നാണയം വിഴുങ്ങിയ കുഞ്ഞ് മരിച്ച സംഭവം; ആലുവ ജില്ലാ ആശുപത്രിക്ക് മുന്നില്‍ അമ്മ അനിശ്ചിതകാല സമരം ആരംഭിച്ചു

keralanews incident of child died after swallowing coin mother started strike infront of aluva district hospital

ആലുവ:ആലുവയില്‍ നാണയം വിഴുങ്ങിയ കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മ നന്ദിനി ആലുവ ജില്ലാ ആശുപത്രിക്ക് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.ചികിത്സ നിഷേധിച്ച ആശുപത്രി അധികൃതരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് സമരം.കുഞ്ഞ് മരിച്ചത് നാണയം വിഴുങ്ങിയതുകൊണ്ടല്ലെന്നും ശ്വാസം മുട്ടല്‍ മൂലമാണ് കുട്ടി മരിച്ചതെന്നായിരുന്നു വിദഗ്ധ പരിശോധന റിപ്പോര്‍ട്ട്. കുഞ്ഞിന്‍റെ ആന്തരാവയവങ്ങള്‍ വിശദ പരിശോധനക്ക് അയക്കും. കുഞ്ഞ് രണ്ട് നാണയങ്ങള്‍ വിഴുങ്ങിയിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.കടുങ്ങല്ലൂര്‍ സ്വദേശികളായി രാജ-നന്ദിനി ദമ്പതികളുടെ മൂന്ന് വയസുള്ള മകന്‍ പൃഥ്വിരാജാണ് ചികിത്സ കിട്ടാതെ മരിച്ചത്. നാണയം വിഴുങ്ങിയ കുട്ടിയെ ആലുവ ഗവ.ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ആലപ്പുഴ മെഡി.കോളജിലേക്ക് അയക്കുകയായിരുന്നു. പഴവും വെള്ളവും കൊടുത്താൽ മതി നാണയം വയറിളകി പുറത്തുവരുമെന്നായിരുന്നു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പറഞ്ഞത്.

ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം യാഥാര്‍ഥ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങളുടെ നിലപാട് തേടും

keralanews centre plans to implement one country one nation plan seek opion from states

ന്യൂഡല്‍ഹി:തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനുള്ള ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുന്നതിന്റെ ഭാഗമായി ഒറ്റ വോട്ടര്‍ പട്ടിക നടപ്പിലാക്കിയേക്കും.ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടും. തദ്ദേശ, നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ഒറ്റ വോട്ടര്‍ പട്ടിക എന്നതിനേപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച ചെയ്തു. എന്നാല്‍ ഒറ്റ വോട്ടര്‍ പട്ടിക എന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ്. നിലവില്‍ കേരളമടക്കം ഏഴ് സംസ്ഥാനങ്ങള്‍ വ്യത്യസ്ത വോട്ടര്‍ പട്ടികയാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. ഇതിനെല്ലാത്തിനും പകരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക ആക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗത്തില്‍ രണ്ട് നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നുവന്നത്. വോട്ടര്‍പട്ടിക ഒന്നാക്കി മാറ്റുന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നതാണ് ഒരു നിര്‍ദ്ദേശം. മാത്രമല്ല തദ്ദേശഭരണ, നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകളെല്ലാം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലാക്കുന്നതിന് നിയമ ഭേദഗതിയും ആവശ്യമാണെന്ന നിര്‍ദ്ദേശവും യോഗത്തില്‍ ഉയര്‍ന്നുവന്നു.ഒരു രാജ്യം ഒറ്റ വോട്ടര്‍ പട്ടിക എന്നത് നടപ്പിലാവുകയാണെങ്കില്‍ ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കാന്‍ സാധിക്കുമെന്ന് കേന്ദ്രം പറയുന്നു. ഇതിലൂടെ തിരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിവരുന്ന വലിയ ചെലവുകള്‍ കുറയ്ക്കാനാകുമെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.വോട്ടര്‍പട്ടിക ഒന്നാക്കി മാറ്റുന്ന വിഷയത്തില്‍ വ്യത്യസ്ത വോട്ടര്‍ പട്ടികയുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ കാബിനറ്റ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരച്ചറിയല്‍ കാര്‍ഡുള്ളവര്‍ പോലും ഇത്തരം സംസ്ഥാനങ്ങളിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോകുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളൊക്കെ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രം പറയുന്നത്.

