അമിത വില ഈടാക്കൽ;കണ്ണൂര്‍ ജില്ലയില്‍ 72 സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ കേ​സ്

keralanews charging excess price case registered against 72 shops in kannur

കണ്ണൂർ:ലോക് ഡൗണിന്റെ സാഹചര്യത്തില്‍ ലീഗല്‍ മെട്രോളജി വകുപ്പ് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ അമിതവില ഈടാക്കിയ 72 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. 1408 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ മാസ്‌ക്, സാനിറ്റൈസര്‍, ഹാന്‍ഡ് ഗ്ലൗസ് എന്നിവയ്ക്ക് അമിതവില ഈടാക്കിയതിന് 25 മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെയും കുപ്പിവെള്ളം ലിറ്ററിന് 13 രൂപയിലധികം ഈടാക്കിയതിന് 27 കടകള്‍ക്കെതിരെയും കേസെടുത്തു. നിലവില്‍ സര്‍ക്കാര്‍ അനുവദിച്ച സൗജന്യ റേഷന്‍ അളവില്‍ കുറവ് വില്‍പ്പന നടത്തിയതിന് 14 റേഷന്‍ കടകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.ജില്ലാ ഡപ്യൂട്ടി കണ്‍ട്രോളര്‍ എസ്.എസ്.അഭിലാഷ്, അസിസ്റ്റന്‍റ് കണ്‍ട്രോളര്‍ ഇന്‍- ചാര്‍ജ് പി.പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കിയ പരിശോധനയില്‍ കെ.കെ.നാസര്‍, ആര്‍.കെ.സജിത് കുമാര്‍, ടി.സുജയ, പ്രജിന, കെ.എം.പ്രകാശന്‍, പി.പി.ശ്രീജിത്, പി.കെ. മനോജ്, ഇ.വി.ഹരിദാസ്, കെ.എം.ദിനേശന്‍, ടി.പ്രജിത് കുമാര്‍ തുടങ്ങിയ ജീവനക്കാരും പങ്കെടുത്തു.പൊതുജനങ്ങള്‍ക്ക് പരാതികള്‍ സുതാര്യം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അറിയിക്കാം.

സ്പ്രിങ്ക്ലർ വിഷയത്തിൽ സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി; ഡേറ്റ കൈ​മാ​റ​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

keralanews retaliation to govt in sprinklr issue high court order not to handover data

കൊച്ചി::സ്പ്രിങ്ക്ലർ വിഷയത്തിൽ സര്‍ക്കാരിന് തിരിച്ചടി.ഇനി ഡേറ്റ കൈമാറരുതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.ചികിത്സാവിവരങ്ങള്‍ അതിപ്രധാനമല്ലേയെന്ന് സര്‍ക്കാരിനോട് ചോദ്യമുന്നയിച്ച കോടതി കൃത്യമായ ഉത്തരങ്ങള്‍ നല്‍കാതെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യരുതെന്നും വ്യക്തമായ സത്യവാങ്മൂലം നല്‍കണമെന്നും അറിയിച്ചു.രോഗികളുടെ എണ്ണം പൊതുവെ കുറവായ സാഹചര്യത്തില്‍ ഇത്തരമൊരു കണക്കെടുപ്പിന്‍റെ ആവശ്യമെന്താണെന്നും കോടതി ചോദിച്ചു. എന്നാല്‍ രോഗികളുടെ എണ്ണം കുറവല്ല എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.സംസ്ഥാനത്തിന്റെ സൗകര്യങ്ങൾ പര്യാപ്തമല്ലാത്തതിനാലാണ് സ്പ്രിന്‍ക്ലര്‍ കമ്പനിയെ ഏല്‍‌പ്പിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മെഡിക്കല്‍ സെന്‍സിറ്റീവായ ഡാറ്റകളൊന്നും ശേഖരിക്കുന്നില്ല എന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. മെഡിക്കല്‍ ഡാറ്റകള്‍ എല്ലാം പ്രധാനമാണെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പര്യാപതമല്ലെന്ന കാരണത്താല്‍ ജനങ്ങളുടെ മെഡിക്കല്‍ രേഖകളുടെ രഹസ്യ സ്വഭാവം ഇല്ലാതാകുന്ന അവസ്ഥ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

കൊറോണ പ്രതിരോധത്തില്‍ കാസര്‍കോട് രാജ്യത്തിന് മാതൃകയായെന്ന് മുഖ്യമന്ത്രി;രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളെ ചികിത്സിച്ച്‌ ഭേദമാക്കിയ ആശുപത്രിയായി കാസര്‍കോട് ജനറല്‍ ആശുപത്രി

keralanews kasarkode exmple for india in corona defence kasaragod general hospital first hospital in the country cures more corona patients

