തിരുവനന്തപുരം:കോവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തിൽ എ ടി എമ്മിൽ പോകാതെ പണം പിൻവലിക്കാൻ സംവിധാനവുമായി സർക്കാർ.ബാങ്ക് അക്കൗണ്ടിലെ പണം ഇനി തപാല്‍ വകുപ്പ് വഴി ആവശ്യക്കാരന്റെ വീട്ടുപടിക്കലെത്തും. ക്ഷേമപെന്‍ഷനും സ്‌കോളര്‍ഷിപ്പും ഉള്‍പ്പെടെയുള്ളവ ലോക്ക്ഡൗണ്‍ കാലത്ത് ബാങ്കുകളില്‍ എത്താതെതന്നെ കൈപ്പറ്റാവുന്ന പദ്ധതിയ്ക്ക് തുടക്കമായി.ധനകാര്യമന്ത്രി ഡോ: ടി.എം തോമസ് ഐസക് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിച്ചിട്ടുള്ള ഏതു ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം ഇത്തരത്തില്‍ പോസ്റ്റ് ഓഫീസില്‍ വിളിച്ചാല്‍ പോസ്റ്റുമാന്‍ മുഖേന വീട്ടിലെത്തിക്കും.ഇതിനായി ഉപഭോക്താവിന് വേണ്ടത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണും ആധാര്‍ നമ്പറും മാത്രമാണ്. വീട്ടിലെത്തുന്ന തപാല്‍ ജീവനക്കാരനോട് മൊബൈല്‍ നമ്പര്‍ പറയുന്നു.ശേഷം ലഭിക്കുന്ന ഒ.ടി.പി അദ്ദേഹവുമായി പങ്കിടുന്നു. തുടര്‍ന്ന് ബയോമെട്രിക് സ്‌കാനിംഗ് വഴി ഉപഭോക്താവിനെ തിരിച്ചറിഞ്ഞ് പണം കൈമാറും. ലോക്ക്ഡൗണ്‍ കാലയളവില്‍ ശാരീരിക അകലം പാലിക്കേണ്ടതിനാല്‍ ബാങ്കിലോ എ.ടി.എമ്മിലോ പോകാതെ ആവശ്യാനുസരണം പണം ലളിതമായി പിന്‍വലിക്കാം. ഉപഭോക്താവിന് ഈ സേവനം സൗജന്യമാണ്.ബയോമെട്രിക് ഉപകരണം ഉപയോഗിക്കവേ തപാല്‍ ജീവനക്കാര്‍ ഹാന്‍ഡ് സാനിറ്റൈസര്‍, മാസ്‌ക്, മറ്റ് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് മുന്‍കരുതലുകള്‍ സ്വീകരിച്ചശേഷമാകും സേവനം ലഭ്യമാക്കുക. പണം പിന്‍വലിക്കാനുള്ള ആവശ്യം നിറവേറ്റാനായി ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ഹെഡ് പോസ്റ്റ് ഓഫീസുമായോ ഓരോ തപാല്‍ ഡിവിഷനിലും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനുമായോ ബന്ധപ്പെടണം. തപാല്‍ വകുപ്പിന്റെ അനുബന്ധ സ്ഥാപനമായ ഇന്ത്യാ പോസ്റ്റ് പേമെന്‍റ് ബാങ്ക് സംവിധാനത്തിലൂടെയാണ് പണം തപാല്‍ വകുപ്പ് നല്‍കുന്നത്.
