തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. അരിമ്പൂർ സ്വദേശി വല്‍സലയാണ് മരിച്ചത്. ജൂലായ് 5നാണ് കുഴഞ്ഞ് വീണ് മരിച്ച നിലയില്‍ വത്സലയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. രണ്ട് ട്രൂനാറ്റ് പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് മുന്‍പെടുത്ത സാമ്പിളിന്റെ ഫലമാണ് പോസ്റ്റീവ് ആയത്.അതേസമയം പോസ്റ്റ്മോര്‍ട്ടത്തിന് മുന്‍പെടുത്ത സാമ്പിളിന്റെ ഫലം വരും മുന്‍പാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. അതുകൊണ്ട് തന്നെ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയായിരുന്നു സംസ്കാരം. കൊവിഡ് സ്ഥിരീകരിച്ച കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ ഉണ്ടായിരുന്ന ബസ്സില്‍ വത്സലയുടെ മകള്‍ യാത്ര ചെയ്തിരുന്നു. മകളുടെ നിരീക്ഷണ കാലാവധി ഇന്ന് അവസാനിക്കുകയാണ്. രോഗ ലക്ഷണമൊന്നും ഇവര്‍ക്ക് പ്രകടമായിരുന്നില്ല. എന്നാല്‍ ഇവരില്‍ നിന്നാകാം വത്സലക്ക് രോഗം പിടിപെട്ടതെന്നാണ് നിഗമനം.
സംസ്ഥാനത്ത് എടിഎം വഴിയും കോവിഡ് പടരുന്നു; കൊല്ലത്ത് എടിഎം വഴി രോഗബാധയേറ്റത് രണ്ടുപേര്‍ക്ക്
തിരുവനന്തപുരം:സംസ്ഥാനത്ത് എടിഎം വഴിയും കോവിഡ് പടരുന്നതായി റിപ്പോർട്ട്.കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലാണ് എടിഎം വഴി രോഗപ്പകര്‍ച്ചയുണ്ടായതെന്ന് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു. തുടക്കത്തില്‍ ഉറവിടം അറിയാതിരുന്ന 166 രോഗികളെക്കുറിച്ച് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍.കൊല്ലം ജില്ലയിലെ ഒരു ആശാപ്രവര്‍ത്തകയ്ക്ക് കോവിഡ് പകര്‍ന്നത് എടിഎം വഴിയാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. തൊട്ടടുത്ത ചാത്തന്നൂര്‍ ക്ലസ്റ്ററില്‍പ്പെട്ട ഒരു രോഗി സന്ദര്‍ശിച്ച എടിഎമ്മില്‍ ഇവരും എത്തിയിരുന്നു. ഇതേ എടിഎം സന്ദര്‍ശിച്ച മറ്റൊരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇയാളില്‍ നിന്നും ഭാര്യയ്ക്കും അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനും രോഗം പിടിപെട്ടു. അതേസമയം, ഇയാളുടെ കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം ആവശ്യമുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് യുഎപിഎ ചുമത്തി അന്വേഷിക്കും
തിരുവനന്തപുരം:തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് യുഎപിഎ ചുമത്തി അന്വേഷിക്കും. യു.എ.പി.എ 16, 17, 18 വകുപ്പുകള്‍ ചുമത്തിയതായി എന്‍.ഐ.എ ഹൈക്കോടതിയില്‍ അറിയിച്ചു. കേസ് അന്വേഷിക്കാനുള്ള എൻ.ഐ.എ തീരുമാനം യു.എ.ഇയെ അറിയിച്ചു. കൊച്ചി യൂണിറ്റിനായിരിക്കും അന്വേഷണ ചുമതല. തീവ്രവാദ ബന്ധവും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് എൻ.ഐ.എ പറഞ്ഞു. സന്ദീപിനും സരിത്തിനും സ്വപ്നക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നും എൻ.ഐ.