കണ്ണൂർ മട്ടന്നൂരിൽ വൻ ലഹരിവേട്ട;ഓട്ടോയില്‍ കടത്താൻ ശ്രമിച്ച 5000 ത്തോളം പായക്കറ്റ് ഹാന്‍സ്,കൂള്‍ ലിപ്സ് എന്നിവ പിടിച്ചെടുത്തു

keralanews 5000packets of hans and cool lips seized from auto in kannur mattannur

കണ്ണൂര്‍: ജില്ലയിലെ മട്ടന്നൂരില്‍ വന്‍ ലഹരിവേട്ട. 5000 ത്തോളം പായക്കറ്റ് ഹാന്‍സ്,കൂള്‍ ലിപ്‌സും പോലീസ് പിടിച്ചെടുത്തു. ഓട്ടോയില്‍ കടത്താന്‍ ശ്രമിക്കവെയാണ് എക്സൈസ് സംഘം ലഹരിവസ്തുക്കള്‍ പിടികൂടിയത്. ഓട്ടോ ഡ്രൈവര്‍ കുംഭം മൂല സ്വദേശി ടി.റിയാസ് ഓടി രക്ഷപ്പെട്ടു.കോളാരി കുംഭം മൂലയില്‍ നിന്നാണ് 5000 ത്തോളം പായക്കറ്റ് ഹാന്‍സ്,കൂള്‍ ലിപ്സ് എന്നിവ പിടികൂടിയത്.ഇരിട്ടി എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.ആനന്ദകൃഷ്ണനും സംഘവുമാണ് ഇവ പിടികൂടിയത്.സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ പി.വി.വത്സന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.കെ.അനില്‍കുമാര്‍, ബെന്‍ഹര്‍ കോട്ടത്തുവളപ്പില്‍, സീനിയര്‍ എക്സൈസ് ഡ്രൈവര്‍ കെ.ബിനീഷ് എന്നിവരും ഉണ്ടായിരുന്നു.

സംസ്ഥാനത്തെ ഏഴുജില്ലകളിൽ ഇന്ന് മുതൽ ലോക്ക് ഡൌൺ നിയന്ത്രണങ്ങളിൽ ഇളവ്

keralanews relaxation in lock down restriction in seven districts in kerala from today

തിരുവനന്തപുരം:സംസ്ഥാനത്തെ ഏഴുജില്ലകളിൽ ഇന്ന് മുതൽ ലോക്ക് ഡൌൺ നിയന്ത്രണങ്ങളിൽ ഇളവ്.ഗ്രീൻ, ഓറഞ്ച് ബി സോണുകളിൽ ഉൾപ്പെട്ട ജില്ലകളിലാണ് ഇളവുകളുണ്ടാകുക.കോട്ടയം, ഇടുക്കി (ഗ്രീന്‍ സോണ്‍) ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ (ഓറഞ്ച് ബി) എന്നീ ജില്ലകളിലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വന്നത്.ഈ ജില്ലകളില്‍ ആരോഗ്യമേഖല, കൃഷി, മത്സ്യബന്ധനം, പ്ലാന്‍റേഷന്‍, മൃഗസംരക്ഷണം, സാമ്പത്തിക മേഖല, സാമൂഹ്യമേഖല, ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായം, തൊഴിലുറപ്പ് പദ്ധതികള്‍ എന്നീ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ഉണ്ട്.ധനനീക്കം, ഊര്‍ജ്ജവിതരണം എന്നിവ ഉള്‍പ്പെടെയുള്ള പൊതുസേവനകാര്യങ്ങള്‍, ചരക്ക് നീക്കം, അവശ്യസാധനങ്ങളുടെ വിതരണം, സ്വകാര്യ, വാണിജ്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമുള്ള വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും അനുമതി നല്‍കിയിട്ടുണ്ടെന്ന് ഇന്നലെ ഡിജിപി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഇളവ് പ്രഖ്യാപിച്ച സ്ഥലങ്ങളിലെ ഹോട്ട്‍സ്പോട്ടുകളില്‍ നിയന്ത്രണം തുടരും.

