കോടതിയലക്ഷ്യക്കേസ്;പ്രമുഖ അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രിം കോടതി

keralanews supreme court holds prashant bhushan guilty of contempt of court

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ പ്രമുഖ അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രിം കോടതി.ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇത്തരത്തിലൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.ശിക്ഷ സംബന്ധിച്ച്‌ ആഗസ്റ്റ് 20 ന് വാദം കേള്‍ക്കും. ജനാണ് വാദം കേള്‍ക്കല്‍ ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തിനാണ് കോടതി സ്വമേധയാ പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ കേസെടുത്തത്. ചീഫ് ജസ്റ്റിസ് ഹാര്‍ലി ഡേവിസ്ണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രം ഭൂഷണ്‍ പോസ്റ്റ് ചെയ്തിരുന്നു. മറ്റൊരു ട്വീറ്റില്‍ മുന്‍ ചീഫ് ജസ്റ്റിസുമാരെ അടക്കം വിമര്‍ശിക്കുകയും ചെയ്തു. രണ്ട് ട്വീറ്റുകളിലും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കോടതിയലക്ഷ്യക്കേസെടുക്കുകയായിരുന്നു.50 ലക്ഷം വിലമതിക്കുന്ന ബൈക്കില്‍ കൊവിഡ് കാലത്ത് സുപ്രിംകോടതി അടച്ചിരിക്കെ ചീഫ് ജസ്റ്റിസ് മാസ്‌കും ഹെല്‍മെറ്റും ഇല്ലാതെ ഇരിക്കുന്നു എന്ന പരാമര്‍ശത്തോടെയാണ് പ്രശാന്ത് ഭൂഷണ്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് സുപ്രിംകോടതിയെ ആകെയും ചീഫ് ജസ്റ്റിസ് ഓഫീസിനെ പ്രത്യേകമായും കളങ്കപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സദുദ്ദേശ്യത്തോടെയുള്ള വിമര്‍ശനമാണ് പ്രശാന്ത് ഭൂഷണില്‍ നിന്നുണ്ടാകുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വാദിച്ചിരുന്നു. ഇതെല്ലാം സുപ്രീം കോടതി തള്ളുകയായിരുന്നു.

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി

keralanews three more covid death reported in the state

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട്, കണ്ണൂര്‍,കൊല്ലം  സ്വദേശികളാണ് മരിച്ചത്.കണ്ണൂരില്‍ പായം ഉദയഗിരി സ്വദേശിയായ ഇലഞ്ഞിക്കല്‍ ഗോപിയാണ് മരിച്ചത്. 64 വയസായിരുന്നു. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. ആന്‍റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട് ആഗസ്റ്റ് 11 ന് മരിച്ച വോര്‍ക്കാടിയിലെ അസ്മ, ബേക്കല്‍ സ്വദേശി രമേശന്‍ എന്നിവര്‍ക്ക് മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അസ്മയുടെ മരണശേഷമാണ് സ്രവം പരിശോധിച്ചത്.പരിശോധനയില്‍ കോവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. ഇവരുടെ ഭര്‍ത്താവിനും കൊവിഡ് ബാധിച്ചിരുന്നു.കൊല്ലം ഏരൂർ ഗ്രാമപഞ്ചായത്തിൽ തൂങ്ങി മരിച്ച ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. നെട്ടയം വരിക്കോലിൽ ലക്ഷം വീട്ടിൽ 45കാരനായ ബൈജു ആണ് തൂങ്ങി മരിച്ചത്. ഇയാൾക്ക് ആന്‍റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കേരളത്തിലെ പെട്രോൾ പമ്പ് കേന്ദ്രീകരിച്ച്‌ തട്ടിപ്പ് നടത്തിയ മഹാരാഷ്ട്രകാരെ പിടികൂടി

തൃശ്ശൂർ : കേരളത്തിലെ ഒട്ടേറെ പെട്രോൾ പമ്പുകളിൽ ഡിജിറ്റൽ പേയ്‌മെന്റ് വഴി തട്ടിപ്പ് നടത്തിയ മഹാരാഷ്ട്ര സ്വദേശികളെ കേരള ഹൈവേ  പോലീസ് പിടികൂടി.

