കണ്ണൂര്‍:കണ്ണൂരില്‍ ഇന്നലെ ഒൻപത് പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു.ഇവരിൽ ഏഴുപേർ വിദേശത്ത് നിന്നും രണ്ടുപേർ ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ്.കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 26ന് ദുബൈയില്‍ നിന്ന് എഫ്‌സെഡ് 4811 വിമാനത്തിലെത്തിയ 38കാരനായ പെരിങ്ങത്തൂര്‍ സ്വദേശി , ജൂണ്‍ 29ന് ഖത്തറില്‍ നിന്ന് എസ്ജി 9375 വിമാനത്തിലെത്തിയ 49കാരനായ കുറുമാത്തൂര്‍ സ്വദേശി, ഇതേ വിമാനത്തിലെത്തിയ ഇരിക്കൂര്‍ സ്വദേശിയായ 34കാരന്‍, അതേദിവസം കരിപ്പൂര്‍ വിമാനത്താവളം വഴി സൗദി അറേബ്യയില്‍ നിന്ന് എസ്ജി 920 വിമാനത്തിലെത്തിയ ചെമ്പിലോട് സ്വദേശിയായ 46കാരന്‍, ജൂണ്‍ 24ന് ബഹറിനില്‍ നിന്ന് ജിഎഫ് 7272 വിമാനത്തിലെത്തിയ ചെറുകുന്ന് സ്വദേശിയായ 30കാരന്‍, ജൂണ്‍ 28ന് ഖത്തറില്‍ നിന്ന് എസ്ജി 9472 വിമാനത്തിലെത്തിയ മട്ടന്നൂര്‍ സ്വദേശിയായ 29കാരന്‍,നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 13ന് ജെ9 1405 വിമാനത്തിലെത്തിയ തലശ്ശേരി മൂഴിക്കര സ്വദേശിയായ 50കാരന്‍ എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവര്‍. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 19ന് ഡല്‍ഹിയില്‍ നിന്ന് എഐ 425 വിമാനത്തിലെത്തിയ പട്ടുവം സ്വദേശിയായ 34കാരന്‍, അന്നേ ദിവസം ചെന്നൈയില്‍ നിന്ന് എത്തിയ തളിപ്പറമ്പ് സ്വദേശിയായ 40കാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന ആറ് പേര്‍ ഇന്നലെ രോഗമുക്തരായി. ജില്ലാ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന മുണ്ടേരി സ്വദേശിയായ 50കാരന്‍, ചന്ദനക്കാംപാറ സ്വദേശിയായ 29കാരന്‍, വേങ്ങാട് സ്വദേശിയായ 30കാരന്‍, കരിവെള്ളൂര്‍ സ്വദേശിയായ 52കാരന്‍, പഴയങ്ങാടി സ്വദേശിയായ 25കാരി, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പന്ന്യന്നൂര്‍ സ്വദേശിയായ 64കാരന്‍ എന്നിവരാണ് രോഗം ഭേദമായി ഇന്നലെ ആശുപത്രി വിട്ടത്.
കോവിഡ് പരിശോധനയ്ക്ക് സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദേശം വേണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി:കോവിഡ് പരിശോധനയ്ക്ക് സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദേശം വേണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍.രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിര്‍ദേശമുണ്ടെങ്കില്‍ ആര്‍ക്കും കോവിഡ് പരിശോധനയ്ക്ക് വിധേയരാവാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുള്‍പ്പെടെ യോഗ്യതയുള്ള മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.ഇതോടെ പരിശോധനയുമായി ബന്ധപ്പെട്ട തടസങ്ങള്‍ മാറിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ഇതേ തുടര്‍ന്ന് രാജ്യത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിച്ചു.കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 2,29,588 പേരില്‍ കോവിഡ് പരിശോധന നടത്തി. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ കോവിഡ് പരിശോധനയുടെ എണ്ണം ഏതാണ്ട് ഒരു കോടിക്കടുത്തായി. വ്യാഴാഴ്ച വരെ 90,56,173 സാംപിളുകള്‍ പരിശോധിച്ചു.രാജ്യത്ത് കോവിഡ് പരിശോധനയ്ക്കായി മൊത്തം 1065 ലാബുകളാണ് സജ്ജമാക്കിയിരിക്കുന്നത്. അതില്‍ 768 എണ്ണം സര്‍ക്കാര്‍ ലാബുകളാണ്. ഇതിനുപുറമേ, പരിശോധനാ ക്യാമ്പുകൾ, മൊബൈല്‍ വാനുകള്‍ എന്നിവയിലൂടെ കൂടുതല്‍ പരിശോധനകള്‍ നടത്താനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.അതേസമയം, കോവിഡിനുള്ള മുഖ്യ പരിശോധനയായ ആര്‍ടി- പിസിആര്‍ ടെസ്റ്റിനുപുറമേ റാപ്പിഡ് ആന്റിജന്‍ പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റും നടത്തി പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി മഹേശന്‍റെ ആത്മഹത്യ;വെള്ളാപ്പള്ളി നടേശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും
തിരുവനന്തപുരം:എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി മഹേശന്‍റെ ആത്മഹത്യയിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. വൈകിട്ട് കാണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് മാരാരിക്കുളം പൊലീസ് മൊഴിയെടുക്കുക. മഹേശൻ മരിക്കുന്നതിന് മുമ്പ് പുറത്തുവിട്ട കത്തിലെ ആരോപണങ്ങൾ അന്വേഷണസംഘം ചോദിച്ചറിയും.വെള്ളാപ്പള്ളി നടേശന്‍റെ മൊഴി ഇന്നലെ രേഖപ്പെടുത്താനായിരുന്നു പൊലീസിന്‍റെ തീരുമാനം. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ഇന്നത്തേയ്ക്കു മാറ്റുകയായിരുന്നു.വെള്ളാപ്പള്ളിയുടെ സഹായി കെ.എൽ അശോകന്‍റെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് എടുത്തിരുന്നു. മഹേശനുമായി തനിക്ക് ശത്രുതയില്ലായിരുന്നുവെന്ന് അശോകൻ പൊലീസിനോട് പറഞ്ഞു.വെള്ളാപ്പള്ളി നടേശന്‍റെയും അശോകന്‍റെയും പേര് പരാമർശിക്കുന്ന മഹേശന്‍റെ ആതമഹത്യാക്കുറിപ്പ് പുറത്ത് വന്നതിനു പിന്നാലെയാണ് ഇരുവരുടെയും മൊഴിയെടുക്കൽ പൊലീസ് തീരുമാനിച്ചത്. മഹേശന്‍റെ ആത്മഹത്യാക്കുറിപ്പിലെ മാനസിക പീഡനമടക്കമുള്ള വിഷയങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നിലവിൽ അസ്വഭാവിക മരണത്തിനാണ് മാരാരിക്കുളം പൊലീസ് കേസെടുത്തിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപികരിച്ച് അന്വേഷണം നടത്തണമെന്നാണ് മഹേശന്‍റെ കുടുംബത്തിന്‍റെ ആവശ്യം.
