ഇന്നലെ വിമാനമിറങ്ങിയ പ്രവാസികളിൽ എട്ടുപേർക്ക് രോഗലക്ഷണങ്ങൾ;കൊച്ചിയിൽ അഞ്ചുപേരെയും കരിപ്പൂരിൽ മൂന്നുപേരെയും ഐസൊലേഷനിലാക്കി

keralanews eight of the passengers who landed yesterday have covid symptoms and five in cochin and three in karipur were isolated

കൊച്ചി:ഇന്നലെ കേരളത്തിൽ വിമാനമിറങ്ങിയ പ്രവാസികളുടെ ആദ്യസംഘത്തിലെ എട്ട് പേർക്ക് കോവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്തോടെ ഇവരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.കൊച്ചി വിമാനത്താവളത്തിലെത്തിയ അഞ്ചുപേരെയും കരിപ്പൂരിലെത്തിയ മൂന്നുപേരെയുമാണ് ഐസലേഷനില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെത്തിയവരെ കളമശേരി മെഡിക്കല്‍ കോളേജിലേക്കും കോഴിക്കോടെത്തിയവരില്‍ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും രണ്ടുപേരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കുമാണ് മാറ്റിയത്.തെര്‍മല്‍ സ്കാനിങ്ങും ആരോഗ്യ ഡെസ്കിലെ പരിശോധനയുമുള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷമാണ് യാത്രക്കാരെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് അയച്ചത്. പരിശോധനയില്‍ രോഗലക്ഷണം പ്രകടിപ്പിച്ചവരെ പ്രത്യേക കവാടത്തിലൂടെയാണ് പുറത്തിറക്കിയത്. വീട്ടിലും കോവിഡ് കെയര്‍ സെന്ററിലും ക്വാറിന്റീനില്‍ പോകുന്നവര്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കാന്‍ പരിശോധനക്കൊപ്പം പരിശീലനവും നല്‍കിയിരുന്നു.ഗള്‍ഫില്‍ നിന്നും പ്രവാസി മലയാളികളുമായി ഇന്നലെ രണ്ട് വിമാനങ്ങളാണ് കേരളത്തിലെത്തിയത്. ആദ്യമെത്തിയത് അബുദാബിയില്‍ നിന്നും യാത്ര തിരിച്ച സംഘമാണ്. 10. 07ഓടെയാണ് ഇവർ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ദുബായില്‍ നിന്നുള്ള വിമാനം 10.32ന് കരിപ്പൂരില്‍ ലാന്റ് ചെയ്തു. 181യാത്രക്കാരാണ് കൊച്ചിയിലിറങ്ങിയ വിമാനത്തില്‍ ഉണ്ടായത്. 182 യാത്രക്കാര്‍ കരിപ്പൂരിലും വിമാനമിറങ്ങി.വിമാനത്താവളത്തില്‍ എത്തുന്ന പ്രവാസികളെ ഏഴുദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ പാര്‍പ്പിക്കും. പരിശോധനയില്‍ രോഗമില്ലെന്ന് കണ്ടെത്തുന്നവരെ വീടുകളിലേക്ക് പിന്നീട് വിടും.എന്നാൽ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വീടുകളിലാണ് ക്വാറന്റീന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഗര്‍ഭിണികള്‍ക്കു സ്വകാര്യ വാഹനത്തിലോ സിയാല്‍ ഒരുക്കിയ ടാക്‌സികളിലോ വീടുകളിലേയ്ക്ക് പോകാം. ഇവര്‍ 14 ദിവസം വീടുകളില്‍ ക്വാറന്റീനില്‍ കഴിയണമെന്നാണ് നിര്‍ദേശം.

