തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് രണ്ടു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കാസര്‍കോടും, തിരുവനന്തപുരത്തുമാണ് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് ചാലിങ്കല്‍ സ്വദേശി പി. ഷംസുദ്ദീനാണ്(53) മരിച്ചത്.പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഗുരുതര വൃക്കരോഗവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫാണ്(70) മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. അതേസമയം സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി. കണ്ടയ്ന്‍മെന്‍റ് സോണുകള്‍ മാര്‍ക്ക് ചെയ്യാനുള്ള അധികാരം ഇനി മുതല്‍ പൊലീസിനായിരിക്കും.നിലവില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നത് വാര്‍ഡോ ഡിവിഷനോ അടിസ്ഥാനപ്പെടുത്തിയാണ്. ഇതില്‍ മാറ്റം വരുകയാണ്. പോസിറ്റീവ് ആയ ആളുടെ പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകള്‍ കണ്ടെത്തിയാല്‍ അവര്‍ താമസിക്കുന്ന സ്ഥലവും കണ്ടയ്ന്‍മെന്‍റ് സോണാക്കും. ഈ മേഖലകളില്‍ നിയന്ത്രങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരം നല്‍കി.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി;മരിച്ചത് കണ്ണൂർ ഇരിക്കൂർ സ്വദേശിനി
കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇരിക്കൂര്‍ മാങ്ങോട് സ്വദേശി യശോധ(59) ആണ് മരിച്ചത്. യശോധ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ടാഴ്ച മുൻപാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.ഇന്ന് രാവിലെയാണ് യശോധ മരിച്ചത്.ആന്‍റിജന്‍ പരിശോധന നടത്തിയപ്പോള്‍ ആണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മൂലം ഇന്ന് സംസഥാനത്ത് മരിക്കുന്ന നാലാമത്തെ ആളാണ് യശോധ.
സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായി ;ഇനിയെങ്കിലും ഇതിനെ തടയാന്‍ ഒരേ മനസോടെ എല്ലാവരും നീങ്ങണമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അലംഭാവവും വിട്ടുവീഴ്ചയുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ നിര്‍വഹിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.നല്ല മാതൃകയുടെ ഭാഗമായി മഹാമാരിയെ നേരിടുമ്പോൾ രാജ്യവും ലോകവും പലഘട്ടങ്ങളിലും കേരളത്തിന്റെ പേര് എടുത്തു പറഞ്ഞിരുന്നു. ഇതിന് കാരണം സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമായിരുന്നുവെന്നതുകൊണ്ടാണ്. മഹാമാരിയെ നേരിടുന്നതിന് എല്ലാവരുടെയും ഭാഗത്തുനിന്ന് വലിയതോതിലുള്ള പിന്തുണ ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ നമ്മുടെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായി. അത് രോഗം പടരുന്നതിന് ഇടയാക്കി. മഹാമാരിയെ നിയന്ത്രിച്ച് നിര്‍ത്തുന്നതിന് ഏറ്റവും പ്രധാനം ക്വാറന്റീനില്‍ കഴിയേണ്ടവര്‍ കൃത്യമായി കഴിയണമെന്നുള്ളതാണ്. ശാരീരിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ഒരു വിട്ടുവീഴ്ചയും ഇതിലുണ്ടാകരുത്. കുറച്ച് വിട്ടുവീഴ്ചയും അലംഭാവവും പലസ്ഥലങ്ങളിലുമുണ്ടായി. ഇതില്‍ മാറ്റം വരുത്തണം. കര്‍ക്കശ നിലപാട് സ്വീകരിക്കേണ്ടിയിരിക്കുന്നു. ഈ മഹാമാരിയെ പിടിച്ചുകെട്ടിയേ പറ്റു. രോഗം പകരാതിരിക്കാനുള്ള മുന്‍കരുതല്‍ പ്രധാനമാണ്. ഈ മുന്‍കരുതല്‍ മുൻപ് നല്ലരീതിയില്‍ സ്വീകരിച്ചിരുന്നു. പല കാരണങ്ങള്‍കൊണ്ട് ഇതൊന്നും സാരമില്ലെന്ന സന്ദേശം ഉണ്ടാകുന്നതിന് ഇടയാക്കി. അതാണ് ഇന്നത്തെ അവസ്ഥയ്ക്ക് ഇടയാക്കിയതെന്ന് നാം കുറ്റബോധത്തോടെ ഓര്‍ക്കണമെന്നും മുഖ്യന്ത്രി പറഞ്ഞു.ഇനിയെങ്കിലും ഇതിനെ തടയാന്‍ ഒരേ മനസോടെ നീങ്ങാന്‍ എല്ലാവരുടെയും സഹകരണവും പിന്തുണയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ആലുവയില്‍ മരിച്ച കുട്ടി വിഴുങ്ങിയത് രണ്ട് നാണയങ്ങളെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; മരണകാരണം നാണയം വിഴുങ്ങിയതല്ലെന്ന് പ്രാഥമിക നിഗമനം
കൊച്ചി: ആലുവയില്‍ നാണയം വിഴുങ്ങി മരിച്ച മൂന്ന് വയസുകാരന്‍ രണ്ട് നാണയങ്ങള്‍ വിഴുങ്ങിയിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് പറയാനാകില്ല. കുഞ്ഞിന്‍റെ ആന്തരിക അവയവങ്ങൾ രാസപരിശോധനക്കായി അയച്ചു. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോസ്ററ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. വന്‍ കുടലിന്‍റെ ഭാഗത്തായിരുന്നു നാണയം ഉണ്ടായിരുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ മൂന്ന് വയസുകാരന്‍ പൃഥ്വിരാജാണ് ഇന്നലെ മരിച്ചത്.ഒരു രൂപ നാണയം വിഴുങ്ങി 18 മണിക്കൂറിനകമായിരുന്നു മരണം.നാണയം വിഴുങ്ങിയതിന് പിന്നാലെ ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ കുട്ടിയെ എത്തിച്ചിരുന്നു. ശനിയാഴ്ച രാവിലെ 10.30നാണ് കടുങ്ങല്ലൂരിലെ വീട്ടില്‍വച്ച് കുട്ടി ഒരുരൂപ നാണയം വിഴുങ്ങിയത്. തുടര്‍ന്ന് 11ന് ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ എക്‌സ്‌റേ എടുത്തശേഷം ആശുപത്രി അധികൃതര്‍ വീട്ടിലേക്കു പറഞ്ഞുവിട്ടു. നാണയം കുടലില്‍ എത്തിയതായും പഴമടങ്ങിയ ഭക്ഷണം നല്‍കിയാല്‍ വയറ്റില്‍നിന്ന് നാണയം പൊയ്ക്കൊള്ളുമെന്നുമാണ് അത്യാഹിതവിഭാഗത്തിലെ ഡോക്ടര്‍ പറഞ്ഞത്. ഓപ്പറേഷനുള്ള സാധ്യത തേടിയ ബന്ധുക്കളോട് ആശുപത്രിയില്‍ കുട്ടികളുടെ സര്‍ജന്‍ ഇല്ലെന്നും ഡോക്ടര്‍ പറഞ്ഞു.തുടര്‍ന്ന് കുട്ടിയുടെ അമ്മ നന്ദിനിയും അവരുടെ അമ്മ യശോദയും ചേര്‍ന്ന് കുട്ടിയെ ഓട്ടോറിക്ഷയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെയും കുട്ടിയുടെ എക്സ്റേ എടുത്തശേഷം നാണയം കുടലിനു താഴേക്ക് എത്തിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചതോടെ ആശുപത്രിയുടെ ആംബുലന്‍സില്‍ വൈകിട്ട് നാലോടെ അവിടെ എത്തിച്ചു.