എ പറഞ്ഞു. കേസ് ഇനി 14 ആം തിയ്യതി കോടതി പരിഗണിക്കും. പണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ടോ, നയതന്ത്രബാഗുകളില്‍ എങ്ങനെ സ്വര്‍ണ്ണം കടത്തി, കള്ളകടത്തിന് പിന്നിലെ ഉറവിടം എന്നിവയാണ് പ്രധാനമായും അന്വേഷിക്കുക. ആസൂത്രിതമായി നടന്ന കള്ളകടത്ത് ദേശിയ സുരക്ഷക്ക് ഭീഷണിയാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. തീവ്രവാദ പ്രവര്‍ത്തനത്തിനായി രാജ്യത്ത് നടക്കുന്ന പണമിടപാടുകളെകുറിച്ച് എന്‍ഐഎ അന്വേഷിച്ചു വരികയാണ്. ഇത് സംബന്ധിച്ച് കശ്മീരില്‍ നിരവധി റെയ്ഡുകളും നടത്തിയിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം എത്തിക്കുന്നതില്‍ ചില ദക്ഷിണേന്ത്യന്‍ ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതുമായി കേരളത്തിലേക്ക് നടക്കുന്ന സ്വര്‍ണ്ണ കള്ളകടത്തുകള്‍ക്ക് ബന്ധമുണ്ടോയെന്നാണ് എന്‍ഐഎ അന്വേഷിക്കുന്നത്.വിദേശത്ത് അന്വേഷണം നടത്തുന്നതിലെ 2019 ലെ എന്‍ഐഎ നിയമഭേദഗതി അനുവദിക്കുന്നുണ്ട്. ഗൂഢാലോചനയില്‍ പങ്കുണ്ടെന്നോ പ്രതികള്‍ക്ക് സഹായം ചെയ്‌തെന്നോ സംശയിക്കുന്ന എല്ലാവരേയും ചോദ്യം ചെയ്യാനും എന്‍ഐഎക്കാവും.കേസില്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ ഏജന്‍സികളേയും പരമാവധി തെളിവ് കണ്ടെത്താനാണ് ശ്രമം. ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തന്നെ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. അജിത് ഡോവലാണ് യുഎഇയിലെ അന്വേഷണ ഏജന്‍സികളുമായി സംസാരിക്കുക.
സ്വർണ്ണക്കടത്ത് കേസ്;മുഖ്യമന്ത്രി പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം; കോഴിക്കോട് ലാത്തിച്ചാര്‍ജ്ജ്, കണ്ണൂരില്‍ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു
കണ്ണൂര്‍ : തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.കോഴിക്കോട് യൂത്ത് ലീഗ് മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ ലാത്തി ചാര്‍ജ്ജില്‍ 15 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കോഴിക്കോട് കളക്‌ട്രേറ്റിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചുമായി എത്തിയ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡുകള്‍ വച്ച് തടഞ്ഞു. ബാരിക്കേഡ് മറകടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെയാണ് പോലീസ് ബലം പ്രയോഗിച്ചത്. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. എന്നാല്‍, പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാതെ വന്നതോടെ കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിക്കുകയും ചെയ്തു. പതിനൊന്ന് ഗ്രനേഡുകളും മുന്ന് തവണ കണ്ണീര്‍വാതകവും പോലീസ് പ്രയോഗിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കളക്‌ട്രേറ്റിന് മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസടക്കം 15 പേര്‍ക്ക് പരിക്കേറ്റു. ലാത്തിയടിയേറ്റ് തലയ്ക്ക് പരിക്കേറ്റ് പ്രവര്‍ത്തകര്‍ നിലത്ത് വീണു. നേരത്തെ മാര്‍ച്ച് കലക്ടറേറ്റിലേക്ക് എത്തിയപ്പോഴും പല തവണ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു.കണ്ണൂർ പിണറായിയിലെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിന് നേരെയും പോലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. കൊല്ലത്തും ആലപ്പുഴയിലും പാലക്കാടും യു.ഡി.എഫ് യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടപടികളുണ്ടായി. ആറ്റിങ്ങലിലും കോഴിക്കോടും യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. കോഴിക്കോട് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ പൊലീസ് ലാത്തി വീശി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് പ്രഫുല്‍ കൃഷ്ണയടക്കമുള്ളവര്‍ക്ക് പരിക്കേറ്റു
സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്ക്; ആശങ്കപ്പെടേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം-95, മലപ്പുറം-55, പാലക്കാട്-50, തൃശ്ശൂര്‍-27, ആലപ്പുഴ-22, ഇടുക്കി-20, എറണാകുളം-12, കാസര്‍കോട്-11, കൊല്ലം-10, കോഴിക്കോട്-8, കോട്ടയം-7, വയനാട്-7, പത്തനംതിട്ട-7, കണ്ണൂര്‍-8 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.133 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.117 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന 74 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇന്ന് 149 പേര്‍ കോവിഡ് മുക്തമായി ആശുപത്രി വിട്ടു.തിരുവന്തപുരം-9, കൊല്ലം-10, പത്തനംതിട്ട-7, ആലപ്പുഴ-7, കോട്ടയം-8, ഇടുക്കി-8, കണ്ണൂര്‍-16, എറണാകുളം-15, തൃശ്ശൂര്‍-29, പാലക്കാട്-17, മലപ്പുറം-6, കോഴിക്കോട്-1, വയനാട്-3, കാസര്‍കോട്-13 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം ഇന്ന് ഏറ്റവും കൂടുതലാണ്.അതില്‍ തന്നെ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത 7 പേരും ഉള്‍പ്പെടുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരും ബിഎസ്‌ഇ, ബിഎസ്‌എഫ്, ഐടിബിപി വിഭാഗത്തിലുലുള്ള ഓരോരുത്തരും ഉൾപ്പെടുന്നു. രോഗബാധയുടെ തോത് വര്‍ധിക്കുന്നു. അതോടൊപ്പം സമ്പര്‍ക്കം മൂലം രോഗം ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്.ഇന്ത്യയിലെ വൻ നഗരങ്ങളിൽ പലതിലും സൂപ്പർ സ്പ്രെഡ് സ്ഥിതി വിശേഷം ഉണ്ടാകുന്നുണ്ട്. സംസ്ഥാനത്ത് പൂന്തുറയിലാണ് ആദ്യത്തെ സൂപ്പർ സ്രെഡിങ് ഉണ്ടായത്. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കോവിഡിന്റെ കാര്യത്തിൽ വലിയ തോതില്‍ വർധിച്ചിരിക്കുന്നുവെന്നാണു പറയുന്നത്. അപ്പോൾ ആളുകൾ കൂട്ടം കൂടുന്നത് ഒരു കാരണവശാലം അനുവദിക്കാൻ പറ്റില്ല.കോവിഡ് 19 വ്യാപനത്തില്‍ ഏറ്റവും നിര്‍ണായക ഘട്ടമാണ് ഇപ്പോള്‍ നേരിടുന്നത്. വലിയ ആശങ്കയുള്ള ഘട്ടം. സമൂഹവ്യാപനത്തിലേക്ക് വലിയ തോതില്‍ അടുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിലുള്ള നിയന്ത്രണങ്ങള്‍ സമൂഹത്തിന്റെ രക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. അത് കര്‍ശനമായി പാലിക്കേണ്ടതുണ്ട് അത് പാലിക്കുന്നില്ലായെങ്കില്‍ സൂപ്പര്‍ സ്പ്രെഡിലേക്കും സമൂഹവ്യാപനത്തിലേക്കും എത്തും. ഇതിന് അധികം സമയം വേണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വയം നിയന്ത്രണത്തിന്റെ തലം സൃഷ്ടിക്കാന്‍ സാധിക്കണം. രോഗംബാധിച്ചവരുടെ സമ്ബര്‍ക്കപ്പട്ടിക വിപുലമാണ്. അത്തരം സാഹചര്യം ഉണ്ടാകാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് രോഗികളുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാം. നിലവില്‍ എല്ലാവര്‍ക്കും ചികിത്സ നല്‍കാനുള്ള ശേഷി നമുക്കുണ്ട്. എന്നാല്‍ സമ്പർക്കത്തിലൂടെ അനിയന്ത്രിതമായി രോഗം ബാധിച്ചാല്‍ വലിയ പ്രതിസന്ധിയാകും. തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 95 പേരില്‍ 88പേര്‍ക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആലപ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നവദമ്പതികളിൽ ഭാര്യക്ക് കോവിഡ്
