ബെയ്‌ജിങ്:കൊറോണ വൈറസ് രോഗികളെ പരിചരിക്കുന്നതിനായി റോബോര്‍ട്ടുകള്‍ വികസിപ്പിക്കാനൊരുങ്ങി ചൈന.അതിനായി വുഹാനിലെ ആശുപത്രിയില്‍ പരീക്ഷണം ആരംഭിച്ച് കഴിഞ്ഞു.പരീക്ഷണം വിജയിച്ചാല്‍ മനുഷ്യകരസ്പര്‍ശം ഇല്ലാതെ രോഗിപരിചരണം സാധ്യമാക്കാം.ശ്വാസതടസമുള്ള രോഗികള്‍ക്ക് ശ്വാസനാളികളില്‍ ട്യൂബുകളടക്കമുള്ളവ സ്ഥാപിക്കേണ്ടിവരുന്നു. ഈ പരിചരണം ഡോക്ടര്‍മാരുടെ ജീവനും അപകടമായി മാറും എന്ന ചിന്തയില്‍ നിന്നാണ് സാങ്കേതിക സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ സെങ് ഗാങ്ടിയും സംഘവും റോബോട്ടിക്ക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്. ആഴ്ചകളോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രക്കൈ നിര്‍മ്മാണം സംഘം പൂര്‍ത്തിയാക്കി.രോഗിയെ ക്യാമറയിലൂടെ തിരിച്ചറിയുന്ന റോബോട്ടിന് മനുഷ്യസഹായം ആവശ്യമില്ല. ശരീരോഷ്മാവ് പരിശോധിക്കുക, മരുന്ന് നല്‍കുക, ശ്വാസനാളി വൃത്തിയാക്കുക തുടങ്ങിയവ ചെയ്യുന്നതിനൊപ്പം സ്വയം അണുവിമുക്തമാകാനും റോബോട്ടിന് സാധിക്കും.ബഹിരാകാശ പര്യവേഷണത്തിന് ഉപയോഗിക്കുന്ന റോബോട്ടിക് വിദ്യ പരിഷ്‌കരിച്ചാണ് ഈ റോബോട്ടിന്റെ പിറവി.
കെഎസ്ആർടിസി മിന്നൽ പണിമുടക്ക്;സമരം കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം:കെഎസ്ആർടിസി മിന്നൽ പണിമുടക്ക് സമരം കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട്.പണിമുടക്കില്‍ പൊലീസ് ഇടപെടാന്‍ മടിച്ചുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പൊലീസിന്റെ വിശദീകരണം വന്നിരിക്കുന്നത്.സമരത്തില്‍ തങ്ങളുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. സംഭവം നടക്കുന്ന സമയത്ത് ഗതാഗതം തടസ്സപ്പെടുത്തിയതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് കെഎസ്‌ആര്‍ടിസി ജീവനക്കാരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസറെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞതുകൊണ്ടാണ് ബലംപ്രയോഗിക്കേണ്ടി വന്നത്. എന്നാല്‍ കൈയേറ്റശ്രമം ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.സമരത്തിനിടയില്‍ യാത്രക്കാരന്‍ തിരുവനന്തപുരം കടകംപള്ളി സ്വദേശി സുരേന്ദ്രന്‍ മരിച്ച സംഭവത്തിലും പൊലീസ് വിശദീകരണം നല്‍കിയിട്ടുണ്ട്. ആംബുലന്‍സ് വിളിക്കുന്നതിലോ എത്തിക്കുന്നതിലോ വീഴ്ച ഉണ്ടായിട്ടില്ല. എന്നാല്‍ സമരത്തെ തുടര്‍ന്ന് റോഡില്‍ ബസുകള്‍ നിര്‍ത്തിയിട്ടതിനാല്‍ സംഭവസ്ഥലത്തേക്ക് ആംബുലന്‍സ് എത്തിക്കാന്‍ അല്പം ബുദ്ധിമുട്ടേണ്ടതായി വന്നു. അതിനാലുണ്ടായ സമയനഷ്ടം മാത്രമാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്നും പൊലീസ് വിശദീകരിച്ചു. സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. പൊലീസ് നല്‍കിയ വിശദീകരണത്തിനൊപ്പം മൊഴികളും മറ്റുകാര്യങ്ങളും പരിശോധിച്ചതിനുശേഷം മാത്രമായിരിക്കും അന്തിമതീരുമാനമെടുക്കുക.
