അഞ്ചൽ കൊലപാതകം;ഉത്രയെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാൻ സൂരജ് ലക്ഷ്യമിട്ടിരുന്നതായി സൂചന

keralanews anjal murder case sooraj plan to kill uthra and achieve insurance amount

കൊല്ലം:അഞ്ചൽ കൊലപാതകക്കേസിൽ അറസ്റ്റിലായ സൂരജ് ഉത്രയെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാൻ ലക്ഷ്യമിട്ടിരുന്നതായി സൂചന.ഉത്രയുടെ പേരില്‍ സൂരജ് വന്‍ തുകയുടെ എല്‍ ഐ സി പോളിസി എടുത്തിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഉത്രയുടെ കൊലപാതകം സൂരജ് നേരത്തെ ആസൂത്രണം ചെയ്തിരുന്നുവെന്നും ഇതില്‍ ഗൂഢാലോചന നടന്നെന്ന് തെളിയിക്കുന്നതുമാണ് ഈ തെളിവുകള്‍ എന്നും പോലീസ് പറയുന്നു.ഉത്രയുടെ പേരില്‍ എടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ നോമിനി സൂരജായിരുന്നു.ഒരു വര്‍ഷം മുന്‍പാണ് പോളിസി എടുത്തത്.എല്‍ഐസി പോളിസികളെ കുറിച്ച്‌ വിശദമായി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.ഉത്രയുടെ സ്വര്‍ണം നേരത്തെ ലോക്കറില്‍ നിന്ന് സൂരജ് പുറത്തെടുത്തിരുന്നു.ഇത് എന്ത് ചെയ്തെന്ന് അറിയില്ലെന്ന് ഉത്രയുടെ മാതാപിതാക്കള്‍ പറയുകയുണ്ടായി.പിന്നാലെയാണ് ഇന്‍ഷുറന്‍സ് സംബന്ധിച്ച വിവരം അന്വേഷസംഘത്തിന് ലഭിച്ചത്.ഉത്രയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ചും വ്യക്തമാക്കി. അടൂരിലെ മരുന്നുകടയില്‍ നിന്ന് വാങ്ങിയ ഉറക്ക ഗുളികയുടെ ശേഷിച്ച സ്ട്രിപ് സൂരജിന്റെ കയ്യില്‍ നിന്ന് കണ്ടെടുത്തു. പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുന്‍പായി ഉത്രയ്ക്ക് ഉറക്കഗുളികകള്‍ സൂരജ് നല്‍കിയിരുന്നു.അതേസമയം സൂരജിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.പുനലൂര്‍ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കസ്റ്റഡി കാലാവധി നീട്ടണമെന്ന് പൊലീസ് ആവശ്യപ്പെടും.സൂരജിന്‍റെ മാതാപിതാക്കളെയും ചോദ്യംചെയ്തേക്കും.

ആലപ്പുഴയിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു

keralanews kovid confirmed to young man who died while under observation in alappuzha

ആലപ്പുഴ:ആലപ്പുഴയിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെങ്ങന്നൂർ പണ്ടനാട് സ്വദേശി ജോസ് ജോയി(38) ആണ് മരിച്ചത്.ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9 ആയി.മെയ് 27ന് അബുദാബിയിൽ നിന്നുമാണ് ജോസ് ജോയി നാട്ടിലെത്തിയത്. ആലപ്പുഴ മെഡിക്കൽ കോളജിലെ കോവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലായിരുന്നു.ഗുരുതര കരൾ രോഗവുമുണ്ടായിരുന്നു.രക്തം ഛർദ്ദിച്ചതിനെ തുടർന്നാണ് ഐ.സി.യുവിലേക്ക് മാറ്റിയത്. രണ്ട് തവണ ഹൃദയാഘാതവുമുണ്ടായി. തലച്ചോറിന്റെ പ്രവർത്തനം കൂടി നിലച്ചതോടെ വെള്ളിയാഴ്ച ഉച്ചക്ക് 2:15ഓടെ മരണത്തിന് കീഴടങ്ങി.വൈകുന്നേരമാണ് സ്രവ പരിശോധനാ ഫലം വന്നത്.മരണ കാരണം കരൾ രോഗവും കോവിഡും എന്ന് കാണിച്ച് രാത്രിയോടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. എട്ട് മാസം മുമ്പാണ് ജോസ് ഗൾഫിലേക്ക് പോയത്.അവിവാഹിതനാണ്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുത്തൻ തെരുവ് സെന്റ് ഇഗ്നേഷ്യസ് പള്ളിയിൽ മൃതദേഹം സംസ്കരിക്കും.

കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ നിരക്ക് സംസ്ഥാന ശരാശരിയുടെ ഇരട്ടി; ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കും

keralanews the rate of corona cases through contact in kannur is double than state average triple lock down may announced

കണ്ണൂർ:ജില്ലയിൽ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ നിരക്ക് സംസ്ഥാന ശരാശരിയുടെ ഇരട്ടി.ഇതോടെ കൂടുതല്‍ രോഗബാധയുളള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തണ്ടി വന്നേക്കും.കോവിഡ് 19ന്‍റെ മൂന്നാംഘട്ടത്തില്‍ കണ്ണൂരില്‍ ആകെ രോഗം ബാധിച്ച 95 പേരില്‍ ‍21 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ അയ്യന്‍കുന്ന് സ്വദേശിനിയായ ആദിവാസി യുവതിയും കൂടാളി സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തകയും രോഗവിമുക്തി നേടി ആശുപത്രി വിട്ടു. രോഗം ബാധിച്ച ഒരാള്‍ മരണത്തിന് കീഴടങ്ങി.ബാക്കിയുളള 18 പേരാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരായി ഇപ്പോള്‍ ചികിത്സയില്‍ തുടരുന്നത്.ഇതില്‍13 പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.രണ്ട് റിമാന്‍ഡ് പ്രതികളും രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഒരു ചെറുവാഞ്ചേരി സ്വദേശിയുമാണ് മറ്റുളളവര്‍.സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ സംസ്ഥാന ശരാശരി 10 ശതമാനമാണെങ്കില്‍ കണ്ണൂരില്‍ അത് 20 ശതമാനമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ രോഗബാധിതര്‍ കൂടുതലുളള പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാരിന്‍റെ തീരുമാനം.കണ്ണപുരം, മുണ്ടേരി, മുഴുപ്പിലങ്ങാട് എന്നീ തദ്ദേശ സ്ഥാപനങ്ങളെ കൂടി ജില്ലയില്‍ ഹോട്ട് സ്പോട്ട് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ജില്ലയിലെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 25 ആയി.ഈ പ്രദേശങ്ങളിലാവും ആദ്യ ഘട്ടത്തില്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍ അടക്കമുളള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നാണ് സൂചന.

മലപ്പുറം താനൂരിൽ കിണറിടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു

keralanews two died after well collapses in malappuram thanoor

മലപ്പുറം: താനൂരിൽ കിണറിടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു.താനൂര്‍ മുക്കോല വേലായുധന്‍, അച്യുതന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും അറുപതിനടുത്ത് പ്രായമുള്ളവരാണ്. മൂലക്കല്ലില്‍ പുതിയ കിണര്‍ കുഴിക്കുന്നതിനിടെ രാവിലെ ഒന്‍പതോടെയാണ് അപകടം ഉണ്ടായത്.നാലുപേര്‍ പണിക്കുണ്ടായിരുന്നെങ്കിലും വേലായുധനും അച്യുതനുമാണ് കിണറ്റിനകത്ത് ഇറങ്ങിയത്. മുകള്‍ഭാഗത്തെ മണ്ണിടിഞ്ഞ് വീണതോടെ ഇരുവരും കിണറ്റില്‍ അകപ്പെട്ടു.പുറത്തുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ വിവരം അറിയിച്ചതോടെ നാട്ടുകാര്‍ കൂടി.തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്‌സും സംഭവ സ്ഥലത്ത് എത്തി.  ഫയര്‍ഫോഴ്‍സും പൊലീസും ചേര്‍ന്ന് രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി

keralanews no covi social spreading in the state said health minister

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി. ഉറവിടം അറിയാത്ത കേസുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിന്‍റെ തുടര്‍ച്ചയായി ഒരേ സ്ഥലത്തു തന്നെ ഒത്തിരി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.സെന്‍റിനല്‍ സര്‍വയലന്‍സ് ടെസ്റ്റിലും പൊസിറ്റീവ് കേസുകള്‍ കുറവാണ്. സമൂഹ വ്യാപനത്തിലേക്ക് എത്തിയിട്ടില്ല എന്നു തന്നെയാണ് ഇതു നല്‍കുന്ന സൂചനകളെന്ന് ആരോഗ്യമന്ത്രി പറയുന്നു.മൂന്നു തടവുകാര്‍ക്ക് കൊവിഡ് ബാധയുണ്ടായ വെഞ്ഞാറമൂടും സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. ദിവസം 3000 ടെസ്റ്റുകള്‍ നടത്തുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.ടെസ്റ്റ്‌ കുറവാണെന്ന് പറയുന്നതിന്‍റെ മാനദണ്ഡം പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. ഇന്ന് കൊവിഡ് ബാധിച്ച് മരിച്ച പത്തനംതിട്ട സ്വദേശിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചതായും മന്ത്രി പറഞ്ഞു. എന്നാല്‍ കടുത്ത പ്രമേഹവും മറ്റ് അസുഖങ്ങളും തടസ്സമായി. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്ന പത്തനംതിട്ട സ്വദേശി ജോഷിയാണ് പുലര്‍ച്ചെ രണ്ട് മണിയോടെ മരിച്ചത്.അബുദാബിയിൽ നിന്ന് ഈ മാസം 11-ന് എത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് ചികിത്സയിലേക്ക് മാറ്റുകയായിരുന്നു.

ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 10 പേർക്ക്;ഒരു കുടുംബത്തില്‍ മാത്രം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 13 ആയി

keralanews 10 covid cases confirmed in kannur yesterday 13 from one family confirmed covid

കണ്ണൂർ:ജില്ലയിൽ ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത് 10 പേർക്ക്.ഇതില്‍ നാല് പേര്‍ വിദേശത്ത് നിന്നെത്തിയവരും നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്തിയവരുമാണ്.വിദേശത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ കുവൈത്തില്‍ നിന്നും രണ്ട് പേര്‍ മസ്ക്കറ്റില്‍ നിന്നും നാട്ടിലെത്തിയവരാണ്. മാലൂര്‍ സ്വദേശികളായ ദമ്പതികളാണ് കുവൈത്തില്‍ നിന്നെത്തിയത്. മുഴപ്പിലങ്ങാട്, തളിപ്പറമ്പ് സ്വദേശികളാണ് മസ്ക്കറ്റില്‍ നിന്നെത്തിയത്. ബാംഗ്ലൂരില്‍ നിന്നെത്തിയ മുഴപ്പിലങ്ങാട് സ്വദേശിയും മുംബൈയില്‍ നിന്നെത്തിയ ചൊക്ലി സ്വദേശിയും ചെന്നൈയില്‍ നിന്ന് വന്ന ഏച്ചൂര്‍ സ്വദേശിയും മഹാരാഷ്ട്രയില്‍ നിന്ന് നാട്ടിലെത്തിയ ചെറുപുഴ സ്വദേശിയുമാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രോഗ ബാധിതര്‍.രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ധര്‍മ്മടത്തെ ഒരു കുടുംബത്തില്‍ മാത്രം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 13 ആയി.ജില്ലയിൽ 120 പേര്‍ രോഗവിമുക്തി നേടി. 86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 12478 പേര്‍ നിലവില്‍ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുണ്ട്.

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി;മരിച്ചത് പത്തനംതിട്ട സ്വദേശി ജോഷി

keralanews one more covid death in kerala pathanamthitta native joshi died of covid

പത്തനംതിട്ട:സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.തിരുവല്ല സ്വദേശി ജോഷിയാണ്(65) മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.ഇതോടെ സംസ്ഥാനത്ത് കോവിഡ് 19 മരണം എട്ടായി.അബുദാബിയിൽ നിന്നും ഈ മാസം 11 നാണ് ജോഷി നാട്ടിലെത്തിയത്.കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 18 ആം തീയതി മുതല്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജോഷി.മെയ് 27നാണ് വിദഗ്ധ ചികിത്സയ്ക്കായി ജോഷിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്.വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയോടെയായിരുന്നു അന്ത്യം.പ്രമേഹവും അമിതവണ്ണവും മൂലം ജോഷിക്ക് കോവിഡ് ചികിത്സ ഫലപ്രദമായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.പ്രമേഹരോഗമുണ്ടായിരുന്നത് കൊണ്ടുതന്നെ മരുന്നുകളോട് പ്രതികരിക്കാത്ത ഒരു അവസ്ഥയുണ്ടായിരുന്നു. തുടര്‍ന്ന് കോവിഡ് 19 ബാധയെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകളും ഉണ്ടായി. ഇതാണ് മരണത്തിന് കാരണമായത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കും സംസ്കാരം നടത്തുക. ഇന്നലെ ആറുപേര്‍ക്കാണ് പത്തനംതിട്ട ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ മൊത്തം ചികിത്സയിലുള്ളത് 22 പേരാണ്.

എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ചു

keralanews m p veerendrakumar passes away

കോഴിക്കോട്:മുന്‍ കേന്ദ്ര മന്ത്രിയും ജനതാദള്‍ നേതാവും രാജ്യാസഭാംഗവുമായ എം പി വീരേന്ദ്ര കുമാര്‍ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.വെള്ളിയാഴ്ച രാവിലെ ഭൗതിക ശരീരം വയനാട്ടിലേക്കു കൊണ്ടുപോകും. സംസ്കാരം വൈകിട്ട്.ജനതാദള്‍(എസ്), സോഷ്യലിസ്റ്റ് ജനത(ഡെമോക്രാറ്റിക്), ജനതാദള്‍(യുണൈറ്റഡ്) എന്നിവയുടെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടി സ്ഥാപക നേതാവാണ്.ഉഷയാണ് ഭാര്യ. മക്കള്‍: ആഷ, നിഷ, ജയലക്ഷ്മി, എം.വി.ശ്രേയാംസ്‌കുമാര്‍ എംഎല്‍എ(ജോയിന്റ് മാനേജിങ് ഡയറക്‌ടര്‍, മാതൃഭൂമി). സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാ ഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22 ന്‌ വയനാട്ടിലെ കല്പറ്റയിലാണ് വീരന്ദ്രകുമാര്‍ ജനിച്ചത്.മദിരാശി വിവേകാനന്ദ കോളേജില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍ നിന്ന് എംബിഎ. ബിരുദവും നേടി. 1987 ല്‍ നിയമസഭാംഗവും വനം മന്ത്രിയുമായി. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെച്ചു. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍ വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി.ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്ബര്‍, പിടിഐ ഡയറക്ടര്‍, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പർ, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്ബര്‍, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ് പേപ്പേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്ബര്‍, ജനതാദള്‍(യു) സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സ്കൂൾ വിദ്യാർഥി ആയിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ജയപ്രകാശ് നാരായണനാണ് പാർട്ടിയിൽ അംഗത്വം നൽകിയത്. അടിയന്തരാവസ്ഥക്കാലത്ത് സ്വത്തുക്കൾ കണ്ടുകെട്ടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. 2004 ലും 1996 ലും കോഴിക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ ലോക്‌സഭാംഗമായി. 2016 ലും 2018 ലും രാജ്യസഭാംഗമായി.ഹൈമവതഭൂവില്‍,സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഡാന്യൂബ് സാക്ഷി, ഇരുള്‍ പരക്കുന്ന കാലം, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍, ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സി.അച്യുത മേനോന്‍ സാഹിത്യപുരസ്കാരം, ഓടക്കുഴല്‍ അവാര്‍ഡ്, സ്വദേശാഭിമാനി പുരസ്കാരം, മൂര്‍ത്തിദേവി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടി.

പ്രവാസികൾക്ക് ക്വാറന്‍റൈന്‍ ഫീസ് ഏർപ്പെടുത്തുമെന്ന സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ ഹരജി

keralanews petition submitted in high court against charging quarantine fees from expatriate

കൊച്ചി:വിദേശത്ത് നിന്നും തിരികെയെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്‍റൈനില്‍ പോകാന്‍ പണം നൽകണമെന്ന സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കേണ്ടത് സർക്കാരിന്‍റെ ബാധ്യതയാണെന്നും എല്ലാം നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികളുടെ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചിലവഴിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.രോഗികളും, ഗർഭിണികളടക്കമുള്ളവർ നാട്ടിലെത്തി സർക്കാരിന് പണം നൽകേണ്ടി വരുന്നതായും പത്തനംതിട്ട സ്വദേശി റെജി താഴെമോന്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി യു.എ.ഇയില്‍ ജോലി ചെയ്തിരുന്ന റെജി ഒ.ഐ.സി.സിയുടെ മുന്‍ വൈസ് പ്രസിഡ‍ണ്ട് കൂടിയാണ്.

സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

keralanews 84 covid cases confirmed in the state today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതിൽ 79 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തുന്ന ഉയര്‍ന്ന കോവിഡ് നിരക്കാണിത്.കാസര്‍ക്കോട് 18, പാലക്കാട് 16 കണ്ണൂര്‍ 10, മലപ്പുറം 8 തിരുവനന്തപുരം 7, തൃശൂര്‍ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3 കൊല്ലം ഇടുക്കി ആലപ്പുഴ 1 വീതം.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 31 പേർ വിദേശത്തുനിന്നും 48 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്.സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്കും രോഗംപിടിപെട്ടു.മൂന്നുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവടങ്ങിടങ്ങിലാണ് ഓരോരുത്തരുടെ പരിശോധന ഫലം നെഗറ്റീവായത്‌. 1088 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 526 പേര്‍  ചികിത്സയിലുണ്ട്. 210 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതേസമയം കോവിഡ് ബാധിച്ച്‌ തിരുവനന്തപുരത്ത് ചികിത്സലായിരുന്നു തെലുങ്കാന സ്വദേശി മരിച്ചു.തെലങ്കാന സ്വദേശി നഞ്ചയ്യയാണ് മരിച്ചത്.