ഒറ്റ-ഇരട്ട അക്ക സബ്രദായത്തിലാണ് വാഹനങ്ങള്‍ക്ക് യാത്രാനുമതി നല്‍കിയിരിക്കുന്നത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് നമ്പറുകളിൽ അവസാനിക്കുന്ന രജിസ്‌ട്രേഷൻ നമ്പറുള്ള വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് യാത്രാനുമതി.പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്ക് അനുമതിയുള്ളത് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ്. എന്നാല്‍, ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളവരും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് ഈ ക്രമം ബാധകമല്ല.ജില്ലാ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ നിരോധിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ക്കും മാത്രമേ ജില്ലാഅതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും കടന്നുള്ള യാത്ര അനുവദിക്കുകയുള്ളു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാതിയ്യേറ്ററുകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍ മുതലയായവ പ്രവര്‍ത്തിക്കില്ല. ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാതരം പരിപാടികളും നിരോധിച്ചിട്ടുണ്ട്. ആരാധനാകേന്ദ്രങ്ങളും തുറക്കില്ല.വിവാഹത്തിനും മരണാനന്തരചടങ്ങുകളിലും 20 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും ഡിജിപി അറിയിച്ചു.ഇളവുകള്‍ സംബന്ധിച്ച്‌ ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്. കോട്ടയത്തും ഇടുക്കിയിലും ഇന്ന് മുതല്‍ ഇളവെന്നാണ് പൊലീസിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുമ്പോൾ ഇളവുകള്‍ നാളെ മുതല്‍ മാത്രമെന്നാണ് രണ്ട് ജില്ലകളിലെയും കളക്ടര്‍മാര്‍ അറിയിച്ചത്. ഇന്ന് ശുചീകരണം മാത്രമാണെന്നും ഇളവുകള്‍ നാളെ മുതലെന്നുമാണ് കളക്ടര്‍മാര്‍ അറിയിച്ചത്. അതേസമയം ഇളവുകള്‍ നടപ്പാക്കുന്ന ജില്ലകളില്‍ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍ വന്നേക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. രോഗികളില്ലാത്ത ജില്ലകളില്‍ പോലും രോഗവ്യാപന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുവെന്നത് കണക്കിലെടുത്താണ് ഇത്തരമൊരു മുന്നറിയിപ്പ് ആരോഗ്യ വകുപ്പ് മുന്നോട്ട് വെച്ചത്.

കേരളം ലോക്ക്ഡൗണ്‍ ചട്ടം ലംഘിച്ചു; വിശദീകരണം തേടി കേന്ദ്രസര്‍ക്കാര്‍

keralanews kerala violated lockdown guidlines central govt seek clarification

ന്യൂഡല്‍ഹി: പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടാത്ത ചില മേഖലകള്‍ക്ക് ഇളവ് അനുവദിച്ച്‌ കേരളം കൊവിഡിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്.ബാര്‍ബര്‍ ഷോപ്പുകളും റസ്റ്റോറന്റുകളും വര്‍ക്ക്‌ഷോപ്പുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ഗുരുതര ലംഘനമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇരുചക്ര വാഹങ്ങളില്‍ രണ്ട് പേര്‍ സഞ്ചരിക്കുന്നതും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതും കേന്ദ്ര നിര്‍ദ്ദേശത്തിന് എതിരാണ്.ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്.കേരളത്തിന്റെ വിശദീകരണം ലഭിച്ച ശേഷമാകും എന്ത് നടപടി വേണമെന്ന് തീരുമാനിക്കുന്നത്. പല സംസ്ഥാനങ്ങളിലും സ്ഥിതി ആശങ്കാജനകമായതിനാല്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ മേഖലയില്‍ ഇളവ് അനുവദിച്ച്‌ ആശങ്ക വര്‍ധിപ്പിക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹോട്ടലുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കുന്നതില്‍ നേരത്തെ തന്നെ പല കോണുകളില്‍ നിന്നും ആശങ്ക ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടിയിരിക്കുന്നത്. രണ്ടാംഘട്ട ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം, കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും ഈ നിയന്ത്രണങ്ങള്‍ക്ക് ഏപ്രില്‍ 20 ശേഷം ഇളവുണ്ടാകുമെന്നും ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നത്. അതിന് ശേഷം ഏപ്രില്‍ 15 ന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ചുള്ള മാര്‍ഗരേഖ പുറത്തിറക്കുകയും ചെയ്തിരുന്നു.ഈ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ടുള്ള ഒരു കത്താണ് കേന്ദ്രം ഇപ്പോള്‍ അയച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് അജയ് കുമാര്‍ ഭല്ലയാണ് കത്ത് അയച്ചിരിക്കുന്നത്.കേന്ദ്രസര്‍ക്കാരിന്റെ  അനുമതിയില്ലാതെ ഇളവ് അനുവദിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേരളമടക്കമുള്ള ചില സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ നിര്‍ദേശം ലംഘിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ വിശദീകരണം ചോദിച്ചേക്കുമെന്നുമുള്ള സൂചനകളും കത്തിലുണ്ട്. സംഭവത്തില്‍  മുന്നറിയിപ്പ് നല്‍കികൊണ്ടാണ് കേന്ദ്രം കത്ത് അയച്ചിരിക്കുന്നത്. മാര്‍ഗരേഖയിലെ വ്യവസ്ഥകള്‍ കേരളം  ലംഘിച്ചുവെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.

സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

keralanews covid confirmed in four persons in the state today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.കണ്ണൂര്‍ ജില്ലയില്‍ 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 3 പേര്‍ ദുബായില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.കണ്ണൂര്‍ ജില്ലയിലെ 2 പേരും കോഴിക്കോട് ജില്ലയിലെ ഒരാളുമാണ് ദുബായില്‍ നിന്നും വന്നത്. കണ്ണൂര്‍ ജില്ലയിലുള്ള ഒരാള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.അതേസമയം 2 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. 257 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ 140 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 67,190 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 66,686 പേര്‍ വീടുകളിലും 504 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,774 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,763 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

സംസ്ഥാനത്ത് കോവിഡ് പരിശോധനയ്ക്ക് നാല് സര്‍ക്കാര്‍ ലാബുകള്‍ കൂടി

keralanews four more govt lab for covid testing in kerala

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് പരിശോധനയ്ക്ക് നാല് സര്‍ക്കാര്‍ ലാബുകള്‍ കൂടി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.എറണാകുളം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി എന്നീ 4 മെഡിക്കല്‍ കോളേജുകളിലാണ് കോവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റിയല്‍ ടൈം പിസിആര്‍ ലാബുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇവയില്‍ എറണാകുളം മെഡിക്കല്‍ കോളേജിന് ഐ.എസി.എം.ആര്‍. അനുമതി ലഭിച്ചിട്ടുണ്ട്. ഇന്നുമുതല്‍ ഈ ലാബിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. സി.എം.ആറിന്റെ അനുമതി ലഭിച്ചാലുടന്‍ മറ്റ് മൂന്ന് ലാബുകളില്‍ കൂടി പരിശോധനകള്‍ തുടങ്ങാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
എറണാകുളം മെഡിക്കല്‍ കോളേജിന് കൂടി ഐ.സി.എം.ആര്‍. അനുമതി ലഭിച്ചതോടെ കേരളത്തില്‍ 11 സര്‍ക്കാര്‍ ലാബുകളിലാണ് കോവിഡ് 19 പരിശോധന നടത്തുന്നത്. എന്‍.ഐ.വി. ആലപ്പുഴയിലായിരുന്നു ആരംഭ ഘട്ടത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നത്.കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തൃശൂര്‍ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സ്‌റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കോട്ടയം ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച്‌, കാസര്‍ഗോഡ് സെന്റര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് കോവിഡ് 19 പരിശോധന നടത്തി വരുന്നത്. ഇത് കൂടാതെ കോഴിക്കോട്, എറണാകുളം ജില്ലകളിലെ രണ്ട് സ്വകാര്യ ലാബകളിലും പരിശോധന നടന്നു വരുന്നു.സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ വേഗത്തിലാക്കാന്‍ 10 റിയല്‍ ടൈം പിസിആര്‍ മെഷീനുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതുപയോഗിച്ചാണ് പുതിയ ലാബുകള്‍ സജ്ജമാക്കിയത്.