സംസ്ഥാനത്തെ ഏഴ് ജില്ലകൾ കൊറോണ ഹോട്ട് സ്പോട്ടുകൾ;കോട്ടയം ഓറഞ്ച് സോണില്‍; കോഴിക്കോട് സുരക്ഷിതം
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപന സാധ്യതയുള്ള തീവ്രമേഖലയിൽ (ഹോട്ട് സ്പോട്ട്) കേരളത്തിലെ ഏഴ് ജില്ലകളും. കേന്ദ്രസർക്കാർ തയ്യാറാക്കിയ പട്ടികയിലാണ് സംസ്ഥാനത്തെ ഏഴ് ജില്ലകൾ ഉൾപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട്, വയനാട് എന്നീ ജില്ലകളെയാണ് കൊറോണ വ്യാപനത്തിന് കൂടുതൽ സാധ്യതയുള്ള ജില്ലകളുടെ പട്ടികയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം വയനാട് ജില്ല പൂർണമായും ഹോട്ട് സ്പോട്ട് അല്ല. ജില്ലയിലെ ചില മേഖലകളെ മാത്രമാണ് ഹോട്ട് സ്പോട്ടായി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. തീവ്രത കുറഞ്ഞ ജില്ലകള്‍ ഓറഞ്ച് സോണിലും സുരക്ഷിതമായ ജില്ലകള്‍ ഗ്രീന്‍ സോണിലുമാണ് ഉള്ളത്.സംസ്ഥാനത്ത് തൃശൂര്‍, കൊല്ലം, ഇടുക്കി, പാലക്കാട്, കോട്ടയം, ആലപ്പുഴ ജില്ലകളെ നോണ്‍ ഹോട‌്സ്പോട്ടുകളായി കണ്ടെത്തിയിട്ടുണ്ട്. ഓറഞ്ച് സോണിലാണ് ഈ ജില്ലകള്‍ ഉള്‍പ്പെടുന്നത്. ഓറഞ്ച് സോണില്‍ ഉള്ള ജില്ലകള്‍ ഹോട‌്സ്പോട്ടുകളായി മാറാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഈ ജില്ലകളില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കാന്‍ പാടില്ലെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കേരളത്തില്‍ കോഴിക്കോട് മാത്രമാണ് ഗ്രീന്‍ സോണില്‍ ഉള്‍പെട്ടിരിക്കുന്നത്. പുതിയതായി ഒരു കേസും പോലും 28 ദിവസമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലാണ് ജില്ലയെ ഗ്രീന്‍ സോണായി കണക്കാക്കുന്നത്. ഹോട്സ്പോട്ടായി കണക്കാക്കിയ ജില്ലയില്‍ 14 ദിവസമായി പുതിയ കേസുകള്‍ സ്ഥിരീകരിച്ചില്ലെങ്കില്‍ ഓറഞ്ച് സോണിലേക്ക് മറ്റും. പിന്നീടുള്ള രണ്ട് ആഴ്ചയിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലാണ് ഗ്രീന്‍ സോണിലേക്ക് മാറ്റുന്നത്.ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയ 170 ജില്ലകളിൽ കര്‍ശന നിയന്ത്രണം തുടരണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്.
കാസർകോഡ് നിന്നും ആശ്വാസ വാർത്ത;83 പേര്‍ക്ക് കോവിഡ് ഭേദമായി;ഇനി ചികിത്സയിലുള്ളത് 84 പേര്‍
കാസർകോഡ്:ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുണ്ടായിരുന്ന കാസര്‍കോട് ജില്ലയില്‍ നിന്നും ആശ്വാസ വാർത്ത.കൊറോണ രോഗമുക്തി നേടി നിരവധി പേരാണ് ആശുപത്രി വിട്ടത്.കാസര്‍കോട് ജില്ലയില്‍ ഇത് വരെ കൊറോണ സ്ഥിരീകരിച്ചത് 167 പേര്‍ക്കാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ 50 പേര്‍ രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങി.ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ എണ്ണം 83 ആയി. ഇനി ചികിത്സയിലുള്ളത് 84 രോഗികളാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ കാസര്‍കോട് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രമാണ്. ചൊവ്വാഴ്ച മാത്രമാണ് പുതുതായി ഒരു പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് മൂന്ന് ദിവസങ്ങളിലും പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരു രോഗിയും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മൂന്ന് രോഗികള്‍ക്കുമാണ് ബുധനാഴ്ച രോഗം ഭേദമായത്.ഇതുവരെ രോഗം ഭേദമായവരില്‍ 59 പേര്‍ വിദേശത്തുനിന്നും നാട്ടിലേത്തിയവരും 24 പേര്‍ സമ്പർക്ക പട്ടികയിലുള്ളവരുമാണ്.ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും കുറവ് വരുന്നുണ്ട്. 137 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.കോവിഡ് 19 സമൂഹ വ്യാപന സാധ്യത വിലയിരുത്താനായി ജില്ലയില്‍ ആരംഭിച്ച സര്‍വ്വേ പുരോഗമിക്കുകയാണ്. കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തുകളും നഗരസഭകളും കേന്ദ്രീകരിച്ചാണ് സര്‍വ്വേ. ലോക്ഡൌണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ ഇതുവരെ 875 കേസുകളില്‍ 1367 പേരെ അറസ്റ്റ ചെയ്തിട്ടുണ്ട്. കൂടാതെ 493 വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.
സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും
:സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും.സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ തോത് വലിയ അളവില്‍ കുറഞ്ഞെങ്കിലും വലിയ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയില്ല.കാര്‍ഷിക മേഖലക്കും തോട്ടം മേഖലയ്‌ക്കും പരമ്പരാഗത തൊഴിലിടങ്ങള്‍ക്കും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. കര്‍ഷകരുടെ ഉത്‌പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് വേണ്ട ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് വേണ്ട നടപടികള്‍ തീരുമാനിക്കും.അന്തര്‍സംസ്ഥാന, ജില്ലാ യാത്രകള്‍ മേയ് മൂന്ന് വരെ അനുവദിക്കില്ല. പൊതുഗതാഗത സംവിധാനവും ഉണ്ടാകില്ല. ആളുകള്‍ കൂടുതലായി വരാന്‍ സാധ്യതയുള്ള സിനിമ ശാലകള്‍, മാളുകള്‍, ആരാധനലായങ്ങള്‍ എന്നിവ തുറന്ന് കൊടുക്കില്ല. ഹോട്ട് സ്പോര്‍ട്ട് അല്ലാത്ത ജില്ലകളില്‍ മറ്റ് ഇളവുകള്‍ നല്‍കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. വിദഗ്ധ സമിതി റിപ്പോര്‍ട്ടും കൂടി പരിഗണിച്ചായിരിക്കും മന്ത്രിസഭായോഗം ഇളവുകള്‍ തീരുമാനിക്കുക.കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമുള്ളതിനാല്‍ മദ്യശാലകള്‍ തുറക്കുന്നതില്‍ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുക്കില്ല.സംസ്ഥാനങ്ങള്‍ സ്വന്തം നിലക്ക് ഇളവുകള്‍ പ്രഖ്യാപിക്കാന്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങളിലുണ്ട്.ലോക്ക്‌ഡൗണ്‍ നീട്ടിയ കേന്ദ്ര സര്‍ക്കാര്‍ ഇതുമൂലം സംസ്ഥാനങ്ങള്‍ക്കുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയെടുത്തില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനം;ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനം. ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 387 ആയി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.കണ്ണൂര്‍ സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്.അതെസമയം ഇന്ന് ഏഴ് പേര്‍ക്ക് കൂടി രോഗം ഭേദമായി.കാസര്‍കോട് 4 പേര്‍ക്കും, കോഴിക്കോട് 2 പേര്‍ക്കും, കൊല്ലത്ത് ഒരാള്‍ക്കുമാണ് ഇന്ന് രോഗം ഭേദമായത്. ഇതോടെ രോഗമുക്തി നേടുന്നവരുടെ എണ്ണം 218 ആയി വര്‍ധിച്ചു.നിലവില്‍ 167 പേര്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 97464 പേരാണ്. ഇതില്‍ 96942 പേര്‍ വീടുകളിലും, 522 പേര്‍ ആശുപത്രിയിലുമാണ്. 86 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 16475 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 16002 നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ രോഗബാധയുണ്ടായ 387 പേരില്‍ 264 പേര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.8 പേര്‍ വിദേശികളാണ്. സമ്പര്‍ക്കംമൂലം രോഗമുണ്ടായത് 114 പേര്‍ക്കാണ്. ആലപ്പുഴ 5, എറണാകുളം 21 ഇടുക്കി 10, കണ്ണൂര്‍ 9, കാസര്‍കോട് 187, കൊല്ലം 9 കോട്ടയം 3, കഴിക്കോട് 16, മലപ്പുറം 21, പാലക്കാട് എട്ട്, പത്തനംതിട്ട 17, തിരുവനന്തപുരം 14,തൃശൂര്‍ 13, വയനാട് 3 ഇതാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.