അതിഥി തൊഴിലാളികൾക്കായി ഇന്ന് കണ്ണൂരില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് ട്രെയിന്‍ സര്‍വീസ്

keralanews train service today from kannur to Jharkhand for migrant workers

കണ്ണൂർ:അതിഥി തൊഴിലാളികൾക്കായി ഇന്ന് കണ്ണൂരില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്തും.1140 പേരാണ് യാത്ര തിരിക്കുക.വ്യാഴാഴ്ച കണ്ണൂരില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് ട്രെയിന്‍ പുറപ്പെട്ടിരുന്നു. 1140 ഉത്തര്‍ പ്രദേശ് സ്വദേശികളാണ് ഈ ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങിയത്.കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വ്യാഴാഴ്ച വൈകിട്ട് 5.50 ന് ലഖ്നൗവിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് തൊഴിലാളികള്‍ മടങ്ങിയത്. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ 38 കെഎസ്‌ആര്‍ടിസി ബസുകളിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി 50 സീറ്റുകളുള്ള ബസ്സില്‍ 30 പേരുമായിട്ടായിരുന്നു യാത്ര. ശനിയാഴ്ച ഉച്ചയോടെയാണ് ട്രെയിന്‍ ലഖ്നൗ റെയില്‍വേ സ്റ്റേഷനില്‍ എത്തുക.

മഹാരാഷ്ട്രയിൽ അതിഥി തൊഴിലാളികളുടെ മേൽ ഗുഡ്സ് ട്രെയിൻ പാഞ്ഞുകയറി 15 മരണം

keralanews 15 migrant workers died after being run over by train in maharashtra

ഔറംഗാബാദ്:മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന അതിഥി തൊഴിലാളികളുടെ മേൽ ഗുഡ്സ് ട്രെയിൻ പാഞ്ഞുകയറി 15 പേർ മരിച്ചു.ഔറംഗബാദ് –നാന്ദേഡ് പാതയിലാണ് അപകടം.സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട സംഘം ട്രാക്കില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് നിരവധി അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പലായനം ചെയ്തിരുന്നു. അയല്‍സംസ്ഥാനങ്ങളിലേക്ക് കാല്‍നടയായാണ് ഇവര്‍ മടങ്ങിയിരുന്നത്.മഹാരാഷ്ട്രയില്‍ നിന്ന് നാട്ടിലേക്ക് കുടുംബത്തോടെ മടങ്ങുകയായിരുന്നു ഇവര്‍. യാത്രക്കിടയില്‍ ഔറാംഗാബിദിലെ കര്‍മാടിന് അടുത്ത് അടുത്തുള്ള റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നു. ചരക്ക് ട്രെയിനിടിച്ചാണ് അപകടമുണ്ടായത്.ജല്‍നയിലെ ഉരുക്ക് ഫാക്ടറിയിലെ തൊഴിലാളികളാണ് ഇവരെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാട്ടിലേക്ക് മടങ്ങുന്നതിനായി ട്രെയിന്‍ പിടിക്കുന്നതിനായി ജല്‍ന മുതല്‍ 170 കിലോമീറ്റര്‍ അകലെയുള്ള ഭുവാസല്‍ വരെ ഇവര്‍ നടക്കുകയായിരുന്നു. 45 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ട്രാക്കില്‍ വിശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് ഔറംഗാബാദ് എസ്‌പി മോക്ഷദാ പാട്ടീല്‍ പറഞ്ഞു.റെയില്‍വേ സംരക്ഷണ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പാളത്തില്‍ ആളുകള്‍ കിടക്കുന്നതു കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അത് ആളുകള്‍ക്കിടയിലേക്കു കയറുകയായിരുന്നെന്നും പരുക്കേറ്റവരെ ഔറംഗാബാദ് സിവില്‍ ആശുപത്രിയിലാക്കിയെന്നും റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്തു.പല സംസ്ഥാനങ്ങളും മറ്റു സംസ്ഥാനങ്ങളിലേക്കു മടങ്ങേണ്ട അതിഥിതൊഴിലാളികള്‍ക്കായി ശ്രമിക് ട്രെയിനുകള്‍ ഓടിക്കുന്നുണ്ടെങ്കിലും പലരും സ്വന്തം നാടുകളിലേക്കു നടന്നുപോകുന്നുണ്ട്. ഇത്തരം സംഘങ്ങള്‍ പലപ്പോഴും റെയില്‍പാളങ്ങള്‍ വഴിയാണ് സഞ്ചരിക്കുന്നത്. വേഗത്തില്‍ ലക്ഷ്യ സ്ഥാനത്ത് എത്താനും വഴി തെറ്റാതിരിക്കാനും ആണിത്.

