സെക്രട്ടേറിയേറ്റിലെ തീപിടിത്തം;അന്വേഷണ സംഘം ഇന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും

keralanews fire in secretariate investigation team to inspect cctv footage today

തിരുവനന്തപുരം:സെക്രട്ടേറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടുത്തം അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം ഇന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. അട്ടിമറി നടന്നിട്ടുണ്ടോ എന്നറിയാനാണ് ഇത്. തീപിടിത്തം നടന്ന പ്രോട്ടോകോൾ ഓഫീസിനകത്ത് സിസിടിവിയില്ല. ഇതിന്റെ പരിസരത്തുള്ള സിസിടിവികളിലെ ദൃശ്യങ്ങളാണ് പ്രത്യേക പോലീസ് സംഘം പരിശോധിക്കുന്നത്.അതേസമയം തീപിടിത്തം സംബന്ധിച്ച് അഗ്നിശമന സേന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.തീപിടിത്തത്തിന് കാരണം ഫാൻ ചൂടായി ഉരുകിയതാണെന്നാണ് അഗ്നിശമന സേനയുടെ റിപ്പോർട്ട്. തുടർന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായെന്നും വിലയിരുത്തലുണ്ട്. ഇതേ അനുമാനം തന്നെയാണ് അന്വേഷണ സംഘത്തിനും. അതേസമയം ദുരന്ത നിവാരണ അതോറിറ്റി കമ്മിഷണർ എ.കൗശികന്റെ നേതൃത്വത്തിൽ പൊളിറ്റിക്കൽ ഡിപ്പാർട്ട്മെന്റിലെ ഫയലുകളുടെ കണക്കെടുപ്പ് തുടരുകയാണ്. മുഴുവൻ ഫയലുകളും പരിശോധിച്ച് സ്കാൻ ചെയ്ത് സൂക്ഷിക്കും. ഏതൊക്കെ ഫയലുകളാണ് കത്തിയതെന്ന് കണക്കെടുത്ത ശേഷം അഞ്ച് ദിവസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.

തലശ്ശേരി- മാഹി ബൈപ്പാസിനായി നിർമിക്കുന്ന പുതിയ പാലത്തിന്റെ ബീമുകൾ തകർന്നു വീണു

keralanews the beams of the new bridge being constructed for the thalassery mahe bypass collapsed

കണ്ണൂർ:തലശ്ശേരി- മാഹി ബൈപ്പാസിനായി നിർമിക്കുന്ന പുതിയ പാലത്തിന്റെ ബീമുകൾ തകർന്നു വീണു നാല് ബീമുകളാണ് തകർന്നത്. നിട്ടൂരിനടുത്ത് ബാലത്തിൽ നിർമ്മിക്കുന്ന പാലത്തിന്റെ ബീമുകളാണ് ഇന്നലെ ഉച്ചക്ക് മൂന്നുമണിയോടെ തകർന്നത്. പാലത്തില്‍ തൊഴിലാളികളുണ്ടാസംഭവത്തിൽ യിരുന്നെങ്കിലും ആര്‍ക്കും അപകടത്തില്‍ പരിക്കില്ല. പെരുമ്പാവൂർ ആസ്ഥാനമായ ഇ.കെ.കെ കൺസ്ട്രക്ഷനാണ് പാലത്തിന്‍റെ നിർമ്മാണ ചുമതലയുള്ളത്. നിര്‍മാണത്തിന്‍റെ ഭാഗമായി നാല് പാലങ്ങളാണ് ഇ.കെ.കെ കൺസ്ട്രക്ഷന്‍ ഇവിടെ നിര്‍മിക്കുന്നത്. അതില്‍ ഒരു പാലമാണ് ഇന്ന് തകര്‍ന്നത്. മുപ്പത് മാസത്തേക്കാണ് ഇവര്‍ക്ക് നിര്‍മാണത്തിനുള്ള കാലാവധിയുള്ളത്. 853 കോടിയാണ് പാലം നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. പാലവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ 2020 മാര്‍ച്ചില്‍ അവസാനിക്കേണ്ടതായിരുന്നു.നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു.ബീമുകൾ തകർന്ന സംഭവത്തിൽ അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയപാതാ അതോറിറ്റിക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകി.

