കൊല്ലം: അഞ്ചലിൽ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.സൂരജ് കുറ്റം സമ്മതിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെയും പാമ്പുകളെ എത്തിച്ച് നല്‍കിയ കല്ലുവാതുക്കല്‍ സ്വദേശി സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു.പാമ്പു പിടുത്തക്കാരനായ സുരേഷ്, സൂരജിന്റെ സൂഹൃത്തുകൂടിയാണ്.ഫെബ്രുവരി മാസം അവസാനം സുരേഷ് മുഖാന്തരം സൂരജ് ഒരു അണലിയെ കൈക്കലാക്കി.സുരേഷിന്റെ കൈയ്യില്‍ നിന്ന് വാങ്ങിയ പാമ്പിനെ ഉപയോഗപ്പെടുത്തി സൂരജിന്റെ വീട്ടില്‍ വച്ച് ഉത്രയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു.എന്നാല്‍ അന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഉത്ര ചികിത്സയ്ക്കും വിശ്രമത്തിനുമായി സ്വന്തം വീട്ടിലേക്ക് പോയി.ഏപ്രില്‍ 22നാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി അഞ്ചലിലെ വീട്ടിലേക്ക് ഉത്ര മടങ്ങിയത്.ആദ്യ ശ്രമം പരാജയപ്പെട്ടെതിനെ തുടര്‍ന്ന് സൂരജ് മാര്‍ച്ച് 24ന് വീണ്ടും സുരേഷുമായി ബന്ധപ്പെട്ട് മൂര്‍ഖന്‍ പാമ്പിനെ വാങ്ങുകയും പാമ്പുമായി ഉത്രയുടെ വീട്ടില്‍ എത്തുകയുമായിരുന്നു.കട്ടിലിന്റെ അടിയില്‍ ബാഗിനുള്ളില്‍ ഒരു ഡബ്ബയിലാക്കി സൂക്ഷിച്ചിരുന്ന മൂര്‍ഖനെ മേയ് ആറിന് രാത്രി പുറത്തെടുത്ത് ഉത്രയുടെ ദേഹത്ത് വയ്ക്കുകയായിരുന്നു.എന്നാല്‍ പാമ്പിനെ തിരിച്ച് ഡബ്ബയിലാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിറ്റേദിവസം രാവിലെ അമ്മയെത്തി ഉത്രയെ വിളിച്ചിട്ടും എണീക്കാത്തതിനെ തുടര്‍ന്ന് അമ്മയും സഹോദരനും സൂരജും ചേര്‍ന്ന് അഞ്ചല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ അലമാരയുടെ അടിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തുകയും തല്ലിക്കൊല്ലുകയും ചെയ്തു.മരിച്ച അന്നു തന്നെ ഉത്രയുടെ മാതാപിതാക്കളും ബന്ധുക്കളും മരണത്തില്‍ സംശയം ഉന്നയിച്ചിരുന്നു.എസി ഉണ്ടായിരുന്ന, നിലം ടൈലിട്ട അടച്ചുറപ്പുള്ള മുറിയിലാണ് ഉത്ര ഉറങ്ങാന്‍ കിടന്നത്. ഈ മുറിയില്‍ എങ്ങനെ മൂര്‍ഖന്‍ പാമ്പ് കയറി എന്നതായിരുന്നു പ്രധാന സംശയം. തുടര്‍ന്ന് ഉത്രയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്പി ഹരിശങ്കറിന് പരാതി നല്‍കി. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. അപ്പോഴാണ് കല്ലുവാതുക്കലിലെ ഒരു പാമ്പു പിടുത്തക്കാരനുമായി സൂരജിന് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.ഇതിന്റെ അടിസ്ഥാനത്തില്‍ സൂരജിനെ പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിപ്പിച്ചത്.
