സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 209 പേര്‍ രോഗമുക്തി നേടി

keralanews 240 covid cases in kerala today and 209 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ 37 പേര്‍ക്കും, കണ്ണൂര്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 20 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ 16 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 14 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 6 പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍  2 പേർക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 152 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും(സൗദി അറേബ്യ- 52, യു.എ.ഇ. – 42, കുവൈറ്റ്- 32, ഒമാന്‍- 11, ഖത്തര്‍- 10, മൊസാംബിക്- 1, മാള്‍ഡോവ- 1, നെജീരിയ- 1, സൗത്ത് ആഫ്രിക്ക- 1, ഐവറികോസ്റ്റ് – 1) 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (കര്‍ണാടക- 20, തമിഴ്‌നാട്- 12, മഹാരാഷ്ട്ര- 7, ഡല്‍ഹി- 6, തെലുങ്കാന – 5, ഉത്തര്‍പ്രദേശ് – 1, ജമ്മുകാശ്മീര്‍- 1)വന്നവരാണ്.17 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 4 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 11 ഡി.എസ്.സി.ക്കാര്‍ക്കും 4 സി.ഐ.എസ്.എഫ്.ക്കാര്‍ക്കും തൃശൂര്‍ ജില്ലയിലെ 4 ബി.എസ്.എഫ്.കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 209 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 44 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 38 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേരുടെയും (ഒരു മലപ്പുറം, ഒരു കോഴിക്കോട്), തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും (3 കൊല്ലം, ഒരു പാലക്കാട്, ഒരു മലപ്പുറം), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, മലപ്പുറം (ഒരു കോട്ടയം), കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 6 പേരുടെ വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2129 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3048 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ഒറ്റശേഖരമംഗലം (10), പാറശാല (16, 18), കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി (10), ചൊക്ലി (5), ഏഴോം (7), തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി (34), മയ്യില്‍ (11), എറണാകുളം ജില്ലയിലെ ചെല്ലാനം (15, 16), പിറവം (17), പൈങ്ങോട്ടൂര്‍ (5), ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ (6, 7), പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.അതേസമയം 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 18), രാമപുരം (8), പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് (7), മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി (10), ഇടുക്കി ജില്ലയിലെ കുമളി (14), കട്ടപ്പന മുന്‍സിപ്പാലിറ്റി (5, 8), രാജകുമാരി (8) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 135 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

അങ്കമാലിയില്‍ അച്ഛന്‍ കട്ടിലിൽ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് ആശുപത്രി വിട്ടു

keralanews child tried to kill by father in ankamali discharged from hospital

കൊച്ചി: അങ്കമാലി ജോസ്‌പുരത്ത് അച്ഛന്‍ കട്ടിലിലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുമാസമായ കുഞ്ഞ് രോഗം ഭേദമായി ആശുപത്രി വിട്ടു.വനിത കമ്മീഷന്‍ നിര്‍ദ്ദേശത്തെ തുടർന്ന് അമ്മേയയും കുഞ്ഞിനെയും പുല്ലുവഴിയിലെ മാതൃശിശു കേന്ദ്രത്തിലേക്കാണ് മാറ്റിയത്.ഭര്‍ത്താവിന്റെ ജോസ്‌പുരത്തെ വീട്ടിലേക്ക് പോകാനില്ലെന്ന് കുഞ്ഞിന്റെ അമ്മ പൊലീസിനെ അറിയിക്കുകയായിരുന്നു.കേസിന്റെ നടപടികള്‍ തീരുന്നത് വരെ അമ്മയും കുഞ്ഞും മാതൃശിശു കേന്ദ്രത്തില്‍ താമസിക്കും.ഭര്‍ത്താവിനോടൊപ്പം കഴിയാനാകില്ലെന്നും സ്വദേശമായ നേപ്പാളിലേക്ക് മടങ്ങണമെന്നുമാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്. കഴിഞ്ഞ മാസം 18നാണ് അച്ഛന്‍ ഷൈജു കട്ടിലിലേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞിന് ഗുരുതര പരിക്കേറ്റത്. ഇയാള്‍ റിമാന്‍ഡിലാണ്. കേസില്‍ ഒരുമാസത്തിനകം ചാര്‍ജ് ഷീറ്റ് നല്‍കുമെന്ന് ആങ്കമാലി സി.ഐ ബാബു അറിയിച്ചു.അച്ഛന്‍റെ മർദ്ദനത്തിൽ കുട്ടിയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. തലയോട്ടിയിലും തലച്ചോറിലും രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ശസ്ത്രക്രിയയും വേണ്ടി വന്നു. കോലഞ്ചേരി മെഡിക്കൽ കോളേജിലെ മുന്നാഴ്ചത്തെ ചികിത്സ ഫലം കണ്ടതോടെയാണ് കുട്ടി ജീവിതത്തിലേക്ക് തിരിച്ച് വന്നത്. രണ്ട് മാസം പ്രായമായ കുഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെയാണ് ആശുപത്രി വിടുന്നത്. എന്നാല്‍ ഓരോ മാസവും കുട്ടിക്ക് പരിശോധന നടത്തേണ്ടതുണ്ടെന്ന് ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ അറിയിച്ചു.

കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ മരിച്ചു

keralanews man under covid observation died in kannur

കണ്ണൂര്‍: കുവൈത്തില്‍ നിന്നെത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ആൾ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി പുനത്തില്‍ ശംസുദ്ദീനാ(48)ണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് മരണം സംഭവിച്ചത്.ജൂണ്‍ 24നു കുവൈത്തില്‍ നിന്നു നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയവേ രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് തലശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു. ഖബറടക്കം സ്രവ പരിശോധന ഫലം ലഭിച്ച ശേഷം നടക്കും.

മലപ്പുറത്ത് ക്വാറന്റീന്‍ ലംഘിച്ച് കറങ്ങി നടന്ന യുവാവിന് കൊവിഡ്;നിരവധി പേരുമായി സമ്പർക്കം; യുവാവ് സന്ദര്‍ശിച്ച കടകള്‍ അടക്കാന്‍ ഉത്തരവ്

keralanews man who violate quarantine criteria confirmed covid in malappuram

മലപ്പുറം:എടവണ്ണപ്പാറയിൽ ക്വാറന്റീന്‍ ലംഘിച്ച് കറങ്ങി നടന്ന യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു.ചീക്കോഡ് സ്വദേശിയായ 23കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.ജൂണ്‍ 18 നാണ് ഇയാള്‍ ജമ്മു കാശ്മീരില്‍ നിന്ന് നാട്ടിലേക്ക് എത്തിയത്. തുടര്‍ന്ന് ഇയാള്‍ നിരവധി കടകളില്‍ കയറി. നാട്ടിലെത്തി ഏഴു ദിവസം പോലും പൂര്‍ത്തിയാക്കാതെയാണ് ഇയാള്‍ കറങ്ങിനടന്നത്. കഴിഞ്ഞ മാസം 23 ന് മൊബൈല്‍ ഷോപ്പില്‍ കയറുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവാവിന് രോഗം സ്ഥിരീകരിച്ചതോടെ ഇയാള്‍ സന്ദര്‍ശനം നടത്തിയ കടകള്‍ ആരോഗ്യവിഭാഗം അടപ്പിച്ചു.ഇയാളുടെ സമ്പർക്ക ലിസ്റ്റ് തയ്യാറാക്കി വരികയാണ്.

എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് സേ​വ​ന​ങ്ങ​ള്‍ ഇനി ഓ​ണ്‍​ലൈൻ വഴി

keralanews employment exchange services are now in online

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഉദ്യോഗാര്‍ഥികളുടെ തിരക്ക് നിയന്ത്രിക്കാന്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയുള്ള സേവനങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.രജിസ്ട്രേഷന്‍, പുതുക്കല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍ സെപ്റ്റംബര്‍ 30 വരെ www.eemploy ment.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി മാത്രം ലഭിക്കും. എന്നാല്‍ ‘ശരണ്യ’, ‘കൈവല്യ” തുടങ്ങിയ സ്വയം തൊഴില്‍ പദ്ധതികളുടെ വായ്പാ തിരിച്ചടവ് , എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ വഴി താത്കാലിക നിയമനം കിട്ടിയവരുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍ ബന്ധപ്പെട്ട എക്സ്ചേഞ്ചുകള്‍ വഴി നേരിട്ട് ലഭ്യമാക്കും. പുതിയ രജിസ്ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവ ഓണ്‍ലൈനായി നിര്‍വഹിക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ 31 നകം അതത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പരിശോധനക്കായി ഹാജരാക്കിയാല്‍ മതി. 2019 ഡിസംബര്‍ 20 നു ശേഷം ജോലിയില്‍ നിന്നും നിയമാനുസൃതം വിടുതല്‍ ചെയ്യപ്പെട്ട് ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് 2020 ഡിസംബര്‍ 31 വരെ സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത് നല്‍കും.ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ രജിസ്ട്രേഷന്‍ പുതുക്കേണ്ടവര്‍ക്ക് ഡിസംബര്‍ 31 വരെ രജിസ്ട്രേഷന്‍ പുതുക്കല്‍ അനുവദിക്കും. 2019 മാര്‍ച്ചിനോ അതിനുശേഷമോ രജിസ്ട്രേഷന്‍ പുതുക്കേണ്ട പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും ഈ ആനുകൂല്യം ഡിസംബര്‍ 31 വരെ ലഭിക്കും. ഈ കാലയളവില്‍ ഫോണ്‍/ഇമെയില്‍ മുഖേന അതത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ ബന്ധപ്പെട്ടും രജിസ്ട്രേഷന്‍ പുതുക്കാം. ഓണ്‍ലൈന്‍ സേവനങ്ങള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് ബന്ധപ്പെട്ട എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുമായി ഫോണ്‍/ഇമെയില്‍ മുഖേന ബന്ധപ്പെടാവുന്നതാണ് .

