തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 35,കൊല്ലം 11, ആലപ്പുഴ 15, തൃശ്ശൂര്‍ 14, കണ്ണൂര്‍ 11, എറണാകുളം 25, തിരുവനന്തപുരം 7, പാലക്കാട് 8, കോട്ടയം 6, കോഴിക്കോട് 15,കാസര്‍കോട് 6,പത്തനംതിട്ട 26, ഇടുക്കി 6, വയനാട് 8 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.രോഗം ബാധിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ് 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയരാണ്. 35 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. രണ്ട് പേര്‍ രോഗം ബാധിച്ച് മരിച്ചു. കോവിഡ് മൂലം രണ്ട് മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 82 വയസുള്ള മുഹമ്മദും കളമശ്ശേരി മെഡി. കോളേജില്‍ 62 വയസുള്ള യുസഫ് സെയ്ഫൂദിനുമാണ് മരിച്ചത്. വിവിധ ജില്ലകളിലായി 167 പേര്‍ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 7, കൊല്ലം 10, പത്തനംതിട്ട 27, ആലപ്പുഴ 7, കോട്ടയം 11, എറണാകുളം 16, തൃശൂര്‍ 16, പാലക്കാട് 33, മലപ്പുറം 13, കോഴിക്കോട് 5 , കണ്ണൂര്‍ 10, കാസര്‍ഗോട് 12 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.
കൂത്തുപറമ്പ് കണ്ണവത്ത് സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; രണ്ടു പേര്‍ കസ്റ്റഡിയില്‍
കൂത്തുപറമ്പ്:കണ്ണവം തൊടിക്കളത്ത് സി.പി.എം പ്രവര്‍ത്തകനായ യുവാവ് വെട്ടേറ്റ് മരിച്ചു. തൊടിക്കളം അമ്പലത്തിന് സമീപം രേഷ്മാ നിവാസില്‍ വി.കെ.രാഗേഷ് (39) ആണ് കൊല്ലപ്പെട്ടത്. തൊടിക്കളം കുടുംബാരോഗ്യകേന്ദ്രത്തിന് സമീപത്തെ യു.ടി.സി കോളനിക്കടുത്ത് വച്ച് ഇന്നലെ പുലര്‍ച്ചെ 6.30 ഓടെയാണ് സംഭവം. കോളനി പരിസരത്തെത്തിയ രാഗേഷിനെ ഒരു സംഘം വെട്ടുകയായിരുന്നു. സമീപത്തെ റബര്‍ തോട്ടത്തിനടുത്ത് ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ യുവാവിനെ കണ്ടെത്തിയതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കണ്ണവം പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് സി.പി.എം കൂത്തുപറമ്പ് ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.സംഭവത്തില്‍ പൊലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. തൊടിക്കളം യു.ടി.സി കോളനി സ്വദേശികളായ ബാബു, രവി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. സി.പി.എമ്മിന്റെ സജീവപ്രവര്‍ത്തകനായിരുന്ന രാഗേഷ് കണ്ണവത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ചിത്രാംഗദന്‍ വധക്കേസില്‍ പ്രതിയുമായിരുന്നു. ഇതുമായി കൊലപാതകത്തിന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. യു.ടി.സി. കോളനിയിലെ വീടുകള്‍ക്ക് ഭീഷണിയായ കരിങ്കല്‍ ക്വാറിക്കെതിരേ ഇയാള്‍ സമരം നടത്തുകയും അധികൃതര്‍ക്ക് പരാതി നല്‍കുകയും തുടര്‍ന്ന് കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണോ കൊലപാതകമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പരേതനായ വി.കെ.രാഘവന്റെയും പത്മിനിയുടെയും മകനാണ്. ഭാര്യ: ഷിജി. മക്കള്‍: അഞ്ജന, ചന്ദന.