കണ്ടെയ്ന്‍മെന്‍റ് സോണില്‍നിന്നു വന്നതിനാല്‍ അഡ്മിറ്റ് ചെയ്യാനാകില്ലെന്നും ഓപ്പറേഷന്‍ ചെയ്യേണ്ടതില്ലെന്നുമാണ് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ അറിയിച്ചത്. നാണയം സ്വയം പോയില്ലെങ്കില്‍ രണ്ടു ദിവസം കഴിഞ്ഞു കുട്ടിയെ കൊണ്ടുവരാനും നിര്‍ദേശിച്ചു. രാത്രി ഒമ്ബതോടെ കുട്ടിയുമായി ഓട്ടോറിക്ഷയില്‍ കടുങ്ങല്ലൂരിലെ വീട്ടിലേക്ക് തിരിച്ച ഇവര്‍ ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് വീട്ടില്‍ എത്തിയത്.അഞ്ചരയോടെ കുഞ്ഞ് ഉണരാതെ വന്നപ്പോള്‍ വീണ്ടും ഇവര്‍ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അവിടെ കൊണ്ടുവന്നപ്പോഴും കുട്ടിക്ക് ജീവന്‍ ഉണ്ടായിരുന്നതായും, ആറേകാലോടെ മരിച്ചെന്നും ബന്ധുക്കള്‍ പറയുന്നു. ഒരു ദിവസം മുഴുവന്‍ അലഞ്ഞിട്ടും ശരിയായ ചികിത്സ ലഭിക്കാത്തതു മൂലമാണ് കുട്ടി മരണപ്പെട്ടതെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രി പരിസരത്ത് പ്രതിഷേധിച്ചു.മന്ത്രി കെകെ ശൈലജയുടെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സംഭവം അന്വേഷിക്കുന്നുണ്ട്.
വാട്സ്ആപ് അക്കൗണ്ട് ഉപയോഗിക്കുന്നവർ ടു-സ്റ്റെപ് വെരിഫിക്കേഷന്‍ ഉപയോഗിക്കണമെന്ന് കേരള പൊലീസിെന്‍റ സൈബര്‍ ഡോം മുന്നറിയിപ്പ്
തിരുവനന്തപുരം: ഹാക്കര്‍മാരില്‍ നിന്ന് സ്വന്തം വാട്സ്ആപ് അക്കൗണ്ട് സംരക്ഷിച്ച് നിര്‍ത്താന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്ന് കേരള പൊലീസിെന്‍റ സൈബര്‍ ഡോം മുന്നറിയിപ്പ് നല്‍കി. ഇതിനായി വാട്സ്ആപ് ഉപയോക്താക്കള്‍ ടു-സ്റ്റെപ് വെരിഫിക്കേഷന്‍ ഉപയോഗിക്കണമെന്ന് പൊലീസ് നിര്‍ദേശിക്കുന്നു. ഉപയോക്താവിെന്‍റ നമ്പർ ഉപയോഗിച്ച് മറ്റാരെങ്കിലും വാട്സ്ആപ് തുറക്കാന്‍ ശ്രമിക്കുന്നത് തടയുന്നതിനായാണ് ഈ അധിക സുരക്ഷാസംവിധാനം. അടുത്തകാലത്തായി വ്യാപകമായി സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍െപട്ടതിനെ തുടര്‍ന്നാണ് പൊലീസിെന്‍റ നിര്‍ദേശം.ടു സ്റ്റെപ് വെരിഫിക്കേഷന്‍ വഴി വാട്സ്ആപ് സുരക്ഷിതമാക്കാന്‍ വളരെ എളുപ്പമാണ്.ഇതിനായി ഫോണില്‍ വാട്സ്ആപ് തുറക്കുക, സെറ്റിങ്സില്‍ പോയി ‘അക്കൗണ്ട്’ എന്ന മെനു തുറക്കുക. അവിെട ടു സ്റ്റെപ് വെരിഫിക്കേഷന്‍ എന്നത് ‘ഇനേബ്ള്‍’ ചെയ്യുക. ശേഷം ആറ് അക്ക രഹസ്യ കോഡ് നല്‍കുക.ശേഷം അടുത്ത ഘട്ടത്തിലേക്ക് കടന്ന് അവിടെയും നേരത്തേ നല്‍കിയ ആറ് അക്ക രഹസ്യ കോഡ് വീണ്ടും നല്‍കുക. തുടര്‍ന്ന് നിങ്ങളുടെ ഇ-മെയില്‍ വിലാസം കൂടി നല്‍കിയാല്‍ ടു സ്റ്റെപ് വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ണമാവും.പ്രസ്തുത നമ്പറിൽ എപ്പോഴെങ്കിലും വാട്സ്ആപ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോൾ നിങ്ങള്‍ നല്‍കിയ രഹസ്യ കോഡ് ആവശ്യപ്പെടും. ഇങ്ങനെ വാട്ആപ് സുരക്ഷിതമാക്കാം.
