തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന പ്രധാന കണ്ണി സ്വപ്ന സുരേഷും സന്ദീപ് നായരും കസ്റ്റഡിയില്‍. ബെംഗളൂരുവിലെ എലഹങ്കയില്‍ നിന്ന് ഇന്നലെ എൻ.ഐ.ഐ സംഘമാണ് പിടികൂടിയത്.പ്രതികളെ ഇന്ന് ച്ചിയിലെത്തിക്കും. വിഷയത്തില്‍ എന്‍.ഐ.എയുടെ എഫ്ഐആര്‍ പുറത്തുവന്നിരുന്നു. നാല് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതി കേസില്‍ അറസ്റ്റിലായ സരിത്, രണ്ടാം പ്രതി സ്വപ്ന സുരേഷ്, മൂന്നാം പ്രതി ഫൈസല്‍ പരീത്, നാലാംപ്രതി സ്വപ്നയുടെ ബിസിനസ് പങ്കാളിയായ സന്ദീപ് നായര്‍ എന്നിവരാണുള്ളത്. കേസിൽ നേരത്തെ എൻ.ഐ.എ യു.എ.പി.എ ചുമത്തിയിരുന്നു. യു.എ.പി.എ 16, 17, 18 വകുപ്പുകള്‍ ചുമത്തിയതായാണ് എന്‍.ഐ.എ ഹൈക്കോടതിയില്‍ അറിയിച്ചത്. കേസ് അന്വേഷിക്കാനുള്ള എൻ.ഐ.എ തീരുമാനം യു.എ.ഇയെ അറിയിച്ചു.കൊച്ചി യൂണിറ്റിനായിരിക്കും അന്വേഷണ ചുമതല. തീവ്രവാദ ബന്ധവും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് എൻ.ഐ.എ പറഞ്ഞു. സന്ദീപിനും സരിത്തിനും സ്വപ്നക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നും എൻ.ഐ.എ പറഞ്ഞു.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; തൃശ്ശൂർ അരിമ്പൂരില്‍ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മക്ക് കോവിഡ് സ്ഥിരീകരിച്ചു
തൃശൂർ:സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.തൃശ്ശൂർ അരിമ്പൂരില്‍ കുഴഞ്ഞുവീണു മരിച്ച വീട്ടമ്മക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ അഞ്ചിന് മരിച്ച വത്സലക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യ ട്രൂനാറ്റ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. പോസ്റ്റുമോർട്ടം നടപടിക്കിടെ ശേഖരിച്ച സ്രവ പരിശോധനാ ഫലമാണ് പോസിറ്റീവായത്. പ്രോട്ടോകോള്‍ പാലിക്കാതെയായിരുന്നു മൃതദേഹം സംസ്കരിച്ചത്.ഇക്കഴിഞ്ഞ അഞ്ചാംതീയതി വൈകീട്ട് നാല് മണിയോടെയായിരുന്നു വത്സല നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീഴുന്നത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. മരണകാരണത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ ട്രൂനാറ്റ് പരിശോധന നടത്തിയിരുന്നു. ഈ ഫലം നെഗറ്റീവായിരുന്നു. പരിശോധനാഫലത്തിലെ സംശയം കാരണം രണ്ട് ദിവസം കൂടി മൃതദേഹം കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ചു. ജൂണ്‍ ഏഴിനാണ് പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കായി മൃതദേഹം പുറത്തെടുത്തത്. പി.സി.ആര്‍ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആയത്. ഈ പരിശോധനാഫലം കാത്തുനില്‍ക്കാതെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. ഗുരുവായൂരിലെ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ ബസില്‍ വത്സലയുടെ മകള്‍ യാത്ര ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അമ്മയും മകളും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കോവിഡ് മരണമാണിത്. എറണാകുളത്ത് ഇന്നലെ ഹൃദയാഘാതം വന്ന് മരിച്ച പുല്ലുവഴി സ്വദേശിക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്ത് പുല്ലുവഴി പുത്തൂരാം കവല പി.