സ്വര്‍ണക്കടത്ത് കേസ്;അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അനില്‍ നമ്പ്യാരെ കസ്റ്റംസ് വിട്ടയച്ചു;വീണ്ടും വിളിപ്പിച്ചേക്കും

keralanews gold smuggling case anil nambiar released by customs after five hours of interrogation

കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ജനം ടിവിയുടെ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അഞ്ചര മണിക്കൂറാണ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത്. ഇന്ന് രാവിലെ പത്തരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.മൊഴി വിലയിരുത്തിയ ശേഷം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നാണ് കസ്റ്റംസ് അധികൃതര്‍ നല്‍കുന്ന സൂചന.കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായുള്ള ഇദ്ദേഹത്തിന്റെ ബന്ധം വ്യക്തമായതിനെ തുടര്‍ന്ന് കസ്റ്റംസ് കഴിഞ്ഞ ദിവസം ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നു.തുടര്‍ന്നാണ് ഇന്ന് കൊച്ചിയിലെ ഓഫീസില്‍ മൊഴി നല്‍കാന്‍ ഹാജരായത്. ജൂലൈ അഞ്ചിനാണ്‌ തിരുവനന്തപുരത്ത് നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ കസ്‌റ്റംസ്‌ പിടികൂടുന്നത്‌. അതേ ദിവസം ഉച്ചയ്‌ക്ക് സ്വപ്നാ സുരേഷും അനിൽ നമ്പ്യാരും ഫോണിൽ ബന്ധപ്പെട്ടതിന് തെളിവുണ്ട്‌.സ്വപ്നയും അനിൽ നമ്പ്യാരും പല തവണ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രനോടും ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും എത്തിയിട്ടില്ല.നയതന്ത്ര ബാഗേജുവഴിയുള്ള സ്വര്‍ണം കടത്തിയത് പിടികൂടിയ ദിവസം അനില്‍ നമ്പ്യാർ സ്വപ്നയെ ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സ്വപ്ന ഇയാള്‍ക്കെതിരെ മൊഴി നല്‍കിയത്. സ്വപ്നയുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇന്ന് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.

സ്വകാര്യ ബസുകള്‍ക്ക് രണ്ടിലധികം ജില്ലകളിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍

keralanews transport minister ak sasindran has said that private buses will be allowed to service more than two districts

തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് രണ്ടിലധികം ജില്ലകളിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍.കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് അനുമതി നല്‍കുന്ന മുറക്ക് സ്വകാര്യ ബസുകള്‍ക്കും അനുമതി നല്‍കാനാണ് തീരുമാനം. സ്വകാര്യ ബസുകളുടേയും സ്കൂള്‍ ബസുകളുടേയും മൂന്ന് മാസത്തെ നികുതി ഒഴിവാക്കിയെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ കെ.എസ്.ആര്‍.ടി.സി, ദീര്‍ഘദൂര ബസ് യാത്ര പുനരാരംഭിക്കാനൊരുങ്ങിയിരുന്നെങ്കിലും ആരോഗ്യവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. അതേസമയം സ്വകാര്യ ബസുകള്‍ക്ക് ഇനി ഇളവുകള്‍ ഉണ്ടാകില്ലെന്നും ഓടിയില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. നികുതി ഒഴിവാക്കിയതിലൂടെ 90 കോടി നഷ്ടമാണ് സര്‍ക്കാരിനുണ്ടാകുക. കോവിഡ്- 19 നിയന്ത്രണങ്ങളെ തുടര്‍ന്ന് വലിയ പ്രതിസന്ധിയിലൂടെയാണ് സ്വകാര്യ ബസ് മേഖല മുന്നോട്ടുപോകുന്നത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ബസ് ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചിരുന്നു.

നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെയ്ക്കില്ലെന്ന് കേന്ദ്രം

keralanews centre said will not postpone neet jee exams

ന്യൂഡൽഹി:നീറ്റ്, ജെഇഇ പരീക്ഷ മാറ്റിവെയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. സെപ്തംബറിൽ പരീക്ഷ നടന്നില്ലെങ്കിൽ വിദ്യാർഥികളുടെ ഒരു വർഷം നഷ്ടമാകുമെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. തുടർന്നുള്ള ബാച്ചുകളെയും പരീക്ഷ മാറ്റിവെയ്ക്കൽ ബാധിക്കും.കണ്ടെയ്ൻമെന്‍റ് സോണിലുള്ള വിദ്യാർഥികൾക്ക് അഡ്മിറ്റ് കാർഡ് യാത്രാ പാസായി ഉപയോഗിക്കാമെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കോണ്‍ഗ്രസ് നാളെ 11 മണിക്ക് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധിക്കും. കോവിഡ് നിർദേശങ്ങൾ പാലിച്ചാകും പ്രതിഷേധം. ഓൺലൈൻ ക്യാമ്പെയിനും സംഘടിപ്പിക്കും. സ്പീക്ക് അപ്പ് ഫോർ സ്‌റ്റുഡന്റ് സേഫ്റ്റി എന്ന പേരിലാണ് ക്യാമ്പെയിൻ സംഘടിപ്പിക്കുക. കോവിഡ് വ്യാപനം, ഗതാഗത പ്രശ്നങ്ങൾ, പല സംസ്ഥാനങ്ങളിലും തുടരുന്ന വെള്ളപ്പൊക്കം എന്നിവ വിദ്യാർഥികൾക്ക് പരീക്ഷക്ക് എത്താൻ തടസ്സമാണെന്നും സർക്കാർ വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കണം എന്നുമാണ് കോൺഗ്രസിന്‍റെ ആവശ്യം.

സംസ്ഥാനത്തുടനീളം ഇലക്ട്രിക് വാഹന വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുമായി കെ.എസ്.ഇ.ബി.എൽ

keralanews ksebl plans to set up electric vehicle charging stations across state

തിരുവനന്തപുരം:സംസ്ഥാനത്തുടനീളം ഇലക്ട്രിക് വാഹനങ്ങള്‍‍‍ക്കുവേണ്ട ചാര്‍‍‍ജ്ജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നോഡൽ ഏജന്‍‍‍സിയായി കേരള സർക്കാർ, കെ.എസ്.ഇ.ബി.എൽ – നെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതു‍‍പ്രകാരം എല്ലാ ജില്ലകളിലുമായി 250-ഓളം സ്റ്റേഷനുകൾ ഉള്‍‍പ്പെടുന്ന ഒരു ചാര്‍‍‍ജ്ജിംഗ് ശൃംഖല സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി.എൽ ലക്ഷ്യമിടുന്നു. കേന്ദ്ര-സംസ്ഥാന സര്‍‍‍ക്കാരുകളുടെ മാര്‍‍‍ഗ്ഗ രേഖകള്‍‍‍ക്കനുസൃതമായി സർക്കാർ ധനസഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കെ.എസ്.ഇ.ബി.എൽ ന്റെ സ്വന്തം സ്ഥലത്തും, സര്‍‍‍ക്കാരിന്റേയോ, അര്‍‍‍ദ്ധസർക്കാർ സ്ഥാപനങ്ങളുടേയോ, സ്വകാര്യ ഏജന്‍‍‍സികളുടേയോ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഇത്തരം ചാര്‍‍‍ജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതാണ്.ഇതിന്റെ ആദ്യഘട്ടമായി 6 ജില്ലകളിൽ കെ.എസ്.ഇ.ബി.എൽ ന്റെ സ്വന്തം സ്ഥലത്ത് ഇത്തരം സ്റ്റേഷനുകൾ സ്ഥാപിക്കുന്ന ജോലി നടന്നു വരുന്നു.ഇതിൽ ആദ്യത്തേത് തിരുവനന്തപുരം-നേമം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിസരത്ത് പൂര്‍‍‍ത്തിയായി. 80 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ഈ സ്റ്റേഷനിൽ ഒരേ സമയം 3 കാറുകൾ ചാര്‍‍‍ജ്ജ് ചെയ്യാവുന്ന സംവിധാനമുണ്ട്. കൊല്ലം, എറണാകുളം,തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തിൽ ഇത്തരം സ്റ്റേഷനുകൾ പൂര്‍‍ത്തീകരിക്കാനുള്ള പ്രവൃത്തികൾ  പൂരോഗമിക്കുന്നത്. തുടര്‍‍ന്ന് 56 സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള ദര്‍‍‍ഘാസുകളും ക്ഷണിച്ചിട്ടുണ്ട്.