കെഎസ്ആർടിസി മിന്നൽ പണിമുടക്ക് ന്യായീകരിക്കാനാവില്ല;കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം:കെഎസ്ആർടിസി ജീവനക്കാർ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ മിന്നൽ പണിമുടക്കിനെതിരെ വിമർശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സമരക്കാര്‍ കാട്ടിയത് അങ്ങേയറ്റം മര്യാദകേടാണെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.സമരത്തെ തുടര്‍ന്ന് മരിച്ച യാത്രക്കാരനായ സുരേന്ദ്രന്റെ വീടു സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.സുരേന്ദ്രന്റെ മരണത്തോടെ ആ കുടുംബം അനാഥമായെന്ന് മന്ത്രി പറഞ്ഞു. കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് മര്യാദകേടാണെന്ന് മന്ത്രി പറഞ്ഞു. സമരം ചെയ്യാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. സമരത്തിന്റെ പേരില്‍ കിഴക്കേക്കോട്ട പോലുള്ള സ്ഥലത്ത് വാഹനങ്ങള്‍ തലങ്ങനെയും വിലങ്ങനെയും കൊണ്ടിട്ട് ആളുകളോട് യുദ്ധമാണ് സത്യത്തില്‍ ജീവനക്കാര്‍ പ്രഖ്യാപിച്ചതെന്നും മന്ത്രി വിമര്‍ശിച്ചു. സര്‍ക്കാര്‍ ഇടപെട്ടെങ്കിലും വാഹനങ്ങള്‍ മാറ്റാന്‍ സാധിച്ചില്ല. സമരക്കാര്‍ അതിന്റെ കീയും മറ്റും എടുത്തുകൊണ്ട് പോയിരിക്കുകയായിരുന്നു. മനഃസാക്ഷിയില്ലാത്ത സമരമായിരുന്നു ഇന്നലത്തേത്. ഈ അന്യായം വെച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.സമരത്തിനിടെ മരിച്ച ടി. സുരേന്ദ്രന്റെ കുടുംബത്തിന്റെ അവസ്ഥയും മന്ത്രി മാധ്യമങ്ങളോട് വിശദികരിച്ചു. ആകെയുള്ളത് പൈതൃകസ്വത്തായി ലഭിച്ച മൂന്ന് സെന്റ് ഭൂമിയാണ്. അത് കൂടുംബത്തിന്റെ പൊതുസ്വത്താണ്. ഇത് പണയം വച്ചാണ് മകളുടെ വിവാഹം നടത്തിയത്.ആ വസ്തുതന്നെ മറ്റൊരു ബന്ധുവിന് കൊടുത്താണ് ഇദ്ദേഹത്തിന്റെ ചികിത്സകളും മറ്റും നടത്തിയിരുന്നത്. ഇപ്പോഴിവര്‍ താമസിക്കുന്നത് മറ്റൊരു ബന്ധുവിന്റെ വീട്ടിലാണ്. പ്രതിമാസം 5000 രൂപയോളം സുരേന്ദ്രന്റെ മരുന്നിന് വേണ്ടി മാത്രം വേണ്ടിയിരുന്നു. മൂന്നുതവണ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായ വ്യക്തിയാണ് സുരേന്ദ്രനെന്നും മന്ത്രി പറഞ്ഞു. ഈ പ്രതികൂല സാഹചര്യങ്ങള്‍ക്കിടെ കഴിഞ്ഞദിവസത്തെ സംഭവം കൂടിയായപ്പോള്‍ ഉണ്ടായ മാനസികാഘാതമുണ്ട്. കൂടാതെ ബാങ്കില്‍ നിന്ന് വായ്പ തിരിച്ചടയ്ക്കണമെന്ന് പറഞ്ഞുള്ള നോട്ടീസും വന്നിരുന്നു. ഇതെല്ലാം കൂടിയുള്ള മാനസിക സംഘര്‍ഷമാണ് മരണത്തിന് കാരണമെന്ന് വേണം കരുതാനെന്നും മന്ത്രി പറഞ്ഞു.ഈ സാഹചര്യത്തില്‍ ആ കുടുംബത്തെ സഹായിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഗതാഗതമന്ത്രിയുമായും, മുഖ്യമന്ത്രിയുമായും ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
