കണ്ണൂർ:ജില്ലയ്ക്ക് ആശ്വാസമായി ഇന്നലെ കോവിഡ് പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല.ആകെയുള്ള 112 കൊറോണ ബാധിതരിൽ ഒരാൾകൂടി രോഗം ഭേദമായി ആശുപത്രി വിട്ടു.അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയായ 24 കാരനാണ് ആശുപത്രി വിട്ടത്.ഇതോടെ ജില്ലയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 58 ആയി.54 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.നിലവിൽ 55 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും 21 പേർ കണ്ണൂർ ജില്ലാ ആശുപത്രിയിലും 6 പേർ തലശ്ശേരി ജനറൽ ആശുപത്രിയിലും 32 പേർ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലും 2606 പേർ വീടുകളിലുമായി മൊത്തം 2720 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.ഇതുവരെ 2851 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 2571 എന്നതിന്റെ ഫലം ലഭ്യമായി.മാത്രമല്ല സമൂഹവ്യാപന സാധ്യത അറിയുന്നതിനുള്ള രണ്ടാംഘട്ട പരിശോധനയും തുടരുകയാണ്.വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.വൈറസ് വ്യാപന സാധ്യതയുള്ള വിഭാഗങ്ങളിൽ പെട്ടവരെയാണ് രണ്ടാംഘട്ടത്തിൽ സ്രവപരിശോധനയ്ക്ക് വിധേയമാക്കുന്നത്.
കര്‍ണാടകയില്‍ നിന്ന് കാട്ടുവഴികളിലൂടെ കേരളത്തിലേക്ക് കടക്കുന്നതിനിടെ മലയാളികള്‍ പിടിയില്‍
കണ്ണൂർ:കര്‍ണാടകയില്‍ കൃഷിപ്പണിക്ക് പോയി തിരികെ കാട്ടുവഴികളിലൂടെ കേരളത്തിലേക്ക് എത്തിയ നാല് മലയാളികളെ കര്‍ണാടക ഫോറസ്റ്റ് സംഘം പിടികൂടി. പേരാവൂര്‍ സ്വദേശികളായ രാധാകൃഷ്ണന്‍, അനീഷ്, സനില്‍, കാക്കയങ്ങാട് സ്വദേശി പ്രഭാകരന്‍ എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്.ഇവരെ വീരാജ്‌പേട്ടയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കര്‍ണാടക അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്ത് ക്വാറന്‍റൈന്‍ ചെയ്തത്. കര്‍ണാടകത്തില്‍ നിന്നും ചില വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പണം വാങ്ങി വനത്തിലൂടെ കേരളത്തിലേക്ക് ആളുകളെ കടത്തിവിടുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ണാടക വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന കർശനമാക്കിയത്. കേരളാ- കര്‍ണാടക അതിര്‍ത്തിയില്‍ അറബിത്തട്ട് മേഖലയില്‍ നിന്നുമാണ് ഇവരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.കഴിഞ്ഞ ദിവസങ്ങളില്‍ കാലാങ്കി, തൊട്ടില്‍പ്പാലം, കച്ചേരിക്കടവ്, ആറളം മേഖലകളിലേക്ക് കര്‍ണാടക വനത്തിലൂടെ എത്തിയ നാല്‍പ്പതോളം മലയാളികളെ കേരളാ പോലീസും ആരോഗ്യ വകുപ്പും പിടികൂടിയിരുന്നു.ഇവർ നിലവിൽ ഇരിട്ടി, കണ്ണൂര്‍ മേഖലകളില്‍ കോറന്റെയിന്‍ സെന്‍ററുകളിലാണുള്ളത്. ഇത്തരത്തില്‍ വരുന്നവര്‍ക്കെതിരെ കേരളാ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതോടെ ആളുകളുടെ വരവ് കുറഞ്ഞിരുന്നു.
