ആലുവ:നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്.മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ചെങ്കിലും കുഞ്ഞിന് ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കടുങ്ങല്ലൂര്‍ സ്വദേശികളായി രാജ-നന്ദിനി ദമ്പതികളുടെ മൂന്ന് വയസുള്ള മകന്‍ പൃഥ്വിരാജാണ് മരിച്ചത്.അബദ്ധത്തില്‍ നാണയം വിഴുങ്ങി അത്യാസന്ന നിലയിലായ കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധചികിത്സ നല്‍കിയില്ലെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. അവശനായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്നും വിഴുങ്ങിയ നാണയം തനിയെ പൊയ്‌ക്കൊള്ളും എന്നുമാണ് ആശുപത്രി അധികൃതര്‍ അയച്ചതെന്നും അമ്മ നന്ദിനി പറയുന്നു. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു സംഭവം. കുട്ടി നാണയം വിഴുങ്ങി എന്ന് അറിഞ്ഞ വീട്ടുകാര്‍ അപ്പോള്‍ തന്നെ ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ ശിശു ചികിത്സാ വിദഗ്ധന്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടി പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇവിടെയും വിദഗ്ധചികിത്സ ലഭ്യമായിരുന്ന വീട്ടുകാര്‍ പറയുന്നു. ഇവിടെയും ശിശുരോഗ വിദഗ്ധന്‍ ഇല്ലാതിരുന്നതിനാല്‍ പിന്നീട് കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.പഴവും വെള്ളവും കൊടുത്താൽ മതി നാണയം വയറിളകി പുറത്തുവരുമെന്നായിരുന്നു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പറഞ്ഞതെന്നും കുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചു.സംഭവത്തിൽ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ അന്വേഷണത്തിന് ഉത്തരവിട്ടു.ആലുവ മെഡിക്കൽ കോളജിലെ ഡോക്ടർക്ക് എതിരെ ഉൾപ്പെടെ രൂക്ഷമായ ആരോപണങ്ങൾ കുട്ടിയുടെ ബന്ധുക്കൾ ഉന്നയിച്ച സാഹചര്യത്തിലാണു നടപടി.ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടിക്ക് ചികിത്സ നിഷേധിച്ചോ, ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് പിഴവുണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക.
കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് 19 പോസറ്റീവായ യുവതിക്ക് ഇരട്ട കുട്ടികൾ പിറന്നു
കണ്ണൂർ : കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ കോവിഡ് 19 പോസിറ്റീവായ കണ്ണൂർ സ്വദേശിനിയായ 32 കാരി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന സിസേറിയനിലൂടെ ഉച്ചയ്ക്ക് 12.29, 12.30 മണിയോടെയാണ് 2 ആൺകുട്ടികൾക്ക് ജന്മം നൽകിയത്. ഇതാദ്യമായാണ് കോവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ഐ.വി.എഫ് ചികിത്സ വഴി ഗർഭം ധരിച്ച കോവിഡ് പോസിറ്റീവായ ഒരു യുവതി രണ്ട് കുട്ടികൾക്ക് ജന്മം നൽകിയതും ഇന്ത്യയിൽ ഇതാദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുന്ന അൻപതാമത്തെ കോവിഡ് പോസിറ്റീവ് ഗർഭിണിയാണ് ഇന്ന് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ഒൻപതാമത്തെ സിസേറിയൻ വഴിയുള്ള പ്രസവമാണിത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ എസ് അജിത്ത്, അസോസിയേറ്റ് പ്രൊഫസർ ഡോ. മാലിനി എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണ് പൂർണ്ണ കോവിഡ് സുരക്ഷാ സംവിധാനങ്ങളോടെ സർജ്ജറി നടത്തിയത്. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും കോവിഡ് രോഗത്തെ തുടർന്നുള്ള പ്രതിസന്ധികളും ഇരട്ടക്കുട്ടികളാണെന്നതും സർജ്ജറി സങ്കീർണ്ണമാക്കിയിരുന്നെന്ന് ഡോക്ടർമ്മാർ അറിയിച്ചു. അമ്മയുടേയും 2 കുട്ടികളുടേയും ആരോഗ്യനില നിലവിൽ ആശങ്കാജനകമല്ല.
