രാജ്യത്ത് ലോക്ക് ഡൌൺ മെയ് 3 വരെ നീട്ടി

keralanews lock down extended to may 3rd in india

ന്യൂഡൽഹി:രാജ്യത്ത് ലോക്ക് ഡൌൺ മെയ് 3 വരെ നീട്ടി.ഹോട്ട് സ്പോട്ടുകളില്‍ അതീവ ജാഗ്രത തുടരും. അവശ്യ സേവനങ്ങള്‍ക്കുള്ള ഇളവ് ഏപ്രില്‍ 20ന് ശേഷം പ്രഖ്യാപിക്കും. വിശദമായ മാര്‍ഗനിര്‍ദേശം നാളെ പുറത്തിറക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.കൊറണ വൈറസ് വ്യാപനത്തെ തടഞ്ഞുനിർത്തുന്നതിൽ രാജ്യം ഒരു പരിധിവരെ വിജയിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൌൺ പാലിച്ച ജനങ്ങൾക്ക് നന്ദി. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങള്‍ ഏറെ ത്യാഗം സഹിക്കുന്നുണ്ട്. ജനങ്ങള്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ പല പ്രമുഖ രാജ്യങ്ങളേക്കാൾ ഇന്ത്യയുടെ സ്ഥിതി ഏറെ മെച്ചമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.പത്തൊൻപത് ദിവസം കൂടി ലോക്ക് ഡൗൺ നീട്ടിയേ തീരു എന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.നാളെ മുതൽ ഒരാഴ്ച രാജ്യത്ത് കര്‍ശന നിയന്ത്രണം. ഏപ്രിൽ 20 ന് ശേഷം സ്ഥിതി വിലയിരുത്തി ഉപാധികളോടെ ഇളവുകൾ നൽകുന്നതിനെ കുറിച്ച് ആലോചിക്കും. വിശദമായ മാര്‍ഗ്ഗരേഖ നാളെ പുറത്തിറക്കും. സ്ഥിതി വഷളായാൽ വീണ്ടും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യയില്‍ കോവിഡ് ബാധയുണ്ടാകുന്നതിന് മുന്‍പ് തന്നെ വിദേശത്ത് നിന്നെത്തുന്നവരെ വിമാനത്താവളത്തില്‍ പരിശോധന ആരംഭിച്ചു. കേവലം 500 രോഗബാധിതരായപ്പോള്‍ തന്നെ ലോകത്തെ ഏറ്റവും വലിയ ലോക് ഡൌണ്‍ ഇന്ത്യയില്‍ നടത്തി. മുന്‍പ് ഇന്ത്യക്കൊപ്പം രോഗബാധയുണ്ടായിരുന്ന രാജ്യങ്ങളില്‍ ഇന്ന് 30 ഇരട്ടി വരെ രോഗബാധിതരുണ്ട്. അവിടെയൊക്കെ മരണനിരക്കും കൂടുതലാണ്. ഇന്ത്യ സ്വീകരിച്ച സമീപനവും പെട്ടെന്നെടുത്ത തീരുമാനങ്ങളുമാണ് സഹായകരമായതെന്ന് മോദി പറഞ്ഞു.ലോക്ഡൌണ്‍ കാരണം സാമ്പത്തിക പ്രശ്നങ്ങളുണ്ട്. എന്നാല്‍ മനുഷ്യ ജീവന്‍ അതിനെക്കാള്‍ പ്രധാനമാണ്. നമ്മള്‍ സ്വീകരിച്ച രീതിയെ കുറിച്ച് ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നു. സംസ്ഥാനങ്ങളുമായി നിരന്തരം ചര്‍ച്ച നടത്തി. ചില സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ലോക്ക് ഡൌണ്‍ നീട്ടാന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം കോവിഡ് കിടക്കകളുണ്ട്. അറുന്നൂറിലധികം കോവിഡ് ആശുപത്രികളുണ്ട്. കൊറോണക്ക് വാക്സിന്‍ നിര്‍മിക്കാന്‍ യുവശാസ്ത്രജ്ഞര്‍ മുന്നോട്ട് വരണം. ആരോഗ്യ സേതു മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിന് ശേഷം നാലാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