കോവിഡ്; കണ്ണൂരിലെ പരിയാരം,പിലാത്തറ ടൗണുകൾ അടച്ചിടും
കണ്ണൂർ:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരിലെ പരിയാരം, പിലാത്തറ ടൗണുകൾ അടച്ചിടാന്‍ തീരുമാനം. നാളെ മുതല്‍ ഒരാഴ്ചത്തേക്കാണ് അടച്ചിടല്‍. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മാത്രമാകും അനുമതിയുണ്ടാകുക.പരിയാരം മെഡിക്കല്‍ കോളജില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാതലത്തില്‍ മെഡിക്കല്‍ കോളജും ഇതിന്റെ ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളും ചേര്‍ത്ത് ക്ലസ്റ്റര്‍ രൂപീകരിച്ചിരുന്നു. ഈ ക്ലസ്റ്ററുകളില്‍ ശക്തമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്.ഇതിന് പിന്നാലെയാണ് ദേശീയപാതയിലെ പരിയാരം മെഡിക്കൽ കോളേജ് ടൗൺ മുതൽ വിളയാങ്കോട്, പിലാത്തറ, പീരക്കാംതടംവരെയുള്ള വ്യാപാരകേന്ദ്രങ്ങൾ ഒരാഴ്ച പൂർണമായും അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.ദീർഘനാൾ അടച്ചിടുന്ന പശ്ചാത്തലത്തിൽ ജനങ്ങൾക്ക് അത്യാവശ്യ സാധനങ്ങൾ കരുതുന്നതിനായി തിങ്കളാഴ്ച വ്യാപാരസ്ഥാപനങ്ങൾ രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാം.
കോവിഡും വിഷപ്പാമ്പിന്റെ കടിയും അതിജീവിച്ച് 11 ദിവസത്തെ ചികിത്സയ്ക്കുശേഷം ഒന്നരവയസ്സുകാരി ജീവിതത്തിന്റെ വർണ്ണങ്ങളിലേക്ക് തിരികെയെത്തി
കണ്ണൂര്‍: കോവിഡും വിഷപ്പാമ്പിന്റെ കടിയും അതിജീവിച്ച് 11 ദിവസത്തെ ചികിത്സയ്ക്കുശേഷം ഒന്നരവയസ്സുകാരി തിരികെ വീട്ടിലെത്തി. പാമ്പുകടിയേറ്റ കൈവിരല്‍ സാധാരണനിലയിലാവുകയും കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആവുകയും ചെയ്തതോടെ ഇന്നലെയാണ് കുഞ്ഞ് ആശുപത്രി വിട്ടത്.പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ.ജൂലായ് 21-ന് അര്‍ധരാത്രിയിലാണ് പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ബിഹാറില്‍ അധ്യാപകരായ ദമ്പതിമാരും മക്കളും പാണത്തൂരിലുള്ള വീട്ടില്‍ ക്വാറന്റീനിലായിരുന്നു. അതിനിടയ്ക്കാണ് ജനാല തുറക്കവേ കുഞ്ഞിന് പാമ്പുകടിയേറ്റത്.ക്വാറന്റൈനിലായതിനാൽ മാതാപിതാക്കൾക്ക് പുറത്തിറങ്ങാനും വയ്യ.എന്നാൽ പാമ്പുകടിയേറ്റ കുഞ്ഞിന് അടിയന്തിര ചികിത്സയും വേണം.നിസ്സഹായതയുടെ ആ വലിയ നിമിഷത്തിൽ നിലവിളിച്ചെങ്കിലും ആരും അടുത്തില്ല.അതിനിടയിലാണ് പൊതുപ്രവർത്തകനായ ജിനിൽ മാത്യു വിവരമറിഞ്ഞെത്തി കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിലേക്കോടിയത്.ആദ്യം കാസർകോഡ് ജില്ലയിലെ ആശുപത്രിയിലും പിന്നീട് വിദഗ്‌ദ്ധ ചികിത്സക്കായി കണ്ണൂർ പരിയാരത്തെ ഗവ.