തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ബാങ്കുകളില്‍ ഇന്ന് മുതല്‍ സമയക്രമീകരണം ഏര്‍പ്പെടുത്തുന്നു. ഓണക്കാലത്ത് തിരക്ക് വര്‍ധിക്കാനുള്ള സാഹചര്യം കൂടി പരിഗണിച്ചാണ് അക്കൗണ്ട് നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തില്‍ സമയം ക്രമീകരിക്കാന്‍ തീരുമാനിച്ചത്.സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാര്‍ക്കാണ് നിയന്ത്രണം.വായ്പയ്ക്കും മറ്റു ഇടപാടുകള്‍ക്കും നിയന്ത്രണമില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി അറിയിച്ചു.തിങ്കളാഴ്ച മുതല്‍ അടുത്തമാസം അഞ്ച് വര നിയന്ത്രണം തുടരും. അന്വേഷണങ്ങള്‍ക്കായി ബാങ്കില്‍ ആരും വരേണ്ടതില്ല.ഇടപാടുകാര്‍ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുകയും ബാങ്ക് സന്ദര്‍ശനം പരമാവധി കുറയ്ക്കുകയും വേണമെന്ന് എസ്‌എല്‍ബിസി അഭ്യര്‍ഥിച്ചു.ഫോണില്‍ ബന്ധപ്പെട്ടാല്‍ മതി.
നിയന്ത്രണം ഇങ്ങനെ:
0, 1, 2, 3 അക്കങ്ങളില്‍ അവസാനിക്കുന്ന സേവിങ്സ് അക്കൗണ്ട് ഉടമകള്‍ രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയില്‍ ബാങ്കില്‍ എത്തണം.4,5,6,7 അക്കങ്ങളില്‍ അവസാനിക്കുന്ന സേവിങ്സ് അക്കൗണ്ട് ഉടമകള്‍ ഉച്ചയ്ക്ക് പന്ത്രണ്ടിനും രണ്ടിനും ഇടയില്‍ ബാങ്കില്‍ എത്തണം.8,9 അക്കങ്ങളില്‍ അവസാനിക്കുന്ന സേവിങ്സ് അക്കൗണ്ട് ഉടമകള്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കും നാലിനും ഇടയില്‍ ബാങ്കില്‍ എത്തണം.സേവിങ്സ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും നിയന്ത്രണം ബാധകമാണ്. അതേസമയം മറ്റ് ഇടപാട് നടത്തുന്നവര്‍ക്കും വായ്പ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കും നിയന്ത്രണം ഉണ്ടാകില്ല.
സംസ്ഥാനത്ത് നാല് കൊവിഡ് മരണങ്ങള്‍ കൂടി; മരിച്ചത് കോഴിക്കോട്,എറണാകുളം സ്വദേശികൾ
എറണാകുളം: സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച നാലു പേര്‍ കൂടി മരണമടഞ്ഞു. കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് തിങ്കളാഴ്ച മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആലുവ യാലിക്കാട്ടുകര സദാനന്ദന്‍ (57), മൂത്തകുന്നം കോട്ടുകള്ളിക്കാട് വൃന്ദ ജീവന്‍ (54), ബാലുശേരി വട്ടോളി ഷൈന്‍ ബാബു (47), മാവൂര്‍ സ്വദേശി സുലു എന്നിവരാണ് മരിച്ചത്.വടകര എസ്.പി ഓഫീസ് ജിവനക്കാരനാണ് മരിച്ച ഷൈന്‍ ബാബു.കഴിഞ്ഞ 13 മുതൽ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയില്‍ ആയിരുന്നു.മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലുണ്ടായിരുന്നവരാണ് ഇവര്‍.