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണങ്ങൾ കൂടി

keralanews three covid death reported in kerala today

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി,പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലാണ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴയില്‍ ചെങ്ങന്നൂര്‍ കല്ലിശ്ശേരി അറേപ്പുറത്ത് ജയ്മോന്‍ (64) ആണ് മരിച്ചത്. ഒരാഴ്ചയായി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ശ്വാസ തടസമടക്കമുള്ള അസുഖങ്ങള്‍ക്ക് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു.പത്തനംതിട്ടയില്‍ വാഴമുട്ടം സ്വദേശി കരുണാകരന്‍ (67) ആണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്.പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കരുണാകരന്‍ കരള്‍ രോഗ ബാധിതനുമായിരുന്നു.ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാമാക്ഷി സ്വദേശി ദാമോദരന്‍ (80) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

പാലത്തായി പീഡന കേസ്;ഇരയായ പെൺകുട്ടിക്കെതിരെ അന്വേഷണ സംഘം ഹൈക്കോടതിയില്‍

keralanews palathayi rape case investigation team submitted report against the girl

കണ്ണൂര്‍: പാലത്തായി പീഡന കേസില്‍ ഇരയ്‌ക്കെതിരെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ‌.പീഡനത്തിന് ഇരയായ 11 കാരി നുണ പറയുന്നതായി അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.കുട്ടിയ്ക്ക് നുണ പറയുന്ന ശീലവും വിചിത്ര ഭാവനകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും മൊഴി സംബന്ധിച്ച്‌ വ്യക്തത വരുത്തണമെങ്കില്‍ വിദഗ്ദ്ധരായ മന:ശാസ്ത്രജ്ഞരുടെ സഹായം ആവശ്യമാണെന്നും അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.പെണ്‍കുട്ടിക്ക് നിയമപ്രകാരം നിയോഗിക്കപ്പെട്ട കൗണ്‍സിലര്‍മാരുടെ സഹായം നല്‍കിയിരുന്നു. കൗണ്‍സിലേര്‍സ് നല്‍കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് ക്രൈം ബ്രാഞ്ച് സംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട്‌ കുട്ടിയുടെ മാതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.ബി.ജെ.പി നേതാവും അധ്യാപകനുമായ കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ സ്‌കൂളിലെ ശുചിമുറിയില്‍ പീഡിപ്പിച്ചുവെന്നാണ് കേസ്.

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;2097 പേർക്ക് രോഗമുക്തി

keralanews 2543 covid cases confirmed in the state today and 2097 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 286 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 207 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 189 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 157 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 156 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 135 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 127 പേര്‍ക്കും, കോട്ടയം നിന്നുള്ള 126 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 88 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 49 പേര്‍ക്കും, വയനാട് ജില്ലയില്‍ 19 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 156 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 497 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 279 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 179 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 178 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 144 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 120 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 22, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ 6 വീതവും, എറണാകുളം ജില്ലയിലെ 5, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 4 വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ 2 വീതവും, കാസര്‍ഗോഡ് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2097 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 544 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 93 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 49 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 150 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 82 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 155 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 110 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 93 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 345 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 106 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 134 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 193 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്.

സ്വര്‍ണകടത്ത് കേസ്; ജനം ടിവിയുടെ ചുമതലകളിൽ നിന്നും മാറിനിൽക്കുന്നതായി അനില്‍ നമ്പ്യാർ

keralanews gold smuggling case anil nambiar steps down from janam tv duties

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്നയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ജനം ടി.വി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാർ വിശദീകരണവുമായി രംഗത്ത്. നീതിക്ക് നിരക്കാത്തതോ നിയമവിരുദ്ധമായതോ ഒന്നും ചെയ്യാത്തിടത്തോളം കാലം ഒരന്വേഷണത്തെയും ഭയക്കുന്നില്ലെന്ന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

