കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി മുസ്ലീംലീഗിലെ സി സീനത്ത് തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിലെ ഇ പി ലതയെയാണ് അവര്‍ പരാജയപ്പെടുത്തിയത്. സി സീനത്തിന് 28ഉം ഇ പി ലതക്ക് 27ഉം വോട്ട് ലഭിച്ചു. വരണാധികാരികൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ ചുമതലയില്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികള്‍. അഡ്വ. ടി ഒ മോഹനന്‍ മേയര്‍ സ്ഥാനത്തേക്ക് സി സീനത്തിന്റെ പേര് നിര്‍ദേശിച്ചു. ഇ പി ലതയുടെ പേര് എന്‍ ബാലകൃഷ്ണന്‍ നിര്‍ദേശിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് നടപടികള്‍. ആകെ കൗണ്‍സിലര്‍മാരെ മൂന്ന് ബാച്ചായി തിരിച്ച് ഇരിപ്പിടം സജ്ജമാക്കി ഡിവിഷന്‍ ക്രമത്തിലാണ് വോട്ടെടുപ്പ് ക്രമീകരിച്ചത്. ഫലപ്രഖ്യാപനത്തിന് ശേഷം വരണാധികാരി മുൻപാകെ പുതിയ മേയറായി സി സീനത്ത് സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരി ടി വി സുഭാഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. കെ സുധാകരന്‍ എംപി, കെ എം ഷാജി എംഎല്‍എ, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ സതീശന്‍ പാച്ചേനി, വി കെ അബ്ദുള്‍ ഖാദര്‍ മൗലവി, അഡ്വ. അബ്ദുള്‍ കരീം ചേലേരി, എ ഡി മുസ്തഫ, ടി പി കുഞ്ഞുമുഹമ്മദ്, കോര്‍പ്പറേഷനിലെ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ സംബന്ധിച്ചു.കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നാലര വര്‍ഷത്തിനുള്ളില്‍ നടക്കുന്ന മൂന്നാമത്തെ മേയര്‍ തിരഞ്ഞെടുപ്പാണിത്. കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള ധാരണ പ്രകാരം മേയറായിരുന്ന കോണ്‍ഗ്രസിലെ സുമ ബാലകൃഷ്ണന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞടുപ്പ് ആവശ്യമായി വന്നത്.
സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 25 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 18 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 17 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 16 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 15 പേര്‍ക്കും, വയനാട് ജില്ലയില്‍ 14 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 7 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും(സൗദി അറേബ്യ- 34, യു.എ.ഇ.- 24, കുവൈറ്റ്- 19, ഖത്തര്‍- 13, ഒമാന്‍- 6, ബഹറിന്‍- 2, കസാക്കിസ്ഥാന്‍ -1) 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും(കര്‍ണാടക- 25, തമിഴ്‌നാട്- 21, പശ്ചിമ ബംഗാള്‍- 16, മഹാരാഷ്ട്ര- 12, ഡല്‍ഹി- 11, തെലുങ്കാന- 3, ഗുജറാത്ത്- 3, ഛത്തീസ്ഘഡ്- 2, ആസാം- 1, ജമ്മു കാശ്മീര്‍- 1) വന്നതാണ്.
90 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 60 പേര്‍ക്കും, എറണാകുളം ജില്ലയിലെ 9 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 7 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 5 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 3 പേര്‍ക്കും, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 2 പേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കോട്ടയം ജില്ലയിലെ രണ്ടും ഇടുക്കി ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ തൃശൂര്‍ ജില്ലയിലെ 9 ബി.എസ്.എഫ്. ജവാനും കണ്ണൂര്‍ ജില്ലയിലെ ഒരു സി.ഐ.എസ്.എഫ്. ജവാനും ഒരു ഡി.എസ്.സി. ജവാനും, ആലപ്പുഴ ജില്ലയിലെ 3 ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനും രോഗം ബാധിച്ചു.
അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 107 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയില്‍ നിന്നുള്ള 23 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 16 പേരുടേയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേരുടെയും (കണ്ണൂര്‍ 1), തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 11 പേരുടെ വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കോഴിക്കോട് (മലപ്പുറം 1), കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 7 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 6 പേരുടെയും (പത്തനംതിട്ട 1), പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്.ഇതോടെ 2605 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3561 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,85,546 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,409 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3137 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 421 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), കാരോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14, 15, 16), കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് (5), കാങ്കോല്‍-ആലപ്പടമ്പ (1), കൂടാളി (18), എറണാകുളം ജില്ലയിലെ മുളവുകാട് (3), ആലങ്ങാട് (7), ചൂര്‍ണിക്കര (7), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (5, 9, 11, 14, 15, 18, 19, ആനപ്പാലം റോഡ് മുതല്‍ ബൈപാസ് റോഡിലെ ട്രാഫിക് ജങ്ഷന്‍ വരെയുള്ള ഇരുവശത്തേയും കടകളും സ്ഥാപനങ്ങളും), പത്തനംതിട്ട ജില്ലയിലെ റാന്നി (1, 2), ആലപ്പുഴ ജില്ലയിലെ പത്തിയൂര്‍ (12), പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 31), പുല്‍പ്പറ്റ (7), കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം (6, 7, 9), കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി (36, 43) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 169 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
ഓഗസ്റ്റിന് മുൻപ് കൊവിഡ് അവസാനിക്കാന്‍ പോകുന്നില്ല;വിദ്യാർത്ഥികൾ ഓണത്തിന് മുൻപുള്ള ഒരു ടേം പാഠഭാഗങ്ങള്‍ വീട്ടിലിരുന്ന് ഓണ്‍ലൈനായി തന്നെ പഠിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: സംസ്ഥാനത്ത് സ്കൂൾ വിദ്യാഭ്യാസം ഓണ്‍ലൈനായി തന്നെ തുടരേണ്ട സാഹചര്യമാണുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഗസ്റ്റിന് മുൻപ് കോവിഡ് അവസാനിക്കാന്‍ പോകുന്നില്ലെന്നാണ് നിലവിലെ സ്ഥിതിയില്‍ നിന്നും വ്യക്തമാകുന്നതെന്നും അതുകൊണ്ട് ഓണത്തിന് മുൻപുള്ള ഒരു ടേം പാഠഭാഗങ്ങള്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി തന്നെ പഠിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കുറച്ച് കാലം കൂടി കോവിഡ് നമ്മുടെ കൂടെയുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നതെന്നും നാം സ്വീകരിക്കുന്ന പ്രതിരോധ നടപടികളില്‍ ഒരിളവും പാടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കോവിഡ് കാരണം കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടപ്പെട്ടുകൂട. ക്ലാസില്‍ പോയിരുന്ന് പഠിക്കുന്നതിന് പകരമാവില്ലെങ്കിലും പകരം സംവിധാനത്തിന് നമ്മള്‍ നിര്‍ബന്ധിതരായതിനാലാണ് ഓണ്‍ലൈന്‍ പഠന സംവിധാനമേര്‍പ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ സൗകര്യം ലഭിക്കേണ്ടതുണ്ട്. ഇതിന് അസൗകര്യമുള്ള കുട്ടികള്‍ക്ക് പിന്തുണ ആവശ്യമാണ്. ഇതിനുള്ള ചില നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി തീരെ പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ കുട്ടികളെ ഒന്നിച്ചിരുത്തി ക്ലാസ് നല്‍കാന്‍ കഴിയുന്ന വിധത്തില്‍ വായനശാലകള്‍, അങ്കണവാടികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ടി വികള്‍ സ്ഥാപിക്കും. ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഇപ്പോള്‍ ഒരുക്കികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കേള്‍ക്കുന്ന കണക്കുകളില്‍ പരിഭ്രമിക്കേണ്ടതില്ല. നമ്മുടെ സഹോദരങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും ഇങ്ങോട്ട് വരുന്നുണ്ട്. അവര്‍ വരേണ്ടതില്ല എന്ന നിലപാട് നമുക്ക് സ്വീകരിക്കാനാവില്ല. അവര്‍ക്കുകൂടി അര്‍ഹതപ്പെട്ടതാണ് ഈ നാട്. ഇത്തരത്തില്‍ വരുന്നവരില്‍ ചിലര്‍ രോഗവാഹകരാണ്. അതിനാല്‍ ഇവരില്‍ നിന്നും രോഗം പകരുന്നത് ഒഴിവാക്കണം. ഇതിനായി അവരും കുടുംബാംഗങ്ങളും വാര്‍ഡ്തല സമിതികളും ജാഗ്രതയോടെ പെരുമാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ധര്‍മ്മടത്ത് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ടി വി നല്‍കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണ വൈറസ് വായുവിലൂടെയും പകരാമെന്ന് ലോകാരോഗ്യ സംഘടന
ജനീവ:കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടന. ഇക്കാര്യത്തില്‍ പഠനം തുടരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.കോവിഡ് വൈറസ് വായുവിലൂടെ പടരുമെന്ന് ഒരു സംഘം ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 239 ശാസ്ത്രജ്ഞര്‍ പങ്കുവെച്ച അഭിപ്രായം ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം സമ്പര്‍ക്കത്തിലൂടെ മാത്രമേ കോവിഡ് പകരുകയുള്ളൂ എന്നായിരുന്നു. പുതിയ നിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിലേക്ക് വിദഗ്ധര്‍ അയച്ചു നല്‍കുകയായിരുന്നു. പുതിയ നിഗമന പ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യ സംഘടന തയാറാകണമെന്ന് കഴിഞ്ഞ ദിവസം വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.കോവിഡ് – 19 രോഗം വായുവിലൂടെയും പകരാനുള്ള സാധ്യത തങ്ങൾ പരിഗണിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് രോഗവിഭാഗം ടെക്നിക്കൽ ലീഡായ മരിയ വാൻ കെർഖോവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. വരും ദിവസങ്ങളിൽ രോഗം വ്യാപിക്കുന്ന രീതിയെക്കുറിച്ച് ലോകാരോഗ്യ സംഘടന വ്യക്തമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.കോവിഡ് ബാധയുള്ളയാള്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവകണികകളിലൂടെയാണു രോഗം പടരുന്നതെന്നായിരുന്നു നേരത്തെ ഡബ്ല്യുഎച്ച്ഒ അറിയിച്ചിരുന്നത്. എന്നാല്‍ രോഗം വായുവിലൂടെ പകരുമെന്നതിനു തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞന്മാര്‍ ഡബ്ല്യുഎച്ച്ഒയ്ക്ക് തുറന്ന കത്തയച്ചതിനെ തുടര്‍ന്നാണ് കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടനയുടെ സ്ഥിരീകരണമുണ്ടായത്. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവകണങ്ങളില്‍ ഉള്ള കൊറോണ വൈറസ് വായുവിലൂടെ പരന്ന് മറ്റുള്ളവര്‍ ശ്വാസമെടുക്കുമ്പോള്‍ ശരീരത്തിനുള്ളില്‍ കടക്കുമെന്നാണു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.
തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്;ഒരു സ്ത്രീയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം:സ്വര്‍ണ കള്ളകടത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിന്ന് ഒരു സ്ത്രീയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക് ഷോപ്പ് ഉടമ സന്ദീപ് നായരുടെ ഭാര്യയാണ് കസ്റ്റഡിയിലായത്. അതേസമയം സന്ദീപ് നായര്‍ ഒളിവിലാണ്. ഇവര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കാളിത്തമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് കേസ് പുറത്ത് വന്ന ശേഷം സന്ദീപ് നായര്‍ സ്ഥാപനത്തിലേക്ക് വന്നിട്ടില്ല.കാറുകളുടെ എഞ്ചിനില്‍ നിന്ന് കാര്‍ബണ്‍ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് കാര്‍ബണ്‍ ഡോക്ടര്‍. നെടുമങ്ങാട് അടക്കം വിവിധയിടങ്ങളില്‍ വര്‍ക്ക് ഷോപ്പുകളുള്ള കാര്‍ബണ്‍ ഡോക്ടര്‍ കമ്പനിയില്‍ സ്വപ്നയ്ക്കും സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനും പങ്കാളിത്തമുള്ളതായി കസ്റ്റംസ് സംശയിക്കുന്നു. അടുത്തിടെ സന്ദീപ് ഒരു ആഡംബര കാറും വാങ്ങിയിരുന്നു. സന്ദീപിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഒട്ടേറെ സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചോദ്യം ചെയ്യാനാണ് സന്ദീപിന്റെ ഭാര്യയെ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ ബിനാമിയാണ് സന്ദീപ് എന്നാണ് സംശയം.കാര്‍ബണ്‍ ഡോക്ടര്‍ ഉദ്ഘാടനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് നിര്‍വഹിച്ചത്. സ്വപ്‌നയാണ് സ്പീക്കറെ ചടങ്ങിന് ക്ഷണിച്ചത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഒളിവില്‍ കഴിയുന്ന സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനായി തിരച്ചില്‍ തുടരുന്നു. കേരളം വിട്ടതായാണ് സംശയിക്കുന്നത്. സുഹൃത്തുക്കളെ ഉള്‍പ്പെടെ നിരീക്ഷണത്തിലാക്കി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് കസ്റ്റംസ്. സ്വപ്നയുടെ ഫ്‌ലാറ്റില്‍ കസ്റ്റംസ് ചൊവ്വാഴ്ച പകലുടനീളം റെയ്ഡ് നടത്തി.
സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;68 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധ
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ പേര്‍ 157 വിദേശത്ത് നിന്നും, 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 68 സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 1 സി.ഐ.എസ്.എഫ് ജവാന്‍ 1 ഡി.എസ്.സി ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21, കണ്ണൂര്‍ 19, ആലപ്പുഴ 18, കാസര്‍ഗോഡ് 13, പത്തനംതിട്ട 12, കൊല്ലം 11, തൃശൂര്‍ 10, കോട്ടയം 3, വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.അതേസമയം ഇന്ന് 111 പേര്‍ രോഗമുക്തി നേടി.തിരുവനന്തപുരം 3, കൊല്ലം 6, പത്തനംതിട്ട 19, ആലപ്പുഴ 4, കോട്ടയം 1, ഇടുക്കി 1, എറണാകുളം 20, തൃശൂര്‍ 6, പാലക്കാട് 23, മലപ്പുറം 10, കോഴിക്കോട് 6, വയനാട് 3, കണ്ണൂര്‍ 9 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.സംസ്ഥാനത്ത് 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി നിലവില്‍വന്നു. ഇതോടെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 169 ആയി.
ലോക്ക്ഡൗണ്‍ ആരംഭിച്ചതിനുശേഷം കേരളത്തിലേക്ക് ഇതുവരെ 4,99529 പേര്‍ തിരിച്ചെത്തിയിട്ടുണ്ട്. രാജ്യത്തിനകത്ത് നിന്നും 3,14,94 പേരും വിദേശത്ത് നിന്നും 1,85,435 പേരുമാണ് തിരിച്ചെത്തിയത്. ആഭ്യന്തരയാത്രക്കാരില്‍ 64.35 ശതമാനും പേരും വന്നത് റെഡ് സോണ്‍ ജില്ലകളില്‍ നിന്നാണ്.ഏറ്റവും കൂടുതല്‍ പേര്‍ തിരിച്ചെത്തിയത് മലപ്പുറം ജില്ലയിലേക്കാണ്. ഇതുവരെ 51707 പേരാണ് ജില്ലയിലേക്ക് തിരിച്ചെത്തിയത്. കണ്ണൂര്‍ 49653, എറണാകുളം- 47990 എന്നിങ്ങനെയാണ് കൂടുതല്‍ പേര്‍ തിരിച്ചെത്തിയ ജില്ലകള്‍. കുറവ് ആളുകള്‍ എത്തിയത് വയനാട്ടിലേക്കാണ്. 12652 പേര്‍.ആഭ്യന്തരയാത്രക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരിച്ചെത്തിയത് തമിഴ്‌നാട്ടില്‍ നിന്നാണ്. ഇതുവരെ 97570 പേരാണ് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തിയത്. കര്‍ണാടക-88031, മഹാരാഷ്ട്ര- 47970 എന്നിങ്ങനെയാണ് കൂടുതല്‍ പേര്‍ തിരിച്ചെത്തിയ മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകള്‍.