 

കേരളത്തിലെ ഒട്ടേറെ പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം നിറക്കാൻ  ഡെബിറ്റ് /ക്രെഡിറ്റ്‌ കാർഡുകൾ ഉപയോഗിച്ച് പണം നല്കുന്നതിനിടയിൽ  റസീപ്റ്റ്‌ പ്രിൻറ് എടുത്ത്  ട്രാൻസാക്ഷൻ ക്യാൻസൽ ചെയ്തുകൊണ്ടാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.  തുക സ്വൈപ്പ് ചെയ്ത ശേഷം കാർഡിന്റെ രഹസ്യ കോഡ് ടൈപ്പ് ചെയ്യുന്നതിനായി POS മെഷീൻ കാറിനുള്ളിലേക് വാങ്ങി ലാസ്റ്റ്  ട്രാൻസാക്ഷൻ ക്യാൻസൽ ചെയ്ത് സ്വൈപ്പിങ് മെഷീൻ പമ്പിലെ തൊഴിലാളിക്ക് തിരികെ നൽകും ഇതിനിടയിൽ  ഇന്ധനം കൂടുതൽ ആവശ്യമില്ല എന്ന് അറിയിച്ച് ബാക്കി  തുക ക്യാഷായി  വാങ്ങുകയും ചെയ്യുന്ന രീതിയിൽ ആണ് തട്ടിപ്പ് നടത്തിയിരുന്നത്.

Screenshot_2020-08-13-21-02-47-969_com.whatsapp

കാസറഗോഡ് ജില്ലയിലെ മൂന്ന് പമ്പുകളിൽ ചൊവ്വായ്ച്ച തട്ടിപ്പ് നടന്നതോടെ പമ്പുടമകൾ സോഷ്യൽ മീഡിയ ഗ്രൂപ്പിൽ തട്ടിപ്പുകാരുടെ വീഡിയോ സഹിതം വിവരങ്ങൾ പുറത്ത് വിട്ടിരുന്നു.  അടുത്ത ദിവസം  മലപ്പുറത്തും സമാനവിധത്തിൽ തട്ടിപ്പ് നടന്നതോടെ ഇവർ എറണാകുളം ഭാഗത്തേക് ആണ് നീങ്ങുന്നതെന്ന് മനസിലാക്കിയ പമ്പുടമകൾ ജാഗ്രത നിർദേശം തങ്ങളുടെ തൊഴിലാളികൾക്ക് നൽകിയിരുന്നു.  ഇന്ന് വൈകുന്നേരം തൃശ്ശൂർ ജില്ലയിൽ ഇവരുടെ കാർ ശ്രദ്ദയിൽ പെട്ട അനൂപ് ജോർജ് എന്ന ഡീലർ വാഹനത്തെ പിന്തുടർന്ന് പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് പോലീസ് സഹായത്തോടെ പിടികൂടുകയായിരുന്നു.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം;മരിച്ചത് കണ്ണൂര്‍ പടിയൂര്‍ സ്വദേശി

keralanews again covid death in the state kannur padiyoor native died

കണ്ണൂർ:കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം.കണ്ണൂര്‍ പടിയൂര്‍ സ്വദേശി സൈമണ്‍(60) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു മരണം.ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നടത്തിയ കൊവിഡ് പരിശോധനയിലാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.ഗുരുതരാവസ്ഥയില്‍ ആയതോടെ ഈ മാസം 7ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇരിട്ടി ആശുപത്രി ഐ.സി.യുവില്‍ നിന്ന് സമ്പർക്കത്തിലൂടെയാണോ രോഗബാധ ഉണ്ടായതെന്നാണ് സംശയം. സ്രവം കൂടുതല്‍ പരിശോധനയ്ക്കായി ആലപ്പുഴ ലാബിലേക്ക് അയച്ചു. ഇദ്ദേഹത്തിന്റെ അടുത്ത രണ്ട് ബന്ധുക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കാസര്‍കോട് ഐസ് ക്രീം കഴിച്ച്‌ 16 കാരി മരിച്ച സംഭവം കൊലപാതകം;സഹോദരൻ പിടിയിൽ