കണ്ണൂർ പയ്യാവൂരിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തിക്കൊന്നു
കണ്ണൂർ: പയ്യാവൂരിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തിക്കൊന്നു. പയ്യാവൂർ ഉപ്പ്പടന്ന സ്വദേശി ഷാരോൺ (20) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് സജിയെ പോലീസ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം.മദ്യപിച്ച് വീട്ടിലെത്തിയ സജി ആദ്യം മകനുമായി വഴക്കിട്ടു. ഇതിനു പിന്നാലെയാണ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കുത്തേറ്റ ഷാരോണിനെ ആദ്യം പയ്യാവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.സജി സ്ഥിരമായി മക്കളെ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വിദേശത്ത് നഴ്സായ ഭാര്യ അയക്കുന്ന ശമ്പളം മുഴുവന്‍ മദ്യപിച്ചും ധൂര്‍ത്തടിച്ചും കളയുന്ന സജി സ്ഥിരമായി മദ്യപിച്ചെത്തി രണ്ട് മക്കളെയും ഉപദ്രവിക്കാറുണ്ടായിരുന്നു. സജിയുടെ ഭാര്യയും ശാരോണിന്റെ അമ്മയുമായ സില്‍ജ ഇറ്റലിയില്‍ നഴ്സാണ്. അതു കൊണ്ട് തന്നെ വീട്ടില്‍ അച്ഛനും മക്കളും മാത്രമാണുണ്ടാകാറുള്ളത്. എന്നും വൈകീട്ട് മദ്യപിച്ചെത്തുന്ന സജി നിസ്സാര കാരണങ്ങള്‍ പറഞ്ഞ് ശാരോണിനെയും സഹോദരന്‍ ഷാര്‍ലറ്റിനെയും സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. ശനിയാഴ്ച വൈകീട്ട് പട്ടിക്ക് തീറ്റ കൊടുത്തില്ലെന്ന് പറഞ്ഞാണ് സജി വഴക്ക് തുടങ്ങിയത്. വഴക്ക് പിന്നീട് കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. സജി എപ്പോഴും കൈയില്‍ കത്തി സൂക്ഷിക്കാറുണ്ടായിരുന്നു.ഈ കത്തി ഉപയോഗിച്ചാണ് മകനെ കുത്തിയത്. കുത്തേറ്റ ശാരോണിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മദ്ധ്യേ മരണം സംഭവിച്ചിരുന്നു.ശാരോണിന്റെ മൃതദേഹം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണ് ഉള്ളത്. ഇന്ന് ഉച്ചകഴിഞ്ഞ് അമ്മയുടെ വീടായ മാലൂരിലേക്ക് കൊണ്ട് പോകും. മാലൂര്‍ പോത്തുകുഴി സെന്റ് മാക്സമില്യണ്‍ കോള്‍ബെ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും.
കരിപ്പൂര്‍ വിമാനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു
കോഴിക്കോട്:കരിപ്പൂര്‍ വിമാനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു യാത്രക്കാരന്‍ കൂടി മരിച്ചു.മലപ്പുറം തിരുവാലി സ്വദേശിയായ അരവിന്ദാക്ഷനാണ് (67) മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം. ഇദ്ദേഹത്തോടൊപ്പം വിമാനത്തിലുണ്ടായിരുന്ന ഭാര്യയും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.അരവിന്ദാക്ഷന്റെ മരണത്തോടെ കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ആഗസ്റ്റ് ഏഴിനാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ എക്സ്പ്രസ്സിന്റെ ദുബായ് – കോഴിക്കോട് വിമാനം അപകടത്തില്‍പ്പെട്ടത്. ലാന്‍ഡ് ചെയ്തതിനു ശേഷം വിമാനം റണ്‍വേയില്‍ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളില്‍ ഇടിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 803 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 118 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 106 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 85 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 81 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 74 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 52 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 49 പേര്‍ക്കും, വയനാട് ജില്ലയില്‍ 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 39 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 31 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1444 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 313 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 307 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 134 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 106 പേര്‍ക്കും, എറണാകുളം ജില്ലയിലെ 99 പേര്‍ക്കും, കൊല്ലം ജില്ലയിലെ 86 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 77 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 71 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 49 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 47 പേര്‍ക്കും, വയനാട് ജില്ലയിലെ 40 പേര്‍ക്കും, കോട്ടയം ജില്ലയിലെ 33 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 31 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 16 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.31 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 19, തിരുവനന്തപുരം ജില്ലയിലെ 6, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.