കണ്ടെയ്ന്‍മെന്റ് സോണിൽ വൈദ്യുതി റീഡിംഗ് എടുക്കേണ്ടത് ഉപയോക്താവ്;മീറ്ററിന്റെ ചിത്രം വാട്സാപ് ചെയ്യണം

keralanews user take electricity meter reading in containment zone and whatsapp the picture of meter

തിരുവനന്തപുരം: കോവിഡ് കണ്ടെയ്ന്‍മെന്റ് മേഖലയില്‍ വൈദ്യുതി റീഡിംഗ് ഉപയോക്താക്കള്‍ സ്വയം എടുക്കണമെന്ന് കെ.എസ്.ഇ.ബി. മീറ്റര്‍ റീഡര്‍മാര്‍ ഫോണില്‍ നല്‍കുന്ന നിര്‍ദേശം അനുസരിച്ചു ഉപയോക്താവു സ്വയം റീഡിങ് എടുത്ത ശേഷം മീറ്ററിന്റെ പടം വാട്സാപ്പില്‍ അയച്ചാല്‍ മതിയെന്നു വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള അറിയിച്ചു.സ്വയം മീറ്റര്‍ റീഡിങ് എടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്കു ശരാശരി ഉപയോഗം കണക്കാക്കി ബില്‍ നല്‍കും.ഈ തുക പിന്നീടു റീഡിങ് എടുക്കുമ്പോൾ ക്രമീകരിച്ചു നല്‍കും. മീറ്റര്‍ റീഡിങ്ങിനു സമയമാകുമ്പോൾ ബോര്‍ഡ് അറിയിക്കും. ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയര്‍ തയാറാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു. സോഫ്റ്റ്‌വെയര്‍ യ വിജയിച്ചാല്‍ റീഡിങ് എടുക്കാന്‍ സമയമാകുമ്പോൾ ഉപയോക്താവിന് എസ്‌എംഎസ് ലഭിക്കും.താല്‍പര്യമുള്ളവര്‍ മീറ്ററിന്റെ പടം എടുത്ത് നിശ്ചിത ലിങ്കില്‍ അപ്‌ലോ‍ഡ് ചെയ്താല്‍ മതിയാകും.ഈ സംവിധാനം നിലവില്‍ വരുന്നതു വരെയാണു മീറ്റര്‍ റീഡര്‍ ഫോണില്‍ വിളിച്ചു പടം എടുത്തു വാട്സാപ്പില്‍ ഇടാന്‍ ആവശ്യപ്പെടുക.

കണ്ണൂർ ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 18 പേർക്ക്;11 പേര്‍ക്ക് രോഗമുക്തി;ഏഴു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

keralanews 18 covid cases confirmed in kannur yesterday 11 cured seven more wards in containment zone