പഴം, പച്ചക്കറി കടകള്‍ക്ക് ഏപ്രില്‍ 20 മുതല്‍ സമയനിയന്ത്രണമില്ല
ന്യൂഡല്‍ഹി: റേഷന്‍ കടകള്‍, പഴം, പച്ചക്കറി കടകള്‍ തുടങ്ങിയവയ്ക്ക് ഏപ്രില്‍ 20 മുതല്‍ സമയനിയന്ത്രണമില്ല. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഈ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.റേഷന്‍ കടകള്‍, പഴം, പച്ചക്കറി, പാല്‍, പാല്‍ ഉത്പന്നങ്ങള്‍, മത്സ്യം, മാംസം, ശുചിത്വ വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ ഇളവു ലഭിച്ചവയുടെ പരിധിയില്‍ പെടും. ജനങ്ങളുടെ ദൈനംദിന ജീവതത്തെയും അടിസ്ഥാന ആവശ്യങ്ങളെയും ബാധിക്കുന്ന മേഖലകളില്‍ കോവിഡ് ഹോട്ട്സ്പോട്ടുകള്‍ അല്ലാത്ത പ്രദേശങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചത്. ബാങ്കുകള്‍ക്കും ആര്‍ബിഐ അനുമതിയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും സാധാരണ പ്രവൃത്തിസമയത്തേക്കു മടങ്ങാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു.
പാനൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനായ ബിജെപി നേതാവ് പിടിയിൽ
കണ്ണൂര്‍: പാനൂരില്‍ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ബിജെപി നേതാവായ അധ്യാപകന്‍ പത്മരാജന്‍ പിടിയില്‍. വിളക്കോട്ടൂരിലെ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തലശ്ശേരി ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പത്മരാജനെ പിടികൂടിയത്. ഒരു മാസത്തോളമായി ഇയാള്‍ ഈ വീട്ടില്‍ ഒളിച്ച് കഴിയുകയായിരുന്നു. പ്രതിയുടെ സഹപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെക്കുറിച്ച് വിവരം കിട്ടിയത്.ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ബിജെപി അനുകൂല അധ്യാപക സംഘടനയായ എന്‍ടിയു ജില്ലാ നേതാവുമായ ഇയാള്‍ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ചാണ് നാലാംക്ലാസുകാരിയെ പീഡിപ്പിച്ചത്. പോക്‌സോ നിയപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്ത് ഒരുമാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിന് എതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.
കോഴിക്കോട് വിദേശത്ത് നിന്നെത്തിയ വ്യക്തിക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത് ക്വാറന്‍റൈന്‍ കാലയളവ് പിന്നിട്ട ശേഷം
കോഴിക്കോട്: ജില്ലയില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വിദേശത്ത് നിന്നുമെത്തിയ വ്യക്തി ക്വാറന്‍റൈന്‍ കാലയളവ് പിന്നിട്ടയാളാണെന്നു സ്ഥിരീകരണം. എടച്ചേരി സ്വദേശിക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം ദുബായില്‍നിന്നും എത്തിയ ആളാണ്. മാര്‍ച്ച് 18 ന് ആണ് ദുബായില്‍നിന്നും നാട്ടിലെത്തിയത്. ഇതോടെ ക്വാറന്‍റൈന്‍ കാലയളവ് കഴിഞ്ഞും രോഗം സ്ഥിരീകരിക്കുന്ന സംഭവം ആവര്‍ത്തിക്കുന്നത് ആശങ്ക ഉണര്‍ത്തുന്നു. ശനിയാഴ്ച ഇദ്ദേഹത്തിന്‍റെ അറുപത്തിയേഴുകാരനായ അച്ഛനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ പത്തൊന്‍പതുകാരിയായ മകള്‍ക്കും രോഗം ബാധിച്ചിരുന്നു. ഇവര്‍ക്ക് മൂന്ന് പേര്‍ക്കും രോഗം ബാധിച്ചത് മരിച്ച മാഹി സ്വദേശിയില്‍ നിന്നാണെന്നാണ് നിലവില്‍ ആരോഗ്യവകുപ്പിന്‍റെ നിഗമനം.
