണ് അപകടമുണ്ടാക്കിയത്.പാനല്‍ ബോര്‍ഡുകള്‍ക്കും തീപിടിച്ചു.
സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ തട്ടിപ്പെന്ന് വിജിലന്‍സ് കണ്ടെത്തല്‍
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ തട്ടിപ്പെന്ന് വിജിലന്‍സ് കണ്ടെത്തല്‍.ഓപ്പറേഷന്‍ ക്ലീന്‍ കിറ്റ് എന്ന വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് കണ്ടെത്തല്‍.മിക്ക കിറ്റുകളിലും 400 മുതല്‍ 490 രൂപ വരെയുള്ള വസ്തുക്കള്‍ മാത്രമാണ് ഉള്ളതെന്നും ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച പറ്റിയെന്നും വിജിലന്‍സ് കണ്ടെത്തി.സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തില്‍ ക്രമക്കേട് നടക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപക പരിശോധനക്ക് വിജലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്.സപ്ലൈകോ സര്‍ക്കാരിലേക്ക് നല്‍കിയ കണക്കിലും പായ്ക്കിങ് ചാര്‍ജ് ഉള്‍പ്പടെ ഒരു കിറ്റിന് ചെലവ് അഞ്ഞൂറ് രൂപ. ഇതേ പതിനൊന്ന് സാധനങ്ങള്‍ സപ്ലൈകോ ഔട്ട്ലറ്റില്‍ നേരിട്ട് പോയി വാങ്ങിയാല്‍ ആകെ ചെലവാകുന്നത് 357രൂപ. ഇരുപത് രൂപയുടെ തുണിസഞ്ചിയും അഞ്ചുരൂപ കിറ്റിന്റെ പായ്ക്കിങ് ചാര്‍ജും കൂടി കൂട്ടിയാല്‍പോലും ആകെ 382 രൂപയേ ആകു. കിറ്റില്‍ നല്‍കുന്ന പതിനൊന്ന് ഇനങ്ങള്‍ പൊതുവിപണിയില്‍ പോയി വാങ്ങിയാലും ഇത്രയും തുക ആകില്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നു. അതേസമയം, അഞ്ഞൂറ് രൂപയെന്നത് ഏകദേശ കണക്കാണെന്നാണ് സപ്ലൈകോയുടെ വിശദീകരണം.എന്നാല്‍ മുന്തിയ ബ്രാന്‍ഡുകള്‍ നോക്കി വാങ്ങിയാല്‍ പോലും അഞ്ഞൂറ് രൂപ വരുന്നില്ല എന്നാണു കണ്ടെത്തല്‍. ഉല്‍പന്നങ്ങളുടെ തൂക്കക്കുറവ് സംബന്ധിച്ച് വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്‍റെ ചുവട് പിടിച്ചായിരുന്നു വിജിലന്‍സിന്‍റെ അന്വേഷണം.
സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി നല്‍കിയ അരി സൂപ്പര്‍മാര്‍ക്കറ്റില്‍ മറിച്ചുവിറ്റ സംഭവം;അന്വേഷണത്തിന് ഉത്തരവിട്ടു
വയനാട്:മാനന്തവാടിയിൽ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി നല്‍കിയ അരി സൂപ്പര്‍മാര്‍ക്കറ്റില്‍ മറിച്ചുവിറ്റ സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.വയനാട് മാനന്തവാടി കല്ലോടി സെന്റ് ജോസഫ് യു.പി. സ്‌കൂളിന് നല്‍കിയ 386 കിലോഗ്രാം അരിയാണ് നാലാം മൈലിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വിറ്റത്.സിവില്‍ സപ്ലൈസ് വിഭാഗം നടത്തിയ പരിശോധനയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് അരി കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വയനാട് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് ഭക്ഷ്യ കമ്മിഷന്‍ അംഗം വിജയലക്ഷ്മി നിര്‍ദ്ദേശം നല്‍കി. ഉച്ചഭക്ഷണത്തിനു നല്‍കിയ അരി കാണാതായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി.മോഹന്‍കുമാര്‍ അറിയിച്ചു.അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ പ്രധാന അധ്യാപകനെയും ഉച്ചക്കഞ്ഞി വിതരണ ചുമതലയുളള അധ്യാപകനെയും സസ്പെന്‍ഡ് ചെയ്യാന്‍ വയനാട് ഡി.ഡി.ഇ ആവശ്യപ്പെട്ടു.എ . ഇ. ഒ. യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രധാന അധ്യാപകന്‍ സാബു പി. ജോണ്‍, അധ്യാപകനായ അനീഷ് ജേക്കബ് എന്നിവര്‍ക്കെതിരെ നടപടി എടുക്കാന്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.മിച്ചം വരുന്ന അരി സമൂഹ അടുക്കളക്ക് നല്‍കാവുന്നതാണെന്ന് നേരത്തെ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നും നടപടി എടുക്കണമെന്നും കാണിച്ച് എ.ഇ.ഒ , ഉപവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, ഓണ്‍ലൈന്‍ പഠനത്തിന് ടിവിയും മൊബൈല്‍ ഫോണുകളും വാങ്ങിയ ഇനത്തില്‍ കൊടുക്കാനുണ്ടായിരുന്ന പണത്തിന് വേണ്ടി വിദ്യാത്ഥികളില്‍ നിന്ന് സമാഹരിച്ച അരിയാണ് വില്‍പ്പന നടത്തിയതെന്നാണ് സ്കൂള്‍ അധികൃതരുടെ വാദം.