കാസർകോഡ്:കോവിഡ് 19 പ്രതിരോധത്തില്‍ കാസര്‍കോട് ജില്ല രാജ്യത്തിന് തന്നെ മാതൃകയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ആശുപത്രി എന്ന നേട്ടം ഇനി കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സ്വന്തം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയായിരുന്നു കാസര്‍കോട്. ഇവിടെ 169 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 142 പേര്‍ക്കും രോഗം ഭേദമായി ആശുപത്രി വിട്ടു.കഴിഞ്ഞ ദിവസം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നും 15 പേര്‍ക്കും ജില്ല ആശുപത്രിയില്‍ നിന്നും കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും രണ്ട് പേര്‍ക്കും വീതവുമാണ് രോഗം ഭേദമായത്.ഇനി ചികിത്സയിലുള്ളത് 27 പേര്‍മാത്രമാണ്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ല ഏറെ ത്യാഗം സഹിച്ച്‌ അതിനെ അതിജീവിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കൊറോണയെ പൂര്‍ണമായും തുടച്ചുനീക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ ഇനിയും ജില്ലയില്‍ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ജില്ലയില്‍ 15 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമാണ് കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതില്‍ എട്ടു പഞ്ചായത്തുകളിലുണ്ടായിരുന്ന പോസ്റ്റീവ് കേസുകള്‍ പൂര്‍ണമായും ഭേദമായി. ഇനി 7 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമാണ് രോഗബാധിതരുള്ളത്. 37 പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചെമ്മനാട് പഞ്ചായത്തിലും 34 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് നഗരസഭയിലും ഇനി ആറുവീതം പോസ്റ്റീവ് കേസുകളാണ് ഉള്ളത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. 54 പേര്‍മാത്രമാണ് ജില്ലയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.

പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാനാകില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം; വിശദീകരണം തേടി ഹൈക്കോടതി

keralanews central govt with decision not to bring expatriate to home and high court seek explanation

ന്യൂഡല്‍ഹി: പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാനാകില്ലെന്ന നിലപാട് ഹൈക്കോടതിയിൽ ആവര്‍ത്തിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവന്നാല്‍ നിലവിലെ ലോക്ഡൗണിന്‍റെ ഉദ്ദേശ്യം നടപ്പാകില്ലെന്ന് കേന്ദ്രം അറിയിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് എന്തൊക്കെ സഹായങ്ങള്‍ നല്‍കാം എന്നത് കേന്ദ്രം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച്‌ 23ന് വിശദമായ പ്രസ്താവന നല്‍കണം.കേസ് 24ന് വീണ്ടും പരിഗണിക്കും.ലേബര്‍ ക്യാമ്പുകളിൽ അടക്കം കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അടിയന്തര ചികിത്സയും പരിചരണവും ലഭ്യമാക്കാന്‍ യാത്രാവിലക്കില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി ദുബൈ പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റില്‍, സുപ്രീംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍, അഡ്വ. മുഹമ്മദ് ഷാഫി എന്നിവര്‍ മുഖേനയാണ് റിട്ട് ഹരജി ഫയല്‍ ചെയ്തത്. ചാര്‍ട്ടഡ് വിമാനങ്ങളില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സർവീസ് തുടങ്ങാന്‍ തയാറാണെന്ന് എമിറേറ്റ്സ്, ഫ്ലൈ ദുബൈ കമ്പനികൾ അറിയിച്ചിട്ടും സര്‍ക്കാര്‍ അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് നിയമവഴി തേടിയത്. സന്നദ്ധത അറിയിച്ച വിമാന കമ്പനികൾ വഴി കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും നാട്ടില്‍ എത്തിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. തിരികെയെത്തിക്കുന്നവരെ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ക്വാറന്‍റൈന്‍ ചെയ്‌ത് വൈദ്യസഹായം ലഭ്യമാക്കണം. യു.എ.ഇയില്‍ കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹായം അഭ്യര്‍ഥിച്ച്‌ വിദേശകാര്യമന്ത്രിക്കും ഇന്ത്യന്‍ സ്ഥാനപതിക്കും മുഖ്യമന്ത്രി പിണറായി വിജയനും കെ.എം.സി.സി കത്തു നല്‍കിയിരുന്നു.