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത്;പിന്നിൽ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ;വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞ ദിവസം സ്വർണ്ണം പിടികൂടിയ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്.സ്വര്‍ണ്ണക്കടത്ത് കേസിന് പിന്നില്‍ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായ സ്വപ്‌ന സുരേഷാണെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഇവർക്കായി തെരച്ചില്‍ തുടരുകയാണ്. 15 കോടിയുടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം ഉന്നതതലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് രാവിലെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.സ്വപ്‌ന നിലവിൽ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ചറില്‍ ഓപ്പറേഷന്‍സ് മാനേജരാണ്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ സ്വപ്ന ഒളിവിലാണ്.കേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. കോണ്‍സുലേറ്റ് പിആര്‍ഒയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സരിത് തട്ടിപ്പിനായി ഉപയോഗിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.സരിത്തിനെ കൂടാതെ സ്വപ്ന ഉള്‍പ്പടെയുള്ള അഞ്ച് പ്രതികളെക്കുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്.സംഭവത്തിന്റെ മുഖ്യ ആസൂത്രക സ്വപ്ന ഐ ടി വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥയാണ്. ഇന്‍ഫര്‍മേഡന്‍ ടെക്‌നോളജി വകുപ്പിന് കീഴിലെ സ്ഥാപനത്തിലെ ഓപ്പറേഷന്‍സ് മാനേജരായ ഇവര്‍ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു എന്നും കസ്റ്റംസ് അധികൃതര്‍ പറയുന്നു. കേസില്‍ കസ്റ്റഡിയിലായ സരിത്ത് സ്വപ്‌നയ്‌ക്കൊപ്പം കോണ്‍സുലേറ്റില്‍ നേരത്തേ ഒരുമിച്ച ജോലിചെയ്തിരുന്നു. പിന്നീട് ചില പ്രശ്‌നങ്ങളുടെ പേരില്‍ ഇരുവരേയും പുറത്താക്കി. അന്നും കള്ളക്കടത്ത് നടത്തിയെന്നാണ് കണ്ടെത്തിയിട്ടുണ്ട്. പുറത്തായ ശേഷവും ഇവര്‍ തട്ടിപ്പ് തുടര്‍ന്നു. കോണ്‍സുലേറ്റ് പിആര്‍ഒ എന്ന വ്യാജേനെ വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. കോണ്‍സുലേറ്റിലേക്കുള്ള ഇടപാടുകള്‍ സരിത്ത് വഴിയാണ് നടത്തിയിരുന്നത്.നയതന്ത്ര ഓഫീസിലേക്കുള്ള ബാഗ് ആയതിനാല്‍ കസ്റ്റംസിന്റെ പരിശോധനകള്‍ ഉണ്ടാകില്ല. വിമാനത്താളവത്തില്‍ സ്വര്‍ണ്ണം എത്തിയാല്‍ സരിത്ത് ഐഡി കാര്‍ഡുമായി ചെന്ന് ബാഗ് കൈപ്പറ്റും.
രാജ്യത്ത് തന്നെ ആദ്യമായാണു ഡിപ്ലോമാറ്റിക്ക് കാര്‍ഗോ വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടുന്നത്. ജൂണില്‍ ഡിപ്ളോമാറ്റിക് ബാഗില്‍ സ്വര്‍ണ്ണം വരുന്നതായി കസ്റ്റംസിന് വിവരം കിട്ടിയതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുൻപ് എമിറേറ്റ്സ് വിമാനത്തില്‍ എത്തിയ ബാഗ് മാറ്റി വെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ സ്വര്‍ണം കണ്ടെത്തിയതോടെ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തില്‍ ഇന്നലെ ബാഗേജുകള്‍ തുറന്നു പരിശോധിക്കുകയായിരുന്നു. കോണ്‍സുലേറ്റിലേക്കുള്ള ടോയ്‌ലറ്റ് ഉപകരങ്ങള്‍ക്കൊപ്പമാണു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.