സംസ്ഥാനത്താദ്യമായി ഒരു കോവിഡ് പോസിറ്റീവ് രോഗി പ്രസവിച്ചതും കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു.ഇക്കാര്യം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ മുമ്പ് പ്രഖ്യാപിക്കപ്പെട്ടതാണ്. ഇത്, കോവിഡ് പോസിറ്റീവായ രോഗികളിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ഒമ്പതാമത്തെ സിസേറിയൻ ശസ്ത്രക്രിയയാണ്.
സംസ്ഥാനത്ത് കോവിഡ് പോസിറ്റീവായ കൂടുതൽ ഗർഭിണികൾ ചികിത്സ തേടിയതും പരിയാരത്താണ്. മാത്രമല്ല, കോവിഡ് പോസിറ്റീവായ ഗർഭിണിയായ യുവതി ഉൾപ്പടെ കുടുംബാംഗങ്ങളാകെ ചികിത്സ തേടി, പ്രസവിച്ച യുവതിയും കുഞ്ഞും ഉൾപ്പടെ കുടുംബാംഗങ്ങളാകെ കോവിഡ് രോഗമുക്തി നേടിയതും, ഇത്തരത്തിൽ രോഗമുക്തി നേടി നാല് കുടുംബങ്ങൾ ആശുപത്രി വിട്ടതും പരിയാരത്ത് നിന്നുള്ള മുൻകാഴ്ചകളായിരുന്നു. നിലവിൽ സർജ്ജറി കഴിഞ്ഞ കണ്ണൂർ സ്വദേശിനി ഉൾപ്പടെ 8 പേർ ചികിത്സയിലുണ്ടെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ കെ സുദീപും പ്രിൻസിപ്പാൾ ഡോ കെ എം കുര്യാക്കോസും അറിയിച്ചു. കോവിഡ് അതിവ്യാപനത്തിന്റെ പ്രതിസന്ധി ഘട്ടത്തിലും വിജയകരമായി ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ, നേഴ്സുമാർ ഉൾപ്പടെയുള്ള സംഘത്തെ മെഡിക്കൽ സൂപ്രണ്ടും പ്രിൻസിപ്പാളും അഭിനന്ദിച്ചു. 24 ന് നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റിൽ പോസിറ്റീവായതിനെത്തുടർന്ന് പ്രത്യേക കോവിഡ് ഐസൊലേഷൻ വാർഡിൽ ചികിത്സ തുടരുന്ന യുവതിയുടെ ഒടുവിൽ നടത്തിയ ആന്റിജെൻ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ ഫലം നെഗറ്റീവായിട്ടുണ്ട്.
ആളുകള്‍ നോക്കിനിന്നു;തിരുവല്ലയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
തിരുവല്ല:തിരുവല്ല വളഞ്ഞവട്ടത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തലവടി സ്വദേശി ജിബു ആണ് മരിച്ചത്. അപകടസ്ഥലത്ത് നിന്നും യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ സമീപത്ത് ഉണ്ടായിരുന്നവര്‍ ശ്രമിച്ചില്ലെന്ന് ആരോപണമുണ്ട്.ഇന്ന് പത്തരയോടെയാണ് അപകടം. നിരണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ ബിംബിയുടെ കാറുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്.ആരെങ്കിലും യുവാക്കളെ ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കാമോ എന്ന് ഡോക്ടര്‍ ചോദിച്ചിട്ടും ആരും സഹായിക്കാന്‍ തയ്യറായില്ല.അപകടസ്ഥലത്ത് കൂടിയവരോട് യുവാക്കളെ രക്ഷിക്കാമോ എന്ന് ഡോ.ബിംബി ചോദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.പരിക്കേറ്റ യുവാക്കള്‍ 20 മിനിട്ടോളം റോഡില്‍ കിടന്നു.തുടർന്ന് അതുവഴി വന്ന കാറിൽ പരുമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിബു മരിച്ചു. ബൈക്കിലുണ്ടായിരുന്ന ഇയാളുടെ സുഹൃത്ത് തലവടി സ്വദേശി ജെഫിനെ പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വിശാഖപട്ടണത്ത് കപ്പൽശാലയിൽ ക്രെയിന്‍ തകര്‍ന്ന് വീണ് 11 പേര്‍ മരിച്ചു
