പാലക്കാട്:ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച പ്രവാസിയുടെ റൂട്ട്മാപ്പ് തയ്യാറാക്കുക ദുഷ്ക്കരമെന്ന് ജില്ലാ ഭരണകൂടം.13 ആം തീയതി ദുബായിയില്‍ നിന്ന് തിരിച്ചെത്തി എട്ട് ദിവസത്തിന് ശേഷമാണ് ഇയാള്‍ നിരീക്ഷണത്തില്‍ പോയത്.മറ്റു ദിവസങ്ങളിലെല്ലാം നാട്ടിലുടനീളം കറങ്ങി നടക്കുകയും ചെയ്തു.ഒരുതണ മലപ്പുറത്തേക്കും യാത്രചെയ്തു. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരുടേതടക്കം ഇയാളുമായി ബന്ധപ്പെട്ട വരുടെ വിശദമായ റൂട്ട് മാപ്പെടുത്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്. രോഗം സ്ഥിരീകരിച്ച ആളുടെ മകന്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ആണ്. ഇയാള്‍ ദീര്‍ഘ ദൂര ബസുകളില്‍ രണ്ട് ദിവസം ഡ്യൂട്ടിയെടുത്തിട്ടുണ്ട്.17 ആം തീയതി മണ്ണാര്‍ക്കാട് നിന്ന് അട്ടപ്പാടി വഴി കോയമ്പത്തൂരിലേക്കുള്ള ബസ്സില്‍ മകന്‍ ജോലി ചെയ്തു.18 ന് പാലക്കാട് തിരുവനന്തപുരം ബസിലും ജോലി നോക്കി. ഈ ബസില്‍ യാത്ര ചെയ്തവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്നാണ് നിലവില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.യാത്രയ്ക്കിടെ രണ്ടിടത്തുവച്ച് ഇയാള്‍ ഭക്ഷണം കഴിച്ചു. കായംകുളം കെ.എസ്.ആര്‍.ടി.സി കാന്റീന്‍, തിരുവനന്തപുരം വികാസ് ഭവന് സമീപത്തെ കഞ്ഞിക്കട എന്നിവിടങ്ങളില്‍ വച്ചാണ് ജോലിക്കിടെ ഇയാള്‍ ഭക്ഷണം കഴിച്ചത്. കെ.എസ്.ആര്‍.ടി.സിയാണ് കണ്ടക്ടറുടെ വിവരങ്ങള്‍ തയാറാക്കിയത്.ജില്ലയില്‍ 3 പേര്‍ക്കു കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതോടെ പാലക്കാട് ഇന്നു മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും.സംസ്ഥാന അതിര്‍ത്തി കൂടിയായതിനാല്‍ ജില്ലയിലെ ആരോഗ്യമേഖലയില്‍ അതീവ ജാഗ്രതയ്ക്കാണു നിര്‍ദേശം.അതേസമയം ഹോം ക്വാറന്റൈന്‍ നിയമം ലംഘിച്ചതിന് പ്രവാസിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
കോവിഡ് 19;അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ജില്ലാ കലക്റ്റർ ഏറ്റെടുത്തു
കണ്ണൂർ:കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് കണ്ണൂർ ജില്ലാ കലക്റ്റർ ടി.വി സുഭാഷ് ഏറ്റെടുത്തു.2005 ലെ ദുരന്തനിവാരണ നിയമപ്രകാരമാണ് പ്രതേക കൊറോണ ആശുപത്രിയായി മെഡിക്കൽ കോളേജിനെ ഏറ്റെടുത്തത്.ജില്ലയിലും സമീപ ജില്ലയിലും കോവിഡ് ബാധിതരുടെ എന്ന വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരം നടപടികളിലേക്ക് നീങ്ങുന്നതെന്ന് കലക്റ്റർ പറഞ്ഞു. ജീവനക്കാർ,സൗകര്യങ്ങൾ എന്നിവയുൾപ്പെടെയാണ് ആശപത്രി ഏറ്റെടുത്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.