ഇടുക്കിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് കോവിഡ്;അതീവ ജാഗ്രത
ഇടുക്കി:ഇന്നലെ പുതുതായി ആറ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇടുക്കി ജില്ല അതീവ ജാഗ്രതയിൽ. ഏലപ്പാറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടം ആശങ്കയിലാണ്. ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ട ആറ് പേരെയും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രി താൽക്കാലികമായി അടച്ചുപൂട്ടി.ഏലപ്പാറയിൽ മൂന്നു ദിവസം മുമ്പ് രോഗം സ്ഥിരീകരിക്കപ്പെട്ട മകനെയും അമ്മയെയും ചികിൽസിച്ചതിനെ തുടർന്നാണ് ഡോക്ടർക്കും രോഗം പിടിപെട്ടതെന്നാണ് കരുതുന്നത്. ഏപ്രിൽ 15ന് ശേഷം ഏലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി എത്തിയവരുടെ വിവരങ്ങൾ ജില്ലാ ഭരണകൂടം ശേഖരിച്ചു തുടങ്ങി.ഏലപ്പാറയിൽ ശനിയാഴ്ച ഡോക്ടർ പങ്കെടുത്ത അവലോകന യോഗത്തിൽ പങ്കെടുത്തവരുടെയും പേര് വിവരങ്ങൾ ശേഖരിച്ചു വരികയാണ്.തമിഴ്നാട്ടിൽ നിന്ന് തിരിച്ചെത്തിയ അച്ഛനും ഏഴ് വയസുള്ള മകൾക്കുമാണ് വണ്ടിപ്പെരിയാറിൽ രോഗം സ്ഥിരീകരിച്ചത്. വണ്ടൻമേട്ടിൽ മലപ്പുറത്തു നിന്ന് എത്തിയ 24കാരനും ഇരട്ടയാറിൽ ജർമനിയിൽ നിന്ന് വന്ന വിദ്യാർത്ഥിക്കുമാണ് കോവിഡ് ബാധിച്ചത്. രണ്ട് പേരും നിരീക്ഷണ കാലാവധി പൂർത്തിയാക്കിയവരാണ്. ജില്ലയിൽ കോവിഡ് രോഗം ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ള 10 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. ഏലപ്പാറ, വണ്ടൻമേട്, ഇരട്ടയാർ, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിൽ മെയ് 3 വരെ സമ്പൂർണ്ണ ലോക് ഡൗൺ ആയിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
കോവിഡ് 19;പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി;പിണറായി വിജയൻ പങ്കെടുക്കുന്നില്ല
ന്യൂഡൽഹി:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി.ലോക്ക് ഡൗണ്‍ സാഹചര്യം വിലയിരുത്താനാണ് യോഗം ചേരുന്നത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല.ചീഫ് സെക്രട്ടറി ടോം ജോസാണ് യോഗത്തിന് നേതൃത്വം നല്‍കുന്നത്.കഴിഞ്ഞ തവണ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കാത്ത മുഖ്യമന്ത്രിമാര്‍ക്കാണ് ഇത്തവണ അവസരമുള്ളത്. സംസ്ഥാനത്തിന്‍റെ നിലപാടുകള്‍ കേന്ദ്രത്തിന് എഴുതി നല്‍കിയിട്ടുണ്ട്.ലോക്ക്ഡൌണ്‍ പിന്‍വലിച്ചാലും ചില മേഖലകളില്‍ നിയന്ത്രണം തുടരേണ്ടി വരുമെന്ന് കേരളം അറിയിച്ചു. പ്രവാസികളെ തിരികെയെത്തിച്ചാല്‍ ക്വാറന്‍റൈന്‍ ഉള്‍പ്പടെയുളള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു.
കേരളത്തില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത;യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത നാലു ദിവസം കൂടി മിന്നലോട് കൂടിയ വേനല്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കോട്ടയത്ത് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, 29 ന് കോട്ടയം, 30 വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ഇന്നലെ സംസ്ഥാനത്ത് വ്യാപകമായി ശക്തമായ വേനല്‍ മഴ ലഭിച്ചിരുന്നു. ഇടിമിന്നല്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ സമിതി അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.കൂടാതെ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. മഴക്കാറ് കാണുമ്പോൾ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്, ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക, ജനലും വാതിലും അടച്ചിടുക, ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല, വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക,, ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക തുടങ്ങിയ ജാഗ്രതാ നിര്‍ദേശങ്ങള്‍ ദേശീയ ദുരന്തനിവാരണ അതോറിട്ടി നിര്‍ദേശിച്ചു.