കണ്ണൂര്‍: ജില്ലയില്‍ 18 പേര്‍ക്ക് ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചു.ഇവരിൽ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഒരാള്‍ ഡല്‍ഹിയില്‍ നിന്നും എത്തിയവരാണ്. സിഐഎസ്‌എഫ് ഉദ്യോഗസ്ഥരാണ് ബാക്കിയുള്ള ആറു പേര്‍. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന് റിയാദില്‍ നിന്നുള്ള ജെ9 1405 വിമാനത്തിലെത്തിയ മയ്യില്‍ സ്വദേശി 62കാരന്‍, 19ന് ദുബൈയില്‍ നിന്നുള്ള ഐഎക്‌സ് 1746 വിമാനത്തിലെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 34കാരന്‍, 24ന് ഒമാനില്‍ നിന്നുള്ള 6ഇ 8704 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 28കാരി, 26ന് ദുബൈയില്‍ നിന്നുള്ള എസ്‌സെഡ് 4717 വിമാനത്തിലെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 65കാരി, അതേദിവസം ഖത്തറില്‍ നിന്നുള്ള 6ഇ 9381 വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശി 34കാരന്‍, 30ന് ഒമാനില്‍ നിന്നുള്ള ഒവി 1682 വിമാനത്തിലെത്തിയ തളിപ്പറമ്പ് സ്വദേശി 42കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 18ന് ഷാര്‍ജയില്‍ നിന്നുള്ള എസ്ജി 9024 വിമാനത്തിലെത്തിയ പെരളശ്ശേരി സ്വദേശി 42കാരന്‍, 19ന് ഒമാനില്‍ നിന്നുള്ള എംവൈ 2291 വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശി 43കാരന്‍, 24ന് ബഹറിനില്‍ നിന്നുള്ള ഗള്‍ഫ് എയര്‍ 7274 വിമാനത്തിലെത്തിയ കോളയാട് സ്വദേശി 31കാരന്‍, ജൂലൈ ഒന്നിന് അബൂദബിയില്‍ നിന്നുള്ള ഐഎക്‌സ് 1715 വിമാനത്തിലെത്തിയ മുംബൈ സ്വദേശിയായ വിമാന ജീവനക്കാരന്‍ 30കാരന്‍, കൊച്ചി വിമാനത്താവളം വഴി ജൂണ്‍ 10ന് ദുബൈയില്‍ നിന്നുള്ള ഇകെ 9834 വിമാനത്തിലെത്തിയ പിണറായി സ്വദേശി 38കാരന്‍ എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവര്‍.പെരിങ്ങോം സ്വദേശി 36കാരന്‍ ജൂണ്‍ 21ന് മംഗള എക്‌സ്പ്രസിലാണ് ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലെത്തിയത്. സിഐഎസ്‌എഫ് ഉദ്യോഗസ്ഥരില്‍ മൂന്ന് കേരള സ്വദേശികള്‍ക്കും ആസാം, മധ്യപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരാള്‍ക്കു വീതവുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം കോവിഡ് ബാധിച്ച്‌ ചികില്‍സയിലായിരുന്ന 11 പേര്‍ ഇന്നലെ രോഗമുക്തരായി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുട്ടം സ്വദേശി 26കാരി, കടന്നപ്പള്ളി സ്വദേശി 55കാരന്‍, മുഴപ്പിലങ്ങാട് സ്വദേശി 49കാരി, എരമം കുറ്റൂര്‍ സ്വദേശി 43കാരി, മാട്ടൂല്‍ സ്വദേശി 40കാരന്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 63കാരന്‍, കണിച്ചാര്‍ സ്വദേശി 65കാരി, കൊളശ്ശേരി സ്വദേശി 58കാരന്‍, ചൊക്ലി സ്വദേശി 45കാരന്‍, മുണ്ടേരി സ്വദേശി 49കാരന്‍, എട്ടിക്കുളം സ്വദേശി 44കാരന്‍ എന്നിവരാണ് ഇന്നലെ ഡിസ്ചാര്‍ജ് ആയത്.നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22609 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 75 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 23 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 277 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 44 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ നാലു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ മൂന്നു പേരും വീടുകളില്‍ 22183 പേരുമാണ് നിരീക്ഷണത്തിലുള്ളത്.ജില്ലയിലെ ഏഴു തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കോളയാട്-14, മയ്യില്‍-11, പെരളശ്ശേരി-6, പാനൂര്‍- 33, പിണറായി-9, മുഴപ്പിലങ്ങാട്-2, പെരിങ്ങോം വയക്കര- 12 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്.

സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;201 പേർക്ക് രോഗമുക്തി

keralanews 211 covid cases confirmed in kerala today and 201 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17, പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍ഗോട് 7,പത്തനംതിട്ട 7, ഇടുക്കി 2, വയനാട് 1, എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ആറ് സിഐഎസ്എഫുകാര്‍ക്കും എയര്‍ ക്രൂവില്‍ നിന്നുള്ള ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 4964 ആയി. ഇതില്‍ 2894 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അതേസമയം ഇന്ന് 201 പേർ രോഗമുക്തി നേടി.തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശൂര്‍ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂര്‍ 13, കാസര്‍കോട് 12 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.ഇന്ന് 378 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രധാനമന്ത്രിയും സൈനിക മേധാവികളും ലഡാക്ക് സന്ദർശിച്ചു;സംഘര്‍ഷ മേഖലയിലേക്കുള്ള യാത്ര മൂന്‍കൂട്ടി പ്രഖ്യാപിക്കാതെ