ഹൈദരാബാദ്: വിശാഖപട്ടണം കപ്പല്‍ശാലയില്‍ കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നുവീണ് 11 പേര്‍ മരിച്ചു.ഹിന്ദുസ്ഥാന്‍ ഷിപ്യാഡ് ലിമിറ്റഡിലാണ് അപകടമുണ്ടായത്. ജോലിക്കാര്‍ ക്രെയിന്‍ പരിശോധിക്കുന്നതിനിടെയാണ് അപകടം.പുറത്തെടുത്ത മൃതദേഹങ്ങള്‍ ഛിന്നഭിന്നമായ അവസ്ഥയില്‍ ആണ്.കപ്പല്‍ നിര്‍മ്മാണ സാമഗ്രികള്‍ നീക്കുന്നതിനുള്ള കൂറ്റന്‍ ക്രെയിന്‍ ജോലിക്കാര്‍ക്കു മുകളിലേക്കു മറിഞ്ഞുവീഴുകയായിരുന്നു.ഇരുപതു ജോലിക്കാര്‍ ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നെന്നാണ് വിവരം. ചിലര്‍ ഓടി മാറി. ക്രെയിനിന് അടിയില്‍പെട്ടവരാണ് അപകടത്തിനിരയായത്. നിരവധി പേര്‍ക്കു പരുക്കുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ എച്ച്‌എസ്‌എല്‍ ജീവനക്കാരാണെന്നും ബാക്കിയുള്ളവര്‍ കരാര്‍ ഏജന്‍സിയില്‍ നിന്നുള്ളവരാണെന്നും ജില്ലാ കളക്ടര്‍ വിനയ് ചന്ദ് പറഞ്ഞു.ഉടന്‍ പൊലീസും രക്ഷാസേനയും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ജഗന്മോഹന്‍ റെഡ്ഡി ഉത്തരവിട്ടു.10 വര്‍ഷം മുമ്പ് എച്ച്.എസ്.എല്ലില്‍ നിന്ന് വാങ്ങിയ ക്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഒരു സ്വകാര്യ ഏജന്‍സിയാണ് ക്രെയിന്‍ പ്രവര്‍ത്തനം ഏറ്റെടുത്തിരുന്നത്.
സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി.ഒന്‍പതിനായിരം ബസുകളാണ് ഇനി നിരത്തിലിറങ്ങുന്നില്ലെന്ന് കാട്ടി സര്‍ക്കാരിന് ജിഫോം നല്‍കിയിരിക്കുന്നത്. ബസ്സുടമകളുടെ സംയുക്ത സമിതിയുടെ തീരുമാനത്തെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്.വളരെ കുറച്ച് ബസുകള്‍ മാത്രം സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ഇതേ പ്രതിസന്ധി തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ അതും നിലയ്ക്കും.കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞതാണ് വലിയ തിരിച്ചടി.ഒപ്പം സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വന്നിട്ടും സ്വകാര്യ ബസുകള്‍ക്ക് സാമ്പത്തിക നഷ്ടവും തുടരുകയാണ്. അടിക്കടിയുള്ള ഇന്ധനവില വര്‍ധനവും ഉടമകളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളി വിടുന്നത്. ഈ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് സ്വകാര്യബസ് സര്‍വീസ് നിര്‍ത്തിവെച്ചത്. കൊവിഡ് പ്രതിസന്ധി അവസാനിക്കുവരെ ഇന്ധനത്തിന് സബ്‌സിഡി അനുവദിക്കുക, തൊഴിലാളികളുടെ ക്ഷേമനിധി സര്‍ക്കാര്‍ അടക്കുക,ഡിസംബർ വരെയുള്ള റോഡ് നികുതി ഒഴിവാക്കുക, തുടങ്ങിയ ആവശ്യങ്ങളെല്ലാം ബസുടമകള്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്.
