കണ്ണൂര്‍: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി ജില്ലയിലെ 28 തദ്ദേശ സ്ഥാപനങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം തുടങ്ങി.മൂവായിരത്തിലേറെ പേര്‍ക്കാണ് ഇതുവഴി ഉച്ചഭക്ഷണം വിതരണം ചെയ്തത്.കണ്ണൂര്‍ കോര്‍പറേഷന്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി നഗരസഭകള്‍, പെരിങ്ങോം വയക്കര, കാങ്കോല്‍ ആലപ്പടമ്പ്, എരമംകുറ്റൂര്‍, പരിയാരം, ഉദയഗിരി, കുറുമാത്തൂര്‍, മയ്യില്‍, പടിയൂര്‍, ചെറുതാഴം, ഏഴോം, കല്യാശ്ശേരി, നാറാത്ത്, പെരളശ്ശേരി, ചെമ്പിലോട്, ധര്‍മടം, വേങ്ങാട്, പിണറായി, പന്ന്യന്നൂര്‍, ചൊക്ലി, തൃപ്രങ്ങോട്ടൂര്‍, പേരാവൂര്‍, മുഴക്കുന്ന്, കൊട്ടിയൂര്‍, പായം പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ കമ്മ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്. രണ്ട് ദിവസത്തിനുള്ളില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി കിച്ചനുകള്‍ ആരംഭിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത് പറഞ്ഞു.
കേരളത്തിൽ ആദ്യ കോവിഡ് മരണം;മട്ടാഞ്ചേരി സ്വദേശി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെ മരിച്ചു
കൊച്ചി: ആശങ്ക വര്‍ധിപ്പിച്ച് കേരളത്തില്‍ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. മട്ടാഞ്ചേരി സ്വദേശിയായ 69 കാരനാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെ മരിച്ചത്.ഇന്ന് രാവിലെ എട്ട് മണിക്കാണ് മരിച്ചത്. മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹം പൂര്‍ണമായി സുരക്ഷാക്രമീകരണങ്ങളോടെ സംസ്കരിക്കുമെന്ന് മന്ത്രി സുനില്‍ കുമാര്‍ അറിയിച്ചു.മാർച്ച് 16 ആം തീയതി ദുബൈയില്‍ നിന്ന് രോഗലക്ഷണത്തോടെയാണ് ഇദ്ദേഹം നാട്ടിലെത്തിയത്.2ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇയാളുടെ ഭാര്യയും രോഗബാധിതയാണ്.ഇവര്‍ ദുബായില്‍ നിന്ന് നാട്ടിലേക്ക് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്.അതേസമയം, കൊറോണ ബാധിതനായി മരിച്ച രോഗിക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കടുത്ത ഹൃദ്രോഗ ബാധയും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
കൊറോണ വൈറസ് പരത്തണമെന്ന് സോഷ്യല്‍മീഡിയയിലൂടെ ആവശ്യപ്പെട്ട ഇൻഫോസിസ് ജീവനക്കാരനെ ബംഗളൂരു ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു
ബംഗളൂരു: കോവിഡ് 19 വൈറസ് പരത്താനും മുന്‍കരുതലില്ലാതെ ജനങ്ങളോട് പുറത്തുപോയി തുമ്മാനും ആഹ്വാനം ചെയ്യുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഇന്‍ഫോസിസ് ജീവനക്കാരന്‍ അറസ്റ്റില്‍. മുജീബ് റഹ്മാന്‍ എന്നയാളാണ് വൈറസ് പരത്താന്‍ കൈകോര്‍ക്കണമെന്ന് ആവശ്യപ്പെട്ടതിെന്‍റ പേരില്‍ ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.800ലധികം പേരെ ബാധിക്കുകയും 19 പേരുടെ ജീവനെടുക്കുകയും ചെയ്ത കോവിഡ് 19നെ തുരത്താന്‍ രാജ്യം ലോക്ഡൗണില്‍ കഴിയവേയാണ് ഞെട്ടിക്കുന്ന പോസ്റ്റുമായി യുവാവ് രംഗത്തെത്തിയത്.’പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കാതെ ചുമക്കുക. വൈറസ് പരക്കട്ടെ. ഇതിനായി നമുക്ക് കൈകോര്‍ക്കാം’ എന്ന വിചിത്ര സന്ദേശമാണ് 25കാരനായ മുജീബ് മുഹമ്മദിന്റെ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.സംഭവത്തില്‍ അന്വേഷണം നടത്തിയ ഇന്‍ഫോസിസ് മുജീബ് റഹ്മാനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. സ്ഥാപനത്തിെന്‍റ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായാണ് അയാള്‍ പ്രവര്‍ത്തിച്ചതെന്നും ഇത്തരം പ്രവൃത്തികളോടട് ഇന്‍ഫോസിസിന് യാതൊരു സഹിഷ്ണുതയുമില്ലെന്നും അവര്‍ ട്വറ്ററില്‍ കുറിച്ചു.നേരത്തെ ഒരു ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്‍ഫോസിസ് അവരുടെ ഒരു കെട്ടിടത്തില്‍ നിന്നും ജീവനക്കാരെയെല്ലാം ഒഴിപ്പിച്ചിരുന്നു.
മാക്കൂട്ടംചുരം റോഡ് തുറക്കില്ലെന്ന് കര്‍ണാടക; കേരളത്തിലേക്കുള്ള ചരക്കുനീക്കം നിലച്ചു
കണ്ണൂർ:അടച്ച മാക്കൂട്ടം ചുരം റോഡ് തുറക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് കര്‍ണാടക.ഇതോടെ കേരളത്തിലേക്കുള്ള ചരക്കുനീക്കം നിലച്ചിരിക്കുകയാണ്. പച്ചക്കറികളുമായി എത്തിയ അൻപതോളം ലോറികളാണ് മാക്കൂട്ടത്ത് കുടുങ്ങിക്കിടക്കുന്നത്.കര്‍ണാടകയുടെ തീരുമാനത്തില്‍ മാറ്റമുണ്ടാകാത്തതിനാല്‍ കുടുങ്ങി കിടക്കുന്ന വാഹനങ്ങള്‍ മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് വരേണ്ടതാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ നിര്‍ദേശിച്ചു.എന്നാൽ മുത്തങ്ങയില്‍ എത്തിയ നൂറിലേറെ ലോറികളും കര്‍ണാടക തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. വിഷയത്തില്‍ ഇടപെടുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അറിയിച്ചു. കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടകം കര്‍ശന നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.കേരള ചീഫ് സെക്രട്ടറി കര്‍ണാടക അധികൃതരുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയം ശ്രദ്ധയിൽപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.നീതികരിക്കാനാകാത്ത പ്രവര്‍ത്തിയാണ് കര്‍ണാടയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. കേരള ചീഫ് സെക്രട്ടറി കര്‍ണാടക അധികൃതരുമായി വീണ്ടും സംസാരിക്കുമെന്ന് മന്ത്രി അറിയിച്ചു.