ഏഴിനനിര്‍ദ്ദേശങ്ങളാണ് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുന്നോട്ട് വച്ചത്:
  • മുൻപ് രോഗങ്ങൾ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം അവര്‍ക്ക് രോഗ സാധ്യത കൂടുതലായതിനാൽ കരുതൽ വേണം.
  • സാമൂഹിക അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.
  • മാസ്ക് ധരിക്കണം, രോഗ പ്രതിരോധ ശേഷി കൂട്ടാൻ ശ്രമിക്കണം.
  • ആരോഗ്യ സേതു മൊബൈൽ അപ്പ് ഡൗൺലോഡ് ചെയ്ത് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങൾ പിന്തുടരണം.
  • ദരിദ്ര വിഭാഗങ്ങളെ സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ട് വരണം.
  • ജോലിയിൽ നിന്ന് പുറത്താക്കുന്ന സാഹചര്യം ഉണ്ടാകരുത്.
  • കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരെ ആദരിക്കണം.

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു;രോഗം സ്ഥിരീകരിച്ചവരില്‍ 50 മലയാളി നഴ്സുമാരും

keralanews the number of Kovid cases crossed 2000 in maharashtra 50 Malayalee nurses diagnosed with the disease

മുംബൈ: രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2000 കടന്നു.പുതുതായി 82 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 2064 ആയെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പറയുന്നു.പുതുതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 59 കേസുകള്‍ മുംബൈയില്‍ നിന്നുളളതാണ്.മഹാരാഷ്ട്രയില്‍ നാല് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയിലെ ഭാട്യ ആശുപത്രിയിലെ ഒരു നഴ്‌സിനും വൊക്കാഡ് ആശുപത്രിയിലെ രണ്ട് പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.പുനെയില്‍ റൂബി ഹാള്‍ ആശുപത്രിയിൽ ജോലിചെയ്യുന്ന ഒരു മലയാളി നഴ്‌സിനും കൊറോണ ബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ഹോട്ട്‌സ്‌പോട്ടായ മുംബൈയിലെ ധാരാവിയില്‍ പുതുതായി നാലുപേരില്‍ കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തി. ഒരാള്‍ കൂടി മരിച്ചതോടെ ധാരാവിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം അഞ്ചായി. 15 ലക്ഷം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ നിലവില്‍ 47 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.നിലവില്‍ നൂറിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊറോണ സ്ഥിരീകരിച്ചിട്ടിരിക്കുന്നത്. 60 നഴ്‌സുമാരും പത്തു ഡോക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. ബാക്കിയുള്ളവര്‍ കാര്‍ഡിയാക്, പത്തോളജി ലാബുകളിലെ ടെക്‌നീഷ്യന്മാരും ശുചീകരണമേഖലയില്‍ ഉള്‍പ്പെടുന്നവരുമാണ്. കൊറോണ ബാധിച്ച നഴ്‌സുമാരില്‍ അൻപതോളം പേര്‍ കേരളത്തില്‍നിന്നുള്ളവരാണ്. കഴിഞ്ഞ വെള്ളിയാഴ്ചമാത്രം 19 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

പ്രവൃത്തി ദിനങ്ങളിലുണ്ടായ നഷ്ടം നികത്താന്‍ ലോക്ക് ഡൗണിന് ശേഷം വേനലവധി വെട്ടിക്കുറച്ച്‌ പുതിയ അധ്യയന വര്‍ഷം നേരത്തെ തുടങ്ങാന്‍ കേന്ദ്രം

keralanews center plans to cut summer vacation after lock down to save academic days

ന്യൂഡൽഹി:ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രവൃത്തി ദിനങ്ങളിലുണ്ടായ നഷ്ടം നികത്താന്‍ വേനലവധി വെട്ടിക്കുറച്ച്‌ പുതിയ അധ്യയന വര്‍ഷം നേരത്തെ തുടങ്ങാന്‍ കേന്ദ്രം നടപടികള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.മെയ് മാസം പകുതിയോടയോ അവസാനത്തോടയോ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നാണ്‌ സൂചന. ഇതിനായി എല്ലാ സംസ്ഥാനങ്ങളോടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ടൈസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‌തു.ലോക്ക് ഡൗണ്‍ വേളയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ചും സൂചനകള്‍ ഉണ്ട്. സമയം ലാഭിക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പുതിയ അധ്യായന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാനും കേന്ദ്രം ആവശ്യപ്പെട്ടേക്കും. രാജ്യത്തെ ഓണ്‍ലൈന്‍ പഠനത്തില്‍ കഴിഞ്ഞ രണ്ടാഴ്ച വലിയ വര്‍ധവുണ്ടായെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിൽ നാല് മലയാളി നഴ്സുമാർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