മെഡിക്കൽ കോളേജിലും കോവിഡ് കാലത്തെ വലിയ മാതൃക തീർത്ത് സ്വന്തം ജീവൻ പോലും നോക്കാതെ ആ മനുഷ്യസ്നേഹി കുഞ്ഞുമായി കുതിച്ചത്.ചികിത്സയ്ക്കിടെ നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.ചികിത്സയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്തതോടെ ഐ.സി.യു.വില്‍നിന്ന് വാര്‍ഡിലേക്ക് മാറ്റി.പാമ്പു കടിയേറ്റ കൈവിരല്‍ സാധാരണനിലയിലേക്ക് വരികയും കോവിഡ് രോഗമുക്തി നേടുകയും ചെയ്തതോടെയാണ് ഞായറാഴ്ച കുഞ്ഞ് ആസ്പത്രി വിട്ടത്.
ജൂലൈ 21 അർധരാത്രിയാണ് ഗുരുതരാവസ്ഥയിൽ കുഞ്ഞിനെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്.ആശുപത്രിയിലെത്തുമ്പോൾ വലത്തേ കൈയ്യുടെ മോതിരവിരലിൽ പാമ്പു കടിച്ച ഭാഗം രക്തയോട്ടം കുറഞ്ഞ് കറുത്തനിറത്തിലായിരുന്നു.ഉടൻതന്നെ നടത്തിയ രക്തപരിശോധനയിൽ ശരീരത്തിനുള്ളിൽ അപകടകരമാം വിധത്തിൽ പാമ്പിൻ വിഷം കലർന്നിട്ടുണ്ടെന്ന് മനസ്സിലായതിനാൽ ഐസിയു വില പ്രവേശിപ്പിക്കുകയും ആന്റി സ്‌നേക് വെനം നൽകി അടിയന്തിര ചികിത്സ ആരംഭിക്കുകയും ചെയ്തു.തുടർന്ന് നടത്തിയ സ്രവപരിശോധനയിൽ കുട്ടിക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെ അതിനുള്ള ചികിത്സയും തുടങ്ങി.ആരോഗ്യനില വീണ്ടെടുത്തതോടെ കുട്ടിയെ വാർഡിലേക്ക് മാറ്റി.ഇപ്പോൾ വിഷമേറ്റ കൈവിരൽ സാധാരണ നിലയിലേക്ക് എത്തുകയും കോവിഡ് രോഗമുക്തി നേടുകയും ചെയ്തു.10 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് കോവിഡ് ബാധിച്ചാല്‍ മാറ്റിയെടുക്കുക പ്രയാസകരമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പറയുന്നത്. നേരത്തെ ഒരുവയസ്സും 10 മാസവും പ്രായമുള്ള കുട്ടിയും രണ്ടുവയസ്സുള്ള മറ്റൊരു കുട്ടിയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്‌പത്രിയില്‍നിന്ന് കോവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.ശിശുരോഗവിഭാഗം മേധാവി ഡോ. എം.ടി.പി. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് കുഞ്ഞിനെ ചികിത്സിച്ചത്.കുഞ്ഞ് ക്വാറന്റീനിലായിരുന്നത് നോക്കാതെ പരമാവധി വേഗത്തില്‍ ആസ്പത്രിയിലെത്തിച്ച ജിനില്‍ മാത്യുവിന്റെ സാഹസികത അവളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായകമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെ.എം. കുര്യാക്കോസിന്റെയും മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. സുദീപിന്റെയും നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.