കൊല്ലം അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം;ഭര്‍ത്താവ് കസ്‌റ്റഡിയില്‍
കൊല്ലം:കൊല്ലം അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെ ചോദ്യം ചെയ്യുന്നു. ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്യുന്നത്. പാമ്പ്പിടിത്തക്കാരനായ സൂരജിന്‍റെ സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.ഉത്രയ്ക്ക് രണ്ട് തവണയാണ് പാമ്പ് കടിയേറ്റത്.ആദ്യം മാർച്ച് രണ്ടിന് ഭർത്താവ് സൂരജിന്‍റെ അടൂരിലുള്ള വീട്ടില്‍ വച്ചാണ് പാമ്പ് കടിയേറ്റത്.തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ 16 ദിവസം ചികില്‍സ നടത്തി. ചികിത്സക്ക് ശേഷം യുവതിയുടെ വീട്ടില്‍ കഴിയുന്നതിനിടയില്‍ മെയ് ആറിന് വീണ്ടും പാമ്പ് കടിയേല്‍ക്കുകയായിരുന്നു. ആ ദിവസം യുവതിയുടെ ഭർത്താവ് സൂരജും വീട്ടില്‍ ഉണ്ടായിരുന്നു.എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എസിയുളള മുറിയിലാണ് പാമ്പ് കയറിയത്. ജനലുകൾ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പ് മുറിയില്‍ കയറിയെന്നാണ് ബന്ധുക്കളുടെ സംശയം. സൂരജിന് പാമ്പ് പിടുത്തക്കാരുമായി ബന്ധമുണ്ടെന്നും ഉത്രയുടെ ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.തുറന്നിട്ട ജനാലയില്‍ കൂടി കയറിയ മൂര്‍ഖന്‍ പാമ്പ് ഉത്രയെ കടിച്ചെന്നാണു സൂരജിന്റെ വാദം. ഇതു ശരിയാണോ എന്നറിയാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. തറ നിരപ്പില്‍നിന്ന് പാമ്പിന് എത്ര ഉയരാന്‍ കഴിയും എന്നതാണു പ്രധാനമായി കണ്ടെത്തേണ്ടത്. ഇക്കാര്യത്തില്‍ ജന്തുശാസ്ത്ര വിദഗ്ധരുടെയും പാമ്പ് പിടുത്തക്കാരുടെയും അറിവ് തേടുന്നുണ്ട്.ഉറക്കത്തില്‍ വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ ഉണരുമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഉത്ര ഉണര്‍ന്നില്ല. അതിന്റെ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു പൊലീസ്.അതേസമയം ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കര്‍ മാര്‍ച്ച് 2നു രാവിലെ തുറന്നതായി പൊലീസ് കണ്ടെത്തി. ഉത്രയുടെയും സൂരജിന്റെയും സംയുക്ത അക്കൗണ്ടിലാണ് ലോക്കര്‍. മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായി രക്ഷിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
എസ്‌എസ്‌എല്‍സി,പ്ലസ് ടു പരീക്ഷ:ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ;സ്‌കൂളുകള്‍ അണുവിമുക്തമാക്കും; മാസ്‌കുകള്‍ വീടുകളില്‍ എത്തിക്കും
