തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.കാസര്‍ഗോഡ് ജില്ലകളിലെ മൂന്നു പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. അഞ്ച് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്.അതില്‍ രണ്ട് പേര്‍ കണ്ണൂരിലും മൂന്നു പേര്‍ കാസര്‍ഗോഡും ഉള്ളവരാണ്. ഇന്ന് കേരളത്തില്‍ 27 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍ഗോഡ് ജില്ലയിലുള്ള 17 പേരുടേയും(8 പേര്‍ കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്നവർ), കണ്ണൂര്‍ ജില്ലയിലുള്ള 6 പേരുടേയും കോഴിക്കോട് ജില്ലയിലുള്ള 2 പേരുടേയും (ഒരാള്‍ കാസര്‍ഗോഡ്) എറണാകുളം, തൃശൂര്‍ ജില്ലകളിലുള്ള ഓരോരുത്തരുടേയും ഫലമാണ് നെഗറ്റീവായത്. കേരളത്തില്‍ കോവിഡ് 19 ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേരാണ് രോഗമുക്തി നേടി ഡിസ്ചാര്‍ജായത്.ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 2 പേരും എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേരും ഇടുക്കി ജില്ലയില്‍ നിന്നുള്ള 7 പേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 37 പേരും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 24 പേരും കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേരും കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 6 പേരും മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേരും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 8 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 8 പേരും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേരും വയനാട് ജില്ലയില്‍ നിന്നുള്ള 2 പേരുമാണ് ഡിസ്ചാര്‍ജായത്.ഇതില്‍ എട്ട് വിദേശികളും ഉള്‍പ്പെടും.7 വിദേശികള്‍ എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്നും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുമാണ് ഡിസ്ചാര്‍ജ് ആയത്.കേരളത്തില്‍ ജനുവരി 30നാണ് ആദ്യ കേസുണ്ടായത്.ആദ്യ ഘട്ടത്തില്‍ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.അതിന് ശേഷം മാര്‍ച്ച് 8 മുതലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ 364 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 238 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,751 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,29,021 പേര്‍ വീടുകളിലും 730 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 126 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 13,339 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 12,335 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
ഇന്ത്യയിൽ സമൂഹവ്യാപനമില്ല;റിപ്പോര്‍ട്ടില്‍ പിശകുണ്ടായെന്നും ലോകാരോഗ്യസംഘടന
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സാമൂഹിക വ്യാപനമില്ലെന്ന് ലോകാരോഗ്യ സംഘടന.സാമൂഹിക വ്യാപനം സംബന്ധിച്ച ഐസിഎം ആര്‍ നിഗമനം ശരിയല്ല. ഐസി എംആര്‍ ചൂണ്ടിക്കാട്ടുന്ന കണക്ക് സാമുഹിക വ്യാപനത്തിന് പര്യാപ്തമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇന്ത്യയില്‍ കൊവിഡിന്റെ സാമൂഹിക വ്യാപനം ഉണ്ടായെന്ന് തെളിവാകുന്ന പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്