”തന്നെ ഒരു രാജ്യദ്രോഹിയായി ചിത്രീകരിച്ച്‌ ഇകഴ്ത്തലുകളുടെ ഘോഷയാത്രയുമായി സഹപ്രവര്‍ത്തകര്‍ കഴിഞ്ഞ വാര്‍ത്താദിവസം ആഘോഷിച്ചു. കഥയറിയാതെ ആട്ടം നടത്തിയവരോട് ഒന്നും പറയാനില്ല. റേറ്റിങ്ങിനായുള്ള അഭ്യാസമെന്നതിലുപരിയായി ഈ ആട്ടക്കഥയെ കാണുന്നില്ല. സഹപ്രവര്‍ത്തകരുടെ കൂരമ്പുകളേറ്റ് എെന്‍റ പ്രതികരണശേഷിക്കോ പ്രജ്ഞക്കോ എന്തെങ്കിലും ചെറിയൊരു പോറല്‍ പോലും ഏറ്റിട്ടില്ല. യു.എ.ഇ കോണ്‍സുലേറ്റിെന്‍റ വിശദീകരണം തേടാന്‍ മാത്രമാണ് സ്വപ്നയെ വിളിച്ചത്.സ്വര്‍ണക്കടത്തുമായി എനിക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുടെ രാഷ്ട്രീയം വ്യക്തമാണ്. ഞാന്‍ വഴി ജനം ടി.വിയിലൂടെ ബി.ജെ.പിയുടെ ഉന്നതരെ അടിക്കുകയാണ് ഉദ്ദേശ്യം. ചാനലിലെ എെന്‍റ സാന്നിദ്ധ്യം ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ഒഴുക്കിന് പ്രതിബന്ധമാകുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ ഈ വിഷയത്തില്‍ എന്നെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ ദുരീകരിക്കപ്പെടുന്നത് വരെ ജനം ടി.വി ഏല്‍പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളില്‍നിന്നും ഞാന്‍ മാറി നില്‍ക്കുന്നു” -അനില്‍ നമ്പ്യാർ കുറിപ്പില്‍ പറഞ്ഞു. ബി.ജെ.പിക്ക് യു.എ.ഇ കോണ്‍സുലേറ്റിെന്‍റ പിന്തുണ ലഭിക്കാന്‍ സഹായിക്കണമെന്ന് ജനം ടി.വി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാർ ആവശ്യപ്പെട്ടുവെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വ്യക്തമാക്കിയിരുന്നു. ഡിപ്ലോമാറ്റിക് ബാഗുവഴിയല്ല സ്വര്‍ണമെത്തിയതെന്ന പ്രസ്താവന പുറത്തിറക്കണമെന്ന് കോണ്‍സുലേറ്റ് ജനറലിനോട് ആവശ്യപ്പെടാന്‍ അനില്‍ നമ്പ്യാർ നിര്‍ദേശിച്ചുവെന്നും സ്വപ്ന സുരേഷ് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കസ്റ്റംസ് അനിലിനെ കഴിഞ്ഞദിവസം നാലേമുക്കാല്‍ മണിക്കൂറാണ് ചോദ്യംചെയ്തത്. മൊഴിയില്‍ കൂടുതല്‍ വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. സ്വപ്ന സുരേഷിന്റെ മൊഴിയുമായി ഒത്തുനോക്കിയശേഷം അനില്‍ നമ്പ്യാരെ വീണ്ടും വിളിപ്പിക്കും.