കേരള അതിര്‍ത്തിയില്‍ റോഡില്‍ മണ്ണിട്ട് ഗതാഗതം തടസ്സപ്പെടുത്തിയ കര്‍ണാടക സര്‍ക്കാര്‍ നടപടി കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തിന് വിരുദ്ധമെന്ന് മുഖ്യമന്ത്രി
കാസർകോഡ്:കാസർകോടിന്റെ അതിർത്തി ഗ്രാമങ്ങളിലെ റോഡില്‍ മണ്ണിട്ട് ഗതാഗതം തടസ്സപ്പെടുത്തിയ കര്‍ണാടക സര്‍ക്കാര്‍ നടപടി കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തിന് വിരുദ്ധമെന്ന് മുഖ്യമന്ത്രി.ഇന്‍ഡ്രോ-കാസര്‍കോടിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെ റോഡിലാണ് കര്‍ണാടക സര്‍ക്കാര്‍ മണ്ണിട്ടത്. സംഭവം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി വിഷയത്തില്‍ ചീഫ് സെക്രട്ടറി കര്‍ണാടക ചീഫ് സെക്രട്ടറിയുമായി സംസാരിച്ച് മണ്ണുമാറ്റാന്‍ ധാരണയിലായന്നെും അറിയിച്ചു.കർണാടക സർക്കാർ മണ്ണിറക്കി റോഡുകളിൽ തടസ്സമുണ്ടാക്കുന്നത് കാരണം അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഇതിനെതിരെ രംഗത്ത് വന്നു.സർക്കാർ തലത്തിൽ ഇടപ്പെട്ട് അടിയന്തിരമായി പ്രശ്നം പരിഹരിക്കാൻ ഇരുവരും ആവശ്യപ്പെട്ടു.അതിർത്തി ഗ്രാമങ്ങളിലുള്ളവർ പ്രധാനമായും ആശുപത്രികളെയും മറ്റ് അവശ്യസേവനങ്ങളേയും ആശ്രയിക്കുന്നത് കർണാടകയെയാണ്. കർണാടക അതിർത്തി അടച്ചതോടെ കാൻസർ രോഗികളടക്കം നൂറുകണക്കിന് രോഗികളാണ് ദുരിതത്തിലായിരിക്കുന്നത്.
കാസര്‍കോട് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് കൊറോണ സ്ഥിരീകരിച്ചു;സഹപാഠികള്‍ നിരീക്ഷണത്തില്‍ കഴിയാൻ നിർദേശം
കാസര്‍കോട്:ജില്ലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് കൊറോണ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കണ്ടറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.വ്യാഴാഴ്ച മൂന്നു പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഒരാളുടെ ഈ വിദ്യാർത്ഥിനി.പത്ത് എ ക്ലാസ്സിലിരുന്നാണ് ഈ കുട്ടി പരീക്ഷ എഴുതിയത്. ഈ ക്ലാസില്‍ പരീക്ഷ എഴുതിയ എല്ലാ കുട്ടികളും സഹപാഠികളും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.ഒപ്പം വിദ്യാർത്ഥിനി പഠിച്ചിരുന്ന പത്ത് എഫ് ഡിവിഷനിലെ സഹപാഠികളോടും നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. വിദ്യാർത്ഥിനി പരീക്ഷയെഴുതിയ ക്ലാസ്സിലെ ഇൻവിജിലേറ്ററും നിരീക്ഷണത്തിൽ പോകേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.പ്രാഥമിക സമ്പർക്കത്തിൽ ഏര്‍പ്പെട്ട കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയില്‍ 11 നും 56 വയസിനും ഇടയിലുള്ള 34 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു.കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കാസര്‍കോട് ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നല്കിയിരിക്കുകയാണ്.കേരള കേന്ദ്രസര്‍വ്വകലാശാലയെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റാനാണ് തീരുമാനം. കാസർകോട് മെഡിക്കൽ കോളേജ് ഉടൻ പ്രവർത്തന സജ്ജമാക്കും. ജില്ലയിൽ ലോക്ഡൌൺ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ പുറത്തിറങ്ങിയാല്‍ അവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയെടുക്കുമെന്ന് ഐ.ജി വിജയ് സാഖറെ പറഞ്ഞു.ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ 11 പേർ കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെടുന്നവരും 23 പേർ ദുബായിൽ നിന്നും വന്നവരുമാണ്.ഇതിൽ 9 സ്ത്രീകളും 25 പുരുഷന്മാരുമാണ്.ജില്ലയില്‍ 6085 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 103 പേരെ ആശുപത്രികളിലാണ് നിരീക്ഷിക്കുന്നത്.308 പേരുടെ പരിശോധന ഫലം ഇനിയും ലഭിക്കാനുണ്ട്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനമായി കേരളം;രോഗം സ്ഥിരീകരിച്ചത് 164 പേര്‍ക്ക്