കണ്ണൂരിൽ നാലാം ക്ലാസുകാരിയെ സ്‌കൂളില്‍വെച്ച് പീഡിപ്പിച്ച അദ്ധ്യാപകനായ ബിജെപി നേതാവാവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തം
കണ്ണൂർ:കണ്ണൂരിൽ നാലാം ക്ലാസുകാരിയെ സ്‌കൂളില്‍വെച്ച് പീഡിപ്പിച്ച അദ്ധ്യാപകനായ ബിജെപി നേതാവാവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.കണ്ണൂര്‍ പാനൂരിലാണ് നാലാം ക്ലാസുകാരി പീഡനത്തിനിരയായത്.പ്രതിയായ അദ്ധ്യാപകനെതിരെ പീഡനത്തിനിരയായ വിദ്യാർത്ഥിനിയുടെ മൊഴി പുറത്തുവന്നു.ബാത്ത് റൂമില്‍ നിന്നും കുട്ടി കരഞ്ഞു കൊണ്ട് വന്നത് കണ്ടെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ പരിശോധനയിലും വ്യക്തമായിരുന്നു.പ്രതിയായ പദ്മരാജന്‍ പലസമയത്തായി കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്നും സഹപാഠിയായ പെണ്‍കുട്ടി വെളിപ്പെടുത്തി. വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും ഇതുവരെ പൊലീസ് പ്രതിയെ പിടികൂടിയിട്ടില്ല. ആദ്യം കേസ് അന്വേഷിച്ച പാനൂര്‍ പൊലീസ് കേസ് അട്ടിമറിച്ചെന്നും ആരോപണമുണ്ട്.എന്നാല്‍ സംഭവം ഇത്രയും വിവാദമായിട്ടും പരാതി നല്‍കി ഒരു മാസം കഴിഞ്ഞിട്ടും ഇത് വരെ കേസിന് അനക്കമൊന്നും ഉണ്ടായിട്ടില്ല എന്നതാണ് ഏറ്റവും ഗുരുതരമായ കാര്യം. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് പദ്മരാജന്‍.നിരവധി തവണ പീഡിപ്പിക്കപ്പെട്ട കുട്ടിയെയും കുടുംബത്തെയും ചോദ്യം ചെയ്യുകയും വിദഗ്ധരെ കൊണ്ട് കുട്ടിയുടെ മാനസിക നില പരിശോധിപ്പിക്കുകയും ചെയ്ത പൊലീസിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി കെ കെ ശൈലജയും നേരത്തെ രംഗത്ത് എത്തിയിരുന്നു . പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുകയാണെന്ന് ഡിജിപിയെ വിളിച്ച് അറിയിച്ചതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു.