വെളിപ്പെടുത്തിയിരുന്നു.ഫെബ്രുവരി 15 നും ഏപ്രില്‍ രണ്ടിനുമിടയില്‍ 5911 സാംപിളുകളാണ് ഐസിഎംആര്‍ ടെസ്റ്റ് ചെയ്തത്.ഇന്ത്യയില്‍ കേസുകള്‍ വര്‍ധിച്ചപ്പോഴും സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരും ആവര്‍ത്തിച്ചിരുന്നു.പകര്‍ച്ചവ്യാധിയുടെ ഉറവിടം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന വിധത്തില്‍ രോഗം വ്യാപിക്കുമ്പോഴാണ് സമൂഹ വ്യാപനത്തിലേക്ക് കടക്കുന്നത്.എന്നാല്‍ നിലവില്‍ ഇന്ത്യയിലെ കേസുകളുടെയെല്ലാം സമ്ബര്‍ക്ക ഉറവിടം കണ്ടെത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.6412 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 33 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുള്‍പ്പടെ രാജ്യത്ത് ആകെ 199 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ലോക്ക്ഡൗണില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ വിട്ടുനല്‍കും
തിരുവനന്തപുരം: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയതിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ വിട്ടുനല്‍കാന്‍ തീരുമാനം.എന്നാല്‍ വാഹന ഉടമകള്‍ക്കെതിരെയുള്ള കേസ് കോടതിയിലേക്ക് കൈമാറും.ലോക്ഡൗണ്‍ ലംഘനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ 27,000 ത്തോളം വാഹനങ്ങളാണ് പിടിച്ചെടുത്തത്.കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ ലോക്ഡൗണ്‍ തീര്‍ന്നതിന് ശേഷം മാത്രമേ വിട്ടുനല്‍കുമെന്നായിരുന്നു പൊലീസ് നേരത്തേ പറഞ്ഞിരുന്നത്. സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ ഇനിമുതല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കില്ലെന്നും പകരം പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ നടപടി.സംസ്ഥാനത്ത് ഓരോ ജില്ലകളിലും ലോക്ക്ഡൗണ്‍ ലംഘിക്കുന്നതിനുള്ള പിഴ തീരുമാനിക്കാനായി ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കും. ഈ ഉദ്യോഗസ്ഥന്‍ വാഹനങ്ങളുടെ പിഴ തീരുമാനിക്കണം. ഇതുമായി ബദ്ധപ്പെട്ട വിജ്ഞാപനം വൈകാതെ പുറത്തിറങ്ങുമെന്നാണ് നിഗമനം.പിഴയീടാക്കി വിട്ടയക്കുന്ന വാഹനങ്ങള്‍ ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ പുറത്തിറങ്ങാന്‍ പാടില്ലെന്നും ഈ വാഹനം വീണ്ടും പിടികൂടിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും അറിയിച്ചു.
കാസര്‍കോടിന് ആശ്വാസം;കൊവിഡ് രോഗം ഭേദമായ 15 പേര്‍ ഇന്ന് ആശുപത്രി വിട്ടു
കാസർകോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള കാസർകോട് ജില്ലയ്ക്ക് ഇന്ന് ആശ്വാസ ദിനം.കേരളത്തിലെ കൊവിഡിന്റെ രണ്ടാം വരവിലെ ആദ്യ രോഗി ഉൾപ്പടെ 15 കാസർകോട് സ്വദേശികളാണ് രോഗം ഭേദമായി ഇന്ന് ആശുപത്രി വിട്ടത്. കൊവിഡ് ബാധിച്ച് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ് പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സായിലുള്ള എട്ട് കാസർകോട് സ്വദേശികൾക്കുമാണ് കൊവിഡ് ഭേദമായത്. ഇവർ വീടുകളിലേക്ക് മടങ്ങി.കൊവിഡ് രണ്ടാം ഘട്ടത്തിൽ ജില്ലയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ച കളനാട് സ്വദേശിയുടെ സാമ്പിൾ പരിശോധന ഫലം വിലയിരുത്തി മെഡിക്കൽ ബോർഡാണ് ഡിസ്ചാർജിന് അനുമതി നൽകിയത്.ഇയാളിൽ നിന്ന് സമ്പർക്കത്തിലൂടെ പടർന്ന രണ്ട് വയസുള്ള കുട്ടിയും ഗർഭിണിയും രോഗം ഭേദമായവരിലുണ്ട്. വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിയടക്കം ഏഴുപേർക്ക് നേരത്തെ ഭേദമായിരുന്നു.ആശുപത്രി വിട്ടെങ്കിലും ഇവർ രണ്ടാഴ്ച വീട്ടിൽ ക്വറന്റൈനിൽ തുടരണം. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായാണ് ജില്ലയിൽ ഇത്രപേർക്ക് രോഗം ഭേതമായത്.ഇതോടെ ജില്ലയിൽ ആശുപത്രി വിട്ടവരുടെ എണ്ണം 22 ആയി.ഇതോടെ ജില്ലയിൽ ആശുപത്രി വിട്ടവരുടെ എണ്ണം 22 ആയി.അടുത്ത ദിവസങ്ങളിലായി കൂടുതൽ പേർക്ക് കൊവിഡ് നെഗറ്റീവ് ആകുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്. കൂടെ കഴിഞ്ഞ ദിവസങ്ങളിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതും പ്രതീക്ഷ നൽകുന്നു.