തുടർച്ചയായ രണ്ടാം ദിവസവും കേരളത്തിന് ആശ്വാസം;ഇന്ന് പുതുതായി ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല;5 പേർക്ക് രോഗമുക്തി

keralanews no corona case reported today and five cured

തിരുവനന്തപുരം:തുടർച്ചയായ രണ്ടാം ദിവസവും കേരളത്തിന് ആശ്വാസം.ഇന്ന് പുതുതായി ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല.മാര്‍ച്ച്‌ 1, 3, 4, 6, 7 തീയതികളിലാണ് അടുത്തിടെ ആര്‍ക്കും തന്നെ കോവിഡ് സ്ഥിരീകരിക്കാത്ത്.അതേസമയം ഇന്ന് അഞ്ച് പേര്‍ രോഗമുക്തരായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 25 പേര്‍ മാത്രമാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,693 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 16,383 പേര്‍ വീടുകളിലും 310 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 35,171 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതില്‍ ലഭ്യമായ 34,519 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. അതേസമയം 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. സംസ്ഥാനത്ത് നിലവില്‍ ആകെ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

വിശാഖപട്ടണത്തെ വാതകചോർച്ച;മ​ര​ണം പത്തായി;മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ഒ​രു കോ​ടി രൂ​പ ധനസഹായം

keralanews gas leakage in visakhapattanam death toll rises to ten and one crore rupees compensation to the families of deceased

ആന്ധ്രാപ്രദേശ്:വിശാഖപട്ടണത്തെ പോളിമർ കമ്പനിയിലുണ്ടായ വാതകചോര്‍ച്ചയില്‍ മരിച്ചവരുടെ എണ്ണം പത്തായി. 316 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 80 പേരുടെ നില ഗുരുതരമായി തുടരുകയാണ്.പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് എല്‍ജി പോളിമര്‍ പ്ലാന്‍റില്‍ രാസവാതക ചോര്‍ച്ച ഉണ്ടായത്.പ്ലാസ്റ്റിക് ഉത്പനങ്ങള്‍ നിര്‍മിക്കുന്ന കമ്ബനിയില്‍ നിന്നാണ് വാതകം ചോര്‍ന്നത്. അപകടസമയത്ത് ഇവിടെ 50 ജീവനക്കാരുണ്ടായിരുന്നു. ലോക്ക്ഡൗണ്‍ ആയതിനാല്‍ നാല്‍പ്പത് ദിവസമായി കമ്പനി അടഞ്ഞുകിടക്കുകയാണ്. ഇന്ന് തുറന്ന് പ്രവര്‍ത്തിക്കാനിരിക്കവയാണ് ദുരന്തമുണ്ടായത്.ഇവിടെ കെട്ടിക്കിടന്ന അയ്യായിരം ടണ്ണോളം അസംസ്കൃത വസ്തുക്കള്‍ക്ക് രാസപ്രവര്‍ത്തനം സംഭവിച്ചാണ് വാതകച്ചോര്‍ച്ച ഉണ്ടായതെന്നാണ് നിഗമനം.സമീപഗ്രാമങ്ങളില്‍ നാല് കിലോമീറ്റര്‍ പരിധിയില്‍ സ്റ്റെറീന്‍ പരന്നു. പലരും ഉറക്കത്തിലായിരുന്നു.ചിലര്‍ ബോധരഹിതരായായി തെരുവുകളില്‍ വീണു.പലര്‍ക്കും തൊലിപ്പുറത്ത് പൊളളലേറ്റു.ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായി. പുക നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും ജനങ്ങളെ ഒഴുപ്പിക്കാനായി വീടുകളിലേക്ക് കയറാനായില്ല.വാതകച്ചോര്‍ച്ച നിയന്ത്രണവിധേയമാക്കിയ ശേഷമാണ് ദേശീയ ദുരന്തനിവാരണസേന വീടുകളില്‍ നിന്ന് ആളുകളെ മാറ്റിയത്. മുന്നൂറോളം പേരാണ് നിലവില്‍ ചികിത്സയിലുളളത്. ഇരുപതോളം ഗ്രാമങ്ങള്‍ ഇതിനോടകം ഒഴിപ്പിച്ചു. വാതകച്ചോര്‍ച്ച നിയന്ത്രണവിധേയമെന്ന് ആന്ധ്ര ഡിജിപി അറിയിച്ചു. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി വിശാഖപട്ടണത്തെത്തി സ്ഥിതി വിലയിരുത്തി. വിഷവാതക ചോര്‍ച്ചയില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപയുടെ സഹായധനം പ്രഖ്യാപിച്ചു.