കോഴിക്കോട്: 26 ന് തുടങ്ങുന്ന എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളുടെ മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്.പരീക്ഷ എഴുതുന്ന പതിമൂന്ന് ലക്ഷം കുട്ടികളെയും പരിശോധനക്ക് ശേഷമേ പരീക്ഷാ ഹാളിലേക്ക് കടത്തി വിടൂ.എല്ലാ കുട്ടികള്‍ക്കും മാസ്‌ക് നല്‍കും.ഇത് പരമാവധി വീടുകളില്‍ എത്തിക്കും.സാധിക്കാത്തപക്ഷം കുട്ടികള്‍ സ്‌കൂളില്‍ പ്രവേശിക്കുന്നതിനു മുൻപ് സ്‌കൂള്‍ അധികൃതര്‍ കൈമാറും. എല്ലാ കുട്ടികളും മാസ്‌ക് ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിന് ബന്ധപ്പെട്ട ഹെഡ്മാസ്റ്റര്‍, ഹെഡ്മിസ്ട്രസ്, പ്രിന്‍സിപ്പല്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരീക്ഷക്കെത്തുന്ന കുട്ടികളെ പരിശോധിക്കാന്‍ ഐ.ആര്‍. തെര്‍മോമീറ്ററുകള്‍ തയ്യാറായി. പരീക്ഷ ചുമതല അധ്യാപകരെയും പരിശോധിക്കും. തെര്‍മല്‍ സ്കാനര്‍ വിതരണം ആരംഭിച്ചു.5,000 സ്കാകനറുകളാണ് വിതരണത്തിനായി സജ്ജമാക്കിയിട്ടുള്ളത്. രണ്ടരക്കോടി രൂപയാണ് ഇതിന്റെ ചെലവ്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ നിന്ന് തെര്‍മോമീറ്ററുകള്‍ വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ഏറ്റുവാങ്ങി. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളിലെത്താന്‍ വിവിധ സംഘടനകളും യാത്രാ സൗകര്യമൊരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ചക്ക തലയിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവിന് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു
കണ്ണൂര്‍: ചക്ക തലയില്‍ വീണതിനെത്തുടര്‍ന്നു പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവിനു പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.ചക്ക വീണു സാരമായ പരുക്കുള്ളതിനാല്‍ കാസര്‍കോട് സ്വദേശിയായ യുവാവിനു ശസ്ത്രക്രിയ ആവശ്യമായിരുന്നു.കോവിഡിന്റെ ലക്ഷണങ്ങളൊന്നും ഇയാള്‍ക്കുണ്ടായിരുന്നില്ല.എങ്കിലും കാസര്‍കോട്ടു നിന്നുള്ള രോഗിയായതിനാല്‍ സ്രവം പരിശോധിക്കാന്‍ പരിയാരത്തെ ഡോക്ടര്‍മാര്‍ തീരുമാനിച്ചു.ഇന്നലെ ഫലം വന്നപ്പോള്‍ പോസിറ്റീവ്.കണ്ണൂര്‍ വിമാനത്താവള ഉദ്യോഗസ്ഥനായ യുവാവിനു കോവിഡ് സ്ഥീരികരിച്ചതും സമാന സാഹചര്യത്തിലാണ്. കാരപേരാവൂരിനടുത്തു ബൈക്ക് അപകടത്തില്‍പ്പെട്ടാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പുതുച്ചേരി സ്വദേശിയായതിനാലാണു സ്രവ പരിശോധന നടത്തിയത്. ഫലം വന്നപ്പോള്‍ പോസിറ്റീവ്.നാഡി സംബന്ധമായ ചികിത്സയ്ക്കാണു ധര്‍മടം സ്വദേശിനിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്കും ശസ്ത്രക്രിയ ആവശ്യമായിരുന്നു.കണ്ണൂരില്‍ നിന്നുള്ള രോഗിയായതിനാല്‍ കോവിഡ് ലക്ഷണങ്ങളില്ലെങ്കിലും സ്രവം പരിശോധനയ്ക്ക് അയച്ചു.ഫലം പോസിറ്റീവ്. ഇന്നലെ അവരുടെ ഭര്‍ത്താവിന്റെ സ്രവപരിശോധനാ ഫലവും വന്നു. അതും പോസിറ്റീവ്.രോഗലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ആശങ്കയിലാണ്.