സർവീസിൽ തിരികെ പ്രവേശിക്കണമെന്ന് കേന്ദ്രസർക്കാർ;നിർദേശം തള്ളി കണ്ണൻ ഗോപിനാഥൻ
കൊച്ചി: സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്നുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം തള്ളി ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന കണ്ണന്‍ ഗോപിനാഥന്‍ രംഗത്ത്.കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ണന്‍ ഗോപിനാഥനോട് സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്നും പ്രതികൂലഘട്ടങ്ങളില്‍ സര്‍ക്കാരിന് വേണ്ടി സന്നദ്ധ പ്രവര്‍ത്തനം ചെയ്യാന്‍ താന്‍ തയാറാണെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.കൊറോണക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന് വേണ്ടി താന്‍ സേവനം ചെയ്യും. എന്നാല്‍ അതൊരു സാധാരണ പൗരനെന്ന നിലയില്‍ മാത്രമാകും, ഐഎഎസ് ഉദ്യോഗസ്ഥനായിട്ടല്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ കുറിച്ചു. സിവില്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കാന്‍ രാജി സമര്‍പ്പിച്ചയാളാണ് കണ്ണന്‍ ഗോപിനാഥന്‍.കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് കണ്ണന്‍ രാജിസമര്‍പ്പിച്ചത്.സര്‍വീസില്‍ അഭിപ്രായസ്വാതന്ത്ര്യമില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു രാജി.2012 ഐഎഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍. ദാദ്ര- നഗര്‍ ഹവേലി കലക്ടര്‍ എന്ന ചുമതലയ്ക്കപ്പുറം നഗരവികസനം. വൈദ്യുതി, കൃഷി എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിരുന്നു.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയശേഷം ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരേ പ്രതിഷേധിച്ചാണ് അദ്ദേഹം സര്‍വീസില്‍നിന്ന് രാജിവച്ചത്. എന്നാല്‍, കണ്ണന്‍ ഗോപിനാഥന്റെ രാജി അംഗീകരിച്ചിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരേയും കണ്ണന്‍ ഗോപിനാഥന്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു ഗര്‍ഭിണി കൂടി അസുഖം ഭേദമായി ആശുപത്രി വിട്ടു
കണ്ണൂർ:കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു ഗര്‍ഭിണി കൂടി അസുഖം ഭേദമായി ആശുപത്രി വിട്ടു.കണിക്കൊന്നയും പലഹാരങ്ങളും കളിപ്പാട്ടങ്ങളും നല്‍കിയാണ് നാലുവയസുകാരനെയും ഗര്‍ഭിണിയായ അമ്മയെയും അമ്മൂമ്മയെയും ആശുപത്രി അധികൃതര്‍ യാത്രയാക്കിയത്.ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്നാണ് ഇയാളുടെ ഭാര്യയ്ക്കും അമ്മയ്ക്കും കുഞ്ഞിനും കൊവിഡ് ബാധിച്ചത്. കൊവിഡ് ബാധിച്ച രണ്ടാമത്തെ ഗര്‍ഭിണിയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും അസുഖം ഭേദമായി മടങ്ങുന്നത്.കൊവിഡ് സ്ഥിരീകരിച്ച മറ്റൊരു പൂര്‍ണ ഗര്‍ഭിണിയുടെ പ്രസവം നടത്താനുള്ള ഒരുക്കങ്ങള്‍ ആശുപത്രിയില്‍ തുടങ്ങി. പത്ത് ദിവസത്തിനകം യുവതിയുടെ ഡെലിവറി ഉണ്ടാകും എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഐസുയിവില്‍ സുരക്ഷ വസ്ത്രങ്ങളൊക്കെ ധരിച്ചാകും ഡോക്ടര്‍ പ്രസവ ശുശ്രൂഷ നടത്തുക.