കോവിഡ് 19;കണ്ണൂരില്‍ സി.ഐ അടക്കം ആറ് പോലീസുകാര്‍ നിരീക്ഷണത്തില്‍
കണ്ണൂര്‍:കണ്ണൂര്‍ ചൊക്ലിയില്‍ സിഐയും എസ്‌ഐയും അടക്കം ആറ് പൊലീസുകാര്‍ നിരീക്ഷണത്തില്‍. കൊവിഡ് ബാധിച്ച പെരിങ്ങത്തൂര്‍ സ്വദേശിയുടെ സെക്കന്ററി കോണ്‍ടാക്‌ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.പെരിങ്ങത്തൂര്‍ സ്വദേശിയായ 20 കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ചൊക്ലി പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചത്.പോലീസ് സ്റ്റേഷനിലും താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തി.സിഐയും എസ്‌ഐയും നാല് പൊലിസുകാരുമാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുന്നത്.രോഗം സ്ഥിരീകരിച്ച ഇരുപതുകാരന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉള്‍പ്പെട്ട സുഹൃത്ത് ഈ പൊലീസുകാരുമായി അടുത്തിടപഴകിയിട്ടുണ്ട്. ലോക്ക്ഡൗണിന്റെ ഭാഗമായി റോഡുകള്‍ അടക്കാന്‍ ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരെ സഹായിച്ചിരുന്നു. ഇയാളുടെ സ്രവം പരിശോധനക്കായി അയച്ചിട്ടുണ്ട് . പൊലീസ് സ്റ്റേഷനിലും താൽക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തി.അതേസമയം, ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ നാട്ടിലേക്ക് വരുമ്പോൾ കൊവിഡ് ബാധിച്ച ചെങ്ങളായി സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായി അടുത്ത ഇടപഴകിയവരുടെ ഫലങ്ങള്‍ നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;7 പേര്‍ രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയത്ത് മൂന്ന് പേര്‍ക്കും കൊല്ലത്ത് മൂന്ന് പേര്‍ക്കും കണ്ണൂരിൽ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ്.ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ ആകെ എണ്ണം 457 ആയി. 116 പേര്‍ ചികിത്സയിലുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്ന് ഏഴ് പേരുടെ ഫലം നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു.കോഴിക്കോട് ഇന്ന് 84 വയസുകാരന്‍ രോഗമുക്തി നേടി.കൂത്തുപറമ്പ് സ്വദേശിയാണ്. ഇത് കേരളത്തിന് നേട്ടമാണ്.വയനാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ ആരും ചികിത്സയില്‍ ഇല്ല.കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി അഭിനന്ദിച്ചു. പ്രവാസികളുടെ സുരക്ഷക്ക് സ്വീകരിച്ച നടപടി കേന്ദ്രത്തെ അറിയിച്ചു. അതിലും കേന്ദ്രം അഭിനന്ദിച്ചു. ക്രിയാത്മക ഇടപെടല്‍ ഉണ്ടാകുമെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.ഹോട്സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ കടകള്‍ തുറക്കാം. ആദ്യം കടകള്‍ പൂര്‍ണമായി ശൂചീകരിക്കുകയും അണുമുക്തമാക്കുകയും വേണം. ആവശ്യമായ ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സാലറി ചലഞ്ച്;സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പിടിക്കുന്ന ശമ്പളം തിരികെ നല്‍കും;വിഷയത്തിൽ പുനഃപരിശോധന ഇല്ലെന്നും ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പിടിക്കുന്ന ശമ്പളം തിരികെ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ശമ്പളം ജീവനക്കാര്‍ക്ക് തിരികെ നല്‍കാന്‍ പല വഴികളുമുണ്ടെന്നും തിരിച്ചു നല്‍കേണ്ട മാര്‍ഗം സാമ്പത്തിക സ്ഥിതി അനുസരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.ശമ്പളം പിടിക്കാനുള്ള ഉത്തരവ് തിരുത്തേണ്ട സാഹചര്യമില്ലെന്നും ശമ്പളം കട്ട് ചെയ്യുന്നതല്ല മാറ്റിവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.250 കോടി രൂപ മാത്രമാണ് ഏപ്രില്‍ മാസത്തെ വരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ജീവനക്കാരുടെ ശമ്പളം കൊടുക്കാന്‍ പോലും വരുമാനമില്ല. അധ്യാപകര്‍ സാലറി ചാലഞ്ച് ഉത്തരവ് കത്തിച്ച് പ്രതിഷേധിക്കുന്നത് കണ്ടു. ദൌര്‍ഭാഗ്യകരമായ കാര്യമാണിത്. എന്താണ് ഈ അധ്യാപകര്‍ യുവതലമുറക്ക് നല്‍കുന്ന സന്ദേശമെന്നും മന്ത്രി ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യുകയാണ് ചെയ്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജീവനക്കാരില്‍ നിന്ന് അലവന്‍സ് അടക്കമുള്ള മൊത്ത ശമ്പളത്തിൽ നിന്നാണു സര്‍ക്കാര്‍ തുക മാറ്റിവയ്ക്കുക. 20,000 രൂപ വരെ മൊത്ത ശമ്പളമുള്ള കാഷ്വല്‍ സ്വീപ്പര്‍മാ൪, ദിവസവേതനക്കാ൪, താത്കാലിക ജീവനക്കാര്‍, കരാര്‍ തൊഴിലാളികള്‍, ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ എന്നിവര്‍ക്ക് ഉത്തരവ് ബാധകമല്ലെന്നും മന്ത്രി അറിയിച്ചു.