സംസ്ഥാനത്ത് 9 പുതിയ ഹോട്സ്പോട്ടുകൾ കൂടി; 7 എണ്ണം കണ്ണൂരിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് 9 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി.ഇതിൽ ൭ എണ്ണം കണ്ണൂർ ജില്ലയിലാണ്.പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍, മാലൂര്‍, കണ്ണൂര്‍ കോര്‍പറേഷന്‍,പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെമ്പിലോട്, അയ്യന്‍കുന്ന്, കോട്ടയം മലബാര്‍, കോട്ടയം ജില്ലയിലെ കോരുത്തോട് എന്നിവയാണ് പുതിയ ഹോട്സ്പോട്ടുകൾ.സംസ്ഥാനത്ത് നിലവില്‍ ആകെ 37 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. സംസ്ഥാനത്ത് ഇന്നലെ 62 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേർക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്,കാസർകോഡ് ജില്ലകളിലെ നാലുപേർക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുളള ഓണ്‍ലൈന്‍ ക്ലാസിന്റെ സമയ ക്രമം അടുത്തയാഴ്ച പുറത്തിറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുളള ഓണ്‍ലൈന്‍ ക്ലാസിന്റെ സമയക്രമം അടുത്തയാഴ്ച പുറത്തിറക്കും.ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കാന്‍ സര്‍ക്കാരിന്റെ പ്രധാന ആശ്രയം കൈറ്റിന് കീഴിലുളള വിക്ടേഴ്സ് ചാനലാണ്. ടിവിയിലൂടെയും യൂട്യൂബിലൂടെയും സമഗ്രശിക്ഷ പോര്‍ട്ടല്‍ വഴിയും ക്ലാസുകള്‍ കാണാം.ഹൈസ്കൂള്‍ മുതലുളള വിദ്യാര്‍ത്ഥികള്‍ക്ക് ദിവസം രണ്ട് മണിക്കൂറെങ്കിലും ക്ലാസ് ഉറപ്പാക്കാനാണ് ശ്രമം നടക്കുന്നത്.ടി വി, ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവരെ സ്കൂളുകളില്‍ എത്തിച്ച് ഓണ്‍ലൈനായി ക്ലാസ് കേള്‍പ്പിക്കാനാണ് ഉദ്ദേശം.അര മണിക്കൂറായിരിക്കും ഒരു ക്ലാസിന്റെ ദൈര്‍ഘ്യം.ഒന്നാം ക്ലാസുകാര്‍ക്കും പ്ലസ് വണ്‍കാര്‍ക്കും ക്ലാസ് ഉണ്ടാകില്ല.പ്ലസ്ടുക്കാര്‍ക്കും പത്താംക്ലാസുകാര്‍ക്കും ദിവസം നാലോ അഞ്ചോ വിഷയങ്ങളില്‍ ക്ലാസ് ഉറപ്പിക്കും.എല്‍പി ക്ലാസുകാര്‍ക്ക് ഒരു ദിവസം ഒരു ക്ലാസേ ഉണ്ടാകൂ.വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനില്‍ ക്ലാസ് കേള്‍ക്കുന്നുണ്ടോയെന്ന് അതത് ക്ലാസ് ടീച്ചര്‍മാര്‍ ഉറപ്പിക്കണം.ടി വി, ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് ടീച്ചര്‍മാരുടെ നേതൃത്വത്തില്‍ ക്ലാസ് ഉറപ്പാക്കണം. സമീപത്തുളള സ്കൂളുകളോ ഗ്രന്ഥശാലകളോ ഇതിനായി സജ്ജീകരിക്കാനാണ് ആലോചന.
സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു;കണ്ണൂരിൽ 16 പേർക്ക്,പാലക്കാട് 19 പേർക്ക്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ നിരക്കാണിത്.പാലക്കാട്- 19, കണ്ണൂര്‍-16, മലപ്പുറം-8, ആലപ്പുഴ- 5, കോഴിക്കോട്-4, കാസര്‍കോട്-4, കൊല്ലം-3, കോട്ടയം-2, വയനാട്- 1 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്ക്.ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും (യു.എ.ഇ.-9, സൗദി അറേബ്യ-3, കുവൈറ്റ്-2, മാലി ദ്വീപ്-1, സിങ്കപ്പൂര്‍-1, മസ്‌കറ്റ്-1, ഖത്തര്‍-1) 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്‌നാട്-12, ഗുജറാത്ത്-2, കര്‍ണാടക-2, ഉത്തര്‍പ്രദേശ്-1, ഡല്‍ഹി-1) വന്നതാണ്.13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.13 പേരില്‍ ഏഴ് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇവരില്‍ 3 പേര്‍ പാലക്കാട് ജില്ലയിലുള്ളവരും 2 പേര്‍ വീതം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്.അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കൊല്ലം, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 275 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 515 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
അതേസമയം ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് സാധാരണ ഞായറാഴ്ചകളില്‍ അനുവദനീയമായ പ്രവൃത്തികള്‍ക്ക് പുറമേ 23ന് കേരളത്തില്‍ ഞായറാഴ്ച ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബേക്കറി, വസ്ത്രക്കടകള്‍, മിഠായിക്കടകള്‍, ഫാന്‍സി സ്‌റ്റോറുകള്‍, ചെരുപ്പുകടകള്‍ എന്നിവ രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുമണിവരെ പ്രവര്‍ത്തിക്കാം.ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതല്‍ 11 വരെ അനുവദിക്കും.
മുംബൈയിൽ നിന്നും കേരളത്തിലേക്ക് എത്തിയ ട്രെയിനിൽ കണ്ണൂരിൽ ഇറങ്ങിയത് 307 യാത്രക്കാർ
കണ്ണൂര്‍: മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ശ്രമിക് ട്രെയിന്‍ കണ്ണൂരിലെത്തി. ട്രെയിനിലെ 1,674 യാത്രക്കാരില്‍ 307 പേര്‍ കണ്ണൂരില്‍ ഇറങ്ങി. നാലു ജില്ലകളിലെ യാത്രക്കാരാണ് കണ്ണൂരില്‍ ഇറങ്ങിയത്. യാത്രക്കാരുടെ ആരോഗ്യപരിശോധന തുടങ്ങി. ഇവരെ 15 ബസുകളില്‍ പ്രത്യേക കേന്ദ്രത്തിലേക്ക് എത്തിക്കും.യാത്രക്കാരില്‍ ഭൂരിഭാഗവും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാത്തവരാണെന്നതിനാല്‍ ഇവരുടെയെല്ലാം പേര് വിവരങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് രജിസ്റ്റര്‍ ചെയ്യണം.ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരേയും നേരത്തെ രജിസ്റ്റര്‍ ചെയ്തവരേയും മാത്രമാണ് വീടുകളിലേക്ക് വിടുക. യാത്രക്കാരുടെ പൂര്‍ണവിവരങ്ങള്‍ കൈവശമില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ പറഞ്ഞിരുന്നു.