സമൂഹവ്യാപന ആശങ്കയുണര്‍ത്തി കേരളത്തില്‍ ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന;തിരുവനന്തപുരത്തും കൊച്ചിയിലും കായംകുളത്തും നിയന്ത്രണം കടുപ്പിച്ചു
തിരുവനന്തപുരം:സമൂഹവ്യാപന ആശങ്കയുണര്‍ത്തി ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ തിരുവനന്തപുരത്തും കൊച്ചിയിലും കായംകുളത്തും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. നെയ്യാറ്റിന്‍കര വഴുതൂര്‍, ബാലരാമപുരം തളയല്‍, പൂന്തുറ, വഞ്ചിയൂര്‍ അത്താണി ലൈന്‍, പാളയം മാര്‍ക്കറ്റും പരിസരവും കണ്ടെയ്ന്‍മെന്‍ സോണാക്കി.പാളയം മാര്‍ക്കറ്റും സാഫല്യം സമുച്ചയവും ഒരാഴ്ച അടച്ചിടാനാണ് തീരുമാനം.ചെല്ലാനം വെട്ടയ്ക്കല്‍ സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ ഭാര്യ കോവിഡ് പോസിറ്റീവായടെ എറണാകുളം ചെല്ലാനം ഹാര്‍ബര്‍ അടച്ചു. മല്‍സ്യത്തൊഴിലാളിയുടെ ഭാര്യ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയാണ്. അതേസമയം കൊച്ചിയില്‍ ആറ് ദിവസത്തിനകം സമ്പർക്കത്തിലൂടെ കോവിഡ് രോഗികളായവരുടെ എണ്ണം ഇരുപതായി.ഉറവിടം കണ്ടെത്താനാകാത്ത രണ്ടു രോഗികളില്‍ നിന്ന് അഞ്ചുപേര്‍ക്കാണ് രോഗം പിടിപെട്ടതോടെ കായംകുളവും കടുത്ത ആശങ്കയിലാണ്. കായംകുളം നഗരസഭ പരിധിയിലും തെക്കേക്കര പഞ്ചായത്തിലും മുഴുവന്‍ വാര്‍ഡുകളും കണ്ടൈന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ബസ്ചാര്‍ജ് വര്‍ധിപ്പിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറങ്ങും. നിരക്കുവര്‍ധന വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കാതെയും എന്നാല്‍, മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം കുറച്ചുമാണ് വര്‍ധന. ഇതോടെ മിനിമം നിരക്കായ എട്ടുരൂപയില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ചു കിലോമീറ്ററില്‍ നിന്ന് 2.5 കിലോമീറ്ററായി ചുരുങ്ങും.കിലോമീറ്റര്‍ ചാര്‍ജ് നിലവിലെ 70 പൈസ എന്നത് 90 പൈസയായും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ രണ്ടര കിലോമീറ്റര്‍ കഴിഞ്ഞുള്ള സഞ്ചാരത്തിന് പുതിയ സ്‌റ്റേജും നിരക്കുമാകും.ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ടിലെ ശുപാർശ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗം ഭേദഗതികളോടെ അംഗീകരിക്കുകയായിരുന്നു. നിരക്കുവര്‍ധന കോവിഡ് കാലത്തേക്ക് മാത്രമായിരിക്കും. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് തുടങ്ങി മുകളിലേക്കുള്ള സര്‍വിസുകളില്‍ മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം കുറച്ചിട്ടില്ല.മിനിമം ചാര്‍ജ് എട്ടില്‍നിന്ന് 10 രൂപയാക്കണമെന്ന രാമചന്ദ്രന്‍ കമ്മിറ്റിയുടെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചില്ല. മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം 2.5 കിലോമീറ്ററാക്കി ചുരുക്കണമെന്നും ഈ ദൂരപരിധിയിലെ നിരക്ക് 10 രൂപയാക്കണമെന്നുമായിരുന്നു ശുപാർശ.ഇതോടൊപ്പം വിദ്യാര്‍ഥികളുടെ നിരക്ക് ആദ്യത്തെ സ്‌റ്റേജിന് അഞ്ചു രൂപയും തുടര്‍ന്നുള്ള സ്‌റ്റേജുകള്‍ക്ക് വര്‍ധിപ്പിച്ച ചാര്‍ജിന്റെ അഞ്ചു രൂപയും ഏര്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. ഇതും അംഗീകരിച്ചില്ല.