ലോ​ക്ക്ഡൗ​ണ്‍ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ നി​സാ​കാ​ര​ത്തി​ന് പ​ള്ളി​യി​ലെ​ത്തി;കണ്ണൂരിൽ നാ​ല് പേ​ര്‍ അ​റ​സ്റ്റി​ല്‍

keralanews four arrested in kannur came to attend prayer in mosque

കണ്ണൂര്‍: ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച്‌ നിസ്ക്കാരത്തിനായി പള്ളിയിലെത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ന്യൂമാഹിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചയാണ് സംഭവം. ഉസ്താദ് അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.അതേസമയം കണ്ണൂരില്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമാക്കി. ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കി. ജില്ലയിലെ എല്ലാ ഗ്രാമങ്ങളും ഇന്ന് മുതല്‍ അടയ്ക്കും. കണ്ണൂരിലെ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും ക‍ര്‍ശന പരിശോധനകളുണ്ടാകും. അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ഉത്തരമേഖലാ ഐജി അശോക് യാദവ് അറിയിച്ചു. ഇത്തരക്കാരുടെ വണ്ടികള്‍ പോലീസ് പിടിച്ചെടുക്കുമെന്നും അദേഹം വ്യക്തമാക്കി.

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ;മസ്തിഷ്‌കമരണം സംഭവിച്ചതായി റിപ്പോർട്ട്

North Korean leader Kim Jong Un listens as U.S. President Donald Trump speaks during the one-on-one bilateral meeting at the second North Korea-U.S. summit in Hanoi, Vietnam February 28, 2019. REUTERS/Leah Millis - RC1879E0C400

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. സി.എന്‍.എന്‍ അടക്കമുള്ള മാധ്യമങ്ങളാണ് അമേരിക്കന്‍ സ്രോതസുകളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടിവന്നെന്നും ശസ്ത്രക്രിയയ്ക്ക്  ശേഷം അദ്ദേഹത്തിന് മസ്തിഷ്‌കമരണം സംഭവിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.ഏപ്രില്‍ 15 ന് ഉത്തരകൊറിയന്‍ രാഷ്ട്രപിതാവും കിമ്മിന്റെ അപ്പൂപ്പനുമായ കിം ഇല്‍ സുങിന്റെ ജന്മദിന ആഘോഷങ്ങളില്‍ കിം ജോങ് ഉന്‍ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങളുയര്‍ന്നത്. ഏപ്രില്‍ 11നായിരുന്നു കിം ജോങ് ഉന്നിനെ അവസാനമായി പൊതുവേദിയില്‍ കണ്ടത്.തടിയും പുകവലിയും അധികജോലിയും കിമ്മിന്റെ ആരോഗ്യനില വഷളാക്കിയിരുന്നു എന്നും ഹൃദയസംബന്ധിയായ പ്രശ്‌നത്തെ തുടര്‍ന്ന് കിം ഹ്യാംഗ് സാനിലെ വില്ലയില്‍ ചികിത്സ തേടിയിരുന്നതായും വെബ്‌സൈറ്റ് വാര്‍ത്ത പുറത്തു വിട്ടിരുന്നു. ഇതേ തുടര്‍ന്ന് 36 കാരനായ കിമ്മിനെ ഏപ്രില്‍ 12 ന് ഹ്യാംഗ് സാനിലെ മൗണ്ട് കുംഗാംഗ് റിസോര്‍ട്ടിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി എന്നായിരുന്നു ദക്ഷിണ കൊറിയ ന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് നില മെച്ചപ്പെട്ടതോടെ ഏപ്രില്‍ 19 ന് പ്യൊഗ്യോംഗിലേക്ക് വൈദ്യസംഘത്തോടൊപ്പം തിരിച്ചു വരികയും ചെയ്തതായിട്ടാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച്‌ സിഎന്‍എന്‍ ഉള്‍പ്പെടെയുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം 2014 ലും ഒരു മാസത്തോളം കിംഗ് പൊതുവേദിയില്‍ നിന്നും വിട്ടു നിന്നിരുന്നു. കിമ്മിന്റെ ആരോഗ്യത്തെ സംശയിച്ച്‌ ഊഹാപോഹങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നാലെ ഇദ്ദേഹം തിരിച്ചു വരികയും ചെയ്തു. കണങ്കാലില്‍ ഉണ്ടായ മുഴ നീക്കം ചെയ്ത് വിശ്രമിക്കുകയായിരുന്നു എന്നാണ് ദക്ഷിണ കൊറിയന്‍ ചാരന്മാര്‍ നല്‍കിയ വിവരം. ശക്തമായ മാധ്യമ നിയന്ത്രണം ഉള്ള രാജ്യമാണ് വടക്കന്‍ കൊറിയ.