അമേരിക്കയില്‍ ദമ്പതികൾ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു;കൊറോണ ബാധിച്ചെന്ന് സംശയം
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കോവിഡ് രോഗം ബാധിച്ചാണ് ഇവര്‍ മരിച്ചതെന്നാണ് സംശയിക്കുന്നത്. പത്തനംതിട്ട സ്വദേശികളായ സാമുവൽ, ഭാര്യ മേരി സാമുവല്‍, കോട്ടയം സ്വദേശി ത്രേസ്യാമ പൂക്കുടി എന്നിവരാണ് മരിച്ചത്.12 മണിക്കൂറിന്‍റെ ഇടവേളകളിലാണ് സാമുവലും മേരി സാമുവലും മരിച്ചത്. കടുത്ത ന്യൂമോണിയ ബാധിച്ചാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് കൊവിഡാണ് എന്ന് പിന്നീട് സംശയമുയര്‍ന്നു.എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഫലം വരുന്നത് വരെ കാത്തിരിക്കുക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു. ഫലം ലഭിച്ചാലും ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനാകികില്ല. ഇവരുടെ സംസ്കാരച്ചടങ്ങുകള്‍ അമേരിക്കയില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കോവിഡ് 19; രാജ്യത്ത് മരണം 199 ആയി; 6412 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി:കൊറോണ വൈറസ് ബാധയേറ്റ് ഇന്ത്യയിൽ ഇതുവരെ 199 പേര്‍ മരിച്ചു. കൂടാതെ 6412 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.വ്യാഴാഴ്ച മാത്രം 600 ഓളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.മഹാരാഷ്ട്രയില്‍ മാത്രം കൊറോണ ബാധിച്ച് 97 ആളുകള്‍ മരിച്ചു. രോഗികളുടെ എണ്ണത്തിലും മഹാരാഷ്ട്രയാണ് ഏറെ ആശങ്ക ഉളവാക്കുന്നത്.സംസ്ഥാനത്ത് 1364 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.കൂടാതെ ഗുജറാത്തില്‍ 17 മരണവും, മധ്യപ്രദേശില്‍ 16 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.834 വൈറസ് ബാധിതരുള്ള തമിഴ്നാടാണ് രോഗികളുടെ എണ്ണതില്‍ രണ്ടാമതായി നില്‍ക്കുന്ന സംസ്ഥാനം.ഇവിടെ എട്ട് മരണം റിപ്പോര്‍ട്ട് ചെയ്തു.ഡല്‍ഹിയില്‍ 720 പേര്‍ക്ക് രോഗവും 12 മരണവും റിപ്പോര്‍ട്ട് ചെയ്തു. വളരെ ആശ്വാസം നല്‍കുന്ന ഒരുഘടകം എന്തെന്നാല്‍ 357 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ച കേരളത്തില്‍ 97 പേര്‍ രോഗമുക്തിനേടിയിട്ടുണ്ട്.രാജ്യത്ത് മൊത്തം സ്ഥിരീകരിച്ച 6412 രോഗികളില്‍ 504 പേര്‍ക്കാണ് ഇതുവരെ രോഗത്തില്‍ നിന്ന് മോചിതരാകാനായത്.