ആലപ്പുഴ: ചെന്നിത്തലയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നവദമ്പതികളിൽ ഭാര്യക്ക് കോവിഡ് ബാധയുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചു. മാവേലിക്കര വെട്ടിയാര്‍ തുളസി ഭവനില്‍ ദേവിക ദാസിനാണ് (20) രോഗം കണ്ടെത്തിയത്. ഭര്‍ത്താവ് പന്തളം കുരമ്പാല ഉനംകോട്ടുവിളയില്‍ ജിതിന് (30) രോഗമുണ്ടായിരുന്നില്ലെന്നും കണ്ടെത്തി. ദേവികക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമല്ല. ചൊവ്വാഴ്ചയാണ് രണ്ടുപേരെയും കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ടുമാസം ഗര്‍ഭിണിയായ ദേവികാദാസിന്‍റെ മൃതദേഹം തറയില്‍ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു.ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം കഴിഞ്ഞ മേയ് ആറിനായിരുന്നു. സാരിയില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത ദേവികയുടെ മൃതദേഹം താഴെയിറക്കിയ ശേഷം ജിതിൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം.പെയിന്റിങ് തൊഴിലാളിയായ ജിതിനെ ഫോൺ വിളിച്ചു കിട്ടാത്തതിനെ തുടർന്ന് കരാറുകാരൻ അന്വേഷിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.
തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്;താന്‍ നിരപരാധി,അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും സ്വപ്ന സുരേഷ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയെന്ന് കേസില്‍ ആരോപണ വിധേയയായ സ്വപ്ന സുരേഷ്.ഇന്നലെ രാത്രി വൈകി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജിയിലാണ് സ്വപ്‌ന സുരേഷ് തന്റെ വാദം നിരത്തുന്നത്. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണ്.സ്വര്‍ണക്കടത്തുമായി തനിക്ക് യൊതാരു ബന്ധവുമില്ല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് തന്നെ കേസില്‍ പ്രതി ചേര്‍ക്കാന്‍ തയാറെടുക്കുന്നത്.നേരത്തെ താന്‍ യു എ ഇ കോണ്‍സുലേറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥയായിരുന്നു.പിന്നീട് താന്‍ കോണ്‍സുലേറ്റില്‍ നിന്നും പോന്നു.തന്റെ പ്രവര്‍ത്തന പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനു ശേഷവും പല ഘട്ടങ്ങളിലും കോണ്‍സുലേറ്റ് തന്റെ സഹായം സൗജന്യമായി തേടിയിരുന്നു.കൊവിഡിന്റെ പശ്ചാത്തലത്തില്‍ കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗ്സ്ഥന്‍ മടങ്ങിപോയിരുന്നു. ഈ സമയത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ബാഗ് വിട്ടു കിട്ടാന്‍ വൈകുന്നത് സംബന്ധിച്ച് അന്വേഷിക്കാന്‍ കോണ്‍സുലേറ്റില്‍ നിന്നും നിര്‍ദേശിച്ച അടിസ്ഥാനത്തിലാണ് താന്‍ അവരെ ബന്ധപ്പെട്ടതെന്നും എന്തുകൊണ്ടാണ് ബാഗ് കൈമാറാത്തതെന്ന് ചോദിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും സ്വപ്‌ന സുരേഷ് തന്റെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.തനിക്ക് ക്രമിനല്‍ പശ്ചാത്തലമില്ലെന്നും തന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നത് വിലക്കണമെന്നും സ്വപ്‌ന സുരേഷ് ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹരജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും.