പല പെട്ടികളിലായി ഒളിപ്പിച്ചിരുന്ന 35 കിലോയോളംവരുന്ന സ്വര്‍ണത്തിന് 15 കോടിയോളം രൂപ വിലവരും. കോണ്‍സുലേറ്റിലേക്കു വരുന്ന കാര്‍ഗോ ബാഗേജുകള്‍ കാര്‍ഗോ ഏജന്റ് വഴിയാണു പുറത്തെത്തിക്കുന്നത്. സ്വര്‍ണം പിടികൂടിയതോടെ ക്‌ളിയറിങ് ഏജന്റിനെ ചോദ്യം ചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിച്ചതായും വിവരമുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് മൂന്നുതവണ സ്വര്‍ണ്ണം കടത്തിയെന്നു സരിത്ത് സമ്മതിച്ചു
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ഐ.എ.എസ് നേടിയെന്ന് പരാതി;തലശ്ശേരി സബ് കളക്ടറുടെ പദവി റദ്ദാക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: തലശേരി സബ്കളക്ടര്‍ ആസിഫ് കെ. യൂസഫിന്റെ ഐഎഎസ് റദ്ദാക്കാന്‍ ശുപാര്‍ശ. ഇതു സംബന്ധിച്ച കത്ത് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം കേരള ചീഫ് സെക്രട്ടറിക്ക് അയച്ചു. ആസിഫിനെതിരേ ഓള്‍ ഇന്ത്യ സര്‍വീസ് പ്രൊബേഷന്‍ നിയമത്തിലെ ചട്ടം 12 പ്രകാരം നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. വ്യാജ സര്‍ട്ടിഫിക്കെറ്റുകള്‍ ഹാജരാക്കിയാണ് ആസിഫ് ഐഎഎസ് നേടിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
2016 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ആസിഫ് കെ. യൂസഫ്. നോണ്‍ ക്രീമിലയര്‍ ഉദ്യോഗാര്‍ഥിയെന്ന നിലയിലാണ് ആസിഫിന് കേരള കേഡറില്‍ തന്നെ ഐഎഎസ് ലഭിച്ചത്. ഉദ്യോഗാര്‍ഥിയുടെ കുടുബത്തിന്റെ വാര്‍ഷിക വരുമാനം ആറ് ലക്ഷത്തിന് താഴെ വന്നാല്‍ മാത്രമാണ് ക്രീമിലിയര്‍ ഇതരവിഭാഗത്തിന്റെ ആനുകൂല്യം യുപിഎസ്സി നല്‍കുക. 2015 ല്‍ പരീക്ഷയെഴുതുമ്പോൾ കുടുംബത്തിന്റെ വരുമാനം ആറു ലക്ഷത്തിന് താഴെയെന്നായിരുന്നു ആസിഫ് യുപിഎസ്സിക്ക് നല്‍കിയ ക്രീമിലിയര്‍ സര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞിരുന്നത്. കുടുംബത്തിന് വരുമാനം 1.8 ലക്ഷമാണെന്ന കണയന്നൂര്‍ തഹസില്‍ദാറിന്റെ സര്‍ട്ടിഫിക്കറ്റും ആസിഫ് ഹാജരാക്കിയിരുന്നു. എന്നാല്‍, ആസിഫിന്റെ കുടുംബം ആദായ നികുതിയടക്കുന്നവരാണെന്നും പരീക്ഷയെഴുതുമ്ബോള്‍ കുടുംബത്തിന്റെ വരുമാനം 28 ലക്ഷമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കണയന്നൂര്‍ തഹസില്‍ദാര്‍ നല്‍കിയിട്ടുള്ള രേഖകള്‍ വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴത്തെ തഹസില്‍ദാറുടെ അന്വേഷണ റിപ്പോര്‍ട്ടും ആദായനികുതി രേഖകളും ഉള്‍പ്പെടുത്തി കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിരുന്നു. വിഷയത്തില്‍ വിജിലന്‍സും അന്വേഷിച്ച് രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാമത്
ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ റഷ്യയെ പിന്‍തള്ളി.രാജ്യത്ത് രോഗികളുടെ എണ്ണം 6.97 ലക്ഷം കടന്നു.ഇതോടെ ഏറ്റവുമധികം പേര്‍ക്ക് രോഗം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമതായി. ഇന്ത്യയ്ക്ക് തൊട്ടുമുന്നില്‍ ഇനി അമേരിക്കയും ബ്രസീലുമാണ് ഉള്ളത്.ഇന്നലെ വൈകീട്ട് വരെയുള്ള കണക്കുപ്രകാരം 6.9 ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 29 ലക്ഷവും, ബ്രസീലില്‍ 15 ലക്ഷവുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകള്‍. എന്നാല്‍ മരണസംഖ്യയില്‍ ഇന്ത്യ പിറകിലാണ്. അമേരിക്കയില്‍ 132, 382പേരും, ബ്രസീലില്‍ 64,365പേരും രോഗം ബാധിച്ച് മരിച്ചപ്പോള്‍ ഇന്ത്യയില്‍ 19,692 പേരാണ് മരിച്ചത്.അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ കാല്‍ ലക്ഷത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,95,396 ആയി. മഹാരാഷ്ട്രയില്‍ ഞായറാഴ്ച 7074 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു. തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും നാലായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
സ്‌കൂള്‍ തുറക്കല്‍ നീളുന്നതിനാല്‍ സിലബസ് പരിഷ്‌കരിക്കും; അധ്യയന വര്‍ഷം നഷ്ടമാകില്ല
തിരുവനന്തപുരം:സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കല്‍ അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ സിലബസ് വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചന. കുട്ടികള്‍ക്ക് അധ്യയന വര്‍ഷം നഷ്ടമാകാത്ത വിധത്തില്‍ പത്താം ക്ലാസ് വരെയുള്ള സിലബസുകള്‍ വെട്ടി കുറയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതും പരീക്ഷകള്‍, പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഘടനാമാറ്റം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളും ആലോചിക്കാന്‍ കരിക്കുലം കമ്മിറ്റിയുടെ വിഡിയോ യോഗം 8ന് ചേരും.വിദ്യാര്‍ത്ഥികള്‍ക്ക് അധ്യയനവര്‍ഷം നഷ്ടമാകാതെയുള്ള നടപടികള്‍ക്കായിരിക്കും പ്രധാന പരിഗണന. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് ഉള്‍പ്പെടെ ദേശീയതലത്തിലുള്ള പരീക്ഷകളുള്ളതിനാല്‍ കേന്ദ്രനിര്‍ദ്ദേശങ്ങള്‍ പ്രകാരം തീരുമാനമെടുക്കും.എന്‍സിഇആര്‍ടി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും തീരുമാനം. ഇക്കാര്യങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് തയാറാക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാനും ആലോചനയുണ്ട്.അതേസമയം സി ബി എസ് ഇയുടെ 9 മുതല്‍ 12 വരെ ക്ലാസുകളിലെ സിലബസ് 30% കുറയ്ക്കാന്‍ നയപരമായ തീരുമാനമെടുത്തതായി ഡയറക്ടര്‍ (അക്കാദമിക്) ജോസഫ് ഇമ്മാനുവല്‍ അറിയിച്ചു. ഒന്നു മുതല്‍ 8 വരെ ക്ലാസുകളില്‍ എന്‍സിഇആര്‍ടി നേരത്തേ പ്രഖ്യാപിച്ച സിലബസ് ഇളവു പ്രകാരമായിരിക്കും ക്ലാസുകള്‍. പാഠ്യഭാഗങ്ങള്‍ കുറച്ച്, ആശയങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്ന രീതിയിലാകും ഇത്. 2021ലെ പരീക്ഷ സാധാരണ പോലെ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.അടുത്ത വര്‍ഷത്തെ ഐസിഎസ്‌ഇ (10), ഐഎസ്സി (12) പരീക്ഷകള്‍ക്കുള്ള പാഠഭാഗങ്ങള്‍ 25% കുറയ്ക്കുമെന്നു കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (സിഐഎസ്‌സിഇ) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