keralanews covid19 confirmed four nurses in maharashtra

മഹാരാഷ്ട്ര:മഹാരാഷ്ട്രയിൽ നാല് മലയാളി നഴ്സുമാർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയിലെ ഭാട്യ ആശുപത്രിയിലെ ഒരു നഴ്സിനും വൊക്കാഡ് ആശുപത്രിയിലെ രണ്ട് പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.പൂനയിലെ റൂബി ഹാള്‍ ആശുപത്രിയിലെ ഒരു മലയാളി നഴ്സിനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.മഹാരാഷ്ട്രയില്‍ നിലവില്‍ നൂറിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 60 നഴ്സുമാരും പത്തു ഡോക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. ബാക്കിയുള്ളവര്‍ കാര്‍ഡിയാക്, പത്തോളജി ലാബുകളിലെ ടെക്നീഷ്യന്മാരും ശുചീകരണമേഖലയില്‍ പണിയെടുക്കുന്നവരുമാണ്. അതേസമയം മുംബൈ ധാരാവിയില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ധാരാവിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. 47 പേര്‍ക്കാണ് ഇതുവരെ ഇവിടെ രോഗം സ്ഥിരീകരിച്ചത്.രാജ്യത്ത് 24 മണിക്കൂറിനിടെ 35 പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 308 ആയി. 9152 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശിലെ ബദായൂനിലെ 14 ഗ്രാമങ്ങൾ പൂ൪ണമായും അടച്ചിട്ടു. ഡൽഹിയിലെ ചൗധരി ശോറ മൊഹല്ലയും യുപി വാരണാസിയിലെ മദൻപുരയും ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. നാഗാലാന്‍റില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു.

മന്ത്രിസഭാ യോഗം ഇന്ന്;ലോക്ക് ഡൗണിൽ ഇളവുകൾക്ക് സാധ്യത

keralanews cabinet meeting today possibility excemption on lock down

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മന്ത്രിസഭാ യോഗം ചേരും. ലോക്ക് ഡൗണ്‍ നീട്ടുമ്ബോള്‍ പ്രഖ്യാപിക്കേണ്ട ഇളവുകളെ കുറിച്ച്‌ മന്ത്രിസഭാ യോഗം തീരുമാനം എടുക്കും. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സ്ഥിതി ഗതികളും യോഗത്തില്‍ ചര്‍ച്ചയാവും. നിലവില്‍ കേരളത്തില്‍ രോഗം നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തലെങ്കിലും ഇളവുകള്‍ ഘട്ടം ഘട്ടമായി മാത്രം അനുവദിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്‍റെ തീരുമാനം.ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാറിന്‍റെ കൂടി തീരുമാനം വന്നതിന് ശേഷമാവും കേരളം അന്തിമ നിലപാട് സ്വീകരിക്കുക. തീവ്രബാധിതപ്രദേശങ്ങള്‍ അല്ലാത്ത ജില്ലകളില്‍ നിയന്ത്രണങ്ങളോടെ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍ ഉണ്ട്. ഇവിടെ കൂടുതല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ തുറന്നേക്കും. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ കര്‍ശന നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയേക്കും. പുറത്തിറങ്ങുന്നവര്‍ക്ക് മാസ്ക്ക് നിര്‍ബന്ധമാക്കാനും ആലോചിക്കുന്നുണ്ട്.ലോക്ക് ഡൗണ്‍ നീട്ടുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ കേന്ദ്രസ‍ര്‍ക്കാ‍‍ര്‍ ഇന്ന് പുറത്തിറക്കിയേക്കും. മാര്‍ച്ച്‌ 24 ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നാളെ അര്‍ധരാത്രിയാണ് അവസാനിക്കുന്നത്.