കെ ബാലകൃഷ്ണൻ നായരാണ് ആണ് മരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 234 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം;143 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 143 പേര്‍ രോഗമുക്തി നേടി. ഇന്ന് രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നു രോഗം ബാധിച്ചവരിൽ 167 പേർ വിദേശത്തു നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 76 പേർ. സമ്പർക്കം വഴി 234 പേർക്കാണ് രോഗബാധ ഉണ്ടായത്. ആരോഗ്യപ്രവർത്തകർ 2, ഐടിബിപി 2, ബിഎസ്എഫ് 2, ബിഎസ്‌സി 4 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്ക്.ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും , കൊല്ലം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 18 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും ആണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് നിലവില്‍ 195 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.പുതുതായി 16 ഹോട്ട് സ്‌പോട്ടുകള്‍ നിലവില്‍വന്നു. സംസ്ഥാനത്താകെ രോഗവ്യാപനം വർധിക്കുന്നതിന്റെ സൂചനയാണ് ഇന്ന് ലഭിക്കുന്ന കണക്കുകൾ. തിരുവനന്തപുരത്ത് 69 പേർക്ക് ഇന്ന് രോഗം ബാധിച്ചു. 46 പേർക്ക് സമ്പർക്കം വഴി. അതിനു പുറമേ എവിടെനിന്ന് ബാധിച്ചു എന്ന് അറിയാത്ത 11 കേസുകളുണ്ട്. ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ, ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾ, ബഫർ സോണുകൾ ഇവിടങ്ങളിൽ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമായി തുടരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസ്;മുന്‍ ഐ.ടി സെക്രട്ടറി ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ റെയ്ഡ്
:സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ ഐ.ടി സെക്രട്ടറി ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തി.ഇന്നലെയും ഇന്നുമായി രണ്ട് തവണയാണ് കസ്റ്റംസ് പരിശോധന നടത്തിയത്. പരിശോധനയോട് പ്രതികരിക്കാന്‍ ശിവശങ്കര്‍ തയ്യാറായില്ല. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ശിവശങ്കരന്‍റെ ഫ്ലാറ്റില്‍ കസ്റ്റംസ് ആദ്യ പരിശോധന നടത്തിയത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപമുള്ള ഹെദര്‍ ടവര്‍ എന്ന ഫ്ലാറ്റിലായിരുന്നു പരിശോധന. 6-എഫ് എന്ന ഫ്ലാറ്റിലായിരുന്നു പരിശോധന. ഇന്നലെ ഒന്നരമണിക്കൂറോളം കസ്റ്റംസ് അധികൃതര്‍ ഈ ഫ്ലാറ്റില്‍ തെരച്ചില്‍ നടത്തി. ഇന്ന് രാവിലെയും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഈ ഫ്ലാറ്റില്‍ വന്ന് പരിശോധന നടത്തിയെന്നാണ് സെക്യൂരിറ്റിക്കാരനില്‍ നിന്ന് മനസ്സിലാക്കുന്നത്. കസ്റ്റംസിന്‍റെ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഇവിടെ പരിശോധന നടത്തിയത്.സ്വര്‍ണ കടത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത് ഈ ഫ്‌ളാറ്റില്‍ വെച്ചാണെന്നാണ് പ്രാഥമിക നിഗമനം.അതേസമയം കേസുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് എം.ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.നടപടിക്ക് പിന്നാലെ ശിവശങ്കർ 6 മാസത്തെ അവധിക്ക് അപേക്ഷ നൽകി. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ശിവശങ്കർ അവധിയിൽ പോകുന്നതെന്നാണ് സൂചന.
മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച്;കെ സുധാകരന്‍ എം പി, ഷാഫി പറമ്പിൽ എം എല്‍ എ അടക്കം 115 പേര്‍ക്കെതിരെ കേസ്
കണ്ണൂർ:സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയതിന് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന് കാണിച്ച് കെ സുധാകരന്‍ എം പി, ഷാഫി പറമ്പിൽ എം എല്‍ എ അടക്കം 115 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന പതിനഞ്ചോളം നേതാക്കള്‍ക്കും നൂറോളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ മുഖ്യമന്ത്രിയുടെ പിണറായിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്.കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചും സമരം നടത്തുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കെ.സുധാകരന്‍ എം.പി പറഞ്ഞിരുന്നു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ ഉന്തുംതള്ളുമുണ്ടായി.കെ സുധാകരന്‍ എംപി മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.കണ്ണൂര്‍ കളക്ടറേറ്റില്‍ പ്രതിഷേധം നടത്തിയ യൂത്ത് ലീഗ് മന്ത്രി ഇ പി ജയരാജന്റെ വാഹനം തടഞ്ഞു. പ്രോട്ടോക്കോള്‍ ലംഘിച്ച് കോഴിക്കോട് കളക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയതിന് പി കെ ഫിറോസ് അടക്കം 90 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 90 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തത്. 75 യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. പകര്‍ച്ച വ്യാധി നിരോധന നിയമം, അനുമതിയില്ലാതെ പ്രകടനം നടത്തല്‍, പൊലീസിനെ മര്‍ദ്ദിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കോവിഡ് ചികിത്സക്ക് സോറിയാസിസ് മരുന്ന് ഉപയോഗിക്കാന്‍ അനുമതി
ന്യൂഡൽഹി:സോറിയാസിസ് എന്ന ത്വക് രോഗത്തിന് നൽകുന്ന മരുന്ന് കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാൻ അനുമതി. ഗുരുതര ശ്വാസ തടസ്സം അനുഭവിക്കുന്ന രോഗികൾക്കാണ് സോറിയാസിസിന് നല്‍കുന്ന ഇറ്റൊലൈസുമാബ് എന്ന മരുന്ന് നൽകുക. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഈ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കി.പരിമിതമായ സാഹചര്യങ്ങളില്‍ മാത്രമേ ഈ മരുന്ന് കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാവൂ.രാജ്യത്ത് കോവിഡ് രോഗികളില്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന് വിധേയമാക്കിയതിനു ശേഷമാണ് മരുന്ന് അംഗീകരിച്ചത്. ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായിരുന്നതായി ശ്വാസകോശ രോഗ വിദഗ്ധന്‍, ഔഷധ ശാസ്ത്രജ്ഞന്‍, എയിംസിലെ വിദഗ്ധര്‍ എന്നിവരെല്ലാം അഭിപ്രായപ്പെട്ടു.കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സോറിയാസിസ് ചികിത്സയ്ക്കായി ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്. മരുന്ന് ഉപയോഗിക്കുന്നതിന് മുൻപ് കൊവിഡ് രോഗികളില്‍ നിന്ന് രേഖാമൂലമുള്ള സമ്മതപത്രം വാങ്ങും.ബയോകോൺ ആണ് ഇറ്റൊലൈസുമാബിന്റെ ഉത്‌പാദകർ.
കോവിഡ് പ്രതിരോധത്തിൽ ധാരാവി മികച്ച മാതൃക;പ്രശംസിച്ച് ലോകാരോഗ്യ സംഘടന
മുംബൈ:കൊവിഡ് പ്രതിരോധത്തിന് മറ്റ് രാജ്യങ്ങള്‍ക്ക് മികച്ച മാതൃകയാണ് മുംബൈയിലെ ധാരാവിയെന്ന് ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനം തടയാന്‍ പരിശോധനകളിലൂടെയും, സാമൂഹിക അകലം പാലിക്കുന്നതിലൂടെയും കഴിയുമെന്ന് ധാരാവി തെളിയിച്ചു. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന, ഇത്രയും വലിയൊരു ചേരിപ്രദേശത്ത് രോഗവ്യാപനം തടയാന്‍ സാധിച്ചത് കൃത്യമായ ആസൂത്രണങ്ങളിലൂടെയാണെന്ന് ലോകാരോഗ്യ സംഘടന പ്രശംസിച്ചു.ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഏപ്രില്‍ മുതല്‍ ഇന്നുവരെ അരലക്ഷത്തിലധികം വീടുകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്. കൂടാതെ ചേരിയുടെ പല ഭാഗങ്ങളില്‍ നിന്നായി ഏഴ് ലക്ഷത്തോളം പേരെ തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയമാക്കി. അവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ ഉടന്‍ നിരീക്ഷണത്തിലാക്കി. ഇത്തരത്തിലൂള്ള നടപടികള്‍ സ്വീകരിച്ചതുകൊണ്ടാണ് ധാരാവിയില്‍ കൊവിഡ് നിയന്ത്രണ വിധേയമാക്കന്‍ കഴിഞ്ഞതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.ധാരാവിക്ക് പുറമേ തെക്കന്‍ കൊറിയ, ഇറ്റലി ,സ്പെയിന്‍ എന്നീ രാജ്യങ്ങളെയും കൊവിഡ് പ്രതിരോധത്തില്‍ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു. കൃത്യമായ പരിശോധന, ഉറവിടം കണ്ടെത്തല്‍ ,ചികിത്സ എന്നീ പ്രതിരോധഘട്ടങ്ങള്‍ ഫലപ്രദമായി നടപ്പാക്കണമെന്ന് എല്ലാ രാജ്യങ്ങളോടും ലോകാരോഗ്യ സംഘടന വീണ്ടും ആവശ്യപ്പെട്ടു.
തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്; സരിത്തിന്‍റെയും സന്ദീപിന്‍റെയും ഭാര്യമാരുടെ രഹസ്യമൊഴി രേഖപ്പെടുത്തും
തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ സരിത്തിന്‍റെയും സന്ദീപിന്‍റെയും ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കാന്‍ നീക്കം. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി കസ്റ്റംസ് അടുത്തയാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.നേരത്തേ ഇവർ കസ്റ്റംസിന് മൊഴി നൽകിയിരുന്നു.കേസ് കോടതി മുന്‍പാകെ വരുമ്പോൾ ഇവര്‍ മൊഴിമാറ്റി പറയുവാനുള്ള സാധ്യത മുന്‍പില്‍ കണ്ടാണ് 164 നിയമപ്രകാരം ഇരുവരുടെയും രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.നയതന്ത്ര ചാനല്‍ ദുരുപയോഗം ചെയ്ത് 30 കിലോയോളം സ്വര്‍ണം കടത്തിയ കേസ് കസ്റ്റംസിനൊപ്പം ദേശീയ സുരക്ഷാ ഏജന്‍സിയുടെ കൈകളിലേക്ക് കൂടി എത്തിയതോടെ അന്വേഷണം ഊര്‍ജിതമായിരിക്കുകയാണ്. ഇന്നലെ അര്‍ധരാത്രിയോടെ തന്നെ എന്‍.ഐ.എ സംഘം കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം ഓഫിസിലെത്തി കേസിന്‍റെ തുടക്കം മുതലുള്ള വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രതികളെകുറിച്ച് കസ്റ്റംസ് ഇതുവരെ ശേഖരിച്ച വിവരങ്ങളെല്ലാം കൈമാറി. പ്രതികള്‍ക്കെതിരെ യു.എ.പി.എയാണ് ചുമത്തിയിരിക്കുന്നത്. സംസ്ഥാനത്തേക്ക് സ്വര്‍ണം എത്തുന്നത് ഭീകര പ്രവര്‍ത്തനത്തിനുള്ള പണത്തിനായിട്ടാണോയെന്നതാണ് എന്‍.ഐ.എ പ്രധാനമായും പരിശോധിക്കുന്നത്. അടുത്തിടെ നടന്ന സ്വര്‍ണക്കടത്ത് കേസുകളിൽ പ്രതികളായിട്ടുള്ളവരെ സംബന്ധിക്കുന്ന വിവരങ്ങൾ, കേസുമായി ബന്ധപ്പെട്ട അന്വേഷണ ഏജൻസികളുടെ തുടർന്നുള്ള പ്രവർത്തനങ്ങളുടെ അവസ്ഥ തുടങ്ങിയവയാണ് എൻ.ഐ.എ പരിശോധിക്കുന്നത്.
സമ്പർക്ക വ്യാപനം രൂക്ഷം;തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി
തിരുവനന്തപുരം : സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗ വ്യാപനം രൂക്ഷമായ പൂന്തുറ മേഖലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. തിരുവനന്തപുരം നഗരസഭാ പരിധിയിലും ഒരാഴ്ച കൂടി നിയന്ത്രണം തുടരും. തലസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗം പകര്‍ന്നവരുടെ എണ്ണം 100 കവിഞ്ഞതോടെയാണ് നടപടി.പുതിയ 129 കോവിഡ് കേസുകളില്‍ 122 എണ്ണവും സമ്പർക്കത്തിലൂടെ ബാധിച്ചവയാണ്.പൂന്തുറയിലും പരിസര പ്രദേശത്തുമായി 101 പുതിയ രോഗികള്‍ ഉണ്ടായി.ഇത് കൂടാതെ പുല്ലുവിള, പൂവച്ചല്‍, ആറ്റുകാല്‍ തുടങ്ങി മേഖലകളില്‍ ഉറവിടമറിയാത്ത കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.നഗരത്തില്‍ അഞ്ച് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. ഇവിടങ്ങള്‍ കേന്ദ്രീകരിച്ചാകും ഇനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. ശ്വാസകോശ രോഗികള്‍ക്ക് ആന്‍റിജന്‍ ടെസ്റ്റ് നടത്തും. പാലിയേറ്റീവ് രോഗികള്‍ക്ക് പരിരക്ഷ എന്ന പേരില്‍ റിവേഴ്സ് ക്വാറന്റീന്‍ നടപ്പാക്കും.അതേസമയം ബഫര്‍ സോണായി പ്രഖ്യാപിച്ച വള്ളക്കടവ്, മുട്ടത്തറ, വലിയതുറ വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കി. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ 5 മണി വരെ പ്രവര്‍ത്തിക്കാം. നാടന്‍ വള്ളങ്ങള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്താം. കൂടുതലായി ലഭിക്കുന്ന മത്സ്യം മത്സ്യഫെഡ് ഏറ്റെടുക്കും. സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ് എന്നിവയുടെ ന്യായവില മൊബൈല്‍ യൂണിറ്റുകളും മൊബൈല്‍ എടിഎമ്മുകളും പ്രവര്‍ത്തിക്കും. രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് താത്കാലിക കോവിഡ് ആശുപത്രികള്‍ സജ്ജീകരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ആശങ്ക;ഇന്ന് 416 പേര്‍ക്ക് കൂടി കോവിഡ്, 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.112 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 123 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 35 ഐടിബിപി ജീവനക്കാര്‍, 1 സി.ഐ.എസ്.എഫ്, 1 ബി.എസ്.എഫ് ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.തിരുവനന്തപുരം 129, കൊല്ലം 28, പത്തനംതിട്ട 32, ആലപ്പുഴ 50, കോട്ടയം 7, ഇടുക്കി 12, എറണാകുളം 20, തൃശൂർ 17, പാലക്കാട് 28, മലപ്പുറം 41, കോഴിക്കോട് 12, കണ്ണൂർ 23, കാസർകോട് 17 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗബാധിച്ചവരുടെ കണക്ക്.തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശൂര്‍ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂര്‍ 14, കാസര്‍കോട് 3, എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
ഇന്നു 422 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട് ചികിത്സ വര്‍ധിപ്പിക്കുന്നതിന് എ,ബി,സി പ്ലാനുകള്‍ തയാറാക്കി. ആദ്യ ഘട്ടത്തില്‍ പിടിച്ചുനിന്ന ബെംഗളൂരുവിലും ചെന്നൈയിലും സ്ഥിതി രൂക്ഷമാണ്. ഇവിടങ്ങളില്‍ ഏതെങ്കിലും ഒരു സ്ഥലം കേന്ദ്രീകരിച്ച് ക്ലസ്റ്ററുകള്‍ ആകുകയും പിന്നീട് സമൂഹവ്യാപനത്തിലേക്ക് കടക്കുകയുമായിരുന്നു.സമാനരീതിയിലാണ് ഇവിടെ കാണപ്പെട്ട സൂപ്പര്‍ സ്പ്രെഡ്. ഇന്ത്യയില്‍ രോഗം അതിന്റെ ഏറ്റവും ആസുരഭാവത്തോടെ അഴിഞ്ഞാടുമ്ബോള്‍ പ്രതിരോധം തീര്‍ക്കണം. പകരം അത്തരം നടപടികളെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ സ്വീകരിക്കരുത്.
സ്ഥിതി രൂക്ഷമായ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.കേരളത്തില്‍ ഇതുവരെ 2 ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍ ആണുള്ളത്. പൊന്നാനിയും തിരുവനന്തപുരം കോര്‍പറേഷനിലെ 3 വാര്‍ഡുകളും. ക്ലസ്റ്റര്‍ മാനേജ്മെന്റ് കര്‍ശനമായി നടപ്പാക്കേണ്ടത് സമൂഹവ്യാപനം തടയാന്‍ അത്യാവശ്യമാണ്.പൂന്തുറയില്‍ ഉള്ളവരെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വാട്സാപ് പ്രചാരണം നടത്തി. തെറ്റായ പ്രചാരണങ്ങളെ തുടര്‍ന്നാണ് രാവിലെ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തെരുവിലിറങ്ങിയാല്‍ സര്‍ക്കാര്‍ സഹായം കിട്ടുമെന്നും അവര്‍ പ്രചരിപ്പിച്ചു. ഒരു പ്രത്യേക പ്രദേശത്തെ അപകീര്‍ത്തിപ്പെടുത്താനല്ല സര്‍ക്കാരിന്റെ ശ്രമം. മനുഷ്യജീവന്‍ രക്ഷിക്കലാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.