കെ.എം ഷാജിക്കെതിരെ വിജിലൻസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

keralanews vigilance filed f i r against k m shaji

: മുസ്ലിം ലീഗ് എം.എല്‍.എ കെ.എം. ഷാജിക്കെതിരേ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അഴീക്കോട് സ്കൂളില്‍ ഹയര്‍ സെക്കന്ററി അനുവദിക്കാന്‍ പണം വാങ്ങിയെന്ന പരാതിയിലാണ് എഫ്.ഐ.ആര്‍.സര്‍ക്കാര്‍ അന്വേഷണത്തിന് കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു. വിജിലന്‍സ് കണ്ണൂര്‍ ഡി.വൈ.എസ്.പി വി.മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കോഴിക്കോട് വിജിലന്‍സ് റേഞ്ച് എസ്.പി പി.സി സജീവനാണ് മേല്‍നോട്ടച്ചുമതല.അഴീക്കോട് സ്കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിനായി സ്കൂള്‍ മാനേജ്മെന്റില്‍ നിന്ന് കെ.എം.ഷാജി എം.എല്‍.എ 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം. എം.എല്‍.എ പണം കൈപറ്റിയെന്ന ആരോപണം ലീഗ് അഴിക്കോട് പഞ്ചായത്ത് കമ്മിറ്റി മുന്‍ ഉപാദ്ധ്യക്ഷന്‍ നൗഷാദ് പൂതപ്പാറയാണ് ഉയര്‍ത്തിയത്. തുടര്‍ന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം

keralanews acid attack against lady in thiruvananthapuram

തിരുവനന്തപുരം:തിരുവനന്തപുരം മംഗലപുരത്ത്  യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ യുവതിക്ക് 29 ശതമാനത്തോളം പൊള്ളലേറ്റു.പ്രതി കൊയ്തൂര്‍ക്കോണം സ്വദേശി വിനീഷിനെ പൊലീസ് പിടികൂടി.ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. ടെക്‌നോപാര്‍ക്കിലെ ശുചീകരണ തൊഴിലാളിയായ യുവതിക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. യുവതിയുടെ വീട്ടിലെത്തിയ വിനീഷ് ജനല്‍ ചില്ലുകള്‍ തകര്‍ത്ത ശേഷം യുവതിക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു.ആക്രമണത്തില്‍ യുവതിയുടെ മുഖത്തും ശരീരത്തിലും ഗുരുതരമായി പൊളളലേറ്റു.യുവതിയെ ഉടനെ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്ന യുവതിക്ക് 29 ശതമാനത്തോളം പൊളളലേറ്റതായി പോലീസ് പറയുന്നു.നേരത്തെ ഉണ്ടായ ഒരു പ്രണയബന്ധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.

മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്; മലപ്പുറത്തെ 85 കാരന്റെ മരണം കോവിഡ് ബാധിച്ചല്ലെന്ന് ആരോഗ്യവകുപ്പ്

keralanews third test result is negative the death of 85year old in malappuram not due to covid

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി(85)ക്ക് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹത്തില്‍ നടത്തിയ അവസാന കോവിഡ് പരിശോധന ഫലവും നെഗറ്റീവ് ആണ്.കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ മൂന്ന് പരിശോധനാഫലങ്ങളും നെഗറ്റീവായിരുന്നു, ഇദ്ദേഹത്തിന് നിരവധി രോഗങ്ങളുണ്ടായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സംസ്കാരം നടത്തേണ്ട കാര്യമില്ലെന്നും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് സംസ്കാരം നടത്താന്‍ അനുവദിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.ഇന്ന് രാവിലെയാണ് മലപ്പുറം കീഴാറ്റൂര്‍ കരിയമാട് സ്വദേശി വീരാന്‍കുട്ടി മരിച്ചത്.ഏപ്രില്‍ രണ്ടിനാണ് വീരാന്‍ കുട്ടിക്ക് വൈറസ് സ്ഥിരീകരിക്കുന്നത്.ഏറെക്കാലമായി ഹൃദയസംബന്ധമായ അസുഖങ്ങളുള്ളയാളാണ് മരിച്ച വീരാന്‍കുട്ടി. ഇദ്ദേഹത്തിന്‍റെ ആരോഗ്യനില ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്.രാഴ്ച മുമ്പ് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായെങ്കിലും വൃക്ക രോഗമടക്കമുള്ള അസുഖങ്ങളുള്ളതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു.

പാലത്തായി പീഡന കേസ്;പെണ്‍കുട്ടി പീഡിപ്പിക്കപെട്ട ദിവസങ്ങളില്‍ ഭര്‍ത്താവ് സ്‌കൂളില്‍ പോയിട്ടില്ല;ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പ്രതിയുടെ ഭാര്യ ഡിജിപിക്ക് പരാതി നൽകി

keralanews palathayi rape case the wife accused filed a complaint to dgp seeking removal of mystery in the case