keralanews death of 16 year old girl in kasarkode is murder brother arrested

കാസര്‍കോട്: കാസര്‍കോട് ബ്ളാലില്‍ മരിച്ച പതിനാറുകാരി ആന്‍മേരിയുടേത് കൊലപാതകമെന്ന് പൊലീസ്. സഹോദരന്‍ ആല്‍ബിന്‍ ഐസ് ക്രീമില്‍ വിഷം കലര്‍ത്തി ആന്‍മേരിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. ശര്‍ദ്ദിയും വയറിളക്കവും ബാധിച്ചതിനെത്തുടര്‍ന്നാണ് ആന്‍മേരിയെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും നിലഗുരുതരമാകുകയുമായിരുന്നു. ആഗസ്റ്റ് അഞ്ചിനാണ് ആന്‍മേരി മരിച്ചത്. പിന്നീടാണ് കുട്ടിയെ ഐസ്ക്രീമില്‍ വിഷം കലര്‍ത്തി ഇരുപത്തിരണ്ടുകാരനായ സഹോദരന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്.അച്ഛനും അമ്മയും ഉള്‍പ്പെടെ കുടുംബാംഗങ്ങളെയെല്ലാം ആല്‍ബിന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു. അച്ഛനും അമ്മയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രഹസ്യ ബന്ധങ്ങള്‍ തുടരുന്നതിന് കുടുംബം തടസമെന്ന തോന്നലാണ് കൊലപാതകത്തിന് പ്രധാന കാരണമെന്നാണ് പൊലീസ് പറയുന്നത്. സഹോദരന്‍ ആല്‍ബില്‍ വെള്ളരിക്കുണ്ട് പൊലീസിന്‍റ കസ്റ്റഡിയിലാണ്.ആല്‍ബിനും തനിക്കും ഭക്ഷ്യവിഷബാധയേറ്റതായി പറഞ്ഞെങ്കിലും മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതാണ് കേസില്‍ നിര്‍ണായകമായത്. കുടുബംത്തിലെ ഒരാള്‍ക്ക് മാത്രം ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നത് ഡോക്ടര്‍മാരില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്ന് ആല്‍ബിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.അച്ഛനും അമ്മയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അച്ഛന്‍ ബെന്നിയുടെ നില അതീവഗുരുതരമാണ്.

ഡൽഹിയിൽ കനത്ത മഴ;വെള്ളക്കെട്ടിൽ മുങ്ങി തലസ്ഥാന നഗരം; ഗതാഗത സ്തംഭനം

keralanews heavy rain in delhi traffic interupted

ന്യൂഡൽഹി:ഡൽഹിയിൽ കനത്ത മഴ.വ്യാഴാഴ്ച രാവിലെ മുതല്‍ നഗരത്തില്‍ വിവിധ പ്രദേശങ്ങളില്‍ കനത്തമഴ അനുഭവപ്പെടുകയാണ്. മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങി. താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമാവുന്നത് .മഴയെത്തുടര്‍ന്ന് ദ്വാരക മേഖലയിലെ അണ്ടര്‍പാസിലും ദില്ലി റെയില്‍‌വേ സ്റ്റേഷന് സമീപമുള്ള പ്രദേശങ്ങളിലും വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അണ്ടര്‍പാസില്‍ വെളളം കയറിയത് വാഹനഗതാഗതത്തെ ബാധിച്ചു. പ്രദേശത്ത് ട്രാഫിക് ബ്ലോക്ക് അനുഭവപ്പെടുകയാണ്.മിക്ക സ്ഥലങ്ങളിലും ഇടിമിന്നലോടുകൂടിയ തീവ്രമഴ ഉണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കൂടുതലും ദില്ലി, നോയിഡ, ഗ്രേറ്റര്‍ നോയിഡ, റോഹ്തക്, ജിന്ദ്, നര്‍വാന, മെഹാം, ഗുരുഗ്രാം, മനേസര്‍, ഗാസിയാബാദ്, ഫരീദാബാദ്, പല്‍വാള്‍, ഹോഡാല്‍, ബുലന്ദഷാര്‍, ഗുലോത്തി, എന്നിവിടങ്ങളിലാണ് സാധ്യത എന്ന് കാലാവസ്ഥ വകുപ്പ് ട്വീറ്റ് ചെയ്തു.കഴിഞ്ഞ ദിവസം രാത്രിയിലും രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കിട്ടിയിരുന്നു.