എറണാകുളം 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 803 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 170 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 124 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 92 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 80 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 63 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 56 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 42 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 39 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 37 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവന്തപുരം ജില്ലയിലെ വെമ്പായം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15, 21), കരവാരം (സബ് വാര്‍ഡ് 6), തിരുപുറം (2, 3), മാണിക്കല്‍ (18, 19, 20), മടവൂര്‍ (15), പുല്ലമ്പാറ (3, 11, 12, 15), പാങ്ങോട് (10), തൃശൂര്‍ ജില്ലയിലെ മുല്ലശേരി (4), കടങ്ങോട് (11), പാഞ്ഞാള്‍ (11), ഇടുക്കി ജില്ലയിലെ പീരുമേട് (9), വാത്തിക്കുടി (13), ഇടവെട്ടി (സബ് വാര്‍ഡ് 11), പാലക്കാട് ജില്ലയിലെ എരിമയൂര്‍ (14, 16), വടക്കാഞ്ചേരി (8), അയിലൂര്‍ (7), കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് (5, 7, 8, 1, 9 (സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ മൂത്തേടം (5, 7, 9, 10), കൊല്ലം ജില്ലയിലെ ഇളമ്പൂര്‍ (12), പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ (2, 5 , 12 (സബ് വാര്‍ഡ്) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ കൊണ്ടാഴി (വാര്‍ഡ് 1), മണലൂര്‍ (3), കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ (6), കീഴരിയൂര്‍ (10), വയനാട് ജില്ലയിലെ തിരുനെല്ലി (സബ് വാര്‍ഡ് 10), പുല്‍പ്പള്ളി (5), തിരുവനന്തപുരം ജില്ലയിലെ ഒറ്റശേഖരമംഗലം (1, 8), മുദാക്കല്‍ (20), എറണാകുളം ജില്ലയിലെ പൂത്രിക (12), കൂത്താട്ടുകുളം മുന്‍സിപ്പാലിറ്റി (5), ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ (4), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (17) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 562 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സ്വര്‍ണ്ണക്കടത്ത് കേസ്; എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു
കൊച്ചി: സ്വര്‍ണ്ണക്കത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു. സ്വപ്നയില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ഹാജരാകാന്‍ ശിവശങ്കറിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കര്‍ ഹാജരായത്.സ്വപ്‌നയുടെ രണ്ട് ലോക്കറുകളെ കുറിച്ചാണ് ശിവശങ്കറിനോട് പ്രധാനമായും അന്വേഷിച്ചറിയുക. ശിവശങ്കര്‍ ആവശ്യപ്പെട്ടാണ് ലോക്കര്‍ തുറന്നതെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നേരത്തെ മൊഴി നല്‍കിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശിവശങ്കരനോട് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടത്. സ്വര്‍ണ്ണക്കടത്തു കേസില്‍ ശിവശങ്കറിന്റെപങ്കാളിത്തത്തെ കുറിച്ച് ആഴത്തിലുള്ള അന്വേഷണമാണ് എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് സ്വപ്‌നയെയും സന്ദീപിനെയും സരിത്തിനെയും കഴിഞ്ഞ ദിവസം കസ്റ്റഡില്‍ ആവശ്യപ്പെട്ടത്.ശിവശങ്കറിനെ ഇവര്‍ക്കൊപ്പം ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം.നേരത്തെ തിരുവനന്തപുരത്തെ വീട്ടിലെത്തി എന്‍ഫോഴ്‌സ്‌മെന്റ് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നത്. സ്വപ്‌നയും സന്ദീപും സരിത്തും പതിനേഴാം തിയതി വരെയാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ ഉണ്ടാവുക. ഇവരുടെ കസ്റ്റഡി അവസാനിക്കുന്നതിനു മുൻപ് ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്യാനായിരുന്നു എന്‍ഫോഴ്‌സ്‌മെന്റിന്റെ തീരുമാനം.അതിനിടെ, എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ സ്വപ്ന പീഡനം അനുഭവിക്കുകയാണെന്ന പരാതി പ്രതിഭാഗം അഭിഭാഷകന്‍ ഉന്നയിച്ചു.ഇക്കാര്യങ്ങള്‍ പരിഗണിച്ച കോടതി സ്വപ്നയെ രാവിലെ പത്തിനും വൈകിട്ട് അഞ്ചിനും ഇടയ്ക്ക് മാത്രമേ ചോദ്യം ചെയ്യാവൂവെന്നും ചോദ്യംചെയ്യുമ്ബോള്‍ വനിതാപൊലിസിന്റെ സാന്നിധ്യമുണ്ടാകണമെന്നും നിര്‍ദേശിച്ചു.