കുപ്പി വെള്ളത്തിന് അമിതവില ഈടാക്കുന്നവർക്കെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി പി.തിലോത്തമന്‍

keralanews strict action take against taking excess price for mineral water

തിരുവനന്തപുരം: കുപ്പി വെള്ളത്തിന് അമിത വില ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി മന്ത്രി പി.തിലോത്തമന്‍. അമിത വില ഈടാക്കിയ 131 കടകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസ് റജിസ്റ്റര്‍ ചെയ്ത് 3.30 ലക്ഷം രൂപ പിഴ ഈടാക്കി.ഒരു ലിറ്റർ കുപ്പിവെള്ളത്തിന് പരമാവധി 13 രൂപ ഈടാക്കാം.ഹോട്ടലുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളിലൂടെ മാത്രമേ കുപ്പി വെള്ളം വില്‍ക്കുന്നുള്ളൂ. ഇവിടങ്ങളില്‍ അമിത വിലയാണെന്ന് ഒട്ടേറെ പരാതികള്‍ മന്ത്രിക്കു ലഭിച്ചിരുന്നു.അവശ്യ വസ്തു നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുപ്പിവെള്ളത്തിന് 13 രൂപയില്‍ കൂടുതല്‍ ഈടാക്കാനാവില്ല. അമിത വില ഈടാക്കുന്നവര്‍ കുറഞ്ഞത് 5,000 രൂപ പിഴ നല്‍കണം. സെയില്‍സ്മാന്‍, മാനേജര്‍, കടയുടമ എന്നിവരുള്ള സ്ഥാപനമാണ് അമിതവില വാങ്ങുന്നതെങ്കില്‍ ഇവര്‍ 3 പേരും 5,000 രൂപ വീതം പിഴ അടയ്ക്കണം. ടോള്‍ ഫ്രീ നമ്പറായ 1800 425 4835, ‘സുതാര്യം’ മൊബൈല്‍ ആപ്ലിക്കേഷന്‍, lmd.kerala.gov.in എന്നിവ വഴി പരാതികള്‍ അറിയിക്കാം.

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് രണ്ടുപേർക്ക് മാത്രം;36 പേര്‍ ഇന്ന് രോഗമുക്തി നേടി

keralanews covid 19 confirmed in two persons today in kerala and 36 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് രണ്ടുപേർക്ക്.കണ്ണൂര്‍, പത്തനംതിട്ട സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. 36 പേര്‍ ഇന്ന് രോഗമുക്തരായി. ഇതില്‍ 28 പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 179 ആയി. ഇനി ചികിത്സയിലുള്ളത് 194 പേരാണ്.കാസര്‍കോട് 28 പേരുടെയും കണ്ണൂരില്‍ 2 പേരുടെയും മലപ്പുറത്ത് 6 പേരുടെയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്.കണ്ണൂരില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചയാള്‍ ദുബൈയില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

ദുബായിയില്‍ കോവിഡ് ബാധിച്ച്‌ തലശ്ശേരി സ്വദേശി മരിച്ചു

keralanews thalasseri native died of covid in dubai

അബുദാബി: ദുബായില്‍ കോവിഡ് ബാധിച്ച മലയാളി മരിച്ചു. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് സ്വദേശി പ്രദീപ സാഗറാണ് മരിച്ചത്.ഒരാഴ്ചയായി ചികിത്സയിലായിരുന്നു. 41 വയസ്സുള്ള പ്രദീപ് സ്വകാര്യആശുപത്രിയില്‍ ആണ് ചികിത്സ തേടിയത്.ശ്വാസം മുട്ടല്‍, പനി തുടങ്ങിയ അസുഖത്തെ തുടര്‍ന്നാണ് ഇയാളെ ദുബായിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുയായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച്‌ യുഎഇയില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.ഗള്‍ഫില്‍ മാത്രം അഞ്ച് മലയാളികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ മൃതദേഹം ദുബായില്‍ തന്നെ സംസ്‌കാരിക്കും.ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് 19 രോഗബാധിതരില്‍ കൂടുതലും ഇന്ത്യക്കാരാണ്. ഇന്ത്യക്കാര്‍ കൂട്ടമായി താമസിക്കുന്ന ലേബര്‍ ക്യാംപുകളിലാണ് വൈറസ് ബാധ കുടുതല്‍ സ്ഥിരീകരിച്ചത്.