കണ്ണൂർ ജില്ലയിൽ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏർപ്പെടുത്തി;അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടി ക്വാറന്റൈൻ ചെയ്യും

keralanews triple lock down in kannur district those who went outside unnecessarily will be caught and quarantined

കണ്ണൂർ:കണ്ണൂര്‍ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ കൊറോണ വൈറസ് ബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കാനായി പോലീസ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശകതമാക്കിയത്.നിയന്ത്രണം ലംഘിച്ച്‌ റോഡില്‍ ഇറങ്ങുന്നവരെ പിടികൂടി ക്വാറന്റൈനില്‍ ആക്കാനാണ് പോലീസിന്റെ തീരുമാനം.അതിനാല്‍ ജില്ലയിലെ റോഡുകളിലെല്ലാം പോലീസ് പരിശോധന ശക്തമാക്കി. കൂടാതെ അനാവശ്യമായി റോഡില്‍ ഇറങ്ങുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം അടക്കം കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.നോർത്ത് സോൺ ഐജി അശോക് യാദവ് ഐപിഎസ്സിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ ചേർന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ ജില്ലയിൽ മൂന്ന് എസ്പിമാർക്ക് ചുമതല നൽകി.ഐജി അശോക് യാദവിനാണ് കണ്ണൂർ ജില്ലയുടെ മേൽനോട്ടം.കണ്ണൂരിൽ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയ്ക്കും തളിപ്പറമ്പിൽ നവനീത് ശർമ്മ ഐപിഎസ്സിനും തലശ്ശേരിയിൽ അരവിന്ദ് സുകുമാർ ഐപിഎസ്സിനും ചുമതല നൽകി.പോലീസ് സ്റ്റേഷൻ അതിർത്തികളിൽ ഒരു എക്സിറ്റും എൻട്രൻസും മാത്രം അനുവദിക്കും.മരുന്നുകൾ വാങ്ങുന്നതിനും ഹോം ഡെലിവറികൾക്കും ജില്ലാ പഞ്ചായത്ത് കോൾ സെന്ററുകളെ സമീപിക്കുക.അവശ്യസാധനങ്ങൾ തൊട്ടടുത്ത കടയിൽ നിന്നും വാങ്ങണം.മാർക്കറ്റിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. അത്യാവശ്യ ഘട്ടത്തിൽ മാത്രം ആശുപത്രി യാത്ര അനുവദിക്കും.അതും തൊട്ടടുത്ത ആശുപത്രിയിലേക്കോ അല്ലെങ്കിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കോ മാത്രം. നിരീക്ഷണത്തിൽ കഴിയുന്നവരെ ശ്രദ്ധിക്കാൻ പ്രാദേശിക ഭരണകൂടവും പോലീസും ചേർന്ന പ്രത്യേക കമ്മിറ്റി രൂപീകരിക്കും.ഹൈവേയിൽ കൂടിയുള്ള യാത്ര ആവശ്യസേവനങ്ങൾക്ക് മാത്രമായിരിക്കുമെന്നും ഉന്നതതല യോഗത്തിൽ തീരുമാനമായി.

സംസ്ഥാനത്ത് ഇന്ന് ആറുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;ആറുപേരും കണ്ണൂർ ജില്ലക്കാർ;21 പേർ രോഗമുക്തരായി

keralanews covid confirmed in six persons today in the state and all from kannur and 21 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആറു പേരും കണ്ണൂര്‍ സ്വദേശികളാണ്.ഇവരിൽ അഞ്ചുപേരും വിദേശത്തു നിന്ന് വന്നതാണ്. ഒരാള്‍ക്ക് സമ്പർക്കത്തിലൂടെയാണ് പകര്‍ന്നത്.അതേസമയം ഇന്ന് 21 പേര്‍ രോഗമുക്തരായി. കാസര്‍കോട്ട് 19 പേരും ആലപ്പുഴയില്‍ രണ്ടു പേരുമാണ് രോഗമുക്തരായത്.ഇതോടെ ആലപ്പുഴ ജില്ലയില്‍ കൊവിഡ് രോഗം ബാധിച്ച അവസാന രോഗിക്കും രോഗം ഭേദമായി ആശുപത്രി വിട്ടു. 114 പേരാണ് ഇനി ചികിത്സയിലുള്ളത്.46,323 പേർ ഇനി നിരീക്ഷണത്തിലുണ്ട്. 45,925 പേർ വീടുകളിലും 398 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 62 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 19,756 സാംപിൾ പരിശോധനയ്ക്ക് അയച്ചു.19,074 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. ആശുപത്രിയില്‍ ക്വാറന്റൈനിലുള്ള മുഴുവന്‍ പേരെയും പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രണ്ടു മൂന്നുദിവസം കൊണ്ട് ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നുവരെ എല്ലാ ദിവസവും മാധ്യമങ്ങളെ കാണുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രവാസികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാരിന്‍റെ പൊങ്ങച്ചം അവതരിപ്പിക്കാന്‍ വാര്‍‌ത്താ സമ്മേളനത്തില്‍‌ ഇതുവരെ ശ്രമിച്ചിട്ടില്ല. ദിവസേനയുള്ള വിവരങ്ങള്‍ എല്ലാവരെയും അറിയിക്കാനാണ് വാര്‍ത്താസമ്മേളനം നടത്തിവന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ കോവിഡ് അവസ്ഥയില്‍ കാര്യമായ പുരോഗതി ഉണ്ടായതോടെയാണ് എല്ലാ ദിവസവും ഉണ്ടായിരുന്ന വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്. ഒന്നിടവിട്ട ദിവസങ്ങളില്‍ വാര്‍ത്താ സമ്മേളനം എന്നായിരുന്നു തീരുമാനം.നേരത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. ആറുമണിത്തള്ള് എന്നായിരുന്നു പ്രതിപക്ഷ യുവ എംഎല്‍എമാരുടെ പരിഹാസം.