സ്വർണ്ണക്കടത്ത് കേസ്;ജനം ടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

keralanews gold smuggling case customs will question janam tv executive editor anil nambiar

തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വര്‍ണ കണ്ടെടുത്ത ദിവസം സ്വപ്നയും അനില്‍ നമ്പ്യാരുമായി രണ്ടുതവണ ഫോണില്‍ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്വപ്‌നയുടെ മൊഴി സംബന്ധിച്ച്‌ വ്യക്തത വരുത്താനാണ് കസ്റ്റംസ് ചോദ്യംചെയ്യുന്നത്.അന്നേ ദിവസമാണ് സ്വപ്ന ഒളിവില്‍ പോയത്. സംഭാഷണത്തിലെ വിവരങ്ങള്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴിയായി നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ കസ്റ്റംസ് അനില്‍ നമ്പ്യാരിൽ നിന്നും ചോദിച്ചറിയും. മൊഴികളില്‍ പൊരുത്തക്കേടുണ്ടോ എന്നറിയുകയാണ് പ്രധാന ഉദ്ദേശം.അനില്‍ നമ്പ്യാരെ കൂടാതെ സ്വപ്ന സുരേഷുമായി ഫോണില്‍ ബന്ധപ്പെട്ട മറ്റു ചിലരേയും വരും ദിവസങ്ങളില്‍ കസ്റ്റംസ് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തും എന്നാണ് സൂചന. ഫോണില്‍ ബന്ധപ്പെട്ടവരില്‍ ചിലയാളുകള്‍ ഒളിവില്‍ പോകാന്‍ സ്വപ്ന സുരേഷിന് സഹായം ചെയ്തു നല്‍കിയെന്നാണ് കസ്റ്റംസിന്റെ നിഗമനം.അതേസമയം യുഎഇ വിസിറ്റിംഗ് വിസയ്ക്കു വേണ്ടി തികച്ചും ഔദ്യോഗികമായാണ് സ്വപ്നയെ പരിചയപ്പെടുന്നതെന്ന് അനില്‍ നമ്പ്യാർ പറഞ്ഞു. സ്വര്‍ണക്കടത്ത് സംഭവുമായി ബന്ധപ്പെട്ട് ഒരു മാധ്യമ പ്രവര്‍ത്തകന്റെ ജോലിയുടെ ഭാഗമായാണ് താന്‍ സ്വപ്‌നയെ വിളിച്ചിരുന്നതെന്നും അനില്‍ നമ്പ്യാർ പറഞ്ഞു.യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഒരു സംഭവം നടന്നപ്പോള്‍ കോണ്‍സുലേറ്റില്‍ തനിക്ക് പരിചയമുള്ള ഒരാളെന്ന നിലയിലാണ് സ്വപ്നയെ വിളിക്കുന്നതെന്നും എന്നാല്‍ സ്വപ്ന കോണ്‍സുലേറ്റിലെ ജോലി വിട്ടുപോയ കാര്യം അറിയില്ലായിരുന്നുവെന്നും അനില്‍ നമ്പ്യാർ പറഞ്ഞു.