കേരളത്തിന് വീണ്ടും ആശ്വാസം;കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് ചികിത്സയിലായിരുന്ന 26 പേര്‍ ഇന്ന് രോഗമുക്തരായി

keralanews relief for kerala 26 persons under covid treatment in kasarkode cured

കാസര്‍ഗോഡ് :കേരളത്തിന് വീണ്ടും ആശ്വാസം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍ഗോഡ് ജില്ലയില്‍ ചികിത്സയിലായിരുന്ന 26 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 60 ആയി.കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 26 പേരാണ് ഇന്ന് ഡിസ്ചാര്‍ജ്ജ് ആകുന്നത്. നിലവില്‍ 105 പേരാണ് ജില്ലയില്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. രോഗബാധിതരുടെ എണ്ണവും കാസര്‍ഗോഡ് ജില്ലയില്‍ കുറഞ്ഞുവരികയാണ്. ഒപ്പം രോഗമുക്തിനേടുന്നവരുടെ എണ്ണം കൂടിവരുന്നതും ജില്ലയ്ക്ക് ശുഭപ്രതീക്ഷ നല്‍കുന്നു.അടുത്ത ദിവസങ്ങളിലായി കൂടുതല്‍ പേര്‍ക്ക് കോവിഡ് നെഗറ്റീവ് ആകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ.ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള കാസര്‍ഗോഡ് പോലീസ് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. ആരോഗ്യവകുപ്പ് പെരിയ ഹെല്‍ത്ത് സെന്റര്‍ കേന്ദ്രീകരിച്ച്‌ സമൂഹ സാമ്പിൾ ശേഖരണം ആരംഭിച്ചു. ഇന്നലെ മാത്രം 200 പേരുടെ സാമ്പിൾ ആണ് ശേഖരിച്ചത്.കൂടാതെ സമൂഹ സര്‍വേയും ആരോഗ്യവകുപ്പ് ആരംഭിച്ച്‌ കഴിഞ്ഞു. ഓരോ വീടുകള്‍ തോറും ചെന്ന് വിവരശേഖരണം നടത്തുകയാണ് ചെയ്യുന്നത്.

രോഗമുക്തി നേടുന്ന രണ്ടാമത്തെ ജില്ലയായി ഇടുക്കി;ചികിത്സയിലിരുന്ന അവസാന ആളും വീട്ടിലേക്ക് മടങ്ങി

keralanews Idukki became the second district to be cured and last patient returnned home

ഇടുക്കി:സംസ്ഥാനത്ത് രോഗമുക്തി നേടുന്ന രണ്ടാമത്തെ ജില്ലയായി ഇടുക്കി.ചികിത്സയില്‍ ആയിരുന്ന അവസാനത്തെ മൂന്ന് പേരുടെ ഫലങ്ങളും നെഗറ്റീവ് ആയതോടെയാണ് ഇടുക്കി കോവിഡ് രോഗികളില്ലാത്ത രണ്ടാമത്തെ ജില്ലയായത്.എന്നാൽ വരുംദിവസങ്ങളിലും ഇപ്പോഴുള്ള ജാഗ്രതയും നിയന്തണങ്ങളും തുടരുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.കോവിഡ് ബാധിച്ച്‌ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവസാനത്തെയാളും വീട്ടിലേക്കു മടങ്ങി. കോട്ടയമാണ് ആദ്യം രോഗമുക്തി നേടിയ ജില്ല. കോവിഡ് രോഗം ഇടുക്കിയില്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത് ഏപ്രില്‍ 2 നാണ്. ജില്ലയില്‍ യുകെ പൗരന്‍ ഉള്‍പ്പെടെ 10 രോഗബാധിതര്‍ ആണ് ഉണ്ടായിരുന്നത്. ഓരോരുത്തരുടേയും റൂട്ട് മാപ്പ് ഉള്‍പ്പെടെ തയാറാക്കി ശക്തമായ നിരീക്ഷണ സംവിധാനമൊരുക്കിയതിലൂടെ കോവിഡിന്റെ ഭീതി അകറ്റാന്‍ കഴിഞ്ഞുവെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാ അതിര്‍ത്തിയില്‍ പൊലീസ് ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. മൂന്നാറില്‍ പൂര്‍ണ നിരോധനം തുടരുകയാണ്.