മുംബൈയില്‍ ഇന്ന് 51 മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

keralanews confirmed covid in 51 media workers in mumbai

മുംബൈ: മുംബൈയില്‍ ഇന്ന് ചാനല്‍ റിപ്പോര്‍ട്ടര്‍മാരും ക്യാമറാന്‍മാന്‍മാരും പത്ര ഫോട്ടോഗ്രാഫര്‍മാരുമടക്കം 51 മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവ് ആയ മിക്ക മാധ്യമപ്രവര്‍ത്തകര്‍ക്കും രോഗലക്ഷണങ്ങളില്ല. കഴിഞ്ഞദിവസം വരെ ഡ്യൂട്ടി ചെയ്തിരുന്നതിനാല്‍ സമ്പർക്കപ്പട്ടികയിൽ ഉള്ളവര്‍ക്ക് ക്വാറന്റീന്‍ നിര്‍ദേശം നല്‍കി. മാത്രമല്ല സയണിലെ മീഡിയ കോളനി അടച്ചിടാനാണ് തീരുമാനം.മുംബൈയില്‍ മണിക്കൂറുകള്‍ക്കിടെ 552 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4203 ആയി. 24 മണിക്കൂറിനിടെ 12 പേര്‍ കൂടി മരിച്ചതോടെ മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 223 ആയി ഉയര്‍ന്നു. തമിഴ് ചാനലിലെ ഒരു മാധ്യമപ്രവര്‍ത്തകന് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂസ് ഡെസ്‌കില്‍ ജോലി ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ന്യൂസ് ഡെസ്‌കില്‍ ജോലി ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകരെയും മറ്റ് ജീവനക്കാരെയും നീരീക്ഷണത്തിലാക്കി. തമിഴ്‌നാട്ടില്‍ ഇതുവരെ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

പോലീസ് ബൈക്ക്​ പിടിച്ചെടുത്തതില്‍ മനംനൊന്ത് ആത്മഹത്യക്ക്​ ശ്രമിച്ച​ യുവാവ്​ മരിച്ചു

keralanews police sized bike man committed suicide

രാജാക്കാട്: പൊലീസ് ബൈക്ക് പിടിച്ചെടുത്തതിനെ തുടര്‍ന്ന് നടുറോഡില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. സൂര്യനെല്ലി സ്വദേശി വിജയപ്രകാശ് (22) ആണ് മരിച്ചത്.നിരോധനാജ്ഞ ലംഘിച്ച്‌ പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ് പൊലീസ് ബൈക്ക് പിടിച്ചെടുത്തത്.75 ശതമാനം പൊള്ളലേറ്റ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. നിരോധനാജ്ഞ ലംഘിച്ച്‌ ബൈക്കില്‍ കറങ്ങിനടന്ന യുവാവിനെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് പിടികൂടുകയും ബൈക്ക് സമീപത്തെ കടയുടെ സമീപം വാങ്ങിവെക്കുകയും ചെയ്തു.അല്‍പ്പസമയത്തിനുശേഷം സൂര്യനെല്ലി സഹകരണ ബാങ്കിന്റെ മുൻപിലെത്തിയ ഇയാള്‍ കൈയിലുണ്ടായിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.നാട്ടുകാര്‍ ഓടിക്കൂടി തീയണച്ച്‌ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സാരമായി പൊള്ളലേറ്റതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.