കോവിഡ് 19;ഇന്ത്യയിൽ സമൂഹവ്യാപനം ഉണ്ടായതായി സൂചന;രാജ്യം അതീവ ജാഗ്രതയിൽ
ന്യൂഡൽഹി:ഇന്ത്യയിൽ കൊറോണ സമൂഹവ്യാപനം ഉണ്ടായതായി സൂചന.രാജ്യത്ത് കൊറോണ സാമൂഹിക വ്യാപനം ഉണ്ടായെന്ന് വെളിവാക്കുന്ന പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച് വ്യക്തമാക്കി.5911 സാമ്പിളുകളാണ് ഫെബ്രുവരി 15നും ഏപ്രില്‍ രണ്ടിനുമിടയില്‍ ഐസിഎംആര്‍ ടെസ്റ്റ് ചെയ്തത്. ഇതില്‍ 104 എണ്ണം പോസിറ്റീവ് ആയിരുന്നു. 20 സംസ്ഥാനങ്ങളിലെ 52 ജില്ലകളിലായാണ് ഈ 104 പോസിറ്റീവ് കേസുകളും വ്യാപിച്ച് കിടക്കുന്നത്.ഘട്ടം ഘട്ടമായായിരുന്നു ഐസിഎംആറിന്റെ പഠനം. തീവ്രമായ ലക്ഷണങ്ങള്‍ കാണിക്കുന്നയാളുകളെ ടെസ്റ്റിന് വിധേയമാക്കിയാണ് ഐസിഎംആര്‍ പഠനം നടത്തിയത്. രാജ്യത്ത് സാമൂഹിക വ്യാപന സൂചനകളില്ല എന്നായിരുന്നു ആദ്യഘട്ടത്തില്‍ ഐസിഎംആര്‍ നടത്തിയ പഠനത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടാംഘട്ടത്തിലെ പഠനത്തില്‍ സാമൂഹിക വ്യാപന സാധ്യത വെളിവാക്കുന്ന പോസിറ്റീവ് കേസുകളാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്ന് ഐസിഎംആര്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ച് 14ന് മുൻപ് ഇത്തരത്തില്‍ ടെസ്റ്റിന് വിധേയമാക്കിയ ആരിലും പോസിറ്റീവ് കേസ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. മാര്‍ച്ച് 15നും 21നും ഇടയില്‍ 106പേരില്‍ നടത്തിയ പഠനത്തില്‍ 2 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.പിന്നീട് കേസുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയായിരുന്നു.മാര്‍ച്ച് 22നും മാര്‍ച്ച് 28നും ഇടയില്‍ 2877 പേരില്‍ നടത്തിയ പഠനത്തില്‍ 48പേരില്‍ രോഗം സ്ഥിരീകരിച്ചു. മാര്‍ച്ച് 29നും ഏപ്രില്‍ 2നും 2069 തീവ്രമായ രോഗലക്ഷണങ്ങളുള്ളവരില്‍ നടത്തിയ ടെസ്റ്റുകളില്‍ 54 എണ്ണം പോസിറ്റീവ് ആയിരുന്നു. 5911 തീവ്രരോഗലക്ഷണങ്ങളുള്ളവരെ ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ അതില്‍ 104(1.8%) പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കാനായി.ഇതില്‍ 40 കേസുകള്‍ക്ക്(39.2%) വിദേശ യാത്രാ ചരിത്രമോ വിദേശികളുമായോ സമ്പർക്കമോ ഇല്ല.15 സംസ്ഥാനങ്ങളിലെ 36 ജില്ലകളില്‍ നിന്നാണ് ഈ 40 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 13 കേസുകള്‍ ഗുജറാത്തില്‍ നിന്നാണ്.തമിഴ്‌നാട്ടില്‍ 5, മഹാരാഷ്ട്രയില്‍ 21 കേരളം- 1 എന്നിങ്ങനെ പോകുന്നു ഐസിഎംആര്‍ സാമ്പിളുകളിലുൾപ്പെട്ട സ്ഥിരീകരിച്ച സംസ്ഥാനങ്ങള്‍. ഇതില്‍ രണ്ട് കേസുകള്‍ മാത്രമാണ് കൊറോണ പോസിറ്റീവ് ആയ ആളുമായി സമ്പർക്കത്തിലേര്‍പ്പെട്ടതിന്റെ ഭാഗമായി വന്നത്. ഒരു കേസ് വിദേശ യാത്ര ചെയ്തയാളുടേതായിരുന്നു ബാക്കി 59 കേസുകളുടെയും കൊറോണ സഞ്ചാര പഥം മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ഈ പഠനങ്ങള്‍ രാജ്യത്ത് സാമൂഹിക വ്യാപനം എന്ന സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതിനാല്‍ രാജ്യം അതീവ ജാഗ്രതയിലാണ്. ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷത്തിലേക്ക് അടുക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോഴും കൊറോണയെ പിടിച്ചുകെട്ടാന്‍ കഴിയാതെ നിസ്സഹായാവസ്ഥയിലായിരിക്കുകയാണ് പല രാജ്യങ്ങളും.രോഗം കണ്ടെത്തുക, അതിനായി തുടര്‍ച്ചയായി ടെസ്റ്റുകള്‍ നടത്തിക്കൊണ്ടേയിരിക്കുക എന്നതാണ് ലോകാരോഗ്യസംഘടനയടക്കം കൊവിഡിനെ പിടിച്ചു കെട്ടാന്‍ മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദേശം. ഇത് അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇതുവരെ ഒരു ലക്ഷത്തോളം ടെസ്റ്റുകളാണ് ഇന്ത്യയിലാകെ നടത്തിയിട്ടുള്ളത്. ഏപ്രില്‍ 14 ആകുമ്പോഴേക്ക് ഇത് രണ്ടരലക്ഷമാക്കണമെന്നാണ് നിര്‍ദേശം.
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ്; 13 പേര്‍ രോഗമുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ -നാല്, കാസര്‍കോട് -നാല്, മലപ്പുറം -രണ്ട്, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഒന്ന് വീതം ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 357 ആയി. ഇവരില്‍ 258 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കോവിഡ് ബാധിതരായ എട്ട് വിദേശികള്‍ ഉള്‍പ്പെടെ 13 പേര്‍ ഇന്ന് രോഗമുക്തരായതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 12 പേരില്‍ 11 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഒരാളാണ് വിദേശത്ത് നിന്നെത്തിയത്. 136,195 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 723 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വ്യാഴാഴ്ച 153 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇതുവരെ 12,710 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 11,469 എണ്ണം രോഗബാധ ഇല്ലായെന്ന് ഉറപ്പാക്കി. ചികിത്സയിലുള്ളവരില്‍ 60 വയസിന് മുകളിലുള്ളവര്‍ 7.5 ശതമാനമാണ്. 20 വയസിന് താഴെയുള്ളവര്‍ 6.9 ശതമാനമാണ്.പരിശോധന സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.നാല് ദിവസം കൊണ്ട് പുതിയ നാല് ലാബുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനസജ്ജമാകും. 14 ജില്ലക്ക് 14 ലാബ് എന്നാണ് ഉദ്ദേശിക്കുന്നത്.സ്വകാര്യ ലാബുകളില്‍ ടെസ്റ്റ് അനുവദിച്ചുകൊണ്ട് ഉത്തരവ് ഇറക്കും. കാസര്‍കോട് അതിര്‍ത്തിയിലൂടെ രോഗികള്‍ക്ക് പോകാന്‍ കഴിയാത്ത വിഷയം നിലനില്‍ക്കുന്നു. വ്യാഴാഴ്ചയും ഒരാള്‍ മരിച്ചു.ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ രോഗികളെ സംസ്ഥാനത്തെ ആശുപത്രികളില്‍ എത്തിക്കാന്‍ ശ്രമിക്കും. ഇതിനായി ആകാശമാര്‍ഗവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.