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായി കേരളം മാറി.164 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.വെള്ളിയാഴ്ച 39 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനമായി കേരളം മാറിയത്.കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്ത പുതിയ 39 കേസുകളില്‍ 34ഉം കാസര്‍കോഡ് ജില്ലയിലാണ്. ഇതോടെ കാസര്‍കോഡ് ജില്ലയിലെ മാത്രം ആകെ രോഗികളുടെ എണ്ണം 82 ആയി.കണ്ണൂരില്‍ രണ്ടും, തൃശൂരിലും, കൊല്ലത്തും, കോഴിക്കോടും ഓരോ ആള്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.കൊല്ലത്ത് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും രോഗബാധിതരായി.സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് കോവിഡ് മരണം ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 19 പേരാണ് കോവിഡ് ബാധിതരായി ഇന്ത്യയില്‍ ഇതുവരെ മരിച്ചത്. മഹാരാഷ്ട്ര-4, ഗുജറാത്ത്-3, കര്‍ണാടക-2 മധ്യപ്രദേശ്, തമിഴ്‌നാട് ബിഹാര്‍, പഞ്ചാബ്, ഡല്‍ഹി, പശ്ചിമബംഗാള്‍, ജമ്മു കശ്മീര്‍ ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലായി ഓരോ ആളുകളും മരിച്ചു.
സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;34 കേസുകളും കാസർകോഡ് ജില്ലയിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 34 പേരും കാസര്‍കോട്ടു നിന്നാണ്. രണ്ട് പേര്‍ കണ്ണൂര്‍ ജില്ലക്കാരും. കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഒരോരുത്തര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 164 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരാള്‍ക്ക് ഇന്ന് നെഗറ്റീവാണ് ഫലം.സ്ഥിതി കൂടുതല്‍ ഗൗരവരമാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും വേണമെന്നും പിണറായി വിജയന്‍ പറഞ്ഞു. 112 പേരെ ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5679 സാപിംളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 4448 എണ്ണം നെഗറ്റീവാണ്. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസമാണിത്. ഇതിലേറെയും കാസര്‍കോടാണ്. ആ ജില്ലയില്‍ ഇനിയും നിയന്ത്രണം കടുപ്പിക്കേണ്ടി വരും.രോഗ സാധ്യതയുണ്ടെങ്കിൽ അപ്പോൾത്തന്നെ നിരീക്ഷണത്തിൽ പാർപ്പിച്ച് അവിടെനിന്നാണ് സാംപിളുകൾ അയക്കുന്നത് പുതുതായി കണ്ടെത്തിയ രോഗികൾ നിരവധി പേരെ ബന്ധപ്പെട്ടവരാണ്.അതുകൊണ്ടുതന്നെ അവരുടെ പേരുവിവരങ്ങൾ പരസ്യമാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവർത്തകന്റെ യാത്രാ വിവരം അമ്പരപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം അവരെ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.സ്‌കൂളുകള്‍,പൊതുസ്ഥാപനങ്ങള്‍ നിയമസഭാ മന്ദിരം തുടങ്ങി വലിയ വലിയ സ്ഥാപനങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. അടുത്ത് ഇടപഴകിയവരില്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഉണ്ട്.എല്ലാവരും വളരെ ജാഗ്രത പാലിക്കേണ്ട സന്ദര്‍ഭത്തില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം റോഡിൽ മണ്ണിട്ട് ഗതാഗതം തടഞ്ഞ കര്‍ണാടക സര്‍ക്കാറിന്റെ നടപടിയെ മുഖ്യമന്ത്രി വിമര്‍ശിച്ചു.കര്‍ണാടക അതിര്‍ത്തി പ്രശ്‌നം കര്‍ണാടക സര്‍ക്കാറുമായി ചര്‍ച്ച ചെയ്‌തെന്നും മണ്ണ് മാറ്റാമെന്ന് കര്‍ണാടക സമ്മതിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.