കണ്ണൂർ:പാനൂർ പാലത്തായിയിൽ സ്കൂൾ ശുചിമുറിയിൽ വെച്ച് നാലാംക്ലാസ്സ് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണവുമായി പ്രതിയായ അധ്യാപകന്റെ ഭാര്യ രംഗത്ത്.കേസിലെ ദുരൂഹത നീക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിയുടെ ഭാര്യ ഡി ജി പി ലോക് നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ്. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും കേസിനു പിന്നില്‍ വലിയ ഗൂഢാലോചന ആണ് നടന്നതെന്നും പത്മരാജന്റെ ഭാര്യ വി വി ജീജ വെള്ളിയാഴ്ച ഡി ജി പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.കേസില്‍ കഴിഞ്ഞ ദിവസമാണ് അധ്യാപകനായ ബി ജെ പി നേതാവ് പത്മരാജന്‍ അറസ്റ്റില്‍ ആയത്.കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന ദിവസങ്ങളില്‍ ഭര്‍ത്താവ് സ്കൂളില്‍ പോയിട്ടില്ല. മൊബൈല്‍ ഫോണിന്‍റെ ലോകേഷന്‍ അടക്കം പരിശോധിച്ചാല്‍ അത് വ്യക്തം ആകും. മാത്രമല്ല ക്ലാസ്സ് മുറിയില്‍ നിന്നും രണ്ടര മീറ്റര്‍ അകലെയുള്ള ശുചിമുറിയില്‍ വെച്ച്‌ കുട്ടിയെ പീഡിപ്പിച്ചു എന്നത് ബാലിശമായ ആരോപണം ആണെന്ന് ആര്‍ക്കും മനസ്സിലാകും. അതിനാല്‍ തന്നെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മാത്രമെ യഥാര്‍ത്ഥ സത്യം പുറത്തു വരികയുള്ളൂ എന്നും പരാതിയില്‍ പറയുന്നു.മാത്രമല്ല പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ വാട്ട്സ് ആപ്പ്, ഫെയ്സ് ബുക്ക് തുടങ്ങിയവ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ തന്നെ പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിക്കണം. നിഷ്പക്ഷമായ അന്വേഷണത്തിനായി  പ്രത്യേക അന്വേഷണ സംഘത്തെ ഈ കേസില്‍ ഉള്‍പ്പെടുത്തുകയും, നിംഹാന്‍സ് പോലുള്ള പ്രമുഖ ആശുപത്രികളില്‍ നിന്നും സൈക്കോളജിസ്റ്റിന്റെ സേവനം തേടണമെന്നും ജീജ പരാതിയില്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ മുസ്ലീം ലീഗ്, എസ് ഡി പി ഐ നേതൃത്വത്തിന്റെ ഇടപ്പെടല്‍ ഉണ്ടായെന്നും, അതിനു കാരണം തന്റെ ഭര്‍ത്താവ് സിഎഎ അനുകൂല നിലപാടുകള്‍ നവ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതാകാമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവത്തെ വര്‍ഗീയമായി കണ്ട് ചില ദൃശ്യമാധ്യമങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അടക്കം നിയമവിരുദ്ധമായി കാണിച്ച്‌ വാര്‍ത്ത ചെയ്യുന്നത് ഈ കേസിനെ അട്ടിമറിക്കാനാണെന്നും, പണം നല്‍കി വാര്‍ത്ത ചെയ്യുന്നതാണെന്ന് സംശയിക്കുന്നതായും പരാതിയിലുണ്ട്.നാലും, രണ്ടും വയസുള്ള കുട്ടികളുടെ അമ്മയായ തനിക്ക് സത്യം പുറത്തു വന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വരേണ്ട അവസ്ഥയാണ് എന്നും ജീജ തന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുംബൈയില്‍ 20 നാവിക സേന ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

keralanews kovid 19 confirmed 20 navy personnel in mumbai

മുംബൈ:മുംബൈയില്‍ 20 നാവിക സേന ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.മുംബൈ പശ്ചിമ നാവിക കമാന്‍ഡിലെ ഐ.എന്‍.എസ് ആംഗറെയിലെ ഉദ്യോഗസ്ഥര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ മുംബൈയിലെ നേവൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. നാവികസേനയിൽ ആദ്യമായാണ് കോവിഡ് റിപ്പോർട്ട്‌ ചെയ്യുന്നത്.ഇവർക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.ഏപ്രില്‍ ഏഴിന് കോവിഡ് സ്ഥിരീകരിച്ച ഒരു നാവികനില്‍ നിന്നാണ് രോഗം മറ്റുള്ളവരിലേക്ക് പടര്‍ന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇന്ത്യന്‍ ആര്‍മിയിലെ ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.