കോവിഡ് വ്യാപനം;തളിപ്പറമ്പ് നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി;മാര്‍ക്കറ്റിലേക്ക് വാഹനങ്ങളെ പ്രവേശിപ്പിക്കുന്നത് ഒരു വഴിയിലൂടെ മാത്രം
കണ്ണൂർ:ജില്ലയിൽ കോവിഡ് ആശങ്ക തുടരുന്ന സാഹചര്യത്തിൽ തളിപ്പറമ്പ് നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി പോലീസ്.തളിപ്പറമ്പ് നഗരസഭ പരിധിയിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഒരു വഴിയിലൂടെ മാത്രമേ വാഹനങ്ങൾക്ക് മാർക്കറ്റിലേക്ക് പ്രവേശിക്കാനാവൂ. ഇവിടേക്ക് കടത്തിവിടുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യും. കടകള്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ. തട്ടുകടകൾക്കും ഹോട്ടലുകൾക്കും ഇത് ബാധകമാക്കും.നിയന്ത്രണങ്ങൾ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. പൊതു ഇടത്തില്‍ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും.അന്യസംസ്ഥാനത്ത് നിന്നും ചരക്ക് വാഹനങ്ങളില്‍ എത്തുന്നവരുമായി പണം ഇടപാട് നടത്തുമ്പോൾ ഗ്ലൗസ് ധരിക്കുന്നതും നിര്‍ബന്ധമാക്കുമെന്ന് തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം, ഡിവൈഎസ്പി ടി കെ രത്‌നകുമാര്‍. എന്നിവര്‍ അറിയിച്ചു.
സംസ്ഥാനത്ത് വെള്ളിയാഴ്ച വാഹനപണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി പണിമുടക്ക്.ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. രാവിലെ ആറു മുതല്‍ ഉച്ചക്ക് 12 വരെയാണ് പണിമുടക്ക്.പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, ഓട്ടോ-ടാക്സി ചാര്‍ജ് വര്‍ധിപ്പിക്കുക, പെട്രോളും ഡീസലും ടാക്സി വാഹനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കുക, പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
കോവിഡ് സമൂഹ വ്യാപന ആശങ്ക;തിരുവനന്തപുരത്ത് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍
തിരുവനന്തപുരം:കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു. പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി എന്നിവയാണ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍. വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ എന്നിവ ബഫര്‍ സോണായും പ്രഖ്യാപിച്ചു.ഈ പ്രദേശങ്ങളില്‍ ബാങ്കിംഗ് അനുബന്ധ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടില്ല. പാല്, പലചരക്ക്, റേഷന്‍ കടകള്‍ രാവിലെ 7 മുതല്‍ 11 വരെ തുറക്കും. പൊതുജനങ്ങൾ മെഡിക്കൽ, ഭക്ഷ്യ ആവശ്യങ്ങൾക്കല്ലാതെ വീടിന് പുറത്തിറങ്ങാൻ പാടില്ല. മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകുന്നില്ലെന്ന് കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും ഉറപ്പാക്കും.പൂന്തുറയില്‍ കോവിഡ‌് സൂപ്പര്‍ സ്പ്രെഡ് ആണുണ്ടായത്. ഒരൊറ്റ രോഗിയില്‍ നിന്ന് അനേകം പേരിലേക്ക് രോഗം പകരുന്നതാണ് സൂപ്പര്‍ സ്പ്രെഡ്. പൂന്തുറ, പുത്തന്‍പള്ളി, മാണിക്കവിളാകം മേഖലകളില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 26 പേര്‍ക്കാണ്. അഞ്ച് ദിവസത്തിനിടെ 119 പേര്‍ക്ക് രോഗം വന്നു. അതിഗുരുതരമാണ് സ്ഥിതി.രോഗികളുടെ സമ്പര്‍ക്ക പട്ടികയിലെ മുഴുവന്‍ പേരെയും പരിശോധനക്ക് വിധേയമാക്കും. പരിശോധനക്ക് ആറ് സംഘങ്ങളെ നിയോഗിച്ചു. തമിഴ്നാട് ഭാഗത്ത് മത്സ്യബന്ധനത്തിന് പോകുന്നത് തടയാന്‍ കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റിനും നിര്‍ദേശം നല്‍കി.റോഡുകളും വീടുകളും അണുവിമുക്തമാക്കും. വീടുകളില്‍ ബ്ലീച്ചിങ് പൌഡര്‍ വിതരണം ചെയ്യും. കുടുംബത്തിന് 5 കിലോ വീതം സൌജന്യ റേഷന്‍ നല്‍കും.പ്രദേശത്ത് കമാന്റോകളെയും വിന്യസിച്ചിട്ടുണ്ട്.