കൊറോണ വൈറസിനെതിരെ ക്യൂബയില്‍ നിന്നുള്ള മരുന്ന് ഉപയോഗിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി വേണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അവലോകന യോഗത്തില്‍ ക്യൂബയില്‍ നിന്നുളള മരുന്ന് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങള്‍ ഉയർന്നിരുന്നതായും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഒരു കോവിഡ് മരണം കൂടി;മരിച്ചത് കർണാടക സ്വദേശിയായ 65 കാരൻ;ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി
ബംഗളൂരു: കോവിഡ് 19 ബാധിച്ച് രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു.കര്‍ണാടകയിലെ തുമാകുരുവില്‍ ചികിത്സയിലായിരുന്ന 65 വയസുകാരനാണ് ഇന്ന് മരണത്തിന് കീഴടങ്ങിയ ത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.മരിച്ചയാള്‍ വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നില്ല. എന്നാല്‍ മാര്‍ച്ച് ആദ്യം ഡല്‍ഹി സന്ദര്‍ശനം നടത്തിയ ട്രെയിനില്‍ തിരിച്ചെത്തിയിരുന്നു. പിന്നാലെയാണ് രോഗലക്ഷണം കണ്ടു തുടങ്ങിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഇദ്ദേഹത്തിനൊപ്പം ട്രെയിനില്‍ സഞ്ചരിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രതികരിച്ചു. 31,000 പേരാണ് കര്‍ണാടകത്തില്‍ കൊവിഡ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളത്.ഇവരില്‍ 24,000 പേര്‍ ബംഗ്ലൂരുവിലാണ്. സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഗുജറാത്ത്, മഹാരാഷ്ട്ര, കർണ്ണാടക, ബീഹാർ, ഡൽഹി, ഹിമാചൽ പ്രദേശ് പഞ്ചാബ്, തമിഴ്നാട്, പശ്ചിമ ബംഗാൾ, രാജസ്ഥാന്‍, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്നുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ഡല്‍ഹിയില്‍ കോവിഡ് 19 മൂന്നാം ഘട്ടത്തിലേക്ക് കടന്നേക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കി. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഏറ്റവും കൂടുതൽ കോവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഇന്ത്യയിലിപ്പോഴും സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആൻഡമാനിലും ഒരാൾക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്.35 സ്വകാര്യ ലാബുകൾക്ക് കൂടി കോവിഡ് പരിശോധനയ്ക്കായി ഐ സി എം ആർ അനുമതി നൽകി.കോവിഡ് 19 സ്ഥിരീകരിച്ച 45 പേർ ഇതുവരെ ആശുപത്രി വിട്ടു. ഓസ്ട്രിയ, യുഎഇ, ഇസ്രായേൽ, ജർമനി, ഇറ്റലി എന്നിവിടങ്ങളിലായുള്ള 1245 വിദേശികൾ ഇന്നും നാളെയുമായി ഡൽഹിയിൽ നിന്നും അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങും.
ഐസൊലേഷൻ കേന്ദ്രത്തിലുള്ള ബന്ധുവിനെ വീട്ടിലേക്ക് കടത്തിക്കൊണ്ടുപോയി;കണ്ണൂരില്‍ മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍
കണ്ണൂർ:കൊറോണ വൈറസ് നിരീക്ഷണത്തിനായി ഐസൊലേഷൻ കേന്ദ്രത്തിൽ പാർപ്പിച്ച ബന്ധുവിനെ വീട്ടിലേക്ക് കടത്തിക്കൊണ്ടുപോയ സംഭവത്തിൽ കണ്ണൂരില്‍ മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍.കണ്ണൂര്‍ കോര്‍പ്പറേഷന്‍ മുസ്ലീം ലീഗ് കൗണ്‍സലറായ ഷഫീഖിനെയാണ് നോട്ടീസ് നല്കിയ ശേഷം ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ബംഗളൂരുവില്‍ നിന്നെത്തിയ ബന്ധുവിനെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ച് ഷഫീഖ് വീട്ടിലെത്തിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തിയെ പൊലീസ് തിരികെ ഐസൊലേഷന്‍ കേന്ദ്രത്തിലെത്തിച്ചു.