ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില കുറഞ്ഞു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 62 രൂപ 50 പൈസയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 97 രൂപ 50 പൈസയുമാണ് കുറഞ്ഞത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് 734 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 1274 രൂപയുമായി.പുതുക്കിയവില ബുധനാഴ്ച നിലവില്‍ വന്നു. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് വില കുറയാന്‍ ഇടയാക്കിയത്. ആറ് മാസത്തിനിടെ ആറ് തവണയായി വില കൂടിയ ശേഷം ഇതാദ്യമായാണ് പാചക വാതകത്തിന്റെ വില കുറയുന്നത്.
നിസാമുദീനിലെ മതസമ്മേളനത്തിൽ കേരളത്തിൽ നിന്നും പങ്കെടുത്ത 70 പേരുടെ പട്ടിക തയ്യാറായി
തിരുവനന്തപുരം:കൊറോണ വൈറസ് വ്യാപനത്തിനിടെ വിലക്ക് ലംഘിച്ച് നിസാമുദീനിലെ മർകസിൽ സംഘടിപ്പിച്ച മതസമ്മേളനത്തിൽ കേരളത്തിൽ നിന്നും പങ്കെടുത്ത 70 പേരുടെ പട്ടിക തയ്യാറായി.മതസമ്മേളനത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിക്കാൻ പോലീസ് വിശദമായ അന്വേഷണങ്ങളാണ് നടത്തിയത്.പട്ടിക ജില്ലാകളക്റ്റർമാർക്ക് കൈമാറിയതായും പട്ടികയുടെ അടിസ്ഥാനത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.കേരളത്തിൽ നിന്നും പതിനൊന്ന് ജില്ലക്കാർ മതസമ്മേളനത്തിൽ പങ്കെടുത്തതായാണ് കണ്ടെത്തിയിരിക്കുന്നത്.ഇതിൽ എഴുപതുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പങ്കെടുത്തവരിൽ 12 പേർ പത്തനംതിട്ട ജില്ലക്കാരാണ്.മലപ്പുറത്ത് നിന്നും 18 പേരും തിരുവനന്തപുരത്തുനിന്നും 7 പേരും ഇടുക്കിയിൽ നിന്നും 6 പേരും കൊല്ലത്തുനിന്നും എട്ടുപേരും സമ്മേളനത്തിൽ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുത്തവരിൽ പാലക്കാട്,എറണാകുളം, കണ്ണൂർ,തൃശൂർ, കോട്ടയം,കോഴിക്കോട് എന്നീ ജില്ലക്കാരുമുണ്ട്. പാലക്കാട് നിന്ന് ഒൻപതുപേരും,കോട്ടയത്ത് നിന്നും നാലുപേരും കോഴിക്കോട് നിന്ന് ആറുപേരും,എറണാകുളത്തു നിന്നും രണ്ടുപേരും കണ്ണൂർ,തൃശൂർ എന്നിവിടങ്ങളിൽ നിന്നും ഓരോരുത്തർ വീതവും സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് കണക്ക്.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40 ആയി;ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി:രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49 ആയി.പശ്ചിമ ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര,കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഇന്നലെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്.അതേസമയം രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1500 കടന്നു.ഇന്നലെ മാത്രം രാജ്യത്ത് 146 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.ആഡ്രാ പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ബീഹാർ, ഡൽഹി, ജാർഖണ്ഡ് എന്നിവിടങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം 120 ആയി. രാജ്യത്ത് ആകെ 21000 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആറര ലക്ഷത്തിലധികം പേർക്ക് ഇവിടങ്ങളിൽ അഭയം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.ആകെ 42,788 പേർക്ക് കോവിഡ് പരിശോധന നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും അറിയിച്ചു. മഹാരാഷ്ട്രയിൽ 13 ലാബുകൾക്ക് കൂടി കോവിഡ് പരിശോധനയ്ക്ക് ഐ.സി.എം.ആർ അനുമതി നൽകിയിട്ടുണ്ട്. അതേസമയം രാജ്യത്ത് ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം ആരംഭിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം ആരംഭിച്ചു.രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 1 മണി വരെ അന്ത്യോദയ -മുന്‍ഗണന വിഭാഗങ്ങള്‍ക്കും ഉച്ചക്ക് 2 മണിമുതൽ 5 മണിവരെ മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുമാണ് റേഷന്‍ വിതരണം ചെയ്യുക.റേഷന്‍ കടയിലെ തിരക്ക് ഒഴിവാക്കാന്‍ കാര്‍ഡ് നമ്പർ അനുസരിച്ചാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്.ഇന്ന് പൂജ്യം -ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് നമ്പറുള്ളവര്‍ക്കാണ് വിതരണം ചെയ്യുക. വ്യാഴാഴ്ച രണ്ട് -മൂന്ന് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും ഏപ്രില്‍ മൂന്നിന് നാല് -അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും ഏപ്രില്‍ നാലിന് ആറ് -ഏഴ് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും ഏപ്രില്‍ അഞ്ചിന് എട്ട് -ഒൻപത് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും റേഷന്‍ നല്‍കും.ഈ ദിവസങ്ങളില്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് മറ്റൊരു ദിവസത്തേക്ക് സൗകര്യമൊരുക്കും. കടകള്‍ക്ക് മുൻപിൽ കൈ കഴുകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.കൂടാതെ ആളുകള്‍ക്ക് വരിനില്‍ക്കാനുള്ള വരയും അടയാളപ്പെടുത്തിയിട്ടുണ്ട്.നേരിട്ടെത്തി റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് വീടുകളില്‍ റേഷന്‍ എത്തിച്ചു നല്‍കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.