കെഎസ്‌ഇബിയുടെ ഓൺലൈൻ പേയ്‌മെന്റ് സൈറ്റ് ഹാക്ക് ചെയ്തു; 3 ലക്ഷം ഉപഭോക്താക്കളുടെ ഡാറ്റ ചോർന്നു
തിരുവനന്തപുരം:കെഎസ്ഇബിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് മൂന്നുലക്ഷം പേരുടെ വിവരങ്ങൾ ചോർത്തിയതായി കെ-ഹാക്കേഴ്‌സ് എന്ന ഹാക്കർമാരുടെ സംഘം. വെബ്സൈറ്റിന്റെ സുരക്ഷിതത്വമില്ലായ്മ ചൂണ്ടിക്കാട്ടാനാണ് ഹാക്കിങ്ങെന്ന് കെ-ഹാക്കേഴ്‌സ് ഫേസ്ബുക് പേജിലൂടെ അവകാശപ്പെട്ടു.അഞ്ചുകോടി രൂപ വിലവരുന്ന വിവരങ്ങളാണ് ചോർത്തിയതെന്നും മൂന്നു മാസത്തിനുള്ളിൽ സോഫ്റ്റ്‌വെയർ ആർകിടെക്ച്ചർ പുനർരൂപകല്പന ചെയ്തില്ലെങ്കിൽ വിവര നഷ്ട്ടമുണ്ടാകുമെന്നും ഹാക്കേഴ്‌സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഒരു സൗജന്യ ആപ്പ്ളിക്കേഷനും ഹാക്കർമാർ ഇതിനോടൊപ്പം അറ്റാച്ച് ചെയ്തിട്ടുണ്ട്.അത് ഉപയോഗിച്ചുകൊള്ളാനാണ് നിർദേശം.ഉപഭോക്താവിന്റെ എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ നിന്നും ലഭ്യമാകുന്നുവെന്നാണ് കെ-ഹാക്കേഴ്‌സ് അവകാശപ്പെടുന്നത്.ചോർത്തിയ വിവരങ്ങൾ വീഡിയോ രൂപത്തിൽ ഫേസ്ബുക് പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അതോടൊപ്പം 1249 പേരുടെ വിവരങ്ങളും നൽകിയിട്ടുണ്ട്.മൂന്നുമണിക്കൂർ കൊണ്ടാണ് ഇത്രയും വിവരങ്ങൾ ചോർത്തിയതെന്നും സംഘം അവകാശപ്പെട്ടു.
അതേസമയം വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും കെഎസ്ഇബി ചെയ്യുന്ന ഒരു സൗകര്യം ദുരുപയോഗം ചെയ്യുകമാത്രമാണ് ഉണ്ടായതെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കി. ഉപഭോക്താവിന്റെ പേര്,വിലാസം,വൈദ്യുതി ഉപഭോഗം,ബിൽ തുക,കണക്ട് ലോഡ് തുടങ്ങിയ വിവരങ്ങൾ കൺസ്യൂമർ നമ്പർ നൽകി കയറുന്ന ആൾക്ക് ലഭിക്കും. നിക്ഷേപത്തിന് അയ്യായിരം രൂപയിൽ അധികം പലിശയുള്ള ഉപഭോക്താക്കളുടെ പാൻ നമ്പറും ഇതോടൊപ്പം ഉണ്ടാകും. ബിൽതുകയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള താരതമ്യങ്ങൾ, വൈദ്യുതി ഉപഭോഗം സംബന്ധിച്ച വിവരങ്ങൾ തുടങ്ങി വിവിധമേഖലയിൽ ഈ ഡാറ്റകൾ ഉപയോഗിക്കാൻ സാധിക്കും.സെക്ഷൻ ഓഫീസിന്റെ പേരും കൺസ്യുമർ നമ്പറും നൽകിയാൽ ഉപഭോക്താവിന്റെ മുൻകാല ബില്ലുകൾ കാണാൻ സൗകര്യമുണ്ട്.ഈ സൗകര്യം ദുരുപയോഗം ചെയ്യുകമാത്രമാണ് ഉണ്ടായതെന്ന് വൈദ്യുതി ബോർഡ് ചെയർമാൻ എസ്.എൻ പിള്ള പറഞ്ഞു.ഓൺലൈനായി ബില്ലടയ്ക്കാനുള്ള സൗകര്യം നിർത്തിവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഉപഭോക്താക്കൾക്ക് മുൻകാല ബില്ലുകൾ നോക്കാനുള്ള സൗകര്യം തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് മഴ കനക്കുന്നു;ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം:സംസ്ഥാനത്ത് മഴ കനക്കുന്നു.ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തിൽ ഇന്ന് മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴപെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.