സംസ്ഥാനത്ത് ഗുരുതര സാഹചര്യമെന്ന് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.അശ്രദ്ധ കാണിച്ചാല്‍ ഏതു നിമിഷവും കോവിഡ് 19-ന്റെ സൂപ്പര്‍ സ്‌പ്രെഡ്ഡും തുടര്‍ന്ന് സമൂഹ വ്യാപനവും ഉണ്ടായേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സംഭവിച്ചത് കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ആവര്‍ത്തിക്കാന്‍ പാടില്ല.സമ്പര്‍ക്കം വഴി 68 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 15 എണ്ണം ഉറവിടം അറിയാത്ത കേസുകളാണ്. രോഗം ബാധിച്ചവരുടെ എണ്ണവും ഇന്ന് ഏറ്റവും കൂടുതലാണ്. 272 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.സാധാരണയില്‍ നിന്ന് വ്യത്യസ്തമായ നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് സൂചനയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറെക്കൂടി ഗൗരവമായി കാര്യങ്ങള്‍ കാണേണ്ടതായിട്ടുണ്ട്, ഇപ്പോഴുള്ള നിയന്ത്രണങ്ങളും ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനും ക്വാറന്റൈനും റിവേഴ്‌സ് ക്വാറന്റൈനും ശക്തിപ്പെടുത്തി മാത്രമെ ഇതിനെ നേരിടാന്‍ കഴിയൂ, സമ്പര്‍ക്ക വ്യാപനം രോഗിയുമായി പാലിക്കേണ്ട എല്ലാ കാര്യങ്ങളും പാലിക്കണം, സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് എം.ശിവശങ്കറിനെ മാറ്റി;മിര്‍ മുഹമ്മദ് പുതിയ സെക്രട്ടറി
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് എം. ശിവശങ്കർ ഐ.എ. എസിനെ മാറ്റി. പകരം മിർ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. നേരത്തെ സ്പ്രിംക്ലര്‍ വിവാദത്തില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും പ്രതിക്കൂട്ടിലാക്കിയപ്പോള്‍ മുതല്‍ ഐടി സെക്രട്ടറി കൂടിയായ എം ശിവശങ്കര്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇന്നലെ യുഎഇ കോണ്‍സുലേറ്റിലേക്കെന്ന പേരില്‍ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്കും അദ്ദേഹത്തിനും അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയതോടെ സര്‍ക്കാരും പാര്‍ട്ടിയും പ്രതിരോധത്തിലായിരുന്നു.ഇതോടെയാണ് കടുത്ത നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയെങ്കിലും ഐടി വകുപ്പ് സെക്രട്ടറിയായി എം ശിവശങ്കര്‍ തുടരും.