keralanews prime minister and army chiefs visit ladakh

ന്യൂഡല്‍ഹി: ഇന്ത്യാ – ചൈനാ അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ലഡാക്കില്‍ സൈനികരെ സന്ദര്‍ശിച്ചു. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും കരസേനാ മേധാവി എംഎം നരവനെയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ലഡാക്കില്‍ നടന്ന സംഘര്‍ഷ സാഹചര്യം വിലയിരുത്താനും സൈനിക വിന്യാസം അറിയാനുമാണ് സന്ദര്‍ശനം.അതേസമയം മുന്‍ കൂട്ടി പ്രഖ്യാപിക്കാതെയായിരുന്നു യാത്ര. രാവിലെ തന്നെ ഉന്നതതല സംഘം ലെ യില്‍ എത്തി. പിന്നാലെ ലഡാക്കിലും എത്തി. നിമുവില്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹത്തിന് സ്ഥിതിഗതികള്‍ ലഫ് ജനറല്‍ ഹരീന്ദര്‍ സിംഗ് വിശദീകരിച്ചു കൊടുത്തു. 11,000 അടി ഉയരത്തിലാണ് നിമുവിലെ സൈനിക കേന്ദ്രം. അതിര്‍ത്തിയിലെ സേനാ വിന്യാസം വിലയിരുത്താനായിരുന്നു അദ്ദേഹം എത്തിയത്.അതീവ രഹസ്യമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. ലെയില്‍ എത്തിയ ശേഷമാണ് പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശിക്കുന്നതിന്റെ വാര്‍ത്ത പുറത്തുവന്നത്. ജൂണ്‍ 15 ന് കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ മാസം ഇന്ത്യയുടേയും ചൈനയുടെയും സൈനികര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ 20 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും സൈനിക പിന്മാറ്റ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.ലഡാക്കിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഏതു നീക്കത്തെയും അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച നടത്തിയ റേഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്ക് സൗഹൃദം സൂക്ഷിക്കാനറിയാം. എന്നാല്‍ അത് ദൗര്‍ബല്യമായി കരുതരുതെന്നും ഭാരതമാതാവിനെ തൊട്ടുകളിക്കാന്‍ ആരേയും അനുവദിക്കില്ലെന്നത് നമ്മുടെ ധീരരായ സൈനികര്‍ തെളിയിച്ചു കൊടുത്തെന്നും പറഞ്ഞു.

ഇന്ത്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ ആഗസ്റ്റ് 15 ന് ലഭ്യമാകും; പരീക്ഷണം അവസാന ഘട്ടത്തിലെന്ന് ഐസിഎംആര്‍

keralanews indias covid vaccine to be available on august 15 icmr is in the final stages of testing

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കൊറോണ വാക്‌സിന്‍ അടുത്ത മാസം പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ. തദ്ദേശീയമായി നിര്‍മ്മിച്ചെടുത്ത ബിബിവി152 കൊറോണ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിനായി ഭാരത് ബയോടെക്കു ഇന്റര്‍നാഷണല്‍ ലിമിറ്റുമായി പങ്കുചേര്‍ന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ആഗസ്റ്റ് 15 ഓടെ വാക്‌സിന്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് ആദ്യമായാണ് ഇന്ത്യ തദ്ദേശീയമായി വാകിസിന്‍ നിര്‍മ്മിക്കുന്നത്. അതുകൊണ്ടുതന്നെ കൊറോണ വാക്‌സിന്റെ നിര്‍മ്മാണം ഇന്ത്യയുടെ പ്രധാന പദ്ധതികളില്‍ ഒന്നാണ്. വാക്സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരന്തരം നിരീക്ഷിച്ചുവരുന്നുണ്ട്. സാര്‍സ് കോവ് 2 ( SARS COV 2) വില്‍ നിന്നും പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് വേര്‍തിരിച്ചെടുത്ത ഇനത്തില്‍ നിന്നുമാണ് വാക്‌സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ വാക്‌സിന്റെ ക്ലിനിക്കല്‍, ക്ലിനിക്കലേതര പ്രവര്‍ത്തനങ്ങളില്‍ ഐസിഎംആറും, ബിബിഐഎല്ലും ഒന്നിച്ച്‌ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ബിബിവി 152 എന്ന കോഡിലുള്ള കോവിഡ് വാക്സിന് കോവാക്സിൻ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയിച്ചാൽ ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ വാക്സിൻ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.