2020 ജനുവരി പത്തിനാണ് സ്‌കൂളില്‍ വെച്ച് പത്തുവയസുകാരിയെ അധ്യാപകനായ പദ്മരാജന്‍ ആദ്യം പീഡിപ്പിച്ചത്. എല്‍എസ്‌എസിന്റെ പരിശീലന ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് സ്‌കൂളിലേക്ക് വിളിച്ച് വരുത്തിയാണ് പീഡനം നടത്തിയത്. പിന്നീട് മൂന്നുതവണ കൂടി പീഡിപ്പിച്ചെന്നാണ് പരാതി. സ്‌കൂളിലെ ടോയ്‌ലെറ്റില്‍ വെച്ചായിരുന്നു പീഡനം. തലശേരി ജനറല്‍ ആശുപത്രിയില്‍ നടന്ന പരിശോധനയിലും കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് മനസിലായി. സംഭവം പുറത്തു പറഞ്ഞാല്‍ ഉമ്മയെയും തന്നെയും കൊന്നുകളയുമെന്നും അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.പിതാവില്ലാത്ത കുട്ടി പീഡനത്തെയും ഭീഷണിയെയും തുടര്‍ന്ന് സ്‌കൂളില്‍ പോകാന്‍ പേടിക്കുകയും മടി കാണിക്കുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ പുറത്ത് വരുന്നത്. ബന്ധുക്കള്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ പീഡിപ്പിക്കപ്പെട്ട വിവരം പെണ്‍കുട്ടി പറഞ്ഞു. തലശേരി ഡിവൈഎസ്പിക്ക് 2020 മാര്‍ച്ച് 16നാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പാനൂര്‍ സ്റ്റേഷനിലേക്ക് കൈമാറിയ കേസ് ആദ്യം അന്വേഷിച്ചത് സിഐയായിരുന്ന ശ്രീജിത്തായിരുന്നു. പത്ത് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇദ്ദേഹത്തിന് സ്ഥലംമാറ്റമായി. പ്രതിയെ പിടികൂടാനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചെന്നാണ് പൊലീസ് അറിയിച്ചത്.പരാതി നല്‍കിയിട്ട് ഇപ്പോള്‍ 28 ദിവസം പിന്നിടുകയാണ്. ബിജെപി നേതാവും സംഘ്പരിവാര്‍ അനുകൂല അധ്യാപക സംഘടനയായ എന്‍ടിയു ജില്ലാ നേതാവും കൂടിയാണ് പ്രതിയായ പദ്മരാജന്‍. പീഡനത്തെ തുടര്‍ന്ന് സ്‌കൂള്‍ മാനെജ്‌മെന്റ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2011 മുതല്‍ പാലത്തായി യുപി സ്‌കൂളില്‍ ഇയാള്‍ അധ്യാപകനാണ്.
രണ്ടാംഘട്ട ലോക്ക് ഡൗണിന്റെ ഭാഗമായുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി; പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും, മാസ്ക് നിര്‍ബന്ധം
ന്യൂഡല്‍ഹി: മെയ് മൂന്നുവരെ നീട്ടിയ ലോക്ക്ഡൗണിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുന്ന രീതിയിലാണ് പുതിയ നിര്‍ദേശങ്ങള്‍.ടെലികോം മേഖല, ബാങ്ക്, എടിഎം, പത്ര,ദൃശ്യമാധ്യമങ്ങള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകൾ, പാചക വിതരണം, സെക്യൂരിറ്റി ഏജന്‍സീസ്, കാര്‍ഷികോപകരണങ്ങള്‍, കാര്‍ഷിക യന്ത്രങ്ങളുടെ റിപ്പയറിംഗ് തുടങ്ങിയവയ്ക്ക് ഇളവുണ്ട്. തേയില തോട്ടങ്ങള്‍ തുറക്കാമെങ്കിലും 50 ശതമാനം തൊഴിലാളികള്‍ക്ക് മാത്രമേ അനുവാദമുള്ളൂ. സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞു തന്നെ കിടക്കും.ആരാധനാലയങ്ങള്‍ തുറക്കരുത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറക്കാം.ചരക്ക് ഗതാഗതം ഉറപ്പാക്കണം. പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധം.ക്വാറന്റീനുവേണ്ടി ഹോട്ടലുകളും ഹോം സ്‌റ്റേകളും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവയ്ക്ക് ഇളവ് നല്‍കും.ലോക്ക്ഡൗണ്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.റേഷന്‍, പച്ചക്കറി, പഴം, പാല്‍, മത്സ്യമാംസം എന്നീ മേഖലയ്ക്ക് നല്‍കിയിരുന്ന ഇളവ് തുടരും. ഹോംഡെലിവറി പ്രോത്സാഹിപ്പിക്കണം.സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട കാര്യങ്ങളും സാംസ്‌കാരികമായ പ്രവര്‍ത്തനങ്ങളും ലോക്ക് ഡൗണ്‍ അവസാനിക്കുന്നതുവരെ പാടില്ല. ഇവയെല്ലാം നിര്‍ത്തിവെക്കണം. സംസ്‌കാര ചടങ്ങുകളിലെ നിയന്ത്രണം തുടരും. നിയന്ത്രിത ഇളവുകള്‍ അനുവദിക്കുന്ന ഇടങ്ങളിലെല്ലാം സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.