കാണാതായ പ്ലസ്ടു പരീക്ഷാ ഉത്തരക്കടലാസ് 27 ദിവസത്തിന് ശേഷം കണ്ടെത്തി
കൊല്ലം:മുട്ടറ സ്കൂളിലെ പ്ലസ് ടു വിദ്യാത്ഥികളുടെ കാണാതായ ഉത്തരക്കടലാസുകൾ തിരിച്ചു കിട്ടി. തിരുവനന്തപുരത്തെ റെയിൽവേ വാഗണിന്‍റെ അകത്ത് നിന്നാണ് ഉത്തരക്കടലാസുകൾ ലഭിച്ചത്. തപാൽ വകുപ്പ് ഉത്തരക്കടലാസുകൾ വിദ്യാഭ്യാസ വകുപ്പിന് കൈമാറി.27 ദിവസത്തിനു ശേഷമാണ് ഉത്തരക്കടലാസുകൾ തിരിക്കെ ലഭിച്ചത്.9 ആം തിയതി എറണാകുളത്ത് നിന്നും പാലക്കാട്ടേക്ക് അയച്ച ഉത്തരക്കടലാസ് കോയമ്പത്തൂരിലെത്തി. അവിടെ നിന്നും ട്രെയിൻ മാർഗം പാലക്കാട്ടേക്ക് അയച്ച ഉത്തരക്കടലാസുകൾ പാലക്കാട് ഇറക്കാതെ തിരുവനന്തപുരത്ത് എത്തി.രാജ്യം മുഴുവൻ ഉള്ള പോസ്റ്റോഫീസുകളിൽ തിരച്ചിൽ നടക്കുമ്പോഴും തിരുവനന്തപുരത്തെ വാഗണിൽ പരീക്ഷ പേപ്പറുകൾ ഉണ്ടായിരുന്നു. കണ്ടെത്തിയ ഉത്തരക്കടലാസുകൾ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഓഫീസിൽ എത്തിച്ചു. കൊല്ലം ഒഴികെ ഉള്ള ഏത് ജില്ലയിൽ നിന്നും പരീക്ഷ പേപ്പറുകൾ മൂല്യ നിർണയം നടത്താം. വേഗത്തിൽ മൂല്യ നിർണയം നടത്തി പത്താം തീയതി തന്നെ പരീക്ഷാഫലം പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത്;സ്വര്‍ണം കടത്തിയത് ഭക്ഷ്യവസ്തുക്കളെന്ന പേരില്‍
തിരുവനന്തപുരം:ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം എത്തിച്ചത് ഭക്ഷ്യവസ്തുക്കൾ എന്ന പേരിലെന്ന് റിമാന്‍ഡ് റിപ്പോർട്ട്. യുഎഇയിൽ നിന്നും ഫാസിൽ എന്നയാളാണ് തിരുവനന്തപുരത്തേക്ക് ബാഗേജ് അയച്ചത്. കാർഗോ ബുക്ക് ചെയ്തതും ഫാസിൽ ആണെന്ന് റിമാന്‍ഡ് റിപ്പോർട്ടിൽ പറയുന്നു.പ്രതി സരിത്തിന്റെ റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്.ഭക്ഷ്യവസ്തുക്കള്‍ എന്ന പേരിലാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്നതടക്കമുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥന്‍ അറ്റാഷെയുടെ പേരിലാണ് ബാഗേജ് എത്തിയത്. കുടുംബം അയച്ച ഭക്ഷ്യവസ്തുക്കൾ എന്നായിരുന്നു ഇതിൽ രേഖപ്പെടുത്തിയത്. എന്നാൽ സ്വർണക്കടത്തിനെ കുറിച്ച് അറിയില്ലെന്ന് ഇദ്ദേഹം അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ നടപടികൾക്കായി മുൻ പിആർഒ സരിത്തിനെ സഹായിയായി വിളിച്ചു. ഇന്ത്യൻ നിയമങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലാണ് സരിത്തിനെ വിളിപ്പിച്ചത്. കാർഗോ ക്ളിയറൻസിനുള്ള പണം നൽകിയത് സരിത്താണ്. അന്വേഷണവുമായി എല്ലാവിധത്തിലും സഹകരിക്കുമെന്ന് അറ്റാഷെ പറഞ്ഞിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും വിശദമായ അന്വേഷണം വേണെന്നും കസ്റ്റംസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഡിപ്ലോമാറ്റിക്ക് കാര്‍ഗോ വഴി അയക്കുന്ന സാധനങ്ങള്‍ സാധാരണ പരിശോധിക്കാറില്ല. അവയ്ക്ക് പൂര്‍ണ സംരക്ഷണം നല്‍കണമെന്നത് ഇത് സംബന്ധിച്ച് വിയന്ന കണ്‍വെന്‍ഷനില്‍ ഉള്ളതാണ്. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചാണ് ഇന്ത്യന്‍ ഏജന്‍സികള്‍ ഇക്കാര്യം കൈകാര്യം ചെയ്യുന്നത്. അതിനിടെ സരിത്ത് ഉള്‍പ്പെട്ട എട്ട് ഇടപാടുകളെക്കുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചതായാണ് സൂചന.ഇതില്‍ മൂന്ന് ഇടപാടുകളും നടന്നത് ലോക്ഡൗണ്‍ കാലത്താണെന്നാണ് സൂചന. സ്വര്‍ണം കടത്തിയ വകയില്‍ സരിത്തിന് 15 ലക്ഷം രൂപ ലഭിച്ചതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ഇടപാട് നടന്നാല്‍ 10 ലക്ഷം രൂപ സ്വപ്‌നയ്ക്കും 15 ലക്ഷം രൂപ സരിത്തിനും ലഭിക്കാറുണ്ടായിരുന്നുവത്രെ. പിടിച്ചെടുത്ത സ്വര്‍ണവും സരിത്തിന്റെ കയ്യലിലുള്ള രേഖകളും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ്;മുഖ്യ ആസൂത്രക സ്വപ്നയ്ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്
തിരുവനന്തപുരം:വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്നയ്ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്. സ്വപ്നയ്ക്ക് കണ്‍സുലേറ്റില്‍ നിന്നും കസ്റ്റംസ് അന്വേഷണത്തെ കുറിച്ച് വിവരം ലഭിച്ചതായും കസ്റ്റംസ് സംശയിക്കുന്നു.ഇവരുടെ തിരുവനന്തപുരം അമ്പലമുക്കിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.രണ്ട് ദിവസം മുമ്പാണ് സ്വപ്ന ഫ്ലാറ്റ് വിട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്.റെയ്ഡ് നാല് മണിക്കൂറിലധികം നീണ്ടു. രണ്ട് ദിവസം മുമ്പാണ് സ്വപ്ന ഫ്ലാറ്റ് വിട്ടതെന്ന് സിസിടിവി പരിശോധിച്ചതില്‍ നിന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഫ്ലാറ്റിന് പുറത്തേക്ക് സ്വപ്ന പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് ശേഖരിച്ചു.സ്വപ്നയെ ഐടി വകുപ്പില്‍ നിന്ന് പിരിച്ചു വിട്ടിട്ടുണ്ട്. കരാര്‍ നിയമനമായിരുന്നു സ്വപ്നയുടേത്. സ്പെയ്സ് പാര്‍ക്കിന്റെ ചുമതലയായിരുന്നു സ്വപ്ന സുരേഷിന് നല്‍കിയിരുന്നത്.കെഎസ്‌ഐടിഎല്ലിന് കീഴില്‍ സ്പേസ് പാര്‍ക്കിന്റെ മാര്‍ക്കറ്റിംഗ് ലെയ്സണ്‍ ഓഫീസര്‍ ആയിരുന്നു സ്വപ്ന. താല്‍ക്കാലിക നിയമനം ആയിരുന്നു ഇവരുടേത്. യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോ ഉപയോഗിച്ച് 15 കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസിലാണ് സ്വപ്നയ്ക്കെതിരെ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാര്‍ഗോയിലാണ് സ്വര്‍ണം കണ്ടെത്തിയത്. സ്വപ്ന നേരത്തെ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയായിരുന്നു. തട്ടിപ്പ് വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ സ്വപ്നയ്ക്കായി തെരച്ചില്‍ തുടരുകയാണ്. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിലൊക്കെയുള്ള തന്റെ ഉന്നത ബന്ധങ്ങള്‍ സ്വപ്ന തട്ടിപ്പിന് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പുറത്തെത്തിക്കുന്ന സ്വര്‍ണം ആര്‍ക്കെല്ലാമാണ് നല്‍കിയത് എന്നതും അന്വേഷണ പരിധിയിലാണ്.
Dailyhunt