വിവരം കൈമാറുന്നതില്‍ സംഭവിച്ച പാളിച്ചയില്‍ കടുത്ത അതൃപ്തി നിലനില്‍ക്കുകയാണ്.ഏറ്റവും രൂക്ഷമായി വൈറസ് വ്യാപിക്കുകയും മരണത്തില്‍ ഒന്നാമത് നില്‍ക്കുന്നതുമായ സംസ്ഥാനമാണ് മഹാരാഷ്ട്ര. കേരളത്തില്‍ എത്തിയവരില്‍ ഏറ്റവുമധികം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതും മഹാരാഷ്ട്രയില്‍ നിന്നും എത്തിയവരിലാണ്. ഇതേ തുടര്‍ന്നും ട്രെയിന്‍ കണ്ണൂരില്‍ നിറുത്തുമെന്ന കാര്യം ഇന്ന് രാവിലെ 9.30നാണ് അറിയിച്ചത്. ട്രെയിനില്‍ വരുന്നവരുടെ വിശദാംശമാകട്ടെ അറിയിക്കാന്‍ 11 മണിയായി. ഇതോടെ ഏറെ പരിഭ്രാന്തിയോടെയാണ് മുന്നൊരുക്കം നടത്തേണ്ടി വന്നത്. ആരോഗ്യ പ്രവര്‍ത്തകരെയും ഇത് വലച്ചു. കേരളത്തിന്റെ ജാഗ്രതയോടെയുള്ള ഇടപെടലില്‍ വീഴ്ച സംഭവിച്ചെന്ന് വരുത്തി തീര്‍ക്കാനാണ് ഇതെന്നും ആരോപണമുണ്ട്. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആവശ്യമനുസരിച്ച് മഹാരാഷ്ട്ര സര്‍ക്കാരാണ് ലോകമാന്യതിലക് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ട്രെയിന്‍ ഏര്‍പ്പെടുത്തിയത്. തിരുവനന്തപുരത്തിന് പുറമെ രണ്ടു ടെക്നിക്കല്‍ സ്റ്റോപ്പുകള്‍ മാത്രമായിരുന്നു യാത്ര പുറപ്പെടുമ്പോൾ ട്രെയിനിനു അനുവദിച്ചിരുന്നത്.പിന്നീടു യാത്രക്കാര്‍ നേരിട്ട് തിരുവനന്തപുരത്തെ കോവിഡ് വാര്‍ റൂമുമായി ബന്ധപ്പെട്ടാണ് കണ്ണൂരില്‍ സ്റ്റോപ്പ് അനുവദിപ്പിച്ചത്.കണ്ണൂരിന് ശേഷം ഇനി തൃശൂര്‍, ഷൊര്‍ണൂര്‍, എറണാകുളം, തിരുവനന്തപുരം സ്റ്റേഷനുകളിലാണ് ട്രെയിനിനു സ്റ്റോപ്പുള്ളത്.
മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ട്രയിനിന് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചതിൽ ആശയക്കുഴപ്പം; അറിയിപ്പ് ലഭിച്ചത് അവസാന നിമിഷം
കണ്ണൂർ:മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ട്രയിനിന് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചതിൽ ആശയക്കുഴപ്പം.ട്രയിനെത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മാത്രമാണ് ജില്ലാ ഭരണകൂടം വിവരമറിഞ്ഞത് . ട്രയിന്‍ ഇറങ്ങുന്നവരെ പരിശോധിക്കുന്നതിന് ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കേണ്ടി വന്നു.ഇന്നലെ രാത്രി പത്ത് മണിക്കാണ് മുംബൈ ലോക് മാന്യ തിലക് റെയിൽവെ സ്റ്റേഷനിൽ നിന്ന് 1400 ഓളം യാത്രക്കാരുമായി ട്രെയിൻ പുറപ്പെട്ടത്. കോൺഗ്രസ് മഹാരാഷ്ട്ര ഘടകമാണ് മലയാളികൾക്ക് മാത്രമായി ഈ ട്രെയിൻ ഏർപ്പാട് ചെയ്തത്. ഷൊർണൂർ, എറണാകുളം,തിരുവനന്തപുരം എന്നിവിടങ്ങളിൽ മാത്രമായിരുന്നു ട്രെയിനിന് സ്റ്റോപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ രാവിലെ 9.30 ഓടെയാണ് ട്രെയിൻ കണ്ണൂരിൽ നിർത്തുമെന്ന വിവരം സ്റ്റേഷൻ അധികൃതർക്ക് ലഭിച്ചത്. കണ്ണൂരിലിറങ്ങുന്ന യാത്രക്കാരുടെ വിവരം ലഭിക്കാൻ പിന്നെയും വൈകി.പതിനൊന്ന് മണിയോടെയാണ് ഇവരുടെ അന്തിമ പട്ടിക ജില്ലാ ഭരണകൂടത്തിന് ലഭിച്ചത്.