പൂജപ്പുര ജയിലില്‍ 53 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം:പൂജപ്പുര സെൻട്രൽ ജയിലില്‍ 53 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തടവുകാര്‍ക്ക് പുറമെ രണ്ട് ജീവനക്കാര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 114 പേർക്കാണ് ഇന്ന് പരിശോധന നടത്തിയത്.ഇതോടെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ മാത്രം 217 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ജയിലിനുള്ളിലെ രോഗത്തിന്റെ ഉറവിടം ഇനിയും വ്യക്തമായിട്ടില്ല.ഇന്നലെ 143 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 63 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സ്‌പെഷ്യല്‍ സബ് ജയിലിലെ ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജയിലിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പരിശോധന നടത്തുകയായിരുന്നു.
സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം കൂടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം കൂടി.തിരുവനന്തപുരം പുല്ലമ്പാറ സ്വദേശി മുഹമ്മദ് ബഷീറാണ് മെഡിക്കല്‍ കോളജില്‍ ഇന്നലെ രാത്രി മരിച്ചത്. 44 വയസായിരുന്നു.ചൊവ്വാഴ്ച്ചയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിന് പുറമേ വൃക്ക സംബന്ധമായ രോഗങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.തിരുവല്ല കുറ്റൂര്‍ പടിഞ്ഞാറേ കളീക്കല്‍ പി.വി.മാത്യുവാണ്(60 ) കോവിഡ് ബാധിച്ച് മരിച്ച മറ്റൊരു വ്യക്തി.കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം. പ്രമേഹരോഗിയായിരുന്നു ഇദ്ദേഹം. ഡയാലിസിസിനായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.ഇവര്‍ക്ക് പുറമേ വടകര സ്വദേശി മോഹനന്‍, ഫറോക്ക് സ്വദേശി രാജലക്ഷ്മി എന്നിവരാണ് കോഴിക്കോട് മരിച്ചത്.മോഹനന് ഹൃദ്രോഗവും പ്രമേഹവും വൃക്കരോഗവും അടക്കമുള്ള അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ആശുപത്രിയിലേക്കെത്തുമ്പോൾ തന്നെ നില വഷളായിരുന്നുവെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.
സ്വകാര്യ, ടൂറിസ്റ്റ് ബസ്സുകളുടെ റോഡ് നികുതി ഒഴിവാക്കി
തിരുവനന്തപുരം:സ്വകാര്യ, ടൂറിസ്റ്റ് ബസുകളുടെ റോഡ് നികുതി സര്‍ക്കാര്‍ ഒഴിവാക്കി. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസത്തെ നികുതിയാണ് വേണ്ടെന്ന് വച്ചത്. നികുതി ഒഴിവാക്കണമെന്ന ആവശ്യം നിരസിച്ചതോടെ രണ്ടാഴ്ചയായി സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. നികുതി അടയ്ക്കാനുള്ള സമയം നീട്ടി നല്‍കിയിട്ടും ബസുടമകള്‍ വഴങ്ങിയില്ല. തൊഴിലാളികളുടെ ആറുമാസത്തെ ക്ഷേമനിധി വിഹിതം അടയ്ക്കുന്നതും ഒഴിവാക്കി നല്‍കിയിട്ടുണ്ട്. ഇളവുകള്‍ അനുവദിച്ചതോടെ അടുത്തദിവസം മുതല്‍ സ്വകാര്യബസുകള്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് ഉടമകൾ അറിയിച്ചു.
മലപ്പുറം കളക്റ്ററുമായി സമ്പർക്കം;മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു
തിരുവനന്തപുരം:കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്റ്ററുമായി സമ്പർക്കം ഉണ്ടായതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കരിപ്പൂർ വിമാനത്താവള സന്ദർശന വേളയിൽ മുഖ്യമന്ത്രിക്കൊപ്പം മലപ്പുറം കലക്റ്റർ എൻ.ഗോപാലകൃഷ്ണനും പങ്കെടുത്തിരുന്നു.നിരീക്ഷണത്തിൽ കഴിയുന്ന സാഹചര്യത്തിൽ ഇന്ന് നടന്ന സ്വാതന്ത്രദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തില്ല.പകരം സംസ്ഥാനതല സ്വാതന്ത്രദിനാഘോഷത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേതൃത്വം നൽകി.മലപ്പുറം കല്കട്ടർക്ക് പുറമെ സബ്‌കളക്റ്റർക്കും കളക്റ്ററേറ്റിലെ 21 ഉദ്യോഗസ്ഥർക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.മലപ്പുറം എസ്.പി യു.അബ്ദുൽ കരീമിനും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.