മീൻവണ്ടിയിൽ കഞ്ചാവ് വിൽപ്പന;സംഘത്തിലെ പ്രധാന കണ്ണി കണ്ണൂരില്‍ പിടിയില്‍

keralanews cannabis sale through fish vehicle main accused arrested in kannur

കണ്ണൂര്‍: മീന്‍ വണ്ടിയില്‍ കഞ്ചാവ് എത്തിച്ച്‌ ഇടപാടുകാര്‍ക്ക് കൈമാറുന്ന സംഘത്തിലെ മുഖ്യകണ്ണി എക്സൈസ് പിടിയില്‍.തലശ്ശേരിയിൽ നാട്ടുകാരാണ് ഇയാളെ പിടികൂടി എക്സൈസിന് കൈമാറിയത്. ഒരാള്‍ പുഴയില്‍ ചാടി രക്ഷപ്പെട്ടു.രാവിലെ ഒൻപതേകാലോടെ  കൊടുവള്ളി പുതിയ പാലത്തിന് സമീപത്താണ് കഞ്ചാവുമായി എത്തിയ രണ്ട് പേരെ നാട്ടുകാര്‍ പിടികൂടിയത്. കാസര്‍കോഡ് ഉപ്പള സ്വദേശി കിരണ്‍, സുഹൃത്തും സഹായിയുമായ ബിപിന്‍ എന്നിവരാണ് കുടുങ്ങിയത്. എക്സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുന്നതിനിടെ ബിപിന്‍ കുതറി ഓടി തൊട്ടടുത്ത കൊടുവള്ളി പുഴയിലേക്ക് ചാടി. പോലീസിന്റെയും അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും സഹായത്തോടെ എക്സൈസ് തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല. നാലര കിലോ കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. ഹൈഡ്രോളിക് സംവിധാനത്തില്‍ പ്രസ് ചെയ്ത് കേക്ക് രൂപത്തിലായിരുന്നു ഉണക്കിയ കഞ്ചാവ്.കാസര്‍കോഡ് കേന്ദ്രീകരിച്ച്‌ ലഹരി ഇടപാട് നടത്തുന്ന വന്‍ റാക്കററിലെ കണ്ണികളാണ് തലശ്ശേരിയിലെത്തിയതെന്ന് എക്സൈസ് വ്യക്തമാക്കി. തലശ്ശേരിയിലെ ചില വില്പനക്കാര്‍ക്ക് വേണ്ടിയാണ് ഇവര്‍ കഞ്ചാവ് എത്തിച്ചത്. തലശേരിയിലുള്ള സംഘത്തെ പറ്റി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.

15,000 രൂപയില്‍ താഴെ വിലയുള്ള ലാപ്ടോപ്പ് വിപണിയിൽ എത്തിക്കാനൊരുങ്ങി കേരളത്തിന്റെ സ്വന്തം കമ്പനിയായ ‘കൊക്കോണിക്സ്’

keralanews keralas own laptop company coconics set to launch laptop under 15000 rupees

തിരുവനന്തപുരം:15,000 രൂപയില്‍ താഴെ വിലയുള്ള ലാപ്ടോപ്പ് വിപണിയിൽ എത്തിക്കാനൊരുങ്ങി കേരളത്തിന്റെ സ്വന്തം കമ്പനിയായ ‘കൊക്കോണിക്സ്’.കേന്ദ്ര സര്‍ക്കാരിന്റെ ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചാലുടന്‍ വിപണിയിലിറക്കും. കൊക്കോണിക്സിന്റെ ആറ് പുതിയ മോഡല്‍ ആമസോണില്‍ വീണ്ടുമെത്തി. ഓണം പ്രമാണിച്ച്‌ വെള്ളിയാഴ്ച മുതല്‍ സെപ്തംബര്‍ മൂന്നുവരെ അഞ്ചു ശതമാനംവരെ വിലക്കുറവില്‍ ലാപ്ടോപ് ലഭിക്കും. നേരത്തേ മൂന്നു മോഡലാണ് ആമസോണില്‍ ലഭ്യമായിരുന്നത്.കോവിഡ് കാലത്ത് വിതരണം മുടങ്ങിയതിനാല്‍ നിര്‍ത്തിവച്ചിരുന്ന വിപണനമാണ് ആമസോണിലൂടെ വീണ്ടും ആരംഭിച്ചത്.25,000 മുതല്‍ 40,000 രൂപവരെയുള്ള ആറു മോഡലാണുള്ളത്.ഇതുവരെ 4000ല്‍ അധികം ലാപ്ടോപ്പുകള്‍ വിറ്റഴിച്ചു. ആയിരത്തോളം ലാപ്ടോപ്പുകളുടെ ഓര്‍ഡറുമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച കൊക്കോണിക്സ് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ലാപ്ടോപ് നിര്‍മിക്കുന്ന രാജ്യത്തെ ആദ്യസംരംഭമാണ്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, ഇലക്‌ട്രോണിക് ഉല്‍പ്പാദനരംഗത്തെ ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബല്‍, ഇന്റല്‍, കെഎസ്‌ഐഡിസി, സ്റ്റാര്‍ട്ടപ്പായ ആക്സിലറോണ്‍ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന സംരംഭമാണ് കൊക്കോണിക്സ്. ബഹുരാഷ്ട്ര കമ്പനികളുടെ ലാപ്ടോപ്പുകളേക്കാള്‍ വിലക്കുറവാണ് പ്രധാനനേട്ടം. കെല്‍ട്രോണിന്റെ തിരുവനന്തപുരം മണ്‍വിളയിലുള്ള പഴയ പ്രിന്റഡ് സര്‍ക്യൂട്ട് നിര്‍മാണശാലയാണ് കൊക്കോണിക്സിന് കൈമാറിയത്.

സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി

keralanews one more covid death in the state

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം കിളിമാനൂര്‍ പാപ്പാലയില്‍ വിജയകുമാര്‍(58) ആണ് മരിച്ചത്. പ്രമേഹമടക്കം മറ്റസുഖങ്ങളുണ്ടായിരുന്ന വിജയകുമാര്‍ കിടപ്പ് രോഗിയായിരുന്നു. സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരം സംസ്ഥാനത്ത് ഇതുവരെ 267 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. തിരുവനന്തപുരത്ത് നിന്നാണ് എറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 81പേരാണ് മരിച്ചത്.

വയനാട്ടിലെ അന്തര്‍ സംസ്ഥാന റോഡുകളെല്ലാം ഇന്ന് മുതല്‍ പൂര്‍ണ്ണമായി തുറക്കും

keralanews all inter state roads in wayanad will be fully open from today

വയനാട്: വയനാട്ടിലെ മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി തുടങ്ങിയ അന്തര്‍ സംസ്ഥാന റോഡുകളെല്ലാം ഇന്ന് മുതല്‍ പൂര്‍ണ്ണമായി തുറക്കാന്‍ തീരുമാനം.അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് യാതൊരു വിധ നിയന്ത്രണവും ഏര്‍പ്പെടുത്തരുതെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.പുറത്ത് നിന്ന് യാത്ര ചെയ്‌തെത്തുന്നവര്‍ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വയനാട് ജില്ലയിലേക്ക് പ്രവേശിക്കാവുന്ന എല്ലാ റോഡുകളിലൂടെയും വ്യക്തികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുളള അറിയിച്ചു.യാത്രക്കാര്‍ കൊറോണ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് മാത്രമെ പരിശോധിക്കാവൂ. മറ്റു തടസ്സങ്ങള്‍ യാത്രക്കാര്‍ക്ക് ഉണ്ടാക്കരുതെന്നും ജില്ലാകളക്ടര്‍ വ്യക്തമാക്കി.ഇത്തരത്തില്‍ ജില്ലയിലേക്ക് പ്രവേശിക്കുന്നവര്‍ ക്വാറന്റൈനില്‍ പോവേണ്ടതാണെങ്കില്‍ അത്തരക്കാരെ അതത് ഗ്രാമപഞ്ചായത്ത്, മെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ ബന്ധപ്പെടേണ്ടതും ക്വാറന്റൈന്‍ ഉറപ്പുവരുത്തേണ്ടതുമാണ്.കുട്ട ബാവലി എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന ടെസ്റ്റിംഗ് സ്ഥലത്ത് ആവശ്യമായ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിയമിക്കണം. എന്നാല്‍ അതിര്‍ത്തി കടന്ന് വരുന്ന യാത്രക്കാരില്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ മാത്രമെ ടെസ്റ്റ് ചെയ്യാന്‍ പാടുള്ളൂ. നീലഗിരി ജില്ലയില്‍ നിന്നും ജില്ലയില്ലേക്ക് പ്രവേശിക്കുനവര്‍ക്ക് രോഗലക്ഷണം ഉണ്ടെങ്കില്‍ അവരെ മുത്തങ്ങ ഫെസിലേറ്റേഷന്‍ സെന്ററിലേക്ക് അയക്കേണ്ടതാണെന്നും ജില്ലാകളക്ടര്‍ വ്യക്തമാക്കി.നിലവിൽ മുത്തങ്ങയിലുള്ള ഫെസിലിറ്റേഷന്‍ സെന്ററില്‍ ചരക്കു വാഹനങ്ങളെ തടയാനോ പാസ് ആവശ്യപ്പെടാനോ പാടില്ലെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.