തിരുവനന്തപുരം : ബാലഭാസ്‌ക്കറുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സോബി . ബാലഭാസ്കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സ്വര്‍ണക്കടത്തു കേസിലെ പ്രതി സരിത്ത് ഉണ്ടായിരുന്നതായി കലാഭവന്‍ സോബി പറയുന്നു. മാധ്യമങ്ങളിലൂടെ ഫോട്ടോ കണ്ടപ്പോഴാണ് അപകടസ്ഥലത്ത് സരിത്തുണ്ടായിരുന്നതായി തിരിച്ചറിഞ്ഞതെന്നും സോബി പറയുന്നു. ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തുകൂടി പോയപ്പോള്‍ ദുരൂഹ സാഹചര്യത്തില്‍ ചിലരെ കണ്ടതായി സോബി ക്രൈംബ്രാഞ്ചിനോടു പറഞ്ഞങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. പിന്നീട് ഡിആര്‍ഐ ചില സ്വര്‍ണക്കടത്തുകാരുടെ ഫോട്ടോകള്‍ കാണിക്കുകയും സോബി അതിലൊരാളെ തിരിച്ചറിയുകയും ചെയ്തിരുന്നു. സരിത്തിന്റെ ഫോട്ടോ കൂട്ടത്തില്‍ ഇല്ലായിരുന്നു. നയതന്ത്ര സ്വര്‍ണക്കടത്ത് വിവാദമാകുകയും സരിത്ത് അറസ്റ്റിലാകുകയും ചെയ്തപ്പോഴാണു സരിത്തിനെ തിരിച്ചറിഞ്ഞതെന്നു സോബി പറയുന്നു.ബാലഭാസ്‌കറിന്റേത് അപകടമരണമല്ലെന്നായിരുന്നു സോബിയുടെ ആരോപണം. ബാലഭാസ്‌കറിന്റെ മരണവുമായി സ്വര്‍ണക്കടത്തിന് ബന്ധമുണ്ടെന്നും മുന്‍പേ കലാഭവന്‍ സോബി ആരോപിച്ചിരുന്നു. വയലിനിസ്റ്റ് ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരില്‍ ചിലര്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണെന്നു സ്ഥിരീകരിച്ച ഡിആര്‍ഐ അന്വേഷണം നടത്തിവരികയാണ്.
യു എ ഇയിൽ സന്ദർശക വിസയിലുള്ളവർ ആഗസ്റ്റ് 12 ന് മുമ്പ് നാട്ടിലേക്ക് മടങ്ങണം
ദുബായ്:യു എ ഇയിൽ സന്ദർശകവിസയിലും ടൂറിസ്റ്റ് വിസയിലുമുള്ളവർ ആഗസ്റ്റ് 12 നകം പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ്. ഐ സി എ വക്താവ് ബ്രിഗേഡിയർ ഖമീസ് അൽകഅബിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 12 മുതൽ ഒരുമാസമാണ് സന്ദർശകവിസക്കാർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം. അതിന് ശേഷം ഇവർ പിഴ നൽകേണ്ടി വരും.നാട്ടിലുള്ള താമസവിസക്കാർ യു എ യിൽ തിരിച്ചെത്തിയാൽ രേഖകൾ ശരിയാക്കാൻ ഒരുമാസം സമയം നൽകും.മാർച്ച് ഒന്നിന് ശേഷം താമസ വിസാ കാലാവധി അവസാനിച്ചവർക്ക് വിസ പുതുക്കാനും എമിറേറ്റ്സ് ഐഡി പുതുക്കാനും ജൂലൈ 12 മുതൽ മൂന്ന് മാസത്തെ സമയം നൽകും. ഈ കാലാവധിക്ക് ശേഷം അവർ പിഴ നൽകേണ്ടി വരും.മാർച്ച്, ഏപ്രിൽ മാസങ്ങളിൽ താമസ വിസ കാലാവധി തീർന്നവർക്ക് പുതുക്കാൻ ഇപ്പോൾ അപേക്ഷ നൽകാം. മേയിൽ കാലാവധി തീർന്നവർ ആഗസ്റ്റ് എട്ട് മുതൽ അപേക്ഷിച്ചാൽ മതി. ജൂൺ ഒന്ന് മുതൽ ജൂലൈ 11 വരെയുള്ള കാലയളവിൽ താമസവിസയുടെ കാലാവധി തീർന്നവർ സെപ്തംബർ 10 ന് ശേഷമാണ് പുതുക്കാനായി അപേക്ഷിക്കേണ്ടത്. ജൂലൈ 12 ന് ശേഷം കാലാവധി തീർന്നവർക്ക് പ്രത്യേക സമയക്രമം ബാധകമാക്കിയിട്ടില്ല.നേരത്തേ വിസാ കാലാവധികൾ ഡിസംബർ അവസാനം വരെ നീട്ടി എന്ന പ്രഖ്യാപനം ഇപ്പോൾ റദ്ദാക്കിയിട്ടുണ്ട്. ica.gov.ae എന്ന വെബ്സൈറ്റ് വഴി സേവനങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കണമെന്നും അധികൃതർ അറിയിച്ചു.