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത് 100 ലേറെ കോവിഡ് പോസിറ്റീവ് ഗർഭിണികൾ

keralanews more than 100 kovid positive pregnant women sought treatment at kannur govt medical college hospital

കണ്ണൂർ(പരിയാരം):കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ഗർഭിണികളായ കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം 100 കടന്നു.107 പേരാണ് ഇതുവരെ ചികിത്സ തേടിയത്.39 പേർ  ഇതിനോടകം പ്രസവിച്ചു.ഇതിൽ 9 പേരുടെത് സങ്കീർണ്ണ ശസ്ത്രക്രിയ വഴിയായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്.68 പേർ നിലവിൽ പ്രസവസംബന്ധമായ ചികിത്സ തുടരുകയാണ്.ഇതിൽത്തന്നെ ഇപ്പോൾ ആശുപത്രിയിലുള്ള 21 പേർ കോവിഡ്  രോഗമുക്തിക്കായുള്ള ചികിത്സയിൽക്കൂടിയാണുള്ളത്.നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് പോസിറ്റീവായ ഗർഭിണികൾ ഒഴികെ എല്ലാവരും കോവിഡ് രോഗമുക്തി നേടിയവരാണ്.ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ.എസ് അജിത്തിന്റെയും പീഡിയാട്രിക് വിഭാഗം മേധാവി ഡോ.എം.ടി.പി മുഹമ്മദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ നടത്തുന്നത്.

കേരളത്തിലാദ്യമായി കോവിഡ് പോസിറ്റീവായ യുവതി പ്രസവിച്ചത് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലായിരുന്നു.ഇക്കാര്യം മുഖ്യമന്ത്രി തന്നെ അന്ന് മലയാളികളെ അറിയിച്ചതുമാണ്. ഗർഭിണി ഉൾപ്പെടെ കുടുംബത്തോടെ കോവിഡ് ചികിത്സയ്ക്ക് ആശുപത്രിയിൽ  പ്രവേശിക്കപ്പെടുകയും യുവതിയുടെ പ്രസവം കഴിഞ്ഞ് യുവതിക്കും നവജാത ശിശുവിനുമൊപ്പം കുടുംബാംഗങ്ങളെല്ലാം കോവിഡ് രോഗമുക്തിയും നേടി ഒരുമിച്ച് ഇരട്ടി സന്തോഷത്തോടെ ആശുപത്രിവിട്ട് അവരവരുടെ വീടുകളിലേക്ക് പോയ നാല് പ്രത്യേക സന്ദർഭങ്ങളും പരിയാരത്ത് കോവിഡ് ചികിത്സയിലുണ്ടായി.സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് ഗർഭിണികൾ ചികിത്സ തേടിയത് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലാണെന്നാണ് ലഭിക്കുന്ന വിവരം.