കോച്ചുകള്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ ഒരുങ്ങി റെയില്‍വേ
ന്യൂഡൽഹി:കൊറോണ രോഗബാധിതരെ മാറ്റിപ്പാര്‍പ്പിച്ച് ചികില്‍സിക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍ ട്രെയിനുകളുടെ കോച്ചുകള്‍ വിട്ടുനല്‍കാനൊരുങ്ങി റെയില്‍വെ. ഇതിനൊപ്പം റെയില്‍വേയുടെ കീഴിലുള്ള ഫാക്ടറികളില്‍ രോഗം ഗുരുതരമായവരെ ചികിത്സിക്കാനുള്ള വെന്റിലേറ്ററുകളും നിര്‍മിക്കും.കപൂര്‍ത്തല റെയില്‍വേ കോച്ച് ഫാക്ടറിയില്‍ ഇനി തത്കാലത്തേക്ക് എല്‍എച്ച്‌ബി കോച്ചുകളെ ഐസൊലേഷന്‍ വാര്‍ഡുകള്‍ ആക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാകും നടക്കുക. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് രോഗികള്‍ക്കാവശ്യമായ വെന്റിലേറ്ററുകള്‍ നിര്‍മിക്കുക.രോഗം സമൂഹ വ്യാപനത്തിലേക്ക് കടന്നാല്‍ ഗ്രാമങ്ങളക്കമുള്ള മേഖലകളില്‍ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നപടി. ഇതുസംബന്ധിച്ച നിര്‍ദ്ദേശം റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെ നല്‍കി.കൊറോണയെ നേരിടാന്‍ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കാര്യങ്ങള്‍ ഇതിനുമപ്പുറത്തേക്ക് കടക്കുകയാണെങ്കില്‍ അതിനെ നേരിടുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് റെയില്‍വേയും മറ്റ് വകുപ്പുകള്‍ക്കൊപ്പം അടിസ്ഥാന സൗകര്യമൊരുക്കാന്‍ ഒരുമിച്ച് ചേരുന്നത്.
സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ആരും പട്ടിണികിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവശനിലയിൽ വീടുകളിൽ കഴിയുന്നവർ,പ്രായമായവർ,രോഗികൾ എന്നിവർക്ക് ഭക്ഷണം ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഭക്ഷണം ലഭിക്കാത്തവർക്കായി പഞ്ചായത്തുകളും നഗരസഭകളും സമൂഹ അടുക്കളകൾ തയ്യാറാക്കും.ഭക്ഷണം ആവശ്യമുള്ളവരുടെ കണക്കുകൾ ശേഖരിച്ച് ഇവർക്ക് ഭക്ഷണം എത്തിച്ചു നൽകും.ഭക്ഷണം ആവശ്യമുള്ളവർക്ക് വിളിക്കാൻ ഒരു ഫോൺ നമ്പർ നൽകുമെന്ന് ഇവർക്ക് സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കി ഭക്ഷണം വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.അതേസമയം, സംസ്ഥാനത്ത് ഇന്നലെ ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ പാലക്കാട് സ്വദേശികളാണ്.മൂന്നുപേര്‍ എറണാകുളം സ്വദേശികളും രണ്ടുപേര്‍ പത്തനംതിട്ട സ്വദേശികളും ഇടുക്കി, കോഴിക്കോട് സ്വദേശികളായ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇവരില്‍ നാലുപേര്‍ ദുബായില്‍ നിന്ന് വന്നവരാണ്.ഒരാള്‍ യുകെയില്‍ നിന്നും ഒരാള്‍ ഫ്രാന്‍സില്‍ നിന്നും എത്തിയതാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്തും തൃശൂരും ചികിത്സയിലായിരുന്ന രണ്ട് പേരെ രോഗം ഭേദമായതിനെ തുടര്‍ന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക് ഡൌൺ;ആശ്വാസ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍;എല്ലാ കാര്‍ഡുടമകള്‍ക്കും 15 കിലോ അരി സൗജന്യം;നിരീക്ഷണത്തിലുള്ളവര്‍ക്ക് ആയിരം രൂപയുടെ ഭക്ഷ്യധാന്യകിറ്റ്