കണ്ണൂർ പാനൂരിൽ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 7 വയസുകാരി മരിച്ചു
കണ്ണൂർ: പാനൂരിൽ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 7 വയസുകാരി മരിച്ചു. കല്ലുവളപ്പ് സ്വദേശി സത്യന്റേയും പ്രനിഷയുടെയും മകള്‍ അന്‍വിയ (7) ആണ് അപകടത്തില്‍ മരിച്ചത്.സെന്‍ട്രല്‍പുത്തൂര്‍ എല്‍.പി.സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അൻവിയ. രാവിലെ അമ്മാവനൊപ്പം ബൈക്കില്‍ സ്ക്കൂളിലേക്ക് പോകവെ ഗുരുദേവ സ്മാരകത്തിനു സമീപത്ത് അമിതവേഗത്തിലെത്തിയ ടിപ്പര്‍ ലോറിയുടെ പിന്‍ഭാഗം ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കുട്ടി തലയടിച്ച് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
വാനിലെത്തിയ സംഘം ലോട്ടറിയും പണവും കവര്‍ന്നുവെന്ന് പൊലീസില്‍ പരാതിപ്പെട്ട ലോട്ടറി വില്‍പനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂർ:വാനിലെത്തിയ സംഘം ലോട്ടറിയും 850 രൂപയും കവര്‍ന്നുവെന്ന് പൊലീസില്‍ പരാതിപ്പെട്ട ലോട്ടറി വില്‍പനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കൂത്തുപറമ്പിൽ ലോട്ടറി കച്ചവടം നടത്തിയിരുന്ന മാങ്ങാട്ടിടം ദേശബന്ധുവിനു സമീപം ആമ്പിലാട്ടെ മലര്‍വാടിയില്‍ യു.സതീശനെയാണ് (59) ഇന്നലെ പുലര്‍ച്ചെ കാനത്തുംചിറയിലെ മരമില്ലിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ 4.15-ഓടെ കൂത്തുപറമ്പ്-കണ്ണൂര്‍ റോഡില്‍ എസ്.ബി.ഐ. ശാഖയ്ക്കുസമീപം വാനിലെത്തിയ സംഘം തന്റെ പണമടങ്ങിയ ബാഗ് കവർന്നതായി സതീശൻ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ നേരത്തെ പരാതി നൽകിയിരുന്നു.മുച്ചക്രവാഹനത്തില്‍ കൂത്തുപറമ്പിലേക്ക് വരുന്നതിനിടെ പിന്നില്‍നിന്നെത്തിയ സംഘം ലോട്ടറിയുണ്ടോയെന്ന് ചോദിച്ച് കണ്ണില്‍ സ്പ്രേയടിച്ച് ബാഗ് തട്ടിയെടുത്ത് വാഹനത്തിൽ കടന്നുകളഞ്ഞതായും പരാതിയിൽ പറയുന്നു.12,000 രൂപയുടെ ലോട്ടറി ടിക്കറ്റുകളും 850 രൂപയും തിരിച്ചറിയല്‍ കാര്‍ഡുകളും ബാങ്ക് പാസ്ബുക്കുമടങ്ങുന്ന ബാഗാണ് നഷ്ടമായതെന്നും റോഡില്‍ വീണ തന്നെ അതുവഴിവന്ന സുഹൃത്തായ ഓട്ടോഡ്രൈവര്‍ കൂത്തുപറമ്പ് താലൂക്കാസ്പത്രിയിലെത്തിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. അഞ്ച് വർഷത്തിന് മുമ്പ് ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു ശരീരം തളർന്നതിനു ശേഷമാണു സതീശൻ ലോട്ടറി വിൽപനയിലേക്കു തിരിഞ്ഞത്. പിന്നീട് മുച്ചക്ര സൈക്കിൾ ലഭിച്ചതോടെ എല്ലാ ദിവസവം പുലർച്ചെ നാല് മണിയോടെ സതീശൻ ലോട്ടറി കച്ചവടത്തിന് ഇറങ്ങുമായിരുന്നു. മൃതദേഹം ഇന്ന് രാവിലെ മാങ്ങാട്ടിടം പഞ്ചായത്ത് ശ്മശാനത്തിൽ സംസ്‌കരിക്കും.പുഷ്പയാണ് സതീശന്റെ ഭാര്യ. സൗമ്യ, സിനോയ് എന്നിവരാണ് മക്കൾ.
മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയേക്കും;കലക്ടര്‍ ഇന്ന് ഗതാഗത മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
തിരുവനന്തപുരം:മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയേക്കുമെന്ന് സൂചന.മോട്ടോര്‍വാഹന ചട്ട ലംഘനത്തിന്റെ പേരിലാകും നടപടി.സംഭവത്തില്‍ ജില്ലാ കലക്ടര്‍ ഇന്ന് ഗതാഗത മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.ഗതാഗത മന്ത്രിയ്ക്ക് കൈമാറിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്നത്. പൊതു നിരത്തില്‍ പൊതുജനങ്ങള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും മാര്‍ഗ തടസം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു കെഎസ്‌ആര്‍ടിസി ബസുകള്‍ അപകടകരമായി പാര്‍ക്ക് ചെയ്തത്. ഗ്യാരേജില്‍ കിടന്ന ബസുകള്‍ പോലും ഇത്തരത്തില്‍ റോഡില്‍ പാര്‍ക്ക് ചെയ്തു.ഈ ബസുകളുടെ ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകും. ഇവരുടെ പേര് വിവരങ്ങളും ലൈസന്‍സും കൈമാറാന്‍ ഫോര്‍ട്ട് എസിപി, ട്രാഫിക് എസിപി എന്നിവര്‍ക്ക് ആര്‍ടിഒ കത്ത് കൈമാറി. ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ അഞ്ച് മണിക്കൂറോളമാണ് തലസ്ഥാന നഗരം സ്തംഭിച്ചത്. നടുറോഡില്‍ ബസ് നിര്‍ത്തിയിട്ടുള്ള പ്രതിഷേധത്തില്‍ ജനങ്ങളാകെ വലഞ്ഞു.കുഴഞ്ഞുവീണ ഒരു യാത്രക്കാരന്‍ മരിച്ചു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം തടസ്സപ്പെടുത്തുന്നത് മോട്ടോര്‍ വാഹനചട്ടത്തിന്റെ ലംഘനമാണ്. ഇതിന്റെ പേരില്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പിന് അധികാരമുണ്ട്. ആര്‍.ടി.ഒയുടെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം സമരം ചെയ്ത കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാം. കര്‍ശന നടപടി വേണമെന്നാണ് ഗതാഗത മന്ത്രിക്ക് മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം. ഇന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും നടപടി.അതേസമയം ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുക്കുന്നത് തൊഴിലാളി യൂണിയനുകളെ വീണ്ടും പ്രകോപിപ്പിച്ചേക്കും. 2018ല്‍ ടിക്കറ്റ് റിസര്‍വേഷന്‍ കുടുംബശ്രീക്ക് നല്‍കുന്നതില്‍ പ്രതിഷേധിച്ച് മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ നടപടിക്ക് അന്നത്തെ സി.എം.ഡി ടോമിന്‍ ജെ തച്ചങ്കരി സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തെങ്കിലും നടപ്പിലായിരുന്നില്ല എന്നാല്‍ സര്‍ക്കാരിന്റെ നിസംഗതയാണ് പ്രശ്നങ്ങള്‍ വഷളാക്കിയതെന്നാണ് പ്രതിപക്ഷ നിലപാട്. വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും.