കോവിഡ് ഭീതി; അടുത്ത അധ്യയനവര്‍ഷത്തില്‍ സ്കൂളുകളില്‍ മാസ്ക് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം:കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വരുന്ന അധ്യായന വര്‍ഷത്തില്‍ സംസ്ഥാനത്തെ സ്കൂളുകളിലേക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കി.ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് സൗജന്യമായാണ് മുഖാവരണം വിതരണം ചെയ്യുക.രണ്ടു മുഖാവരണങ്ങളാണ് ഒരുകുട്ടിക്ക് നല്‍കുക.തുണികൊണ്ടുള്ള മുഖാവരണം യൂണിഫോം പോലെ സൗജന്യമായിരിക്കുമെന്നും വ്യക്തമാക്കി.കൂടാതെ കോവിഡ് വ്യാപനം ഇല്ലാതായാലും ഇല്ലെങ്കിലും പുതിയ അധ്യയനവര്‍ഷത്തില്‍ കുട്ടികളും അദ്ധ്യാപകരും മുഖാവരണം അണിഞ്ഞു മാത്രമേ വിദ്യാലയങ്ങളിലെത്താവൂ എന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഈ വരുന്ന മെയ് 30-നു മുന്‍പ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അരക്കോടിയോളം വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സൗജന്യമായി മുഖാവരണം നിര്‍മ്മിച്ചുനല്‍കാന്‍ സമഗ്ര ശിക്ഷാ കേരളത്തെയാണ് ചുമതലപ്പെടുത്തിയത്. ഗുണനിലവാരമുള്ള തുണിയില്‍ അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചാണ് നിര്‍മ്മാണം നടത്തേണ്ടതെന്നും നിര്‍ദേശമുണ്ട്.
ഗ്രാമപ്രദേശങ്ങളിൽ ചെറുകിട, ഇടത്തരം ഷോപ്പുകള്‍ തുറക്കാം;ലോക്ക് ഡൗണിൽ ഇളവുകളുമായി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുമായി കേന്ദ്രം.കോവിഡ് ഹോട്ട്സ്പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ കടകള്‍ തുറക്കാമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുതിയ ഉത്തരവിറക്കി.ചെറുകിട, ഇടത്തരം ഷോപ്പുകൾക്കാണ് അനുമതി. പലചരക്ക് കടകള്‍ മാത്രമല്ല അവശ്യസാധനങ്ങള്‍ വില്‍ക്കുന്നവ അല്ലാത്ത കടകളും തുറക്കാം. ഷോപ്പിംഗ് മാളുകള്‍ക്ക് തുറക്കാന്‍ അനുമതിയില്ല. 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളൂ എന്ന കര്‍ശന നിബന്ധനയുണ്ട്. ജീവനക്കാര്‍ മാസ്ക് ധരിക്കണമെന്നും സമൂഹിക അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. രോഗവ്യാപന സാധ്യത കൂടുതലുള്ള മേഖകളില്‍ ഇളവ് ബാധകമാകില്ല. ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കടകള്‍ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. നഗരസഭാ, കോര്‍പറേഷന്‍ പരിധിക്ക് പുറത്ത് പാര്‍പ്പിട സമുച്ചയങ്ങളിലേയും മാര്‍ക്കറ്റ് സമുച്ചയങ്ങളിലേയും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. മള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകളിലെ ഷോപ്പുകള്‍ ഇതില്‍ ഉള്‍പ്പെടില്ല. അവ തുറക്കാന്‍ അനുമതിയില്ല.നഗരസഭാ, കോര്‍പറേഷന്‍ പരിധിയില്‍ അടുത്തടുത്തുള്ള കടകളും ഒറ്റപ്പെട്ടുനില്‍ക്കുന്ന കടകളും പാര്‍പ്പിട സമുച്ചയത്തിലുള്ള കടകളും തുറക്കാം.രാജ്യത്ത് കോവിഡ് രോഗ വ്യാപനം കുറഞ്ഞെന്ന വിലയിരുത്തലിലാണ് കടകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത്. രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിന് 10 ദിവസം എടുക്കുന്നു. 28 ദിവസമായി 15 ജില്ലകളിലും 14 ദിവസമായി 80 ജില്ലകളിലും രോഗബാധയില്ലെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു. അടച്ചുപൂട്ടൽ ഇല്ലായിരുന്നുവെങ്കില്‍ രോഗബാധിതർ ഒരു ലക്ഷം കടന്നേനെ എന്നാണ് നീതി ആയോഗിന്റെ പ്രതികരണം.