സ്വർണ്ണക്കടത്ത് കേസ്;സ്വപ്നയെയും സന്ദീപ് നായരെയും എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതികളായ സന്ദീപ് നായരെയും സ്വപ്നയെയും എന്‍.ഐ.എ അന്വേഷണ സംഘം കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി. ഇവരെ പത്ത് ദിവസം കസ്‌റ്റഡിയില്‍ നല്‍കണമെന്നാണ് എന്‍.ഐ.എ ആവശ്യപ്പെട്ടത്. നേരത്തെ കോടതി ആവശ്യപ്പെട്ടതനുസരിച്ച് പ്രതികളുടെ കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇവരുടെ ഫലം നെഗറ്റീവ് ആയതോടെയാണ് ഉടന്‍ കസ്‌റ്റഡിയില്‍ ലഭിക്കാന്‍ എന്‍.ഐ.എ ശ്രമം നടത്തിയത്.രാജ്യസുരക്ഷയെ ബാധകമാകുന്ന വലിയ ഗൂഡാലോചന എന്‍.ഐ.എ സ്വര്‍ണക്കടത്ത് കേസില്‍ സംശയിക്കുന്നുണ്ട്. കൊണ്ടുവരുന്ന സ്വര്‍ണം എവിടേക്കാണ് കൊണ്ടുപോകുക എന്നും ആരെല്ലാമാണ് ഇതിന്റെ ഗുണഭോക്താക്കളെന്നും ചോദിച്ചറിയാനാണ് എന്‍.ഐ.എ ശ്രമം. തീവ്രവാദ ബന്ധമുളളവരില്‍ ഈ സ്വര്‍ണം എത്തിയതായാണ് കരുതുന്നത്.
സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു
ന്യൂഡൽഹി:സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു.കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചിരുന്ന പരീക്ഷകള്‍ ബോര്‍ഡ് റദ്ദാക്കിയിരുന്നു. എഴുതിയ പരീക്ഷകളുടെ ഫലമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്.ഈമാസം 15ന് മുന്‍പ് ഫലം പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ മൂല്യനിര്‍ണയത്തിന് ഒരേ രീതിയാണ്. മുഴുവന്‍ വിഷയവും എഴുതിയവര്‍ക്ക് അതിനനുസരിച്ചു മാര്‍ക്കു നല്‍കും. മൂന്നില്‍ കൂടുതല്‍ പരീക്ഷകള്‍ എഴുതിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക്, ഏറ്റവും മികച്ച മാര്‍ക്ക് നേടിയ മൂന്നു വിഷയങ്ങളുടെ ശരാശരി മാര്‍ക്കാണ് പരീക്ഷ റദ്ദാക്കിയ വിഷയങ്ങള്‍ക്കു നല്‍കുക. മൂന്നു പരീക്ഷ മാത്രം എഴുതിയവര്‍ക്ക് ഏറ്റവും മികച്ച മാര്‍ക്കു ലഭിച്ച രണ്ടു വിഷയങ്ങള്‍ക്കു ലഭിച്ച മാര്‍ക്കാണ് പരീക്ഷ റദ്ദാക്കിയ വിഷയങ്ങള്‍ക്കു ലഭിക്കുക. അസെസ്മെന്റ് സ്കീം അപര്യാപ്തമെന്നു തോന്നുന്ന വിദ്യാര്‍ഥികള്‍ക്ക് സാഹചര്യം അനുകൂലമാകുമ്പോൾ വീണ്ടും പരീക്ഷ എഴുതാം.
കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട
മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട.ദുബായിൽ നിന്നും രണ്ടു വിമാനങ്ങളിലായി എത്തിയ ഏഴുപേരിൽ നിന്നാണ് 2 കിലോ 128 ഗ്രാം സ്വർണ്ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കാസർകോഡ്,നാദാപുരം സ്വദേശികളെ കസ്റ്റംസ് പിടികൂടി.സ്വർണ്ണം ഉരുക്കി കുഴമ്പു രൂപത്തിലാക്കി അടിവസ്ത്രത്തിലും ബെൽറ്റിലുമാക്കി ഒളിപ്പിച്ചായിരുന്നു കൊണ്ടുവന്നത്.സംശയം തോന്നിയ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്.ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് പിടികൂടിയത്.രണ്ടു ദിവസം മുൻപ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഒന്നരക്കോടിരൂപയുടെ രൂപയുടെ സ്വർണ്ണം പിടികൂടിയിരുന്നു.അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലും മിശ്രിത രൂപത്തിലുമാണ് സ്വർണ്ണം ഒളിച്ചുകടത്തിയത്.പിടിയിലായ മൂന്നുപേരും വിദേശത്തുനിന്നും വന്നവരാണ്.സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് വിവാദമായി നിൽക്കുന്ന സാഹചര്യത്തിലാണ് കടത്ത് തുടരുന്നത്.
കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയം കൊവിഡ് ഫസ്റ്റ് ലൈന്‍ ചികില്‍സാ കേന്ദ്രമായി ഏറ്റെടുത്തു
കണ്ണൂര്‍:കേന്ദ്രീയ വിദ്യാലയം കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി ഏറ്റെടുത്ത് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിറക്കി.കണ്‍ടോണ്‍മെന്റ് ഏരിയയില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈനിക ആശുപത്രിയിലെ സംവിധാനങ്ങള്‍ മതിയാകാതെ വന്നതിനെ തുടര്‍ന്നാണ് ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ജില്ലാ കലക്ടറുടെ നടപടി. സൈനിക ആശുപത്രിയുമായി ചേര്‍ന്നാണ് കേന്ദ്രീയ വിദ്യാലയത്തില്‍ ആരംഭിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുക. ഇവിടേക്ക് ആവശ്യമായ സംവിധാനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കുന്നതിന് ഡിഎസ്‌സി കമാന്റണ്ടിനെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി. മിലിറ്ററി ആശുപത്രിയുടെ നിലവില്‍ പ്രവര്‍ത്തന രഹിതമായി കിടക്കുന്ന ബ്ലോക്ക് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തന സജ്ജമാക്കാനും അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കി. ഇവിടേക്ക് ആവശ്യമായ ചികില്‍സാ സംവിധാനമൊരുക്കുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മറ്റു രോഗികളുമായി ബന്ധമില്ലാത്ത വിധം കൊവിഡ് ചികിത്സക്ക് പ്രത്യേക ബ്ലോക്കോ, മുറികളോ ഒരുക്കാനാണ് നിര്‍ദ്ദേശം. കോവിഡ് ബാധിതര്‍ക്ക് ആശുപത്രിയിലേക്ക് കടക്കാനും പുറത്തേക്ക് ഇറങ്ങുന്നതിനുമായി പ്രത്യേക വഴി ഒരുക്കാനും ശ്രദ്ധിക്കണം. ആവശ്യമായ ടോയ്‌ലറ്റ് സംവിധാനങ്ങളും ഇവര്‍ക്കായി ഉണ്ടായിരിക്കണം. പ്രത്യേക മുറികള്‍ ലഭ്യമല്ലെങ്കില്‍ രോഗികള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലമുള്ള വിധത്തില്‍ 20 കട്ടിലുകള്‍ ഉള്‍ക്കൊളളാന്‍ സാധിക്കുന്ന വാര്‍ഡുകള്‍ സജ്ജീകരിക്കാനും ഉത്തരവില്‍ പറയുന്നു.