കോവിഡ് അതിവ്യാപന ഘട്ടമായതിനാൽ മുഴുവനാളുകളും കടുത്ത ജാഗ്രത പുലർത്തേണ്ടതുണ്ട്. പരിയാരത്ത് കോവിഡ് രോഗികൾ കുറഞ്ഞുവരികയാണെങ്കിലും പൊതുവിൽ ഓരോ ദിവസവും രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനയാണ് ഉണ്ടാകുന്നത്.രോഗമുക്തി നേടുന്നവരുടെ എണ്ണം  വർദ്ധിക്കുന്നുണ്ടെങ്കിലും സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം കൂടുന്നത് ജീവന്റെ വിലയുള്ള ജാഗ്രത അനിവാര്യമാക്കുന്നുണ്ട് എന്നത്  ഓരോരുത്തരെയും ഓർമ്മപ്പെടുത്തുന്നു.സർക്കാരും ആരോഗ്യ പ്രവർത്തകരും പോലീസും  സന്നദ്ധപ്രവർത്തകരും മാത്രം വിചാരിച്ചാൽ കോവിഡ് വ്യാപനം പൂർണ്ണമായും തടയാൻ കഴിയില്ല.കോവിഡ് 19 അതിവ്യാപന ഘട്ടമായതിനാൽ അസുഖം  വരാതിരിക്കാനും വ്യാപനം ഓരോരുത്തരും പൂർണതോതിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.മാസ്ക് ഉൾപ്പെടെ പൂർണ്ണമായും ധരിക്കുകയും സാമൂഹിക അകലം പാലിച്ചും ബ്രേക്ക് ദി ചെയിനിന്റെ ഭാഗമായുള്ള സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അസുഖവ്യാപനം തടയണമെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പാളും മെഡിക്കൽ സൂപ്രണ്ടും അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങൾ കൂടി;മരിച്ചത് കണ്ണൂർ,മലപ്പുറം സ്വദേശികൾ

keralanews malappuram and kannur natives died of covid today

കണ്ണൂർ:സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങൾ കൂടി. മലപ്പുറം ജില്ലയില്‍ രണ്ടും കണ്ണൂർ ജില്ലയിൽ ഒരു കോവിഡ് മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം ചെമ്മാട് സ്വദേശി അബൂബക്കർ ഹാജിയും(80) കോട്ടക്കൽ സ്വദേശി ഇയ്യത്തുട്ടിയും(65) മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിൽസയിലിരിക്കെയാണ് മരിച്ചത്.കണ്ണൂരാണ് ഒരു കോവിഡ് മരണം ഉണ്ടായത്. കൂത്തുപറമ്പ് കൂവ്വപ്പാടി സ്വദേശി കെ.അനന്തനാണ് മരിച്ചത്. 64 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. അനന്തന്‍റെ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ലഭിക്കാനുണ്ടന്ന് പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.കഴിഞ്ഞ ദിവസം യുവാക്കള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കണ്ണൂരില്‍ കോവിഡ് ബാധിച്ചുമരിച്ചിരുന്നു. അനന്തന്റെ മരണത്തോടെ അതു 29യായി ഉയര്‍ന്നിട്ടുണ്ട്.

സെക്രെട്ടറിയേറ്റിലെ അഗ്നിബാധ; തീപിടിത്തമുണ്ടായത് ഫാനിൽ നിന്നാണെന്ന് പി ഡബ്യൂ ഡി അന്വേഷണ റിപ്പോര്‍ട്ട്

keralanews fire broke out from fan in secretariate says investigation report

തിരുവനന്തപുരം: സെക്രെട്ടറിയേറ്റിൽ  തീപിടിത്തമുണ്ടായത് ഫാനിൽ നിന്നാണെന്ന് പി ഡബ്യൂ ഡി അന്വേഷണ റിപ്പോര്‍ട്ട്.ഫാൻ ഉരുകി ഫയലിലേക്കും കർട്ടനിലേക്കും വീണാണ് തീ പടർന്നത്, ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതായി മന്ത്രി ജി.സുധാകരൻ പറഞ്ഞു. പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം ചീഫ് എഞ്ചിനിയറുടെ നേതൃത്വത്തിൽ വിശദ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്താന്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനിയറെ ഇന്നലെത്തന്നെ നിയോഗിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് മന്ത്രി ജി സുധാകരന് ഇന്ന് രാവിലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം സെക്രട്ടറിയേറ്റിന്‍റെ സുരക്ഷയില്‍ ആശങ്കയെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. തീപിടിത്തത്തിലെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രിസഭ തീരുമാനിച്ചു. ഇന്നലെയുണ്ടായ പ്രശ്നങ്ങളില്‍ ചീഫ്സെക്രട്ടറി ജാഗ്രതയോടെ ഇടപെട്ടെന്നും മന്ത്രിസഭായോഗം വിലയിരുത്തി.