തിരുവനന്തപുരം കോർപറേഷനിൽ ട്രിപ്പിൾ ലോക്ക് ഡൌൺ ഏർപ്പെടുത്തി;നഗരത്തിലേക്കുള്ള ഒരു കവാടം ഒഴികെ എല്ലാ റോഡുകളും അടച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ട്രിപ്പിൾ ലോക്ഡൗൺ നിലവിൽ വന്നു.ഒരാഴ്ചത്തേക്കാണ് നിയന്ത്രണം, പൊതുഗതാഗതമില്ല, മരുന്ന് കടകൾ മാത്രം പ്രവർത്തിക്കും. സെക്രട്ടറിയേറ്റ് അടക്കം നഗരം ഒരാഴ്ച അടച്ചിടും. അവശ്യസാധനങ്ങൾ പൊലീസ് വീടുകളിലെത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.തലസ്ഥാനത്ത് സ്ഥിതി കൈവിട്ടുപോകാനിടയുണ്ടെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്നാണ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.പുതിയ സമ്പർക്കരോഗികളുടെ കണക്ക് കൂടി വന്നതോടെ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര യോഗമാണ് ട്രിപ്പിൾ ലോക്ക് ഡൗൺ തീരുമാനമെടുത്തത്.ബാങ്കുകളും എടിഎമ്മുകളും ഡാറ്റാ സെൻററകളും ഉണ്ടാകും. മാധ്യമപ്രവർത്തകർക്ക് അനുമതി ഉണ്ട്. വിമാനത്താവളത്തിലേക്കും റെയിൽവെ സ്റ്റേഷനിലേക്കും പോകാൻ അനുമതി ഉണ്ട്.ട്രിപ്പിൾ ലോക്ക് ഡൌൺ നിലവിൽ വന്നതോടെ നഗരത്തിലേക്കുള്ള ഒരു കവാടം ഒഴികെ എല്ലാ റോഡുകളും അടച്ചു.ഇവിടെ പൊലീസ് കര്‍ശന പരിശോധന ഏര്‍പ്പെടുത്തും. ഇന്ന് രാവിലെ 6 മുതലാണ് ട്രിപ്പിള്‍ ലോക്ഡൌണ്‍ പ്രാബല്യത്തില്‍ വരുന്നത്. പൊലീസ്, പ്രതിരോധ സ്ഥാപനങ്ങള്‍, റവന്യു ഓഫീസുകള്‍, നഗരസഭ ഓഫീസുകള്‍, ഒഴികെ ഒരു സര്‍ക്കാര്‍ ഓഫീസും പ്രവര്‍ത്തിക്കില്ല. സെക്രട്ടറിയേറ്റും അടക്കുന്നതിനാല്‍ മുഖ്യമന്ത്രി ക്ലിഫ് ഹൌസിലിരുന്നാകും പ്രവര്‍ത്തിക്കുക. മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇളവുണ്ട്. മെഡിക്കൽ അടിയന്തര സേവനങ്ങൾക്കല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങാൻ പാടില്ല. മെഡിക്കൽ ഷോപ്പുകൾ, മറ്റ് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവ രാവിലെ ഏഴുമണി മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കാം. എന്നാൽ ഈ സേവനങ്ങൾക്കായി ജനങ്ങള്‍ പുറത്തുപോകരുത്. ജില്ലാഭരണകൂടം നിശ്ചയിച്ച ഫോണ്‍ നമ്പരുകളില്‍ വിളിച്ചാല്‍ അവശ്യ സാധനങ്ങള്‍ ഹോം ഡെലിവറിയായി എത്തിക്കും.കോർപ്പറേഷൻ പരിധിക്കു പുറത്ത് നിലവിലുള്ള കണ്ടെയിൻമെന്‍റ് സോണുകൾ അതുപോലെത്തന്നെ തുടരും. നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി;മരിച്ചത് എറണാകുളം തോപ്പുംപടി സ്വദേശി
എറണാകുളം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. എറണാകുളം തോപ്പുംപടി സ്വദേശി യുസുഫ് സെയ്ഫുദ്ദീന്‍ ആണ് മരിച്ചത്.ഇന്നലെ രാത്രിയായിരുന്നു മരണം.കഴിഞ്ഞ മാസം 28 മുതല്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.കഴിഞ്ഞ 28 ആം തീയതിയാണ് തോപ്പുംപ്പടി സ്വദേശിയായ യൂസഫിനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ദീര്‍ഘനാളായി പ്രമേഹരോഗത്തിന് ചികിത്സയിലായിരുന്നു. യൂമോണിയ ബാധിച്ചതിനാല്‍ 28 ആം തീയതി മുതല്‍ തന്നെ ഇദ്ദേഹം ശ്വസനസഹായിയുടെ സഹായത്തോടെ ഐസിയുവില്‍ ചികിത്സയിലായിരുന്നു. പിന്നീട് വൃക്കകളുടെ പ്രവര്‍ത്തനവും വഷളായി. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ മരണാനന്തര ചടങ്ങുകള്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കും. ഇന്നലെ സമ്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്കാണ് എറണാകുളം ജില്ലയില്‍ രോഗബാധയുണ്ടായത്.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