തിരുവനന്തപുരം:ലോക്ക് ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കര്‍ശനമാക്കിയതിന് പിന്നാലെ ആശ്വാസ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. മുന്‍ഗണനേതര വിഭാഗം ഉള്‍പ്പെടെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും 15 കിലോ അരി സൗജന്യമായി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നീല, വെള്ള കാര്‍ഡുടമകളായ 46 ലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടും.വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന എല്ലാവര്‍ക്കും മുന്‍ഗണനാ വ്യത്യാസമില്ലാതെ ആയിരം രൂപയുടെ ഭക്ഷ്യധാന്യ കിറ്റ് നല്‍കാനും തീരുമാനിച്ചു.ആളൊന്നിന് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമടക്കം അഞ്ച് കിലോ ഭക്ഷ്യധാന്യം ലഭിക്കുന്ന മുന്‍ഗണനാ വിഭാഗത്തിനും ഭക്ഷ്യധാന്യം സൗജന്യമായിരിക്കും.അന്ത്യോദയ – അന്നയോജന വിഭാഗക്കാര്‍ക്ക് 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്നത് തുടരും.നിരീക്ഷണത്തിലുള്ളവര്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റുകള്‍ സപ്ലൈകോ ഔട്ട്ലറ്റുകളില്‍ നിന്ന് ജില്ലാഭരണാധികാരികളെ ഏല്പിക്കുകയും തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ അതത് വീടുകളില്‍ എത്തിക്കുകയും വേണം.റേഷന്‍ കടകളിലൂടെ ലഭ്യമാക്കിയാല്‍ ജനങ്ങള്‍ കൂട്ടം കൂടാന്‍ ഇടയുണ്ട് എന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ ബദല്‍ മാര്‍ഗം ആലോചിക്കുന്നത്.ആരോഗ്യവകുപ്പ് തയ്യാറാക്കുന്ന പട്ടികയനുസരിച്ചാകും കിറ്റ് നല്‍കുക.പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല, തുവരപ്പരിപ്പ്, വെളിച്ചെണ്ണ, തേയില, ആട്ട, ഉഴുന്ന്,സാമ്പാർപൊടി, രസപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, പുട്ടുപൊടി, ഉപ്പ്, സോപ്പ് എന്നിവയടങ്ങുന്നതാണ് കിറ്റ്.സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളുടെ സമയക്രമത്തിലും മന്ത്രിസഭായോഗം മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും ആണ് റേഷന്‍ കടകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ലോക്ക് ഡൗണ്‍;നിർദേശങ്ങൾ ലംഘിച്ചതിന് കണ്ണൂരില്‍ 69 പേര്‍ അറസ്റ്റില്‍
കണ്ണൂര്‍: പത്തിലേറെ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച കണ്ണൂര്‍ ജില്ലയില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് 69 പേരെ അറസ്റ്റ് ചെയ്തു. അനധികൃതമായി ഓടിയ 39 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നിയമം പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിക്ക് ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്ര നിര്‍ദേശം നല്‍കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശം പാലിക്കുന്നതിനു വേണ്ടി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ റൂട്ട് മാര്‍ച്ച് നടത്തി. പലയിടത്തും ഇന്നും നിരവധി പേര്‍ അത്യാവശ്യകാര്യത്തിനല്ലാതെ റോഡിലിറങ്ങുന്നതിനാല്‍ പോലിസ് കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്.
കാസര്‍കോടിന് ഇന്ന് നിര്‍ണായക ദിനം;77 സാംപിളുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും
കാസര്‍കോട്: കൊവിഡ്-19 രോഗബാധ ഏറ്റവും കൂടുതല്‍ സ്ഥിരീകരിച്ച കാസര്‍കോടിന് ഇന്ന് നിര്‍ണായക ദിവസമെന്ന് കലക്ടര്‍ ഡോ.സജിത് ബാബു. പരിശോധനയ്ക്കയച്ച 77 സാംപിളുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും.നിലവില്‍ 45 രോഗികളാണ് ജില്ലയില്‍ ഉള്ളത്.ഒരാള്‍ രോഗമുക്തനായി.44 പേരെ മൂന്നുതവണ കൂടി പരിശോധിക്കും.4 കേസുകള്‍ മാത്രമാണ് ഇതുവരെ രോഗിയില്‍ നിന്നും പകര്‍ന്നു കിട്ടിയതായുള്ളത്. മറ്റുള്ളവയെല്ലാം വിദേശത്തുനിന്നും വന്നവരാണ്.ഇന്നത്തെ പരിശോധനാ ഫലം വരുന്നതോടുകൂടി സമൂഹവ്യാപനം ഉണ്ടായോ എന്നുള്ള കാര്യത്തില്‍ വ്യക്തത വരുമെന്നും കലക്ടര്‍ കൂട്ടിചേര്‍ത്തു. രോഗികളെ ഇനി കണ്ണുര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് മാറ്റുമെന്നും കലക്ടര്‍ അറിയിച്ചു. ഇതു സംബന്ധിച്ച തീരുമാനങ്ങളെല്ലാം ഇന്ന് മൂന്നുമണിയോട് കൂടി നിര്‍ദേശങ്ങളായി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോക്ക് ഡൗണിന് പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വില ഇരട്ടിയായി