കോവിഡ് രോഗ ബാധിതര്‍ക്കും ഇതര രോഗികള്‍ക്കും പ്രത്യേകം പ്രത്യേകം ഐപി, ഒപി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പിപിഇ കിറ്റ്, എന്‍95 മാസ്‌ക്ക്, കൈയുറ തുടങ്ങിയ സുരക്ഷാ കവചങ്ങള്‍ ധരിക്കണം. കൊവിഡ് രോഗികളുടെ എണ്ണം യഥാസമയം ഡിഎംഒയെ അറിയിക്കണം. കോവിഡ് ബാധിതരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണമെന്നും ജില്ലാ കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി;കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
കോട്ടയം: കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാളാണ് മരിച്ചത്.കോട്ടയം പാറത്തോട് സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായിരുന്ന അബ്ദുള്‍ സലാം (71) ആണ് മരിച്ചത്.ഇന്നു രാവിലെയാണ് അബ്ദുള്‍ സലാം മരണപ്പെട്ടത്. ഇയാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.അബ്ദുള്‍ സലാമിനു കടുത്ത വൃക്കരോഗവും പ്രമേഹവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും ഇദ്ദേഹത്തിന്റെ സംസ്‌കാരം നടക്കുക.ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 32 ആയി.
സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;206 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ;132 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39, തൃശൂർ, വയനാട് ജില്ലകളില്‍ 19 വീതം, കണ്ണൂര്‍ 17 , ഇടുക്കി 16 , കോട്ടയം 12, കൊല്ലം 5, കോഴിക്കോട് 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 87 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 206 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ 41 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 31 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 17 പേര്‍ക്കും, കോട്ടയം ജില്ലയിലെ 6 പേര്‍ക്കും, കൊല്ലം ജില്ലയിലെ 5 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 4 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ആലപ്പുഴ ജില്ലയിലെ നാലും, തിരുവനന്തപുരം ജില്ലയിലെ രണ്ടും, പത്തനംതിട്ട, കോട്ടയം, എറണാകുളം കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനും ഒരു സി.ഐ.എസ്.എഫ് ജവാനും രോഗബാധിതരായി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 132 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 24 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേരുടെയും (മലപ്പുറം 1, കാസര്‍ഗോഡ് 1, കോഴിക്കോട് 1), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 18 പേരുടെയും (എറണാകുളം 1), പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 5 പേരുടെയും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും (പത്തനംതിട്ട 1), ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 3743 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4097 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 14, 15 കാളമുക്ക് മാര്‍ക്കറ്റ്), മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റി (1, 28 പേഴക്കാപ്പിള്ളി മാര്‍ക്കറ്റ്), കുമ്പളങ്ങി (5, 9), കളമശ്ശേരി മുന്‍സിപ്പാലിറ്റി (36), തിരുവാണിയൂര്‍ (6), രായമംഗലം (13, 14), കാവലങ്ങാട് (11), കാസര്‍ഗോഡ് ജില്ലയിലെ ബേളൂര്‍ (11), കല്ലാര്‍ (3), പനത്തടി (11), കയ്യൂര്‍-ചീമേനി (11), കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം (5), പായം (2), അഞ്ചരക്കണ്ടി (9), മങ്ങാട്ടിടം (17), പത്തനംതിട്ട ജില്ലയി കല്ലൂപ്പാറ (13), മലയാലപ്പുഴ (3, 11), കൊട്ടങ്ങല്‍ (2), പാലക്കാട് ജില്ലയിലെ നെല്ലായ (11), കൊല്ലങ്ങോട് (2), വല്ലാപ്പുഴ (5, 13, 16), കോഴിക്കോട് ജില്ലയിലെ നാദാപുരം (എല്ലാ വാര്‍ഡുകളും), തൂണേരി, തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ (5), ആതിരപ്പള്ളി (4), ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്ക് (താലൂക്ക് മുഴുവനും), രാമങ്കരി (9), വയനാട് ജില്ലയിലെ പുല്‍പ്പള്ളി (എല്ലാ വാര്‍ഡുകളും), പൂത്താടി (4, 5), കോട്ടയം ജില്ലയിലെ അയ്മനം (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 4, 7,10,13), മടിക്കൈ (2, 12), കാറഡുക്ക (4, 7, 10, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 222 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം;ഇടുക്കിയിൽ ഹൃദയസ്തംഭനം മൂലം മരിച്ച സ്ത്രീയുടെ പരിശോധന ഫലം പോസിറ്റീവ്
തിരുവനന്തപുരം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഹൃദയ സ്തംഭനം മൂലം മരിച്ച ഇടുക്കി സ്വദേശിയായ സ്ത്രീക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സായിലായിരുന്ന രാജാക്കാട് സ്വദേശി വത്സമ്മ ജോയ് ഇന്ന് രാവിലെയാണ് ഹൃദയ സ്തംഭനം മൂലം മരിച്ചത്. മരിച്ചതിനു ശേഷം നടത്തിയ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 59 വയസ്സായിരുന്നു.വെള്ളിയാഴ്ച രാത്രി ആണ് വത്സമ്മയെ നെഞ്ചുവേദനയെ തുടർന്ന് ആലുവയിലെ ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററിലായിരുന്നു. ഇടുക്കി ജില്ലയിലെ ആദ്യ കൊവിഡ് മരണമാണ്.ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 31 ആയി.