മലപ്പുറം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മഞ്ചേരിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദ്(84)ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി.റിയാദിൽ നിന്നും ജൂൺ 29ന് ഭാര്യക്കൊപ്പം തിരിച്ചെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്ന മുഹമ്മദ് ഹാജിയെ പനിയെ തുടർന്ന് ജൂലൈ 1ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ന്യൂമോണിയ കണ്ടെത്തിയതോടെ 3ആം തീയതി ഐസിയുവിലേക്കും സ്ഥിതി ഗുരുതരമായതോടെ വെന്‍റിലേറ്ററിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെയായിരുന്നു മരണമെങ്കിലും ഇന്ന് ശ്രവ പരിശോധനാ ഫലം വന്നതോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.2019 മുതൽ അർബുദത്തിന് ചികിത്സയിലായിരുന്നു.വാർദ്ധക്യ സഹജമായ മറ്റു രോഗങ്ങൾക്കും ചികിത്സ തേടുന്ന വ്യക്തിയാണ്. ഫെബ്രുവരിയിലാണ് ഭാര്യയുമൊത്ത് സന്ദർശന വിസയിൽ സൗദിയിലെ മക്കളുടെ അടുത്ത് എത്തിയത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് തിരിച്ച് വരവ് വൈകുകയായിരുന്നു. മരിച്ച മുഹമ്മദ് ഹാജിക്ക് ആശുപത്രിയിൽ നിന്നും കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ടത്ര ജാഗ്രത ഉണ്ടായില്ലെന്നും വണ്ടൂർ എംഎല്‍എ എ പി അനിൽകുമാർ ആരോപിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; 30 കിലോ സ്വര്‍ണ്ണം പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട.ബാഗേജിനുള്ളില്‍ സൂക്ഷിച്ചിരുന്ന 30 കിലോ സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വന്ന പാഴ്സലിലാണ് സ്വര്‍ണം കണ്ടെത്തിയത്.യു എ ഇ കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിലാണ് 30 കിലോ വരുന്ന സ്വര്‍ണം കണ്ടെത്തിയത്. രണ്ടര കിലോ ഭാരമുള്ള പാക്കറ്റുകളായാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പാഴ്സലുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണ്ണവേട്ടയാണിത്.പാഴ്സലെത്തിയത് ദുബായില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലേക്ക് ആരാണ് പാഴ്സലയച്ചത് എന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.തിരുവനന്തപുരം മണക്കാടാണ് യു.എ.ഇ. കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത്. ഇവിടേക്കാണ് പാഴ്സല്‍ രൂപത്തില്‍ സ്വര്‍ണ്ണം വന്നതെന്നാണ് സൂചന. വിദേശത്തുനിന്ന് ഡിപ്ലോമാറ്റിക് ബാഗേജായി എത്തിയതിനാല്‍ പരിശോധനകളും മറ്റും വേഗത്തില്‍ പൂര്‍ത്തിയാകുന്ന സാഹചര്യമുണ്ടായിരുന്നു. ഇത് മുതലെടുത്താണ് വന്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയത് എന്നാണ് വിവരം.