തിരുവനന്തപുരം:ലോക്ക് ഡൗണിന് പിന്നാലെ സംസ്ഥാനത്ത് പച്ചക്കറിവില കുതിച്ചുയരുന്നു.ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും ഉള്ളിയും പച്ചമുളകും ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ് മൊത്തവില്‍പനക്കാര്‍. ഇന്നലെ അറുപത് രൂപയുണ്ടായിരുന്ന ചെറിയ ഉള്ളിക്ക് 35 രൂപയാണ് ഒറ്റദിവസം കൊണ്ട് കൂടിയിരിക്കുന്നത്.20-25 രൂപയ്ക്ക് ലഭിക്കുമായിരുന്ന സവാളയുടെ വില ഒറ്റയടിക്ക് 40 രൂപയായി ഉയര്‍ന്നു.ഒരു പെട്ടി തക്കാളിയുടെ വില 500ൽ നിന്ന് 850 രൂപയായാണ് ഉയര്‍ന്നത്.ഇന്നലെവരെ 28 രൂപയായിരുന്ന പച്ചമുളകിന് 45 രൂപയാണ് ഇന്നത്തെ വില. കൊറോണ വ്യാപനം തടയുന്നതിനായി കര്‍ശന നിയന്ത്രണങ്ങളാണ് തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കൊണ്ടുവന്നിരിക്കുന്നത്. അതിനാല്‍ത്തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെ വരവ് കുറഞ്ഞെന്നാണ് വിലകൂട്ടാനുള്ള കാരണമായി കച്ചവടക്കാര്‍ പറയുന്നത്.ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ ഇനിയും വില കൂടുമെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു.
കോവിഡ് 19;ബിപിഎല്‍ മുന്‍ഗണനാ ലിസ്റ്റിലുള്ളവര്‍ക്ക് 15 കിലോ അരി ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ നേരിട്ട് വീടുകളിലെത്തിക്കുമെന്ന് സംസ്ഥാന സർക്കാർ
തിരുവനന്തപുരം:രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തിൽ സഹായ ഹസ്‌തവുമായി സംസ്ഥാന സര്‍ക്കാര്‍. ബിപിഎല്‍ മുന്‍ഗണനാ ലിസ്റ്റിലുള്ളവര്‍ക്ക് 15 കിലോ അരി അടക്കമുള്ള ആവശ്യ സാധനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി വീടുകളിലേക്ക് നേരിട്ടെത്തിക്കും.ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.റേഷന് പുറമെ അടിയന്തിര സഹായം എന്ന നിലയിലാണ് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത്. മാവേലി സ്‌റ്റോറുകള്‍, സപ്ലൈകോ വില്‍പന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലൂടെ അല്ലെങ്കില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്‍ഡ് അംഗങ്ങളിലൂടെ നേരിട്ട് വീടുകളില്‍ എത്തിക്കുക ഈ രണ്ട് സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്.അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
തമിഴ്‌നാട് തേനിയില്‍ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം നാലായി
തേനി:തമിഴ്നാട് തേനിയില്‍ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം നാലായി.രാസിങ്കപുരം സ്വദേശികളായ വിജയമണി, മഹേശ്വരി, മഞ്ജുള, മൂന്നുവയസ്സുകാരി കൃതിക എന്നിവരാണ് മരിച്ചത്.ചികിത്സയിലുള്ള നാല് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.ഇടുക്കി പൂപ്പാറയില്‍ നിന്ന് കാട്ടുപാത വഴി പോയ തോട്ടം തൊഴിലാളികളാണ് തീയില്‍പ്പെട്ടത്.കോവിഡ് പശ്ചാത്തലത്തില്‍ തോട്ടംതൊഴിലാളികളോട് കേരളത്തിലേക്ക് പോവരുതെന്നാണ് തമിഴ്നാട് നിര്‍ദ്ദേശം നല്‍കിയിയത്.എന്നാൽ ഇത് മറികടന്ന് അനധികൃതമായാണ് ഇവര്‍ കേരളത്തിലേക്ക് വന്നത്.