വടക്കന്‍ ജില്ലകളിലാണ് മഴ കൂടുതല്‍ ശക്തമാവുക.കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട്, ഇടുക്കി ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ 20 സെന്‍റീമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം. നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദം രൂപപ്പെടുമെന്നുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ അതീവജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. നാളെ ഒന്‍പത് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ രൂപം കൊള്ളുന്ന ന്യൂനമര്‍ദം കൊങ്കന്‍, ഗോവ പ്രദേശങ്ങളിലാകും അതിതീവ്ര മഴക്ക് കാരണമാകുകയെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.താഴ്ന്ന പ്രദേശങ്ങളിലും നദീ തീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും മുന്‍കരുതലെടുക്കണം.കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഉള്‍പ്പെടെ ദുരന്ത സാധ്യതമേഖലയിലുള്ളവര്‍ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. മലയോരമേഖലകളിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് കോവിഡ് മരണം.ആലുവ കീഴ്മാട് സ്വദേശി സി.കെ ഗോപി, മലപ്പുറം സ്വദേശിയായ പതിനൊന്നുമാസം പ്രായമുള്ള കുഞ്ഞ്, ഇടുക്കി സ്വദേശി ഏലിക്കുട്ടി ദേവസ്യ, കാസര്‍കോഡ് സ്വദേശികളായ ഷെഹര്‍ബാനു, അസൈനാര്‍ ഹാജി, കണ്ണൂര്‍ സ്വദേശി സജിത്ത്, വടകര സ്വദേശി പുരുഷോത്തമന്‍ എന്നിവരാണ് മരിച്ചത്.മലപ്പുറത്ത് പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം പുളിക്കല്‍ സ്വദേശി റമീസിന്റെ 11 മാസം പ്രായമുള്ള കുഞ്ഞ് ആസ്യ അമാനയാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെയായിരുന്നു മരണം. മരണ ശേഷം നടത്തിയ ആന്റിജന്‍ പരിശോധനയിലും പിസിആര്‍ പരിശോധനയിലും കുട്ടിക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്ന കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അസൈനാര്‍ ഹാജിയാണ് മരിച്ച മറ്റൊരാള്‍. 78 വയസായിരുന്നു. കടുത്ത ശ്വാസതടസത്തെ തുടര്‍ന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ അസൈനാര്‍ ഹാജിയെ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുന്‍പാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പുറമേ കണ്ണൂരില്‍ ചക്കരക്കല്‍ തലമുണ്ടയില്‍ സ്വദേശി സജിത്ത്(41), കാസര്‍കോട് ഉപ്പള സ്വദേശിനായ ഷഹര്‍ ബാനു (73), ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപി (70), വെളളിയാഴ്ച മരിച്ച ഇടുക്കി നെടുങ്കണ്ടം തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്വ (58) എന്നിവരും കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന് പരിശോധനാഫലം വ്യക്തമാക്കുന്നു.പനിബാധിച്ച് മരിച്ച പുരുഷോത്തമന് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.