മറ്റ്​ സംസ്ഥാനങ്ങളില്‍ നിന്ന്​ കേരളത്തിലെത്താന്‍ നല്‍കുന്ന പാസ്​ വിതരണം നിര്‍ത്തി

keralanews issuing pass to kerala from other states has been stopped

തിരുവനന്തപുരം:മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്താന്‍ നല്‍കുന്ന പാസ് വിതരണം നിര്‍ത്തി.നിലവില്‍ കേരളത്തിലെത്തിയവരുടെ പരിശോധനകള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ പുതുതായി പാസ് നല്‍കു.ഇതിന്റെ ഏകോപന ചുമതലയുള്ള മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിശ്വനാഥ് സിന്‍ഹയാണ് പാസുകള്‍ തത്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചത്.‌നേരത്തെ റെഡ്സോണ്‍ ജില്ലകളില്‍ നിന്ന് എത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.ഇതിന് പിന്നാലെയാണ് പാസ് വിതരണം നിര്‍ത്തി നിലവില്‍ കേരളത്തിലെത്തിയവരുടെ വിവരശേഖരണം സര്‍ക്കാര്‍ ആരംഭിച്ചത്. രണ്ട് മൂന്ന് ദിവസത്തിന് ശേഷമാവും ഇനി പാസ് വിതരണം ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്ത് പത്താംക്ലാസ്, ഹയര്‍ സെക്കന്ററി പൊതുപരീക്ഷകള്‍ മെയ് 21 നും 29നും ഇടയില്‍ നടത്തും

keralanews class 10th and higher secondary public examinations will be held between may 21 and 29 in the state

തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ കാരണം നിലച്ച പത്താംക്ലാസ്, ഹയര്‍ സെക്കന്ററി പൊതുപരീക്ഷകള്‍ മെയ് 21 നും 29നും ഇടയില്‍ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി.നേരത്തെ പൂർത്തിയായ പരീക്ഷയുടെ മൂല്യ നിർണയം മെയ് 13ന് ആരംഭിക്കും. പ്രൈമറി, അപ്പർ പ്രൈമറി തലത്തിലെ 81600 അധ്യാപകർക്ക് അധ്യാപക പരിശീലനം ഓൺലൈനായി ആരംഭിച്ചിരുന്നു. ഇത് പൂർത്തിയാക്കും. കുട്ടികൾക്ക് പ്രത്യേക അവധിക്കാല പരിശീലനം വിക്ടേഴ്സ് ചാനൽ ഉപയോഗിച്ച് നടത്തും. ‘സമഗ്ര’ പോര്‍ട്ടലില്‍ അധ്യാപകരുടെ ലോഗിന്‍ വഴി ഇതിനാവശ്യമായ ഡിജിറ്റല്‍ സാമഗ്രികള്‍ ലഭ്യമാക്കും. പ്രൈമറി, അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്ക് ഇത് മെയ് 14ന് ആരംഭിക്കും. കേബിളിനും ഡിടിഎച്ചിനും പുറമേ വെബിലും മൊബൈലിലും ലഭ്യമാക്കും. ഈ സൗകര്യം ഇല്ലാത്ത കുട്ടികൾക്കായി പ്രത്യേക സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വിക്ടേഴ്സ് ചാനല്‍ തങ്ങളുടെ ശൃംഖലയില്‍ ഉണ്ട് എന്നുറപ്പാക്കാന്‍ പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍, ഡിടിഎച്ച്‌ സേവന ദാതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്യസംസ്ഥാന തൊഴിലാളികളുമായി ഇന്ന് കോഴിക്കോട് നിന്നും രാജസ്ഥാനിലേക്ക് പോകേണ്ടിയിരുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ റദാക്കി