അൺലോക്ക് മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം; വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കും,മെട്രോ ട്രെയിന്‍ സര്‍വീസുകളില്ല
ന്യൂഡൽഹി:രാജ്യത്ത് അൺലോക്ക് മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം.ഇന്ന് മുതല്‍ രാത്രി കര്‍ഫ്യു ഉണ്ടാകില്ല. ഈ മാസം അഞ്ചാം തീയതി മുതല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയെങ്കിലും നഗരങ്ങളില്‍ ലോക്‌ഡൗണ്‍ നീട്ടാന്‍ പല സംസ്ഥാനങ്ങളും തീരുമാനിച്ചിട്ടുണ്ട്.ഓഗസ്റ്റ് 5 മുതല്‍ ജിംനേഷ്യം, യോഗ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് തുറക്കാം. കടകള്‍, ഭക്ഷണശാലകള്‍ എന്നിവ രാത്രിയും തുറന്നിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മെട്രോ, സ്റ്റേഡിയങ്ങള്‍, തിയേറ്റര്‍, ബാര്‍, ഓഡിറ്റോറിയം, നീന്തല്‍ക്കുളം, പാര്‍ക്ക്, സമ്മേളന ഹാള്‍ തുടങ്ങിയവ അടഞ്ഞുതന്നെ കിടക്കും.അന്താരാഷ്ട്ര വിമാന സര്‍വീസ് വന്ദേ ഭാരത് ദൗത്യം വഴി മാത്രമാണ്.ദൗത്യത്തിന്റെ നാലാം ഘട്ടം ഇന്നാരംഭിക്കും. 22 രാജ്യങ്ങളില്‍ നിന്നായി 835 വിമാനങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. യുഎഇയില്‍ നിന്നാണ് കൂടുതല്‍ സര്‍വീസുകളും.കേരളത്തിലേക്ക് 219 വിമാനങ്ങള്‍ വരുന്നുണ്ട്. നിയന്ത്രിത മേഖലകളില്‍ കര്‍ശന നിയന്ത്രണം തുടരും. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ അനുവദിക്കും.
കണ്ണൂര്‍ വാരത്ത് ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു
കണ്ണൂര്‍:വാരത്ത് ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു.എളയാവൂര്‍ സ്വദേശി മിഥുനാ(29)ണ് കുത്തേറ്റത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.വാരം ടാക്കീസിന് സമീപത്തെ സ്റ്റാന്‍ഡില്‍ ഓട്ടോഡ്രൈവറായ മിഥുനെ മറ്റൊരു യുവാവ് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മിഥുനെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിലും നെഞ്ചിലുമാണ് മാരകമായി വെട്ടേറ്റത്. യുവാവിന്റെ നില ഗുരുതരമാണെന്നാണ് വിവരം. അതേസമയം അക്രമം നടത്തിയതാരാണെന്ന് വ്യക്തമല്ല.
കണ്ണൂർ അഴീക്കോട് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
കണ്ണൂർ:കണ്ണൂർ അഴീക്കോട് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.പള്ളിക്കുന്ന് ഇടച്ചേരി സ്വദേശി റിസ്വാന്‍ ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന മഞ്ചപ്പാലം സ്വദേശി നിജിലിനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവർ സഞ്ചരിച്ച ബൈക്ക് കല്ലടത്തോടിന് സമീപം നിയന്ത്രണം വിട്ട് ആൽമരത്തിൽ ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് അപകടം നടന്നത്.
സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി;മരിച്ചത് കോട്ടയം,എറണാകുളം സ്വദേശികൾ
കോട്ടയം:സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അജിതൻ(55),എറണാകുളത്തെ മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസി എന്നിവരാണ് മരിച്ചത്.അജിതന്‍ രോഗബാധിതനായത് സമ്പർക്കത്തിലൂടെയാണ്. ചെറുതോണി ടൗണില്‍ ടൈലറിംഗ് ഷോപ്പ് നടത്തി വരുന്ന ഇദ്ദേഹത്തിന്‍റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായുള്ള സമ്പർക്കത്തെ തുടര്‍ന്നാണ് അജിതനും രോഗബാധ ഉണ്ടായത്.ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ള അജിതനെ യാത്രകള്‍ അടക്കം ഒഴിവാക്കുന്നതിനായാണ് സ്പെഷ്യല്‍ ബ്രാഞ്ചിലേക്ക് മാറ്റിയത്. നിലവില്‍ ഇടുക്കിയില്‍ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് ജോലി ചെയ്തു വരുന്നതിനിടെയാണ് കോവിഡ് ബാധിക്കുന്നത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന ഇദ്ദേഹത്തെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ബുധനാഴ്ച കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ചികിത്സയില്‍ തുടരവെ കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിക്കുന്നത്.