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ്; എന്‍ഐഎ സംഘം വീണ്ടും സെക്രട്ടറിയേറ്റില്‍

keralanews thiruvananthapuram gold smuggling case n i a team visied again in secretariate

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം വീണ്ടും സെക്രട്ടറിയേറ്റിലെത്തി.സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴിയെടുക്കാനാണ് എന്‍ഐഎ സെക്രട്ടറിയേറ്റ് സന്ദര്‍ശിച്ചത്.നയതന്ത്ര ബാഗുകള്‍ സംസ്ഥാനത്തിന്റെ അറിവോടെ എത്ര തവണ കടത്തി എന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനാണ് എന്‍ഐഎ സംഘം പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴിയെടുത്തത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരുമായും എന്‍ഐഎ ചര്‍ച്ചനടത്തി.മന്ത്രി കെ ടി ജലീല്‍ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തു എന്ന ആരോപണത്തില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് എന്‍ഐഎ സംഘം സെക്രട്ടറിയേറ്റില്‍ വീണ്ടുമെത്തുന്നത്.ഇത് രണ്ടാം തവണയാണ് എന്‍ഐഎ സംഘം സെക്രട്ടറിയേറ്റില്‍ എത്തുന്നത്. മാര്‍ച്ച്‌ നാലിന് യുഎഇ കോണ്‍സുലേറ്റ് ജനറലിന്‍റെ പേരിലുള്ള നയതന്ത്ര ബാങ്കിലൂടെ 6000 മതഗ്രന്ഥങ്ങള്‍ എത്തിച്ചുവെന്നും അത് ഉന്നത വിദ്യാഭാസ വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള സി ആപ്ടിന്‍റെ ഓഫീസില്‍ എത്തിച്ചുവെന്നുമാണ് കണ്ടെത്തല്‍. ഡിപ്ലോമാറ്റിക് ബാഗ് വഴി മത ഗ്രന്ഥങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കസ്റ്റംസിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ല. യു എ ഈ കോണ്‍സുലേറ്റ് മതഗ്രന്ഥം നല്‍കിയെന്ന് മന്ത്രി സമ്മതിച്ചിരുന്നു.രണ്ട് വര്‍ഷത്തിനുള്ളില്‍ എത്ര ഡിപ്ലോമാറ്റിക് പാഴ്‌സലുകള്‍ വന്നു എന്നതടക്കമുള്ള വിവരങ്ങള്‍ അറിയിക്കണം എന്നാവശ്യപ്പെട്ടാണ് പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ ഫോണ്‍ വിശദാംശങ്ങള്‍ നല്‍കാത്തതിന് ബിഎസ് എന്‍ എല്ലിനും കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു.

രാജമല ദുരന്തം;ഇനി കണ്ടെത്താനുള്ളത് 15 പേരെ;മുഖ്യമന്ത്രിയും ഗവർണറും ഇന്ന് സ്ഥലം സന്ദർശിക്കും

keralanews rajamala tragedy 15 people to find out chief minister and governor will visit the place

മൂന്നാർ:രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. 7 കുട്ടികൾ അടക്കം 15 പേരെ ആണ് ഇനി കണ്ടെത്താനുള്ളത്. പെട്ടിമുടിയാറിലും ഗ്രേവൽ ബാങ്കിലുമാണ് ഇപ്പോൾ കൂടുതൽ തിരച്ചിൽ നടത്തുന്നത്. ലയങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്ന് കഴിഞ്ഞ രണ്ട് ദിവസവും മൃതദേഹങ്ങൾ ഒന്നും കണ്ടെത്തിയിരുന്നില്ല. അപകടത്തിൽ പെട്ട 55 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. 12 പേർ രക്ഷപ്പെട്ടിരുന്നു. അതേസമയം രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തേക്ക് മുഖ്യമന്ത്രിയും ഗവർണറും തിരിച്ചു. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെട്ട സംഘം, മൂന്നാർ ആനച്ചാലിൽ എത്തി. റോഡ് മാർഗം പെട്ടിമുടിയിലേക്ക് പോവുകയാണ്. സന്ദർശനം കഴിഞ്ഞ് മൂന്നാർ ടീ കൗണ്ടിയിൽ ഉന്നതതല യോഗത്തിൽ പങ്കെടുത്തശേഷം രണ്ട് മണിയോടുകൂടി സംഘം മടങ്ങും. തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും ഇന്ന് പെട്ടിമുടി സന്ദർശിക്കുന്നുണ്ട്.