പിന്നാലെ എസ്.പി, ഡപ്യൂ. കലക്ടർ, എ.ഡി.എം, തഹസിൽദാർ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ വൻ നിര റെയിൽവെ സ്റ്റേഷനിലെത്തി. തുടർന്ന് യുദ്ധകാല അടിസ്ഥാനത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി.കണ്ണൂർ ജില്ലയിൽ നിന്നുള്ള 103 പേരും കോഴിക്കോട് ജില്ലക്കാരായ 50 പേരും വയനാട് ജില്ലയിൽ നിന്നുള്ള 16 പേരും അടക്കം ഏതാണ്ട് 200 ഓളം പേർ കണ്ണൂരിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇവർക്കായി 15 ഓളം കെ.എസ്.ആർ.ടിസി ബസുകളും ആരോഗ്യ പരിശോധനാ സംവിധാനവുമടക്കം റെയിൽവെ സ്റ്റേഷനിൽ തയ്യാറാക്കിയിട്ടുണ്ട്.അതേസമയം, മലയാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ അയക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്‍റെ ശ്രമം കേരളത്തിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിന്നെയും നീട്ടി. രാജ്കോട്ടില്‍ നിന്ന് ഇന്ന് രാത്രി പുറപ്പെടേണ്ട ട്രെയിനാണ് കേരളസര്‍ക്കാരിന്‍റെ ഔദ്യോഗികമായ അഭ്യര്‍ഥന മാനിച്ച് യാത്ര നീട്ടി വച്ചത്. ക്വാറന്‍റീന്‍ സൗകര്യങ്ങളടക്കം ഒരുക്കുന്നതില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് കേരളം എതിര്‍പ്പറിയിച്ചതെന്ന് ഗുജറാത്തിലെ നോഡല്‍ ഓഫീസര്‍ ഭാരതി ഐഎഎസ് വെളിപ്പെടുത്തി.
ചെറിയപെരുന്നാൾ;ഇന്ന് കടകള്‍ രാത്രി 9 വരെ തുറക്കാം; നാളത്തെ സമ്പൂർണ്ണ ലോക്ഡൗണിലും ഇളവുകള്‍
തിരുവനന്തപുരം:ചെറിയപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് രാത്രി 9 മണി വരെ കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് മാസപ്പിറവി കണ്ടാല്‍ ഇന്നും നാളെയാണ് കാണുന്നതെങ്കില്‍ നാളെയും രാത്രി 9 മണി വരെ കടകള്‍ തുറക്കാന്‍ അനുവദിക്കും. ഞായറാഴ്ചയാണ് പെരുന്നാള്‍ വരുന്നതെങ്കില്‍ സമ്പൂർണ്ണ ലോക്ക് ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെയാകണമെന്നും ആഘോഷങ്ങള്‍ക്ക് പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുചേര്‍ന്നുള്ള പെരുന്നാള്‍ നമസ്കാരം ഇക്കുറി ഒഴിവാക്കിയത് സമൂഹത്തിന്റെ സുരക്ഷയും താല്‍പ്പര്യവും മുന്‍നിര്‍ത്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമത്വത്തിന്റെയും സഹനത്തിന്റെയും അനുതാപത്തിന്റെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്ര്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം ആള്‍ക്കൂട്ടം നഗരങ്ങളിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കാന്‍ പൊലീസും ജാഗ്രത പുലര്‍ത്തുന്നുണ്ട്. മലബാറില്‍ പെരുന്നാള്‍ ദിനത്തിന്റെ തലേന്ന് അഭൂതപൂർവ്വമായ ജനമാണ് മാര്‍ക്കറ്റുകളില്‍ ഒഴുകി എത്താറുള്ളത്.കഴിഞ്ഞ വിഷുദിനത്തില്‍ കോഴിക്കോട് എല്ലാ ലോകഡൗണ്‍ നിയന്ത്രണങ്ങളും പാളിയിരുന്നു.സമാനമായ അവസ്ഥ ആവര്‍ത്തിക്കാത്തിരിക്കാന്‍ പൊലീസും ജില്ലാ ഭരണകൂടവും ജാഗ്രത പുലര്‍ത്തുന്നുണ്ട്.