കെ.എസ്.ആര്‍.ടി.സി ജീവനക്കാർ നടത്തിയ മിന്നൽ സമരത്തിനിടെ കുഴഞ്ഞുവീണ യാത്രക്കാരന്‍ മരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം നാലു മണിക്കൂറിലേറെ നീണ്ടുപോയപ്പോൾ ബസ് കാത്തു നിന്ന് തളര്‍ന്ന് കുഴഞ്ഞുവീണ യാത്രക്കാരന്‍ മരിച്ചു.കടകംപള്ളി സ്വദേശി സുരേന്ദ്രന്‍ (60) ആണ് മരിച്ചത്.കിഴക്കേക്കോട്ടയില്‍ വച്ചാണ് ഇയാള്‍ തളര്‍ന്നു വീണത്.പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം സുരേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.എടിഒ ശ്യാം ലോപ്പസ് അടക്കം മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്ക് നടത്തിയത്.മിന്നല്‍ പണിമുടക്കില്‍ നഗരം നിശ്ചലാവസ്ഥയിലെത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ജനജീവിതം സ്തംഭിക്കുകയും തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പണിമുടക്ക് പിന്‍വലിക്കുയും ആയിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിച്ചുവെന്ന കാരണത്തെ അടിസ്ഥആനമാക്കി മനുഷ്യാവകാശ കമ്മീഷന്‍ കെ.എസ്.ആര്‍.ടി.സിക്കെതിരെ കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാർ നടത്തിയ മിന്നല്‍ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്തെ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. ഡിസിപിയും തൊഴിലാളി സംഘടനാ നേതക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അറസ്റ്റിലായ കെഎസ്‌ആര്‍ടിസി ജീവനക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുമെന്ന് പോലീസ് വ്യക്തമാക്കിയതോടെ ജീവനക്കാര്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.നിര്‍ത്തിവെച്ച സര്‍വ്വീസുകള്‍ ഉടന്‍ പുനഃരാരംഭിക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി.സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്ത സിറ്റി എടിഒയെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്.ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് സൗജന്യമായി സമാന്തര സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ് തടഞ്ഞെന്നും ഭിന്നശേഷിക്കാരനായ ജീവനക്കാരന്‍ ഉള്‍പ്പടേയുള്ളവരെ മര്‍ദ്ദിച്ചെന്നും എടിഒക്കെതിരെ പരാതിയുണ്ട്.ഈ സംഭവത്തില്‍ എടിഒ ലോപ്പസ്, ഡ്രൈവര്‍ സുരേഷ്, ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതോടെയാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. ആദ്യം സിറ്റിക്കുള്ളിലെ സര്‍വ്വീസുകളും പിന്നാലെ തമ്പാനൂരിൽ നിന്നുള്ള ദീര്‍ഘദൂര ബസുകള്‍ നിര്‍ത്തിവെക്കുകയായിരുന്നു. മിന്നല്‍ പണിമുടക്കില്‍ ദുരിതത്തിലായ യാത്രക്കാര്‍ റോഡില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു.കിഴക്കേക്കോട്ട ഡിപ്പോക്ക് സമീപത്തെ റോഡില്‍ കുത്തിയിരുന്ന യാത്രക്കാര്‍ മറ്റ് വാഹനങ്ങളും തടഞ്ഞു.