പൂജപ്പുര ജയിലിലെ 59 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

keralanews covid confirmed 59 inmates at poojappura Jail

തിരുവനന്തപുരം:പൂജപ്പുര ജയിലിലെ 59 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ജയിലിലെ 99 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.പരിശോധന നടത്തിയതിൽ  പകുതിയിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജയിലിലെ എല്ലാ തടവുകാരെയും പരിശോധനയ്ക്ക് വിധേയരാക്കും.നിലവില്‍ 1200 തടവുകാരാണ് ജയിലിലുള്ളത്. കഴിഞ്ഞ ദിവസം വിചാരണ തടവുകാരന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പല ബ്ലോക്കുകളില്‍ നിന്നുള്ള തടവുകാരെ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഒരു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന 71 കാരനായ വിചാരണ തടവുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ വ്യക്തിയുടെ രോഗ ഉറവിടം വ്യക്തമല്ല.ഇതാദ്യമായാണ് പൂജപ്പുര ജയിലില്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത്.ജയിലില്‍ രോഗവ്യാപനം ഉണ്ടാകാതിരിക്കുന്നതിനായി വലിയ രീതിയിലുളള ക്രമീകരണം ജയില്‍ അധികൃതര്‍ ചെയ്തിരുന്നതാണ്. ഇവയെല്ലാം മറികടന്നാണ് പൂജപ്പുരയില്‍ രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്വർണ്ണക്കടത്ത് കേസ്;ഫൈസല്‍ ഫരീദിനെ ചോദ്യംചെയ്തു; എന്‍ഐഎ സംഘം ദുബായിൽ നിന്ന് മടങ്ങി

keralanews gold smuggling case n i a questioned faisal fareed

ദുബായ്:നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം ഫൈസൽ ഫരീദിനെ ചോദ്യംചെയ്തു.അബുദാബിയിലായിരുന്നു ചോദ്യം ചെയ്യൽ. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സംഘം ബുധനാഴ്ച രാവിലെ ഇന്ത്യയിലേക്ക് മടങ്ങി.കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ എന്‍.ഐ.എ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഫൈസല്‍ ഫരീദിന്റെ വിലാസത്തില്‍ നിന്നാണ് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് പാഴ്‌സല്‍ അയച്ചത്. ഇതിന്റെ ഉറവിടം കണ്ടെത്തുകയായിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷ്യം. സ്വപ്ന സുരേഷും സരിത്തുമടക്കം ഇന്ത്യയിലുള്ള പ്രതികളുമായുള്ള ബന്ധവും ചോദിച്ചറിഞ്ഞു.അബുദാബിയിൽ നിന്ന് ഇന്ന് വെളുപ്പിനാണ് രണ്ടംഗ സംഘം ഡല്‍ഹിക്ക് തിരിച്ചത്. ദുബൈയിലും അബുദാബിയിലും മൂന്ന് ദിവസം അവശ്യമായ തെളിവുകള്‍ ശേഖരിച്ചാണ് എന്‍ഐഎ ടീം മടങ്ങിയത്. മറ്റ് വിശദാംശങ്ങള്‍ ലഭ്യമല്ല. രഹസ്യ സ്വഭാവം നിലനിര്‍ത്തിയാണ് സംഘം തങ്ങളുടെ ദൗത്യം പൂര്‍ത്തീകരിച്ചു മടങ്ങിയത്. ഇത് മാധ്യമങ്ങളുമായി പങ്കുവെച്ചിട്ടില്ല. എന്നാല്‍, കേസിലെ നിര്‍ണായക കണ്ണിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.അബുദാബി പൊലീസിന്റെ ഭാഗത്തുനിന്നും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സഹായം ലഭിച്ചിച്ചിരുന്നു.