keralanews train for migrant workers from kozhikkode to rajasthan canceled

കോഴിക്കോട്:അന്യസംസ്ഥാന തൊഴിലാളികളുമായി ഇന്ന് കോഴിക്കോട് നിന്നും രാജസ്ഥാനിലേക്ക് പോകേണ്ടിയിരുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ റദാക്കി.തീവണ്ടിക്ക് രാജസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാലാണ് സര്‍വ്വീസ് റദ്ദാക്കിയത്.അതേസമയം ആലപ്പുഴ ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായുള്ള രണ്ടാമത്തെ പ്രത്യേക ട്രെയിന്‍ ഇന്ന് ബീഹാറിലേക്ക് പുറപ്പെടും.മാവേലിക്കര , ചെങ്ങന്നൂര്‍ താലൂക്കുകളിലെ 1140 അതിഥി തൊഴിലാളികളാണ് ഈ ട്രെയിനില്‍ പോകുന്നത്. വൈകിട്ട് നാലിന് നോണ്‍ സ്റ്റോപ് ട്രെയിന്‍ ആലപ്പുഴയില്‍ നിന്നും യാത്ര തിരിക്കും.

പ്രവാസികളുടെ കേരളത്തിലേക്കുള്ള മടക്കം ഇന്നു മുതല്‍;ആദ്യ സംഘം രാത്രിയോടെ കരിപ്പൂരും നെടുമ്പാശ്ശേരിയിലും എത്തും

keralanews return of expatriate to kerala begins today first group will arrive at karippur and nedumbassery by night

കൊച്ചി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടന്ന പ്രവാസികള്‍ ഇന്ന് മുതല്‍ തിരികെയെത്തിത്തുടങ്ങും. പ്രവാസികളുടെ ആദ്യ സംഘം ഇന്ന് മുതല്‍ നെടുമ്പാശ്ശേരിയിലും കരിപ്പൂരിലും എത്തും.ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്കും, അബൂദബിയിൽ നിന്ന് കൊച്ചിയിലേക്കുമാണ് ഇന്ന് പ്രവാസികൾ മടങ്ങിയെത്തുക. ഒരോ വിമാനത്തിലും പരമാവധി 178 യാത്രക്കാരുണ്ടാകും. റിയാദിൽ നിന്ന് കോഴിക്കോട്ടേക്കും, ദോഹയിൽ നിന്നും കൊച്ചിയിലേക്കും പ്രഖ്യാപിച്ച വിമാനങ്ങൾ അടുത്ത ദിവസങ്ങളിലേക്ക് മാറ്റിവെക്കുകയായിരുന്നു.ദുബായില്‍ നിന്നും പ്രവാസികളുമായി എത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാനം ഇന്ന് രാത്രി 10. 30 ഓടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുക. കോഴിക്കോട് ജില്ലയുള്‍പ്പെടെ ഒന്‍പത് ജില്ലകളിലെ യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടാകും.അബുദാബിയില്‍ നിന്നും പ്രവാസികളുമായി വരുന്ന വിമാനം രാത്രി 9.40 നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുക.റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെ മെഡിക്കൽ സ്ക്രീനിങ് നടത്തി രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ വിമാനത്തിൽ പ്രവേശിപ്പിക്കുകയുള്ളു.ഇതിനായി അഞ്ച് മണിക്കൂർ നേരത്തേ യാത്രക്കാർ എയർപോർട്ടിൽ എത്തണം.പിപിഇ കിറ്റുമായി എത്തുന്ന യാത്രക്കാർക്ക് മാത്രമാണ് വിമാനത്താവളം ടെർമിനലിന് അകത്തേക്ക് പ്രവേശനം അനുവദിക്കൂ എന്ന് ദുബൈ എയർപോർട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളെ ടെർമിനലിലേക്ക് പ്രവേശിപ്പിക്കില്ലെന്നും അതോറിറ്റി വ്യക്തമാക്കി.  മടങ്ങിയെത്തുന്ന പ്രവാസികളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഹോട്ടല്‍ സൗകര്യം വേണ്ടവര്‍ക്ക് പണം ഈടാക്കി അത് നല്‍കും. മറ്റുള്ളവര്‍ക്കുള്ള നിരീക്ഷണ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി.