കണ്ണൂർ കേളകത്ത് ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു;ഭക്ഷ്യവിഷബാധയെന്ന് സംശയം
കണ്ണൂർ:കേളകത്ത് ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു.ഇരട്ടത്തോട് കോളനിയിലെ പുതിയ വീട്ടില്‍ രവി(40)ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ അവശനിലയില്‍ കണ്ടെത്തിയ രവിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭക്ഷ്യവിഷബാധയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.ചൊവ്വാഴ്ച രാത്രി 8 മണിയോടെ രവിയുടെ രണ്ടാമത്തെ മകന്‍ വിഷ്ണുവിനെ ഛര്‍ദ്ദിയെ തുടര്‍ന്ന് ചുങ്കക്കുന്നിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടറെ കാണിച്ച് തിരിച്ച് വന്ന ശേഷം രവിക്കും ഛര്‍ദ്ദിയും പേശിവലിവും അനുഭവപ്പെട്ടു. പുലര്‍ച്ചയോടെ ഇളയ മകന്‍ ജിന്‍സിനും ഛര്‍ദ്ദി അനുഭവപ്പെട്ടു. 6.30 യോടെ ഇവരെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.രവിയുടെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഇരിട്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.ഗുരുതരാവസ്ഥയിലായ വിഷ്ണുവിനെയും ജിന്സിനെയും പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ഭക്ഷ്യ വിഷ ബാധയാണ് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ എവിടെ നിന്നാണ് ഭക്ഷ്യ വിഷ ബാധ ഏറ്റതെന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. രവിയുടെ മൃതദേഹം ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ് മോര്‍ട്ടത്തിന് അയക്കും. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണ കാരണത്തെകുറിച്ച് വ്യക്തത വരൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മിനിയാണ് ഭാര്യ. മകള്‍ വിസ്മയ (12).
ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ബലമായി അറസ്റ്റ് ചെയ്തു;തിരുവനന്തപുരത്ത് കെഎസ്ആർടിസിയുടെ മിന്നൽ പണിമുടക്ക്
തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള ബസ് സര്‍വീസിനെ ചൊല്ലി കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഉണ്ടായ തർക്കത്തെ തുടര്‍ന്ന് കിഴക്കേകോട്ടയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി സിറ്റി ബസ് സര്‍വീസുകള്‍ ജീവനക്കാര്‍ നിറുത്തിവച്ചു. സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്ത സിറ്റി ഡി.ടി.ഒയെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് സര്‍വീസ് നിറുത്തിയത്. അറസ്റ്റ് ചെയ്ത ഡിസ്ട്രിക്‌ട് ട്രാന്‍സ്പോര്‍ട് ഓഫീസറെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സര്‍വീസുകള്‍ നിറുത്തിവച്ച് പ്രതിഷേധിക്കുകയാണ്.ആറ്റുകാല്‍ ഉത്സവം ആരംഭിച്ചതോടെ കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് ആരംഭിച്ചിരുന്നു. രാവിലെ സര്‍വീസ് നടത്താന്‍ ആരംഭിച്ച കെ.എസ്.ആര്‍.ടി.സി ബസിനെ തടസപ്പെടുത്തി സ്വകാര്യ ബസ് സര്‍വീസ് നടത്താന്‍ ശ്രമിച്ചു. ഇത് കെ.എസ്.ആര്‍.ടി.സി ഡി.ടി.ഒ ലോപ്പസിന്റ നേതൃത്വത്തില്‍ തടഞ്ഞതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. സ്വകാര്യ ബസ് ജീവനക്കാരെ പിന്തുണച്ച് പൊലീസ് രംഗത്ത് എത്തിയതോടെ ഇവര്‍ തമ്മിലായി വാക്കേറ്റം.ഇതോടെ ഡി.ടി.ഒയെ പൊലീസ് അറസ്റ്റ് ചെയ്തു.വീഴാന്‍ തുടങ്ങിയ പൊലീസുദ്യോഗസ്ഥനെ തടയുക മാത്രമേ ഡി.ടി.ഒ ചെയ്തിട്ടുള്ളുവെന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പറഞ്ഞു.