സ്വര്‍ണക്കടത്ത് കേസ്;സ്വപ്‌നയെയും സന്ദീപിനെയും കേരളത്തിലെത്തിച്ചു
പാലക്കാട്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ പിടിയിലായ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ ഐഎ സംഘം കേരളത്തിലെത്തിച്ചു. രാവിലെ 11.40ഓടെ ഇവരെ കൊണ്ടുവന്ന വാഹനം വാളയാര്‍ അതിര്‍ത്തി പിന്നിട്ടു.പ്രതികളുടെ വാഹനവ്യൂഹം കടന്നുപോവുന്നതിനിടെ വാളയാറിലും മറ്റും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പോലിസ് ഏറെ പാടുപെട്ടു. ഇരുവരെയും ആദ്യം കൊച്ചി എന്‍ഐഎ ഓഫിസിലെത്തിച്ച് വിശദമായി ചോദ്യംചെയ്യും. കൊച്ചി, തിരുവനന്തപുരം കസ്റ്റംസ് ഓഫിസുകളില്‍ സിഐഎസ്‌എഫ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.കൊച്ചിയിലേക്കുള്ള യാത്രക്കിടെ സ്വപ്ന സഞ്ചരിച്ച വാഹനം പഞ്ചറായതിനെ തുടര്‍ന്ന് മറ്റൊരു വാഹനത്തിലേക്ക് മാറ്റി.റോഡ് മാര്‍ഗം കാറോടിച്ചാണ് ഇരുവരും ബംഗളൂരുവിലേക്ക് പോയത്. ആദ്യം താമസിച്ചത് ബിടിഎം ലേഔട്ടിലുള്ള ഹോട്ടലിലാണ്. പിന്നീട് കോറമംഗലയിലെ ഒക്ടേവ് ഹോട്ടലിലേക്ക് മാറി. സ്വപ്നയുടെ ഭര്‍ത്താവും മക്കളും ഒപ്പമുണ്ടായിരുന്നു. എന്‍ഐഎ നടത്തിയ റെയ്ഡിലാണ് സ്വപ്നയെയും സന്ദീപിനെയും പിടികൂടിയത്. പാസ്പോര്‍ട്ട്, മൂന്ന് മൊബൈല്‍ ഫോണ്‍, രണ്ടര ലക്ഷം രൂപ എന്നിവയും പിടിച്ചെടുത്തു.ഫോണ്‍വിളികളും മാധ്യമങ്ങളിലൂടെ പുറത്തുവന്ന സ്വപ്നയുടെ ശബ്ദരേഖയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇരുവരെയും പിടികൂടാന്‍ കസ്റ്റംസ് കേരള പൊലീസിന്‍റെ സഹായം തേടിയതിനിടെയാണ് നാടകീയ നീക്കത്തിലൂടെ എന്‍ഐഎ ഇരുവരെയും പിടികൂടിയത്. കേസില്‍ ആകെയുള്ള നാലു പ്രതികളില്‍ തിരുവനന്തപുരം സ്വദേശി പി എസ് സരിത്തിനെ നേരത്തേ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. യുഎഇയില്‍ നിന്ന് പാഴ്‌സല്‍ അയച്ചെന്നു കരുതുന്ന കൊച്ചി സ്വദേശി ഫാസില്‍ ഫരീദിനെയാണ് ഇനി പിടികൂടാനുള്ളത്.