വിശാഖപട്ടണത്ത് വിഷവാതക ചോർച്ച;എട്ട് മരണം;20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നു

keralanews poisonous gas leakage in visakhapattanam polymer factory eight died 20 villages evacuated

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വ്യവസായശാലയില്‍നിന്ന് ചോര്‍ന്ന വിഷവാതകം ശ്വസിച്ച്‌ എട്ടുപേർ മരിച്ചു.വിശാഖപട്ടണം ജില്ലയിലെ ആര്‍.ആര്‍ വെങ്കട്ടപുരത്തുള്ള എല്‍.ജി പോളിമര്‍ ഇന്‍ഡസ്ട്രീസില്‍ നിന്നാണ് രാസവാതകം ചോര്‍ന്നത്. വ്യാവസായിക മേഖലയിലാണ് ദുരന്തമുണ്ടായത്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. വ്യാഴാഴ്ച പുലര്‍ച്ച മൂന്നോടെയാണ് ചോര്‍ച്ച ഉണ്ടായത്.ആയിരത്തോളം പേരെ ആശുപത്രിയിലേക്ക് മാറ്റി. വിഷവാതകം ചോർന്നതോടെ ചിലർക്ക് കണ്ണിന് നീറ്റലും ശ്വാസമെടുക്കാൻ പ്രയാസവും അനുഭവപ്പെടുകയായിരുന്നു. ഇത്തരത്തിൽ 200ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കൂടുതൽ അഗ്നിശമന യൂനിറ്റും പൊലീസും സ്ഥലത്തെത്തി.സമീപത്തുള്ള വീടുകളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആളുകളെ വീടുകളിൽ നിന്നൊഴിപ്പിക്കുകയാണ്. ഗോപാലപട്ടണത്തിനു സമീപത്തുള്ള മൂന്ന് ഗ്രാമങ്ങളെ സംഭവം ബാധിച്ചിട്ടുണ്ട്. ബോധം നഷ്ടപ്പെട്ട് പലരും തെരുവിൽ കിടക്കുകയാണ്.ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട ഫാക്ടറി ഇന്നലെയാണ് വീണ്ടും തുറന്നത്.അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വാതകം വ്യാപിച്ചിട്ടുണ്ട്. വിഷവാതകം ശ്വസിച്ച്‌ ആളുകള്‍ റോഡുകളില്‍ തളര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.പോലീസ് നിര്‍ദേശം നല്‍കിയിട്ടും പ്ലാന്‍റിന് സമീപത്തെ ജനങ്ങളില്‍നിന്നു പ്രതികരണമുണ്ടാകാത്തത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ ബോധരഹിതരായി കിടക്കുകയാണോ എന്നു ആശങ്കയുണ്ട്. ആളുകളോട് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്ലാസ്റ്റികും അനുബന്ധ വസ്തുക്കളും നിര്‍മിക്കുന്ന ഫാക്ടറിയില്‍നിന്നാണ് വാതകം ചോര്‍ന്നത്. 1961ല്‍ ഹിന്ദുസ്ഥാന്‍ പോളിമേര്‍സ് എന്ന പേരിലാണ് ഈ സ്ഥാപനം തുടങ്ങുന്നത്. 1997ല്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍.ജി ഏറ്റെടുക്കുകയായിരുന്നു.